ലൂക്കോസ് എഴുതിയത്
12 ഇതിനിടെ, അനേകായിരങ്ങൾ അവിടെ തിങ്ങിക്കൂടി. കാലു കുത്താൻപോലും ഇടമില്ലായിരുന്നു. യേശു ആദ്യം ശിഷ്യന്മാരോടായി ഇങ്ങനെ പറഞ്ഞുതുടങ്ങി: “പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം.+ 2 എന്നാൽ മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത് വരാതിരിക്കുകയുമില്ല.+ 3 നിങ്ങൾ ഇരുട്ടത്ത് പറയുന്നതു വെളിച്ചത്ത് കേൾക്കും. നിങ്ങൾ മുറിക്കുള്ളിൽ ഇരുന്ന് മന്ത്രിക്കുന്നതു പുരമുകളിൽനിന്ന് വിളിച്ചുപറയും. 4 സ്നേഹിതരേ,+ ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ കൊല്ലുന്നവരെ നിങ്ങൾ പേടിക്കേണ്ടാ. അവർക്ക് അതു മാത്രമല്ലേ ചെയ്യാൻ കഴിയൂ.+ 5 എന്നാൽ ആരെ പേടിക്കണമെന്നു ഞാൻ പറഞ്ഞുതരാം: കൊന്നിട്ട് ഗീഹെന്നയിൽ* എറിയാൻ അധികാരമുള്ളവനെയാണു പേടിക്കേണ്ടത്.+ അതെ, ഞാൻ പറയുന്നു, ആ വ്യക്തിയെയാണു നിങ്ങൾ പേടിക്കേണ്ടത്.+ 6 നിസ്സാരവിലയുള്ള രണ്ടു നാണയത്തുട്ടിനല്ലേ* അഞ്ചു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല.*+ 7 എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.+ അതുകൊണ്ട് പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!+
8 “ഞാൻ നിങ്ങളോടു പറയുന്നു: മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും+ ദൈവദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും അംഗീകരിക്കും.+ 9 മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ ദൈവദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും തള്ളിപ്പറയും.+ 10 മനുഷ്യപുത്രന് എതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് അവനോടു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നവനോട് അക്കാര്യം ക്ഷമിക്കില്ല.+ 11 അവർ നിങ്ങളെ പൊതുസദസ്സിന്റെയോ* ഭരണാധികാരികളുടെയോ മറ്റ് ഏതെങ്കിലും അധികാരികളുടെയോ മുമ്പാകെ ഹാജരാക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നൊക്കെ ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ.+ 12 എന്തു പറയണമെന്നു പരിശുദ്ധാത്മാവ് ആ സമയത്ത് നിങ്ങളെ പഠിപ്പിക്കും.”+
13 അപ്പോൾ ജനക്കൂട്ടത്തിൽനിന്ന് ഒരാൾ യേശുവിനോട്, “ഗുരുവേ, പിതൃസ്വത്തു വീതിച്ച് എന്റെ പങ്കു തരാൻ അങ്ങ് എന്റെ സഹോദരനോടു പറയണം” എന്നു പറഞ്ഞു. 14 യേശു അയാളോട്, “മനുഷ്യാ, നിങ്ങൾ രണ്ടു പേരും ഉൾപ്പെട്ട പ്രശ്നത്തിൽ എന്നെ ആരെങ്കിലും ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചിട്ടുണ്ടോ” എന്നു ചോദിച്ചു. 