യോഹന്നാൻ എഴുതിയത്
11 ബഥാന്യക്കാരനായ+ ലാസർ രോഗം ബാധിച്ച് കിടപ്പിലായി. മറിയയുടെയും സഹോദരി മാർത്തയുടെയും+ ഗ്രാമമായിരുന്നു ബഥാന്യ. 2 ഈ മറിയയാണു കർത്താവിന്റെ മേൽ സുഗന്ധതൈലം ഒഴിക്കുകയും മുടികൊണ്ട് കർത്താവിന്റെ പാദങ്ങൾ തുടയ്ക്കുകയും ചെയ്തത്.+ രോഗിയായി കിടന്ന ലാസർ മറിയയുടെ ആങ്ങളയായിരുന്നു. 3 ലാസറിന്റെ പെങ്ങന്മാർ യേശുവിന്റെ അടുത്ത് ആളയച്ച്, “കർത്താവേ, അങ്ങയ്ക്കു പ്രിയപ്പെട്ടവൻ രോഗിയായി കിടപ്പിലാണ്”+ എന്ന് അറിയിച്ചു. 4 അതു കേട്ടപ്പോൾ യേശു പറഞ്ഞു: “ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല. പകരം, ദൈവത്തിന്റെ മഹത്ത്വത്തിനും+ ദൈവപുത്രൻ മഹത്ത്വപ്പെടാനും വേണ്ടിയുള്ളതാണ്.”
5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു. 6 പക്ഷേ ലാസർ കിടപ്പിലായി എന്നു കേട്ടിട്ടും യേശു രണ്ടു ദിവസംകൂടെ അവിടെത്തന്നെ തങ്ങി. 7 പിന്നെ ശിഷ്യന്മാരോട്, “നമുക്കു വീണ്ടും യഹൂദ്യയിലേക്കു പോകാം” എന്നു പറഞ്ഞു. 8 ശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: “റബ്ബീ,+ ഇയ്യിടെയല്ലേ യഹൂദ്യയിലുള്ളവർ അങ്ങയെ കല്ലെറിയാൻ ഒരുങ്ങിയത്?+ എന്നിട്ട് വീണ്ടും അവിടേക്കുതന്നെ പോകുകയാണോ?” 9 യേശു പറഞ്ഞു: “പകൽവെളിച്ചം 12 മണിക്കൂറുണ്ടല്ലോ.+ പകൽ നടക്കുന്നയാൾ ഈ ലോകത്തിന്റെ വെളിച്ചം കാണുന്നതുകൊണ്ട് തട്ടിവീഴുന്നില്ല. 10 പക്ഷേ രാത്രിയിൽ നടക്കുന്നയാൾ വെളിച്ചമില്ലാത്തതുകൊണ്ട് തട്ടിവീഴുന്നു.”
11 എന്നിട്ട് യേശു അവരോടു പറഞ്ഞു: “നമ്മുടെ കൂട്ടുകാരനായ ലാസർ ഉറങ്ങുകയാണ്.+ ഞാൻ ചെന്ന് അവനെ ഉണർത്തട്ടെ.” 12 അപ്പോൾ ശിഷ്യന്മാർ യേശുവിനോട്, “കർത്താവേ, ഉറങ്ങുകയാണെങ്കിൽ ലാസറിന്റെ അസുഖം മാറിക്കൊള്ളും”* എന്നു പറഞ്ഞു. 13 പക്ഷേ യേശു പറഞ്ഞതു ലാസറിന്റെ മരണത്തെക്കുറിച്ചായിരുന്നു. എന്നാൽ ഉറങ്ങിവിശ്രമിക്കുന്നതിനെക്കുറിച്ചാണു യേശു പറഞ്ഞതെന്ന് അവർ വിചാരിച്ചു. 14 അപ്പോൾ യേശു അവരോടു തെളിച്ചുപറഞ്ഞു: “ലാസർ മരിച്ചുപോയി.