ബൈബിൾ പദാവലി
അ ആ ഇ ഈ ഉ ഊ എ ഏ ഒ ഓ ക ഗ ച ജ ട ത ദ ധ ന പ ഫ ബ ഭ മ യ ര ല വ ശ ഷ സ ഹ
അ
അഖായ.
ഗ്രീസിന്റെ തെക്കുഭാഗത്തെ റോമൻ സംസ്ഥാനം. ഗ്രീക്കുതിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന ഇതിന്റെ തലസ്ഥാനം കൊരിന്തായിരുന്നു. പെലൊപൊനീസ് മുഴുവനും യൂറോപ്യൻ ഭൂഖണ്ഡത്തിലെ ഗ്രീസിന്റെ മധ്യഭാഗവും ഉൾപ്പെട്ടതായിരുന്നു അഖായ. (പ്രവൃ 18:12)—അനു. ബി13 കാണുക.
അഗാധം.
അബീസോസ് എന്ന ഗ്രീക്കുപദത്തിൽനിന്ന് വന്നത്. “അങ്ങേയറ്റം ആഴമുള്ള” എന്നോ “അടി കാണാത്ത, അതിരില്ലാത്ത” എന്നോ ആണ് അർഥം. ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം തടവിലായിരിക്കുന്ന സ്ഥലത്തെയോ അവസ്ഥയെയോ കുറിക്കുന്നു. ശവക്കുഴിയെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കാറുണ്ടെങ്കിലും ഇതിനു വിശാലമായ അർഥമുണ്ട്.—ലൂക്ക 8:31; റോമ 10:7; വെളി 20:3.
അചഞ്ചലസ്നേഹം.
കിസെദ് എന്ന എബ്രായപദമാണു മിക്കപ്പോഴും ഇങ്ങനെ പരിഭാഷപ്പെടുത്തുന്നത്. ഈ സ്നേഹം ഉളവാകുന്നതു പ്രതിബദ്ധത, ധർമനിഷ്ഠ, നല്ല അടുപ്പം, വിശ്വസ്തത എന്നിവയിൽനിന്നാണ്. ഇതു മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ച് പറയുമ്പോഴാണ്. എങ്കിലും മനുഷ്യർ തമ്മിലും അത്തരം സ്നേഹമുണ്ട്.—പുറ 34:6; രൂത്ത് 3:10.
അടയാളം.
ഇപ്പോൾ സംഭവിക്കുന്നതോ ഭാവിയിൽ സംഭവിക്കാനിരിക്കുന്നതോ ആയ എന്തിന്റെയെങ്കിലും സൂചകം. അത് ഒരു വസ്തുവോ പ്രവൃത്തിയോ സാഹചര്യമോ അസാധാരണകാഴ്ചയോ ആകാം.—ഉൽ 9:12, 13; 2രാജ 20:9; മത്ത 24:3; വെളി 1:1.
അതിവിശുദ്ധം.
വിശുദ്ധകൂടാരത്തിലെയും ദേവാലയത്തിലെയും ഏറ്റവും ഉള്ളിലെ മുറി. അവിടെയാണ് ഉടമ്പടിപ്പെട്ടകം വെച്ചിരുന്നത്. ‘ഏറ്റവും വിശുദ്ധമായത്’ എന്നും വിളിച്ചിട്ടുണ്ട്. മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് മഹാപുരോഹിതനു മാത്രമേ അതിവിശുദ്ധത്തിൽ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. അതും പാപപരിഹാരദിവസം മാത്രം!—പുറ 26:33; ലേവ 16:2, 17; 1രാജ 6:16; എബ്ര 9:3.
അത്ഭുതങ്ങൾ; വിസ്മയപ്രവൃത്തികൾ.
മനുഷ്യരുടെ അറിവിലുള്ള എല്ലാ ശക്തികളെയും കടത്തിവെട്ടുന്ന സംഭവങ്ങൾ അഥവാ പ്രതിഭാസങ്ങൾ. മനുഷ്യാതീതമായ ഉറവിൽനിന്നുള്ളവയാണ് ഇവ എന്നു കരുതപ്പെടുന്നു. ‘അടയാളങ്ങൾ’ എന്നും ഇതേ അർഥത്തിൽ ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്.—പുറ 4:21; പ്രവൃ 4:22; എബ്ര 2:4.
അനർഹദയ.
ഇതിന്റെ ഗ്രീക്കുപദത്തിന്, ഹൃദ്യമായ അല്ലെങ്കിൽ ആകർഷണീയമായ എന്ന ആശയമാണു മുഖ്യമായിട്ടുള്ളത്. ദയയോടെ കൊടുക്കുന്ന സമ്മാനത്തെ അല്ലെങ്കിൽ ദയയോടെ കൊടുക്കുന്നതിനെ പരാമർശിക്കാൻ ഈ പദം ഉപയോഗിക്കുന്നു. ദൈവത്തിന്റെ അനർഹദയയെക്കുറിച്ച് പറയുമ്പോൾ ഈ വാക്കു തിരിച്ചൊന്നും പ്രതീക്ഷിക്കാതെ, ഔദാര്യത്തോടെ, സൗജന്യമായി ദൈവം നൽകുന്ന സമ്മാനത്തെ സൂചിപ്പിക്കുന്നു. അങ്ങനെ നോക്കുമ്പോൾ മനുഷ്യരോടുള്ള ദൈവത്തിന്റെ വലിയ ഉദാരതയുടെയും അളവറ്റ സ്നേഹത്തിന്റെയും ദയയുടെയും പ്രകടനമാണ് ഇത്. ഈ ഗ്രീക്കുപദം “പ്രീതി,” “ഉദാരമായി നൽകുന്ന സംഭാവന” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ലഭിക്കുന്ന വ്യക്തി പ്രത്യേകമായി എന്തെങ്കിലും ചെയ്തതുകൊണ്ടോ ആ വ്യക്തിക്ക് അർഹതയുള്ളതുകൊണ്ടോ അല്ല ഇതു ലഭിക്കുന്നത്; മറിച്ച്, നൽകുന്നയാളുടെ ഔദാര്യം ഒന്നുമാത്രമാണ് ഇതിനു പിന്നിൽ.—2കൊ 6:1; എഫ 1:7.
അനുരഞ്ജനമൂടി.
ഉടമ്പടിപ്പെട്ടകത്തിന്റെ മൂടി. പാപപരിഹാരദിവസം ഉടമ്പടിപ്പെട്ടകത്തിന്റെ മുന്നിലാണു മഹാപുരോഹിതൻ പാപയാഗത്തിന്റെ രക്തം തളിക്കുന്നത്. ഇതിന്റെ എബ്രായപദം വരുന്നത്, “(പാപം) മൂടുക ” അല്ലെങ്കിൽ “(പാപം) തുടച്ചുമാറ്റുക ” എന്ന് അർഥം വരുന്ന ഒരു മൂലക്രിയാപദത്തിൽനിന്നാണ്. ഈ മൂടി സ്വർണംകൊണ്ട് ഉണ്ടാക്കിയതാണ്; രണ്ട് അറ്റത്തും ഓരോ കെരൂബുകളെ വെച്ചിട്ടുണ്ട്. ചിലപ്പോൾ ഇതിനെ “മൂടി” എന്നു മാത്രം പറയാറുണ്ട്. (പുറ 25:17-22; 1ദിന 28:11; എബ്ര 9:5)—അനു. ബി5 കാണുക.
അനുരഞ്ജനം.
—പാപപരിഹാരം കാണുക.
അപരാധയാഗം.
ഓരോരുത്തരുടെയും പാപങ്ങൾക്കുവേണ്ടിയുള്ള യാഗം. ഇതിനു മറ്റു പാപയാഗങ്ങളിൽനിന്ന് അൽപ്പം വ്യത്യാസമുണ്ട്. മാനസാന്തരം വന്ന കുറ്റവാളിക്കു താൻ പാപം ചെയ്തതു നിമിത്തം നഷ്ടപ്പെട്ട ചില ഉടമ്പടി അവകാശങ്ങൾ തിരികെ ലഭിക്കാനും അയാളെ നഷ്ടപരിഹാരത്തിൽനിന്ന് ഒഴിവാക്കാനും വേണ്ടിയായിരുന്നു ഈ യാഗം അർപ്പിച്ചിരുന്നത്.—ലേവ 7:37; 19:22; യശ 53:10.
അപ്പോസ്തലൻ.
അടിസ്ഥാന അർഥം “അയയ്ക്കപ്പെട്ടവൻ” എന്നാണ്. യേശുവിനെയും ആളുകളെ സഹായിക്കാൻ അയയ്ക്കപ്പെട്ട ചിലരെയും കുറിക്കാൻ ഇത് ഉപയോഗിച്ചിട്ടുണ്ട്. ഈ പദം മിക്കപ്പോഴും തന്റെ നിയമിതപ്രതിനിധികളായി യേശു തിരഞ്ഞെടുത്ത 12 ശിഷ്യന്മാരെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.—മർ 3:14; പ്രവൃ 14:14.
അഭയനഗരങ്ങൾ.
അബദ്ധവശാൽ ഒരാളെ കൊല്ലുന്ന വ്യക്തിക്കു രക്തത്തിനു പ്രതികാരം ചെയ്യുന്നയാളുടെ പിടിയിൽപ്പെടാതെ പ്രാണരക്ഷാർഥം അഭയം പ്രാപിക്കാൻ കഴിയുമായിരുന്ന ലേവ്യനഗരങ്ങൾ. വാഗ്ദത്തദേശത്ത് അങ്ങിങ്ങായി അത്തരം ആറു നഗരങ്ങളുണ്ടായിരുന്നു. യഹോവയുടെ നിർദേശപ്രകാരം മോശയും പിന്നീടു യോശുവയും ആണ് അവ നിശ്ചയിച്ചത്. അഭയനഗരത്തിൽ ഓടിയെത്തുന്നയാൾ സംഭവം നഗരവാതിൽക്കൽ ഇരിക്കുന്ന മൂപ്പന്മാരോടു പറയും; അവർ അയാളെ ദയയോടെ സ്വീകരിക്കും. മനഃപൂർവം കൊല ചെയ്യുന്ന ഒരു വ്യക്തി ഈ ക്രമീകരണം ദുരുപയോഗം ചെയ്യാതിരിക്കാൻ അഭയനഗരത്തിലേക്കു ചെല്ലുന്നയാൾ നിരപരാധിത്വം തെളിയിക്കുന്നതിനു കൊല നടന്ന നഗരത്തിൽവെച്ച് വിചാരണ നേരിടേണ്ടിയിരുന്നു. നിരപരാധിയാണെന്നു തെളിഞ്ഞാൽ അയാൾക്ക് അഭയനഗരത്തിലേക്കു മടങ്ങാം. ശേഷിച്ച ജീവിതകാലം മുഴുവൻ അല്ലെങ്കിൽ മഹാപുരോഹിതന്റെ മരണംവരെ അയാൾ ആ നഗരത്തിന്റെ അതിർത്തിക്കുള്ളിൽ കഴിയണമായിരുന്നു.—സംഖ 35:6, 11-15, 22-29; യോശ 20:2-8.
അഭിഷേകം ചെയ്യുക.
ഇതിന്റെ എബ്രായവാക്കിന്റെ അടിസ്ഥാന അർഥം “ദ്രാവകം പുരട്ടുക” എന്നാണ്. ഒരു പ്രത്യേകസേവനത്തിനുവേണ്ടി സമർപ്പിക്കുന്നതിന്റെ പ്രതീകമായി ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ മേൽ എണ്ണ ഒഴിച്ചിരുന്നു. സ്വർഗത്തിൽ ജീവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരുടെ മേൽ പരിശുദ്ധാത്മാവ് പകരുന്നതിനെ കുറിക്കാനും ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—പുറ 28:41; 1ശമു 16:13; 2കൊ 1:21.
അമാവാസി; കറുത്ത വാവ്.
യഹൂദകലണ്ടറിലെ ഓരോ മാസത്തിന്റെയും ആദ്യദിവസം. ഒത്തുകൂടാനും വിരുന്നുണ്ണാനും പ്രത്യേകബലികൾ അർപ്പിക്കാനും ഉള്ള ഒരു ദിവസം. ഇതു പിന്നീടു പ്രധാന ദേശീയോത്സവങ്ങളിൽ ഒന്നായി മാറി. അന്നു ജോലിയൊന്നും ചെയ്യുമായിരുന്നില്ല.—സംഖ 10:10; 2ദിന 8:13; കൊലോ 2:16.
അരമായ.
എബ്രായ ഭാഷയുമായി വളരെ സാമ്യമുള്ള ഒരു സെമിറ്റിക്ക് ഭാഷ. എബ്രായ അക്ഷരങ്ങൾതന്നെയാണ് ഇതിനും. അരാമ്യരാണ് ഈ ഭാഷ സംസാരിച്ചുതുടങ്ങിയത്. പിന്നീട് അസീറിയൻ, ബാബിലോണിയൻ സാമ്രാജ്യങ്ങളിൽ കച്ചവടത്തിനും ആശയവിനിമയത്തിനും ഈ ഭാഷ ഉപയോഗിക്കാൻതുടങ്ങി. അങ്ങനെ ഇത് ഒരു അന്തർദേശീയഭാഷയായിത്തീർന്നു. പേർഷ്യൻ സാമ്രാജ്യത്തിലെ ഔദ്യോഗികഭരണഭാഷകൂടിയായിരുന്നു ഇത്. (എസ്ര 4:7) എസ്ര, യിരെമ്യ, ദാനിയേൽ എന്നീ പുസ്തകങ്ങളുടെ ചില ഭാഗങ്ങൾ അരമായയിലാണ് എഴുതിയത്.—എസ്ര 4:8–6:18; 7:12-26; യിര 10:11; ദാനി 2:4ബി–7:28.
അരയോപഗസ്.
അക്രോപോളിസിനു വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്തിരുന്ന, ആതൻസിലെ ഒരു ഉയർന്ന കുന്ന്. അവിടെ സമ്മേളിച്ചിരുന്ന സമിതിയുടെ (കോടതിയുടെ) പേരും ഇതുതന്നെ. തത്ത്വചിന്തകരായ എപ്പിക്കൂര്യരും സ്തോയിക്കരും പൗലോസിനെ കൊണ്ടുപോയി വിശ്വാസത്തെക്കുറിച്ച് വിശദീകരിക്കാൻ ആവശ്യപ്പെട്ടത് അരയോപഗസിൽവെച്ചായിരുന്നു.—പ്രവൃ 17:19.
അരാം; അരാമ്യർ.
ശേമിന്റെ മകനായ അരാമിന്റെ വംശജരാണ് അരാമ്യർ. ലബാനോൻ മലനിരകൾ മുതൽ മെസൊപ്പൊത്താമ്യ വരെയും വടക്ക് റ്റോറസ് മലകൾ മുതൽ തെക്ക് ദമസ്കൊസും അതിന് അപ്പുറം വരെയും ഉള്ള പ്രദേശത്താണ് അവർ മിക്കവരും താമസിച്ചിരുന്നത്. ഈ പ്രദേശം എബ്രായയിൽ അരാം എന്നാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇതു സിറിയ എന്നും അവിടത്തെ ആളുകൾ സിറിയക്കാർ എന്നും അറിയപ്പെടാൻതുടങ്ങി.—ഉൽ 25:20; ആവ 26:5; ഹോശ 12:12.
അർമഗെദോൻ.
“മെഗിദ്ദോപർവതം” എന്ന് അർഥമുള്ള ഹർ മെഗിദ്ദോൻ എന്ന എബ്രായ പദപ്രയോഗത്തിൽനിന്ന് വന്നത്. “സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധ”വുമായി ഈ പദം ബന്ധപ്പെട്ടിരിക്കുന്നു. ഈ യുദ്ധത്തിൽ ‘ഭൂമിയിൽ എല്ലായിടത്തുമുള്ള രാജാക്കന്മാർ’ യഹോവയോടു യുദ്ധം ചെയ്യാൻ അണിനിരക്കും. (വെളി 16:14, 16; 19:11-21)—മഹാകഷ്ടത കാണുക.
അലാമോത്ത്.
സംഗീതവുമായി ബന്ധപ്പെട്ട പദം. “കന്യക; പെൺകുട്ടി” എന്നൊക്കെ അർഥം. പെൺകുട്ടികളുടെ ഉച്ചസ്ഥായിയിലുള്ള ശബ്ദത്തെയായിരിക്കാം ഇതു സൂചിപ്പിക്കുന്നത്. ഒരു സംഗീതശകലമോ അകമ്പടിവാദ്യമോ ഉച്ചസ്ഥായിയിൽ ആയിരിക്കണമെന്ന സൂചന കൊടുക്കാനാണു സാധ്യതയനുസരിച്ച് ഈ പദം ഉപയോഗിച്ചിരുന്നത്.—1ദിന 15:20; സങ്ക 46:മേലെ.
അവസാനകാലം.
ഇതും “അവസാനനാളുകൾ” എന്നതുപോലുള്ള പ്രയോഗങ്ങളും ബൈബിൾപ്രവചനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതു ചരിത്രസംഭവങ്ങൾ അവസാനഘട്ടത്തിൽ എത്തുന്ന സമയത്തെ പരാമർശിക്കാനാണ്. (യഹ 38:16; ദാനി 10:14; പ്രവൃ 2:17) പ്രവചനത്തിന്റെ സ്വഭാവമനുസരിച്ച് ഇത് ഏതാനും വർഷങ്ങൾ മാത്രം ഉൾക്കൊള്ളുന്ന കാലഘട്ടമോ അതിൽ കൂടുതലോ ആകാം. ബൈബിളിൽ ഈ പ്രയോഗം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നതു യേശുവിന്റെ അദൃശ്യസാന്നിധ്യകാലത്ത് സംഭവിക്കാനിരിക്കുന്ന, ഈ വ്യവസ്ഥിതിയുടെ “അവസാനകാല”ത്തെ സൂചിപ്പിക്കാനാണ്.—2തിമ 3:1; യാക്ക 5:3; 2പത്ര 3:3.
അശുദ്ധം.
ശാരീരികമായി ശുദ്ധിയില്ലാത്തതിനെയും ധാർമികനിയമങ്ങൾ ലംഘിക്കുന്നതിനെയും സൂചിപ്പിച്ചേക്കാം. എന്നാൽ ബൈബിളിൽ ഈ വാക്കു മിക്കപ്പോഴും പരാമർശിക്കുന്നത്, മോശയുടെ നിയമത്തിൽ സ്വീകാര്യമല്ലെന്നും ശുദ്ധിയില്ലാത്തതെന്നും വിളിക്കുന്നതിനെയാണ്. (ലേവ 5:2; 13:45; മത്ത 10:1; പ്രവൃ 10:14; എഫ 5:5)—ശുദ്ധി കാണുക.
അസസേൽ.
അസെൽജിയ.
അസ്തോരെത്ത്.
യുദ്ധത്തിന്റെയും പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും കനാന്യദേവത; ബാലിന്റെ ഭാര്യ.—1ശമു 7:3.
അഹരോന്റെ പുത്രന്മാർ.
