യാക്കോബ് എഴുതിയ കത്ത്
1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും അടിമയായ യാക്കോബ്,+ പലയിടങ്ങളിലായി ചിതറിപ്പാർക്കുന്ന 12 ഗോത്രങ്ങൾക്ക് എഴുതുന്നത്:
നമസ്കാരം!
2 എന്റെ സഹോദരങ്ങളേ, നിങ്ങൾക്കു വിവിധപരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ അതിൽ സന്തോഷിക്കുക.+ 3 കാരണം പരിശോധനകളിലൂടെ മാറ്റു തെളിയുന്ന വിശ്വാസം+ നിങ്ങൾക്കു സഹനശക്തി പകരും. 4 നിങ്ങളുടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീകരിക്കട്ടെ. അങ്ങനെ നിങ്ങൾ ഒന്നിലും കുറവില്ലാത്തവരായി പൂർണരും എല്ലാം തികഞ്ഞവരും ആകും.+
5 അതുകൊണ്ട് നിങ്ങളിൽ ആർക്കെങ്കിലും ജ്ഞാനം കുറവാണെങ്കിൽ അയാൾ ദൈവത്തോടു ചോദിച്ചുകൊണ്ടിരിക്കട്ടെ;+ അപ്പോൾ അയാൾക്ക് അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാരമായി നൽകുന്നവനാണു ദൈവം.+ 6 എന്നാൽ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ+ വേണം ചോദിക്കാൻ;+ കാരണം സംശയിക്കുന്നയാൾ കാറ്റിൽ ഇളകിമറിയുന്ന കടൽത്തിരപോലെയാണ്. 7 ഇങ്ങനെയുള്ളയാൾ യഹോവയിൽനിന്ന്* എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിക്കരുത്. 8 അയാൾ തീരുമാനശേഷിയില്ലാത്ത* ഒരാളാണ്;+ അയാൾക്ക് ഒന്നിലും സ്ഥിരതയില്ല.
9 എളിയ സഹോദരൻ തന്റെ ഉയർച്ചയിൽ സന്തോഷിക്കട്ടെ.*+ 10 പണക്കാരൻ, താൻ ചെടികളുടെ പൂപോലെ കൊഴിഞ്ഞുപോകും എന്നതുകൊണ്ട് തന്റെ താഴ്ചയിൽ സന്തോഷിക്കട്ടെ.+ 11 ഉദിച്ചുയരുന്ന സൂര്യന്റെ കൊടുംചൂടിൽ ചെടി വാടുകയും പൂവ് കൊഴിഞ്ഞ് അതിന്റെ ഭംഗി ഇല്ലാതാകുകയും ചെയ്യുന്നു. അങ്ങനെതന്നെ, പണക്കാരനും അയാളുടെ നെട്ടോട്ടത്തിന് ഇടയിൽ മൺമറയുന്നു.+
12 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോഴും സ്നേഹിക്കുന്നവർക്ക് യഹോവ* വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം,+ പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.+ 13 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ, “ദൈവം എന്നെ പരീക്ഷിക്കുകയാണ്” എന്ന് ആരും പറയാതിരിക്കട്ടെ. ദോഷങ്ങൾകൊണ്ട് ദൈവത്തെ പരീക്ഷിക്കാൻ ആർക്കും കഴിയില്ല; ദൈവവും ആരെയും പരീക്ഷിക്കുന്നില്ല. 14 സ്വന്തം മോഹങ്ങളാണ് ഓരോരുത്തരെയും ആകർഷിച്ച് മയക്കി*+ പരീക്ഷണങ്ങളിൽ അകപ്പെടുത്തുന്നത്. 15 പിന്നെ മോഹം ഗർഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു. അങ്ങനെ പാപം ചെയ്യുമ്പോൾ മരണം ജനിക്കുന്നു.+
