മർക്കൊസ് എഴുതിയത്
3 യേശു വീണ്ടും ഒരു സിനഗോഗിൽ ചെന്നു. ശോഷിച്ച കൈയുള്ള* ഒരാൾ അവിടെയുണ്ടായിരുന്നു.+ 2 ശബത്തിൽ യേശു ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്നു കാണാൻ പരീശന്മാർ യേശുവിനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. യേശുവിൽ കുറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.+ 3 കൈ ശോഷിച്ച* മനുഷ്യനോടു യേശു, “എഴുന്നേറ്റ് ഇവിടെ നടുക്കു വന്ന് നിൽക്കുക” എന്നു പറഞ്ഞു. 4 പിന്നെ യേശു അവരോട്, “ശബത്തിൽ ഉപകാരം ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണു ശരി”* എന്നു ചോദിച്ചു.+ എന്നാൽ അവർ ഒന്നും മിണ്ടിയില്ല. 5 അവരുടെ ഹൃദയകാഠിന്യത്തിൽ യേശുവിന്റെ മനസ്സു നൊന്തു.+ ദേഷ്യത്തോടെ അവരെ നോക്കിയിട്ട് യേശു ആ മനുഷ്യനോട്, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖപ്പെട്ടു. 6 ഉടൻതന്നെ പരീശന്മാർ അവിടെനിന്ന് ഇറങ്ങി യേശുവിനെ കൊല്ലാൻ ഹെരോദിന്റെ അനുയായികളുമായി+ കൂടിയാലോചിച്ചു.
7 എന്നാൽ യേശു ശിഷ്യന്മാരുടെകൂടെ കടപ്പുറത്തേക്കു പോയി. ഗലീലയിൽനിന്നും യഹൂദ്യയിൽനിന്നും ഉള്ള ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു.+ 8 യേശു ചെയ്തതൊക്കെ കേട്ടിട്ട് ദൂരെ യരുശലേമിൽനിന്നും ഇദുമയയിൽനിന്നും യോർദാന് അക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയ ഒരു ജനസമൂഹം യേശുവിന്റെ അടുത്ത് വന്നു. 9 ജനക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിനു തനിക്കുവേണ്ടി ഒരു ചെറിയ വള്ളം സജ്ജമാക്കിനിറുത്താൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. 10 യേശു അനേകരെ സുഖപ്പെടുത്തിയതുകൊണ്ട്, ഗുരുതരമായ രോഗങ്ങളാൽ കഷ്ടപ്പെട്ടിരുന്നവരെല്ലാം യേശുവിനെ ഒന്നു തൊടാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.+ 11 അശുദ്ധാത്മാക്കൾപോലും*+ യേശുവിനെ കാണുമ്പോൾ യേശുവിന്റെ മുന്നിൽ വീണ്, “നീ ദൈവപുത്രനാണ്” എന്നു വിളിച്ചുപറയുമായിരുന്നു.+ 12 എന്നാൽ തന്നെക്കുറിച്ച് വെളിപ്പെടുത്തരുത് എന്നു യേശു പലപ്പോഴും അവയോടു കർശനമായി കല്പിച്ചു.+
13 യേശു ഒരു മലയിൽ കയറിയിട്ട് താൻ മനസ്സിൽ കണ്ട ചിലരെ അടുത്തേക്കു വിളിച്ചുവരുത്തി.+ അവർ യേശുവിന്റെ അടുത്ത് ചെന്നു.+ 14 യേശു 12 പേരുടെ ഒരു സംഘം രൂപീകരിച്ച്* അവർക്ക് അപ്പോസ്തലന്മാർ എന്നു പേരിട്ടു. യേശുവിന്റെകൂടെ നടക്കാനും യേശു പറഞ്ഞയയ്ക്കുമ്പോൾ പോയി പ്രസംഗിക്കാനും വേണ്ടിയാണ് അവരെ തിരഞ്ഞെടുത്തത്.+ 15 ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരവും അവർക്കു നൽകി.+
16 യേശു രൂപീകരിച്ച* 12 പേരുടെ സംഘത്തിലുണ്ടായിരുന്നവർ+ ഇവരാണ്: പത്രോസ്+ എന്നു യേശു പേര് നൽകിയ ശിമോൻ, 17 സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ (യേശു ഇവർക്ക് “ഇടിമുഴക്കത്തിന്റെ മക്കൾ” എന്ന് അർഥമുള്ള ബൊവനേർഗെസ് എന്ന പേര് നൽകി.),+ 18 അന്ത്രയോസ്, ഫിലിപ്പോസ്, ബർത്തൊലൊമായി,+ മത്തായി, തോമസ്, അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാനേയനായ ശിമോൻ, 19 യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.