ലേവിയുടെ കൊച്ചുമകനും മോശയുടെ നിയമമനുസരിച്ച് ആദ്യത്തെ പുരോഹിതനും ആയ അഹരോന്റെ വംശജർ. ഇവർ വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും പുരോഹിതശുശ്രൂഷ ചെയ്തിരുന്നു.—1ദിന 23:28.
ആ
ആകാശരാജ്ഞി.
യിരെമ്യയുടെ കാലത്തെ വിശ്വാസത്യാഗികളായ ഇസ്രായേല്യർ ആരാധിച്ചിരുന്ന ഒരു ദേവിയുടെ സ്ഥാനപ്പേര്. ബാബിലോണിയൻ ദേവിയായ ഇഷ്തർ (അസ്റ്റാർട്ടീ) ആണ് ഇതെന്നു ചിലർ അഭിപ്രായപ്പെടുന്നു. സുമേറിയക്കാർ പണ്ടുമുതലേ ആരാധിച്ചിരുന്ന ഇനാന്ന ദേവിതന്നെയായിരുന്നു ഇസ്രായേല്യരുടെ ആകാശരാജ്ഞി. ഇനാന്നയുടെ അർഥം “ആകാശരാജ്ഞി” എന്നാണ്. ആകാശത്തിന്റെ മാത്രമല്ല പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ഒരു ദേവികൂടിയായിരുന്നു അവൾ. ഒരു ഈജിപ്ഷ്യൻ ലിഖിതത്തിൽ അസ്റ്റാർട്ടീയെ “ആകാശവനിത” എന്നും വിളിക്കുന്നുണ്ട്.—യിര 44:19.
ആണ.
ഒരു കാര്യം ശരിയാണെന്നു സത്യം ചെയ്യുന്നത്. അല്ലെങ്കിൽ ഒരു കാര്യം ചെയ്യുമെന്നോ ചെയ്യില്ലെന്നോ ഉള്ള വാഗ്ദാനം. മിക്കപ്പോഴും തന്നെക്കാൾ ഉയർന്ന ഒരാളോട്, വിശേഷിച്ച് ദൈവത്തോട്, ചെയ്യുന്ന വാഗ്ദാനം. യഹോവ അബ്രാഹാമുമായുള്ള ഉടമ്പടി ഒരു ആണയിട്ട് ഉറപ്പിച്ചു.—ഉൽ 14:22; എബ്ര 6:16, 17.
ആത്മാക്കളോട് ഉപദേശം തേടുന്നവർ.
മരിച്ചവരോടു സംസാരിക്കുന്നെന്ന് അവകാശപ്പെടുന്നവർ. ഇവർ യഥാർഥത്തിൽ ഭൂതങ്ങളുമായിട്ടാണു ബന്ധപ്പെടുന്നത്.—ലേവ 20:27; ആവ 18:10-12; 2രാജ 21:6.
ആത്മാവ്.
പലപ്പോഴും “ആത്മാവ്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദമായ റുവാക്കിനും ഗ്രീക്കുപദമായ ന്യൂമയ്ക്കും പല അർഥങ്ങളുണ്ട്. ഇതെല്ലാം മനുഷ്യർക്കു കാണാനാകാത്തതും ചലനത്തിലൂടെ ശക്തിയുടെ തെളിവു നൽകുന്നതും ആയ കാര്യങ്ങളാണ്. ഈ എബ്രായ, ഗ്രീക്കു പദങ്ങൾ പിൻവരുന്നവയോടുള്ള ബന്ധത്തിൽ ഉപയോഗിച്ചിരിക്കുന്നു: (1) കാറ്റ്, (2) ഭൂമിയിലെ ജീവജാലങ്ങളിലുള്ള പ്രവർത്തനനിരതമായ ജീവശക്തി, (3) ഒരു വ്യക്തിയുടെ ആലങ്കാരികഹൃദയത്തിൽനിന്ന് പുറപ്പെട്ട് ഒരു പ്രത്യേകരീതിയിൽ കാര്യങ്ങൾ പറയാനോ ചെയ്യാനോ ഇടയാക്കുന്ന പ്രചോദകശക്തി, (4) അദൃശ്യമായ ഉറവിൽനിന്ന് വരുന്ന അരുളപ്പാടുകൾ, (5) ആത്മവ്യക്തികൾ, (6) ദൈവത്തിന്റെ ചലനാത്മകശക്തി അഥവാ പരിശുദ്ധാത്മാവ്.—പുറ 35:21; സങ്ക 104:29; മത്ത 12:43; ലൂക്ക 11:13.
ആദാർ.
ആദ്യഫലം.
കൊയ്ത്തുകാലത്തെ ആദ്യത്തെ വിളവ്; എന്തിന്റെയെങ്കിലും ആദ്യത്തെ ഫലം അല്ലെങ്കിൽ ഉത്പന്നം. ആദ്യഫലം, അതു മനുഷ്യനോ മൃഗമോ നിലത്തെ വിളവോ എന്തുതന്നെയായാലും, തനിക്കു നൽകണമെന്ന് യഹോവ ഇസ്രായേൽ ജനതയോട് ആവശ്യപ്പെട്ടു. ഒരു ജനത എന്ന നിലയിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെയും പെന്തിക്കോസ്തിന്റെയും സമയത്ത് ഇസ്രായേല്യർ തങ്ങളുടെ ആദ്യഫലം ദൈവത്തിന് അർപ്പിച്ചിരുന്നു. ക്രിസ്തുവിനെയും അഭിഷിക്ത അനുഗാമികളെയും കുറിക്കാൻ “ആദ്യഫലം” എന്ന പദം ആലങ്കാരികമായി ഉപയോഗിക്കാറുണ്ട്.—1കൊ 15:23; സംഖ 15:21; സുഭ 3:9; വെളി 14:4.
ആബീബ്.
ആബ്.
ബാബിലോണിലെ പ്രവാസത്തിനു ശേഷം, ജൂതന്മാരുടെ വിശുദ്ധകലണ്ടറിലെ 5-ാം മാസം; മതേതരകലണ്ടറിലെ 11-ാം മാസം. ജൂലൈ പകുതിമുതൽ ആഗസ്റ്റ് പകുതിവരെയുള്ള കാലയളവ്. ബൈബിളിൽ ഈ മാസത്തിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ല, “അഞ്ചാം മാസം” എന്നേ പറഞ്ഞിട്ടുള്ളൂ. (സംഖ 33:38; എസ്ര 7:9)—അനു. ബി15 കാണുക.
ആഭിചാരം.
ദുഷ്ടാത്മാക്കളിൽനിന്നുള്ള ശക്തി ഉപയോഗിക്കുന്നത്.—2ദിന 33:6.
ആമേൻ.
അർഥം: “അങ്ങനെയായിരിക്കട്ടെ” അഥവാ “തീർച്ചയായും.” ഇതു വന്നത് “വിശ്വസ്തനായിരിക്കുക, ആശ്രയയോഗ്യനായിരിക്കുക ” എന്ന് അർഥമുള്ള അമാൻ എന്ന എബ്രായ മൂലപദത്തിൽനിന്നാണ്. ഒരു സത്യമോ പ്രാർഥനയോ പ്രസ്താവനയോ അംഗീകരിച്ചുകൊണ്ട് പറയുന്നതാണ് “ആമേൻ.” വെളിപാട് പുസ്തകത്തിൽ യേശുവിന്റെ ഒരു സ്ഥാനപ്പേരായും ഇത് ഉപയോഗിച്ചിട്ടുണ്ട്.—ആവ 27:26; 1ദിന 16:36; വെളി 3:14.
ആരാധനാസ്ഥലം; ആരാധനയ്ക്കുള്ള ഉയർന്ന സ്ഥലം.
സാധാരണഗതിയിൽ ഒരു കുന്നിന്റെയോ മലയുടെയോ കെട്ടി ഉയർത്തിയ ഒരു തറയുടെയോ മുകളിലുള്ള ആരാധനയ്ക്കുള്ള സ്ഥലം. ദൈവത്തെ ആരാധിക്കാൻ ചിലപ്പോഴൊക്കെ ആരാധനാസ്ഥലങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും പുറജാതീയ വ്യാജദൈവങ്ങളുടെ ആരാധനയുമായി ബന്ധപ്പെട്ടാണു മിക്കപ്പോഴും അവ ഉപയോഗിച്ചിരുന്നത്.—സംഖ 33:52; 1രാജ 3:2; യിര 19:5.
ആരോഹണഗീതം.
120 മുതൽ 134 വരെയുള്ള സങ്കീർത്തനങ്ങളുടെ മേലെഴുത്ത്. ഈ പ്രയോഗത്തിന്റെ അർഥത്തെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ട്. എങ്കിലും ഈ 15 സങ്കീർത്തനങ്ങളും മൂന്നു വലിയ വാർഷികോത്സവങ്ങളിൽ പങ്കെടുക്കാനായി ഇസ്രായേല്യർ യഹൂദാമലനിരകളിലെ യരുശലേമിലേക്ക് ‘ആരോഹണം ചെയ്യുമ്പോൾ,’ അതായത് കയറ്റം കയറിപ്പോകുമ്പോൾ, സന്തോഷത്തോടെ ആലപിച്ചിരുന്നതാണെന്നു മിക്കവരും കരുതുന്നു.
ആൾ താഴ്ച (മാറ്).
വെള്ളത്തിന്റെ ആഴം അളക്കാനുള്ള ഒരു അളവ്. ഒരാൾ താഴ്ച = 1.8 മീ. (6 അടി). (പ്രവൃ 27:28)—അനു. ബി14 കാണുക.
ആൽഫയും ഒമേഗയും.
ഗ്രീക്ക് അക്ഷരമാലയിലെ ആദ്യത്തെയും അവസാനത്തെയും അക്ഷരങ്ങൾ. ഈ പദങ്ങൾ ഒരുമിച്ച്, ദൈവത്തിന്റെ സ്ഥാനപ്പേരായി വെളിപാട് പുസ്തകത്തിൽ മൂന്നു തവണ ഉപയോഗിച്ചിട്ടുണ്ട്. അവിടെയെല്ലാം ഈ പദങ്ങളുടെ അർഥം “ആദ്യത്തവനും അവസാനത്തവനും,” “തുടക്കവും ഒടുക്കവും” എന്നുതന്നെയാണ്.—വെളി 1:8; 21:6; 22:13.
ഇ
ഇലവങ്ങം.
ഇലവങ്ങ മരത്തിന്റെ (Cinnamomum cassia) തൊലിയിൽനിന്ന് എടുക്കുന്ന ഒരു ഉത്പന്നം. കറുവ മരത്തിന്റെ കുടുംബത്തിൽപ്പെട്ടതാണ് ഈ മരവും. വിശുദ്ധമായ അഭിഷേകതൈലം തയ്യാറാക്കാനും സുഗന്ധത്തിനും ആയി ഇലവങ്ങം ഉപയോഗിച്ചിരുന്നു.—പുറ 30:24; സങ്ക 45:8; യഹ 27:19.
ഇല്ലുര്യ.
ഇസ്രായേൽ.
ദൈവം യാക്കോബിനെ വിളിച്ച പേര്. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ ജീവിച്ചിരുന്ന, യാക്കോബിന്റെ വംശജരെ മൊത്തത്തിലും ഈ പേര് പരാമർശിക്കുന്നു. യാക്കോബിന്റെ 12 പുത്രന്മാരുടെ വംശജരെ പലപ്പോഴും ഇസ്രായേൽമക്കൾ, ഇസ്രായേൽഗൃഹം, ഇസ്രായേൽ ജനം (ഇസ്രായേൽപുരുഷന്മാർ), ഇസ്രായേല്യർ എന്നെല്ലാം വിളിക്കാറുണ്ട്. തെക്കേ രാജ്യത്തിൽനിന്ന് വേർപിരിഞ്ഞുപോയ പത്തു-ഗോത്ര വടക്കേ രാജ്യത്തെ കുറിക്കാനും ഇസ്രായേൽ എന്ന പേര് ഉപയോഗിക്കാറുണ്ട്. പിന്നീട് അഭിഷിക്തക്രിസ്ത്യാനികളെ ‘ദൈവത്തിന്റെ ഇസ്രായേൽ’ എന്നു വിളിച്ചുതുടങ്ങി.—ഗല 6:16; ഉൽ 32:28; 2ശമു 7:23; റോമ 9:6.
ഈ
ഈറ്റ.
നനവുള്ള സ്ഥലത്ത് വളരുന്ന ചില ചെടികളെ പൊതുവേ വിളിക്കുന്ന പേര്. മിക്കപ്പോഴും ഉദ്ദേശിക്കുന്നത് ഈറ (Arundo donax) എന്ന ചെടിയെയാണ്. (ഇയ്യ 8:11; യശ 42:3; മത്ത 27:29; വെളി 11:1)—മുഴക്കോൽ കാണുക.
ഈസോപ്പുചെടി.
ചെറിയ തണ്ടുകളും ഇലകളും ഉള്ള ഒരു ചെടി. ശുദ്ധീകരണവേളകളിൽ രക്തമോ വെള്ളമോ തളിക്കാനാണ് ഇവ ഉപയോഗിച്ചിരുന്നത്. സാധ്യതയനുസരിച്ച് ഇതു മാർജോരം (Origanum maru; Origanum syriacum) എന്ന ചെടിയാണ്. ഒരു കമ്പിൽ മാർജോരം വെച്ചുകെട്ടിയതിനെക്കുറിച്ചോ ചോളംപോലുള്ള ഒരിനം ചെടിയെക്കുറിച്ചോ (Sorghum vulgare) ആയിരിക്കാം യോഹന്നാൻ 19:29 പറഞ്ഞിരിക്കുന്നത്. കാരണം പുളിച്ച വീഞ്ഞിൽ മുക്കിയ നീർപ്പഞ്ഞി യേശുവിന്റെ വായ്വരെ എത്തിക്കാനുള്ള നീളം ഈ ചെടിയുടെ തണ്ടിനുണ്ടായിരുന്നു.—പുറ 12:22; സങ്ക 51:7.
ഉ
ഉടമ്പടി.
ദൈവവും മനുഷ്യരും തമ്മിലോ മനുഷ്യർ തമ്മിലോ എന്തെങ്കിലും ചെയ്യാനോ ചെയ്യുന്നതിൽനിന്ന് പിന്മാറാനോ ഉള്ള ഔദ്യോഗികസമ്മതം അഥവാ കരാർ. ചില ഉടമ്പടികളിൽ ഒരു കക്ഷി മാത്രം പാലിക്കേണ്ട വ്യവസ്ഥകളേ ഉണ്ടായിരുന്നുള്ളൂ. (ഇത്തരം ഏകപക്ഷീയമായ ഉടമ്പടിയിൽ മുഖ്യമായും ഒരു വാഗ്ദാനമാണ് ഉൾപ്പെട്ടിരുന്നത്.) അല്ലാത്തപ്പോൾ ഇരുകക്ഷികളും പാലിക്കേണ്ട വ്യവസ്ഥകളുണ്ടായിരുന്നു (ഉഭയകക്ഷി ഉടമ്പടി). ദൈവം മനുഷ്യരുമായി ചെയ്ത ഉടമ്പടികൾ കൂടാതെ മനുഷ്യർ തമ്മിലും ഗോത്രങ്ങൾ തമ്മിലും ജനതകൾ തമ്മിലും രണ്ടു കൂട്ടം ആളുകൾ തമ്മിലും ഉള്ള ഉടമ്പടികളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. ദൂരവ്യാപകഫലം ഉളവാക്കുന്ന ഉടമ്പടികളിൽപ്പെടുന്നതാണു ദൈവം അബ്രാഹാമിനോടും ദാവീദിനോടും ഇസ്രായേൽ ജനതയോടും (നിയമ ഉടമ്പടി) ദൈവത്തിന്റെ ഇസ്രായേലിനോടും (പുതിയ ഉടമ്പടി) ചെയ്ത ഉടമ്പടികൾ.—ഉൽ 9:11; 15:18; 21:27; പുറ 24:7; 2ദിന 21:7.
ഉടമ്പടിപ്പെട്ടകം.
കരുവേലത്തടികൊണ്ട് ഉണ്ടാക്കിയിട്ട് സ്വർണം പൊതിഞ്ഞ ഒരു പെട്ടി. ആദ്യം വിശുദ്ധകൂടാരത്തിന്റെ അതിവിശുദ്ധത്തിലും പിന്നീടു ശലോമോൻ പണിത ദേവാലയത്തിന്റെ അതിവിശുദ്ധത്തിലും ആണ് ഇതു വെച്ചിരുന്നത്. ഇതിനു സ്വർണംകൊണ്ടുള്ള ഒരു മൂടിയുണ്ടായിരുന്നു. അതിന്മേൽ രണ്ടു കെരൂബുകൾ അഭിമുഖമായി നിന്നിരുന്നു. പത്തു കല്പനകളുള്ള രണ്ടു കൽപ്പലകകളാണ് ഉടമ്പടിപ്പെട്ടകത്തിൽ പ്രധാനമായുണ്ടായിരുന്നത്. (ആവ 31:26; 1രാജ 6:19; എബ്ര 9:4)—അനു. ബി5, ബി8 കാണുക.
ഉദയനക്ഷത്രം.
‘പ്രഭാതനക്ഷത്രം’ എന്ന അതേ അർഥം. ദിനപ്പിറവി വിളിച്ചറിയിച്ചുകൊണ്ട്, സൂര്യൻ പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് കിഴക്കേ ചക്രവാളത്തിൽ അവസാനം ഉദിക്കുന്ന നക്ഷത്രം.—വെളി 22:16; 2പത്ര 1:19.
ഉപപത്നി.
വെപ്പാട്ടി. ഭാര്യയുടെ ഒപ്പം സ്ഥാനമില്ലാതിരുന്ന ഇവർ മിക്കപ്പോഴും ദാസിമാരായിരുന്നു.—പുറ 21:8; 2ശമു 5:13; 1രാജ 11:3.
ഉപവാസം.
നിശ്ചിതസമയത്തേക്കു ഭക്ഷണമൊന്നും കഴിക്കാതിരിക്കുന്നത്. പാപപരിഹാരദിവസത്തിലും കഷ്ടതകളിലായിരിക്കുമ്പോഴും ദൈവികമാർഗനിർദേശം ആവശ്യമുള്ളപ്പോഴും ഇസ്രായേല്യർ ഉപവസിച്ചിരുന്നു. ജൂതന്മാർ തങ്ങളുടെ ചരിത്രത്തിലെ ദുരന്തനാളുകളെ ഓർക്കാൻ വർഷത്തിൽ നാല് ഉപവാസങ്ങൾ ഏർപ്പെടുത്തി. ഉപവാസം ക്രിസ്ത്യാനികൾക്ക് ഒരു നിബന്ധനയല്ല.—എസ്ര 8:21; യശ 58:6; ലൂക്ക 18:12.
ഊ
ഊട്.
വസ്ത്രം നെയ്യുമ്പോൾ കുറുകെ ഇടുന്ന നൂലുകൾ. നെടുകെ ഇടുന്ന നൂലുകളാണു പാവ്. പാവുകൾക്കു കുറുകെ ഒന്നിടവിട്ട് അടിയിലും മുകളിലും ആയാണ് ഊട് നെയ്യുന്നത്.—ലേവ 13:59.
ഊറീമും തുമ്മീമും.
