മർക്കൊസ് എഴുതിയത്
6 യേശു അവിടെനിന്ന് സ്വന്തം നാട്ടിലെത്തി.+ ശിഷ്യന്മാരും കൂടെയുണ്ടായിരുന്നു. 2 ശബത്തിൽ യേശു സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി. കേൾവിക്കാരിൽ പലരും ആശ്ചര്യത്തോടെ പറഞ്ഞു: “ഈ മനുഷ്യൻ ഇതെല്ലാം എവിടെനിന്ന് പഠിച്ചു?+ ഈ ജ്ഞാനമെല്ലാം ഇയാൾക്ക് എങ്ങനെയാണ് കിട്ടിയത്? എങ്ങനെയാണ് ഈ അത്ഭുതങ്ങളൊക്കെ ചെയ്യാൻ പറ്റുന്നത്?+ 3 ഇയാൾ ഒരു മരപ്പണിക്കാരനല്ലേ?+ ആ മറിയയുടെ മകൻ?+ യാക്കോബും+ യോസേഫും യൂദാസും ശിമോനും ഇയാളുടെ സഹോദരന്മാരല്ലേ?+ ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മുടെകൂടെയില്ലേ?” ഇങ്ങനെ പറഞ്ഞ് അവർ യേശുവിൽ വിശ്വസിക്കാതിരുന്നു.* 4 എന്നാൽ യേശു അവരോട്, “ഒരു പ്രവാചകനെ സ്വന്തം നാട്ടുകാരും വീട്ടുകാരും ബന്ധുക്കളും മാത്രമേ ആദരിക്കാതിരിക്കൂ” എന്നു പറഞ്ഞു.+ 5 ഏതാനും രോഗികളുടെ മേൽ കൈകൾ വെച്ച് അവരെ സുഖപ്പെടുത്തിയതല്ലാതെ മറ്റ് അത്ഭുതങ്ങളൊന്നും അവിടെവെച്ച് ചെയ്യാൻ യേശുവിനു കഴിഞ്ഞില്ല. 6 അവർക്കു വിശ്വാസമില്ലാത്തതു കണ്ട് യേശുവിന് അതിശയം തോന്നി. യേശു അടുത്തുള്ള ഗ്രാമങ്ങളിൽ ചുറ്റിസഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു.+
7 പിന്നെ യേശു ആ പന്ത്രണ്ടു പേരെ* അടുത്ത് വിളിച്ച് ഈരണ്ടായി അയച്ചുതുടങ്ങി.+ അവർക്ക് അശുദ്ധാത്മാക്കളുടെ* മേൽ അധികാരവും കൊടുത്തു.+ 8 യാത്രയ്ക്ക് ഒരു വടിയല്ലാതെ അപ്പമോ ഭക്ഷണസഞ്ചിയോ അരയിലെ പണസ്സഞ്ചിയിൽ+ പണമോ* ഒന്നും എടുക്കരുത് എന്ന് യേശു അവരോടു കല്പിച്ചു. 9 ചെരിപ്പു ധരിക്കാം; എന്നാൽ രണ്ടു വസ്ത്രമരുത് എന്നും അവർക്കു കല്പന കൊടുത്തു. 10 തുടർന്ന് യേശു അവരോടു പറഞ്ഞു: “നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആ സ്ഥലം വിട്ട് പോകുന്നതുവരെ ആ വീട്ടിൽ താമസിക്കുക.+ 11 എവിടെയെങ്കിലും ആളുകൾ നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ അവിടെനിന്ന് പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.+ അത് അവർക്ക് ഒരു തെളിവാകട്ടെ.” 12 അങ്ങനെ അവർ പോയി ആളുകൾ മാനസാന്തരപ്പെടണമെന്നു പ്രസംഗിച്ചു.+ 13 അവർ ധാരാളം ഭൂതങ്ങളെ പുറത്താക്കി.+ അനേകം രോഗികളെ എണ്ണ പൂശി സുഖപ്പെടുത്തി.
