യോഹന്നാൻ എഴുതിയത്
1 ആരംഭത്തിൽ വചനമുണ്ടായിരുന്നു.+ വചനം ദൈവത്തിന്റെകൂടെയായിരുന്നു.+ വചനം ഒരു ദൈവമായിരുന്നു.+ 2 ആരംഭത്തിൽ വചനം ദൈവത്തിന്റെകൂടെയായിരുന്നു.+ 3 സകലവും വചനം മുഖാന്തരം ഉണ്ടായി.+ വചനത്തെക്കൂടാതെ ഒന്നും ഉണ്ടായിട്ടില്ല.
വചനം മുഖാന്തരം ഉണ്ടായതു ജീവനാണ്. 4 ജീവനോ മനുഷ്യരുടെ വെളിച്ചമായിരുന്നു.+ 5 വെളിച്ചം ഇരുട്ടിൽ പ്രകാശിക്കുന്നു.+ അതിനെ കീഴടക്കാൻ ഇരുട്ടിനു കഴിഞ്ഞിട്ടില്ല.
6 ദൈവത്തിന്റെ പ്രതിനിധിയായി അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു; പേര് യോഹന്നാൻ.+ 7 ഒരു സാക്ഷിയായിട്ടാണ് ഈ മനുഷ്യൻ വന്നത്; എല്ലാ തരം മനുഷ്യരും യോഹന്നാൻ മുഖാന്തരം വിശ്വസിക്കേണ്ടതിനു വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയാനാണ് അദ്ദേഹം വന്നത്.+ 8 പക്ഷേ ആ വെളിച്ചം യോഹന്നാനല്ലായിരുന്നു.+ യോഹന്നാന്റെ ദൗത്യം ആ വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയുക എന്നതായിരുന്നു.+
9 എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥവെളിച്ചം ലോകത്തേക്കു വരാനുള്ള സമയം അടുത്തിരുന്നു.+ 10 അദ്ദേഹം ലോകത്തുണ്ടായിരുന്നു.+ ലോകം ഉണ്ടായതുതന്നെ അദ്ദേഹം മുഖാന്തരമാണ്.+ എന്നിട്ടും ലോകം അദ്ദേഹത്തെ അറിഞ്ഞില്ല.* 11 അദ്ദേഹം സ്വന്തം വീട്ടിലേക്കു വന്നു. പക്ഷേ സ്വന്തം ആളുകൾപോലും അദ്ദേഹത്തെ അംഗീകരിച്ചില്ല.+ 12 എന്നാൽ തന്നെ സ്വീകരിച്ചവർക്കെല്ലാം അദ്ദേഹം ദൈവമക്കളാകാൻ+ അനുമതി കൊടുത്തു. കാരണം, അവർ അദ്ദേഹത്തിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു.+ 13 അവർ ജനിച്ചതു രക്തത്തിൽനിന്നല്ല; ശരീരത്തിന്റെ ഇഷ്ടത്താലോ പുരുഷന്റെ ഇഷ്ടത്താലോ അല്ല; ദൈവത്തിൽനിന്നാണ്.+
14 വചനം മനുഷ്യനായിത്തീർന്ന്+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും സത്യവും+ നിറഞ്ഞയാളായിരുന്നു. 15 (യോഹന്നാൻ അദ്ദേഹത്തെക്കുറിച്ച് സാക്ഷി പറഞ്ഞു. അതെ, യോഹന്നാൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “‘എന്റെ പിന്നാലെ വരുന്നയാൾ എന്റെ മുന്നിൽ കയറിക്കഴിഞ്ഞു. കാരണം, എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു’ എന്നു ഞാൻ പറഞ്ഞത് ഈ മനുഷ്യനെക്കുറിച്ചാണ്.”)+ 16 അദ്ദേഹത്തിന്റെ ആ നിറവിൽനിന്നാണു നമുക്ക് എല്ലാവർക്കും നിലയ്ക്കാത്ത അനർഹദയ ലഭിച്ചത്. 17 കാരണം നിയമം* മോശയിലൂടെയാണു+ കിട്ടിയതെങ്കിൽ അനർഹദയയും+ സത്യവും യേശുക്രിസ്തുവിലൂടെയാണു വന്നത്.+ 18 ആരും ഒരിക്കലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവത്തെക്കുറിച്ച് നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള+ ഏകജാതനായ ദൈവമാണ്.+
