മർക്കൊസ് എഴുതിയത്
14 പെസഹയ്ക്കും+ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനും+ രണ്ടു ദിവസംകൂടിയേ ഉണ്ടായിരുന്നുള്ളൂ.+ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നുകളയാൻ വഴി തേടുകയായിരുന്നു.+ 2 എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട് ഉത്സവത്തിനു വേണ്ടാ.”
3 യേശു ബഥാന്യയിൽ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ ഒരു സ്ത്രീ ഒരു വെൺകൽഭരണി നിറയെ വളരെ വിലപിടിപ്പുള്ള, ശുദ്ധമായ ജടാമാംസി തൈലവുമായി വന്നു. ആ സ്ത്രീ വെൺകൽഭരണി തുറന്ന് തൈലം യേശുവിന്റെ തലയിൽ ഒഴിച്ചു.+ 4 ഇതിൽ അമർഷംപൂണ്ട് ചിലർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “ഈ സുഗന്ധതൈലം ഇങ്ങനെ പാഴാക്കിയത് എന്തിനാണ്? 5 ഇതു വിറ്റാൽ 300 ദിനാറെയിൽ+ കൂടുതൽ കിട്ടിയേനേ. ആ പണം വല്ല ദരിദ്രർക്കും കൊടുക്കാമായിരുന്നു.” അവർക്ക് ആ സ്ത്രീയോടു കടുത്ത ദേഷ്യം തോന്നി.* 6 പക്ഷേ യേശു അവരോടു പറഞ്ഞു: “അവളെ വെറുതേ വിടൂ. നിങ്ങൾ എന്തിനാണ് ഈ സ്ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്തത്?+ 7 ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ എപ്പോൾ വേണമെങ്കിലും അവർക്കു നന്മ ചെയ്യാനും നിങ്ങൾക്കു പറ്റും. എന്നാൽ ഞാൻ എപ്പോഴും നിങ്ങളുടെകൂടെയുണ്ടായിരിക്കില്ല.+ 8 ഇവളെക്കൊണ്ട് പറ്റുന്നത് ഇവൾ ചെയ്തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി ഇവൾ മുൻകൂട്ടി എന്റെ ശരീരത്തിൽ സുഗന്ധതൈലം ഒഴിച്ചതാണ്.+ 9 ലോകത്ത് എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും+ അവിടെയെല്ലാം ആളുകൾ ഈ സ്ത്രീ ചെയ്തതിനെക്കുറിച്ച് പറയുകയും ഇവളെ ഓർക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
10 പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്കര്യോത്ത് യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു പറഞ്ഞ് മുഖ്യപുരോഹിതന്മാരുടെ അടുത്ത് ചെന്നു.+ 11 അതു കേട്ടപ്പോൾ അവർക്കു വലിയ സന്തോഷമായി. യൂദാസിന് അവർ പണം*+ കൊടുക്കാമെന്നു പറഞ്ഞു. അങ്ങനെ, യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാൻ തക്കംനോക്കി നടന്നു.
12 പെസഹാമൃഗത്തെ അറുക്കുന്ന, പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “അങ്ങയ്ക്കു പെസഹ ഭക്ഷിക്കാൻ+ ഞങ്ങൾ അത് എവിടെ ഒരുക്കണം?”+ 13 അപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടു പേരോടു പറഞ്ഞു: “നഗരത്തിലേക്കു പോകുക. അവിടെ ഒരാൾ ഒരു മൺകുടത്തിൽ വെള്ളവുമായി നിങ്ങളുടെ നേരെ വരും. അയാളുടെ പിന്നാലെ ചെല്ലുക.+ 14 അയാൾ കയറിപ്പോകുന്ന വീട്ടിൽ ചെന്ന് വീട്ടുകാരനോട്, ‘“എനിക്ക് എന്റെ ശിഷ്യന്മാരുടെകൂടെ പെസഹ ഭക്ഷിക്കാനുള്ള മുറി എവിടെയാണ് ” എന്നു ഗുരു ചോദിക്കുന്നു’ എന്നു പറയണം. 15 മുകളിലത്തെ നിലയിൽ വേണ്ട സൗകര്യങ്ങളെല്ലാമുള്ള ഒരു വലിയ മുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി പെസഹ ഒരുക്കുക.” 16 അങ്ങനെ, ശിഷ്യന്മാർ നഗരത്തിൽ ചെന്നു. യേശു പറഞ്ഞതുപോലെതന്നെ എല്ലാം സംഭവിച്ചു. അവർ പെസഹയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.
