അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
20 കലഹം ശമിച്ചപ്പോൾ, പൗലോസ് ശിഷ്യന്മാരെ വിളിപ്പിച്ചു. അവർക്കു ധൈര്യം പകർന്നശേഷം അവരോടു യാത്ര പറഞ്ഞ് മാസിഡോണിയയിലേക്കു പോയി.+ 2 ആ പ്രദേശങ്ങളിലൂടെ യാത്ര ചെയ്ത് അവിടെയുള്ളവരെയെല്ലാം പ്രോത്സാഹിപ്പിച്ച് ഒടുവിൽ പൗലോസ് ഗ്രീസിൽ എത്തി. 3 അവിടെ മൂന്നു മാസം ചെലവഴിച്ചു. അതിനു ശേഷം സിറിയയിലേക്കു കപ്പൽ കയറാൻ ഒരുങ്ങിയ പൗലോസ്, ജൂതന്മാർ തനിക്ക് എതിരെ ഒരു ഗൂഢാലോചന നടത്തുന്നുണ്ട്+ എന്ന് അറിഞ്ഞ് മാസിഡോണിയ വഴി മടങ്ങിപ്പോകാൻ തീരുമാനിച്ചു. 4 പൗലോസിന്റെകൂടെ ബരോവയിലെ പുറൊസിന്റെ മകനായ സോപത്രൊസും തെസ്സലോനിക്യക്കാരായ അരിസ്തർഹോസും+ സെക്കുന്തൊസും ദർബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും+ ഏഷ്യ സംസ്ഥാനത്തിൽനിന്നുള്ള തിഹിക്കൊസും+ ത്രൊഫിമൊസും+ ഉണ്ടായിരുന്നു. 5 അവർ ത്രോവാസിൽ+ എത്തി ഞങ്ങൾക്കുവേണ്ടി കാത്തിരുന്നു. 6 ഞങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിനു+ ശേഷം ഫിലിപ്പിയിൽനിന്ന് കപ്പൽ കയറി അഞ്ചു ദിവസംകൊണ്ട് ത്രോവാസിൽ അവരുടെ അടുത്ത് എത്തി. അവിടെ ഞങ്ങൾ ഏഴു ദിവസം താമസിച്ചു.
7 ആഴ്ചയുടെ ഒന്നാം ദിവസം ഞങ്ങൾ ഭക്ഷണം കഴിക്കാൻ കൂടിവന്നപ്പോൾ, പിറ്റേന്ന് പോകുകയാണല്ലോ എന്ന് ഓർത്ത് പൗലോസ് അവരോടു സംസാരിക്കാൻതുടങ്ങി. പൗലോസിന്റെ പ്രസംഗം അർധരാത്രിവരെ നീണ്ടു. 8 ഞങ്ങൾ കൂടിവന്ന മുകളിലത്തെ മുറിയിൽ കുറെ വിളക്കുകൾ കത്തിച്ചുവെച്ചിരുന്നു. 9 യൂത്തിക്കൊസ് എന്ന ഒരു യുവാവ് ജനൽപ്പടിയിൽ ഇരിക്കുന്നുണ്ടായിരുന്നു. പൗലോസിന്റെ പ്രസംഗം നീണ്ടുപോയപ്പോൾ യൂത്തിക്കൊസ് അവിടെ ഇരുന്ന് ഉറങ്ങിപ്പോയി. ഗാഢനിദ്രയിലായ അവൻ മൂന്നാം നിലയിൽനിന്ന് താഴേക്കു വീണു. ചെന്ന് എടുക്കുമ്പോഴേക്കും അവൻ മരിച്ചിരുന്നു. 10 പൗലോസ് താഴെ ഇറങ്ങിച്ചെന്ന് യൂത്തിക്കൊസിന്റെ മേൽ കിടന്ന് അവനെ കെട്ടിപ്പിടിച്ചിട്ട്,+ “പേടിക്കേണ്ടാ, ഇവന് ഇപ്പോൾ ജീവനുണ്ട്”+ എന്നു പറഞ്ഞു. 11 പിന്നെ പൗലോസ് മുകളിലത്തെ നിലയിലേക്കു പോയി ഭക്ഷണം കഴിച്ചു. നേരം വെളുക്കുന്നതുവരെ അവരോടു സംസാരിച്ചിട്ട് അവിടെനിന്ന് പോയി. 12 യൂത്തിക്കൊസിനു ജീവൻ തിരിച്ചുകിട്ടിയതുകൊണ്ട് എല്ലാവർക്കും വലിയ ആശ്വാസമായി. അവർ യൂത്തിക്കൊസിനെ കൂട്ടിക്കൊണ്ടുപോയി.