19 “അങ്ങ് ആരാണ്” എന്നു യോഹന്നാനോടു ചോദിക്കാൻ+ ജൂതന്മാർ യരുശലേമിൽനിന്ന് പുരോഹിതന്മാരെയും ലേവ്യരെയും യോഹന്നാന്റെ അടുത്തേക്ക് അയച്ചപ്പോൾ, 20 “ഞാൻ ക്രിസ്തുവല്ല” എന്ന് ഒട്ടും മടിക്കാതെ യോഹന്നാൻ സമ്മതിച്ചുപറഞ്ഞു.+ 21 “പിന്നെ അങ്ങ് ആരാണ്, ഏലിയയാണോ”+ എന്ന് അവർ ചോദിച്ചു. “അല്ല” എന്നു യോഹന്നാൻ പറഞ്ഞു.+ “അങ്ങ് ആ പ്രവാചകനാണോ”+ എന്നു ചോദിച്ചപ്പോഴും, “അല്ല” എന്നായിരുന്നു മറുപടി. 22 അപ്പോൾ അവർ യോഹന്നാനോടു ചോദിച്ചു: “എങ്കിൽ അങ്ങ് ആരാണ്? ഞങ്ങളെ അയച്ചവരോടു ഞങ്ങൾക്ക് ഉത്തരം പറയണമല്ലോ. അങ്ങയെക്കുറിച്ച് അങ്ങ് എന്തു പറയുന്നു?” 23 അപ്പോൾ യോഹന്നാൻ പറഞ്ഞു: “യശയ്യ പ്രവാചകൻ പറഞ്ഞതുപോലെ, ‘യഹോവയുടെ വഴി നേരെയാക്കുക’+ എന്നു വിജനഭൂമിയിൽ* വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാൻ.”+ 24 പരീശന്മാരായിരുന്നു അവരെ അയച്ചത്. 25 അവർ യോഹന്നാനോട്, “അങ്ങ് ക്രിസ്തുവോ ഏലിയയോ ആ പ്രവാചകനോ അല്ലെങ്കിൽ, പിന്നെ സ്നാനപ്പെടുത്തുന്നത് എന്തിനാണ്” എന്നു ചോദിച്ചു. 26 യോഹന്നാൻ അവരോടു പറഞ്ഞു: “ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നു. നിങ്ങൾ അറിയാത്ത ഒരാൾ നിങ്ങൾക്കിടയിലുണ്ട്. 27 അദ്ദേഹം എന്റെ പിന്നാലെ വരുന്നുണ്ട്. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.”+ 28 യോർദാന് അക്കരെ, യോഹന്നാൻ ആളുകളെ സ്നാനപ്പെടുത്തിക്കൊണ്ടിരുന്ന+ ബഥാന്യയിൽവെച്ചാണ് ഇതെല്ലാം സംഭവിച്ചത്.
29 പിറ്റേന്ന് യേശു അടുത്തേക്കു വരുന്നതു കണ്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന+ ദൈവത്തിന്റെ കുഞ്ഞാട്!+ 30 ഇദ്ദേഹത്തെക്കുറിച്ചാണു മുമ്പ് ഞാൻ ഇങ്ങനെ പറഞ്ഞത്: ‘എന്റെ പിന്നാലെ വരുന്ന ഒരാൾ എന്റെ മുന്നിൽ കയറിയിരിക്കുന്നു. കാരണം എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു.’+ 31 എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെ ഇസ്രായേലിനു വെളിപ്പെടുത്തിക്കൊടുക്കാൻവേണ്ടിയാണു ഞാൻ വെള്ളത്തിൽ സ്നാനപ്പെടുത്തുന്നവനായി വന്നത്.”+ 32 യോഹന്നാൻ ഇങ്ങനെയും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ് പ്രാവുപോലെ ആകാശത്തുനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അത് അദ്ദേഹത്തിന്റെ മേൽ വസിച്ചു.+ 33 എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ, വെള്ളത്തിൽ സ്നാനപ്പെടുത്താൻ എന്നെ അയച്ച ദൈവം എന്നോട്, ‘എന്റെ ആത്മാവ് ഇറങ്ങിവന്ന് ആരുടെ മേൽ വസിക്കുന്നതാണോ നീ കാണുന്നത്+ അവനാണു പരിശുദ്ധാത്മാവുകൊണ്ട് സ്നാനപ്പെടുത്തുന്നവൻ’+ എന്നു പറഞ്ഞു. 34 ഞാൻ അതു കണ്ടു. അതുകൊണ്ട് ഇദ്ദേഹമാണു ദൈവപുത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞിരിക്കുന്നു.”+
