മത്തായി എഴുതിയത്
13 അന്നു യേശു വീട്ടിൽനിന്ന് ഇറങ്ങി കടൽത്തീരത്ത് ചെന്ന് ഇരുന്നു. 2 വലിയൊരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടി. അതുകൊണ്ട് യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. ജനക്കൂട്ടം കടൽത്തീരത്ത് നിന്നു.+ 3 യേശു ദൃഷ്ടാന്തങ്ങൾ+ ഉപയോഗിച്ച് പല കാര്യങ്ങളും അവരോടു പറഞ്ഞു: “ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പോയി.+ 4 വിതയ്ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു.+ 5 ചിലത്, അധികം മണ്ണില്ലാത്ത പാറസ്ഥലത്ത് വീണു. മണ്ണിന് ആഴമില്ലായിരുന്നതുകൊണ്ട് അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും+ 6 സൂര്യൻ ഉദിച്ചപ്പോൾ വെയിലേറ്റ് വാടി. വേരില്ലാത്തതുകൊണ്ട് അവ ഉണങ്ങിപ്പോയി. 7 മറ്റു ചിലതു മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞു.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണ് ഫലം കായ്ച്ചു; ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് നൽകി.+ 9 ചെവിയുള്ളവൻ കേൾക്കട്ടെ.”+
10 ശിഷ്യന്മാർ യേശുവിന്റെ അടുത്ത് ചെന്ന്, “അങ്ങ് എന്തിനാണ് അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കുന്നത് ”+ എന്നു ചോദിച്ചു. 11 യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യത്തിന്റെ പാവനരഹസ്യങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ അനുവദിച്ചിരിക്കുന്നു.+ പക്ഷേ അവരെ അനുവദിച്ചിട്ടില്ല. 12 ഉള്ളവനു കൂടുതൽ കൊടുക്കും; അവനു സമൃദ്ധിയുണ്ടാകും. എന്നാൽ ഇല്ലാത്തവന്റെ പക്കൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും.+ 13 അതുകൊണ്ടാണ് ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് അവരോടു സംസാരിക്കുന്നത്. കാരണം അവർ നോക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഒരു കാര്യവുമില്ല. അവർ കേൾക്കുന്നുണ്ട്. പക്ഷേ അതുകൊണ്ട് ഒരു ഗുണവുമില്ല. പറയുന്നതിന്റെ സാരം അവർ മനസ്സിലാക്കുന്നുമില്ല.+ 14 അങ്ങനെ യശയ്യയുടെ ഈ പ്രവചനം അവരിൽ നിറവേറുകയാണ്: ‘നിങ്ങൾ കേൾക്കും, പക്ഷേ അതിന്റെ സാരം മനസ്സിലാക്കില്ല. നിങ്ങൾ നോക്കും, പക്ഷേ കാണില്ല.+ 15 കാരണം ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു.* ചെവികൊണ്ട് കേൾക്കുന്നെങ്കിലും അവർ പ്രതികരിക്കുന്നില്ല.* അവർ കണ്ണ് അടച്ചുകളഞ്ഞിരിക്കുന്നു. അവർക്കു കണ്ണുകൊണ്ട് കാണാനോ ചെവികൊണ്ട് കേൾക്കാനോ ഒരിക്കലും കഴിയുന്നില്ല. അതുകൊണ്ട് കാര്യങ്ങളുടെ സാരം അവർ മനസ്സിലാക്കുകയോ* അവർ മനംതിരിഞ്ഞുവരുകയോ ചെയ്യുന്നില്ല. എനിക്ക് അവരെ സുഖപ്പെടുത്താനുമാകുന്നില്ല.’+