13 ഞങ്ങൾ കപ്പലിൽ യാത്ര ചെയ്ത് അസ്സൊസിലേക്കു പോയി. എന്നാൽ അവിടംവരെ നടന്നുവരാമെന്നും അവിടെവെച്ച് കപ്പലിൽ കയറാമെന്നും പൗലോസ് ഞങ്ങളോടു പറഞ്ഞു. 14 അങ്ങനെ അസ്സൊസിൽവെച്ച് ഞങ്ങൾ കണ്ടുമുട്ടി. പൗലോസിനെയും കയറ്റിക്കൊണ്ട് ഞങ്ങൾ മിതുലേനയിലേക്കു പോയി. 15 പിറ്റേന്ന് ഞങ്ങൾ അവിടെനിന്ന് യാത്ര ചെയ്ത് ഖിയൊസിന് അടുത്ത് എത്തി. അടുത്ത ദിവസം സാമൊസിലും അതിനടുത്ത ദിവസം മിലേത്തൊസിലും എത്തി. 16 എഫെസൊസിൽ+ ഇറങ്ങാതെ യാത്ര തുടരാൻ പൗലോസ് തീരുമാനിച്ചിരുന്നു. ഏഷ്യ സംസ്ഥാനത്ത് ഇറങ്ങി സമയം കളയാതെ എങ്ങനെയെങ്കിലും പെന്തിക്കോസ്ത് ഉത്സവത്തിന്റെ അന്ന്+ യരുശലേമിൽ എത്താൻ പൗലോസ് ആഗ്രഹിച്ചു.+
17 മിലേത്തൊസിൽനിന്ന് പൗലോസ് ആളയച്ച് എഫെസൊസ് സഭയിലെ മൂപ്പന്മാരെ വിളിപ്പിച്ചു. 18 അവർ വന്നപ്പോൾ പൗലോസ് അവരോടു പറഞ്ഞു: “ഏഷ്യ സംസ്ഥാനത്ത് കാലുകുത്തിയ അന്നുമുതൽ, നിങ്ങൾക്കിടയിൽ ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കു നന്നായി അറിയാമല്ലോ.+ 19 താഴ്മയോടും കണ്ണീരോടും കൂടെ ഞാൻ കർത്താവിനുവേണ്ടി ഒരു അടിമയെപ്പോലെ പണിയെടുത്തു.+ എനിക്ക് എതിരെ ഗൂഢാലോചന നടത്തിയ ജൂതന്മാരിൽനിന്നുള്ള കഷ്ടതകളും ഞാൻ സഹിച്ചു. 20 പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ* എല്ലാം ഞാൻ നിങ്ങളെ അറിയിച്ചു; പരസ്യമായും+ വീടുതോറും നിങ്ങളെ പഠിപ്പിച്ചു.+ 21 മാനസാന്തരപ്പെട്ട്+ ദൈവത്തിലേക്കു തിരിയുന്നതിനെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കുന്നതിനെക്കുറിച്ചും+ ഞാൻ ജൂതന്മാരോടും ഗ്രീക്കുകാരോടും നന്നായി വിശദീകരിച്ചു. 22 ഇപ്പോൾ ഇതാ, പരിശുദ്ധാത്മാവ് നിർബന്ധിച്ചിട്ട് ഞാൻ യരുശലേമിലേക്കു പോകുകയാണ്.+ അവിടെ എനിക്ക് എന്തെല്ലാം സംഭവിക്കുമെന്ന് അറിയില്ല; 23 ജയിൽവാസവും കഷ്ടതകളും എന്നെ കാത്തിരിക്കുന്നെന്നു+ പരിശുദ്ധാത്മാവ് ഓരോ നഗരത്തിലുംവെച്ച് എനിക്ക് മുന്നറിയിപ്പു തരുന്നു എന്നു മാത്രം അറിയാം. 24 എന്നാൽ എന്റെ ജീവനു ഞാൻ ഒരു പ്രാധാന്യവും* കൊടുക്കുന്നില്ല. എന്റെ ഓട്ടം പൂർത്തിയാക്കണമെന്നും+ കർത്താവായ യേശു എന്നെ ഏൽപ്പിച്ച ശുശ്രൂഷ+ ചെയ്തുതീർക്കണമെന്നും മാത്രമേ എനിക്കുള്ളൂ. ദൈവത്തിന്റെ അനർഹദയയെക്കുറിച്ചുള്ള സന്തോഷവാർത്ത സമഗ്രമായി അറിയിക്കണമെന്നു മാത്രമാണ് എന്റെ ആഗ്രഹം.