ദേശീയപ്രാധാന്യമുള്ള പ്രശ്നങ്ങളിൽ യഹോവയുടെ നിർദേശം ആവശ്യമായിവരുമ്പോൾ മഹാപുരോഹിതൻ ഉപയോഗിച്ചിരുന്ന വസ്തുക്കൾ. ദൈവേഷ്ടം അറിയാൻ നറുക്ക് ഇട്ട് കാര്യങ്ങൾ തീരുമാനിക്കുന്നതുപോലെയാണ് ഇത്. വിശുദ്ധകൂടാരത്തിൽ പ്രവേശിക്കുമ്പോൾ മഹാപുരോഹിതൻ മാർച്ചട്ടയ്ക്കുള്ളിൽ ഊറീമും തുമ്മീമും വെച്ചിരുന്നു. ബാബിലോണിയർ യരുശലേം നശിപ്പിച്ചപ്പോൾ ഇവയുടെ ഉപയോഗം നിലച്ചതായി കരുതുന്നു.—പുറ 28:30; നെഹ 7:65.
എ
എത്യോപ്യ.
ഈജിപ്തിനു കിഴക്ക് സ്ഥിതി ചെയ്തിരുന്ന ഒരു പുരാതനരാജ്യം. ഇന്നത്തെ ഈജിപ്തിന്റെ തെക്കേ അറ്റത്തുള്ള പ്രദേശവും ഇന്നത്തെ സുഡാനും ഇതിന്റെ ഭാഗമായിരുന്നു. എബ്രായയിലെ “കൂശ്” എന്ന പദത്തിനു പകരവും ചിലപ്പോൾ ഈ പദം ഉപയോഗിച്ചിരുന്നു.—എസ്ഥ 1:1.
എപ്പിക്കൂര്യൻ തത്ത്വചിന്തകർ.
ഗ്രീക്ക് തത്ത്വചിന്തകനായ എപ്പിക്യൂറസിന്റെ (ബി.സി. 341-270) അനുയായികൾ. ജീവിതത്തിന്റെ പരമമായ ലക്ഷ്യം സുഖം അനുഭവിക്കുന്നതാണ് എന്ന ആശയമായിരുന്നു ഈ തത്ത്വചിന്തയുടെ അടിസ്ഥാനം.—പ്രവൃ 17:18.
എഫ്രയീം.
എബ്രായൻ; എബ്രായ.
അമോര്യരായ അയൽക്കാരിൽനിന്ന് വേർതിരിച്ചുകാണിച്ചുകൊണ്ട് അബ്രാമിനെ (അബ്രാഹാമിനെ) ആദ്യമായി എബ്രായൻ എന്നു വിളിച്ചു. പിന്നീടു കൊച്ചുമകനായ യാക്കോബ് വഴിയുള്ള അബ്രാഹാമിന്റെ വംശജരെ കുറിക്കാൻ ഈ പേര് ഉപയോഗിച്ചുതുടങ്ങി. അവരുടെ ഭാഷയായിരുന്നു എബ്രായ. യേശുവിന്റെ കാലമായപ്പോഴേക്കും ധാരാളം അരമായ പദപ്രയോഗങ്ങൾ എബ്രായ ഭാഷയിൽ ലയിച്ചുചേർന്നിരുന്നു. ഈ ഭാഷയാണു യേശുവും ശിഷ്യന്മാരും സംസാരിച്ചത്.—ഉൽ 14:13; പുറ 5:3; പ്രവൃ 26:14.
ഏ
ഏഥാനീം.
ഏദോം.
ഏഫാ.
ധാന്യം അളക്കാൻ ഉപയോഗിച്ചിരുന്ന ഒരു ഖരയളവ്. അളക്കാൻ ഉപയോഗിച്ചിരുന്ന പാത്രത്തെയും ഇങ്ങനെ വിളിച്ചിരുന്നു. ദ്രാവകയളവായ ബത്തിനു (22 ലി.) തുല്യം. (പുറ 16:36; യഹ 45:10)—അനു. ബി14 കാണുക.
ഏഫോദ്.
ഏലൂൽ.
ഏഷ്യ.
ഇന്നത്തെ തുർക്കിയെയുടെ പടിഞ്ഞാറുഭാഗവും സാമൊസ്, പത്മൊസ് എന്നിവപോലുള്ള ചില തീരദേശദ്വീപുകളും ഉൾപ്പെട്ട റോമൻ സംസ്ഥാനത്തെ കുറിക്കാനാണു ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പേര് ഉപയോഗിച്ചിരിക്കുന്നത്. എഫെസൊസായിരുന്നു തലസ്ഥാനം. (പ്രവൃ 20:16; വെളി 1:4)—അനു. ബി13 കാണുക.
ഒ
ഒരുക്കനാൾ.
ശബത്തിനു മുമ്പുള്ള ദിവസം. അന്നാണു ജൂതന്മാർ ശബത്തിനുവേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തിയിരുന്നത്. ഈ ഒരുക്കനാൾ ഇന്നത്തെ കലണ്ടറനുസരിച്ച് വെള്ളിയാഴ്ച സൂര്യാസ്തമയത്തോടെ അവസാനിക്കുന്നു. അപ്പോൾ ശബത്ത് ആരംഭിക്കും. വൈകുന്നേരംമുതൽ അടുത്ത വൈകുന്നേരംവരെയുള്ള സമയമാണു ജൂതന്മാരുടെ ഒരു ദിവസം.—മർ 15:42; ലൂക്ക 23:54.
ഓ
ഓമെർ.
ഏകദേശം 2.2 ലിറ്റർ (2 ക്വാർട്ട്) അല്ലെങ്കിൽ ഒരു ഏഫായുടെ പത്തിലൊന്നു വരുന്ന ഒരു ഖരയളവ്. (പുറ 16:16, 18)—അനു. ബി14 കാണുക.
ക
കടിഞ്ഞൂൽ; മൂത്ത മകൻ.
മുഖ്യമായും അപ്പന്റെ (അമ്മയുടെയല്ല) മൂത്ത മകൻ. ബൈബിൾക്കാലങ്ങളിൽ മൂത്ത മകനു കുടുംബത്തിൽ ആദരണീയമായ സ്ഥാനമുണ്ടായിരുന്നു. പിതാവിന്റെ മരണശേഷം ഈ മകനായിരുന്നു കുടുംബത്തിന്റെ തല. മൃഗങ്ങളുടെ ആദ്യത്തെ ആൺകുഞ്ഞിനെ പരാമർശിക്കാൻ “കടിഞ്ഞൂൽ” എന്ന് ഉപയോഗിച്ചിരിക്കുന്നു.—പുറ 11:5; 13:12; ഉൽ 25:33; കൊലോ 1:15.
കനൽപ്പാത്രങ്ങൾ.
സ്വർണം, വെള്ളി, ചെമ്പ് എന്നിവകൊണ്ട് നിർമിച്ച പാത്രങ്ങൾ. ബലി അർപ്പിക്കുന്ന യാഗപീഠത്തിൽനിന്ന് കരിയും സ്വർണംകൊണ്ടുള്ള തണ്ടുവിളക്കിൽനിന്ന് കത്തിയ തിരിയും നീക്കം ചെയ്യാനും സുഗന്ധക്കൂട്ടു കത്തിക്കാനും വേണ്ടി വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും ഉപയോഗിച്ചിരുന്നു.—പുറ 37:23, അടിക്കുറിപ്പ്; 2ദിന 26:19; എബ്ര 9:4.
കനാൻ.
നോഹയുടെ കൊച്ചുമകൻ; ഹാമിന്റെ നാലാമത്തെ മകൻ. കനാനിൽനിന്ന് ഉത്ഭവിച്ച 11 ഗോത്രങ്ങൾ കാലാന്തരത്തിൽ മെഡിറ്ററേനിയനു കിഴക്കായി ഈജിപ്തിനും സിറിയയ്ക്കും ഇടയിലുള്ള പ്രദേശത്ത് താമസമാക്കി. അത് ‘കനാൻ ദേശം’ എന്ന് അറിയപ്പെട്ടു. (ലേവ 18:3; ഉൽ 9:18; പ്രവൃ 13:19)—അനു. ബി4 കാണുക.
കപ്പം.
കീഴ്പെടലിന്റെ അടയാളമായി ഒരു രാജ്യമോ ഭരണാധികാരിയോ മറ്റൊരു രാജ്യത്തിനോ ഭരണാധികാരിക്കോ നൽകുന്നത്. ഇതു സമാധാനത്തിനോ സംരക്ഷണത്തിനോ വേണ്ടിയായിരുന്നു. (2രാജ 3:4; 18:14-16; 2ദിന 17:11) വ്യക്തികൾ കൊടുക്കേണ്ട നികുതിയെ കുറിക്കാനും ഈ പദം ഉപയോഗിക്കുന്നു.—നെഹ 5:4; റോമ 13:7.
കർത്താവിന്റെ അത്താഴം.
യേശുവിന്റെ മരണത്തിന്റെ ഓർമയ്ക്കായി ഏർപ്പെടുത്തിയത്. ക്രിസ്തുവിന്റെ ശരീരത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങളായ പുളിപ്പില്ലാത്ത അപ്പവും വീഞ്ഞും ആണ് ഈ അത്താഴത്തിലുണ്ടായിരുന്നത്. ക്രിസ്ത്യാനികൾ ഇത് ഓർമയ്ക്കായി ആചരിക്കണമെന്നു തിരുവെഴുത്തുകളിൽ പറയുന്നതുകൊണ്ട് ഇതിനെ “സ്മാരകം” എന്നും വിളിക്കുന്നു.—1കൊ 11:20, 23-26.
കൽദയ; കൽദയർ.
ടൈഗ്രിസ്, യൂഫ്രട്ടീസ് എന്നീ നദികളുടെ അഴിമുഖത്തോടു ചേർന്നുള്ള പ്രദേശമായിരുന്നു കൽദയ; അവിടെയുള്ള ജനങ്ങളായിരുന്നു കൽദയർ. പിന്നീട് മുഴു ബാബിലോണിയയെയും അവിടത്തെ ആളുകളെയും കുറിക്കാൻ ഈ പദങ്ങൾ ഉപയോഗിച്ചുതുടങ്ങി. മന്ത്രവാദവും ജ്യോതിഷവും പരിശീലിക്കുകയും ശാസ്ത്രം, ചരിത്രം, ഭാഷകൾ, ജ്യോതിശ്ശാസ്ത്രം എന്നിവ പഠിക്കുകയും ചെയ്ത വിദ്യാസമ്പന്നരായ ആളുകളെ കുറിക്കാനും ‘കൽദയർ’ എന്ന വാക്ക് ഉപയോഗിച്ചിരുന്നു.—എസ്ര 5:12; ദാനി 4:7; പ്രവൃ 7:4.
കവചം; പടക്കോപ്പ്.
പടയാളികൾ അണിഞ്ഞിരുന്ന സുരക്ഷാവസ്ത്രം. മാറിൽ അണിഞ്ഞിരുന്ന കവചം മാത്രമല്ല ഇത്. ഇതിൽ പടത്തൊപ്പിയും പടച്ചട്ടയും അരപ്പട്ടയും കാലിന്റെ കവചവും പരിചയും അടങ്ങിയിരുന്നു.—1ശമു 31:9; എഫ 6:13-17.
കവണ.
ഒരു തോൽവാറ്; അല്ലെങ്കിൽ ഞാങ്ങണയോ രോമങ്ങളോ മൃഗങ്ങളുടെ സ്നായുക്കളോ ഒക്കെ ഉപയോഗിച്ച് നെയ്തെടുക്കുന്ന പട്ട. എറിയാനുള്ള കല്ലോ മറ്റോ അതിന്റെ വീതിയുള്ള മധ്യഭാഗത്ത് വെക്കുന്നു. കവണയുടെ ഒരു അറ്റം കൈയിലോ കൈത്തണ്ടയിലോ കെട്ടുന്നു. മറ്റേ അറ്റം ആ കൈയിൽപ്പിടിച്ച് കവണ ചുഴറ്റുന്നു. ചുഴറ്റുന്നതിനിടയിൽ കവണയുടെ ഒരു അറ്റം വിട്ട് കല്ല് എറിയുന്നു. കവണ ഉപയോഗിക്കാൻ അറിയാവുന്നവരെ പണ്ടുകാലത്ത് സൈന്യത്തിൽ ചേർത്തിരുന്നു.—ന്യായ 20:16; 1ശമു 17:50.
കാഞ്ഞിരം; കയ്പുചെടി.
കഠിനമായ കയ്പും രൂക്ഷമായ ഗന്ധവും ഉള്ള പല തരം ചെടികൾ. ലൈംഗിക അധാർമികത, അടിമത്തം, അന്യായം, വിശ്വാസത്യാഗം തുടങ്ങിയവയുടെ പരിണതഫലങ്ങളെക്കുറിച്ച് വിവരിക്കാൻ ബൈബിളിൽ ഈ പദം ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. വെളിപാട് 8:11-ൽ പറഞ്ഞിരിക്കുന്ന “കാഞ്ഞിരം” കയ്പും വിഷവും ഉള്ള അബ്സിന്തെ എന്ന വസ്തുവാണ്.—ആവ 29:18; സുഭ 5:4; യിര 9:15; ആമോ 5:7.
കാബ്.
കാലാ പെറുക്കുക.
കൊയ്ത്തുകാർ അറിഞ്ഞോ അറിയാതെയോ ശേഷിപ്പിച്ച വിളവ് ശേഖരിക്കുന്നത്. വയലുകളുടെ അരികുകൾ തീർത്തുകൊയ്യരുതെന്നും ഒലിവും മുന്തിരിയും മുഴുവൻ ശേഖരിക്കരുതെന്നും മോശയുടെ നിയമം ജനങ്ങളോട് അനുശാസിച്ചിരുന്നു. വിളവെടുപ്പിനു ശേഷം ബാക്കിയുള്ള കാലാ പെറുക്കുന്നതു ദരിദ്രർക്കും ക്ലേശിതർക്കും അന്യദേശക്കാർക്കും അനാഥർക്കും വിധവമാർക്കും ദൈവം നൽകിയ അവകാശമായിരുന്നു.—രൂത്ത് 2:7, അടിക്കുറിപ്പ്.
കാഴ്ചയപ്പം.
വിശുദ്ധകൂടാരത്തിലെയും ദേവാലയത്തിലെയും വിശുദ്ധമുറിയിലെ മേശയിൽ ആറു വീതം രണ്ട് അടുക്കായി വെച്ചിരുന്ന 12 അപ്പം. ഇതിനെ “അടുക്കിവെച്ചിരിക്കുന്ന അപ്പം” എന്നും പറയാറുണ്ട്. ദൈവത്തിന് അർപ്പിക്കുന്ന ഈ അപ്പം ഓരോ ശബത്തിലും മാറ്റി പുതിയവ വെക്കണമായിരുന്നു. ഇങ്ങനെ മാറ്റിയ അപ്പം സാധാരണയായി പുരോഹിതന്മാർ മാത്രമേ കഴിക്കുമായിരുന്നുള്ളൂ. (2ദിന 2:4; മത്ത 12:4; പുറ 25:30; ലേവ 24:5-9; എബ്ര 9:2)—അനു. ബി5 കാണുക.
കാവൽക്കാരൻ.
മിക്കപ്പോഴും രാത്രികാലങ്ങളിൽ ആളുകൾക്കോ വസ്തുക്കൾക്കോ അപകടം സംഭവിക്കാതെ കാക്കുകയും അപായം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ സൂചന കൊടുക്കുകയും ചെയ്യുന്ന വ്യക്തി. സാധാരണയായി നഗരമതിലുകളിലും ഗോപുരങ്ങളിലും ആണ് കാവൽക്കാർ നിൽക്കാറുള്ളത്. അങ്ങനെ ഇവർക്ക് ഇവിടേക്കു വരുന്നവരെ അകലെനിന്നേ കാണാൻ കഴിയും. സൈന്യത്തിലെ കാവൽക്കാരനെ കാവൽഭടൻ എന്നു വിളിക്കാറുണ്ട്. ആസന്നമായ നാശത്തെക്കുറിച്ച് മുന്നറിയിപ്പു കൊടുത്തുകൊണ്ട് ഇസ്രായേലിലെ പ്രവാചകന്മാർ ഒരർഥത്തിൽ ആ രാജ്യത്തിന്റെ കാവൽക്കാരായി സേവിച്ചിരുന്നു.—2രാജ 9:20; യഹ 3:17.
കാഹളം.
ലോഹംകൊണ്ടുള്ള ഒരു ഊത്തുവാദ്യം. അടയാളം നൽകാനും സംഗീതോപകരണമായും ഉപയോഗിക്കുന്നു. സംഖ്യ 10:2 പറയുന്നതനുസരിച്ച് ഇസ്രായേൽസമൂഹത്തെ വിളിച്ചുകൂട്ടാനും പാളയമഴിച്ച് പുറപ്പെടാനും യുദ്ധം പ്രഖ്യാപിക്കാനും വേണ്ടി വ്യത്യസ്തയടയാളങ്ങൾ നൽകാൻ വെള്ളികൊണ്ട് രണ്ടു കാഹളം ഉണ്ടാക്കാൻ യഹോവ നിർദേശിച്ചു. മൃഗങ്ങളുടെ കൊമ്പ് ഉപയോഗിച്ച് ഉണ്ടാക്കിയിരുന്ന വളഞ്ഞ കാഹളങ്ങളിൽനിന്ന് വ്യത്യസ്തമായി അവ നേരെയുള്ളവ ആയിരുന്നിരിക്കാം. ദേവാലയത്തിലെ സംഗീതോപകരണങ്ങളുടെ കൂട്ടത്തിലും കാഹളങ്ങളുണ്ടായിരുന്നു; പക്ഷേ ഇവ എങ്ങനെയുള്ളതായിരുന്നെന്ന് അറിയില്ല. മിക്കപ്പോഴും യഹോവയുടെ ന്യായവിധിപ്രഖ്യാപനങ്ങളും ദൈവത്തിൽനിന്നുള്ള ശ്രദ്ധേയമായ സംഭവങ്ങളും നടന്നതു പ്രതീകാത്മകമായ കാഹളനാദത്തിന്റെ അകമ്പടിയോടെയായിരുന്നു.—2ദിന 29:26; എസ്ര 3:10; 1കൊ 15:52; വെളി 8:7–11:15.
കിസ്ലേവ്.
കുന്തിരിക്കം.
കുങ്ങില്യം (Boswellia) വർഗത്തിൽപ്പെട്ട മരത്തിൽനിന്നോ ചെടിയിൽനിന്നോ എടുക്കുന്ന ഉണങ്ങിയ കറ (മരപ്പശ). കത്തിക്കുമ്പോൾ ഇതിൽനിന്ന് സുഗന്ധം ഉയരുന്നു. വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും ഉപയോഗിച്ചിരുന്ന വിശുദ്ധസുഗന്ധക്കൂട്ടിൽ ഇത് അടങ്ങിയിരുന്നു. ധാന്യയാഗത്തോടൊപ്പവും ഇതു ചേർത്തിരുന്നു. വിശുദ്ധത്തിൽ വെച്ചിരുന്ന കാഴ്ചയപ്പത്തിന്റെ ഓരോ അടുക്കിന്റെ മുകളിലും കുന്തിരിക്കം വെച്ചിരുന്നു.—പുറ 30:34-36; ലേവ 2:1; 24:7; മത്ത 2:11.