16 “എന്നാൽ നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ടും ചെവികൾ കേൾക്കുന്നതുകൊണ്ടും അവ അനുഗ്രഹിക്കപ്പെട്ടതാണ്.+ 17 കാരണം അനേകം പ്രവാചകന്മാരും നീതിമാന്മാരും നിങ്ങൾ കാണുന്നതു കാണാൻ ആഗ്രഹിച്ചിട്ടും കണ്ടില്ല,+ നിങ്ങൾ കേൾക്കുന്നതു കേൾക്കാൻ ആഗ്രഹിച്ചിട്ടും കേട്ടില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
18 “ഇനി, വിതയ്ക്കുന്നവന്റെ ദൃഷ്ടാന്തം പറയാം.+ 19 ഒരാൾ ദൈവരാജ്യത്തെക്കുറിച്ചുള്ള വചനം കേട്ടിട്ട് അതിന്റെ സാരം മനസ്സിലാക്കുന്നില്ലെന്നിരിക്കട്ടെ. അപ്പോൾ അയാളുടെ ഹൃദയത്തിൽ വിതച്ചതു ദുഷ്ടൻ+ വന്ന് എടുത്തുകൊണ്ടുപോകുന്നു. ഇതാണു വഴിയരികെ വിതച്ച വിത്ത്.+ 20 പാറസ്ഥലത്ത് വിതച്ച വിത്തിന്റെ കാര്യം: ഒരാൾ ദൈവവചനം കേൾക്കുന്ന ഉടൻതന്നെ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു.+ 21 എന്നാൽ ഉള്ളിലേക്കു വേര് ഇറങ്ങിയിട്ടില്ലാത്തതുകൊണ്ട് കുറച്ച് സമയത്തേക്കു മാത്രമേ അതു നിലനിൽക്കൂ. ദൈവവചനത്തിന്റെ പേരിൽ കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അയാൾ പെട്ടെന്നു വീണുപോകുന്നു. 22 മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തിന്റെ കാര്യമോ: ഒരാൾ ദൈവവചനം കേൾക്കുന്നെങ്കിലും ഈ വ്യവസ്ഥിതിയിലെ ഉത്കണ്ഠകളും+ ധനത്തിന്റെ വഞ്ചകശക്തിയും* വചനത്തെ ഞെരുക്കി അതിനെ* ഫലശൂന്യമാക്കുന്നു.+ 23 നല്ല മണ്ണിൽ വിതച്ചതോ, ഒരാൾ ദൈവവചനം കേട്ട് അതിന്റെ സാരം മനസ്സിലാക്കുന്നതാണ്. അതു ഫലം കായ്ച്ച് ചിലത് 100 മേനിയും ചിലത് 60 മേനിയും വേറെ ചിലത് 30 മേനിയും വിളവ് തരുന്നു.”+
24 യേശു അവരോടു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: “സ്വർഗരാജ്യത്തെ, തന്റെ വയലിൽ നല്ല വിത്തു വിതച്ച ഒരു മനുഷ്യനോട് ഉപമിക്കാം.+ 25 ആളുകൾ ഉറക്കമായപ്പോൾ അയാളുടെ ശത്രു വന്ന് ഗോതമ്പിന്റെ ഇടയിൽ കളകൾ വിതച്ചിട്ട് പൊയ്ക്കളഞ്ഞു. 26 ഗോതമ്പു മുളച്ച് വളർന്ന് കതിരായപ്പോഴേക്കും കളകളും വളർന്നുവന്നു. 27 അപ്പോൾ വീട്ടുകാരന്റെ അടിമകൾ വന്ന് ചോദിച്ചു: ‘യജമാനനേ, നല്ല വിത്തല്ലേ അങ്ങ് വയലിൽ വിതച്ചത്? പിന്നെ കളകൾ എങ്ങനെ വന്നു?’ 28 അയാൾ അവരോട്, ‘ഇത് ഒരു ശത്രുവിന്റെ പണിയാണ് ’+ എന്നു പറഞ്ഞു. അപ്പോൾ അവർ, ‘ഞങ്ങൾ ചെന്ന് അതു പറിച്ചുകൂട്ടണോ’ എന്നു ചോദിച്ചു. 29 അയാൾ പറഞ്ഞു: ‘വേണ്ടാ; കളകൾ പറിക്കുമ്പോൾ ഗോതമ്പുംകൂടെ പിഴുതുപോരും. 30 കൊയ്ത്തുവരെ രണ്ടും ഒന്നിച്ച് വളരട്ടെ. ആ സമയത്ത് ഞാൻ കൊയ്ത്തുകാരോട്, ആദ്യം കളകൾ പറിച്ചുകൂട്ടി ചുട്ടുകളയേണ്ടതിനു കെട്ടുകളാക്കാനും പിന്നെ ഗോതമ്പ് എന്റെ സംഭരണശാലയിൽ ശേഖരിക്കാനും പറയും.’”+
31 യേശു അവരോടു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: “സ്വർഗരാജ്യം ഒരു മനുഷ്യൻ അയാളുടെ വയലിൽ വിതച്ച കടുകുമണിപോലെയാണ്.+ 32 വിത്തുകളിൽവെച്ച് ഏറ്റവും ചെറുതാണെങ്കിലും അതു വളർന്ന് തോട്ടത്തിലെ ഏറ്റവും വലുപ്പമുള്ള ഒരു മരമായിത്തീരുന്നു. ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ കൊമ്പുകളിൽ ചേക്കേറുന്നു.”
