യോഹന്നാൻ എഴുതിയത്
15 “ഞാൻ ശരിക്കുള്ള മുന്തിരിച്ചെടിയും എന്റെ പിതാവ് കൃഷിക്കാരനും ആണ്. 2 എന്നിലുള്ള കായ്ക്കാത്ത ശാഖകളെല്ലാം പിതാവ് മുറിച്ചുകളയുന്നു. കായ്ക്കുന്നവയൊക്കെ കൂടുതൽ ഫലം കായ്ക്കാൻ+ വെട്ടിവെടിപ്പാക്കി നിറുത്തുന്നു. 3 എന്നാൽ ഞാൻ നിങ്ങളോടു സംസാരിച്ച വചനത്താൽ നിങ്ങൾ ഇപ്പോൾത്തന്നെ വെടിപ്പുള്ളവരാണ്.+ 4 എന്നോടു യോജിപ്പിലായിരിക്കുക. എങ്കിൽ ഞാനും നിങ്ങളോടു യോജിപ്പിലായിരിക്കും. മുന്തിരിച്ചെടിയിൽനിന്ന് വേർപെട്ട ശാഖകൾക്കു ഫലം കായ്ക്കാൻ കഴിയില്ല. അതുപോലെ, എന്നോടു യോജിപ്പിലല്ലെങ്കിൽ നിങ്ങൾക്കും ഫലം കായ്ക്കാൻ കഴിയില്ല.+ 5 ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ ശാഖകളും ആണ്. ഒരാൾ എന്നോടും ഞാൻ അയാളോടും യോജിപ്പിലാണെങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും.+ കാരണം എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ* കഴിയില്ല. 6 എന്നോടു യോജിച്ചുനിൽക്കാത്തയാൾ, മുറിച്ചുമാറ്റിയ ശാഖപോലെ ഉണങ്ങിപ്പോകും. ആളുകൾ അവ ഒന്നിച്ചുകൂട്ടി തീയിലിട്ട് കത്തിച്ചുകളയും.+ 7 നിങ്ങൾ എന്നോടു യോജിപ്പിലായിരിക്കുകയും എന്റെ വചനങ്ങൾ നിങ്ങളിൽ നിലനിൽക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾ ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളുക. അതു നിങ്ങൾക്കു കിട്ടും.+ 8 നിങ്ങൾ ധാരാളം ഫലം കായ്ക്കുന്നതുകൊണ്ടും എന്റെ ശിഷ്യന്മാരാണെന്നു തെളിയിക്കുന്നതുകൊണ്ടും എന്റെ പിതാവ് മഹത്ത്വപ്പെടുന്നു.+ 9 പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ+ ഞാനും നിങ്ങളെ സ്നേഹിക്കുന്നു. എന്റെ സ്നേഹത്തിൽ നിലനിൽക്കുക. 10 ഞാൻ പിതാവിന്റെ കല്പനകൾ അനുസരിച്ച് പിതാവിന്റെ സ്നേഹത്തിൽ നിലനിൽക്കുന്നു.+ അതുപോലെ, നിങ്ങളും എന്റെ കല്പനകൾ അനുസരിക്കുന്നെങ്കിൽ എന്റെ സ്നേഹത്തിൽ നിലനിൽക്കും.+
11 “എന്റെ അതേ സന്തോഷം നിങ്ങൾക്കും തോന്നി നിങ്ങളുടെ സന്തോഷം അതിന്റെ പരകോടിയിൽ എത്താനാണു ഞാൻ ഇതെല്ലാം നിങ്ങളോടു പറഞ്ഞത്.+ 12 ഇതാണ് എന്റെ കല്പന: ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെതന്നെ നിങ്ങളും തമ്മിൽത്തമ്മിൽ സ്നേഹിക്കണം.+ 13 സ്നേഹിതർക്കുവേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ല.+ 14 ഞാൻ കല്പിക്കുന്നതു നിങ്ങൾ ചെയ്യുന്നെങ്കിൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.