മർക്കൊസ് എഴുതിയത്
2 എന്നാൽ കുറെ ദിവസം കഴിഞ്ഞ് യേശു വീണ്ടും കഫർന്നഹൂമിൽ ചെന്നു. യേശു വീട്ടിലുണ്ടെന്നു വാർത്ത പരന്നു.+ 2 വാതിൽക്കൽപ്പോലും നിൽക്കാൻ ഇടമില്ലാത്തവിധം ധാരാളം പേർ അവിടെ വന്നുകൂടി. യേശു അവരോടു ദൈവവചനം പ്രസംഗിക്കാൻതുടങ്ങി.+ 3 ശരീരം തളർന്നുപോയ ഒരാളെ അപ്പോൾ അവിടെ കൊണ്ടുവന്നു. നാലു പേർ ചേർന്ന് അയാളെ എടുത്തുകൊണ്ടാണു വന്നത്.+ 4 എന്നാൽ ജനക്കൂട്ടം കാരണം അയാളെ യേശുവിന്റെ അടുത്ത് എത്തിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശു ഇരുന്നിടത്തെ മേൽക്കൂര ഇളക്കിമാറ്റിയിട്ട് മതിയായ ഒരു ദ്വാരം ഉണ്ടാക്കി അയാളെ കിടക്കയോടെ താഴെ ഇറക്കി. 5 അവരുടെ വിശ്വാസം കണ്ടിട്ട്+ യേശു തളർവാതരോഗിയോട്, “മകനേ, നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.+ 6 ഇതു കേട്ട്, അവിടെയുണ്ടായിരുന്ന ചില ശാസ്ത്രിമാർ ഇങ്ങനെ മനസ്സിൽ പറഞ്ഞു:+ 7 “ഈ മനുഷ്യൻ എന്താ ഇങ്ങനെ പറയുന്നത്? ഇതു ദൈവനിന്ദയാണ്.+ ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”+ 8 പെട്ടെന്നുതന്നെ അവരുടെ ചിന്ത തിരിച്ചറിഞ്ഞ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെയൊക്കെ ആലോചിക്കുന്നത്?+ 9 ഏതാണ് എളുപ്പം? തളർവാതരോഗിയോട്, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതാണോ അതോ ‘എഴുന്നേറ്റ് നിന്റെ കിടക്ക എടുത്ത് നടക്കുക’ എന്നു പറയുന്നതാണോ? 10 എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ+ മനുഷ്യപുത്രന്+ അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” യേശു തളർവാതരോഗിയോടു പറഞ്ഞു: 11 “എഴുന്നേറ്റ്, കിടക്ക എടുത്ത് വീട്ടിലേക്കു പോകൂ എന്നു ഞാൻ നിന്നോടു പറയുന്നു.” 12 ഉടൻതന്നെ, എല്ലാവരും നോക്കിനിൽക്കെ അയാൾ എഴുന്നേറ്റ് കിടക്കയും എടുത്ത് പുറത്തേക്കു നടന്നു. എല്ലാവരും അത്ഭുതപ്പെട്ടുപോയി. “ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം കാണുന്നത് ” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു.+
13 യേശു പിന്നെയും കടൽത്തീരത്തേക്കു പോയി. അനേകർ യേശുവിന്റെ അടുത്ത് വന്നുകൊണ്ടിരുന്നു. യേശു ആ ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി. 14 യേശു നടന്നുപോകുമ്പോൾ അൽഫായിയുടെ മകൻ ലേവി നികുതി പിരിക്കുന്നിടത്ത് ഇരിക്കുന്നതു കണ്ട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഉടനെ ലേവി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.+ 15 പിന്നെ യേശു ലേവിയുടെ വീട്ടിൽ ഭക്ഷണത്തിന് ഇരുന്നു. കുറെ നികുതിപിരിവുകാരും പാപികളും യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അങ്ങനെയുള്ള അനേകർ യേശുവിനെ അനുഗമിച്ചിരുന്നു.+ 16 യേശു നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നതു കണ്ട് പരീശന്മാരിൽപ്പെട്ട ശാസ്ത്രിമാർ യേശുവിന്റെ ശിഷ്യന്മാരോട്, “ഇയാൾ എന്താ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നത് ” എന്നു ചോദിച്ചു. 17 ഇതു കേട്ട യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.”+
18 പരീശന്മാർക്കും യോഹന്നാന്റെ ശിഷ്യന്മാർക്കും ഉപവസിക്കുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ട് അവർ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരുടെ ശിഷ്യന്മാരും പതിവായി ഉപവസിക്കാറുണ്ട്. പക്ഷേ അങ്ങയുടെ ശിഷ്യന്മാർ എന്താണ് ഉപവസിക്കാത്തത്?”+ 19 യേശു അവരോടു പറഞ്ഞു: “മണവാളൻ+ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാർ ഉപവസിക്കാറില്ല, ഉണ്ടോ? മണവാളൻ കൂടെയുള്ളിടത്തോളം അവർക്ക് ഉപവസിക്കാൻ കഴിയില്ല.+ 20 എന്നാൽ മണവാളനെ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും.+ അന്ന് അവർ ഉപവസിക്കും. 21 പഴയ വസ്ത്രത്തിൽ ആരും പുതിയ തുണിക്കഷണം തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്താൽ പുതിയ തുണിക്കഷണം ചുരുങ്ങുമ്പോൾ അതു പഴയ വസ്ത്രത്തെ വലിച്ചിട്ട് കീറൽ കൂടുതൽ വലുതാകും.+ 22 അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെ ചെയ്താൽ വീഞ്ഞ് ആ തുരുത്തി പൊട്ടിക്കും. വീഞ്ഞും തുരുത്തിയും നഷ്ടപ്പെടും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കുന്നത്.”
23 ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ധാന്യക്കതിരുകൾ പറിച്ചു.+ 24 ഇതു കണ്ട പരീശന്മാർ യേശുവിനോട്, “എന്താ ഇത്? ഇവർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യുന്നതു കണ്ടില്ലേ” എന്നു ചോദിച്ചു. 25 പക്ഷേ യേശു അവരോടു പറഞ്ഞു: “ദാവീദ് തനിക്കും കൂടെയുള്ളവർക്കും തിന്നാൻ ഒന്നുമില്ലാതെ വിശന്നപ്പോൾ ചെയ്തത് എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 26 മുഖ്യപുരോഹിതനായ അബ്യാഥാരിനെക്കുറിച്ചുള്ള+ വിവരണത്തിൽ പറയുന്നതുപോലെ, ദാവീദ് ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്ചയപ്പം തിന്നുകയും+ കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്തില്ലേ?” 27 പിന്നെ യേശു അവരോടു പറഞ്ഞു: “ശബത്ത് മനുഷ്യനുവേണ്ടിയാണ് ഉണ്ടായത്;+ അല്ലാതെ, മനുഷ്യൻ ശബത്തിനുവേണ്ടിയല്ല. 28 മനുഷ്യപുത്രൻ ശബത്തിനും കർത്താവാണ് ”+ എന്നു പറഞ്ഞു.