മത്തായി എഴുതിയത്
16 പരീശന്മാരും സദൂക്യരും വന്ന് യേശുവിനെ പരീക്ഷിക്കേണ്ടതിന് ആകാശത്തുനിന്ന് ഒരു അടയാളം കാണിക്കാൻ ആവശ്യപ്പെട്ടു.+ 2 അപ്പോൾ യേശു അവരോടു പറഞ്ഞു: “സന്ധ്യാസമയത്ത്, ‘ആകാശം ചുവന്നിരിക്കുന്നതുകൊണ്ട് ഇന്നു കാലാവസ്ഥ നല്ലതായിരിക്കും’ എന്നു നിങ്ങൾ പറയുന്നു.+ 3 എന്നാൽ രാവിലെ, ‘ആകാശം ചുവന്നും ഇരുണ്ടും ഇരിക്കുന്നതുകൊണ്ട് ഇന്നു തണുപ്പും മഴയും ഉണ്ടാകും’ എന്നും നിങ്ങൾ പറയാറുണ്ടല്ലോ. ആകാശത്തിന്റെ ഭാവമാറ്റങ്ങൾ നിങ്ങൾ വിവേചിച്ചറിയുന്നു. എന്നാൽ കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ചറിയാൻ നിങ്ങൾക്കു കഴിയുന്നില്ല. 4 ദുഷ്ടന്മാരുടെയും വ്യഭിചാരികളുടെയും ഒരു തലമുറ അടയാളം* അന്വേഷിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യോനയുടെ അടയാളമല്ലാതെ+ മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ല.”+ ഇതു പറഞ്ഞിട്ട് യേശു അവരെ വിട്ട് പോയി.
5 ശിഷ്യന്മാർ അക്കരയ്ക്കു പോയി. അവർ അപ്പം എടുക്കാൻ മറന്നുപോയിരുന്നു.+ 6 യേശു അവരോടു പറഞ്ഞു: “സൂക്ഷിച്ചുകൊള്ളുക! പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിനെക്കുറിച്ച് ജാഗ്രത വേണം.”+ 7 ഇതു കേട്ട അവർ, “നമ്മൾ അപ്പം എടുക്കാൻ മറന്നതുകൊണ്ടായിരിക്കും” എന്നു തമ്മിൽ പറഞ്ഞു. 8 ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഇത്ര വിശ്വാസമേ ഉള്ളോ? നിങ്ങൾ എന്തിനാണ് അപ്പമില്ലാത്തതിനെക്കുറിച്ച് തമ്മിൽത്തമ്മിൽ പറയുന്നത്? 9 ഇപ്പോഴും നിങ്ങൾക്കു കാര്യം പിടികിട്ടുന്നില്ലേ? അഞ്ച് അപ്പം 5,000 പേർക്കു കൊടുത്തിട്ട് എത്ര കൊട്ട നിറച്ചെടുത്തെന്നു നിങ്ങൾ ഓർക്കുന്നില്ലേ?+ 10 ഏഴ് അപ്പം 4,000 പേർക്കു കൊടുത്തിട്ട് എത്ര കൊട്ട നിറച്ചെടുത്തെന്നും നിങ്ങൾക്ക് ഓർമയില്ലേ?+ 11 ഞാൻ പറഞ്ഞത് അപ്പത്തിന്റെ കാര്യമല്ലെന്നു നിങ്ങൾ തിരിച്ചറിയാത്തത് എന്താണ്? പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ച മാവിന്+ എതിരെ ജാഗ്രത പാലിക്കാനാണു ഞാൻ പറഞ്ഞത്.” 12 അങ്ങനെ, അപ്പം ഉണ്ടാക്കുന്ന പുളിച്ച മാവിന്റെ കാര്യമല്ല, പരീശന്മാരും സദൂക്യരും പഠിപ്പിക്കുന്ന കാര്യങ്ങൾക്കെതിരെ ജാഗ്രത പാലിക്കാനാണു യേശു പറഞ്ഞതെന്ന് അവർക്കു മനസ്സിലായി.
