അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ
17 അവർ അംഫിപൊലിസിലൂടെയും അപ്പൊലോന്യയിലൂടെയും യാത്ര ചെയ്ത് തെസ്സലോനിക്യയിൽ എത്തി.+ അവിടെ ജൂതന്മാരുടെ ഒരു സിനഗോഗുണ്ടായിരുന്നു. 2 പൗലോസ് പതിവുപോലെ+ അകത്ത് ചെന്നു. മൂന്നു ശബത്തുകളിൽ തിരുവെഴുത്തുകളിൽനിന്ന് അവരോടു ന്യായവാദം ചെയ്തു.+ 3 ക്രിസ്തു കഷ്ടം സഹിക്കുകയും+ മരിച്ചവരിൽനിന്ന് ഉയിർക്കുകയും ചെയ്യേണ്ടത്+ ആവശ്യമായിരുന്നു എന്നു പൗലോസ് വിശദീകരിക്കുകയും തിരുവെഴുത്തുകൾ ഉപയോഗിച്ച് തെളിയിക്കുകയും ചെയ്തു. “ഞാൻ നിങ്ങളോടു പറയുന്ന ഈ യേശുതന്നെയാണു ക്രിസ്തു” എന്നു പൗലോസ് പറഞ്ഞു. 4 അങ്ങനെ അവരിൽ ചിലർ വിശ്വാസികളായിത്തീർന്ന് പൗലോസിന്റെയും ശീലാസിന്റെയും കൂടെ ചേർന്നു.+ ദൈവഭക്തരായ ഒരു വലിയ കൂട്ടം ഗ്രീക്കുകാരും പ്രമുഖരായ കുറെ സ്ത്രീകളും അങ്ങനെതന്നെ ചെയ്തു.
5 എന്നാൽ അസൂയ മൂത്ത ജൂതന്മാർ+ ചന്തസ്ഥലങ്ങളിൽ കറങ്ങിനടക്കുന്ന ചില ദുഷ്ടന്മാരെ കൂട്ടിവരുത്തി നഗരത്തെ ഇളക്കി. പൗലോസിനെയും ശീലാസിനെയും പിടിച്ച് ജനമധ്യത്തിലേക്കു കൊണ്ടുവരാൻവേണ്ടി അവർ യാസോന്റെ വീട് ആക്രമിച്ചു.+ 6 അവരെ കിട്ടാതെവന്നപ്പോൾ അവർ യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുത്തേക്കു ബലമായി കൊണ്ടുചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂലോകത്തെ കീഴ്മേൽ മറിച്ചവർ* ഇതാ, ഇവിടെയും എത്തിയിരിക്കുന്നു.+ 7 യാസോൻ അവരെ സ്വീകരിച്ച് അവർക്ക് ആതിഥ്യമരുളി. യേശു എന്ന വേറൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരൊക്കെ സീസറിന്റെ നിയമങ്ങളെ ധിക്കരിക്കുന്നു.”+ 8 ജനക്കൂട്ടവും നഗരാധിപന്മാരും ഇതു കേട്ട് അസ്വസ്ഥരായി. 9 എങ്കിലും യാസോനെയും മറ്റുള്ളവരെയും അവർ ജാമ്യത്തിൽ വിട്ടയച്ചു.
10 രാത്രിയായ ഉടനെ സഹോദരന്മാർ പൗലോസിനെയും ശീലാസിനെയും ബരോവയിലേക്ക് അയച്ചു. അവിടെ എത്തിയ അവർ ജൂതന്മാരുടെ സിനഗോഗിൽ ചെന്നു. 11 ബരോവക്കാർ തെസ്സലോനിക്യക്കാരെക്കാൾ മഹാമനസ്കരായിരുന്നു.* അവർ വളരെ ഉത്സാഹത്തോടെ ദൈവവചനം സ്വീകരിക്കുകയും കേട്ട കാര്യങ്ങൾ അങ്ങനെതന്നെയാണോ എന്ന് ഉറപ്പാക്കാൻ ദിവസവും ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തു. 12 അങ്ങനെ അവരിൽ അനേകർ വിശ്വാസികളായിത്തീർന്നു. ബഹുമാന്യരായ കുറെ ഗ്രീക്കുസ്ത്രീകളും പുരുഷന്മാരും വിശ്വാസം സ്വീകരിച്ചു. 13 പൗലോസ് ബരോവയിലും ദൈവവചനം അറിയിക്കുകയാണെന്നു തെസ്സലോനിക്യയിലെ ജൂതന്മാർ കേട്ടപ്പോൾ, ജനത്തെ ഇളക്കി കലഹമുണ്ടാക്കാൻ അവർ അവിടെയും എത്തി.+ 14 ഉടൻതന്നെ സഹോദരന്മാർ പൗലോസിനെ കടൽത്തീരത്തേക്കു യാത്രയാക്കി.+ എന്നാൽ ശീലാസും തിമൊഥെയൊസും അവിടെത്തന്നെ താമസിച്ചു. 15 കൂട്ടുപോയവർ പൗലോസിനെ ആതൻസ് വരെ കൊണ്ടുചെന്നാക്കി. ശീലാസും തിമൊഥെയൊസും+ കഴിവതും വേഗം തന്റെ അടുത്ത് എത്തണമെന്നു പറയാൻ പൗലോസ് അവരെ ഏൽപ്പിച്ചു.