കുലദൈവം.
ശകുനം നോക്കാൻ സമീപിക്കുന്ന കുടുംബദൈവങ്ങൾ അല്ലെങ്കിൽ വിഗ്രഹങ്ങൾ. (യഹ 21:21) ചിലതിനു മനുഷ്യന്റെ വലിപ്പവും ആകൃതിയും ആയിരുന്നു, തീരെ ചെറുതുമുണ്ടായിരുന്നു. (ഉൽ 31:34; 1ശമു 19:13, 16) മെസൊപ്പൊത്താമ്യയിലെ പുരാവസ്തുകണ്ടെത്തലുകൾ സൂചിപ്പിക്കുന്നതു കുലദൈവപ്രതിമ കൈവശമുണ്ടായിരുന്നവർക്കു കുടുംബസ്വത്തു ലഭിച്ചിരുന്നു എന്നാണ്. (റാഹേൽ അപ്പന്റെ കുലദൈവപ്രതിമകൾ മോഷ്ടിച്ചതിന്റെ കാരണം ഇതായിരിക്കാം.) പക്ഷേ ഇസ്രായേലിൽ ഇങ്ങനെയൊരു രീതിയുണ്ടായിരുന്നില്ല. എന്നാൽ കുലദൈവങ്ങളുടെ വിഗ്രഹങ്ങൾ ന്യായാധിപന്മാരുടെയും രാജാക്കന്മാരുടെയും കാലത്ത് ഉപയോഗിച്ചിരുന്നു. വിശ്വസ്തരാജാവായ യോശിയ നശിപ്പിച്ച വസ്തുക്കളുടെ കൂട്ടത്തിൽ കുലദൈവപ്രതിമകളുണ്ടായിരുന്നു.—ന്യായ 17:5; 2രാജ 23:24; ഹോശ 3:4.
കുശവൻ.
മൺപാത്രങ്ങൾ ഉണ്ടാക്കുന്നയാൾ. എബ്രായപദത്തിന്റെ അക്ഷരാർഥം “രൂപപ്പെടുത്തുന്നവൻ” എന്നാണ്. യഹോവയ്ക്കു വ്യക്തികളുടെയും ജനതകളുടെയും മേലുള്ള പരമാധികാരത്തെ ചിത്രീകരിക്കാൻ കുശവനു കളിമണ്ണിന്റെ മേലുള്ള അധികാരത്തെ പലപ്പോഴും ദൃഷ്ടാന്തമായി ഉപയോഗിച്ചിട്ടുണ്ട്.—യശ 64:8; റോമ 9:21.
കുഷ്ഠം; കുഷ്ഠരോഗി.
തൊലിപ്പുറത്ത് ഉണ്ടാകുന്ന ഗുരുതരമായ ഒരു രോഗം. ഇന്നു നമുക്ക് അറിയാവുന്ന കുഷ്ഠത്തിൽനിന്ന് വ്യത്യസ്തമായി, മനുഷ്യരെ മാത്രമല്ല വസ്ത്രങ്ങളെയും വീടുകളെയും ബാധിച്ചിരുന്ന കുഷ്ഠത്തെക്കുറിച്ചും തിരുവെഴുത്തുകളിൽ പറഞ്ഞിട്ടുണ്ട്. കുഷ്ഠം ബാധിച്ച വ്യക്തിയാണു കുഷ്ഠരോഗി.—ലേവ 14:54, 55; ലൂക്ക 5:12.
കൂടാരോത്സവം.
കൂടാരപ്പെരുന്നാൾ എന്നും ഫലശേഖരത്തിന്റെ ഉത്സവം എന്നും അറിയപ്പെടുന്നു. ഏഥാനീം മാസം 15-21 തീയതികളിലാണ് ഇത് ആചരിച്ചിരുന്നത്. ഇസ്രായേലിലെ കാർഷികവർഷത്തിന്റെ അവസാനമുള്ള വിളവെടുപ്പിന്റെ ആഘോഷമായിരുന്നു ഇത്. കൃഷിയെ അനുഗ്രഹിച്ചതിനെപ്രതി യഹോവയ്ക്കു നന്ദി നൽകാനും സന്തോഷിക്കാനും ഉള്ള സമയം! ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ ഓർമയ്ക്കായി ആ ദിവസങ്ങളിൽ ആളുകൾ ചെറിയ പന്തൽപോലുള്ള കൂടാരങ്ങൾ ഉണ്ടാക്കി അതിൽ താമസിക്കുമായിരുന്നു. പുരുഷന്മാരെല്ലാം യരുശലേമിൽ പോയി ആചരിക്കേണ്ടിയിരുന്ന മൂന്ന് ഉത്സവങ്ങളിൽ ഒന്നായിരുന്നു ഇത്.—ലേവ 23:34; എസ്ര 3:4.
കെമോശ്.
മോവാബ്യരുടെ പ്രധാനദൈവം.—1രാജ 11:33.
കെരൂബുകൾ.
പ്രത്യേകനിയമനങ്ങളുള്ള, ഉയർന്ന പദവിയിലുള്ള ദൈവദൂതന്മാർ. ഇവർ സാറാഫുകളിൽനിന്ന് വ്യത്യസ്തരാണ്.—ഉൽ 3:24; പുറ 25:20; യശ 37:16; എബ്ര 9:5.
കൊമ്പ്.
കുടിക്കാനുള്ള പാത്രമായും എണ്ണയും മഷിയും സൗന്ദര്യവർധകവസ്തുക്കളും സൂക്ഷിക്കാനായും സംഗീതോപകരണമായും അടയാളം നൽകാനുള്ള ഉപകരണമായും ഉപയോഗിക്കുന്ന മൃഗങ്ങളുടെ കൊമ്പിനെ കുറിക്കുന്നു. (1ശമു 16:1, 13; 1രാജ 1:39; യഹ 9:2) ശക്തിയുടെയും ജയിച്ചടക്കലിന്റെയും വിജയത്തിന്റെയും പ്രതീകമായും മിക്കപ്പോഴും “കൊമ്പ്” ഉപയോഗിച്ചിട്ടുണ്ട്.—ആവ 33:17; മീഖ 4:13; സെഖ 1:19.
കൈവെപ്പ്.
ഒരു പ്രത്യേകനിയമനമോ അനുഗ്രഹമോ രോഗശാന്തിയോ പരിശുദ്ധാത്മാവ് എന്ന സമ്മാനമോ നൽകാൻ ആളുകളുടെ മേൽ കൈകൾ വെക്കാറുണ്ടായിരുന്നു. ചിലപ്പോൾ യാഗം അർപ്പിക്കുന്നതിനു മുമ്പ് മൃഗങ്ങളുടെ മേലും കൈകൾ വെക്കുമായിരുന്നു.—പുറ 29:15; സംഖ 27:18; പ്രവൃ 19:6; 1തിമ 5:22.
കൊടിൽ.
വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും വിളക്കു കെടുത്താൻ ഉപയോഗിച്ചിരുന്ന, സ്വർണംകൊണ്ടുള്ള ഉപകരണം. ചവണയുടെ ആകൃതിയായിരിക്കാം.—പുറ 37:23.
കൊള്ളവസ്തു; കൊള്ളമുതൽ.
കോർ.
ക്രിസ്തു.
യേശുവിന്റെ ഒരു സ്ഥാനപ്പേര്. ക്രിസ്തോസ് എന്ന ഗ്രീക്കുപദത്തിൽനിന്ന് വന്നത്. “മിശിഹ” അഥവാ “അഭിഷിക്തൻ” എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായപദത്തിനും ഇതേ അർഥമാണുള്ളത്.—മത്ത 1:16; യോഹ 1:41.
ക്രിസ്തുവിരുദ്ധൻ.
ഇതിന്റെ ഗ്രീക്കുപദത്തിനു രണ്ട് അർഥങ്ങളുണ്ട്. ക്രിസ്തുവിന് വിരുദ്ധം അഥവാ ക്രിസ്തുവിനെ എതിർക്കുന്ന എന്നാണ് ഒരു അർഥം. ക്രിസ്തുവിന്റെ സ്ഥാനത്ത് നിൽക്കുന്ന കള്ളക്രിസ്തു എന്നതാണു മറ്റൊരു അർഥം. ക്രിസ്തുവിന്റെ പ്രതിനിധികളോ മിശിഹയോ ആണെന്നു വ്യാജമായി അവകാശപ്പെടുകയോ ക്രിസ്തുവിനെയും ശിഷ്യന്മാരെയും എതിർക്കുകയോ ചെയ്യുന്ന എല്ലാ ആളുകളെയും സംഘടനകളെയും കൂട്ടങ്ങളെയും ക്രിസ്തുവിരുദ്ധർ എന്നു വിളിക്കാനാകും.—1യോഹ 2:22.
ക്രിസ്ത്യാനി.
യേശുക്രിസ്തുവിന്റെ അനുഗാമികൾക്കു ദൈവം നൽകിയ ഒരു പേര്.—പ്രവൃ 11:26; 26:28.
ഗ
ഗിത്യരാഗം.
സംഗീതവുമായി ബന്ധപ്പെട്ട ഈ വാക്കിന്റെ അർഥം വ്യക്തമല്ല. ഗത്ത് എന്ന എബ്രായവാക്കിൽനിന്ന് ഉത്ഭവിച്ചതായിരിക്കാം. ഗത്ത് അർഥമാക്കുന്നതു മുന്തിരിച്ചക്കിനെ ആയതിനാൽ, വീഞ്ഞ് ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട പാട്ടുകളുടെ ഈണമായിരിക്കാം ഇതെന്നു ചിലർ വിശ്വസിക്കുന്നു.—സങ്ക 81:മേലെ.
ഗിലെയാദ്.
കൃത്യമായി പറഞ്ഞാൽ യോർദാൻ നദിയുടെ കിഴക്ക് യബ്ബോക്ക് താഴ്വരയുടെ വടക്കോട്ടും തെക്കോട്ടും വ്യാപിച്ചുകിടക്കുന്ന ഫലഭൂയിഷ്ഠമായ പ്രദേശം. ചിലപ്പോഴൊക്കെ യോർദാനു കിഴക്കുള്ള ഇസ്രായേലിനെ, അതായത് രൂബേൻ ഗോത്രവും ഗാദ് ഗോത്രവും മനശ്ശെയുടെ പാതി ഗോത്രവും താമസിച്ച പ്രദേശത്തെ, കുറിക്കാൻ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (സംഖ 32:1; യോശ 12:2; 2രാജ 10:33)—അനു. ബി4 കാണുക.
ഗീഹെന്ന.
പുരാതനയരുശലേമിന്റെ തെക്കും തെക്കുപടിഞ്ഞാറും ആയി സ്ഥിതിചെയ്തിരുന്ന ഹിന്നോം താഴ്വരയുടെ ഗ്രീക്കുനാമം. (യിര 7:31) ശവങ്ങൾ ചിതറിക്കിടക്കുന്ന സ്ഥലമെന്ന് അതിനെക്കുറിച്ച് പ്രാവചനികമായി പറഞ്ഞിരുന്നു. (യിര 7:32; 19:6) മൃഗങ്ങളെയും മനുഷ്യരെയും ഗീഹെന്നയിലേക്ക് എറിഞ്ഞ് ജീവനോടെ ചുട്ടെരിക്കുകയോ ദണ്ഡിപ്പിക്കുകയോ ചെയ്തതായി ഒരു തെളിവുമില്ല. അതുകൊണ്ടുതന്നെ മനുഷ്യദേഹിയെ തീയിൽ നിത്യം ദണ്ഡിപ്പിക്കുന്ന ഒരു അദൃശ്യലോകത്തെ ഈ സ്ഥലം പ്രതീകാത്മകമായി ചിത്രീകരിക്കുന്നില്ല. പകരം യേശുവും ശിഷ്യന്മാരും “രണ്ടാം മരണ”മാകുന്ന നിത്യശിക്ഷയെ, അതായത് നിത്യനാശത്തെ അല്ലെങ്കിൽ പൂർണമായ നാശത്തെ, കുറിക്കാനാണു ഗീഹെന്ന എന്ന പദം ഉപയോഗിച്ചത്.—വെളി 20:14; മത്ത 5:22; 10:28.
ഗേര.
ഗ്രീക്ക്; ഗ്രീക്കുകാർ.
ഗ്രീസിലെ ജനങ്ങൾ സംസാരിച്ചിരുന്ന ഭാഷയാണു ഗ്രീക്ക്. ഗ്രീസിൽ താമസിക്കുന്നവരെയും അവിടെ കുടുംബവേരുള്ളവരെയും ഗ്രീക്കുകാർ എന്നു വിളിക്കുന്നു. ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം വിശാലമായ അർഥത്തിൽ ഉപയോഗിക്കുന്നുണ്ട്. അതായത്, ജൂതന്മാരല്ലാത്ത എല്ലാവരെയും ഗ്രീക്ക് ഭാഷയുടെയും സംസ്കാരത്തിന്റെയും സ്വാധീനത്തിൻകീഴിലായിരിക്കുന്നവരെയും കുറിക്കാൻ ഇത് ഉപയോഗിക്കുന്നു.—യോവ 3:6; യോഹ 12:20.
ച
ചാട്ടയടി.
ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം, ഇടയ്ക്കിടെ കെട്ടുകളോ അറ്റത്ത് കൊളുത്തുകളോ ഉള്ള ചാട്ടകൊണ്ട് ശക്തിയായി അടിക്കുന്നതിനെ അർഥമാക്കുന്നു.—യോഹ 19:1.
ചാൺ.
നീളം അളക്കാനുള്ള ഒരു അളവ്. കൈപ്പത്തി വിരിച്ചുപിടിക്കുമ്പോൾ തള്ളവിരലിന്റെ അറ്റംമുതൽ ചെറുവിരലിന്റെ അറ്റംവരെയുള്ള ഏകദേശ അകലം. ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്) എന്ന കണക്കനുസരിച്ച് ഒരു ചാൺ 22.2 സെ.മീ. (8.75 ഇഞ്ച്) ആയിരിക്കും. (പുറ 28:16; 1ശമു 17:4)—അനു. ബി14 കാണുക.
ചുരുൾ.
ഒരു പുറത്ത് മാത്രം എഴുത്തുള്ള, തുകലിന്റെയോ പപ്പൈറസിന്റെയോ നീളമുള്ള താൾ. സാധാരണയായി ഒരു ദണ്ഡിൽ ചുറ്റിയിരിക്കും. തിരുവെഴുത്തുകൾ എഴുതുകയും പകർത്തുകയും ചെയ്തിരുന്നതു ചുരുളുകളിലായിരുന്നു. അക്കാലത്ത് വിവരങ്ങൾ എഴുതിസൂക്ഷിച്ചിരുന്നത് അങ്ങനെയായിരുന്നു.—യിര 36:4, 18, 23; ലൂക്ക 4:17-20; 2തിമ 4:13.
ചൂള.
അയിരോ ലോഹമോ ഉരുക്കാൻ ഉപയോഗിച്ചിരുന്ന നിർമിതി. മൺപാത്രങ്ങളും മണ്ണുകൊണ്ട് ഉണ്ടാക്കിയ മറ്റു വസ്തുക്കളും ചുടാനും കുമ്മായം നീറ്റാനും ഉപയോഗിച്ചിരുന്നു. ബൈബിൾക്കാലങ്ങളിൽ ഇഷ്ടികകൊണ്ടോ കല്ലുകൊണ്ടോ ആണ് ചൂളകൾ നിർമിച്ചിരുന്നത്.—ഉൽ 15:17; ദാനി 3:17; വെളി 9:2.
ചെങ്കോൽ.
ജ
ജടാമാംസി തൈലം.
ജടാമാഞ്ചി ചെടിയിൽനിന്ന് (Nardostachys jatamansi) ഉണ്ടാക്കുന്ന ഇളംചുവപ്പു നിറമുള്ള വിലയേറിയ സുഗന്ധതൈലം. വില കൂടുതലായതുകൊണ്ട് മിക്കപ്പോഴും താണ തരം തൈലങ്ങൾ ഇതിൽ കൂട്ടുചേർക്കാറുണ്ട്; വ്യാജ ഉത്പന്നങ്ങളും കാണാറുണ്ട്. എന്നാൽ യേശുവിന്റെ ദേഹത്ത് ഒഴിച്ചതു “ശുദ്ധമായ ജടാമാംസി തൈല”മാണെന്നു മർക്കോസും യോഹന്നാനും പറയുന്നു.—മർ 14:3; യോഹ 12:3.
ജഡം.
ജഡം എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ, ഗ്രീക്ക് പദങ്ങൾ മുഖ്യമായും ഭൗതികമായ ഒരു ശരീരത്തിലെ (മനുഷ്യൻ, മൃഗം, പക്ഷി, മത്സ്യം എന്നിവപോലുള്ള ഏതിന്റെയെങ്കിലും) മാംസത്തെ സൂചിപ്പിക്കുന്നു. ശരീരത്തെ മുഴുവൻ കുറിക്കാനും അത് ഉപയോഗിച്ചിട്ടുണ്ട്. ജഡവും ആത്മവ്യക്തിയായ ദൈവവും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിച്ചുകൊണ്ട് ബൈബിൾ പലപ്പോഴും മനുഷ്യൻ എത്ര നിസ്സാരനാണെന്നു വ്യക്തമാക്കുന്നു. (ഉൽ 6:3) ധിക്കാരം കാണിച്ച ആദാമിന്റെ മക്കളെന്ന നിലയിൽ പാപത്തിൽ ജനിച്ച, അപൂർണാവസ്ഥയിലുള്ള മനുഷ്യരെ കുറിക്കാനും ജഡം എന്ന വാക്കു ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്.—ഗല 5:13; എഫ 2:3.
ജലസംഭരണി.
വെള്ളം ശേഖരിക്കാൻ കൃത്രിമമായി നിർമിക്കുന്ന ഒരു ഭൂഗർഭ അറ. ചിലയിടത്ത് കിണർ, കുഴി എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മഴവെള്ളമോ നീരുറവകളിൽനിന്നുള്ള വെള്ളമോ സംഭരിക്കുന്നു. ഇവ മൂടിവെക്കാറാണു പതിവ്.—2ദിന 26:10.
ജീവവൃക്ഷം.
ജൂതൻ.
പത്തു-ഗോത്ര ഇസ്രായേൽരാജ്യത്തിന്റെ പതനത്തിനു ശേഷം യഹൂദാഗോത്രത്തിലുള്ള ഒരു വ്യക്തിയെ വിളിച്ചിരുന്നത്. (2രാജ 16:6) ബാബിലോണിലെ പ്രവാസത്തിനു ശേഷം ഇസ്രായേലിലേക്കു മടങ്ങിവന്ന വ്യത്യസ്ത ഇസ്രായേൽഗോത്രങ്ങളിലുള്ളവരെ കുറിക്കാനും ഈ പേര് ഉപയോഗിച്ചു. (എസ്ര 4:12) പിന്നീട് മറ്റു ജനതകളിൽനിന്ന് ഇസ്രായേല്യരെ വേർതിരിച്ചുകാണിക്കാൻ ലോകമെമ്പാടും ഈ പേര് ഉപയോഗിച്ചു. (എസ്ഥ 3:6) ക്രിസ്തീയസഭയിൽ ദേശീയതയ്ക്കു യാതൊരു പ്രാധാന്യവുമില്ല എന്നു ന്യായവാദം ചെയ്തപ്പോൾ പൗലോസ് അപ്പോസ്തലൻ ആലങ്കാരികമായി ഈ പദം ഉപയോഗിക്കുകയുണ്ടായി.—റോമ 2:28, 29; ഗല 3:28.
