മത്തായി എഴുതിയത്
9 അങ്ങനെ, യേശു വള്ളത്തിൽ കയറി അക്കരെയുള്ള സ്വന്തം നഗരത്തിലെത്തി.+ 2 കുറച്ച് ആളുകൾ ചേർന്ന് തളർന്നുപോയ ഒരാളെ കിടക്കയിൽ കിടത്തി യേശുവിന്റെ അടുത്ത് കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ട് യേശു തളർവാതരോഗിയോട്, “മകനേ, ധൈര്യമായിരിക്ക്. നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു”+ എന്നു പറഞ്ഞു. 3 അപ്പോൾ ചില ശാസ്ത്രിമാർ, “ഇവൻ ദൈവനിന്ദയാണല്ലോ പറയുന്നത് ”+ എന്ന് ഉള്ളിൽ പറഞ്ഞു. 4 അവരുടെ ഉള്ളിലിരുപ്പു മനസ്സിലാക്കി യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ ദുഷിച്ച കാര്യങ്ങൾ ചിന്തിക്കുന്നത്?+ 5 ഏതാണ് എളുപ്പം? ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതോ അതോ ‘എഴുന്നേറ്റ് നടക്കുക’+ എന്നു പറയുന്നതോ? 6 എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി...” പിന്നെ യേശു തളർവാതരോഗിയോടു പറഞ്ഞു: “എഴുന്നേറ്റ്, കിടക്ക എടുത്ത് വീട്ടിലേക്കു പോകൂ.”+ 7 അയാൾ എഴുന്നേറ്റ് വീട്ടിലേക്കു പോയി. 8 ഇതു കണ്ട് ജനക്കൂട്ടം ഭയന്നുപോയി. മനുഷ്യർക്ക് ഇത്തരം അധികാരം നൽകിയ ദൈവത്തെ അവർ സ്തുതിച്ചു.
9 യേശു അവിടെനിന്ന് പോകുന്ന വഴിക്കു മത്തായി എന്നു പേരുള്ള ഒരാൾ നികുതി പിരിക്കുന്നിടത്ത് ഇരിക്കുന്നതു കണ്ട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഉടനെ മത്തായി എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു.+ 10 പിന്നീട് യേശു മത്തായിയുടെ വീട്ടിൽ ഭക്ഷണത്തിന് ഇരിക്കുമ്പോൾ കുറെ നികുതിപിരിവുകാരും പാപികളും വന്ന് യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ ഭക്ഷണത്തിന് ഇരുന്നു.+ 11 എന്നാൽ പരീശന്മാർ ഇതു കണ്ടിട്ട് യേശുവിന്റെ ശിഷ്യന്മാരോട്, “ഇത് എന്താ നിങ്ങളുടെ ഗുരു നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നത് ”+ എന്നു ചോദിച്ചു. 12 ഇതു കേട്ടപ്പോൾ യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം.+ 13 ‘ബലിയല്ല, കരുണയാണു ഞാൻ ആഗ്രഹിക്കുന്നത് ’+ എന്നു പറയുന്നതിന്റെ അർഥം എന്താണെന്നു പോയി പഠിക്ക്. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്.”
14 പിന്നെ യോഹന്നാന്റെ ശിഷ്യന്മാർ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു: “ഞങ്ങളും പരീശന്മാരും പതിവായി ഉപവസിക്കാറുണ്ട്. പക്ഷേ അങ്ങയുടെ ശിഷ്യന്മാർ എന്താണ് ഉപവസിക്കാത്തത്?”+ 15 അപ്പോൾ യേശു പറഞ്ഞു: “മണവാളൻ+ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാർ എന്തിനു ദുഃഖിക്കണം? എന്നാൽ മണവാളനെ അവരുടെ അടുത്തുനിന്ന് കൊണ്ടുപോകുന്ന കാലം വരും.+ അപ്പോൾ അവർ ഉപവസിക്കും. 16 പഴയ വസ്ത്രത്തിൽ ആരും പുതിയ തുണിക്കഷണം* തുന്നിച്ചേർക്കാറില്ല. കാരണം ആ തുണിക്കഷണം ചുരുങ്ങുമ്പോൾ അതു പഴയ വസ്ത്രത്തെ വലിച്ചിട്ട് കീറൽ കൂടുതൽ വലുതാകും.+ 17 അതുപോലെ, ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറുമില്ല. അങ്ങനെ ചെയ്താൽ തുരുത്തി പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോകും. തുരുത്തിയും നശിക്കും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ് ഒഴിച്ചുവെക്കുന്നത്. അപ്പോൾ രണ്ടും നഷ്ടപ്പെടില്ല.”
