കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
9 ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പോസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലേ?+ കർത്താവിലുള്ള എന്റെ പ്രയത്നത്തിന്റെ ഫലമല്ലേ നിങ്ങൾ? 2 മറ്റുള്ളവർക്കു ഞാൻ ഒരു അപ്പോസ്തലനല്ലെങ്കിലും നിങ്ങൾക്കു ഞാൻ അപ്പോസ്തലനാണ്. കർത്താവിലെ എന്റെ അപ്പോസ്തലപദവിക്കു തെളിവ് നൽകുന്ന മുദ്രയാണല്ലോ നിങ്ങൾ.
3 എന്നെ വിചാരണ ചെയ്യുന്നവരോടുള്ള എന്റെ പ്രതിവാദം ഇതാണ്: 4 തിന്നാനും കുടിക്കാനും ഞങ്ങൾക്ക് അവകാശമില്ലേ?* 5 മറ്റ് അപ്പോസ്തലന്മാരും കർത്താവിന്റെ സഹോദരന്മാരും+ കേഫയും*+ ചെയ്യുന്നതുപോലെ, വിശ്വാസിയായ ഭാര്യയെയും+ കൂട്ടി യാത്ര ചെയ്യാൻ ഞങ്ങൾക്കും അവകാശമില്ലേ? 6 അല്ല, തൊഴിൽ ചെയ്യാതെ ജീവിക്കാനുള്ള അവകാശം എനിക്കും ബർന്നബാസിനും+ മാത്രമില്ലെന്നോ? 7 സ്വന്തം ചെലവിൽ സേവനം ചെയ്യുന്ന പടയാളിയുണ്ടോ? മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചിട്ട് അവിടെ ഉണ്ടാകുന്നതു കഴിക്കാത്തവരുണ്ടോ?+ ആട്ടിൻകൂട്ടത്തെ മേയ്ച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തവരുണ്ടോ?
8 മാനുഷികമായ ഒരു കാഴ്ചപ്പാടനുസരിച്ചാണോ ഞാൻ ഇതു പറയുന്നത്? ഇതുതന്നെയല്ലേ നിയമവും* പറയുന്നത്? 9 “ധാന്യം മെതിച്ചുകൊണ്ടിരിക്കുന്ന കാളയുടെ വായ് മൂടിക്കെട്ടരുത്”+ എന്നു മോശയുടെ നിയമത്തിൽ എഴുതിയിട്ടുണ്ടല്ലോ. കാളകളെക്കുറിച്ചുള്ള ചിന്തകൊണ്ടാണോ ദൈവം ഇങ്ങനെ പറയുന്നത്? 10 വാസ്തവത്തിൽ, നമ്മളെക്കുറിച്ചുള്ള ചിന്തകൊണ്ടല്ലേ? അതെ, നമ്മളെക്കുറിച്ചുള്ള ചിന്തകൊണ്ടുതന്നെ. ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുന്നത് അതിൽനിന്നൊരു പങ്കു കിട്ടുമെന്ന പ്രതീക്ഷയോടെയാണല്ലോ.
11 ഞങ്ങൾ നിങ്ങളിൽ ആത്മീയകാര്യങ്ങൾ വിതച്ചിട്ട് ഞങ്ങളുടെ ആവശ്യങ്ങൾക്കുള്ള ഭൗതികസഹായം നിങ്ങളിൽനിന്ന് കൊയ്തെടുക്കുന്നെങ്കിൽ അതിൽ തെറ്റുണ്ടോ?+ 12 മറ്റുള്ളവർക്ക് അതിനുള്ള അവകാശമുണ്ടെങ്കിൽ, ഞങ്ങൾക്ക് എത്രയധികം! എങ്കിലും ഞങ്ങൾ ഈ അവകാശം* ഉപയോഗപ്പെടുത്തിയിട്ടില്ല.+ ക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്തയ്ക്ക് ഒരു തടസ്സവും വരുത്തേണ്ടാ എന്നു കരുതി ഞങ്ങൾ എല്ലാം സഹിക്കുകയാണ്.+ 13 ദേവാലയത്തിലെ ജോലികൾ* ചെയ്യുന്നവർ ദേവാലയത്തിൽനിന്ന് കിട്ടുന്നതു കഴിക്കുന്നെന്നും യാഗപീഠത്തിൽ പതിവായി ശുശ്രൂഷ ചെയ്യുന്നവർക്കു യാഗപീഠത്തിൽ അർപ്പിക്കുന്നതിൽനിന്ന് പങ്കു കിട്ടുന്നെന്നും നിങ്ങൾക്ക് അറിയില്ലേ?+ 14 അങ്ങനെതന്നെ, സന്തോഷവാർത്ത പ്രസംഗിക്കുന്നവരും സന്തോഷവാർത്തകൊണ്ട് ജീവിക്കണമെന്നു കർത്താവ് കല്പിച്ചിരിക്കുന്നു.+