33 വേറെയും ഒരു ദൃഷ്ടാന്തം യേശു അവരോടു പറഞ്ഞു: “സ്വർഗരാജ്യം പുളിപ്പിക്കാൻ ഉപയോഗിക്കുന്ന മാവുപോലെയാണ്. ഒരു സ്ത്രീ അത് എടുത്ത് മൂന്നു സെയാ മാവിൽ കലർത്തിവെച്ചു; അങ്ങനെ അതു മുഴുവൻ പുളിച്ചു.”+
34 യേശു ഇതൊക്കെ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചാണു ജനക്കൂട്ടത്തോടു പറഞ്ഞത്. ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു.+ 35 അങ്ങനെ ഈ പ്രവാചകവചനം നിറവേറി: “ഞാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കും. തുടക്കംമുതൽ മറഞ്ഞിരിക്കുന്നവ ഞാൻ പ്രസിദ്ധമാക്കും.”+
36 ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം യേശു വീട്ടിലേക്കു പോയി. അപ്പോൾ ശിഷ്യന്മാർ അകത്ത് ചെന്ന്, “വയലിലെ കളകളുടെ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരാമോ” എന്നു ചോദിച്ചു. 37 അപ്പോൾ യേശു അവരോടു പറഞ്ഞു: “നല്ല വിത്തു വിതയ്ക്കുന്നവൻ മനുഷ്യപുത്രൻ. 38 വയൽ ലോകം.+ നല്ല വിത്തു ദൈവരാജ്യത്തിന്റെ പുത്രന്മാർ. കളകളോ ദുഷ്ടന്റെ പുത്രന്മാർ.+ 39 കളകൾ വിതച്ച ശത്രു പിശാച്. കൊയ്ത്ത്, വ്യവസ്ഥിതിയുടെ അവസാനകാലം. കൊയ്യുന്നവർ ദൂതന്മാർ. 40 കളകൾ പറിച്ചുകൂട്ടി തീയിലിട്ട് ചുട്ടുകളയുന്നതുപോലെതന്നെ വ്യവസ്ഥിതിയുടെ അവസാനകാലത്ത് സംഭവിക്കും.+ 41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയയ്ക്കും; ആളുകളെ പാപത്തിൽ വീഴിക്കുന്ന എല്ലാത്തിനെയും നിയമലംഘകരെയും അവർ അവന്റെ രാജ്യത്തുനിന്ന് ശേഖരിച്ച് 42 തീച്ചൂളയിലേക്ക് എറിഞ്ഞുകളയും.+ അവിടെ കിടന്ന് അവർ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും. 43 അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും.+ ചെവിയുള്ളവൻ കേൾക്കട്ടെ.