15 പിന്നെ യേശു അവരോടു പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുക. എല്ലാ തരം അത്യാഗ്രഹത്തിനും* എതിരെ ജാഗ്രത വേണം.+ ഒരാൾക്ക് എത്ര സമ്പത്തുണ്ടെങ്കിലും അതൊന്നുമല്ല അയാൾക്കു ജീവൻ നേടിക്കൊടുക്കുന്നത്.”+ 16 എന്നിട്ട് യേശു അവരോട് ഒരു ദൃഷ്ടാന്തവും പറഞ്ഞു: “ധനികനായ ഒരാളുടെ ഭൂമി നല്ല വിളവ് നൽകി. 17 അപ്പോൾ അയാൾ, ‘ഞാൻ എന്തു ചെയ്യും, വിളവ് ശേഖരിച്ചുവെക്കാൻ എനിക്കു സ്ഥലം പോരല്ലോ’ എന്നു ചിന്തിച്ചു. 18 അയാൾ പറഞ്ഞു: ‘ഞാൻ ഇങ്ങനെ ചെയ്യും:+ എന്റെ സംഭരണശാലകൾ പൊളിച്ച് കൂടുതൽ വലിയവ പണിയും. എന്റെ ധാന്യവും എനിക്കുള്ളതൊക്കെയും ഞാൻ അവിടെ സംഭരിച്ചുവെക്കും. 19 എന്നിട്ട് എന്നോടുതന്നെ ഇങ്ങനെ പറയും: “അനേകവർഷത്തേക്കു വേണ്ടതെല്ലാം നീ സ്വരുക്കൂട്ടിയിരിക്കുന്നു. ഇനി വിശ്രമിച്ചുകൊള്ളുക. തിന്നുക, കുടിക്കുക, ആനന്ദിക്കുക.”’ 20 എന്നാൽ ദൈവം അയാളോടു പറഞ്ഞു: ‘മൂഢാ, ഇന്നു രാത്രി അവർ നിന്റെ ജീവൻ നിന്നോടു ചോദിക്കും. പിന്നെ നീ ഈ സമ്പാദിച്ചുവെച്ചതൊക്കെ ആര് അനുഭവിക്കാനാണ്?’+ 21 തനിക്കുവേണ്ടി സമ്പത്തു സ്വരൂപിക്കുകയും എന്നാൽ ദൈവമുമ്പാകെ സമ്പന്നനാകാതിരിക്കുകയും ചെയ്യുന്നവന്റെ കാര്യവും ഇങ്ങനെതന്നെയാകും.”+
22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും എന്ന് ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും ഇനി ഉത്കണ്ഠപ്പെടരുത്.+ 23 ആഹാരത്തെക്കാൾ ജീവനും വസ്ത്രത്തെക്കാൾ ശരീരവും എത്ര വിലയേറിയതാണ്! 24 കാക്കയുടെ കാര്യംതന്നെ എടുക്കുക: അതു വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, അതിനു പത്തായപ്പുരയോ സംഭരണശാലയോ ഇല്ല. എന്നിട്ടും ദൈവം അതിനെ പോറ്റുന്നു.+ പക്ഷികളെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ?+ 25 ഉത്കണ്ഠപ്പെടുന്നതിലൂടെ ആയുസ്സിനോട് ഒരു മുഴമെങ്കിലും* കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ? 26 ഈ ചെറിയൊരു കാര്യംപോലും ചെയ്യാൻ കഴിയില്ലെങ്കിൽപ്പിന്നെ മറ്റു കാര്യങ്ങൾ ഓർത്ത് നിങ്ങൾ എന്തിന് ഉത്കണ്ഠപ്പെടണം?+ 27 ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്നു നോക്കുക. അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല.+ 28 ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം! 29 അതുകൊണ്ട് എന്തു കഴിക്കും, എന്തു കുടിക്കും എന്ന് അന്വേഷിക്കുന്നതു മതിയാക്കുക. ഉത്കണ്ഠപ്പെടുന്നതും ഒഴിവാക്കുക.+ 30 ലോകത്തെ ജനതകളാണ് ഇത്തരം കാര്യങ്ങൾക്കു പിന്നാലെ വേവലാതിയോടെ പരക്കംപായുന്നത്. പക്ഷേ ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ പിതാവിന് അറിയാമല്ലോ.+ 31 അതുകൊണ്ട് ദൈവരാജ്യം അന്വേഷിച്ചുകൊണ്ടിരിക്കുക. അപ്പോൾ ഇപ്പറഞ്ഞതെല്ലാം നിങ്ങൾക്കു കിട്ടും.+