15 എന്നാൽ ഈ അവകാശങ്ങളിൽ ഒന്നുപോലും ഞാൻ ഉപയോഗപ്പെടുത്തിയിട്ടില്ല.+ ഇവ എനിക്കു കിട്ടണമെന്നു കരുതിയുമല്ല ഞാൻ ഇതൊക്കെ എഴുതുന്നത്. അഭിമാനിക്കാനുള്ള ഈ കാരണം ഇല്ലാതാകുന്നതിനെക്കാൾ നല്ലതു ഞാൻ മരിക്കുന്നതാണ്!+ 16 ഞാൻ സന്തോഷവാർത്ത അറിയിക്കുന്നെങ്കിൽ അതിൽ അത്ര അഭിമാനിക്കാനൊന്നുമില്ല. കാരണം, ഞാൻ അതിനു ബാധ്യസ്ഥനാണ്. എന്നാൽ ഞാൻ സന്തോഷവാർത്ത അറിയിക്കുന്നില്ലെങ്കിൽ എന്റെ കാര്യം കഷ്ടം!+ 17 മനസ്സോടെയാണു ഞാൻ അതു ചെയ്യുന്നതെങ്കിൽ എനിക്കു പ്രതിഫലം കിട്ടും. ഇനി, ഞാൻ അതു ചെയ്യുന്നതു മനസ്സോടെയല്ലെങ്കിൽപ്പോലും, അതു ചെയ്യാൻ ഒരു കാര്യസ്ഥനായി എന്നെ നിയോഗിച്ചിട്ടുള്ളതുകൊണ്ട് ഞാൻ അതു ചെയ്തേ മതിയാകൂ.+ 18 അങ്ങനെയെങ്കിൽ, എനിക്കുള്ള പ്രതിഫലം എന്താണ്? ഞാൻ സൗജന്യമായി സന്തോഷവാർത്ത അറിയിക്കുന്നു എന്നതാണ് എന്റെ പ്രതിഫലം. സന്തോഷവാർത്ത അറിയിക്കുന്നതുമായി ബന്ധപ്പെട്ട് എനിക്കുള്ള അവകാശങ്ങൾ* ഞാൻ ദുരുപയോഗം ചെയ്യുന്നില്ലെന്ന് എനിക്ക് അപ്പോൾ പറയാനാകും.
19 ഞാൻ എല്ലാവരിൽനിന്നും സ്വതന്ത്രനാണെങ്കിലും ഞാൻ എന്നെ എല്ലാവർക്കും അടിമയാക്കിയിരിക്കുന്നു. അങ്ങനെ, കഴിയുന്നത്ര ആളുകളെ നേടിയെടുക്കാനാണു ഞാൻ നോക്കുന്നത്. 20 ജൂതന്മാരെ നേടാൻവേണ്ടി ജൂതന്മാർക്കു ഞാൻ ജൂതനെപ്പോലെയായി.+ ഞാൻ നിയമത്തിനു കീഴിലല്ലെങ്കിലും നിയമത്തിൻകീഴിലുള്ളവരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമത്തിൻകീഴിലുള്ളവനെപ്പോലെയായി.+ 21 നിയമമില്ലാത്തവരെ നേടാൻവേണ്ടി ഞാൻ അവർക്കു നിയമമില്ലാത്തവനെപ്പോലെയായി. എന്നുവെച്ച് ഞാൻ ദൈവം നൽകിയ നിയമത്തിൽനിന്ന് സ്വതന്ത്രനാണെന്നല്ല. ഞാൻ ക്രിസ്തുവിന്റെ നിയമത്തിനു+ വിധേയനാണ്. 22 ദുർബലരായവരെ നേടാൻവേണ്ടി ദുർബലർക്കു ഞാൻ ദുർബലനായി.+ എങ്ങനെയെങ്കിലും ചിലരെ നേടാൻവേണ്ടി ഞാൻ എല്ലാ തരം ആളുകൾക്കും എല്ലാമായിത്തീർന്നു. 23 എന്നാൽ ഞാൻ ഇങ്ങനെയെല്ലാം ചെയ്യുന്നതു സന്തോഷവാർത്തയ്ക്കുവേണ്ടിയാണ്, അതു മറ്റുള്ളവരെ അറിയിക്കാൻവേണ്ടി.+
24 ഓട്ടമത്സരത്തിൽ ഓട്ടക്കാർ എല്ലാവരും ഓടുമെങ്കിലും ഒരാൾക്കേ സമ്മാനം കിട്ടുകയുള്ളൂ എന്നു നിങ്ങൾക്ക് അറിയില്ലേ? അതുകൊണ്ട് സമ്മാനം നേടുക എന്ന ലക്ഷ്യത്തിൽ ഓടണം.+ 25 ഒരു മത്സരത്തിൽ പങ്കെടുക്കുന്നവരെല്ലാം* എല്ലാ കാര്യങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നു. നശിച്ചുപോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ ഇങ്ങനെയൊക്കെ ചെയ്യുന്നത്,+ നമ്മളോ നശിച്ചുപോകാത്തതിനുവേണ്ടിയും.+ 26 അതുകൊണ്ട് ലക്ഷ്യമില്ലാതെയല്ല ഞാൻ ഓടുന്നത്.+ വായുവിൽ വെറുതേ ഇടിക്കുന്നതുപോലെയല്ല ഞാൻ മുഷ്ടിയുദ്ധം ചെയ്യുന്നത്. 27 എങ്കിലും ഞാൻ എന്റെ ശരീരത്തെ, ഇടിച്ചിടിച്ച്*+ ഒരു അടിമയെപ്പോലെ കൊണ്ടുനടക്കുന്നു. മറ്റുള്ളവരോടു പ്രസംഗിച്ചിട്ട് ഒടുവിൽ ഞാൻതന്നെ ഏതെങ്കിലും വിധത്തിൽ അയോഗ്യനായിപ്പോകരുതല്ലോ.*