യശയ്യ
40 “ആശ്വസിപ്പിക്കുക; എന്റെ ജനത്തെ ആശ്വസിപ്പിക്കുക” എന്നു നിങ്ങളുടെ ദൈവം പറയുന്നു.+
2 “യരുശലേമിനോട് അവളുടെ ഹൃദയത്തെ തൊട്ടുണർത്തുംവിധം* സംസാരിക്കുക,
അവളുടെ നിർബന്ധിതസേവനം അവസാനിച്ചെന്നും
അവളുടെ തെറ്റുകളുടെ കടം വീടിയെന്നും പ്രഖ്യാപിക്കുക.+
അവളുടെ പാപങ്ങൾക്കെല്ലാം യഹോവയിൽനിന്ന് തക്ക* ശിക്ഷ കിട്ടിയിരിക്കുന്നു.”+
3 അതാ, വിജനഭൂമിയിൽ വിളിച്ചുപറയുന്ന ഒരാളുടെ ശബ്ദം:
“യഹോവയുടെ വഴി നിരപ്പാക്കുക!*+
നമ്മുടെ ദൈവത്തിനു മരുഭൂമിയിലൂടെ,+ നേരെയുള്ള ഒരു പ്രധാനവീഥി ഉണ്ടാക്കുക.+
4 താഴ്വരകളെല്ലാം നികത്തുക,
എല്ലാ മലകളും കുന്നുകളും ഇടിച്ചുനിരത്തുക,
കുന്നും കുഴിയും നിറഞ്ഞ നിലം നിരപ്പാക്കുക,
പാറകൾ നിറഞ്ഞ നിരപ്പല്ലാത്ത നിലം സമതലമാക്കുക.+
5 യഹോവയുടെ മഹത്ത്വം വെളിപ്പെടും,+
എല്ലാ മനുഷ്യരും ഒരുമിച്ച് അതു കാണും;+
യഹോവയുടെ വായ് ഇതു പ്രസ്താവിച്ചിരിക്കുന്നു.”
6 അതാ, “വിളിച്ചുപറയുക” എന്ന് ആരോ പറയുന്നു.
“എന്തു വിളിച്ചുപറയണം” എന്നു മറ്റൊരാൾ ചോദിക്കുന്നു.
“എല്ലാ മനുഷ്യരും വെറും പുൽക്കൊടിപോലെയാണ്.
അവരുടെ അചഞ്ചലമായ സ്നേഹം കാട്ടിലെ പൂപോലെയാണ്.+
അതെ, മനുഷ്യരെല്ലാം വെറും പുല്ലു മാത്രം.
യരുശലേമിലേക്കു ശുഭവാർത്തയുമായി വരുന്ന സ്ത്രീയേ,
ഉറക്കെ വിളിച്ചുപറയുക.
പേടിക്കേണ്ടാ, ധൈര്യത്തോടെ ഉറക്കെ വിളിച്ചുപറയുക.
“ഇതാ, നിങ്ങളുടെ ദൈവം” എന്ന് യഹൂദാനഗരങ്ങളോടു പ്രഖ്യാപിക്കുക.+
ഇതാ, പ്രതിഫലം ദൈവത്തിന്റെ കൈയിലുണ്ട്,
ദൈവം കൊടുക്കുന്ന കൂലി തിരുമുമ്പിലുണ്ട്.+
11 ഒരു ഇടയനെപ്പോലെ ദൈവം ആടുകളെ പരിപാലിക്കും.*+
കൈകൊണ്ട് കുഞ്ഞാടുകളെ ഒരുമിച്ചുകൂട്ടും,
അവയെ മാറോടണച്ച് കൊണ്ടുനടക്കും.
പാലൂട്ടുന്ന തള്ളയാടുകളെ മെല്ലെ നടത്തും.+
12 സമുദ്രജലത്തെ ഒന്നാകെ കൈക്കുമ്പിളിൽ അളന്നതും+
ഒരു ചാണുകൊണ്ട്* ആകാശത്തിന്റെ അളവുകൾ* കണക്കാക്കിയതും ആരാണ്?
ഭൂമിയിലെ പൊടി മുഴുവൻ അളവുപാത്രത്തിൽ കൂട്ടിവെച്ചതും+
പർവതങ്ങളെ തുലാസ്സിൽ തൂക്കിനോക്കിയതും
കുന്നുകളെ തുലാത്തട്ടിൽ അളന്നതും ആരാണ്?
13 യഹോവയുടെ ആത്മാവിനെ അളന്ന് തിട്ടപ്പെടുത്താൻ* ആർക്കു കഴിയും?
ദൈവത്തിന്റെ ഉപദേശകനായി ദൈവത്തിനു മാർഗദർശനം നൽകാൻ ആർക്കാകും?+
14 ജ്ഞാനം സമ്പാദിക്കാൻ ദൈവം ആരെയാണു സമീപിച്ചത്?
നീതിയുടെ വഴികളിൽ നടക്കാൻ ആരാണു ദൈവത്തെ ഉപദേശിക്കുന്നത്?
ദൈവത്തിന് അറിവ് പകരുകയും
വകതിരിവിന്റെ വഴി കാണിച്ചുകൊടുക്കുകയും ചെയ്യുന്നത് ആരാണ്?+
15 ജനതകൾ ദൈവത്തിന് അളവുതൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും
തുലാസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെറും പൊടിപോലെയും അല്ലോ.+
ഇതാ, നേർത്ത മൺതരികൾപോലെ ദൈവം ദ്വീപുകളെ എടുത്ത് ഉയർത്തുന്നു.