14 ഹെരോദ് രാജാവ്+ ഇതെക്കുറിച്ച് കേൾക്കാനിടയായി. കാരണം യേശുവിന്റെ പേര് പ്രസിദ്ധമായിത്തീർന്നിരുന്നു. ജനം ഇങ്ങനെ പറയുന്നുമുണ്ടായിരുന്നു: “യോഹന്നാൻ സ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് അയാൾക്ക് ഈ അത്ഭുതങ്ങൾ ചെയ്യാനാകുന്നത്.”+ 15 എന്നാൽ ചിലർ, “ഇത് ഏലിയയാണ് ” എന്നും വേറെ ചിലർ, “പണ്ടത്തെ പ്രവാചകന്മാരെപ്പോലുള്ള ഒരു പ്രവാചകനാണ് ” എന്നും പറയുന്നുണ്ടായിരുന്നു.+ 16 ഇതു കേട്ട ഹെരോദാകട്ടെ, “ഞാൻ തല വെട്ടിക്കൊന്ന യോഹന്നാൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു. 17 ഈ ഹെരോദാണു യോഹന്നാനെ പിടിച്ച് ജയിലിൽ അടയ്ക്കാൻ കല്പന കൊടുത്തത്. തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ കാരണമാണു രാജാവ് അതു ചെയ്തത്. ഹെരോദ് ഹെരോദ്യയെ വിവാഹം ചെയ്തിരുന്നു.+ 18 “സഹോദരന്റെ ഭാര്യയെ രാജാവ് ഭാര്യയാക്കിവെക്കുന്നതു ശരിയല്ല”*+ എന്നു യോഹന്നാൻ അദ്ദേഹത്തോടു പലവട്ടം പറഞ്ഞിരുന്നു. 19 അതുകൊണ്ട് ഹെരോദ്യക്ക് യോഹന്നാനോടു കടുത്ത പകയുണ്ടായിരുന്നു. യോഹന്നാനെ കൊന്നുകളയാൻ ആഗ്രഹിച്ചെങ്കിലും ഹെരോദ്യക്ക് അതിനു സാധിച്ചിരുന്നില്ല. 20 യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന്+ അറിയാമായിരുന്നതുകൊണ്ട് ഹെരോദിനു യോഹന്നാനെ ഭയമായിരുന്നു. അതുകൊണ്ട് അദ്ദേഹം യോഹന്നാനെ സംരക്ഷിച്ചു. യോഹന്നാന്റെ വാക്കുകൾ ഹെരോദിനെ ചിന്താക്കുഴപ്പത്തിലാക്കിയിരുന്നെങ്കിലും യോഹന്നാൻ പറയുന്നതു രാജാവ് താത്പര്യത്തോടെ കേൾക്കാറുണ്ടായിരുന്നു.
21 അങ്ങനെയിരിക്കെ, ജന്മദിനത്തിൽ+ ഹെരോദ് തന്റെ ഉന്നതോദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കും വേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കി.+ അന്നു ഹെരോദ്യക്ക് ഒരു അവസരം ഒത്തുകിട്ടി. 22 ഹെരോദ്യയുടെ മകൾ അകത്ത് വന്ന് നൃത്തം ചെയ്ത് ഹെരോദിനെയും വിരുന്നിന് ഇരുന്നവരെയും സന്തോഷിപ്പിച്ചു. രാജാവ് പെൺകുട്ടിയോടു പറഞ്ഞു: “ആഗ്രഹിക്കുന്നത് എന്തും ചോദിച്ചുകൊള്ളൂ, ഞാൻ തരാം.” 23 “നീ എന്തു ചോദിച്ചാലും, അതു രാജ്യത്തിന്റെ പകുതിയായാലും, ഞാൻ തരും” എന്നു രാജാവ് സത്യം ചെയ്തു. 24 അവൾ പോയി അമ്മയോട്, “ഞാൻ എന്തു ചോദിക്കണം” എന്നു ചോദിച്ചു. “യോഹന്നാൻ സ്നാപകന്റെ തല ചോദിക്ക് ” എന്നു ഹെരോദ്യ പറഞ്ഞു. 25 ഉടനെ അവൾ ഓടി രാജാവിന്റെ അടുത്ത് ചെന്ന്, “ഇപ്പോൾത്തന്നെ സ്നാപകയോഹന്നാന്റെ തല ഒരു തളികയിൽ എനിക്കു തരണം” എന്നു പറഞ്ഞു.+ 26 രാജാവിനു വലിയ സങ്കടം തോന്നിയെങ്കിലും വിരുന്നുകാരുടെ മുന്നിൽവെച്ച് ആണയിട്ടുപോയതുകൊണ്ട് അവളുടെ അപേക്ഷ തള്ളിക്കളയാൻ കഴിഞ്ഞില്ല. 27 അതുകൊണ്ട് രാജാവ് ഉടൻതന്നെ ഒരു അംഗരക്ഷകനെ അയച്ച് യോഹന്നാന്റെ തല കൊണ്ടുവരാൻ കല്പിച്ചു. അയാൾ ജയിലിൽ ചെന്ന് യോഹന്നാന്റെ തല വെട്ടി 28 അത് ഒരു തളികയിൽ വെച്ച് കൊണ്ടുവന്നു. പെൺകുട്ടി അതു വാങ്ങി അമ്മയ്ക്കു കൊണ്ടുപോയി കൊടുത്തു. 29 ഈ വാർത്ത അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാർ വന്ന് ശരീരം എടുത്തുകൊണ്ടുപോയി ഒരു കല്ലറയിൽ അടക്കം ചെയ്തു.