+ 15 എന്നാൽ നിങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ ഞാൻ അവിടെ ഇല്ലാഞ്ഞത് എത്ര നന്നായെന്ന് എനിക്കു തോന്നുന്നു. നിങ്ങൾ വിശ്വസിക്കാൻ അതു കാരണമാകുമല്ലോ. നമുക്ക് അവന്റെ അടുത്തേക്കു പോകാം.” 16 ഇരട്ട എന്നും പേരുള്ള തോമസ് മറ്റു ശിഷ്യന്മാരോടു പറഞ്ഞു: “വാ, നമുക്കും പോകാം. എന്നിട്ട് യേശുവിന്റെകൂടെ മരിക്കാം.”+
17 അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ട് നാലു ദിവസമായെന്നു യേശു മനസ്സിലാക്കി. 18 ബഥാന്യ യരുശലേമിന് അടുത്തായിരുന്നു. അവിടെനിന്ന് യരുശലേമിലേക്ക് ഏകദേശം മൂന്നു കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. 19 ആങ്ങളയുടെ വേർപാടിൽ ദുഃഖിതരായ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ ഒട്ടേറെ ജൂതന്മാർ അവിടെ വന്നിരുന്നു. 20 യേശു വരുന്നെന്നു കേട്ടിട്ട് മാർത്ത യേശുവിനെ സ്വീകരിക്കാൻ ചെന്നു. പക്ഷേ മറിയ+ വീട്ടിൽത്തന്നെ ഇരുന്നു. 21 മാർത്ത യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു. 22 എന്നാൽ അങ്ങ് ചോദിക്കുന്നത് എന്തും ദൈവം തരുമെന്ന് ഇപ്പോൾപ്പോലും എനിക്ക് ഉറപ്പുണ്ട്.” 23 യേശു മാർത്തയോട്, “നിന്റെ ആങ്ങള എഴുന്നേറ്റുവരും” എന്നു പറഞ്ഞു. 24 മാർത്ത യേശുവിനോട്, “അവസാനനാളിലെ പുനരുത്ഥാനത്തിൽ+ ലാസർ എഴുന്നേറ്റുവരുമെന്ന് എനിക്ക് അറിയാം” എന്നു പറഞ്ഞു. 25 അപ്പോൾ യേശു മാർത്തയോടു പറഞ്ഞു: “ഞാനാണു പുനരുത്ഥാനവും ജീവനും.+ എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവനിലേക്കു വരും. 26 എന്നിൽ വിശ്വസിച്ച് ജീവിക്കുന്ന ആരും ഒരിക്കലും മരിക്കുകയുമില്ല.+ നീ ഇതു വിശ്വസിക്കുന്നുണ്ടോ?” 27 മാർത്ത യേശുവിനോട്, “ഉണ്ട് കർത്താവേ, ലോകത്തേക്കു വരാനിരുന്ന ദൈവപുത്രനായ ക്രിസ്തു അങ്ങാണ് എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു പറഞ്ഞു. 28 ഇതു പറഞ്ഞിട്ട് മാർത്ത പോയി സഹോദരിയായ മറിയയെ വിളിച്ച് സ്വകാര്യമായി പറഞ്ഞു: “ഗുരു+ വന്നിട്ടുണ്ട്. നിന്നെ അന്വേഷിക്കുന്നു.” 29 ഇതു കേട്ടപ്പോൾ മറിയ പെട്ടെന്ന് എഴുന്നേറ്റ് യേശുവിന്റെ അടുത്തേക്കു ചെന്നു.