35 പിറ്റേന്നു യോഹന്നാൻ തന്റെ രണ്ടു ശിഷ്യന്മാരോടൊപ്പം നിൽക്കുമ്പോൾ 36 യേശു നടന്നുപോകുന്നതു കണ്ടിട്ട്, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്”+ എന്നു പറഞ്ഞു. 37 അതു കേട്ട് ആ രണ്ടു ശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു. 38 യേശു തിരിഞ്ഞുനോക്കിയപ്പോൾ അവർ പിന്നാലെ വരുന്നതു കണ്ടിട്ട് അവരോട്, “നിങ്ങൾക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു. അപ്പോൾ അവർ, “റബ്ബീ, (“ഗുരു” എന്ന് അർഥം) അങ്ങ് എവിടെയാണു താമസിക്കുന്നത്” എന്നു ചോദിച്ചു. 39 യേശു അവരോട്, “എന്റെകൂടെ വരൂ, കാണാമല്ലോ” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് യേശു താമസിക്കുന്ന സ്ഥലം കണ്ടു. അന്ന് അവർ യേശുവിന്റെകൂടെ താമസിച്ചു. അപ്പോൾ ഏകദേശം പത്താം മണി ആയിരുന്നു. 40 യോഹന്നാൻ പറഞ്ഞതു കേട്ട് യേശുവിനെ അനുഗമിച്ച രണ്ടു പേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസാണ്.+ 41 അന്ത്രയോസ് ആദ്യം സ്വന്തം സഹോദരനായ ശിമോനെ കണ്ടുപിടിച്ച്, “ഞങ്ങൾ മിശിഹയെ+ (“ക്രിസ്തു” എന്ന് അർഥം)+ കണ്ടെത്തി” എന്നു പറഞ്ഞു. 42 അന്ത്രയോസ് ശിമോനെ യേശുവിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുവന്നു. യേശു ശിമോനെ നോക്കി, “നീ യോഹന്നാന്റെ മകനായ ശിമോനാണല്ലോ.+ നീ കേഫ (പരിഭാഷപ്പെടുത്തുമ്പോൾ “പത്രോസ്”)+ എന്ന് അറിയപ്പെടും” എന്നു പറഞ്ഞു.
43 പിറ്റേന്ന് യേശു ഗലീലയിലേക്കു പോകാൻ തീരുമാനിച്ചു. യേശു ഫിലിപ്പോസിനെ കണ്ടപ്പോൾ,+ “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. 44 അന്ത്രയോസിന്റെയും പത്രോസിന്റെയും നഗരമായ ബേത്ത്സയിദയിൽനിന്നായിരുന്നു ഫിലിപ്പോസ്. 45 ഫിലിപ്പോസ് നഥനയേലിനെ+ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നയാളെ+ ഞങ്ങൾ കണ്ടെത്തി. യോസേഫിന്റെ മകനായ, നസറെത്തിൽനിന്നുള്ള യേശുവാണ് അത്.”+ 46 പക്ഷേ നഥനയേൽ ഫിലിപ്പോസിനോട്, “അതിന്, നസറെത്തിൽനിന്ന് എന്തു നന്മ വരാനാണ്”+ എന്നു ചോദിച്ചു. അപ്പോൾ ഫിലിപ്പോസ്, “നേരിട്ട് വന്ന് കാണൂ” എന്നു പറഞ്ഞു. 47 നഥനയേൽ അടുത്തേക്കു വരുന്നതു കണ്ട് യേശു നഥനയേലിനെക്കുറിച്ച്, “ഇതാ, ഒരു കാപട്യവുമില്ലാത്ത തനി ഇസ്രായേല്യൻ”+ എന്നു പറഞ്ഞു. 48 നഥനയേൽ യേശുവിനോട്, “അങ്ങയ്ക്ക് എന്നെ എങ്ങനെ അറിയാം” എന്നു ചോദിച്ചു. അപ്പോൾ യേശു പറഞ്ഞു: “ഫിലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ്, നീ ആ അത്തിയുടെ ചുവട്ടിലായിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു.” 49 അപ്പോൾ നഥനയേൽ പറഞ്ഞു: “റബ്ബീ, അങ്ങ് ദൈവപുത്രനാണ്, ഇസ്രായേലിന്റെ രാജാവ്.”+ 50 അപ്പോൾ യേശു നഥനയേലിനോടു ചോദിച്ചു: “അത്തിയുടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാളെല്ലാം വലിയ കാര്യങ്ങൾ നീ കാണും.” 51 പിന്നെ യേശു നഥനയേലിനോടു പറഞ്ഞു: “ആകാശം തുറന്നിരിക്കുന്നതും ദൈവദൂതന്മാർ അവിടേക്കു കയറിപ്പോകുന്നതും മനുഷ്യപുത്രന്റെ അടുത്തേക്ക് ഇറങ്ങിവരുന്നതും നിങ്ങൾ കാണും+ എന്നു സത്യംസത്യമായി ഞാൻ പറയുന്നു.”