+ 15 ഞാൻ ഇനി നിങ്ങളെ അടിമകൾ എന്നു വിളിക്കുന്നില്ല. കാരണം യജമാനൻ ചെയ്യുന്ന കാര്യങ്ങൾ അടിമയെ അറിയിക്കില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന് കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു. 16 നിങ്ങൾ എന്നെയല്ല, ഞാൻ നിങ്ങളെയാണു തിരഞ്ഞെടുത്തത്. നിങ്ങൾ പോയി നിലനിൽക്കുന്ന ഫലം കായ്ക്കാൻവേണ്ടിയാണു ഞാൻ നിങ്ങളെ നിയമിച്ചത്. അതുകൊണ്ട് എന്റെ നാമത്തിൽ പിതാവിനോട് എന്തു ചോദിച്ചാലും പിതാവ് അതു നിങ്ങൾക്കു തരും.+
17 “ഞാൻ നിങ്ങളോട് ഇതെല്ലാം കല്പിക്കുന്നതു നിങ്ങൾ തമ്മിൽത്തമ്മിൽ സ്നേഹിക്കാൻവേണ്ടിയാണ്.+ 18 ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ അതു നിങ്ങൾക്കു മുമ്പേ എന്നെ വെറുത്തെന്ന് ഓർത്തുകൊള്ളുക.+ 19 നിങ്ങൾ ലോകത്തിന്റെ ഭാഗമായിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ നിങ്ങളെ ലോകത്തിൽനിന്ന് തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട് നിങ്ങൾ ലോകത്തിന്റെ ഭാഗമല്ല.+ അതുകൊണ്ട് ലോകം നിങ്ങളെ വെറുക്കുന്നു.+ 20 അടിമ യജമാനനെക്കാൾ വലിയവനല്ലെന്നു ഞാൻ പറഞ്ഞ കാര്യം മറക്കരുത്. അവർ എന്നെ ഉപദ്രവിച്ചെങ്കിൽ നിങ്ങളെയും ഉപദ്രവിക്കും.+ അവർ എന്റെ വചനം അനുസരിച്ചെങ്കിൽ നിങ്ങളുടേതും അനുസരിക്കും. 21 എന്നാൽ എന്നെ അയച്ച വ്യക്തിയെ അറിയാത്തതുകൊണ്ട് അവർ എന്റെ പേര് നിമിത്തം ഇതൊക്കെ നിങ്ങളോടു ചെയ്യും.+ 22 ഞാൻ വന്ന് അവരോടു സംസാരിച്ചില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർക്ക് അവരുടെ പാപത്തിന് ഒരു ഒഴികഴിവും പറയാനില്ല.+ 23 എന്നെ വെറുക്കുന്നവൻ എന്റെ പിതാവിനെയും വെറുക്കുന്നു.+ 24 മറ്റാരും ചെയ്യാത്ത കാര്യങ്ങൾ ഞാൻ അവരുടെ ഇടയിൽ ചെയ്തില്ലായിരുന്നെങ്കിൽ അവർക്കു പാപമുണ്ടാകുമായിരുന്നില്ല.+ എന്നാൽ ഇപ്പോൾ അവർ എന്നെ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു. 25 ‘അവർ ഒരു കാരണവുമില്ലാതെ എന്നെ വെറുത്തു’+ എന്ന് അവരുടെ നിയമത്തിൽ എഴുതിയിരിക്കുന്നതു നിറവേറാനാണ് ഇതു സംഭവിച്ചത്. 26 ഞാൻ പിതാവിന്റെ അടുത്തുനിന്ന് നിങ്ങളുടെ അടുത്തേക്ക് ഒരു സഹായിയെ അയയ്ക്കും. അതു പിതാവിൽനിന്ന് വരുന്ന സത്യത്തിന്റെ ആത്മാവാണ്.+ ആ സഹായി വരുമ്പോൾ എന്നെക്കുറിച്ച് സാക്ഷി പറയും.+ 27 അപ്പോൾ നിങ്ങളും എനിക്കുവേണ്ടി സാക്ഷി പറയണം.+ കാരണം നിങ്ങൾ തുടക്കംമുതൽ എന്റെകൂടെയുണ്ടായിരുന്നല്ലോ.