കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
13 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ* ചിലമ്പുന്ന ഇലത്താളമോ ആണ്. 2 എനിക്കു പ്രവചിക്കാനുള്ള കഴിവോ* പാവനരഹസ്യങ്ങളെല്ലാം മനസ്സിലാക്കാനുള്ള പ്രാപ്തിയോ+ എല്ലാ തരം അറിവോ പർവതങ്ങളെപ്പോലും നീക്കാൻ തക്ക വിശ്വാസമോ ഒക്കെയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.*+ 3 എന്റെ സർവസമ്പത്തുംകൊണ്ട് അന്നദാനം നടത്തിയാലും+ വീമ്പിളക്കാൻവേണ്ടി എന്റെ ശരീരം യാഗമായി നൽകിയാലും സ്നേഹമില്ലെങ്കിൽ+ എല്ലാം വെറുതേയാണ്.
4 സ്നേഹം+ ക്ഷമയും+ ദയയും+ ഉള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല;+ വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല;+ 5 മാന്യതയില്ലാതെ* പെരുമാറുന്നില്ല;+ സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല;+ പ്രകോപിതമാകുന്നില്ല;+ ദ്രോഹങ്ങളുടെ* കണക്കു സൂക്ഷിക്കുന്നില്ല.+ 6 അത് അനീതിയിൽ സന്തോഷിക്കാതെ+ സത്യത്തിൽ സന്തോഷിക്കുന്നു. 7 അത് എല്ലാം സഹിക്കുന്നു;+ എല്ലാം വിശ്വസിക്കുന്നു;+ എല്ലാം പ്രത്യാശിക്കുന്നു;+ എന്തു വന്നാലും പിടിച്ചുനിൽക്കുന്നു.+
8 സ്നേഹം ഒരിക്കലും നിലച്ചുപോകില്ല. എന്നാൽ പ്രവചിക്കാനുള്ള കഴിവ്* ഇല്ലാതാകും; അന്യഭാഷ സംസാരിക്കാനുള്ള അത്ഭുതപ്രാപ്തി നിലച്ചുപോകും; അറിവും നീങ്ങിപ്പോകും. 9 കാരണം നമ്മുടെ അറിവ് അപൂർണമാണ്;+ അപൂർണമായാണു നമ്മൾ പ്രവചിക്കുന്നത്. 10 എന്നാൽ പൂർണമായതു വരുമ്പോൾ അപൂർണമായതു നീങ്ങിപ്പോകും. 11 കുട്ടിയായിരുന്നപ്പോൾ ഞാൻ ഒരു കുട്ടിയെപ്പോലെ സംസാരിച്ചു, കുട്ടിയെപ്പോലെ ചിന്തിച്ചു, കുട്ടിയെപ്പോലെ കാര്യങ്ങൾ വിലയിരുത്തി. പക്ഷേ ഒരു പുരുഷനായതോടെ ഞാൻ കുട്ടികളുടെ രീതികൾ ഉപേക്ഷിച്ചു. 12 ഇപ്പോൾ നമ്മൾ ഒരു ലോഹക്കണ്ണാടിയിൽ അവ്യക്തമായി കാണുന്നു. പക്ഷേ അപ്പോൾ മുഖാമുഖം കാണും. ഇപ്പോൾ ഞാൻ കുറച്ച് മാത്രം അറിയുന്നു. പക്ഷേ അപ്പോൾ, ദൈവം എന്നെ പൂർണമായി* അറിയുന്നതുപോലെ ഞാനും പൂർണമായി അറിയും. 13 എന്നാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കും. ഇവയിൽ ഏറ്റവും ശ്രേഷ്ഠമായതു സ്നേഹമാണ്.+