ജൂതമതം സ്വീകരിച്ചയാൾ.
ജൂതമതം സ്വീകരിക്കുന്ന പുരുഷന്മാർ പരിച്ഛേദന ചെയ്യണമായിരുന്നു.—മത്ത 23:15; പ്രവൃ 13:43.
ജൂബിലി.
ഇസ്രായേല്യർ വാഗ്ദത്തദേശത്ത് പ്രവേശിച്ചതുമുതലുള്ള എല്ലാ 50-ാം വർഷത്തെയും കുറിക്കുന്നു. ജൂബിലി വർഷത്തിൽ ദേശത്ത് കൃഷി ചെയ്യാൻ പാടില്ലായിരുന്നു; എബ്രായയടിമകളെ സ്വതന്ത്രരായി വിട്ടയയ്ക്കണമായിരുന്നു. വിറ്റുകളഞ്ഞ അവകാശഭൂമി തിരികെ കിട്ടുമായിരുന്നു. ഒരർഥത്തിൽ ഒരു വർഷം നീണ്ടുനിന്ന ഉത്സവമാണു ജൂബിലി. ദൈവം ജനതയെ സ്ഥാപിച്ചപ്പോഴുള്ള അവസ്ഥയിലേക്ക് അവരെ പുനഃസ്ഥിതീകരിച്ച, സ്വാതന്ത്ര്യത്തിന്റെ വർഷം!—ലേവ 25:10.
ജ്യോത്സ്യൻ.
ഭാവിസംഭവങ്ങൾ പ്രവചിക്കാനായി സൂര്യന്റെയും ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും ചലനങ്ങൾ പഠിക്കുന്ന വ്യക്തി.—ദാനി 2:27; മത്ത 2:1.
ട
ടാർട്ടറസ്.
നോഹയുടെ കാലത്തെ അനുസരണംകെട്ട ദൈവദൂതന്മാരെ ഇട്ടിരിക്കുന്ന തടവറതുല്യമായ അധമാവസ്ഥയെ കുറിക്കാൻ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പദം. 2 പത്രോസ് 2:4-ലെ ടാർട്ടാരു (“ടാർട്ടറസിൽ ഇടുക ”) എന്ന ക്രിയാപദം, പുറജാതീയ ഐതിഹ്യത്തിലെ ടാർട്ടറസിൽ (അതായത്, പ്രാധാന്യം കുറഞ്ഞ ദേവന്മാർക്കുള്ള ഭൂമിക്കടിയിലെ അന്ധകാരം നിറഞ്ഞ തടവറയിൽ) ആണ് “പാപം ചെയ്ത ദൈവദൂതന്മാരെ” ഇട്ടതെന്ന് അർഥമാക്കുന്നില്ല. പകരം ദൈവം അവരെ സ്വർഗീയവാസസ്ഥലത്തുനിന്നും പദവികളിൽനിന്നും നീക്കി ദൈവത്തിന്റെ ഉജ്ജ്വലമായ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത, മാനസികമായ അന്ധകാരാവസ്ഥയിലേക്കു തള്ളിക്കളഞ്ഞു എന്നാണ് ഇത് അർഥമാക്കുന്നത്. അന്ധകാരം എന്നത് അവർക്ക് അന്തിമമായി സംഭവിക്കാൻപോകുന്നത് എന്താണെന്നും കാണിക്കുന്നു. അവരുടെ ഭരണാധികാരിയായ പിശാചായ സാത്താനോടൊപ്പം അവർക്കു നിത്യനാശം സംഭവിക്കുമെന്നാണു തിരുവെഴുത്തുകൾ പറയുന്നത്. അതുകൊണ്ട് ടാർട്ടറസ് എന്നതു മത്സരികളായ ദൈവദൂതന്മാരുടെ അങ്ങേയറ്റം അധമമായ അവസ്ഥയെ കുറിക്കുന്നു. ഇതു വെളിപാട് 20:1-3-ൽ പറയുന്ന ‘അഗാധം’ അല്ല.
ത
തടിവിലങ്ങ്.
ശിക്ഷയായി ഒരു വ്യക്തിയെ ബന്ധിക്കുന്ന ഉപകരണം. ചില തടിവിലങ്ങുകൾ ഉപയോഗിച്ച് പാദങ്ങൾ മാത്രമാണു ബന്ധിക്കുന്നത്. മറ്റു ചിലത് ഉപയോഗിച്ച് ഒരുപക്ഷേ പാദങ്ങളോ കൈകളോ കഴുത്തോ ഒക്കെ ബന്ധിച്ച് ശരീരം വളഞ്ഞിരിക്കുന്ന നിലയിലാക്കുന്നു.—യിര 20:2; പ്രവൃ 16:24.
തമ്മൂസ്.
(1) ഒരു ദേവന്റെ പേര്. ഇദ്ദേഹത്തെച്ചൊല്ലി യരുശലേമിലെ വിശ്വാസത്യാഗികളായ എബ്രായസ്ത്രീകൾ വിലപിച്ചിരുന്നു. തമ്മൂസ് ഒരു രാജാവായിരുന്നെന്നും മരണശേഷം അദ്ദേഹത്തിനു ദിവ്യത്വം കല്പിക്കുകയായിരുന്നെന്നും പറയപ്പെടുന്നു. സുമേറിയൻ ഗ്രന്ഥങ്ങളിൽ തമ്മൂസിനെ ഡുമുസി എന്നാണു വിളിച്ചിരിക്കുന്നത്. തമ്മൂസ്, പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ദേവതയായ ഇനാന്നയുടെ (ബാബിലോണിലെ ഇഷ്താറിന്റെ) ഭർത്താവോ കാമുകനോ ആണെന്നും അതിൽ പറയുന്നു. (യഹ 8:14) (2) ബാബിലോണിയൻ പ്രവാസത്തിനു ശേഷം, ജൂതരുടെ വിശുദ്ധകലണ്ടറിലെ നാലാമത്തെ ചാന്ദ്രമാസത്തിന്റെ പേര്. മതേതരകലണ്ടറിലെ പത്താമത്തെ മാസം. ജൂൺ പകുതിമുതൽ ജൂലൈ പകുതിവരെയുള്ള കാലയളവ്.—അനു. ബി15 കാണുക.
തർശീശുകപ്പലുകൾ.
പുരാതനതർശീശിലേക്കു (ഇന്നത്തെ സ്പെയിനിലേക്ക്) പോയിരുന്ന കപ്പലുകളെയാണ് ആദ്യം ഇങ്ങനെ വിളിച്ചിരുന്നത്. എന്നാൽ ദീർഘദൂരയാത്രയ്ക്കു പോകുന്ന വലിയ കപ്പലുകളെ പിന്നീട് ഇങ്ങനെ വിളിക്കാൻതുടങ്ങി. ശലോമോനും യഹോശാഫാത്തും ഇത്തരം കപ്പലുകൾ കച്ചവടാവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു.—1രാജ 9:26; 10:22; 22:48.
തലപ്പാവ്.
തലയിൽ ചുറ്റിവെക്കുന്ന തുണി. മഹാപുരോഹിതൻ മേന്മയേറിയ ലിനൻകൊണ്ടുള്ള തലപ്പാവ് ധരിച്ചിരുന്നു. അതിന്റെ മുൻവശത്ത് നീലച്ചരടുകൊണ്ട് സ്വർണത്തകിടു ബന്ധിച്ചിരുന്നു. രാജാവിന്റെ കിരീടത്തിന് അടിയിൽ തലപ്പാവുണ്ടായിരുന്നു. ‘ന്യായം എന്റെ തലപ്പാവാണ്’ എന്ന് ഇയ്യോബ് ആലങ്കാരികമായി പറഞ്ഞു.—പുറ 28:36, 37; ഇയ്യ 29:14; യഹ 21:26.
താലന്ത്.
തൂക്കത്തിന്റെയും പണത്തിന്റെയും ഏറ്റവും വലിയ എബ്രായയളവ്. ഒരു താലന്ത് 34.2 കിലോഗ്രാമാണ്. ഗ്രീക്കുതാലന്ത് കുറെക്കൂടി ചെറുതായിരുന്നു. ഏതാണ്ട് 20.4 കിലോഗ്രാം വരും. (1ദിന 22:14; മത്ത 18:24)—അനു. ബി14 കാണുക.
തിരശ്ശീല.
വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും വിശുദ്ധത്തെ അതിവിശുദ്ധത്തിൽനിന്ന് വേർതിരിച്ചിരുന്ന, ഭംഗിയായി നെയ്തെടുത്ത തുണി. കെരൂബുകളുടെ രൂപത്തിന്റെ ചിത്രത്തുന്നൽ അതിലുണ്ടായിരുന്നു. (പുറ 26:31; 2ദിന 3:14; മത്ത 27:51; എബ്ര 9:3)—അനു. ബി5 കാണുക.
തിരി കെടുത്താനുള്ള കത്രിക.
വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും ഉപയോഗിച്ചിരുന്ന സ്വർണമോ ചെമ്പോ കൊണ്ടുള്ള ഉപകരണം. വിളക്കിന്റെ തിരി മുറിക്കാനുള്ള, കത്രികപോലുള്ള ഉപകരണമായിരുന്നിരിക്കാം.—2രാജ 25:14.
തിരികല്ല്.
ധാന്യം പൊടിക്കാൻ ഉപയോഗിക്കുന്ന വട്ടത്തിലുള്ള കല്ല്. അതുപോലുള്ള മറ്റൊരു കല്ലിന്റെ മുകളിൽ ഇതു വെക്കും. താഴത്തെ കല്ലിന്റെ നടുവിൽ പിടിപ്പിച്ചിരുന്ന കുറ്റിയിൽക്കിടന്ന് മുകളിലത്തെ കല്ലു കറങ്ങും. ബൈബിൾക്കാലങ്ങളിൽ മിക്ക വീടുകളിലും, സ്ത്രീകൾ കൈകൊണ്ട് തിരിക്കുന്ന തിരികല്ലുകൾ ഉപയോഗിച്ചിരുന്നു. ഒരു കുടുംബത്തിനു ദിവസവും വേണ്ട ആഹാരം ഉണ്ടാക്കാൻ തിരികല്ല് ആവശ്യമായിരുന്നതുകൊണ്ട് തിരികല്ലോ മേൽക്കല്ലോ പണയമായി വാങ്ങുന്നതു മോശയുടെ നിയമം വിലക്കിയിരുന്നു. വലിയ തിരികല്ലുകൾ മൃഗങ്ങളെ ഉപയോഗിച്ച് കറക്കിയിരുന്നു.—ആവ 24:6; മർ 9:42.
തിരുവെഴുത്തുകൾ.
ദൈവവചനത്തിലെ വിശുദ്ധലിഖിതങ്ങൾ. ഗ്രീക്കുതിരുവെഴുത്തുകളിൽ മാത്രമാണ് ഈ പ്രയോഗമുള്ളത്.—ലൂക്ക 24:27; 2തിമ 3:16.
തിസ്രി.—
ഏഥാനീം, അനു. ബി15 കാണുക.
തീത്തടാകം.
തീയും ഗന്ധകവും കത്തുന്ന ഒരു ആലങ്കാരികസ്ഥലം. “രണ്ടാം മരണ”മെന്നും വിളിച്ചിരിക്കുന്നു. മാനസാന്തരമില്ലാത്ത പാപികളെയും പിശാചിനെയും എന്തിനേറെ, മരണത്തെയും ശവക്കുഴിയെയും (അഥവാ ഹേഡിസ്.) പോലും തീത്തടാകത്തിലേക്ക് എറിയുന്നു. ഇപ്പറഞ്ഞ പിശാച് എന്ന ആത്മവ്യക്തിയെയോ മരണത്തെയോ ഹേഡിസിനെയോ ഒന്നും തീ ബാധിക്കില്ലാത്തതുകൊണ്ട് ഈ തടാകം ഒരു പ്രതീകം മാത്രമാണ്; നിത്യദണ്ഡനത്തിന്റെയല്ല, നിത്യനാശത്തിന്റെ പ്രതീകം.—വെളി 19:20; 20:14, 15; 21:8.
തുകൽച്ചുരുൾ.
ചെമ്മരിയാട്, കോലാട്, കാളക്കുട്ടി എന്നിവയുടെ തോലുകൊണ്ടുള്ള തുകൽച്ചുരുളുകൾ എഴുതാൻ ഉപയോഗിച്ചിരുന്നു. പപ്പൈറസിനെക്കാൾ ഈടുനിൽക്കുന്ന ഇത് ഉപയോഗിച്ച് ബൈബിളിന്റെ ചുരുളുകൾ ഉണ്ടാക്കി. പൗലോസ് തിമൊഥെയൊസിനോടു കൊണ്ടുവരാൻ പറഞ്ഞ തുകൽച്ചുരുളുകൾ സാധ്യതയനുസരിച്ച് എബ്രായതിരുവെഴുത്തുകളുടെ ഭാഗങ്ങളായിരുന്നു. ചില ചാവുകടൽ ചുരുളുകൾ തുകൽച്ചുരുളുകളായിരുന്നു.—2തിമ 4:13.
തൂൺ; സ്തംഭം.
നേരെയുള്ള താങ്ങ് അല്ലെങ്കിൽ അതുപോലുള്ള എന്തെങ്കിലും. ചരിത്രപ്രധാനമായ സംഭവങ്ങൾ ഓർമിക്കാൻ തൂണുകൾ സ്ഥാപിക്കാറുണ്ടായിരുന്നു. ശലോമോൻ പണിത ദേവാലയത്തിലും കൊട്ടാരത്തിലും തൂണുകളുണ്ടായിരുന്നു. മറ്റു ജനതകളിൽപ്പെട്ടവർ വ്യാജാരാധനയുമായി ബന്ധപ്പെട്ട് പൂജാസ്തംഭങ്ങൾ നാട്ടി. ചിലപ്പോൾ ഇസ്രായേല്യരും അവരെപ്പോലെ പൂജാസ്തംഭങ്ങൾ ഉണ്ടാക്കി. (ന്യായ 16:29; 1രാജ 7:21; 14:23)—മകുടം കാണുക.
തേബത്ത്.
ദ
ദക്കപ്പൊലി.
ഗ്രീക്കുനഗരങ്ങളുടെ ഒരു കൂട്ടം; ആദ്യം പത്തു നഗരങ്ങളുണ്ടായിരുന്നു. (“പത്ത്” എന്ന് അർഥമുള്ള ദക്ക, “നഗരം” എന്ന് അർഥമുള്ള പൊലിസ് എന്നീ ഗ്രീക്കുപദങ്ങളിൽനിന്ന്.) ഗലീല കടലിന്റെയും യോർദാൻ നദിയുടെയും കിഴക്കുള്ള പ്രദേശവും ഈ പേരിൽ അറിയപ്പെട്ടിരുന്നു. അവിടെയാണ് ഈ നഗരങ്ങളിൽ മിക്കതും സ്ഥിതിചെയ്തിരുന്നത്. യവന സംസ്കാരത്തിന്റെയും വ്യാപാരത്തിന്റെയും കേന്ദ്രമായിരുന്നു അവിടം. യേശു ഈ പ്രദേശത്തുകൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഈ നഗരങ്ങളിൽ ഏതെങ്കിലും സന്ദർശിച്ചതായി രേഖയില്ല. (മത്ത 4:25; മർ 5:20)—അനു. എ7, ബി10 കാണുക.
ദണ്ഡനസ്തംഭം.
സ്റ്റോറോസ് എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷ. കുത്തനെയുള്ള സ്തംഭം അഥവാ ദണ്ഡ് എന്ന് അർഥം. ഇതുപോലൊരു സ്തംഭത്തിലാണു യേശുവിനെ വധിച്ചത്. ഈ ഗ്രീക്കുപദത്തിനു കുരിശ് എന്ന് അർഥമുണ്ടെന്നതിനു യാതൊരു തെളിവുമില്ല. ക്രിസ്തുവിനു മുമ്പ് നൂറ്റാണ്ടുകളോളം പുറജാതീയർ ഉപയോഗിച്ചിരുന്ന മതചിഹ്നമായിരുന്നു കുരിശ്. “ദണ്ഡനസ്തംഭം” എന്ന വാക്ക് ആ ഗ്രീക്കുപദത്തിന്റെ എല്ലാ അർഥതലങ്ങളും വ്യക്തമാക്കുന്നു. കാരണം യേശുവിന്റെ അനുഗാമികൾ നേരിടാൻപോകുന്ന ദണ്ഡനത്തെയും കഷ്ടപ്പാടിനെയും അപമാനത്തെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നതും സ്റ്റോറോസ് എന്ന പദംതന്നെയാണ്. (മത്ത 16:24; എബ്ര 12:2)—സ്തംഭം കാണുക.
ദശാംശം.
പത്തിലൊന്ന് അല്ലെങ്കിൽ പത്തു ശതമാനം. പ്രത്യേകിച്ച് മതപരമായ ഉദ്ദേശ്യങ്ങൾക്കുവേണ്ടി കാഴ്ചയായി നൽകുന്നത്. ഇങ്ങനെ പത്തിലൊന്നു കൊടുക്കുന്നതിനെ ‘ദശാംശം കൊടുക്കുക ’ എന്നു പറയുന്നു. (മല 3:10; ആവ 26:12; മത്ത 23:23) മോശയുടെ നിയമമനുസരിച്ച് നിലത്തെ വിളവിന്റെ പത്തിലൊന്നും ആടുമാടുകളുടെ വർധനയുടെ പത്തിലൊന്നും വർഷംതോറും ലേവ്യർക്കൊരു സഹായമായി കൊടുക്കണമായിരുന്നു. ലേവ്യർ ഇതിന്റെ പത്തിലൊന്ന് അഹരോന്റെ പുരോഹിതകുടുംബത്തെ സഹായിക്കാൻ അവർക്കു കൊടുക്കും. മറ്റു ചില ദശാംശങ്ങളുമുണ്ടായിരുന്നു. ക്രിസ്ത്യാനികൾ ദശാംശം കൊടുക്കേണ്ടതില്ല.
ദഹനയാഗം.
ദൈവത്തിന് അർപ്പിച്ചിരുന്ന ഒരു മൃഗബലി. മൃഗത്തിന്റെ (കാള, ആൺചെമ്മരിയാട്, ആൺകോലാട്, ചെങ്ങാലിപ്രാവ്, പ്രാവിൻകുഞ്ഞ് എന്നിവയുടെ) ഒരു ഭാഗവും ആരാധകർ എടുത്തിരുന്നില്ല; അതു മുഴുവനായി യാഗപീഠത്തിൽ ദഹിപ്പിച്ചിരുന്നു.—പുറ 29:18; ലേവ 6:9.