44 “സ്വർഗരാജ്യം വയലിൽ മറഞ്ഞിരിക്കുന്ന ഒരു നിധിപോലെയാണ്. ഒരു മനുഷ്യൻ അതു കണ്ടപ്പോൾ അവിടെത്തന്നെ ഒളിപ്പിച്ചുവെച്ചിട്ട് സന്തോഷത്തോടെ പോയി തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ വാങ്ങി.+
45 “കൂടാതെ, സ്വർഗരാജ്യം മേന്മയേറിയ മുത്തുകൾ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരിയെപ്പോലെയാണ്. 46 അയാൾ വിലയേറിയ ഒരു മുത്തു കണ്ടെത്തിയപ്പോൾ പോയി ഉടൻതന്നെ തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങി.+
47 “സ്വർഗരാജ്യം, കടലിലേക്ക് ഇറക്കുന്ന ഒരു വലപോലെയുമാണ്, എല്ലാ തരം മീനുകളെയും പിടിക്കുന്ന ഒരു വല! 48 അതു നിറഞ്ഞപ്പോൾ അവർ അതു വലിച്ച് കരയ്ക്കു കയറ്റി. പിന്നെ അവർ അവിടെ ഇരുന്ന് കൊള്ളാവുന്നവയെയെല്ലാം+ പാത്രങ്ങളിൽ ശേഖരിച്ച് കൊള്ളാത്തവയെ+ എറിഞ്ഞുകളഞ്ഞു. 49 അങ്ങനെതന്നെയായിരിക്കും വ്യവസ്ഥിതിയുടെ അവസാനകാലത്തും സംഭവിക്കുന്നത്.+ ദൂതന്മാർ ചെന്ന് നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിച്ച് 50 തീച്ചൂളയിലേക്ക് എറിഞ്ഞുകളയും. അവിടെ കിടന്ന് അവർ കരഞ്ഞ് നിരാശയോടെ പല്ലിറുമ്മും.
51 “ഈ കാര്യങ്ങളുടെയെല്ലാം സാരം നിങ്ങൾക്കു മനസ്സിലായോ” എന്ന് യേശു ചോദിച്ചപ്പോൾ, “മനസ്സിലായി” എന്ന് അവർ പറഞ്ഞു. 52 യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് അതു മനസ്സിലായ സ്ഥിതിക്ക് ഇതുംകൂടെ ഞാൻ പറയാം: സ്വർഗരാജ്യത്തെക്കുറിച്ച് അറിവ് നേടി അതു പഠിപ്പിക്കുന്ന ഏതൊരു ശിഷ്യനും തന്റെ അമൂല്യവസ്തുക്കളുടെ ശേഖരത്തിൽനിന്ന് പുതിയതും പഴയതും പുറത്തെടുക്കുന്ന ഒരു വീട്ടുകാരനെപ്പോലെയാണ്.”
53 ഈ ദൃഷ്ടാന്തങ്ങൾ പറഞ്ഞുതീർന്നശേഷം യേശു അവിടെനിന്ന് പോയി. 54 സ്വന്തം നാട്ടിലെത്തിയ+ യേശു സിനഗോഗിൽ ചെന്ന് ആളുകളെ പഠിപ്പിക്കാൻതുടങ്ങി. അവർ ആശ്ചര്യത്തോടെ പറഞ്ഞു: “ഈ ജ്ഞാനവും അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവും ഇയാൾക്ക് എവിടെനിന്ന് കിട്ടി?+ 55 ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ?+ ഇയാളുടെ അമ്മയുടെ പേര് മറിയ എന്നല്ലേ? ഇയാളുടെ സഹോദരന്മാരല്ലേ യാക്കോബും യോസേഫും ശിമോനും യൂദാസും?+ 56 ഇയാളുടെ സഹോദരിമാരെല്ലാം നമ്മുടെകൂടെയില്ലേ? പിന്നെ, ഇയാൾക്ക് ഇതൊക്കെ എവിടെനിന്ന് കിട്ടി?”+ 57 ഇങ്ങനെ പറഞ്ഞ് അവർ യേശുവിൽ വിശ്വസിക്കാതിരുന്നു.+ എന്നാൽ യേശു അവരോട്, “ഒരു പ്രവാചകനെ സ്വന്തം നാട്ടുകാരും വീട്ടുകാരും മാത്രമേ ആദരിക്കാതിരിക്കൂ”+ എന്നു പറഞ്ഞു. 58 അവർക്കു വിശ്വാസമില്ലാത്തതുകൊണ്ട് യേശു അവിടെ അധികം അത്ഭുതങ്ങൾ ചെയ്തില്ല.