മത്തായി എഴുതിയത്
11 തന്റെ 12 ശിഷ്യന്മാർക്കു നിർദേശങ്ങൾ കൊടുത്തശേഷം, യേശു മറ്റു നഗരങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനും പോയി.+
2 ജയിലിലായിരുന്ന യോഹന്നാൻ+ ക്രിസ്തുവിന്റെ പ്രവൃത്തികളെക്കുറിച്ച് കേട്ടിട്ട് തന്റെ ശിഷ്യന്മാരെ അയച്ച്+ 3 അദ്ദേഹത്തോട്, “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ”+ എന്നു ചോദിച്ചു. 4 യേശു അവരോടു പറഞ്ഞു: “നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്, പോയി യോഹന്നാനെ അറിയിക്കുക:+ 5 അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ+ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു, ദരിദ്രരോടു സന്തോഷവാർത്ത അറിയിക്കുന്നു.+ 6 ഞാൻ കാരണം വിശ്വാസത്തിൽനിന്ന് വീണുപോകാത്തവൻ സന്തുഷ്ടൻ.”+
7 അവർ പോയപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച് ഇങ്ങനെ പറഞ്ഞുതുടങ്ങി: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്?+ കാറ്റത്ത് ആടിയുലയുന്ന ഈറ്റയോ?+ 8 അല്ല, നിങ്ങൾ എന്തു കാണാനാണു പോയത്? പട്ടുവസ്ത്രം* ധരിച്ച മനുഷ്യനെയോ? പട്ടുവസ്ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്? 9 അല്ലെങ്കിൽപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? ശരിയാണ്, എന്നാൽ പ്രവാചകനിലും വലിയവനെത്തന്നെ എന്നു ഞാൻ പറയുന്നു.+ 10 ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ* അയയ്ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’ എന്ന് എഴുതിയിരിക്കുന്നത് ഈ യോഹന്നാനെക്കുറിച്ചാണ്!+ 11 സ്ത്രീകൾക്കു ജനിച്ചവരിൽ സ്നാപകയോഹന്നാനെക്കാൾ വലിയവനായി ആരും എഴുന്നേറ്റിട്ടില്ല. എന്നാൽ സ്വർഗരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 12 സ്നാപകയോഹന്നാന്റെ കാലംമുതൽ ഇന്നോളം സ്വർഗരാജ്യം എന്ന ലക്ഷ്യത്തിൽ എത്താനാണു മനുഷ്യർ പരിശ്രമിക്കുന്നത്. വിടാതെ പരിശ്രമിക്കുന്നവർ അതു കൈവശമാക്കുകയും ചെയ്യുന്നു.+ 13 എല്ലാ പ്രവാചകന്മാരും നിയമവും യോഹന്നാന്റെ കാലംവരെ പ്രവചിച്ചു.+ 14 ‘വരാനിരിക്കുന്ന ഏലിയ’ യോഹന്നാൻതന്നെ എന്നു മനസ്സുണ്ടെങ്കിൽ അംഗീകരിക്കുക.+ 15 ചെവിയുള്ളവൻ കേൾക്കട്ടെ.+
16 “ഈ തലമുറയെ ഞാൻ ആരോട് ഉപമിക്കും?+ അവർ ചന്തസ്ഥലങ്ങളിൽ ഇരുന്ന് കളിക്കൂട്ടുകാരോട് ഇങ്ങനെ വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്: 17 ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങളോ നൃത്തം ചെയ്തില്ല. ഞങ്ങൾ വിലാപഗീതം പാടി, നിങ്ങളോ നെഞ്ചത്തടിച്ചില്ല.’ 18 അതുപോലെ യോഹന്നാൻ തിന്നാത്തവനും കുടിക്കാത്തവനും+ ആയി വന്നപ്പോൾ, ‘അവനു ഭൂതബാധയുണ്ട് ’ എന്ന് ആളുകൾ പറഞ്ഞു. 19 എന്നാൽ മനുഷ്യപുത്രൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ+ ‘ഇതാ! തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആയ മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’+ എന്ന് അവർ പറഞ്ഞു. പക്ഷേ ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ* നീതിയുള്ളതെന്നു തെളിയും.”*+
20 പിന്നെ, തന്റെ അത്ഭുതങ്ങൾ മിക്കതും നടന്ന നഗരങ്ങൾ മാനസാന്തരപ്പെടാഞ്ഞതുകൊണ്ട്+ യേശു അവയെ അപലപിച്ചു: 21 “കോരസീനേ, ബേത്ത്സയിദേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നെങ്കിൽ അവർ പണ്ടേ വിലാപവസ്ത്രം ധരിച്ച് ചാരത്തിൽ ഇരുന്ന് പശ്ചാത്തപിച്ചേനേ.+ 22 അതുകൊണ്ട് സോരിനും സീദോനും+ ന്യായവിധിദിവസം ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും നിങ്ങളുടേത്+ എന്നു ഞാൻ പറയുന്നു. 23 നീയോ കഫർന്നഹൂമേ,+ നീ ആകാശത്തോളം ഉയരുമോ? നിന്നെ ശവക്കുഴിയോളം താഴ്ത്തും.+ നിന്നിൽ നടന്ന അത്ഭുതപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നെങ്കിൽ അത് ഇന്നോളം നിലനിന്നേനേ. 24 അതുകൊണ്ട് ന്യായവിധിദിവസം സൊദോമിനു ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും നിന്റേതെന്നു ഞാൻ പറയുന്നു.”+
25 പിന്നെ യേശു പറഞ്ഞു: “‘പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ,* അങ്ങ് ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ചുവെച്ച് കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട്+ ഞാൻ അങ്ങയെ പരസ്യമായി സ്തുതിക്കുന്നു. 26 അതെ പിതാവേ, അങ്ങനെ ചെയ്യാനാണല്ലോ അങ്ങ് തീരുമാനിച്ചത്.’ 27 പിതാവ് എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു.+ പിതാവല്ലാതെ ആരും പുത്രനെ പൂർണമായി അറിയുന്നില്ല.+ പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്പര്യപ്പെടുന്നവനും അല്ലാതെ ആരും പിതാവിനെയും പൂർണമായി അറിയുന്നില്ല.+ 28 കഷ്ടപ്പെടുന്നവരേ,* ഭാരങ്ങൾ ചുമന്ന് വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത് വരൂ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരാം. 29 എന്റെ നുകം വഹിച്ച് എന്നിൽനിന്ന് പഠിക്കൂ.* ഞാൻ സൗമ്യനും+ താഴ്മയുള്ളവനും ആയതുകൊണ്ട്+ നിങ്ങൾക്ക് ഉന്മേഷം കിട്ടും; 30 കാരണം, എന്റെ നുകം മൃദുവും* എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്.”