16 ആതൻസിൽ അവർക്കുവേണ്ടി കാത്തിരിക്കുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നതു കണ്ട് പൗലോസിന്റെ മനസ്സ്* ആകെ അസ്വസ്ഥമായി. 17 അതുകൊണ്ട് പൗലോസ് സിനഗോഗിൽ കണ്ട ജൂതന്മാരോടും ദൈവത്തെ ആരാധിച്ചിരുന്ന മറ്റുള്ളവരോടും ചന്തസ്ഥലത്ത് ദിവസവും കണ്ടുമുട്ടിയവരോടും ന്യായവാദം ചെയ്തുപോന്നു. 18 എപ്പിക്കൂര്യർ, സ്തോയിക്കർ എന്നീ വിഭാഗങ്ങളിൽപ്പെട്ട തത്ത്വചിന്തകരിൽ ചിലർ പൗലോസിനോടു വാദിച്ചു. “ഈ വിടുവായൻ എന്താണു പറയാൻപോകുന്നത്” എന്നു ചിലരും “ഇയാൾ അന്യദൈവങ്ങളെക്കുറിച്ച് പറയുന്നവനാണെന്നു തോന്നുന്നു” എന്നു മറ്റു ചിലരും പറഞ്ഞു. പൗലോസ് യേശുവിനെയും പുനരുത്ഥാനത്തെയും കുറിച്ചുള്ള സന്തോഷവാർത്ത+ അറിയിച്ചതുകൊണ്ടാണ് അവർ ഇങ്ങനെയൊക്കെ പറഞ്ഞത്. 19 അങ്ങനെ അവർ പൗലോസിനെ അരയോപഗസിലേക്കു കൂട്ടിക്കൊണ്ടുപോയി. അവർ പൗലോസിനോടു പറഞ്ഞു: “താങ്കൾ പഠിപ്പിക്കുന്ന ഈ പുതിയ ഉപദേശത്തെക്കുറിച്ച് ഞങ്ങൾക്കു വിവരിച്ചുതരാമോ? 20 ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത കാര്യങ്ങളാണു താങ്കൾ പറയുന്നത്. അതിന്റെ അർഥം എന്താണെന്ന് അറിയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്.” 21 ആതൻസുകാരും അവിടെ വന്നുതാമസിക്കുന്ന വിദേശികളും പുതുമയുള്ള കാര്യങ്ങൾ കേൾക്കാനും പറയാനും ആണ് ഒഴിവുസമയങ്ങൾ മുഴുവൻ ചെലവഴിച്ചിരുന്നത്. 22 പൗലോസ് അരയോപഗസിനു+ നടുവിൽ നിന്നുകൊണ്ട് പറഞ്ഞുതുടങ്ങി:
“ആതൻസിലെ പുരുഷന്മാരേ, നിങ്ങൾ എല്ലാ വിധത്തിലും മറ്റുള്ളവരെക്കാൾ ദൈവഭയമുള്ളവരാണെന്ന്* എനിക്കു മനസ്സിലായി.+ 23 ഞാൻ നഗരത്തിലൂടെ നടന്ന സമയത്ത് നിങ്ങളുടെ ആരാധനാമൂർത്തികളെയൊക്കെ നിരീക്ഷിച്ചു. അക്കൂട്ടത്തിൽ, ‘അജ്ഞാതദൈവത്തിന്’ എന്ന് എഴുതിയിരിക്കുന്ന ഒരു യാഗപീഠവും കണ്ടു. ആരാണെന്ന് അറിയാതെ നിങ്ങൾ ആരാധിക്കുന്ന ആ ദൈവത്തെക്കുറിച്ചാണ് എനിക്കു നിങ്ങളോടു സംസാരിക്കാനുള്ളത്. 24 ലോകവും അതിലുള്ളതൊക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗത്തിനും ഭൂമിക്കും നാഥനായതുകൊണ്ട്+ മനുഷ്യർ പണിത ദേവാലയങ്ങളിൽ വസിക്കുന്നില്ല.