30 യേശു അപ്പോഴും ഗ്രാമത്തിൽ എത്തിയിരുന്നില്ല; മാർത്ത യേശുവിനെ കണ്ട സ്ഥലത്തുതന്നെയായിരുന്നു. 31 മറിയ പെട്ടെന്ന് എഴുന്നേറ്റ് പുറത്തേക്കു പോകുന്നതു കണ്ടപ്പോൾ മറിയയെ ആശ്വസിപ്പിച്ചുകൊണ്ട് വീട്ടിൽ ഇരുന്ന ജൂതന്മാർ, മറിയ കല്ലറയിൽ+ ചെന്ന് കരയാൻപോകുകയാണെന്നു കരുതി പിന്നാലെ ചെന്നു. 32 മറിയ യേശു നിൽക്കുന്ന സ്ഥലത്ത് എത്തി. യേശുവിനെ കണ്ടപ്പോൾ കാൽക്കൽ വീണ് യേശുവിനോട്, “കർത്താവേ, അങ്ങ് ഇവിടെയുണ്ടായിരുന്നെങ്കിൽ എന്റെ ആങ്ങള മരിക്കില്ലായിരുന്നു” എന്നു പറഞ്ഞു. 33 മറിയയും കൂടെ വന്ന ജൂതന്മാരും കരയുന്നതു കണ്ടപ്പോൾ മനസ്സു നൊന്ത് യേശു വല്ലാതെ അസ്വസ്ഥനായി. 34 “എവിടെയാണ് അവനെ വെച്ചത്” എന്നു യേശു ചോദിച്ചപ്പോൾ അവർ, “കർത്താവേ, വന്ന് കാണൂ” എന്നു പറഞ്ഞു. 35 യേശുവിന്റെ കണ്ണു നിറഞ്ഞൊഴുകി.+ 36 ജൂതന്മാർ ഇതു കണ്ടിട്ട്, “യേശുവിനു ലാസറിനെ എന്ത് ഇഷ്ടമായിരുന്നെന്നു കണ്ടോ” എന്നു പറഞ്ഞു. 37 എന്നാൽ അവരിൽ ചിലർ, “അന്ധനു കാഴ്ച കൊടുത്ത ഈ മനുഷ്യനു+ ലാസർ മരിക്കാതെ നോക്കാൻ കഴിയില്ലായിരുന്നോ” എന്നു ചോദിച്ചു.
38 യേശു വീണ്ടും ദുഃഖവിവശനായി കല്ലറയുടെ അടുത്തേക്കു നീങ്ങി. അതൊരു ഗുഹയായിരുന്നു. ഗുഹയുടെ വാതിൽക്കൽ ഒരു കല്ലും വെച്ചിരുന്നു. 39 “ഈ കല്ല് എടുത്തുമാറ്റ്” എന്നു യേശു പറഞ്ഞു. അപ്പോൾ, മരിച്ചവന്റെ പെങ്ങളായ മാർത്ത പറഞ്ഞു: “കർത്താവേ, നാലു ദിവസമായല്ലോ. ദുർഗന്ധം കാണും.” 40 യേശു അവളോട്, “വിശ്വസിച്ചാൽ നീ ദൈവത്തിന്റെ മഹത്ത്വം കാണുമെന്നു ഞാൻ പറഞ്ഞില്ലേ”+ എന്നു ചോദിച്ചു. 41 അവർ കല്ല് എടുത്തുമാറ്റി. അപ്പോൾ യേശു ആകാശത്തേക്കു കണ്ണ് ഉയർത്തി+ പറഞ്ഞു: “പിതാവേ, അങ്ങ് എന്റെ അപേക്ഷ കേട്ടതുകൊണ്ട് ഞാൻ നന്ദി പറയുന്നു. 42 അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കാറുണ്ടെന്ന് എനിക്ക് അറിയാം. എന്നാൽ അങ്ങാണ് എന്നെ അയച്ചതെന്നു ചുറ്റും നിൽക്കുന്ന ഈ ജനം വിശ്വസിക്കാൻ അവരെ ഓർത്താണു ഞാൻ ഇതു പറഞ്ഞത്.”+ 43 ഇത്രയും പറഞ്ഞിട്ട് യേശു, “ലാസറേ, പുറത്ത് വരൂ”+ എന്ന് ഉറക്കെ പറഞ്ഞു. 44 മരിച്ചയാൾ പുറത്ത് വന്നു. അയാളുടെ കൈകാലുകൾ തുണികൊണ്ട് ചുറ്റിയിരുന്നു. മുഖം ഒരു തുണികൊണ്ട് മൂടിയിരുന്നു. യേശു അവരോടു പറഞ്ഞു: “അവന്റെ കെട്ട് അഴിക്കൂ. അവൻ പോകട്ടെ.”
45 മറിയയുടെ അടുത്ത് വന്ന ജൂതന്മാരിൽ പലരും ഇതെല്ലാം കണ്ട് യേശുവിൽ വിശ്വസിച്ചു.+ 46 എന്നാൽ അവരിൽ ചിലർ പരീശന്മാരുടെ അടുത്ത് ചെന്ന് യേശു ചെയ്തത് അവരെ അറിയിച്ചു. 47 അതുകൊണ്ട് മുഖ്യപുരോഹിതന്മാരും പരീശന്മാരും സൻഹെദ്രിൻ വിളിച്ചുകൂട്ടി. അവർ പറഞ്ഞു: “നമ്മൾ ഇനി എന്തു ചെയ്യും? ഈ മനുഷ്യൻ ധാരാളം അടയാളങ്ങൾ കാണിക്കുന്നല്ലോ.+ 48 ഇവനെ ഇങ്ങനെ വിട്ടാൽ എല്ലാവരും അവനിൽ വിശ്വസിക്കും. റോമാക്കാർ വന്ന് നമ്മുടെ സ്ഥലം കൈയടക്കും, നമ്മുടെ ജനതയെയും പിടിച്ചടക്കും.” 49 അവരിലൊരാളും ആ വർഷത്തെ മഹാപുരോഹിതനും ആയ കയ്യഫ+ അപ്പോൾ അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ. 50 ഈ ജനത ഒന്നടങ്കം നശിക്കുന്നതിനെക്കാൾ അവർക്കെല്ലാംവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നതാണു നല്ലതെന്നു നിങ്ങൾ എന്താ ചിന്തിക്കാത്തത്?”+ 51 ഇതു കയ്യഫ സ്വന്തമായി പറഞ്ഞതല്ലായിരുന്നു. കയ്യഫ ആ വർഷത്തെ മഹാപുരോഹിതനായിരുന്നതുകൊണ്ട്, യേശു ആ ജനതയ്ക്കുവേണ്ടിയും, 52 ജനതയ്ക്കുവേണ്ടി മാത്രമല്ല, ചിതറിക്കിടക്കുന്ന ദൈവമക്കളെ ഒന്നായി കൂട്ടിച്ചേർക്കാൻവേണ്ടിയും+ മരിക്കേണ്ടതാണെന്നു പ്രവചിക്കുകയായിരുന്നു. 53 അന്നുമുതൽ അവർ യേശുവിനെ കൊല്ലാൻ ഗൂഢാലോചന തുടങ്ങി.+
54 അതുകൊണ്ട് യേശു പിന്നെ ജൂതന്മാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതായി. യേശു അവിടം വിട്ട് വിജനഭൂമിക്കരികെയുള്ള എഫ്രയീം+ എന്ന നഗരത്തിൽ ചെന്ന്+ ശിഷ്യന്മാരുടെകൂടെ അവിടെ താമസിച്ചു. 55 ജൂതന്മാരുടെ പെസഹാപ്പെരുന്നാൾ+ അടുത്തിരുന്നു. പെസഹയ്ക്കുമുമ്പ് ആചാരപ്രകാരമുള്ള ശുദ്ധീകരണം നടത്താൻ നാട്ടിൻപുറങ്ങളിൽ താമസിക്കുന്ന ധാരാളം ആളുകൾ യരുശലേമിലേക്കു പോയി. 56 അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. “നിങ്ങൾക്ക് എന്തു തോന്നുന്നു? യേശു ഉത്സവത്തിനു വരാതിരിക്കുമോ” എന്ന് അവർ ദേവാലയത്തിൽവെച്ച് പരസ്പരം ചോദിക്കുന്നുണ്ടായിരുന്നു. 57 എന്നാൽ യേശു എവിടെയുണ്ടെന്ന് ആർക്കെങ്കിലും വിവരം കിട്ടിയാൽ അത് അറിയിക്കണമെന്നു മുഖ്യപുരോഹിതന്മാരും പരീശന്മാരും ഉത്തരവിട്ടിരുന്നു. യേശുവിനെ പിടിക്കാനായിരുന്നു* അവരുടെ പദ്ധതി.