17 സന്ധ്യയായപ്പോൾ യേശു പന്ത്രണ്ടു പേരോടൊപ്പം അവിടെ ചെന്നു.+ 18 മേശയ്ക്കൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവരോടു പറഞ്ഞു: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, എന്നോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും.”+ 19 ദുഃഖത്തോടെ അവരെല്ലാം മാറിമാറി, “അതു ഞാനല്ലല്ലോ, അല്ലേ” എന്ന് യേശുവിനോടു ചോദിക്കാൻതുടങ്ങി. 20 യേശു അവരോടു പറഞ്ഞു: “അതു നിങ്ങൾ പന്ത്രണ്ടു പേരിൽ ഒരാളാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻ.+ 21 തന്നെക്കുറിച്ച് എഴുതിയിരിക്കുന്നതുപോലെതന്നെ മനുഷ്യപുത്രൻ പോകുന്നു. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!+ ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്.”+
22 അവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത് പ്രാർഥിച്ച് നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതാ, ഇതു വാങ്ങൂ, ഇത് എന്റെ ശരീരത്തിന്റെ പ്രതീകമാണ് ” എന്നു പറഞ്ഞു.+ 23 പിന്നെ യേശു ഒരു പാനപാത്രം എടുത്ത് നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തു. അവർ എല്ലാവരും അതിൽനിന്ന് കുടിച്ചു.+ 24 യേശു അവരോടു പറഞ്ഞു: “ഇത് അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന, ‘ഉടമ്പടിയുടെ+ രക്ത’ത്തിന്റെ+ പ്രതീകമാണ്.+ 25 ദൈവരാജ്യത്തിൽ പുതിയ വീഞ്ഞു കുടിക്കുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഈ ഉത്പന്നം ഞാൻ ഇനി കുടിക്കില്ല എന്നു സത്യമായി നിങ്ങളോടു പറയുന്നു.”+ 26 ഒടുവിൽ സ്തുതിഗീതങ്ങൾ പാടിയിട്ട് അവർ ഒലിവുമലയിലേക്കു പോയി.+
27 യേശു അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും.* കാരണം, ‘ഞാൻ ഇടയനെ വെട്ടും,+ ആടുകൾ ചിതറിപ്പോകും’+ എന്ന് എഴുതിയിട്ടുണ്ടല്ലോ. 28 എന്നാൽ ഉയിർപ്പിക്കപ്പെട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീലയ്ക്കു പോകും.”+ 29 അപ്പോൾ പത്രോസ് യേശുവിനോട്, “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കില്ല”*+ എന്നു പറഞ്ഞു. 30 യേശു പത്രോസിനോടു പറഞ്ഞു: “ഇന്ന് ഈ രാത്രിയിൽത്തന്നെ, കോഴി രണ്ടു തവണ കൂകുംമുമ്പ് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”+ 31 എന്നാൽ പത്രോസ്, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല” എന്നു പറഞ്ഞുകൊണ്ടേയിരുന്നു. മറ്റുള്ളവരും അങ്ങനെതന്നെ പറഞ്ഞു.+
32 പിന്നീട് അവർ ഗത്ത്ശെമന എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ ഒന്നു പ്രാർഥിച്ചിട്ട് വരാം. നിങ്ങൾ ഇവിടെ ഇരിക്ക്.”+ 33 യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെ കൊണ്ടുപോയി.+ യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ് മനസ്സു വല്ലാതെ അസ്വസ്ഥമാകാൻതുടങ്ങിയിരുന്നു. 34 യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്.+ നിങ്ങൾ ഇവിടെ ഉണർന്നിരിക്കൂ.”*+ 35 എന്നിട്ട് യേശു അൽപ്പം മുന്നോട്ടുപോയി കമിഴ്ന്നുവീണ്, കഴിയുമെങ്കിൽ ഈ കഷ്ടാനുഭവം* നീങ്ങിപ്പോകാൻ ഇടയാക്കേണമേ എന്നു പ്രാർഥിച്ചു. 36 യേശു പറഞ്ഞു: “അബ്ബാ, പിതാവേ,+ അങ്ങയ്ക്ക് എല്ലാം സാധ്യമാണ്. ഈ പാനപാത്രം എന്നിൽനിന്ന് നീക്കേണമേ. എങ്കിലും എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 37 യേശു തിരിച്ചുചെന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ട് പത്രോസിനോടു ചോദിച്ചു: “ശിമോനേ, നീ ഉറങ്ങുകയാണോ? ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ* കഴിയുന്നില്ലേ?+ 38 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ എപ്പോഴും ഉണർന്നിരുന്ന്* പ്രാർഥിക്കണം.+ ആത്മാവ്* തയ്യാറാണെങ്കിലും* ശരീരം ബലഹീനമാണ്, അല്ലേ?”+ 39 യേശു പിന്നെയും പോയി അതേ കാര്യം പറഞ്ഞ് പ്രാർഥിച്ചു.+ 40 വീണ്ടും യേശു ചെന്നപ്പോൾ അവർ ഉറങ്ങുന്നതാണു കണ്ടത്; ഉറക്കക്ഷീണം കാരണം അവരുടെ കണ്ണ് അടഞ്ഞുപോയി. അതുകൊണ്ട് യേശുവിനോട് എന്തു പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു. 41 മൂന്നാമതു യേശു ചെന്നപ്പോൾ അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്? മതി! സമയം വന്നിരിക്കുന്നു!+ ഇതാ, മനുഷ്യപുത്രനെ പാപികൾക്ക് ഒറ്റിക്കൊടുത്ത് അവരുടെ കൈയിൽ ഏൽപ്പിക്കാൻപോകുന്നു. 42 എഴുന്നേൽക്ക്, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത് എത്തിയിരിക്കുന്നു.”+
43 യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ് അവിടെ എത്തി. മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളും പിടിച്ച് യൂദാസിന്റെകൂടെയുണ്ടായിരുന്നു.+ 44 യേശുവിനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത്, അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ച് കൊണ്ടുപൊയ്ക്കൊള്ളൂ, രക്ഷപ്പെടാതെ നോക്കണം.”* 45 അങ്ങനെ യൂദാസ് നേരെ ചെന്ന്, “റബ്ബീ” എന്നു വിളിച്ച് വളരെ സ്നേഹത്തോടെ യേശുവിനെ ചുംബിച്ചു. 46 അപ്പോൾ അവർ യേശുവിനെ പിടികൂടി. 47 എന്നാൽ അടുത്ത് നിന്നവരിൽ ഒരാൾ തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ ചെവി അറ്റുപോയി.+ 48 അപ്പോൾ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്?+ 49 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ട് ഞാൻ ദിവസവും നിങ്ങളോടൊപ്പമുണ്ടായിരുന്നല്ലോ.+ എന്നിട്ടും നിങ്ങൾ എന്നെ പിടിച്ചില്ല. എന്നാൽ തിരുവെഴുത്തുകൾ നിറവേറാനാണ് ഇപ്പോൾ ഇതു സംഭവിച്ചത്.”+
50 അപ്പോൾ ശിഷ്യന്മാരെല്ലാം യേശുവിനെ വിട്ട് ഓടിപ്പോയി.+ 51 എന്നാൽ നേർത്ത ഒരു ലിനൻ വസ്ത്രം മാത്രം ദേഹത്ത് ധരിച്ച് ഒരു യുവാവ് യേശുവിന്റെ തൊട്ടുപിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. അവർ അയാളെ പിടിക്കാൻ ശ്രമിച്ചു. 52 എന്നാൽ അയാൾ വസ്ത്രം ഉപേക്ഷിച്ച് നഗ്നനായി ഓടിപ്പോയി.
53 പിന്നെ അവർ യേശുവിനെ മഹാപുരോഹിതന്റെ അടുത്തേക്കു കൊണ്ടുപോയി.+ എല്ലാ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അവിടെ ഒരുമിച്ചുകൂടി.+ 54 പത്രോസ് കുറെ അകലം പാലിച്ച് യേശുവിന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റംവരെ പത്രോസ് ചെന്നു. എന്നിട്ട് ആ വീട്ടിലെ പരിചാരകരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.+ 55 അപ്പോൾ മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ മുഴുവനും യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന് എതിരെ തെളിവുകൾ അന്വേഷിക്കുകയായിരുന്നു. എന്നാൽ അവർക്ക് ഒന്നും കണ്ടെത്താനായില്ല.+ 56 കള്ളസാക്ഷികൾ പലരും വന്ന് യേശുവിന് എതിരെ മൊഴി കൊടുത്തെങ്കിലും+ അവരുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു. 57 മറ്റു ചില കള്ളസാക്ഷികൾ എഴുന്നേറ്റ് ഇങ്ങനെ മൊഴി കൊടുത്തു: 58 “‘കൈകൊണ്ട് പണിത ഈ ദേവാലയം ഇടിച്ചുകളഞ്ഞ് കൈകൊണ്ടല്ലാതെ മറ്റൊന്നു മൂന്നു ദിവസത്തിനകം ഞാൻ പണിയും’+ എന്ന് ഇവൻ പറയുന്നതു ഞങ്ങൾ കേട്ടു.” 59 എന്നാൽ ഇക്കാര്യത്തിലും അവരുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നു.