13 കൈസര്യഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ യേശു ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാണെന്നാണു ജനം പറയുന്നത് ” എന്നു ചോദിച്ചു.+ 14 “ചിലർ സ്നാപകയോഹന്നാൻ+ എന്നും മറ്റു ചിലർ ഏലിയ+ എന്നും വേറെ ചിലർ യിരെമ്യയോ ഏതോ ഒരു പ്രവാചകനോ എന്നും പറയുന്നു” എന്ന് അവർ പറഞ്ഞു. 15 യേശു അവരോടു ചോദിച്ചു: “ഞാൻ ആരാണെന്നാണു നിങ്ങൾക്കു തോന്നുന്നത്?” 16 ശിമോൻ പത്രോസ് പറഞ്ഞു: “അങ്ങ് ജീവനുള്ള ദൈവത്തിന്റെ മകനായ ക്രിസ്തുവാണ്.”+ 17 അപ്പോൾ യേശു പത്രോസിനോട്: “യോനയുടെ മകനായ ശിമോനേ, നിനക്കു സന്തോഷിക്കാം. കാരണം, മനുഷ്യരല്ല,* സ്വർഗസ്ഥനായ എന്റെ പിതാവാണു നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്.+ 18 ഞാൻ നിന്നോടു പറയുന്നു: നീ പത്രോസാണ്;+ ഈ പാറമേൽ+ ഞാൻ എന്റെ സഭ പണിയും. ശവക്കുഴിയുടെ കവാടങ്ങൾ അതിനെ ജയിച്ചടക്കില്ല.+ 19 സ്വർഗരാജ്യത്തിന്റെ താക്കോലുകൾ ഞാൻ നിനക്കു തരും. നീ ഭൂമിയിൽ എന്തു കെട്ടിയാലും അത് അതിനു മുമ്പേ സ്വർഗത്തിൽ കെട്ടിയിട്ടുണ്ടാകും. നീ ഭൂമിയിൽ എന്ത് അഴിച്ചാലും അത് അതിനു മുമ്പേ സ്വർഗത്തിൽ അഴിച്ചിട്ടുണ്ടാകും.”+ 20 പിന്നെ, താൻ ക്രിസ്തുവാണെന്ന് ആരോടും പറയരുതെന്നു യേശു ശിഷ്യന്മാരോടു കർശനമായി പറഞ്ഞു.+
21 ആ സമയംമുതൽ യേശു, താൻ യരുശലേമിലേക്കു പോകേണ്ടതാണെന്നും മൂപ്പന്മാരും മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും പല വിധത്തിൽ തന്നെ ഉപദ്രവിക്കുമെന്നും ശിഷ്യന്മാരോടു പറഞ്ഞുതുടങ്ങി. കൂടാതെ താൻ കൊല്ലപ്പെടുമെന്നും എന്നാൽ മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും+ യേശു അവരോടു പറഞ്ഞു. 22 ഇതു കേട്ടപ്പോൾ പത്രോസ് യേശുവിനെ മാറ്റിനിറുത്തി ശകാരിച്ചു. പത്രോസ് പറഞ്ഞു: “കർത്താവേ, അങ്ങനെ പറയരുത്. അങ്ങയ്ക്ക് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല.”+ 23 അപ്പോൾ യേശു പുറംതിരിഞ്ഞ് പത്രോസിനോടു പറഞ്ഞു: “സാത്താനേ, എന്റെ മുന്നിൽനിന്ന്* മാറൂ! നീ എന്റെ വഴിയിൽ ഒരു തടസ്സമാണ്. നിന്റെ ചിന്തകൾ ദൈവത്തിന്റെ ചിന്തകളല്ല, മനുഷ്യരുടേതാണ്.”*+
24 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞു: “എന്റെ അനുഗാമിയാകാൻ ആഗ്രഹിക്കുന്നവൻ സ്വയം ത്യജിച്ച് തന്റെ ദണ്ഡനസ്തംഭം എടുത്ത് എന്നെ അനുഗമിക്കട്ടെ.+ 25 ആരെങ്കിലും തന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചാൽ അതു നഷ്ടമാകും. എന്നാൽ ആരെങ്കിലും എനിക്കുവേണ്ടി ജീവൻ നഷ്ടപ്പെടുത്തിയാൽ അയാൾക്ക് അതു തിരികെ കിട്ടും.+ 26 വാസ്തവത്തിൽ, ഒരാൾ ലോകം മുഴുവൻ നേടിയാലും ജീവൻ നഷ്ടപ്പെട്ടാൽ പിന്നെ എന്തു പ്രയോജനം?+ അല്ല, ഒരാൾ തന്റെ ജീവനു പകരമായി+ എന്തു കൊടുക്കും? 27 മനുഷ്യപുത്രൻ പിതാവിന്റെ മഹത്ത്വത്തിൽ തന്റെ ദൂതന്മാരോടൊപ്പം വരുമ്പോൾ+ ഓരോരുത്തനും അവനവന്റെ പ്രവൃത്തിക്കനുസരിച്ച് പ്രതിഫലം കൊടുക്കും.+ 28 ഇവിടെ നിൽക്കുന്നവരിൽ ചിലർ, മരിക്കുന്നതിനു മുമ്പ് മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+