30 അപ്പോസ്തലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി അവർ ചെയ്തതും പഠിപ്പിച്ചതും എല്ലാം യേശുവിനോടു വിവരിച്ചു.+ 31 നിരവധി ആളുകൾ വരുകയും പോകുകയും ചെയ്തിരുന്നതുകൊണ്ട് ഭക്ഷണം കഴിക്കാൻപോലും അവർക്കു സമയം കിട്ടിയിരുന്നില്ല.+ അതുകൊണ്ട് യേശു അവരോട്, “വരൂ, നമുക്കു മാത്രമായി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം”+ എന്നു പറഞ്ഞു. 32 അങ്ങനെ, അവർ വള്ളത്തിൽ കയറി ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.+ 33 എന്നാൽ അവർ പോകുന്നത് ആളുകൾ കണ്ടു. പലരും അത് അറിഞ്ഞു. അങ്ങനെ എല്ലാ നഗരങ്ങളിൽനിന്നും ജനം ഓടി അവർക്കു മുമ്പേ അവിടെ എത്തി. 34 യേശു കരയ്ക്കിറങ്ങിയപ്പോൾ വലിയൊരു ജനക്കൂട്ടത്തെ കണ്ടു. അവർ ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നതുകൊണ്ട്+ യേശുവിന് അവരോട് അലിവ് തോന്നി,+ അവരെ പലതും പഠിപ്പിച്ചു.+
35 നേരം വൈകിയപ്പോൾ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഇതൊരു ഒറ്റപ്പെട്ട സ്ഥലമല്ലേ? നേരവും വൈകി.+ 36 ജനത്തെ പറഞ്ഞയയ്ക്കൂ. അവർ അടുത്തുള്ള നാട്ടിൻപുറങ്ങളിലും ഗ്രാമങ്ങളിലും ചെന്ന് എന്തെങ്കിലും വാങ്ങി കഴിക്കട്ടെ.”+ 37 മറുപടിയായി യേശു, “നിങ്ങൾ അവർക്ക് വല്ലതും കഴിക്കാൻ കൊടുക്ക് ” എന്നു പറഞ്ഞു. അപ്പോൾ അവർ, “ഞങ്ങൾ പോയി 200 ദിനാറെക്ക് അപ്പം വാങ്ങി ജനത്തിനു കൊടുക്കണോ” എന്നു ചോദിച്ചു.+ 38 യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ കൈയിൽ എത്ര അപ്പമുണ്ട്? ചെന്ന് നോക്കൂ.” അവർ നോക്കിയിട്ട് യേശുവിനോടു പറഞ്ഞു: “അഞ്ചെണ്ണം, രണ്ടു മീനുമുണ്ട്.”+ 39 പിന്നെ യേശു എല്ലാവരോടും പുൽപ്പുറത്ത് കൂട്ടംകൂട്ടമായി ഇരിക്കാൻ പറഞ്ഞു.+ 40 അവർ 100-ഉം 50-ഉം പേരുള്ള കൂട്ടങ്ങളായി ഇരുന്നു. 41 പിന്നെ യേശു ആ അഞ്ച് അപ്പവും രണ്ടു മീനും എടുത്ത് ആകാശത്തേക്കു നോക്കി പ്രാർഥിച്ചു.+ എന്നിട്ട് അപ്പം നുറുക്കി, ശിഷ്യന്മാരെ വിളമ്പാൻ ഏൽപ്പിച്ചു. ആ രണ്ടു മീനും യേശു എല്ലാവർക്കും പങ്കിട്ടുകൊടുത്തു. 42 അങ്ങനെ ജനം മുഴുവൻ തിന്ന് തൃപ്തരായി. 43 ബാക്കിവന്ന കഷണങ്ങൾ അവർ ശേഖരിച്ചു. അത് 12 കൊട്ട നിറയെയുണ്ടായിരുന്നു. മീനും ബാക്കിവന്നു.+ 44 അപ്പം കഴിച്ച പുരുഷന്മാർ 5,000 പേരുണ്ടായിരുന്നു.