60 പിന്നെ മഹാപുരോഹിതൻ അവരുടെ നടുക്ക് എഴുന്നേറ്റുനിന്ന് യേശുവിനെ ചോദ്യം ചെയ്തു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക് എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?”+ 61 പക്ഷേ യേശു മറുപടിയൊന്നും പറഞ്ഞില്ല, ഒന്നും മിണ്ടാതെ നിന്നു.+ പിന്നെയും മഹാപുരോഹിതൻ യേശുവിനെ ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നീ പരിശുദ്ധനായവന്റെ പുത്രനായ ക്രിസ്തുവാണോ?” 62 അപ്പോൾ യേശു പറഞ്ഞു: “അതെ. മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത് ഇരിക്കുന്നതും+ ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും.”+ 63 ഇതു കേട്ട് മഹാപുരോഹിതൻ തന്റെ വസ്ത്രം കീറിക്കൊണ്ട് പറഞ്ഞു: “ഇനി എന്തിനാണു വേറെ സാക്ഷികൾ?+ 64 നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട് കേട്ടല്ലോ. എന്താണു നിങ്ങളുടെ തീരുമാനം?”* യേശു മരണയോഗ്യനാണെന്ന് എല്ലാവരും വിധിച്ചു.+ 65 ചിലർ യേശുവിന്റെ മേൽ തുപ്പുകയും+ യേശുവിന്റെ മുഖം മൂടിയിട്ട് കൈ ചുരുട്ടി ഇടിക്കുകയും യേശുവിനോട്, “പ്രവചിക്ക് ” എന്നു പറയുകയും ചെയ്തു. കോടതിയിലെ സേവകന്മാർ ചെകിട്ടത്ത് അടിച്ചിട്ട് യേശുവിനെ അവിടെനിന്ന് കൊണ്ടുപോയി.+
66 പത്രോസ് താഴെ നടുമുറ്റത്ത് തീ കാഞ്ഞുകൊണ്ടിരിക്കുമ്പോൾ മഹാപുരോഹിതന്റെ ഒരു വേലക്കാരിപ്പെൺകുട്ടി അവിടെ എത്തി.+ 67 പത്രോസിനെ സൂക്ഷിച്ചുനോക്കിക്കൊണ്ട് അവൾ, “താങ്കളും ആ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു. 68 എന്നാൽ അതു നിഷേധിച്ചുകൊണ്ട് പത്രോസ് പറഞ്ഞു: “എനിക്ക് അയാളെ അറിയില്ല.* നീ പറയുന്നത് എനിക്കു മനസ്സിലാകുന്നില്ല.” എന്നിട്ട് പത്രോസ് പുറത്ത് പടിപ്പുരയിലേക്കു പോയി. 69 ആ പരിചാരിക പത്രോസിനെ കണ്ട് വീണ്ടും, അവിടെ നിന്നിരുന്നവരോട്, “ഇയാൾ അവരിൽ ഒരാളാണ് ”+ എന്നു പറഞ്ഞു. 70 പിന്നെയും പത്രോസ് അതു നിഷേധിച്ചു. വീണ്ടും, അൽപ്പം കഴിഞ്ഞ്, അടുത്ത് നിന്നിരുന്നവർ പത്രോസിനോടു പറഞ്ഞു: “നീയും അവരിൽ ഒരാളാണ് തീർച്ച. നീ ഒരു ഗലീലക്കാരനാണല്ലോ.” 71 എന്നാൽ പത്രോസ് സ്വയം പ്രാകിക്കൊണ്ട്, “നിങ്ങൾ പറയുന്ന ഈ മനുഷ്യനെ എനിക്ക് അറിയില്ല” എന്ന് ആണയിട്ട് പറഞ്ഞു. 72 ഉടൻതന്നെ കോഴി രണ്ടാമതും കൂകി.+ “കോഴി രണ്ടു തവണ കൂകുംമുമ്പ് നീ മൂന്നു പ്രാവശ്യം എന്നെ തള്ളിപ്പറയും”+ എന്ന് യേശു പറഞ്ഞത് ഓർത്ത് പത്രോസ് നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു.