യോഹന്നാനു ലഭിച്ച വെളിപാട്
12 പിന്നെ സ്വർഗത്തിൽ വലിയൊരു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്ത്രീ;+ അവളുടെ കാൽക്കീഴിൽ ചന്ദ്രൻ; തലയിൽ 12 നക്ഷത്രങ്ങൾകൊണ്ടുള്ള കിരീടം. 2 അവൾ ഗർഭിണിയായിരുന്നു; പ്രസവവേദന സഹിക്കാനാകാതെ അവൾ നിലവിളിച്ചു.
3 സ്വർഗത്തിൽ മറ്റൊരു അടയാളവും കണ്ടു. അതാ, തീനിറമുള്ള വലിയൊരു ഭീകരസർപ്പം!+ അതിന് ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവും* ഉണ്ട്. 4 അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ+ മൂന്നിലൊന്നിനെ വാൽകൊണ്ട് വലിച്ചുകൂട്ടി ഭൂമിയിലേക്ക് എറിഞ്ഞു.+ ഗർഭിണിയായ സ്ത്രീ+ പ്രസവിക്കുന്ന ഉടനെ ആ കുഞ്ഞിനെ വിഴുങ്ങാൻവേണ്ടി ഭീകരസർപ്പം അവളുടെ മുന്നിൽ കാത്തുനിന്നു.
5 സ്ത്രീ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.+ അവൻ ജനതകളെയെല്ലാം ഇരുമ്പുകോൽകൊണ്ട് മേയ്ക്കും.+ പിറന്നുവീണ ഉടനെ കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി. 6 സ്ത്രീ വിജനഭൂമിയിലേക്ക്* ഓടിപ്പോയി. അവളെ 1,260 ദിവസം+ പോറ്റാൻ ദൈവം അവിടെ അവൾക്ക് ഒരു സ്ഥലം ഒരുക്കിയിരുന്നു.
7 സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും*+ മീഖായേലിന്റെ ദൂതന്മാരും ആ ഭീകരസർപ്പത്തോടു പോരാടി. തന്റെ ദൂതന്മാരോടൊപ്പം സർപ്പവും പോരാടി; 8 പക്ഷേ അവർ* തോറ്റുപോയി. അതോടെ സ്വർഗത്തിൽ അവർക്ക് അവരുടെ സ്ഥലം നഷ്ടപ്പെട്ടു. 9 ഈ വലിയ ഭീകരസർപ്പത്തെ,+ അതായത് ഭൂലോകത്തെ മുഴുവൻ വഴിതെറ്റിക്കുന്ന+ പിശാച്+ എന്നും സാത്താൻ+ എന്നും അറിയപ്പെടുന്ന ആ പഴയ പാമ്പിനെ,+ താഴെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു.+ അവനെയും അവന്റെകൂടെ അവന്റെ ദൂതന്മാരെയും താഴേക്ക് എറിഞ്ഞു. 10 അപ്പോൾ ആകാശത്ത്* ഒരു വലിയ ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:
“ഇപ്പോൾ നമ്മുടെ ദൈവത്തിന്റെ രക്ഷയും+ ശക്തിയും രാജ്യവും+ ദൈവത്തിന്റെ ക്രിസ്തുവിന്റെ ആധിപത്യവും വന്നിരിക്കുന്നു. കാരണം രാവും പകലും ദൈവമുമ്പാകെ നമ്മുടെ സഹോദരങ്ങളെ കുറ്റപ്പെടുത്തുന്ന ആരോപകനെ+ എറിഞ്ഞുകളഞ്ഞല്ലോ. 11 അവർ അവനെ കുഞ്ഞാടിന്റെ രക്തംകൊണ്ടും+ തങ്ങളുടെ സാക്ഷിമൊഴികൾകൊണ്ടും+ കീഴടക്കി.+ മരണത്തെ മുഖാമുഖം കണ്ടപ്പോഴും അവർ അവരുടെ പ്രാണനെ സ്നേഹിച്ചില്ല.+ 12 അതുകൊണ്ട് സ്വർഗമേ, അവിടെ വസിക്കുന്നവരേ, സന്തോഷിക്കുക! ഭൂമിക്കും സമുദ്രത്തിനും ഹാ, കഷ്ടം!+ തനിക്കു കുറച്ച് കാലമേ ബാക്കിയുള്ളൂ+ എന്ന് അറിഞ്ഞ് പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്കു വന്നിരിക്കുന്നു.”
13 തന്നെ ഭൂമിയിലേക്കു വലിച്ചെറിഞ്ഞെന്നു കണ്ടപ്പോൾ ആ ഭീകരസർപ്പം+ ആൺകുഞ്ഞിനെ പ്രസവിച്ച സ്ത്രീയെ ഉപദ്രവിച്ചു.+ 14 അപ്പോൾ സ്ത്രീക്കു വലിയ കഴുകന്റെ രണ്ടു ചിറകു ലഭിച്ചു.+ അങ്ങനെ വിജനഭൂമിയിൽ തന്റെ സ്ഥലത്തേക്കു പറന്നുപോകാൻ സ്ത്രീക്കു കഴിഞ്ഞു. അവിടെ അവളെ സർപ്പത്തിൽനിന്ന്+ അകലെ, ഒരു കാലവും ഇരുകാലവും അരക്കാലവും*+ പോറ്റിരക്ഷിച്ചു.
15 സ്ത്രീയെ മുക്കിക്കൊല്ലാൻ സർപ്പം വായിൽനിന്ന് നദിപോലെ അവളുടെ പിന്നാലെ വെള്ളം ചാടിച്ചു. 16 എന്നാൽ ഭൂമി സ്ത്രീയുടെ സഹായത്തിന് എത്തി. അതു വായ് തുറന്ന്, ഭീകരസർപ്പം വായിൽനിന്ന് ഒഴുക്കിയ നദി വിഴുങ്ങിക്കളഞ്ഞു. 17 അതുകൊണ്ട് ആ ഭീകരസർപ്പത്തിനു സ്ത്രീയോടു വല്ലാത്ത ദേഷ്യം തോന്നി. ദൈവകല്പനകൾ അനുസരിക്കുകയും യേശുവിനുവേണ്ടി സാക്ഷി പറയാൻ+ നിയമനം ലഭിക്കുകയും ചെയ്ത, സ്ത്രീയുടെ സന്തതിയിൽ* ബാക്കിയുള്ളവരോടു യുദ്ധം ചെയ്യാൻ സർപ്പം പുറപ്പെട്ടു.+