മത്തായി എഴുതിയത്
6 “ആളുകളെ കാണിക്കാൻവേണ്ടി അവരുടെ മുന്നിൽവെച്ച് നീതിപ്രവൃത്തികൾ ചെയ്യാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളുക.+ അല്ലാത്തപക്ഷം സ്വർഗസ്ഥനായ നിങ്ങളുടെ പിതാവിൽനിന്ന് നിങ്ങൾക്ക് ഒരു പ്രതിഫലവും ലഭിക്കില്ല. 2 അതുകൊണ്ട് നിങ്ങൾ ദാനം ചെയ്യുമ്പോൾ+ നിങ്ങളുടെ മുന്നിൽ കാഹളം ഊതിക്കരുത്. കപടഭക്തർ ആളുകളിൽനിന്ന് പുകഴ്ച കിട്ടാൻവേണ്ടി സിനഗോഗുകളിലും തെരുവുകളിലും വെച്ച് അങ്ങനെ ചെയ്യാറുണ്ടല്ലോ.+ അവർക്കു പ്രതിഫലം മുഴുവനും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 3 എന്നാൽ നിങ്ങൾ ദാനം ചെയ്യുമ്പോൾ നിങ്ങളുടെ വലതുകൈ ചെയ്യുന്നത് എന്തെന്ന് ഇടതുകൈ അറിയരുത്. 4 അങ്ങനെ രഹസ്യമായി ദാനം ചെയ്യുമ്പോൾ രഹസ്യത്തിലുള്ളതും കാണുന്ന നിങ്ങളുടെ പിതാവ് അതിനുള്ള പ്രതിഫലം തരും.+
5 “പ്രാർഥിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെയായിരിക്കരുത്.+ ആളുകളെ കാണിക്കാൻവേണ്ടി അവർ സിനഗോഗുകളിലും പ്രധാനതെരുവുകളുടെ മൂലകളിലും നിന്ന് പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്നു.+ അവർക്കു പ്രതിഫലം കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 6 പകരം, പ്രാർഥിക്കുമ്പോൾ മുറിയിൽ കടന്ന് വാതിൽ അടച്ച് രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർഥിക്കുക.+ അപ്പോൾ, രഹസ്യത്തിലുള്ളതും കാണുന്ന പിതാവ് നിങ്ങൾക്കു പ്രതിഫലം തരും. 7 പ്രാർഥിക്കുമ്പോൾ, ജനതകൾ ചെയ്യുന്നതുപോലെ ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്. വാക്കുകളുടെ എണ്ണം കൂടിയാൽ ദൈവം കേൾക്കുമെന്നാണ് അവരുടെ വിചാരം. 8 നിങ്ങൾ അവരെപ്പോലെയാകരുത്. നിങ്ങൾക്കു വേണ്ടത് എന്താണെന്നു നിങ്ങൾ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ പിതാവിന് അറിയാമല്ലോ.+
9 “എന്നാൽ നിങ്ങൾ ഈ രീതിയിൽ പ്രാർഥിക്കുക:+
“‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ പേര്+ പരിശുദ്ധമായിരിക്കേണമേ.+ 10 അങ്ങയുടെ രാജ്യം+ വരേണമേ. അങ്ങയുടെ ഇഷ്ടം+ സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.+ 11 ഇന്നത്തേക്കുള്ള ആഹാരം* ഞങ്ങൾക്ക് ഇന്നു തരേണമേ.+ 12 ഞങ്ങളോടു കടപ്പെട്ടിരിക്കുന്നവരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ.+ 13 പ്രലോഭനത്തിൽ അകപ്പെടുത്താതെ+ ദുഷ്ടനിൽനിന്ന്* ഞങ്ങളെ വിടുവിക്കേണമേ.’*+
14 “നിങ്ങൾ മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിച്ചാൽ നിങ്ങളുടെ സ്വർഗീയപിതാവ് നിങ്ങളോടും ക്ഷമിക്കും.+ 15 എന്നാൽ നിങ്ങൾ അവരുടെ തെറ്റുകൾ ക്ഷമിക്കാതിരുന്നാൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കില്ല.+
16 “ഉപവസിക്കുമ്പോൾ+ കപടഭക്തരെപ്പോലെ വാടിയ മുഖം കാണിക്കരുത്. ഉപവസിക്കുകയാണെന്ന് ആളുകളെ കാണിക്കാൻവേണ്ടി അവർ മുഖം വിരൂപമാക്കുന്നു.+ അവർക്കു മുഴുവൻ പ്രതിഫലവും കിട്ടിക്കഴിഞ്ഞിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 17 പകരം, ഉപവസിക്കുമ്പോൾ നിങ്ങൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും വേണം. 18 കാരണം നിങ്ങളുടെ ഉപവാസം മനുഷ്യരല്ല, രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവ് മാത്രമാണു കാണേണ്ടത്. അപ്പോൾ, രഹസ്യത്തിലുള്ളതും കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലം തരും.