18 യേശു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, ഒരു പ്രമാണി യേശുവിനെ സമീപിച്ച് താണുവണങ്ങിക്കൊണ്ട് പറഞ്ഞു: “എന്റെ മകൾ ഇതിനോടകം മരിച്ചുകാണും; എന്നാലും അങ്ങ് വന്ന് അവളുടെ മേൽ കൈ വെക്കേണമേ; എങ്കിൽ അവൾ ജീവിക്കും.”+
19 യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി. യേശുവിന്റെ ശിഷ്യന്മാരും ഒപ്പം ചെന്നു. 20 അവർ പോകുമ്പോൾ, 12 വർഷമായി രക്തസ്രാവത്താൽ+ കഷ്ടപ്പെട്ടിരുന്ന ഒരു സ്ത്രീ പിന്നിലൂടെ വന്ന് യേശുവിന്റെ പുറങ്കുപ്പായത്തിന്റെ അറ്റത്ത്* തൊട്ടു.+ 21 “യേശുവിന്റെ പുറങ്കുപ്പായത്തിലൊന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”*+ എന്ന് ആ സ്ത്രീയുടെ മനസ്സു പറയുന്നുണ്ടായിരുന്നു. 22 യേശു തിരിഞ്ഞ് ആ സ്ത്രീയെ കണ്ടിട്ട്, “മകളേ, ധൈര്യമായിരിക്കുക. നിന്റെ വിശ്വാസം നിന്നെ സുഖപ്പെടുത്തിയിരിക്കുന്നു”*+ എന്നു പറഞ്ഞു. അപ്പോൾത്തന്നെ അവരുടെ അസുഖം മാറി.+
23 യേശു പ്രമാണിയുടെ വീട്ടിലെത്തി. കുഴൽ ഊതുന്നവരെയും കരഞ്ഞ് ബഹളംകൂട്ടുന്ന ജനക്കൂട്ടത്തെയും+ കണ്ട് 24 അവരോടു പറഞ്ഞു: “പൊയ്ക്കൊള്ളൂ. കുട്ടി മരിച്ചിട്ടില്ല, അവൾ ഉറങ്ങുകയാണ്.”+ ഇതു കേട്ട് അവർ യേശുവിനെ കളിയാക്കിച്ചിരിക്കാൻതുടങ്ങി. 25 ജനക്കൂട്ടം പുറത്ത് പോയ ഉടനെ യേശു അകത്ത് ചെന്ന് കുട്ടിയുടെ കൈയിൽ പിടിച്ചു;+ അപ്പോൾ അവൾ എഴുന്നേറ്റു.+ 26 ഈ വാർത്ത നാട്ടിലെങ്ങും പരന്നു.
27 യേശു അവിടെനിന്ന് പോകുന്ന വഴിക്ക് രണ്ട് അന്ധർ,+ “ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് യേശുവിന്റെ പിന്നാലെ ചെന്നു. 28 യേശു വീട്ടിൽ എത്തിയപ്പോൾ ആ അന്ധന്മാർ യേശുവിന്റെ അടുത്ത് എത്തി. യേശു അവരോടു ചോദിച്ചു: “എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ?”+ അവർ പറഞ്ഞു: “ഉണ്ട് കർത്താവേ, വിശ്വസിക്കുന്നുണ്ട്.” 29 അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ട്, “നിങ്ങളുടെ വിശ്വാസംപോലെ സംഭവിക്കട്ടെ” എന്നു പറഞ്ഞു. 30 അങ്ങനെ അവർക്കു കാഴ്ച കിട്ടി.+ എന്നാൽ “ആരും ഇത് അറിയരുത് ”+ എന്നു യേശു അവരോടു കർശനമായി പറഞ്ഞു. 31 പക്ഷേ അവിടെനിന്ന് പോയ അവർ യേശുവിനെക്കുറിച്ചുള്ള വാർത്ത നാട്ടിലെങ്ങും പറഞ്ഞുപരത്തി.
32 അവർ പോയപ്പോൾ ആളുകൾ ഭൂതബാധിതനായ ഒരു ഊമനെ യേശുവിന്റെ അടുത്ത് കൊണ്ടുവന്നു.+ 33 യേശു ഭൂതത്തെ പുറത്താക്കിയപ്പോൾ ഊമൻ സംസാരിച്ചു.+ ജനം അതിശയിച്ച്, “ഇങ്ങനെയൊന്ന് ഇതിനു മുമ്പ് ഇസ്രായേലിൽ കണ്ടിട്ടില്ല”+ എന്നു പറഞ്ഞു. 34 എന്നാൽ പരീശന്മാർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.”+
35 യേശുവാകട്ടെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് അവരുടെ സിനഗോഗുകളിൽ പഠിപ്പിക്കുകയും ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിക്കുകയും എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്തുകയും ചെയ്തു.+ 36 ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന് അലിവ് തോന്നി.+ കാരണം അവർ ഇടയനില്ലാത്ത ആടുകളെപ്പോലെ അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ആയിരുന്നു.+ 37 യേശു ശിഷ്യന്മാരോടു പറഞ്ഞു: “വിളവ് ധാരാളമുണ്ട്; പക്ഷേ പണിക്കാർ കുറവാണ്.+ 38 അതുകൊണ്ട് വിളവെടുപ്പിനു പണിക്കാരെ അയയ്ക്കാൻ വിളവെടുപ്പിന്റെ അധികാരിയോടു യാചിക്കുക.”+