മത്തായി എഴുതിയത്
12 ആ കാലത്ത് ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ വിശന്നിട്ടു ധാന്യക്കതിരുകൾ പറിച്ച് തിന്നാൻതുടങ്ങി.+ 2 ഇതു കണ്ട പരീശന്മാർ യേശുവിനോട്, “കണ്ടോ! നിന്റെ ശിഷ്യന്മാർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്യുന്നു”+ എന്നു പറഞ്ഞു. 3 യേശു അവരോടു പറഞ്ഞു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 4 ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത+ കാഴ്ചയപ്പം+ കൂടെയുള്ളവരോടൊപ്പം തിന്നില്ലേ? 5 ഇനി അതുമല്ല, പുരോഹിതന്മാർ ദേവാലയത്തിൽ ശബത്തുദിവസം ജോലി ചെയ്യുന്നുണ്ടെങ്കിലും അവർ കുറ്റമില്ലാത്തവരായിരിക്കുമെന്നു നിയമത്തിൽ നിങ്ങൾ വായിച്ചിട്ടില്ലേ?+ 6 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ദേവാലയത്തെക്കാൾ ശ്രേഷ്ഠതയുള്ളവനാണ് ഇവിടെയുള്ളത്.+ 7 ‘ബലിയല്ല,+ കരുണയാണു+ ഞാൻ ആഗ്രഹിക്കുന്നത് ’ എന്നതിന്റെ അർഥം നിങ്ങൾ മനസ്സിലാക്കിയിരുന്നെങ്കിൽ കുറ്റമില്ലാത്തവരെ നിങ്ങൾ കുറ്റം വിധിക്കില്ലായിരുന്നു. 8 മനുഷ്യപുത്രൻ ശബത്തിനു+ കർത്താവാണ്.”
9 അവിടെനിന്ന് യേശു അവരുടെ സിനഗോഗിലേക്കു പോയി. 10 ശോഷിച്ച* കൈയുള്ള ഒരാൾ അവിടെയുണ്ടായിരുന്നു.+ അവർ യേശുവിനോട്, “ശബത്തിൽ സുഖപ്പെടുത്തുന്നതു ശരിയാണോ”* എന്നു ചോദിച്ചു. യേശുവിന്റെ മേൽ കുറ്റം ആരോപിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം.+ 11 യേശു അവരോടു ചോദിച്ചു: “നിങ്ങളുടെ ആടു ശബത്തുദിവസം കുഴിയിൽ വീണാൽ നിങ്ങൾ അതിനെ പിടിച്ചുകയറ്റാതിരിക്കുമോ?+ 12 ഒരു ആടിനെക്കാൾ എത്രയോ വിലപ്പെട്ടതാണ് ഒരു മനുഷ്യൻ! അതുകൊണ്ട് ശബത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നതു ശരിയാണ്.”* 13 പിന്നെ യേശു ആ മനുഷ്യനോട്, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖപ്പെട്ട് മറ്റേ കൈപോലെയായി. 14 അപ്പോൾ പരീശന്മാർ അവിടെനിന്ന് ഇറങ്ങി യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തി. 15 യേശു ഇത് അറിഞ്ഞിട്ട് അവിടെനിന്ന് പോയി. ധാരാളം ആളുകൾ യേശുവിന്റെ പിന്നാലെ ചെന്നു.+ യേശു അവരെയെല്ലാം സുഖപ്പെടുത്തി. 16 എന്നാൽ തന്നെക്കുറിച്ച് വെളിപ്പെടുത്തരുത് എന്നു യേശു അവരോടു കർശനമായി കല്പിച്ചു.+ 17 കാരണം യശയ്യ പ്രവാചകനിലൂടെ പറഞ്ഞതു നിറവേറണമായിരുന്നു. പ്രവാചകൻ ഇങ്ങനെ പറഞ്ഞിരുന്നു:
18 “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ.+ ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപ്പെട്ടവൻ!+ അവന്റെ മേൽ ഞാൻ എന്റെ ആത്മാവിനെ പകരും.+ നീതി എന്താണെന്ന് അവൻ ജനതകളെ അറിയിക്കും. 19 അവൻ തർക്കിക്കില്ല,+ കൊട്ടിഘോഷിക്കില്ല, ആരും തെരുവിൽ അവന്റെ സ്വരം കേൾക്കുകയുമില്ല. 20 നീതി നടപ്പാക്കുന്നതിൽ വിജയിക്കുന്നതുവരെ ചതഞ്ഞ ഈറ്റ അവൻ ഒടിച്ചുകളയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല.+ 21 ജനതകൾ അവന്റെ നാമത്തിൽ പ്രത്യാശ വെക്കും.”+