16 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ വഴിതെറ്റിപ്പോകരുത്. 17 എല്ലാ നല്ല ദാനങ്ങളും തികവുറ്റ സമ്മാനങ്ങളും മുകളിൽനിന്ന്,+ ആകാശത്തിലെ വെളിച്ചങ്ങളുടെ പിതാവിൽനിന്ന്,+ വരുന്നു. പിതാവ് മാറ്റമില്ലാത്തവനാണ്, മാറിക്കൊണ്ടിരിക്കുന്ന നിഴൽപോലെയല്ല.+ 18 സത്യവചനത്താൽ നമ്മളെ ജനിപ്പിക്കണം എന്നതു ദൈവത്തിന്റെ ഇഷ്ടമായിരുന്നു.+ അങ്ങനെയാകുമ്പോൾ ഒരർഥത്തിൽ നമ്മൾ ദൈവത്തിന്റെ സൃഷ്ടികളിൽ ആദ്യഫലമാകും.+
19 എന്റെ പ്രിയപ്പെട്ട സഹോദരങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞിരിക്കുക: എല്ലാവരും കേൾക്കാൻ തിടുക്കമുള്ളവരായിരിക്കണം; എന്നാൽ സംസാരിക്കാൻ തിടുക്കം കൂട്ടരുത്,+ പെട്ടെന്നു കോപിക്കുകയുമരുത്.+ 20 കാരണം മനുഷ്യന്റെ കോപം ദൈവത്തിന്റെ നീതി നടപ്പാക്കുന്നില്ല.+ 21 അതുകൊണ്ട് എല്ലാ മാലിന്യങ്ങളും തിന്മയുടെ എല്ലാ കണികകളും*+ നീക്കിക്കളഞ്ഞ് നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന വചനം നിങ്ങളുടെ ഉള്ളിൽ നടാൻ വിനയപൂർവം ദൈവത്തെ അനുവദിക്കുക.
22 എന്നാൽ ദൈവവചനം കേൾക്കുക മാത്രം ചെയ്തുകൊണ്ട് തെറ്റായ വാദങ്ങളാൽ നിങ്ങളെത്തന്നെ വഞ്ചിക്കരുത്; പകരം വചനത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നവരാകണം.+ 23 ദൈവവചനം കേൾക്കുന്നെങ്കിലും അതനുസരിച്ച് പ്രവർത്തിക്കാത്തയാൾ+ കണ്ണാടിയിൽ മുഖം നോക്കുന്ന ഒരാളെപ്പോലെയാണ്. 24 അയാൾ കണ്ണാടിയിൽ നോക്കിയിട്ട് പോകുന്നു. എന്നാൽ തന്റെ രൂപം എങ്ങനെയാണെന്നു പെട്ടെന്നുതന്നെ മറന്നുപോകുന്നു. 25 സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷിച്ചുനോക്കി അതിൽ തുടരുന്നയാൾ, കേട്ട് മറക്കുന്നയാളല്ല, അത് അനുസരിക്കുന്നയാളാണ്. താൻ ചെയ്യുന്ന കാര്യത്തിൽ അയാൾ സന്തോഷിക്കും.+
26 താൻ ദൈവത്തെ ആരാധിക്കുന്നെന്നു* കരുതുകയും എന്നാൽ നാവിനു കടിഞ്ഞാണിടാതിരിക്കുകയും ചെയ്യുന്നയാൾ+ സ്വന്തം ഹൃദയത്തെ വഞ്ചിക്കുകയാണ്; അയാളുടെ ആരാധനകൊണ്ട് ഒരു പ്രയോജനവുമില്ല. 27 നമ്മുടെ പിതാവായ ദൈവത്തിന്റെ കണ്ണിൽ ശുദ്ധവും നിർമലവും ആയ ആരാധന* ഇതാണ്: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷിക്കുക; ലോകത്തിന്റെ കറ പറ്റാതെ നമ്മളെത്തന്നെ സൂക്ഷിക്കുക.+