32 “ചെറിയ ആട്ടിൻകൂട്ടമേ, പേടിക്കേണ്ടാ.+ രാജ്യം നിങ്ങൾക്കു തരാൻ നിങ്ങളുടെ പിതാവ് തീരുമാനിച്ചിരിക്കുന്നു.+ 33 നിങ്ങൾക്കുള്ളതു വിറ്റ് ദാനം ചെയ്യുക.*+ നശിച്ചുപോകാത്ത പണസ്സഞ്ചി ഉണ്ടാക്കിക്കൊള്ളുക. അതെ, ഒരിക്കലും തീർന്നുപോകാത്ത നിക്ഷേപം സ്വർഗത്തിൽ സ്വരൂപിക്കുക.+ അവിടെ കള്ളൻ കയറുകയോ കീടങ്ങൾ നാശം വരുത്തുകയോ ഇല്ലല്ലോ. 34 നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
35 “നിങ്ങൾ വസ്ത്രം ധരിച്ച് തയ്യാറായിരിക്കുക.*+ നിങ്ങളുടെ വിളക്ക് എപ്പോഴും കത്തിനിൽക്കട്ടെ.+ 36 വിവാഹത്തിനു പോയിട്ട് മടങ്ങിവരുന്ന യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്നവരെപ്പോലെയായിരിക്കണം നിങ്ങൾ.+ 37 യജമാനൻ വരുമ്പോൾ ഉണർന്നിരിക്കുന്നതായി കാണുന്ന ദാസന്മാർക്കു സന്തോഷിക്കാം. അയാൾ അവരെ മേശയ്ക്കൽ ഭക്ഷണത്തിന് ഇരുത്തുകയും വസ്ത്രം മാറി* അരികെ നിന്ന് വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്യും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 38 ഇനി അയാൾ വരുന്നതു രണ്ടാം യാമത്തിലോ* മൂന്നാം യാമത്തിലോ* ആയാലും അവർ തയ്യാറായിനിൽക്കുന്നെങ്കിൽ അവർക്കു സന്തോഷിക്കാം. 39 ഇത് ഓർക്കുക: കള്ളൻ വരുന്ന സമയം വീട്ടുകാരന് അറിയാമായിരുന്നെങ്കിൽ കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ അയാൾ നോക്കില്ലായിരുന്നോ?+ 40 മനുഷ്യപുത്രൻ വരുന്നതും നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും. അതുകൊണ്ട് നിങ്ങൾ ഒരുങ്ങിയിരിക്കണം.”+
41 അപ്പോൾ പത്രോസ് ചോദിച്ചു: “കർത്താവേ, അങ്ങ് ഈ ദൃഷ്ടാന്തം പറയുന്നതു ഞങ്ങൾക്കുവേണ്ടി മാത്രമോ? അതോ എല്ലാവർക്കുംവേണ്ടിയോ?” 42 അപ്പോൾ കർത്താവ് പറഞ്ഞു: “തന്റെ പരിചാരകഗണത്തിനു* തക്കസമയത്ത് മുടങ്ങാതെ ആഹാരവിഹിതം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിക്കുന്ന വിശ്വസ്തനും വിവേകിയും* ആയ കാര്യസ്ഥൻ* ആരാണ്?+ 43 ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്ക്കു സന്തോഷിക്കാം. 44 യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 45 എന്നാൽ ആ അടിമ എന്നെങ്കിലും, ‘എന്റെ യജമാനൻ വരാൻ വൈകുന്നു’ എന്നു ഹൃദയത്തിൽ പറഞ്ഞ് ദാസന്മാരെയും ദാസിമാരെയും അടിക്കാനും തിന്നുകുടിച്ച് മത്തനാകാനും തുടങ്ങുന്നെങ്കിൽ+ 46 അയാൾ പ്രതീക്ഷിക്കാത്ത ദിവസം, അയാൾക്ക് അറിയില്ലാത്ത സമയത്ത് യജമാനൻ വന്ന് അയാളെ കഠിനമായി ശിക്ഷിച്ച് വിശ്വസ്തരല്ലാത്തവരുടെ കൂട്ടത്തിലേക്കു തള്ളും. 