അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
2 പെന്തിക്കോസ്ത് ഉത്സവത്തിന്റെ ദിവസം+ അവർ ഒരിടത്ത് കൂടിയിരിക്കുകയായിരുന്നു. 2 പെട്ടെന്ന് ആകാശത്തുനിന്ന് കൊടുങ്കാറ്റിന്റെ ഇരമ്പൽപോലെ ഒരു ശബ്ദം ഉണ്ടായി; അത് അവർ കൂടിയിരുന്ന വീടു മുഴുവൻ കേട്ടു.+ 3 നാക്കിന്റെ രൂപത്തിൽ തീനാളങ്ങൾപോലുള്ള എന്തോ അവർ കണ്ടു. അവ വേർതിരിഞ്ഞ് ഓരോന്നും ഓരോരുത്തരുടെ മേൽ വന്ന് നിന്നു. 4 അവർ എല്ലാവരും പരിശുദ്ധാത്മാവ് നിറഞ്ഞവരായി,+ ആത്മാവ് കൊടുത്ത കഴിവനുസരിച്ച് വ്യത്യസ്തഭാഷകളിൽ സംസാരിക്കാൻതുടങ്ങി.+
5 ആകാശത്തിനു കീഴെയുള്ള എല്ലാ രാജ്യങ്ങളിൽനിന്നും വന്ന ഭക്തരായ ജൂതന്മാർ അപ്പോൾ യരുശലേമിലുണ്ടായിരുന്നു.+ 6 ഈ ശബ്ദം കേട്ടപ്പോൾ ഒരു വലിയ ജനക്കൂട്ടം അവിടേക്കു വന്നു. അവരുടെ ഭാഷകളിൽ ശിഷ്യന്മാർ സംസാരിക്കുന്നതു കേട്ട് അവർ അമ്പരന്നുപോയി. 7 അവർ അതിശയത്തോടെ ഇങ്ങനെ പറഞ്ഞു: “ഇതു കണ്ടോ, ഈ സംസാരിക്കുന്നവരെല്ലാം ഗലീലക്കാരല്ലേ?+ 8 പിന്നെ എങ്ങനെയാണു നമുക്ക് ഓരോരുത്തർക്കും നമ്മുടെ സ്വന്തം ഭാഷ ഇവിടെ കേൾക്കാൻ കഴിയുന്നത്? 9 പാർത്തിയ, മേദ്യ,+ ഏലാം,+ മെസൊപ്പൊത്താമ്യ, യഹൂദ്യ, കപ്പദോക്യ, പൊന്തൊസ്, ഏഷ്യ സംസ്ഥാനം,+ 10 ഫ്രുഗ്യ, പംഫുല്യ, ഈജിപ്ത്, കുറേനയ്ക്കടുത്തുള്ള ലിബിയപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും, റോമിൽനിന്ന് വന്ന് താത്കാലികമായി അവിടെ താമസിക്കുന്ന ജൂതന്മാരും ജൂതമതം സ്വീകരിച്ചവരും,+ 11 ക്രേത്തരും, അറേബ്യക്കാരും ആയ നമ്മളെല്ലാം അവർ നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ മഹാകാര്യങ്ങൾ പറയുന്നതു കേൾക്കുന്നു!” 12 അവർ എല്ലാവരും അതിശയത്തോടെയും പരിഭ്രമത്തോടെയും, “എന്താണ് ഇതിന്റെയൊക്കെ അർഥം” എന്നു തമ്മിൽ ചോദിച്ചു. 13 വേറെ ചിലർ, “വീഞ്ഞു കുടിച്ച് ഇവർക്കു ലഹരിപിടിച്ചതാണ്” എന്നു പറഞ്ഞ് പരിഹസിച്ചു.