+ 25 ദൈവത്തിന് ഒന്നിന്റെയും ആവശ്യമില്ല, മനുഷ്യരുടെ ശുശ്രൂഷയും ആവശ്യമില്ല.+ കാരണം, ദൈവമാണ് എല്ലാവർക്കും ജീവനും ശ്വാസവും+ മറ്റു സകലവും നൽകുന്നത്. 26 ഭൂമി മുഴുവൻ മനുഷ്യർ വസിക്കാനായി ദൈവം ഒരു മനുഷ്യനിൽനിന്ന്+ എല്ലാ ജനതകളെയും ഉണ്ടാക്കി;+ മനുഷ്യവാസത്തിന് അതിർത്തികളും നിശ്ചിതകാലഘട്ടങ്ങളും നിർണയിച്ചു;+ 27 കാരണം, തന്നെ മനുഷ്യർ അന്വേഷിക്കാനും തപ്പിത്തിരഞ്ഞ് കണ്ടെത്താനും+ ദൈവം ആഗ്രഹിക്കുന്നു. വാസ്തവത്തിൽ, ദൈവം നമ്മിൽ ആരിൽനിന്നും അകന്നിരിക്കുന്നില്ല. 28 ദൈവം കാരണമാണല്ലോ* നമ്മൾ ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നത്.+ ‘നമ്മളും അവന്റെ മക്കളാണ്’ എന്നു നിങ്ങളുടെ കവികളിൽ ചിലരും പറഞ്ഞിട്ടില്ലേ?
29 “അതുകൊണ്ട്, നമ്മൾ ദൈവത്തിന്റെ മക്കളായ സ്ഥിതിക്ക്,+ മനുഷ്യരായ നമ്മുടെ കലാവിരുതും ഭാവനയും കൊണ്ട് പൊന്നിലോ വെള്ളിയിലോ കല്ലിലോ തീർത്ത എന്തെങ്കിലുംപോലെയാണു ദൈവം എന്നു വിചാരിക്കരുത്.+ 30 കഴിഞ്ഞ കാലങ്ങളിൽ ദൈവം അത്തരം അറിവില്ലായ്മ കാര്യമായെടുത്തില്ല എന്നതു സത്യമാണ്.+ എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള മനുഷ്യരോടു മാനസാന്തരപ്പെടാൻ ദൈവം പ്രഖ്യാപിക്കുന്നു. 31 കാരണം താൻ നിയമിച്ച ഒരാളെ ഉപയോഗിച്ച് ഭൂലോകത്തെ മുഴുവൻ നീതിയോടെ ന്യായം വിധിക്കാൻ+ ദൈവം ഒരു ദിവസം നിശ്ചയിച്ചിട്ടുണ്ട്. ആ വ്യക്തിയെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ+ ദൈവം സകലർക്കും അതിന് ഉറപ്പു നൽകുകയും ചെയ്തിരിക്കുന്നു.”
32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ച് കേട്ടപ്പോൾ ചിലർ പൗലോസിനെ പരിഹസിച്ചു.+ എന്നാൽ വേറെ ചിലർ, “ഞങ്ങൾക്കു വീണ്ടും ഇതെക്കുറിച്ച് കേൾക്കണമെന്നുണ്ട്” എന്നു പറഞ്ഞു. 33 അങ്ങനെ പൗലോസ് അവിടെനിന്ന് പോയി. 34 എന്നാൽ ചിലർ പൗലോസിനോടു ചേർന്ന് വിശ്വാസികളായിത്തീർന്നു. അക്കൂട്ടത്തിൽ അരയോപഗസ് കോടതിയിലെ ഒരു ന്യായാധിപനായ ദിയൊനുസ്യോസും ദമരിസ് എന്നൊരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.