19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളൻ കയറി മോഷ്ടിക്കുകയും ചെയ്യുന്ന ഈ ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്നതു മതിയാക്കൂ.+ 20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കുകയോ കള്ളൻ കയറി മോഷ്ടിക്കുകയോ ചെയ്യാത്ത സ്വർഗത്തിൽ നിക്ഷേപങ്ങൾ സ്വരൂപിക്കൂ.+ 21 നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.
22 “കണ്ണാണു ശരീരത്തിന്റെ വിളക്ക്.+ നിങ്ങളുടെ കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ നിങ്ങളുടെ ശരീരം മുഴുവനും പ്രകാശിക്കും.*+ 23 എന്നാൽ കണ്ണ് അസൂയയുള്ളതാണെങ്കിൽ+ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും. നിങ്ങളിലുള്ള വെളിച്ചം ഇരുട്ടാണെങ്കിൽ ആ ഇരുട്ട് എത്ര വലുതായിരിക്കും!
24 “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. ഒന്നുകിൽ അയാൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും.+ അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും. നിങ്ങൾക്ക് ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.+
25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു തിന്നും, എന്തു കുടിക്കും എന്നൊക്കെ ഓർത്ത് നിങ്ങളുടെ ജീവനെക്കുറിച്ചും എന്ത് ഉടുക്കും എന്ന് ഓർത്ത് നിങ്ങളുടെ ശരീരത്തെക്കുറിച്ചും+ ഇനി ഉത്കണ്ഠപ്പെടരുത്.+ ജീവനെന്നാൽ ആഹാരവും ശരീരമെന്നാൽ വസ്ത്രവും മാത്രമല്ലല്ലോ?*+ 26 ആകാശത്തിലെ പക്ഷികളെ അടുത്ത് നിരീക്ഷിക്കുക.+ അവ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല, സംഭരണശാലകളിൽ കൂട്ടിവെക്കുന്നുമില്ല. എന്നിട്ടും നിങ്ങളുടെ സ്വർഗീയപിതാവ് അവയെ പോറ്റുന്നു. അവയെക്കാൾ വിലപ്പെട്ടവരല്ലേ നിങ്ങൾ? 27 ഉത്കണ്ഠപ്പെടുന്നതിലൂടെ ആയുസ്സിനോട് ഒരു മുഴമെങ്കിലും കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ?+ 28 വസ്ത്രത്തെക്കുറിച്ച് നിങ്ങൾ ഉത്കണ്ഠപ്പെടുന്നത് എന്തിനാണ്? പറമ്പിലെ ലില്ലിച്ചെടികളെ നോക്കി പഠിക്കൂ. അവ എങ്ങനെയാണു വളരുന്നത്? അവ അധ്വാനിക്കുന്നില്ല, നൂൽ നൂൽക്കുന്നുമില്ല. 29 എന്നാൽ ഒരു കാര്യം ഞാൻ പറയാം: ശലോമോൻ+ പ്രതാപത്തിലിരുന്നപ്പോൾപ്പോലും അവയിലൊന്നിനോളം അണിഞ്ഞൊരുങ്ങിയിട്ടില്ല. 30 ഇന്നു കാണുന്നതും നാളെ തീയിലിടുന്നതും ആയ ഈ ചെടികളെ ദൈവം ഇങ്ങനെ അണിയിച്ചൊരുക്കുന്നെങ്കിൽ അൽപ്പം വിശ്വാസമുള്ളവരേ, നിങ്ങളെ എത്രയധികം! 31 അതുകൊണ്ട്, ‘ഞങ്ങൾ എന്തു കഴിക്കും,’ ‘ഞങ്ങൾ എന്തു കുടിക്കും,’ ‘ഞങ്ങൾ എന്ത് ഉടുക്കും’+ എന്നൊക്കെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്.+ 32 ജനതകളാണ് ഇത്തരം കാര്യങ്ങൾക്കു പിന്നാലെ വേവലാതിയോടെ പരക്കംപായുന്നത്. ഇതൊക്കെ നിങ്ങൾക്ക് ആവശ്യമാണെന്നു നിങ്ങളുടെ സ്വർഗീയപിതാവിന് അറിയാമല്ലോ.
33 “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം നിങ്ങൾക്കു കിട്ടും.+ 34 അതുകൊണ്ട് അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്.+ ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.