45 പെട്ടെന്നുതന്നെ, ശിഷ്യന്മാരെ വള്ളത്തിൽ കയറ്റി ബേത്ത്സയിദ വഴി തനിക്കു മുമ്പേ അക്കരയ്ക്കു പറഞ്ഞുവിട്ടിട്ട് യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചു.+ 46 എല്ലാവരും പോയിക്കഴിഞ്ഞപ്പോൾ യേശു പ്രാർഥിക്കാൻവേണ്ടി ഒരു മലയിലേക്കു പോയി.+ 47 സന്ധ്യയായപ്പോഴേക്കും വള്ളം നടുക്കടലിൽ എത്തി. യേശുവോ തനിച്ച് കരയിലായിരുന്നു.+ 48 കാറ്റു പ്രതികൂലമായിരുന്നതിനാൽ അവർ വള്ളം തുഴയാൻ പാടുപെടുന്നതു കണ്ട് യേശു രാത്രിയുടെ നാലാം യാമത്തോടെ കടലിനു മുകളിലൂടെ നടന്ന് അവരുടെ നേരെ ചെന്നു. പക്ഷേ യേശു അവരെ കടന്നുപോകുന്നതായി ഭാവിച്ചു. 49 യേശു കടലിനു മുകളിലൂടെ നടക്കുന്നതു കണ്ട് ശിഷ്യന്മാർ, “അയ്യോ! എന്തോ ഒരു രൂപം!”+ എന്നു പറഞ്ഞ് ഉറക്കെ നിലവിളിച്ചു. 50 അവർ എല്ലാവരും ആ കാഴ്ച കണ്ട് പരിഭ്രമിച്ചുപോയി. എന്നാൽ ഉടനെ യേശു അവരോടു സംസാരിച്ചു: “എന്തിനാ പേടിക്കുന്നത്? ഇതു ഞാനാണ്. ധൈര്യമായിരിക്ക്.”+ 51 യേശു വള്ളത്തിൽ കയറി. കാറ്റു നിലച്ചു.+ ഇതു കണ്ട് അവർ ആകെ അമ്പരന്നുപോയി. 52 കാരണം അത്ഭുതകരമായി അപ്പം നൽകിയ സംഭവത്തിൽനിന്ന് ഗ്രഹിക്കേണ്ടത് അവർ ഗ്രഹിച്ചിരുന്നില്ല. ഗ്രഹിക്കുന്ന കാര്യത്തിൽ അവരുടെ ഹൃദയം അപ്പോഴും മാന്ദ്യമുള്ളതായിരുന്നു.
53 അവർ അക്കരെ ഗന്നേസരെത്തിൽ എത്തി വള്ളം തീരത്തോടു ചേർത്ത് നങ്കൂരമിട്ട് നിറുത്തി.+ 54 അവർ വള്ളത്തിൽനിന്ന് ഇറങ്ങിയപ്പോൾത്തന്നെ ആളുകൾ യേശുവിനെ തിരിച്ചറിഞ്ഞു. 55 അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് അത് അറിയിച്ചു. ആളുകൾ രോഗികളെ കിടക്കയോടെ എടുത്തുകൊണ്ട്, യേശുവുണ്ടെന്നു കേട്ടിടത്തേക്കു വരാൻതുടങ്ങി. 56 യേശു ചെല്ലുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലും നാട്ടിൻപുറങ്ങളിലും ഒക്കെ ആളുകൾ രോഗികളെ കൊണ്ടുവന്ന് ചന്തസ്ഥലങ്ങളിൽ കിടത്തിയിട്ട് യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്തെങ്കിലും* തൊടാൻ അനുവദിക്കണമെന്നു യാചിക്കുമായിരുന്നു.+ അതിൽ തൊട്ടവരുടെയെല്ലാം രോഗം ഭേദമായി.*