25 “നിങ്ങൾക്കിടയിൽ വന്ന് ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിച്ച എന്നെ ഇനി നിങ്ങൾ ആരും കാണില്ല. 26 അതുകൊണ്ട് ഒരു കാര്യം ഞാൻ വ്യക്തമായി പറയുകയാണ്: ആരുടെയും രക്തം സംബന്ധിച്ച് ഞാൻ കുറ്റക്കാരനല്ല.+ 27 ഒന്നും മറച്ചുവെക്കാതെ ദൈവത്തിന്റെ ഉദ്ദേശ്യം മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്.+ 28 നിങ്ങളെക്കുറിച്ചും മുഴുവൻ ആട്ടിൻകൂട്ടത്തെക്കുറിച്ചും ശ്രദ്ധയുള്ളവരായിരിക്കുക.+ സ്വന്തം പുത്രന്റെ രക്തംകൊണ്ട് ദൈവം വിലയ്ക്കു വാങ്ങിയ+ തന്റെ സഭയെ മേയ്ക്കാനായി+ പരിശുദ്ധാത്മാവ് നിങ്ങളെ മേൽവിചാരകന്മാരായി+ നിയമിച്ചിരിക്കുകയാണല്ലോ. 29 ഞാൻ പോയശേഷം, ആട്ടിൻകൂട്ടത്തോട് ആർദ്രത കാണിക്കാത്ത ക്രൂരരായ* ചെന്നായ്ക്കൾ നിങ്ങൾക്കിടയിൽ കടക്കുമെന്ന്+ എനിക്ക് അറിയാം. 30 നിങ്ങൾക്കിടയിൽനിന്നുതന്നെ ചിലർ എഴുന്നേറ്റ്, ശിഷ്യന്മാരെ വശത്താക്കി തങ്ങളുടെ പിന്നാലെ കൊണ്ടുപോകാൻവേണ്ടി ഉപദേശങ്ങളെ വളച്ചൊടിക്കും.+
31 “അതുകൊണ്ട് ജാഗ്രത പാലിക്കുക. മൂന്നു വർഷം+ രാവും പകലും നിറുത്താതെ നിങ്ങൾ ഓരോരുത്തരെയും ഞാൻ കണ്ണീരോടെ ഉപദേശിച്ചതു മറക്കരുത്. 32 ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവത്തിന്റെ അനർഹദയയെക്കുറിച്ചുള്ള വചനത്തിലും ഭരമേൽപ്പിക്കുന്നു. ആ വചനം നിങ്ങൾക്കു ശക്തി നൽകുകയും വിശുദ്ധീകരിക്കപ്പെട്ട സകലരോടുംകൂടെ നിങ്ങൾക്ക് അവകാശം തരുകയും ചെയ്യും.+ 33 ആരുടെയും സ്വർണമോ വെള്ളിയോ വസ്ത്രമോ ഞാൻ ആഗ്രഹിച്ചിട്ടില്ല.+ 34 എന്റെയും കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ എന്റെ ഈ കൈകൾതന്നെയാണ് അധ്വാനിച്ചിട്ടുള്ളതെന്നു+ നിങ്ങൾക്ക് അറിയാമല്ലോ. 35 ഇങ്ങനെ അധ്വാനിച്ചുകൊണ്ട്+ ബലഹീനരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്ക് എല്ലാ കാര്യങ്ങളിലും കാണിച്ചുതന്നിട്ടുണ്ട്. ‘വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്’+ എന്നു കർത്താവായ യേശു പറഞ്ഞത് ഓർത്തുകൊള്ളുക.”
36 ഈ കാര്യങ്ങൾ പറഞ്ഞശേഷം പൗലോസ് എല്ലാവരോടുമൊപ്പം മുട്ടുകുത്തിനിന്ന് പ്രാർഥിച്ചു. 37 എല്ലാവരും കുറെ നേരം കരഞ്ഞു; അവർ പൗലോസിനെ കെട്ടിപ്പിടിച്ച് സ്നേഹത്തോടെ ചുംബിച്ചു. 38 അവർ ഇനി ഒരിക്കലും തന്നെ കാണില്ല+ എന്നു പൗലോസ് പറഞ്ഞതാണ് അവരെ ഏറ്റവും സങ്കടപ്പെടുത്തിയത്. അവർ പൗലോസിന്റെകൂടെ കപ്പലിന്റെ അടുത്തുവരെ ചെന്നു.