ദാഗോൻ.
ഫെലിസ്ത്യരുടെ ഒരു ദൈവം. ഈ വാക്കിന്റെ ഉൽപത്തി സംബന്ധിച്ച് നിശ്ചയമില്ല. എന്നാൽ ചില പണ്ഡിതന്മാർ ഇതിനെ ദാഗ് (മത്സ്യം) എന്ന എബ്രായപദവുമായി ബന്ധപ്പെടുത്തുന്നു.—ന്യായ 16:23; 1ശമു 5:4.
ദാനം.
ബുദ്ധിമുട്ടിലായവർക്കു നൽകുന്ന സഹായം. എബ്രായതിരുവെഴുത്തുകളിൽ ഇതെക്കുറിച്ച് നേരിട്ട് പരാമർശിച്ചിട്ടില്ല. എന്നാൽ ദരിദ്രരോടുള്ള കടമകളെക്കുറിച്ച് ഇസ്രായേല്യർക്കുള്ള നിയമത്തിൽ വ്യക്തമായ നിർദേശങ്ങൾ നൽകിയിരുന്നു.—മത്ത 6:2.
ദാരിക്ക്.
ദാവീദിന്റെ നഗരം.
ദാവീദ് യബൂസ് നഗരം പിടിച്ചടക്കി അവിടെ രാജഭവനം പണിതശേഷം ആ നഗരത്തിനു ലഭിച്ച പേര്. സീയോൻ എന്നും ഇത് അറിയപ്പെടുന്നു. യരുശലേമിന്റെ തെക്കുകിഴക്കുള്ള ഈ നഗരം അവിടത്തെ ഏറ്റവും പുരാതനമായ സ്ഥലമായിരുന്നു.—2ശമു 5:7; 1ദിന 11:4, 5.
ദാവീദുപുത്രൻ.
മിക്കപ്പോഴും യേശുവിനെ പരാമർശിക്കുന്നു. ദാവീദിന്റെ വംശാവലിയിലെ ഒരാൾ നിവർത്തിക്കേണ്ട രാജ്യ ഉടമ്പടിയുടെ അവകാശി യേശുവാണെന്ന് ഊന്നിപ്പറയാൻ ഈ പദപ്രയോഗം ഉപയോഗിക്കുന്നു.—മത്ത 12:23; 21:9.
ദിനാറെ.
ഏകദേശം 3.85 ഗ്രാം തൂക്കമുള്ള ഒരു റോമൻ വെള്ളിനാണയം. അതിന്റെ ഒരു വശത്ത് സീസറിന്റെ ചിത്രമുണ്ടായിരുന്നു. ഒരു കൂലിക്കാരന്റെ ഒരു ദിവസത്തെ കൂലിയായിരുന്നു അത്. ഈ നാണയമാണു റോമാക്കാർ ജൂതന്മാരിൽനിന്ന് “തലക്കര”മായി പിരിച്ചിരുന്നത്. (മത്ത 22:17; ലൂക്ക 20:24)—അനു. ബി14 കാണുക.
ദിവ്യജ്ഞാനി.
ദൈവേഷ്ടം വിവേചിച്ചറിയാൻ ദൈവം പ്രാപ്തനാക്കിയ വ്യക്തി. മനുഷ്യർക്കു പൊതുവേ കാണാനോ മനസ്സിലാക്കാനോ കഴിയാത്ത കാര്യങ്ങൾ കാണാനും മനസ്സിലാക്കാനും ഉള്ള പ്രാപ്തി അദ്ദേഹത്തിനു ലഭിച്ചിരുന്നു. ആലങ്കാരികമായോ അക്ഷരീയമായോ “കാണുക ” എന്ന് അർഥം വരുന്ന മൂലപദത്തിൽനിന്നാണ് ഇതിന്റെ എബ്രായപദം വന്നിരിക്കുന്നത്. പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനുള്ള ജ്ഞാനപൂർവമായ ഉപദേശങ്ങൾക്ക് ആളുകൾ ദിവ്യജ്ഞാനിയെ സമീപിക്കുമായിരുന്നു.—1ശമു 9:9.
ദുഷ്ടൻ.
ദൈവത്തിനും ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കും എതിരെ നിലകൊള്ളുന്ന പിശാചായ സാത്താന്റെ ഒരു സ്ഥാനപ്പേര്.—മത്ത 6:13; 1യോഹ 5:19.
ദേവാലയം.
കൊണ്ടുനടക്കാവുന്ന വിശുദ്ധകൂടാരത്തിനു പകരം ഇസ്രായേല്യർ ആരാധനയുടെ കേന്ദ്രമായി യരുശലേമിൽ സ്ഥിരമായി ഉണ്ടാക്കിയ കെട്ടിടം. ആദ്യത്തെ ദേവാലയം നിർമിച്ചതു ശലോമോനായിരുന്നു. അതു ബാബിലോണിയർ നശിപ്പിച്ചു. രണ്ടാമത്തേതു ബാബിലോണിലെ പ്രവാസത്തിൽനിന്ന് വന്നശേഷം സെരുബ്ബാബേൽ നിർമിച്ചതായിരുന്നു. പിന്നീട് മഹാനായ ഹെരോദ് അതു പുതുക്കിപ്പണിതു. തിരുവെഴുത്തുകളിൽ ദേവാലയത്തെ മിക്കപ്പോഴും “യഹോവയുടെ ഭവനം” എന്നാണു വിളിക്കാറുള്ളത്. (എസ്ര 1:3; 6:14, 15; 1ദിന 29:1; 2ദിന 2:4; മത്ത 24:1)—അനു. ബി8, ബി11 കാണുക.
ദേഹി.
എബ്രായപദമായ നെഫെഷിന്റെയും ഗ്രീക്കുപദമായ സൈക്കിയുടെയും പരിഭാഷ. ബൈബിളിൽ ഈ പദങ്ങൾ ഉപയോഗിച്ചിരിക്കുന്ന രീതി കാണിക്കുന്നത്, ഇവ (1) ആളുകളെയോ (2) ജന്തുക്കളെയോ (3) ആളുകളുടെ അല്ലെങ്കിൽ ജന്തുക്കളുടെ ജീവനെയോ അർഥമാക്കുന്നു എന്നാണ്. (ഉൽ 1:20; 2:7; സംഖ 31:28; 1പത്ര 3:20; അടിക്കുറിപ്പുകളും) “ദേഹി” എന്ന പദം പല മതങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഭൗമികജീവികളെ കുറിക്കുമ്പോൾ നെഫെഷ്, സൈക്കി എന്നീ പദങ്ങൾക്ക് അവർ കല്പിക്കുന്ന അർഥമല്ല ഉള്ളതെന്നു ബൈബിൾ വ്യക്തമാക്കുന്നു. തൊട്ടുനോക്കാവുന്നതിനെയും കാണാവുന്നതിനെയും മരണമുള്ളതിനെയും ആണ് ഈ പദങ്ങൾ സൂചിപ്പിക്കുന്നത്. ഈ പരിഭാഷയിൽ നെഫെഷ്, സൈക്കി എന്നീ പദങ്ങൾ മിക്കപ്പോഴും സന്ദർഭത്തിനനുസരിച്ച് “ജീവൻ,” “ജീവി,” “വ്യക്തി,” ‘പ്രാണൻ’ എന്നൊക്കെയോ അല്ലെങ്കിൽ വ്യക്തിയെ കുറിക്കുന്ന സർവനാമമായോ (ഉദാഹരണത്തിന് “എന്റെ ദേഹി” എന്നതിന് “ഞാൻ.”) ഉപയോഗിച്ചിരിക്കുന്നു. മിക്ക സ്ഥലങ്ങളിലും അടിക്കുറിപ്പുകളിൽ “ദേഹി” എന്നു കൊടുത്തിട്ടുണ്ട്. പ്രധാനപാഠത്തിലോ അടിക്കുറിപ്പുകളിലോ “ദേഹി” എന്ന പദം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതു മേൽപ്പറഞ്ഞ വിശദീകരണത്തിനു ചേർച്ചയിൽ വേണം മനസ്സിലാക്കാൻ. മുഴുദേഹിയോടെ എന്തെങ്കിലും ചെയ്യുക എന്നു പറയുമ്പോൾ അർഥമാക്കുന്നതു ജീവിതം അതിനുവേണ്ടി വിട്ടുകൊടുക്കുക എന്നോ പൂർണമനസ്സോടെ അതു ചെയ്യുക എന്നോ മനസ്സും ശരീരവും മുഴുവനായി അതിനുവേണ്ടി അർപ്പിക്കുക എന്നോ ആണ്. (ആവ 6:5; മത്ത 22:37) ചില സന്ദർഭങ്ങളിൽ ഈ പദങ്ങൾ ജീവികളുടെ അതിയായ ആഗ്രഹത്തെയോ ആർത്തിയെയോ കുറിക്കുന്നു. കൂടാതെ അവയ്ക്കു മരിച്ച വ്യക്തിയെയോ മൃതശരീരത്തെയോ അർഥമാക്കാനാകും.—സംഖ 6:6; സുഭ 23:2; യശ 56:11; ഹഗ്ഗ 2:13.
ദൈവദൂതൻ.
എബ്രായയിൽ മലാഖ്. ഗ്രീക്കിൽ ആൻഗലൊസ്. രണ്ടു പദങ്ങളുടെയും അർഥം “സന്ദേശവാഹകൻ” എന്നാണ്. എന്നാൽ ദൈവത്തിൽനിന്നുള്ള സന്ദേശവാഹകരെക്കുറിച്ച് പറയുമ്പോൾ “ദൂതൻ” എന്നോ “ദൈവദൂതൻ” എന്നോ ഉപയോഗിച്ചിരിക്കുന്നു. (ഉൽ 16:7; 32:3; യാക്ക 2:25; വെളി 22:8) മനുഷ്യർക്കു വളരെ മുമ്പ് ദൈവം സൃഷ്ടിച്ച ശക്തരായ ആത്മവ്യക്തികളാണു ദൈവദൂതന്മാർ. ബൈബിളിൽ അവരെ ‘വിശുദ്ധസഹസ്രങ്ങൾ,’ “ദൈവപുത്രന്മാർ,” “പ്രഭാതനക്ഷത്രങ്ങൾ” എന്നെല്ലാം വിളിച്ചിട്ടുണ്ട്. (ആവ 33:2; ഇയ്യ 1:6; 38:6) ദൂതന്മാരായ മക്കളെ ജനിപ്പിക്കാനുള്ള പ്രാപ്തിയോടെയല്ല ദൈവം അവരെ സൃഷ്ടിച്ചത്; ഓരോ ദൂതനെയും ദൈവം സൃഷ്ടിക്കുകയായിരുന്നു. അവരുടെ എണ്ണം പത്തു കോടിയിലും വളരെ അധികമാണ്. (ദാനി 7:10) അവർക്ക് ഓരോരുത്തർക്കും പേരുണ്ടെന്നും വ്യത്യസ്തമായ വ്യക്തിത്വങ്ങളുണ്ടെന്നും ബൈബിൾ സൂചിപ്പിക്കുന്നു. എങ്കിലും അവർ ആരാധന സ്വീകരിക്കാൻ താഴ്മയോടെ വിസമ്മതിക്കുന്നു. പേര് വെളിപ്പെടുത്താൻപോലും മിക്കവരും തയ്യാറല്ല. (ഉൽ 32:29; ലൂക്ക 1:26; വെളി 22:8, 9) അവർക്കു വ്യത്യസ്തസ്ഥാനങ്ങളാണുള്ളത്. അവരുടെ നിയമനങ്ങളും വ്യത്യസ്തമാണ്. യഹോവയുടെ സിംഹാസനത്തിനു മുമ്പാകെ ശുശ്രൂഷ ചെയ്യുക, ദൈവത്തിന്റെ സന്ദേശം അറിയിക്കുക, ഭൂമിയിലെ ദൈവദാസരുടെ കാര്യങ്ങളിൽ ഇടപെടുക, യഹോവയുടെ ന്യായവിധി നടപ്പാക്കുക, സന്തോഷവാർത്ത അറിയിക്കുന്നതിനെ പിന്തുണയ്ക്കുക എന്നിവയാണ് അവയിൽ ചിലത്. (2രാജ 19:35; സങ്ക 34:7; ലൂക്ക 1:30, 31; വെളി 5:11; 14:6) ഭാവിയിൽ യേശുവിനോടൊപ്പം അവർ അർമഗെദോൻ യുദ്ധത്തിൽ പങ്കെടുക്കും.—വെളി 19:14, 15.
ദൈവഭക്തി.
ദൈവരാജ്യം.
ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രാജകീയഗവൺമെന്റിനാൽ പ്രതിനിധാനം ചെയ്യുന്ന ദൈവത്തിന്റെ പരമാധികാരത്തെയാണ് ഈ പ്രയോഗം മുഖ്യമായും അർഥമാക്കുന്നത്.—മത്ത 12:28; ലൂക്ക 4:43; 1കൊ 15:50.
ദോളനയാഗം.
യാഗവസ്തു പിടിച്ചിരിക്കുന്ന ആരാധകന്റെ കൈയുടെ കീഴിൽ പുരോഹിതൻ തന്റെ കൈ ചേർത്തുപിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും ആട്ടുന്നു. അല്ലെങ്കിൽ പുരോഹിതൻതന്നെ യാഗവസ്തു ആട്ടുന്നു. യാഗവസ്തു യഹോവയ്ക്ക് അർപ്പിക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്.—ലേവ 7:30.
ദ്രഹ്മ.
ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം ഒരു ഗ്രീക്ക് വെള്ളിനാണയത്തെ കുറിക്കുന്നു. അക്കാലത്ത് അതിന്റെ തൂക്കം 3.4 ഗ്രാം ആയിരുന്നു. എബ്രായതിരുവെഴുത്തുകളിൽ, പേർഷ്യൻ കാലഘട്ടത്തിലെ ദാരിക്കിനു തുല്യമായ സ്വർണദ്രഹ്മയെക്കുറിച്ച് പരാമർശമുണ്ട്. (നെഹ 7:70; മത്ത 17:24)—അനു. ബി14 കാണുക.
ധ
ധർമനിഷ്ഠ.
നിഷ്കളങ്കത, കുറ്റമില്ലായ്മ, ധാർമികമായ നല്ല അവസ്ഥ, സമ്പൂർണമായ സ്ഥിതി എന്നൊക്കെ അർഥം. നീതിയോടുള്ള അചഞ്ചലമായ പറ്റിനിൽപ്പിനെയും ഇതു കുറിക്കുന്നു. ദൈവമായ യഹോവയോടുള്ള ഇളകാത്ത ഭക്തിയും ദൈവത്തിന്റെ ഉദ്ദേശ്യത്തോടുള്ള കൂറും കാണിക്കുന്നതാണു പരമപ്രധാനം എന്നു ബൈബിളിലെ ഈ പദത്തിന്റെ ഉപയോഗവും ബൈബിൾക്കഥാപാത്രങ്ങളും വ്യക്തമാക്കുന്നു.—യോശ 24:14; ഇയ്യ 27:5; സങ്ക 26:1 (അടിക്കുറിപ്പുകൾ).
ധിക്കാരത്തോടെയുള്ള പെരുമാറ്റം.
അസെൽജിയ എന്ന ഗ്രീക്കുപദത്തിൽനിന്ന് വന്നത്. ഈ പ്രയോഗം ദൈവനിയമങ്ങളുടെ ഗുരുതരമായ ലംഘനത്തെയും ധിക്കാരവും കടുത്ത ധാർഷ്ട്യവും പ്രതിഫലിപ്പിക്കുന്ന പ്രവൃത്തികളെയും കുറിക്കുന്നു. അധികാരത്തോടും നിയമങ്ങളോടും നിലവാരങ്ങളോടും ഉള്ള അനാദരവും അവയോടുള്ള വെറുപ്പും ഇതിൽ ഉൾപ്പെടുന്നു. ഈ പ്രയോഗം ചെറിയ തോതിലുള്ള തെറ്റായ പെരുമാറ്റത്തെയല്ല കുറിക്കുന്നത്.—ഗല 5:19; 2പത്ര 2:7.
ന
നഖവർണിക്കല്ല്.
രത്നത്തെക്കാൾ മൂല്യം കുറഞ്ഞ, കടുപ്പമുള്ള ഒരിനം അക്കിക്കല്ല്. വർണരേഖകളുള്ള സ്ഫടികക്കല്ലും ഈ പേരിൽ അറിയപ്പെടുന്നു. നഖവർണിക്കല്ലിനു വെളുത്ത പാളികളോടൊപ്പം കറുപ്പ്, തവിട്ട്, ചുവപ്പ്, ചാരം, പച്ച എന്നീ നിറങ്ങളിലുള്ള പാളികൾ ഇടവിട്ടുണ്ട്. മഹാപുരോഹിതന്റെ പ്രത്യേകവസ്ത്രത്തിലും ഇതു പതിപ്പിച്ചിരുന്നു.—പുറ 28:9, 12; 1ദിന 29:2; ഇയ്യ 28:16.
നന്ദിപ്രകാശനയാഗം.
ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിനും ദൈവം നൽകിയ കാര്യങ്ങൾക്കും ദൈവത്തെ സ്തുതിക്കാൻ അർപ്പിക്കുന്ന സഹഭോജനയാഗം. യാഗമായി അർപ്പിക്കുന്ന മൃഗത്തിന്റെ മാംസവും പുളിപ്പുള്ള അപ്പവും പുളിപ്പില്ലാത്ത അപ്പവും കഴിക്കുമായിരുന്നു. മാംസം അന്നുതന്നെ കഴിക്കണമായിരുന്നു.—2ദിന 29:31.
നറുക്ക്.
തീരുമാനങ്ങൾ എടുക്കാൻ ഉപയോഗിച്ചിരുന്ന ചെറിയ കല്ലുകൾ അല്ലെങ്കിൽ തടിക്കഷണങ്ങൾ. ഇതു വസ്ത്രത്തിന്റെ മടക്കിലോ പാത്രത്തിലോ ഇട്ട് കുലുക്കും. എന്നിട്ട് അതിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കും. അല്ലെങ്കിൽ അതിൽനിന്ന് പുറത്ത് വീഴുന്നത് എടുക്കും. പ്രാർഥനയോടെയാണ് ഇതു ചെയ്തത്. നറുക്ക് എന്ന വാക്ക് “ഓഹരി” അഥവാ “പങ്ക്” എന്ന അർഥത്തിൽ ആലങ്കാരികമായും അക്ഷരീയമായും ഉപയോഗിക്കാറുണ്ട്.—യോശ 14:2; സങ്ക 16:5; സുഭ 16:33; മത്ത 27:35.
നസറെത്തുകാരൻ.
നസറെത്ത് പട്ടണത്തിൽനിന്നുള്ള ആളായതുകൊണ്ട് യേശുവിനെ വിളിച്ച ഒരു പേര്. “മുള” എന്നതിന് യശയ്യ 11:1-ൽ ഉപയോഗിച്ചിരിക്കുന്ന എബ്രായപദവുമായി ബന്ധമുണ്ടാകാൻ സാധ്യതയുണ്ട്. പിൽക്കാലത്ത് യേശുവിന്റെ അനുഗാമികളെയും ഇങ്ങനെ വിളിച്ചു.—മത്ത 2:23; പ്രവൃ 24:5.
