പത്രോസ് എഴുതിയ ഒന്നാമത്തെ കത്ത്
5 അതുകൊണ്ട് ക്രിസ്തു അനുഭവിച്ച കഷ്ടതകളുടെ സാക്ഷിയും വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിനു+ പങ്കാളിയും ആയ ഞാൻ നിങ്ങൾക്കിടയിലെ മൂപ്പന്മാരോട് ഒരു സഹമൂപ്പനെന്ന* നിലയിൽ അപേക്ഷിക്കുന്നു:* 2 മേൽവിചാരകന്മാരായി സേവിച്ചുകൊണ്ട്* നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുക.+ നിർബന്ധത്താലല്ല ദൈവമുമ്പാകെ മനസ്സോടെയും,+ അന്യായമായി നേട്ടമുണ്ടാക്കാനുള്ള മോഹത്തോടെയല്ല,+ അതീവതാത്പര്യത്തോടെയും, 3 ദൈവത്തിന് അവകാശപ്പെട്ടവരുടെ മേൽ ആധിപത്യം നടത്തിക്കൊണ്ടല്ല,+ ആട്ടിൻപറ്റത്തിനു മാതൃകകളായിക്കൊണ്ടും അതു ചെയ്യുക.+ 4 അങ്ങനെയായാൽ, മുഖ്യയിടയൻ+ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾക്കു മഹത്ത്വത്തിന്റെ വാടാത്ത കിരീടം ലഭിക്കും.+
5 അതുപോലെ ചെറുപ്പക്കാരേ, പ്രായം കൂടിയ പുരുഷന്മാർക്കു* കീഴ്പെട്ടിരിക്കുക.+ താഴ്മ ധരിച്ച് വേണം നിങ്ങൾ അന്യോന്യം ഇടപെടാൻ. കാരണം ദൈവം അഹങ്കാരികളോട് എതിർത്തുനിൽക്കുന്നു; എന്നാൽ താഴ്മയുള്ളവരോട് അനർഹദയ കാട്ടുന്നു.+
6 അതുകൊണ്ട് ദൈവം തക്കസമയത്ത് നിങ്ങളെ ഉയർത്തണമെങ്കിൽ ദൈവത്തിന്റെ കരുത്തുറ്റ കൈയുടെ കീഴിൽ താഴ്മയോടിരിക്കുക.+ 7 ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട്+ നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും* ദൈവത്തിന്റെ മേൽ ഇടുക.+ 8 സുബോധമുള്ളവരായിരിക്കുക; ജാഗ്രതയോടിരിക്കുക!+ നിങ്ങളുടെ എതിരാളിയായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണം* എന്നു നോക്കി ചുറ്റിനടക്കുന്നു.+ 9 എന്നാൽ ലോകം മുഴുവനുള്ള നിങ്ങളുടെ സഹോദരസമൂഹവും ഇതുപോലുള്ള കഷ്ടതകൾ അനുഭവിക്കുന്നുണ്ടെന്ന് അറിഞ്ഞ് വിശ്വാസത്തിൽ ഉറച്ചുനിന്ന്+ പിശാചിനോട് എതിർത്തുനിൽക്കുക.+ 10 നിങ്ങൾ കുറച്ച് കാലം കഷ്ടത സഹിച്ചശേഷം, ക്രിസ്തുവിലൂടെ തന്റെ നിത്യമഹത്ത്വത്തിലേക്കു+ നിങ്ങളെ വിളിച്ച അനർഹദയയുടെ ദൈവം നിങ്ങളുടെ പരിശീലനം പൂർത്തീകരിക്കും. ദൈവം നിങ്ങളെ ബലപ്പെടുത്തുകയും+ ശക്തരാക്കുകയും+ ഉറപ്പിക്കുകയും ചെയ്യും. 11 ബലം എന്നെന്നേക്കും ദൈവത്തിനുള്ളത്. ആമേൻ.
12 ഇതാണു ദൈവത്തിന്റെ യഥാർഥമായ അനർഹദയ എന്ന് ഉറപ്പു തരാനും നിങ്ങളെ പ്രോത്സാഹിപ്പിക്കാനും വേണ്ടി, വിശ്വസ്തസഹോദരനായി ഞാൻ കരുതുന്ന സില്വാനൊസിന്റെ*+ സഹായത്തോടെ നിങ്ങൾക്കു ഞാൻ ചുരുക്കമായി എഴുതിയിരിക്കുന്നു. ഇതിൽ ഉറച്ചുനിൽക്കുക. 13 നിങ്ങളെപ്പോലെ തിരഞ്ഞെടുക്കപ്പെട്ട ബാബിലോണിലുള്ളവളും എന്റെ മകനായ മർക്കോസും+ നിങ്ങളെ സ്നേഹം അറിയിക്കുന്നു. 14 സ്നേഹചുംബനത്താൽ പരസ്പരം അഭിവാദനം ചെയ്യുക.
ക്രിസ്തുവിനോടു യോജിപ്പിലായ നിങ്ങൾക്ക് എല്ലാവർക്കും സമാധാനമുണ്ടായിരിക്കട്ടെ.