22 പിന്നെ അവർ ഭൂതബാധിതനായ ഒരു മനുഷ്യനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. സംസാരിക്കാനും കണ്ണു കാണാനും കഴിയാത്ത ആ മനുഷ്യനെ യേശു സുഖപ്പെടുത്തി. അയാൾക്കു സംസാരിക്കാനും കാണാനും കഴിഞ്ഞു. 23 ജനം മുഴുവൻ അതിശയത്തോടെ, “ഇവൻതന്നെയായിരിക്കുമോ ദാവീദുപുത്രൻ” എന്നു ചോദിക്കാൻതുടങ്ങി. 24 പരീശന്മാരോ ഇതു കേട്ട്, “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത് ”+ എന്നു പറഞ്ഞു. 25 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: “ആളുകൾ പരസ്പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. ആളുകൾ പരസ്പരം പോരടിക്കുന്ന നഗരവും വീടും നിലനിൽക്കില്ല. 26 അതുപോലെതന്നെ സാത്താൻ സാത്താനെ പുറത്താക്കുന്നെങ്കിൽ അവൻ തന്നോടുതന്നെ പോരടിക്കുന്നു. അപ്പോൾപ്പിന്നെ അവന്റെ രാജ്യം നിലനിൽക്കുന്നത് എങ്ങനെയാണ്? 27 ബയെത്സെബൂബിനെക്കൊണ്ടാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ നിങ്ങളുടെ പുത്രന്മാർ ആരെക്കൊണ്ടാണ് അവയെ പുറത്താക്കുന്നത്? അതുകൊണ്ട് അവർതന്നെ ന്യായാധിപന്മാരായി നിങ്ങളെ വിധിക്കട്ടെ. 28 എന്നാൽ ദൈവാത്മാവിനാലാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ഉറപ്പായും ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു.*+ 29 ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന് സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടേണ്ടേ? അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ. 30 എന്റെ പക്ഷത്ത് നിൽക്കാത്തവനെല്ലാം എനിക്ക് എതിരാണ്. എന്റെകൂടെ നിന്ന് ശേഖരിക്കാത്തവൻ വാസ്തവത്തിൽ ചിതറിക്കുകയാണു ചെയ്യുന്നത്.+
31 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ ഏതൊരു പാപവും വിശുദ്ധകാര്യങ്ങളോടുള്ള നിന്ദയും അവരോടു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നതു ക്ഷമിക്കില്ല.+ 32 ഉദാഹരണത്തിന്, മനുഷ്യപുത്രന് എതിരെ ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് അയാളോടു ക്ഷമിക്കും.+ എന്നാൽ പരിശുദ്ധാത്മാവിന് എതിരെ ആരെങ്കിലും സംസാരിച്ചാൽ അത് അയാളോടു ക്ഷമിക്കില്ല; ഈ വ്യവസ്ഥിതിയിലെന്നല്ല വരാനുള്ള വ്യവസ്ഥിതിയിൽപ്പോലും അതു ക്ഷമിക്കില്ല.+
33 “നിങ്ങൾ നല്ല മരമാണെങ്കിൽ ഫലവും നല്ലതായിരിക്കും. എന്നാൽ ചീത്ത മരമാണെങ്കിൽ ഫലവും ചീത്തയായിരിക്കും. ഒരു മരത്തെ അതിന്റെ ഫലംകൊണ്ടാണല്ലോ തിരിച്ചറിയുന്നത്.+ 34 അണലിസന്തതികളേ,+ ദുഷ്ടരായ നിങ്ങൾക്കു നല്ല കാര്യങ്ങൾ സംസാരിക്കാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞുകവിയുന്നതാണു വായ് സംസാരിക്കുന്നത്!+ 35 നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്ന് നല്ല കാര്യങ്ങൾ പുറത്തെടുക്കുന്നു. ചീത്ത മനുഷ്യനാകട്ടെ, തന്റെ ചീത്ത നിക്ഷേപത്തിൽനിന്ന് ചീത്ത കാര്യങ്ങൾ പുറത്തെടുക്കുന്നു.+ 36 മനുഷ്യർ പറയുന്ന ഏതൊരു പാഴ്വാക്കിനും ന്യായവിധിദിവസത്തിൽ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.+ 37 നിന്റെ വാക്കുകളുടെ അടിസ്ഥാനത്തിൽ നിന്നെ നീതിമാനെന്നു വിധിക്കും. നിന്നെ കുറ്റക്കാരനെന്നു വിധിക്കുന്നതും നിന്റെ വാക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.”