നാടുവാഴി.
റോമൻ ഭരണസമിതിയുടെ കീഴിലുള്ള സംസ്ഥാനത്തിലെ ഗവർണർ. ഇദ്ദേഹത്തിനു ന്യായം വിധിക്കാനുള്ള അധികാരമുണ്ടായിരുന്നു. കൂടാതെ പട്ടാളത്തിന്റെ ചുമതലയുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ഭരണസമിതി വിലയിരുത്തിയിരുന്നെങ്കിലും ഒരു സംസ്ഥാനത്തിലെ ഏറ്റവും ഉയർന്ന അധികാരിയായിരുന്നു നാടുവാഴി.—പ്രവൃ 13:7; 18:12.
നാസീർ.
“തിരഞ്ഞെടുക്കപ്പെട്ടവൻ,” “സമർപ്പിതൻ,” “വേർതിരിക്കപ്പെട്ടവൻ” എന്നൊക്കെ അർഥം വരുന്ന എബ്രായപദത്തിൽനിന്നുള്ളത്. രണ്ടു തരം നാസീർവ്രതസ്ഥരുണ്ട്: സ്വമനസ്സാലെ ആ വ്രതമെടുക്കുന്നവരും ദൈവം നിയമിക്കുന്നവരും. ഒരു നിശ്ചിതകാലത്തേക്കു നാസീരായി ജീവിച്ചുകൊള്ളാമെന്ന് ഒരു സ്ത്രീക്കോ പുരുഷനോ യഹോവയ്ക്കു സവിശേഷനേർച്ച നേരാമായിരുന്നു. ഇങ്ങനെ സ്വമനസ്സാലെ വ്രതമെടുക്കുന്നവർക്കു പ്രധാനമായി മൂന്നു നിയന്ത്രണങ്ങളുണ്ട്: ലഹരിപാനീയങ്ങളും മുന്തിരിയിൽനിന്ന് ഉണ്ടാക്കുന്ന സകലവും ഒഴിവാക്കണം, മുടി മുറിക്കരുത്, മൃതദേഹത്തിൽ തൊടരുത്. എന്നാൽ ദൈവമാണു നാസീരായി നിയമിക്കുന്നതെങ്കിൽ ജീവിതകാലം മുഴുവൻ അവർ അങ്ങനെ തുടരണം, അവർക്കുള്ള നിബന്ധനകൾ യഹോവയാണു വെക്കുന്നത്.—സംഖ 6:2-7; ന്യായ 13:5.
നിയമം.
ഇതു ബി.സി. 1513-ൽ സീനായ് വിജനഭൂമിയിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു കൊടുത്ത നിയമത്തെ മുഖ്യമായും സൂചിപ്പിക്കുന്നു. ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകത്തെ പലപ്പോഴും നിയമം എന്നു വിളിച്ചിട്ടുണ്ട്. (യോശ 23:6; ലൂക്ക 24:44; മത്ത 7:12; ഗല 3:24) മോശയുടെ നിയമത്തിലെ ഏതെങ്കിലുമൊരു പ്രത്യേകനിയമത്തെയോ നിയമത്തിനു പിന്നിലെ തത്ത്വത്തെയോ സൂചിപ്പിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—സംഖ 15:16; ആവ 4:8.
നീതി.
നീർച്ചാൽ.
മഴക്കാലമല്ലാത്തപ്പോൾ വരണ്ടുകിടക്കുന്ന അരുവിയുടെ ചാൽ അല്ലെങ്കിൽ താഴ്വര. അരുവിയെക്കുറിച്ച് പറയാനും ഈ വാക്കു ചിലപ്പോൾ ഉപയോഗിക്കാറുണ്ട്. ചില അരുവികളെ പോഷിപ്പിക്കുന്ന നീരുറവകളുള്ളതിനാൽ അവ വറ്റിപ്പോകാറില്ല. ചില സന്ദർഭങ്ങളിൽ “താഴ്വര” എന്നും വിളിക്കാറുണ്ട്.—ഉൽ 26:19; സംഖ 34:5; ആവ 8:7; 1രാജ 18:5; ഇയ്യ 6:15.
നീസാൻ.
നുകം.
ഒരാളുടെ തോളിൽ വെക്കുന്ന, രണ്ട് അറ്റത്തും ഭാരം തൂക്കുന്ന ഒരു ദണ്ഡ്. അല്ലെങ്കിൽ നിലം ഉഴാനോ വണ്ടി വലിക്കാനോ വേണ്ടി രണ്ടു മൃഗങ്ങളുടെ (സാധാരണയായി കന്നുകാലികളുടെ) കഴുത്തിൽ വെക്കുന്ന തടിക്കഷണം അഥവാ ചട്ടക്കൂട്. അടിമകൾ മിക്കപ്പോഴും വലിയ ഭാരം ചുമക്കാൻ നുകം ഉപയോഗിച്ചിരുന്നതിനാൽ അടിമത്തം, അടിച്ചമർത്തൽ, കഷ്ടപ്പാട് തുടങ്ങിയവയെയോ മറ്റൊരാളുടെ കീഴിലായിരിക്കുന്നതിനെയോ പ്രതിനിധീകരിക്കാൻ ആലങ്കാരികമായി നുകം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. നുകം നീക്കുക അല്ലെങ്കിൽ ഒടിക്കുക എന്നു പറയുന്നത് അടിമത്തത്തിൽനിന്നും അടിച്ചമർത്തലിൽനിന്നും ചൂഷണത്തിൽനിന്നും ഉള്ള വിടുതലിനെ കുറിക്കുന്നു.—ലേവ 26:13; മത്ത 11:29, 30.
നെഥിനിം.
ഇസ്രായേല്യരല്ലാത്ത ദേവാലയസേവകർ അല്ലെങ്കിൽ ശുശ്രൂഷകർ. ഈ എബ്രായപദത്തിന്റെ അക്ഷരാർഥം “നൽകപ്പെട്ടവർ” എന്നാണ്. ദേവാലയസേവനത്തിനു നൽകപ്പെട്ടവരാണ് ഇവരെന്ന് ഇതു സൂചിപ്പിക്കുന്നു. ‘ഇസ്രായേൽസമൂഹത്തിനും യഹോവയുടെ യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും’ ആയി യോശുവ നിയമിച്ച ഗിബെയോന്യരുടെ പിന്മുറക്കാരായിരിക്കാം ഇവരിൽ മിക്കവരും.—യോശ 9:23, 27; 1ദിന 9:2; എസ്ര 8:17.
നെഫിലിം.
മനുഷ്യശരീരം എടുത്ത ദൈവദൂതന്മാർക്കും മനുഷ്യസ്ത്രീകൾക്കും പ്രളയത്തിനു മുമ്പ് ഉണ്ടായ അക്രമാസക്തരായ സങ്കരപുത്രന്മാർ.—ഉൽ 6:4.
നെയ്ത്തുതറി.
നൂലുകൊണ്ട് വസ്ത്രം ഉണ്ടാക്കുന്ന ഉപകരണം.—പുറ 39:27.
നെഹിലോത്ത്.
അഞ്ചാം സങ്കീർത്തനത്തിന്റെ മേലെഴുത്തിൽ കാണാം. അർഥം വ്യക്തമല്ല. ഒരു ഊത്തുവാദ്യമാണെന്നു ചിലർ കരുതുന്നു. അവർ ഇതിനെ ചാലിൽ (ഓടക്കുഴൽ) എന്ന എബ്രായപദവുമായി ബന്ധമുള്ള ഒരു എബ്രായ മൂലപദവുമായി ബന്ധിപ്പിക്കുന്നു. നെഹിലോത്ത് ഒരു ഈണമായിരിക്കാനും സാധ്യതയുണ്ട്.
നേർച്ച.
നേർച്ചയാഗം.
ചില നേർച്ചകൾ നേർന്നശേഷം സ്വമനസ്സാലെ അർപ്പിക്കുന്ന യാഗം.—ലേവ 23:38; 1ശമു 1:21.
ന്യായവിധിദിവസം.
ഏതെങ്കിലും കൂട്ടങ്ങളോടോ ജനതകളോടോ മനുഷ്യവർഗത്തോടോ ദൈവം കണക്കു ചോദിക്കുന്ന ഒരു പ്രത്യേക ദിവസം അല്ലെങ്കിൽ കാലഘട്ടം. ന്യായം വിധിക്കപ്പെട്ടവർക്കു മരണശിക്ഷ നടപ്പാക്കുന്ന സമയത്തെയും ഇത് അർഥമാക്കാം. ചിലർക്കു രക്ഷപ്പെട്ട് നിത്യജീവൻ നേടാനുള്ള അവസരവും ന്യായവിധി പ്രദാനം ചെയ്തേക്കാം. ജീവിച്ചിരിക്കുന്നവർ മാത്രമല്ല കഴിഞ്ഞ കാലത്ത് മരിച്ചുപോയവരും ഉൾപ്പെടുന്ന, വരാനിരിക്കുന്ന ഒരു “ന്യായവിധിദിവസ”ത്തെക്കുറിച്ച് യേശുക്രിസ്തുവും അപ്പോസ്തലന്മാരും പറഞ്ഞിട്ടുണ്ട്.—മത്ത 12:36.
ന്യായാധിപന്മാർ.
ഇസ്രായേലിൽ രാജാക്കന്മാർ ഭരണം ആരംഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ ജനത്തെ രക്ഷിക്കാൻ യഹോവ ആക്കിവെച്ച പുരുഷന്മാർ.—ന്യായ 2:16.
ന്യായാസനം.
സാധാരണഗതിയിൽ വെളിയിൽ ഉയർത്തിക്കെട്ടിയ, പടികളുള്ള ഒരു തട്ട്. അവിടെ ഇരുന്ന് അധികാരികൾക്കു ജനങ്ങളെ അഭിസംബോധന ചെയ്യാനും തീരുമാനങ്ങൾ അവരെ അറിയിക്കാനും സാധിക്കുമായിരുന്നു. ‘ദൈവത്തിന്റെ ന്യായാസനം,’ ‘ക്രിസ്തുവിന്റെ ന്യായാസനം’ എന്നീ പ്രയോഗങ്ങൾ മനുഷ്യവർഗത്തെ ന്യായം വിധിക്കാനുള്ള യഹോവയുടെ ക്രമീകരണത്തെ പ്രതീകപ്പെടുത്തുന്നു.—റോമ 14:10; 2കൊ 5:10; യോഹ 19:13.
പ
പകർച്ചവ്യാധി.
പെട്ടെന്നു പടർന്നുപിടിക്കുന്ന മരണകരമായ സാംക്രമികരോഗങ്ങൾ. ദൈവം ന്യായവിധി നടപ്പാക്കുന്നതുമായി മിക്കപ്പോഴും ഇതു ബന്ധപ്പെട്ടിരിക്കുന്നു.—സംഖ 14:12; യഹ 38:22, 23; ആമോ 4:10.
പണയവസ്തു.
കടം വാങ്ങിയയാൾ അതു തിരികെ കൊടുക്കുമെന്ന ഉറപ്പിനുവേണ്ടി കടം കൊടുത്തയാൾക്കു നൽകുന്ന വസ്തു. ജാമ്യവസ്തു എന്നും വിളിക്കുന്നു. ദേശത്തെ ദരിദ്രരുടെയും നിസ്സഹായരുടെയും താത്പര്യങ്ങൾ സംരക്ഷിക്കാൻ പണയവസ്തുവുമായി ബന്ധപ്പെട്ട ചില വ്യവസ്ഥകൾ മോശയുടെ നിയമത്തിലുണ്ടായിരുന്നു.—പുറ 22:26; യഹ 18:7.
പതിർ.
പപ്പൈറസ്.
വെള്ളത്തിൽ വളരുന്ന, ഈറ്റപോലുള്ള ഒരു ചെടി. കൂട, പെട്ടി, ബോട്ട് എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. എഴുതാൻ ഉപയോഗിക്കുന്ന കടലാസുപോലുള്ള സാധനങ്ങൾ നിർമിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. അനേകം ചുരുളുകളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്.—പുറ 2:3.
പരസംഗം.—
ലൈംഗിക അധാർമികത കാണുക.
പരിച്ഛേദന.
പരിശുദ്ധാത്മാവ്.
തന്റെ ഇഷ്ടം നിറവേറ്റാൻ ദൈവം ഉപയോഗിക്കുന്ന, ഊർജം പകരുന്ന അദൃശ്യശക്തി. അതു പരിശുദ്ധമാണ്. കാരണം അങ്ങേയറ്റം ശുദ്ധനും നീതിമാനും ആയ യഹോവയിൽനിന്നാണ് അതു വരുന്നത്; കൂടാതെ ഈ ശക്തി ഉപയോഗിച്ചാണു ദൈവം വിശുദ്ധകാര്യങ്ങൾ നിർവഹിക്കുന്നത്.—ലൂക്ക 1:35; പ്രവൃ 1:8.
പരീശന്മാർ.
ഒന്നാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു യഹൂദമതവിഭാഗം. പുരോഹിതവംശത്തിൽപ്പെട്ടവർ അല്ലായിരുന്നെങ്കിലും അവർ നിയമത്തിലെ ചെറിയ കാര്യങ്ങളിൽപ്പോലും കടുംപിടുത്തം കാട്ടുകയും അലിഖിതമായ ആചാരങ്ങൾക്ക് അതേ പ്രാധാന്യം കൊടുക്കുകയും ചെയ്തു. (മത്ത 23:23) ഗ്രീക്കുസംസ്കാരത്തിന്റെ സ്വാധീനത്തെ അവർ എതിർത്തു. നിയമത്തിലും പാരമ്പര്യങ്ങളിലും പാണ്ഡിത്യമുണ്ടായിരുന്നതിനാൽ ജനങ്ങളുടെ മേൽ അവർക്കു വലിയ അധികാരമുണ്ടായിരുന്നു. (മത്ത 23:2-6) അവരിൽ ചിലർ സൻഹെദ്രിനിലെ അംഗങ്ങളായിരുന്നു. ശബത്താചരണം, പാരമ്പര്യങ്ങൾ, പാപികളോടും നികുതിപിരിവുകാരോടും ഉള്ള ഇടപെടൽ എന്നീ കാര്യങ്ങളിൽ അവർ മിക്കപ്പോഴും യേശുവിനെ കുറ്റപ്പെടുത്തി. തർസൊസുകാരനായ ശൗൽ ഉൾപ്പെടെ ചില പരീശന്മാർ പിന്നീടു ക്രിസ്ത്യാനികളായിത്തീർന്നു.—മത്ത 9:11; 12:14; മർ 7:5; ലൂക്ക 6:2; പ്രവൃ 26:5.
പർപ്പിൾ.
തിരുവെഴുത്തുകളിൽ ഈ നിറത്തെക്കുറിച്ച് പലയിടത്ത് പരാമർശിച്ചിട്ടുണ്ട്. നിറം കൊടുക്കാൻ ഉപയോഗിക്കുന്ന ചായങ്ങളും രീതികളും അനുസരിച്ച് നിറത്തിന് അൽപ്പസ്വൽപ്പം വ്യത്യാസം വന്നേക്കാം. (പുറ 25:4; സംഖ 4:13; യഹ 27:7, 16; ദാനി 5:7, 29; മർ 15:17, 20; ലൂക്ക 16:19; വെളി 17:4) വിലപിടിപ്പുള്ളതായിരുന്നതുകൊണ്ട് ഈ നിറം പലപ്പോഴും സമ്പന്നത, കീർത്തി, രാജകീയപ്രൗഢി എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചിരുന്നു.
പറുദീസ.
മനോഹരമായ ഒരു പാർക്ക് അഥവാ പൂന്തോട്ടം. ആദ്യത്തെ മനുഷ്യജോടിക്കുവേണ്ടി യഹോവ ഉണ്ടാക്കിക്കൊടുത്ത ഏദെനാണ് അത്തരത്തിലുള്ള ആദ്യത്തെ സ്ഥലം. യേശുവിന്റെ അടുത്ത് ദണ്ഡനസ്തംഭത്തിൽ തറച്ചിരുന്ന കുറ്റവാളികളിൽ ഒരാളോടു ഭൂമി ഒരു പറുദീസയാകുമെന്ന കാര്യം യേശു സൂചിപ്പിച്ചു. സാധ്യതയനുസരിച്ച് ഈ പദം 2 കൊരിന്ത്യർ 12:4-ൽ ഭാവിയിൽ വരാൻപോകുന്ന പറുദീസയെയും വെളിപാട് 2:7-ൽ സ്വർഗീയപറുദീസയെയും ആണ് കുറിക്കുന്നത്.—ഉത്ത 4:13; ലൂക്ക 23:43.
പഴഞ്ചൊല്ല്.
ചുരുങ്ങിയ വാക്കുകളിൽ ഒരു ഗുണപാഠം പഠിപ്പിക്കുകയോ ഗഹനമായ സത്യങ്ങൾ അവതരിപ്പിക്കുകയോ ചെയ്യുന്ന ജ്ഞാനമൊഴി അല്ലെങ്കിൽ ചെറുകഥ. ബൈബിളിൽ കടങ്കഥകളുടെ രൂപത്തിലുള്ള പഴഞ്ചൊല്ലുകളുണ്ട്. പഴഞ്ചൊല്ലിൽ അർഥസമ്പുഷ്ടമായ ഭാഷയിൽ ഒരു സത്യം ഉൾക്കൊള്ളിച്ചിട്ടുണ്ടാകും. അതിനായി മിക്കപ്പോഴും അലങ്കാരപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. ആളുകളെ നിന്ദിക്കാനോ പുച്ഛിക്കാനോ ആയി ഉപയോഗിക്കുന്ന സാധാരണപ്രയോഗങ്ങളായി ചില ചൊല്ലുകൾ മാറി.—സഭ 12:9; 2പത്ര 2:22.
പവിഴക്കല്ല്.
ചെറിയ സമുദ്രജീവികളുടെ അസ്ഥികൂടത്തിൽനിന്ന് രൂപംകൊള്ളുന്ന കല്ലുപോലെ കാഠിന്യമുള്ള ഒരു പദാർഥം. ചുവപ്പ്, വെളുപ്പ്, കറുപ്പ് എന്നിങ്ങനെയുള്ള വ്യത്യസ്തനിറങ്ങളിൽ ഇതു കടലിൽ കാണാം. പ്രത്യേകിച്ചും ചെങ്കടലിൽ ഇതു ധാരാളമുണ്ടായിരുന്നു. ബൈബിൾക്കാലങ്ങളിൽ ചുവന്ന പവിഴക്കല്ല് വളരെ വിലയേറിയതായിരുന്നു. മാലയായി കോർത്തും മറ്റ് ആഭരണങ്ങളിലും ഇത് ഉപയോഗിച്ചിരുന്നു.—സുഭ 8:11.
പശ്ചാത്താപം.
