യോഹന്നാനു ലഭിച്ച വെളിപാട്
7 ഇതിനു ശേഷം നാലു ദൈവദൂതന്മാർ ഭൂമിയുടെ നാലു കോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയുടെയോ കടലിന്റെയോ ഏതെങ്കിലും മരത്തിന്റെയോ മേൽ വീശാതിരിക്കാൻവേണ്ടി ഭൂമിയിലെ നാലു കാറ്റും അവർ മുറുകെ പിടിച്ചിരുന്നു. 2 വേറൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി സൂര്യോദയത്തിൽനിന്ന്* വരുന്നതു ഞാൻ കണ്ടു. കരയ്ക്കും കടലിനും ദോഷം വരുത്താൻ അനുവാദം ലഭിച്ച നാലു ദൂതന്മാരോട് ആ ദൂതൻ ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു: 3 “നമ്മുടെ ദൈവത്തിന്റെ അടിമകളുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിട്ടുതീരുന്നതുവരെ+ കരയ്ക്കോ കടലിനോ മരങ്ങൾക്കോ ദോഷം വരുത്തരുത്.”+
4 പിന്നെ ഞാൻ മുദ്ര ലഭിച്ചവരുടെ എണ്ണം കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിലുംകൂടെ+ മുദ്ര ലഭിച്ചവർ ആകെ 1,44,000.+
5 യഹൂദാഗോത്രത്തിൽ മുദ്ര ലഭിച്ചവർ 12,000;
രൂബേൻഗോത്രത്തിൽ 12,000;
ഗാദ്ഗോത്രത്തിൽ 12,000;
6 ആശേർഗോത്രത്തിൽ 12,000;
നഫ്താലിഗോത്രത്തിൽ 12,000;
മനശ്ശെഗോത്രത്തിൽ+ 12,000;
7 ശിമെയോൻഗോത്രത്തിൽ 12,000;
ലേവിഗോത്രത്തിൽ 12,000;
യിസ്സാഖാർഗോത്രത്തിൽ 12,000;
8 സെബുലൂൻഗോത്രത്തിൽ 12,000;
യോസേഫ്ഗോത്രത്തിൽ 12,000;
ബന്യാമീൻഗോത്രത്തിൽ 12,000.
9 ഇതിനു ശേഷം ഞാൻ നോക്കിയപ്പോൾ, എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും+ നിന്നുള്ള, ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം നീളമുള്ള വെള്ളക്കുപ്പായം+ ധരിച്ച് കൈയിൽ ഈന്തപ്പനയുടെ ഓലയുമായി+ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു കണ്ടു. 10 “നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന+ നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും+ കടപ്പെട്ടിരിക്കുന്നു” എന്ന് അവർ ഉറക്കെ പറയുന്നുണ്ടായിരുന്നു.
11 സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും+ നാലു ജീവികളുടെയും ചുറ്റുമായി ദൈവദൂതന്മാരെല്ലാം നിന്നിരുന്നു. അവർ സിംഹാസനത്തിന്റെ മുമ്പാകെ കമിഴ്ന്നുവീണ് ദൈവത്തെ ആരാധിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: 12 “ആമേൻ! സ്തുതിയും മഹത്ത്വവും ജ്ഞാനവും നന്ദിയും ബഹുമാനവും ശക്തിയും ബലവും എന്നുമെന്നേക്കും നമ്മുടെ ദൈവത്തിനുള്ളത്.+ ആമേൻ.”
13 അപ്പോൾ മൂപ്പന്മാരിൽ ഒരാൾ എന്നോടു ചോദിച്ചു: “നീളമുള്ള വെള്ളക്കുപ്പായം ധരിച്ച+ ഇവർ ആരാണ്, എവിടെനിന്ന് വരുന്നു?” 14 ഉടനെ ഞാൻ ആ മൂപ്പനോട്, “യജമാനനേ, അങ്ങയ്ക്കാണല്ലോ അത് അറിയാവുന്നത്” എന്നു പറഞ്ഞു. അപ്പോൾ ആ മൂപ്പൻ പറഞ്ഞു: “ഇവർ മഹാകഷ്ടതയിലൂടെ+ കടന്നുവന്നവരാണ്. കുഞ്ഞാടിന്റെ രക്തത്തിൽ ഇവർ ഇവരുടെ വസ്ത്രം കഴുകിവെളുപ്പിച്ചിരിക്കുന്നു.+ 15 അതുകൊണ്ടാണ് ഇവർ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നിൽ നിൽക്കുന്നതും രാപ്പകൽ ദൈവത്തിന്റെ ആലയത്തിൽ വിശുദ്ധസേവനം അനുഷ്ഠിക്കുന്നതും. സിംഹാസനത്തിൽ ഇരിക്കുന്നവൻ+ തന്റെ കൂടാരത്തിൽ അവർക്ക് അഭയം നൽകും.+ 16 ഇനി അവർക്കു വിശക്കില്ല, ദാഹിക്കില്ല. ചുട്ടുപൊള്ളുന്ന വെയിലോ അസഹ്യമായ ചൂടോ അവരെ ബാധിക്കില്ല.+ 17 കാരണം സിംഹാസനത്തിന് അരികെയുള്ള* കുഞ്ഞാട്+ അവരെ മേയ്ച്ച്+ ജീവജലത്തിന്റെ ഉറവുകളിലേക്കു+ നടത്തും. ദൈവം അവരുടെ കണ്ണുകളിൽനിന്ന് കണ്ണീരെല്ലാം തുടച്ചുകളയും.”+