14 അപ്പോൾ പത്രോസ് മറ്റ് 11 അപ്പോസ്തലന്മാരോടൊപ്പം+ എഴുന്നേറ്റുനിന്ന് അവരോട് ഉറക്കെ പറഞ്ഞു: “യഹൂദ്യപുരുഷന്മാരേ, യരുശലേംനിവാസികളേ, ഇതു മനസ്സിലാക്കിക്കൊള്ളുക; ഞാൻ പറയുന്നതു ശ്രദ്ധിച്ചുകേൾക്കൂ. 15 നിങ്ങൾ കരുതുന്നതുപോലെ ഈ ആളുകൾ മദ്യപിച്ചിട്ടില്ല. ഇപ്പോൾ മൂന്നാം മണി നേരമല്ലേ ആയിട്ടുള്ളൂ? 16 വാസ്തവത്തിൽ, യോവേൽ പ്രവാചകൻ മുൻകൂട്ടിപ്പറഞ്ഞ ഒരു കാര്യമാണ് ഇത്: 17 ‘ദൈവം പറയുന്നു: “അവസാനകാലത്ത് ഞാൻ എല്ലാ തരം ആളുകളുടെ മേലും എന്റെ ആത്മാവിൽ കുറച്ച് പകരും. നിങ്ങളുടെ ആൺമക്കളും പെൺമക്കളും പ്രവചിക്കും; നിങ്ങൾക്കിടയിലെ ചെറുപ്പക്കാർ ദിവ്യദർശനങ്ങളും പ്രായമായവർ സ്വപ്നങ്ങളും കാണും.+ 18 അന്ന് എന്റെ ദാസീദാസന്മാരുടെ മേൽപോലും ഞാൻ എന്റെ ആത്മാവിൽ കുറച്ച് പകരും; അവർ പ്രവചിക്കും.+ 19 ഞാൻ മുകളിൽ ആകാശത്ത് അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; അതെ, രക്തവും തീയും പുകപടലവും ദൃശ്യമാകും. 20 യഹോവയുടെ ഭയങ്കരവും ഉജ്ജ്വലവും ആയ ദിവസം വരുന്നതിനു മുമ്പ് സൂര്യൻ ഇരുണ്ടുപോകും, ചന്ദ്രൻ രക്തമായി മാറും. 21 എന്നാൽ യഹോവയുടെ പേര് വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും രക്ഷ കിട്ടും.”’+
22 “ഇസ്രായേൽപുരുഷന്മാരേ, ഇതു കേൾക്കുക: നിങ്ങൾക്ക് അറിയാവുന്നതുപോലെ, നസറെത്തുകാരനായ യേശു എന്ന മനുഷ്യനെ ഉപയോഗിച്ച് ദൈവം നിങ്ങൾക്കിടയിൽ അത്ഭുതങ്ങളും അടയാളങ്ങളും മഹത്തായ കാര്യങ്ങളും ചെയ്തു. അങ്ങനെ യേശുവിനെ അയച്ചതു താനാണെന്നു ദൈവം നിങ്ങൾക്കു വെളിപ്പെടുത്തിത്തന്നു.+ 23 ദൈവത്തിനു മുന്നമേ അറിയാമായിരുന്നതുപോലെ, ആ മനുഷ്യനെ ദൈവം തന്റെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ+ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങൾ ആ മനുഷ്യനെ ദുഷ്ടന്മാരുടെ* സഹായത്താൽ സ്തംഭത്തിൽ തറച്ചുകൊന്നു.+ 24 എന്നാൽ യേശു മരണത്തിന്റെ പിടിയിൽ കഴിയേണ്ടവനല്ലായിരുന്നു;+ ദൈവം യേശുവിനെ മരണത്തിന്റെ വേദനയിൽനിന്ന് വിടുവിച്ച് ഉയിർപ്പിച്ചു.+ 25 ദാവീദ് യേശുവിനെക്കുറിച്ച് ഇങ്ങനെ പറയുന്നു: ‘ഞാൻ യഹോവയെ എപ്പോഴും എന്റെ മുന്നിൽ* വെക്കുന്നു. ദൈവം എന്റെ വലതുഭാഗത്തുള്ളതിനാൽ ഞാൻ ഒരിക്കലും കുലുങ്ങില്ല. 26 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിക്കുകയും എന്റെ നാവ് വളരെയധികം ആഹ്ലാദിക്കുകയും ചെയ്തു. ഞാൻ പ്രത്യാശയോടെ കഴിയും; 27 കാരണം അങ്ങ് എന്നെ ശവക്കുഴിയിൽ വിട്ടുകളയില്ല; അങ്ങയുടെ വിശ്വസ്തൻ ജീർണിച്ചുപോകാൻ അനുവദിക്കുകയുമില്ല.+ 28 ജീവന്റെ വഴികൾ അങ്ങ് എനിക്കു കാണിച്ചുതന്നു. അങ്ങയുടെ സന്നിധിയിൽവെച്ച് അങ്ങ് എന്നിൽ ആഹ്ലാദം നിറയ്ക്കും.’+
29 “സഹോദരന്മാരേ, ഗോത്രപിതാവായ ദാവീദ് മരിച്ച് അടക്കപ്പെട്ടെന്ന്+ എനിക്കു നിങ്ങളോടു ധൈര്യത്തോടെ പറയാം. ദാവീദിന്റെ കല്ലറ ഇന്നും ഇവിടെയുണ്ട്. 30 ദാവീദ് ഒരു പ്രവാചകനായിരുന്നു; ദാവീദിന്റെ സന്തതികളിൽ ഒരാളെ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നു ദൈവം സത്യം ചെയ്തിരുന്നു.+ 31 അതുകൊണ്ട് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട്, ക്രിസ്തുവിനെ ശവക്കുഴിയിൽ ഉപേക്ഷിക്കില്ല, ക്രിസ്തുവിന്റെ ശരീരം ജീർണിക്കില്ല എന്നു ദാവീദ് പറഞ്ഞു.+ 32 ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങൾ എല്ലാവരും സാക്ഷികളാണ്.+ 33 ദൈവത്തിന്റെ വലതുഭാഗത്തേക്ക്* ഉയർത്തപ്പെട്ട+ യേശുവിനു പിതാവ് വാഗ്ദാനം ചെയ്തിരുന്ന പരിശുദ്ധാത്മാവ് ലഭിച്ചു.+ യേശു അതു ഞങ്ങളുടെ മേൽ പകർന്നതിന്റെ ഫലമാണു നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത്. 34 ദാവീദ് സ്വർഗാരോഹണം ചെയ്തില്ല; എന്നാൽ ദാവീദ് പറഞ്ഞു: ‘യഹോവ എന്റെ കർത്താവിനോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുന്നതുവരെ 35 എന്റെ വലതുവശത്ത് ഇരിക്കുക.”’+ 36 അതുകൊണ്ട്, നിങ്ങൾ സ്തംഭത്തിൽ തറച്ചുകൊന്ന+ ഈ യേശുവിനെ ദൈവം കർത്താവും+ ക്രിസ്തുവും ആക്കിയെന്ന യാഥാർഥ്യം ഇസ്രായേൽഗൃഹം മുഴുവനും അറിയട്ടെ.”