17 സർവജനതകളും ദൈവത്തിന്റെ മുന്നിൽ ഒന്നുമല്ല;+
അവരെ ദൈവം നിസ്സാരരും വിലയില്ലാത്തവരും ആയി കാണുന്നു.+
18 ദൈവത്തെ നിങ്ങൾ ആരോടു താരതമ്യം ചെയ്യും?+
ഏതു രൂപത്തോടു സാദൃശ്യപ്പെടുത്തും?+
19 ശില്പി ഒരു വിഗ്രഹം* വാർത്തുണ്ടാക്കുന്നു,
ലോഹപ്പണിക്കാരൻ അതിന്മേൽ സ്വർണം പൊതിയുന്നു,+
അയാൾ അതു വെള്ളിച്ചങ്ങലകൾകൊണ്ട് അലങ്കരിക്കുന്നു.
മറിഞ്ഞുവീഴാത്ത ഒരു രൂപം കൊത്തിയുണ്ടാക്കാൻ+
അയാൾ ഒരു വിദഗ്ധശില്പിയെ തേടുന്നു.
21 നിങ്ങൾക്ക് അറിയില്ലേ?
നിങ്ങൾ കേട്ടിട്ടില്ലേ?
തുടക്കംമുതലേ നിങ്ങൾക്കു പറഞ്ഞുതന്നിട്ടില്ലേ?
ഭൂമിക്ക് അടിസ്ഥാനങ്ങൾ ഇട്ട കാലംമുതലേ നിങ്ങൾ മനസ്സിലാക്കിയിട്ടില്ലേ?+
22 ഭൂഗോളത്തിനു* മുകളിൽ വസിക്കുന്ന ഒരുവനുണ്ട്,+
ഭൂവാസികൾ ദൈവത്തിനു പുൽച്ചാടികളെപ്പോലെയല്ലോ.
നേർത്ത തുണിപോലെ ദൈവം ആകാശത്തെ വിരിക്കുന്നു,
താമസിക്കാനുള്ള ഒരു കൂടാരംപോലെ അതിനെ നിവർത്തുന്നു.+
23 ഉന്നതരായ ഉദ്യോഗസ്ഥരെ ദൈവം ഒന്നുമല്ലാതാക്കുന്നു,
ഭൂമിയിലെ ന്യായാധിപന്മാരെ* വിലകെട്ടവരാക്കുന്നു.
24 അവരെ നട്ടതേ ഉള്ളൂ,
അവരെ വിതച്ചതേ ഉള്ളൂ,
അവരുടെ തണ്ടുകൾ വേരു പിടിക്കുന്നതേ ഉള്ളൂ.
ഊതുമ്പോൾത്തന്നെ അവർ വാടിക്കരിയുന്നു,
വയ്ക്കോൽപോലെ അവർ കാറ്റത്ത് പാറിപ്പോകുന്നു.+
25 “നിങ്ങൾ എന്നെ ആരോടു താരതമ്യം ചെയ്യും, ആരാണ് എനിക്കു തുല്യൻ” എന്നു പരിശുദ്ധനായവൻ ചോദിക്കുന്നു.
26 “കണ്ണുകൾ ഉയർത്തി ആകാശത്തേക്കു നോക്കുക.
ഇവയെയെല്ലാം സൃഷ്ടിച്ചത് ആരാണ്?+
അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ നയിക്കുന്നവൻതന്നെ!
ദൈവം അവയെയെല്ലാം പേരെടുത്ത് വിളിക്കുന്നു.+
ദൈവത്തിന്റെ അപാരമായ ഊർജവും ഭയഗംഭീരമായ ശക്തിയും കാരണം,+
അവയിൽ ഒന്നുപോലും കാണാതാകുന്നില്ല.
27 ‘എനിക്കു ദൈവത്തിൽനിന്ന് നീതി കിട്ടുന്നില്ല,
എന്റെ വഴി യഹോവ കാണുന്നില്ല’ എന്നു യാക്കോബേ, നീ പറയുന്നത് എന്തുകൊണ്ട്?
ഇസ്രായേലേ, നീ പരാതിപ്പെടുന്നത് എന്തിന്?+
28 നിനക്ക് അറിയില്ലേ? നീ കേട്ടിട്ടില്ലേ?
ഭൂമിയുടെ അതിരുകൾ സൃഷ്ടിച്ച യഹോവ എന്നുമെന്നേക്കും ദൈവമാണ്.+
ദൈവം ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നില്ല.+
ദൈവത്തിന്റെ ഗ്രാഹ്യത്തിന്റെ ആഴം ആർക്ക് അളക്കാനാകും?+
29 ക്ഷീണിച്ചിരിക്കുന്നവനു ദൈവം ബലം കൊടുക്കുന്നു,
ശക്തിയില്ലാത്തവനു വേണ്ടുവോളം ഊർജം പകരുന്നു.+
30 ആൺകുട്ടികൾ ക്ഷീണിച്ച് തളരും,
യുവാക്കൾ ഇടറിവീഴും.
31 എന്നാൽ യഹോവയിൽ പ്രത്യാശ വെച്ചിരിക്കുന്നവർ ശക്തി വീണ്ടെടുക്കും.
അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.+
അവർ തളർന്നുപോകാതെ ഓടും;
ക്ഷീണിച്ചുപോകാതെ നടക്കും.”+