പിന്നെ യേശു ഒരു വീട്ടിൽ ചെന്നു. 20 യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും പറ്റാത്ത+ വിധം വീണ്ടും ആളുകൾ വന്നുകൂടി. 21 എന്നാൽ യേശുവിന്റെ ബന്ധുക്കൾ ഇതെല്ലാം കേട്ടപ്പോൾ, “അവനു ഭ്രാന്താണ് ” എന്നു പറഞ്ഞ് യേശുവിനെ പിടിച്ചുകൊണ്ടുപോകാൻ ഇറങ്ങിത്തിരിച്ചു.+ 22 യരുശലേമിൽനിന്ന് വന്ന ശാസ്ത്രിമാരും ഇങ്ങനെ ആരോപിച്ചു: “ഇവനിൽ ബയെത്സെബൂബ് കയറിയിട്ടുണ്ട്. ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”+ 23 അതുകൊണ്ട് യേശു അവരെ അടുത്ത് വിളിച്ച് ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് അവരോടു സംസാരിക്കാൻതുടങ്ങി: “സാത്താന് എങ്ങനെ സാത്താനെ പുറത്താക്കാൻ പറ്റും? 24 ഒരു രാജ്യത്തിലെ ആളുകൾ പരസ്പരം പോരടിക്കുന്നെങ്കിൽ ആ രാജ്യം നിലനിൽക്കില്ല.+ 25 ഒരു വീട്ടിലെ ആളുകൾ പരസ്പരം പോരടിക്കുന്നെങ്കിൽ ആ വീടും നിലനിൽക്കില്ല. 26 അതുപോലെ സാത്താൻ തന്നോടുതന്നെ എതിർത്ത് തനിക്ക് എതിരെ പോരാടുന്നെങ്കിൽ അവൻ നിലനിൽക്കില്ല. അത് അവന്റെ അന്ത്യമായിരിക്കും. 27 ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന് സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടണം. അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ. 28 സത്യമായും ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ ഏതൊരു പാപവും വിശുദ്ധകാര്യങ്ങളോടുള്ള നിന്ദയും അവരോടു ക്ഷമിക്കും. 29 പക്ഷേ ആരെങ്കിലും പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ അത് ഒരിക്കലും ക്ഷമിക്കില്ല.+ ആ പാപം അവന് എന്നേക്കുമായി കണക്കിടും.”+ 30 “അവനിലുള്ളത് അശുദ്ധാത്മാവാണ് ” എന്ന് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇതു പറഞ്ഞത്.+
31 ആ സമയത്ത് യേശുവിന്റെ അമ്മയും സഹോദരന്മാരും+ അവിടെ എത്തി. അവർ പുറത്ത് നിന്നിട്ട് യേശുവിനെ വിളിക്കാൻ ആളയച്ചു.+ 32 യേശുവിന്റെ ചുറ്റും ഒരു ജനക്കൂട്ടം ഇരിപ്പുണ്ടായിരുന്നു. അവർ യേശുവിനോട്, “ഇതാ, അങ്ങയെ കാണാൻ അമ്മയും സഹോദരന്മാരും പുറത്ത് കാത്തുനിൽക്കുന്നു”+ എന്നു പറഞ്ഞു. 33 എന്നാൽ യേശു അവരോടു ചോദിച്ചു: “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?”+ 34 എന്നിട്ട് ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട് യേശു പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!+ 35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് ആരോ അവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”+