38 ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ യേശുവിനോട്, “ഗുരുവേ, അങ്ങ് ഒരു അടയാളം കാണിക്കുന്നതു കാണാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട് ”+ എന്നു പറഞ്ഞു. 39 യേശു അവരോടു പറഞ്ഞു: “ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും ഒരു തലമുറ അടയാളം* അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോന പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.+ 40 യോന മൂന്നു പകലും മൂന്നു രാത്രിയും ഒരു വലിയ മത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ+ മനുഷ്യപുത്രൻ മൂന്നു പകലും മൂന്നു രാത്രിയും ഭൂമിയുടെ ഉള്ളിലായിരിക്കും.+ 41 നിനെവെക്കാർ ന്യായവിധിയിൽ ഈ തലമുറയോടൊപ്പം എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. കാരണം അവർ യോനയുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോനയെക്കാൾ വലിയവൻ!+ 42 തെക്കേ ദേശത്തെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടൊപ്പം ഉയിർത്തെഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. ആ രാജ്ഞി ശലോമോന്റെ ജ്ഞാനം കേൾക്കാൻ ഭൂമിയുടെ അറ്റത്തുനിന്ന് വന്നല്ലോ.+ എന്നാൽ ഇവിടെ ഇതാ, ശലോമോനെക്കാൾ വലിയവൻ!+
43 “ഒരു അശുദ്ധാത്മാവ്* ഒരു മനുഷ്യനെ വിട്ട് പുറത്ത് വരുമ്പോൾ അതു വരണ്ട സ്ഥലങ്ങളിലൂടെ ഒരു വിശ്രമസ്ഥാനം തേടി അലയുന്നു. പക്ഷേ ഒന്നും കണ്ടെത്തുന്നില്ല.+ 44 അപ്പോൾ അത്, ‘ഞാൻ വിട്ടുപോന്ന എന്റെ വീട്ടിലേക്കുതന്നെ തിരിച്ചുപോകും’ എന്നു പറയുന്നു. അത് അവിടെ എത്തുമ്പോൾ ആ വീട് ഒഴിഞ്ഞുകിടക്കുന്നതായി കാണുന്നു. മാത്രമല്ല അടിച്ചുവൃത്തിയാക്കി അലങ്കരിച്ചിട്ടുമുണ്ട്. 45 അതു പോയി അതിനെക്കാൾ ദുഷ്ടരായ വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ടുവന്ന് അവിടെ കയറി താമസമാക്കുന്നു. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ മുമ്പത്തെക്കാൾ ഏറെ വഷളായിത്തീരുന്നു.+ ഈ ദുഷ്ടതലമുറയുടെ അവസ്ഥയും അങ്ങനെതന്നെയായിരിക്കും.”
46 യേശു ഇങ്ങനെ ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, യേശുവിനോടു സംസാരിക്കാൻ അമ്മയും സഹോദരന്മാരും+ പുറത്ത് കാത്തുനിൽക്കുകയായിരുന്നു.+ 47 ഒരാൾ യേശുവിനോട്, “ഇതാ, അങ്ങയോടു സംസാരിക്കാൻ അമ്മയും സഹോദരന്മാരും പുറത്ത് കാത്തുനിൽക്കുന്നു” എന്നു പറഞ്ഞു. 48 യേശു അയാളോടു ചോദിച്ചു: “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” 49 പിന്നെ ശിഷ്യന്മാരുടെ നേരെ കൈ നീട്ടിക്കൊണ്ട് യേശു പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!+ 50 സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നത് ആരോ അവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”+