37 ഇതു കേട്ടപ്പോൾ മനസ്സാക്ഷിക്കുത്തു തോന്നിയ* അവർ പത്രോസിനോടും മറ്റ് അപ്പോസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണു ചെയ്യേണ്ടത്” എന്നു ചോദിച്ചു. 38 പത്രോസ് അവരോടു പറഞ്ഞു: “മാനസാന്തരപ്പെടൂ,+ നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽക്കൂ;+ അപ്പോൾ പരിശുദ്ധാത്മാവ് എന്ന സമ്മാനം നിങ്ങൾക്കു സൗജന്യമായി കിട്ടും. 39 ഈ വാഗ്ദാനം+ നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ദൂരെയുള്ള എല്ലാവർക്കും വേണ്ടിയുള്ളതാണ്. നമ്മുടെ ദൈവമായ യഹോവ തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കും ആ വാഗ്ദാനം ലഭിച്ചിരിക്കുന്നു.”+ 40 പത്രോസ് മറ്റു പല കാര്യങ്ങളും അവരോടു പറഞ്ഞു. അങ്ങനെ സമഗ്രമായ സാക്ഷ്യം നൽകി. “ഈ ദുഷ്ടതലമുറയിൽനിന്ന്+ രക്ഷപ്പെടുക” എന്നു പത്രോസ് പലവട്ടം അവരെ ഉപദേശിച്ചു. 41 പത്രോസിന്റെ ഉപദേശം സന്തോഷത്തോടെ സ്വീകരിച്ചവർ സ്നാനമേറ്റു.+ അന്ന് ഏകദേശം 3,000 പേർ അവരോടൊപ്പം ചേർന്നു.+ 42 അവർ ഉത്സാഹത്തോടെ അപ്പോസ്തലന്മാരിൽനിന്ന് പഠിക്കുകയും ഒരുമിച്ചുകൂടി ഭക്ഷണം കഴിക്കുകയും+ പ്രാർഥിക്കുകയും ചെയ്തുപോന്നു.+
43 എല്ലാവരിലും ഭയം നിറഞ്ഞു. അപ്പോസ്തലന്മാർ അനേകം അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തുകൊണ്ടിരുന്നു.+ 44 വിശ്വാസികളായിത്തീർന്ന എല്ലാവരും ഒരുമിച്ച് കൂടിവരുകയും അവർക്കുള്ളതെല്ലാം പൊതുവകയായി കരുതുകയും 45 അവരുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ്+ ആ തുക ഓരോരുത്തരുടെയും ആവശ്യമനുസരിച്ച് വീതിച്ചുകൊടുക്കുകയും ചെയ്തു.+ 46 അവർ മുടങ്ങാതെ എല്ലാ ദിവസവും ഒരേ മനസ്സോടെ ദേവാലയത്തിൽ വരുകയും പലപല വീടുകളിൽവെച്ച് ഭക്ഷണം കഴിക്കുകയും നിറഞ്ഞ മനസ്സോടെയും തികഞ്ഞ സന്തോഷത്തോടെയും ഭക്ഷണം പങ്കുവെക്കുകയും 47 ദൈവത്തെ സ്തുതിക്കുകയും എല്ലാവരുടെയും പ്രീതി സമ്പാദിക്കുകയും ചെയ്തു. രക്ഷിക്കപ്പെടുന്നവരെ യഹോവ ദിവസംതോറും അവരോടൊപ്പം ചേർത്തുകൊണ്ടിരുന്നു.+