47 യജമാനന്റെ ഇഷ്ടം മനസ്സിലാക്കിയിട്ടും ഒരുങ്ങിയിരിക്കാതെയും അദ്ദേഹം ആവശ്യപ്പെട്ടതു ചെയ്യാതെയും* ഇരുന്ന ആ അടിമ ഒരുപാട് അടികൊള്ളും.+ 48 എന്നാൽ അടി കിട്ടേണ്ട കാര്യമാണു ചെയ്തതെങ്കിലും കാര്യം മനസ്സിലാകാഞ്ഞിട്ടാണ് അങ്ങനെ ചെയ്തതെങ്കിൽ അവനു കുറച്ച് അടിയേ കിട്ടൂ. ഏറെ കൊടുത്തവനോട് ഏറെ ആവശ്യപ്പെടും. അധികം ഏൽപ്പിച്ചവനോട് അധികം ചോദിക്കും.+
49 “ഭൂമിയിൽ ഒരു തീ കൊളുത്താനാണു ഞാൻ വന്നത്. അതു കൊളുത്തിക്കഴിഞ്ഞ സ്ഥിതിക്കു ഞാൻ കൂടുതലായി എന്ത് ആഗ്രഹിക്കാനാണ്? 50 എനിക്ക് ഒരു സ്നാനം ഏൽക്കേണ്ടതുണ്ട്. അതു കഴിയുന്നതുവരെ ഞാൻ ആകെ അസ്വസ്ഥനാണ്.+ 51 ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ നിങ്ങൾ കരുതുന്നത്? അല്ല, ഭിന്നത വരുത്താനാണ് എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 52 ഇനിമുതൽ ഒരു വീട്ടിലുള്ള അഞ്ചു പേരിൽ, രണ്ടു പേർക്കെതിരെ മൂന്നു പേരും മൂന്നു പേർക്കെതിരെ രണ്ടു പേരും തിരിയും. അങ്ങനെ അവർക്കിടയിൽ ഭിന്നിപ്പുണ്ടാകും. 53 അപ്പൻ മകനോടും മകൻ അപ്പനോടും, അമ്മ മകളോടും മകൾ അമ്മയോടും, അമ്മായിയമ്മ മരുമകളോടും മരുമകൾ അമ്മായിയമ്മയോടും ഭിന്നിച്ചിരിക്കും.”+
54 പിന്നെ യേശു ജനക്കൂട്ടത്തോടു പറഞ്ഞു: “പടിഞ്ഞാറുനിന്ന് ഒരു മേഘം ഉയരുന്നതു കാണുന്ന ഉടനെ, ‘ശക്തമായ കാറ്റും മഴയും വരുന്നു’ എന്നു നിങ്ങൾ പറയും. അങ്ങനെ സംഭവിക്കുകയും ചെയ്യും. 55 ഒരു തെക്കൻ കാറ്റു വീശുന്നതു കാണുമ്പോൾ ‘കടുത്ത ചൂടുണ്ടാകും’ എന്നു നിങ്ങൾ പറയുന്നു. അതും സംഭവിക്കുന്നു. 56 കപടഭക്തരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവമാറ്റങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നുണ്ട്. എന്നാൽ ഈ കാലത്തെ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയാത്തത് എന്താണ്?+ 57 നീതിയായത് എന്തെന്നു നിങ്ങൾ സ്വയം വിവേചിച്ചെടുക്കാത്തത് എന്താണ്? 58 ഉദാഹരണത്തിന്, നിനക്ക് എതിരെ കേസ് കൊടുത്ത ആളിന്റെകൂടെ അധികാരിയുടെ അടുത്തേക്കു പോകുമ്പോൾ വഴിയിൽവെച്ചുതന്നെ അയാളുമായുള്ള പ്രശ്നം പരിഹരിക്കുക. അങ്ങനെ ചെയ്തില്ലെങ്കിൽ അയാൾ നിന്നെ ന്യായാധിപന്റെ മുന്നിൽ ഹാജരാക്കും. ന്യായാധിപൻ നിന്നെ സേവകനെ ഏൽപ്പിക്കും. സേവകൻ നിന്നെ ജയിലിൽ അടയ്ക്കുകയും ചെയ്യും.+ 59 അവസാനത്തെ ചില്ലിക്കാശും* കൊടുത്തുതീർത്താലേ നിനക്ക് അവിടെനിന്ന് പുറത്ത് ഇറങ്ങാനാകൂ എന്നു ഞാൻ പറയുന്നു.”