മുൻകാലജീവിതഗതിയെക്കുറിച്ചോ ചെയ്തുപോയ തെറ്റിനെക്കുറിച്ചോ എന്തെങ്കിലും ചെയ്യാതിരുന്നതിനെക്കുറിച്ചോ ഓർത്ത് ആത്മാർഥമായി ഖേദിക്കുന്നതിനെയാണു ബൈബിളിൽ പശ്ചാത്താപം എന്നു വിളിക്കുന്നത്. മനോഭാവത്തിന് ഉണ്ടാകുന്ന മാറ്റത്തെ മാനസാന്തരം എന്നു വിളിക്കുന്നു. ആത്മാർഥമായ പശ്ചാത്താപമുള്ളയാൾ പ്രവർത്തനങ്ങളിൽ മാറ്റം വരുത്തും.—മത്ത 3:8; പ്രവൃ 3:19; 2പത്ര 3:9.
പാനീയയാഗം.
പാപപരിഹാരദിവസം.
ഇസ്രായേല്യരുടെ ഏറ്റവും പ്രധാനപ്പെട്ട വിശുദ്ധദിവസം. യോം കിപ്പൂർ (എബ്രായയിലുള്ള യോഹ്മം ഹക്കിപ്പുരിം എന്നതിൽനിന്ന്; അർഥം, “മറയ്ക്കുന്ന ദിവസം.”) എന്നും അറിയപ്പെടുന്നു. ഏഥാനീം മാസം 10-ാം തീയതിയാണ് ഇത് ആചരിക്കുന്നത്. വർഷത്തിൽ ഈ ദിവസം മാത്രമാണു മഹാപുരോഹിതൻ വിശുദ്ധകൂടാരത്തിന്റെ (പിൽക്കാലത്ത് ആലയത്തിന്റെ) അതിവിശുദ്ധത്തിൽ പ്രവേശിക്കുന്നത്. തന്റെയും മറ്റു ലേവ്യരുടെയും ജനത്തിന്റെയും പാപങ്ങൾക്ക് അദ്ദേഹം ബലിമൃഗങ്ങളുടെ രക്തം അവിടെ അർപ്പിക്കും. വിശുദ്ധസമ്മേളനത്തിന്റെയും ഉപവാസത്തിന്റെയും സമയംകൂടിയായിരുന്നു അത്. അന്നു ശബത്തുമായിരുന്നു; ജോലികളൊന്നും ചെയ്യാൻ പാടില്ലായിരുന്നു.—ലേവ 23:27, 28.
പാപപരിഹാരം.
ദൈവത്തെ സമീപിക്കാനും ആരാധിക്കാനും വേണ്ടി ജനങ്ങൾ അർപ്പിച്ചിരുന്ന ബലികളുമായി ബന്ധപ്പെട്ടാണ് എബ്രായതിരുവെഴുത്തുകളിൽ ഇത് ഉപയോഗിച്ചിരിക്കുന്നത്. മോശയുടെ നിയമമനുസരിച്ചുള്ള ബലികൾ, വിശേഷിച്ചും പാപപരിഹാരദിവസത്തിൽ അർപ്പിച്ചിരുന്ന ബലികൾ, വ്യക്തികൾക്കും മുഴുജനതയ്ക്കും പാപമുണ്ടെങ്കിലും അവർക്കു ദൈവവുമായി അനുരഞ്ജനത്തിലാകാൻവേണ്ടിയായിരുന്നു. മനുഷ്യവർഗത്തിന്റെ പാപങ്ങൾക്ക് എല്ലാ കാലത്തേക്കുംവേണ്ടി ഒരിക്കലായി പരിഹാരം വരുത്തി യഹോവയുമായി അനുരഞ്ജനത്തിലാകാൻ അവസരം നൽകുന്ന യേശുവിന്റെ ബലിയെ ഈ ബലികൾ മുൻനിഴലാക്കി.—ലേവ 5:10; 23:28; കൊലോ 1:20; എബ്ര 9:12.
പാപയാഗം.
പാവനരഹസ്യം.
പാവ്.
വസ്ത്രം നെയ്യുമ്പോൾ നെടുകെ ഇടുന്ന നൂലുകൾ. കുറുകെ ഇടുന്ന നൂലുകളെ ഊട് എന്നു വിളിക്കുന്നു. പാവുകൾക്കു കുറുകെ ഒന്നിടവിട്ട് അടിയിലും മുകളിലും ആയാണ് ഊട് നെയ്യുന്നത്.—ന്യായ 16:13.
പിതൃഭവനം.
ഒരാളുടെ അപ്പന്റെ വീട്ടിലുള്ളവരെ മുഴുവൻ കുറിക്കുന്നു. അവർ തറവാട്ടിൽനിന്ന് അകലെയാണു താമസിക്കുന്നതെങ്കിലും ആ പിതൃഭവനത്തിൽപ്പെട്ടവരാണ്. ചില സാഹചര്യങ്ങളിൽ പല കുടുംബങ്ങൾ ചേർന്നതാകാം ഒരു പിതൃഭവനം. പല പിതൃഭവനങ്ങൾ ചേർന്നതാണ് ഒരു ഗോത്രം. (ഉദാഹരണത്തിന് ഗർശോൻ, കൊഹാത്ത്, മെരാരി എന്നിവരുടെ പിതൃഭവനങ്ങൾ ചേർന്നതാണു ലേവി ഗോത്രം.)
പിശാച്.
ഗ്രീക്കുതിരുവെഴുത്തുകളിൽ സാത്താനെ വിശേഷിപ്പിക്കുന്ന പേര്. അർഥം: “പരദൂഷണം പറയുന്നവൻ.” യഹോവയ്ക്കും യഹോവയുടെ വിശുദ്ധവചനത്തിനും വിശുദ്ധനാമത്തിനും എതിരെ ദൂഷണം പറയുന്നതിലും വ്യാജാരോപണം നടത്തുന്നതിലും പ്രധാനിയും മുമ്പനും ആയതുകൊണ്ടാണു സാത്താനെ പിശാച് എന്നു വിളിക്കുന്നത്.—മത്ത 4:1; യോഹ 8:44; വെളി 12:9.
പീം.
ഒരു തൂക്കം; അല്ലെങ്കിൽ ലോഹംകൊണ്ടുള്ള ഉപകരണങ്ങൾക്കു മൂർച്ച കൂട്ടാൻ ഫെലിസ്ത്യർ വാങ്ങിയിരുന്ന കൂലി. പുരാതന എബ്രായവ്യഞ്ജനമായ “പീം” എന്ന് എഴുതിയ ധാരാളം തൂക്കക്കട്ടികൾ പുരാവസ്തുഗവേഷകർ ഇസ്രായേലിൽനിന്ന് കുഴിച്ചെടുത്തിട്ടുണ്ട്. അതിന്റെ ശരാശരി ഭാരം 7.8 ഗ്രാം ആണ്. അത് ഏകദേശം ഒരു ശേക്കെലിന്റെ മൂന്നിൽ രണ്ടു വരും.—1ശമു 13:20, 21.
പുനരുത്ഥാനം.
മരണത്തിൽനിന്ന് എഴുന്നേറ്റുവരുന്നത്. ഇതിന്റെ ഗ്രീക്കുപദമായ അനസ്താസിസിന്റെ അക്ഷരാർഥം “എഴുന്നേൽപ്പിക്കുക; എഴുന്നേറ്റുനിൽക്കുക ” എന്നൊക്കെയാണ്. ഒൻപതു പുനരുത്ഥാനങ്ങളെക്കുറിച്ച് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ദൈവമായ യഹോവ യേശുവിനെ ഉയിർപ്പിച്ചതാണ് അതിലൊന്ന്. മറ്റു പുനരുത്ഥാനങ്ങൾ നടന്നത് ഏലിയ, എലീശ, യേശു, പത്രോസ്, പൗലോസ് എന്നിവരിലൂടെയാണെങ്കിലും അവരെല്ലാം അതു ചെയ്തതു ദൈവത്തിന്റെ ശക്തിയാലായിരുന്നു. ‘നീതിമാന്മാരും നീതികെട്ടവരും’ ഭൂമിയിലേക്കു പുനരുത്ഥാനപ്പെടുന്നതു ദൈവോദ്ദേശ്യത്തിലെ ഒരു പ്രധാനഭാഗമാണ്. (പ്രവൃ 24:15) സ്വർഗത്തിലേക്കുള്ള പുനരുത്ഥാനത്തെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്. “നേരത്തേ നടക്കുന്ന” പുനരുത്ഥാനം, “ഒന്നാമത്തെ” പുനരുത്ഥാനം എന്നൊക്കെ വിളിക്കുന്ന ഈ പുനരുത്ഥാനത്തിൽ യേശുവിന്റെ അഭിഷിക്തസഹോദരന്മാരാണ് ഉൾപ്പെട്ടിരിക്കുന്നത്.—ഫിലി 3:11; വെളി 20:5, 6; യോഹ 5:28, 29; 11:25.
പുരോഹിതൻ.
ദൈവത്തെക്കുറിച്ചും ദൈവത്തിന്റെ നിയമങ്ങളെക്കുറിച്ചും ജനത്തെ ഉപദേശിച്ചുകൊണ്ട് അവർക്കുവേണ്ടി ദൈവത്തിന്റെ ഔദ്യോഗികപ്രതിനിധിയായി സേവിച്ചയാൾ. ജനത്തിനുവേണ്ടി ബലികൾ അർപ്പിക്കുകയും മധ്യസ്ഥത വഹിക്കുകയും അപേക്ഷിക്കുകയും ചെയ്തുകൊണ്ട് പുരോഹിതൻ ദൈവമുമ്പാകെ ജനത്തെയും പ്രതിനിധീകരിച്ചു. മോശയുടെ നിയമം നിലവിൽ വരുന്നതിനു മുമ്പ് ഗോത്രപിതാക്കന്മാരായിരുന്നു കുടുംബത്തിന്റെ പുരോഹിതന്മാരായി സേവിച്ചിരുന്നത്. മോശയുടെ നിയമം വന്നതോടെ ലേവി ഗോത്രത്തിലെ അഹരോന്റെ കുടുംബത്തിലുള്ള പുരുഷന്മാർ പുരോഹിതന്മാരായി സേവിച്ചുതുടങ്ങി. ലേവി ഗോത്രത്തിൽ ബാക്കിയുള്ള പുരുഷന്മാർ അവരുടെ സഹായികളായും സേവിച്ചു. പുതിയ ഉടമ്പടി നിലവിൽ വന്നപ്പോൾ യേശുക്രിസ്തു മഹാപുരോഹിതനായുള്ള പുരോഹിതന്മാരുടെ ഒരു രാജ്യമായിത്തീർന്നു ആത്മീയ ഇസ്രായേൽ.—പുറ 28:41; എബ്ര 9:24; വെളി 5:10.
പുളിച്ച മാവ്.
മാവിന്റെയും മറ്റും കൂടെ പുളിപ്പിക്കാൻ ചേർക്കുന്നത്. ഇതു നേരത്തേ ഉണ്ടാക്കിയ പുളിച്ച മാവിൽനിന്ന് എടുത്തുവെച്ചതായിരിക്കും. ബൈബിളിൽ പാപത്തിന്റെയും വഷളത്തത്തിന്റെയും പ്രതീകമായി ഇതു പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. എല്ലായിടത്തേക്കും വ്യാപിക്കുന്ന അദൃശ്യമായ വളർച്ചയെ കുറിക്കാനും പുളിച്ച മാവ് ഉപയോഗിച്ചിട്ടുണ്ട്.—പുറ 12:20; മത്ത 13:33; ഗല 5:9.
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം.
ഇസ്രായേല്യരുടെ മൂന്നു പ്രധാന വാർഷികോത്സവങ്ങളിൽ ആദ്യത്തേത്. ഇതു പെസഹയുടെ പിറ്റേന്ന്, നീസാൻ 15 മുതൽ ഏഴു ദിവസം നീണ്ടുനിന്നു. ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നതിന്റെ ഓർമയ്ക്കായി പുളിപ്പില്ലാത്ത അപ്പം മാത്രമേ തിന്നാമായിരുന്നുള്ളൂ.—പുറ 23:15; മർ 14:1.
പുളിപ്പില്ലാത്ത അപ്പം.
പൂജാസ്തൂപം.
ഇതിന്റെ എബ്രായപദം (അശേര) സൂചിപ്പിക്കുന്നതനുസരിച്ച്, (1) പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും കനാന്യദേവിയായ അശേരയെ പ്രതിനിധീകരിക്കുന്ന ഒരു പൂജാസ്തൂപം, അല്ലെങ്കിൽ (2) അശേര ദേവിയുടെ ഒരു പ്രതിമ. സ്തൂപം കുത്തനെയുള്ളതും, ഭാഗികമായെങ്കിലും തടികൊണ്ടുള്ളതും ആകാം. ചിലപ്പോൾ സ്തൂപങ്ങൾ കൊത്തുപണിയില്ലാത്തതോ വൃക്ഷങ്ങൾപോലുമോ ആയിരിക്കാം.—ആവ 16:21; ന്യായ 6:26; 1രാജ 15:13.
പൂജാസ്തംഭം.
കുത്തനെയുള്ള ഒരു തൂൺ. സാധാരണയായി ഇതു കല്ലുകൊണ്ടുള്ളതാണ്. തെളിവനുസരിച്ച് ബാലിന്റെയും മറ്റു വ്യാജദൈവങ്ങളുടെയും ലിംഗത്തിന്റെ ഒരു പ്രതീകം.—പുറ 23:24.
പൂപ്പൽരോഗം.
ഫംഗസ് കാരണം സസ്യങ്ങൾക്ക് ഉണ്ടാകുന്ന രോഗം. ബൈബിളിൽ പറഞ്ഞിരിക്കുന്ന പൂപ്പൽരോഗം, സസ്യങ്ങളുടെ തണ്ടുകളിലും ഇലകളിലും കാണുന്ന തുരുമ്പുനിറമുള്ള പൂപ്പലാണെന്നു (Puccinia graminis) നിഗമനം ചെയ്യുന്നു.—1രാജ 8:37.
പൂരീം.
എസ്ഥേർ രാജ്ഞിയുടെ കാലത്ത് നാശത്തിൽനിന്ന് ജൂതർ രക്ഷപ്പെട്ടത് ഓർക്കാൻ ആദാർ മാസം 14, 15 തീയതികളിൽ ആഘോഷിച്ചിരുന്ന വാർഷികോത്സവം. പൂരീം ഒരു എബ്രായപദമല്ല. അർഥം: “നറുക്കുകൾ.” ജൂതരെ ഇല്ലാതാക്കാനുള്ള ഹാമാന്റെ ഗൂഢപദ്ധതി നടപ്പാക്കാനുള്ള ദിവസം നിശ്ചയിക്കുന്നതിനു ഹാമാൻ പൂര് (നറുക്ക്) ഇട്ടതിൽനിന്നാണു പൂരീം ഉത്സവം അല്ലെങ്കിൽ നറുക്കുകളുടെ ഉത്സവം എന്ന പേര് വന്നത്.—എസ്ഥ 3:7; 9:26.
പെന്തിക്കോസ്ത്.
എല്ലാ യഹൂദാപുരുഷന്മാരും യരുശലേമിൽവെച്ച് ആഘോഷിക്കേണ്ടിയിരുന്ന പ്രധാനപ്പെട്ട മൂന്ന് ഉത്സവങ്ങളിൽ രണ്ടാമത്തേത്. എബ്രായതിരുവെഴുത്തുകളിലെ വിളവെടുപ്പുത്സവം അഥവാ വാരോത്സവം എന്നതിനു ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത് “അമ്പതാമത്തെ (ദിവസം)” എന്ന് അർഥം വരുന്ന പെന്തിക്കോസ്ത് എന്ന വാക്കാണ്. നീസാൻ 16 മുതലുള്ള 50-ാമത്തെ ദിവസമാണ് ഇത് ആഘോഷിച്ചിരുന്നത്.—പുറ 23:16; 34:22; പ്രവൃ 2:1.
പെസഹ.
ഈജിപ്തിൽനിന്ന് ഇസ്രായേല്യർക്കു വിടുതൽ ലഭിച്ചതിനെ അനുസ്മരിച്ചുകൊണ്ട് ആബീബ് മാസം (പിന്നീട് നീസാൻ എന്ന് അറിയപ്പെട്ടു.) 14-ാം തീയതി ആചരിച്ച വാർഷികോത്സവം. കുഞ്ഞാടിനെ (അല്ലെങ്കിൽ കോലാടിനെ) അറുത്ത് ചുട്ടെടുത്ത് കയ്പുചീരയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും കൂടെ കഴിച്ചുകൊണ്ടാണ് ഇത് ആചരിച്ചത്.—പുറ 12:27; യോഹ 6:4; 1കൊ 5:7.
പേർഷ്യ; പേർഷ്യക്കാർ.
മേദ്യയുടെകൂടെ മിക്കപ്പോഴും പരാമർശിക്കാറുള്ള പ്രദേശമാണു പേർഷ്യ; അവിടെയുള്ള ജനമാണു പേർഷ്യക്കാർ. മേദ്യരുമായി ബന്ധമുണ്ടെന്നും കരുതുന്നു. ആദ്യകാലത്ത്, ഇറാനിയൻ പീഠഭൂമിയുടെ തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ മാത്രമേ പേർഷ്യക്കാരുണ്ടായിരുന്നുള്ളൂ. മഹാനായ കോരെശിന്റെ (ഇദ്ദേഹത്തിന്റെ അച്ഛൻ പേർഷ്യക്കാരനും അമ്മ മേദ്യക്കാരിയും ആണെന്നു ചില പുരാതനചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു.) ഭരണത്തിലൂടെ പേർഷ്യക്കാർ മേദ്യരുടെ മേൽ അധീശത്വം നേടി. എങ്കിലും അവർ ഒരുമിച്ച് ഭരണം നടത്തി. ബി.സി. 539-ൽ കോരെശ് ബാബിലോൺ സാമ്രാജ്യം കീഴടക്കി, അടിമത്തത്തിലായിരുന്ന ജൂതരെ സ്വദേശത്തേക്കു മടങ്ങിപ്പോകാൻ അനുവദിച്ചു. പേർഷ്യൻ സാമ്രാജ്യം കിഴക്ക് സിന്ധു നദിമുതൽ പടിഞ്ഞാറ് ഈജിയൻ കടൽവരെ വ്യാപിച്ചുകിടന്നു. ബി.സി. 331-ൽ മഹാനായ അലക്സാണ്ടർ പേർഷ്യയെ തോൽപ്പിക്കുന്നതുവരെ പേർഷ്യൻ ഭരണത്തിൻകീഴിലായിരുന്നു ജൂതർ. ദാനിയേൽ ഒരു ദർശനത്തിൽ പേർഷ്യൻ സാമ്രാജ്യത്തെ മുൻകൂട്ടി കണ്ടിരുന്നു. എസ്ര, നെഹമ്യ, എസ്ഥേർ എന്നീ ബൈബിൾപുസ്തകങ്ങളിലും പേർഷ്യയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. (എസ്ര 1:1; ദാനി 5:28; 8:20)—അനു. ബി9 കാണുക.
പോർണിയ.—
ലൈംഗിക അധാർമികത കാണുക.
പ്രത്തോറിയൻ സേന.
റോമൻ ചക്രവർത്തിയുടെ അംഗരക്ഷകരായ ഒരു കൂട്ടം റോമൻ പട്ടാളക്കാർ. ചക്രവർത്തിയെ താഴെയിറക്കാനോ നിലനിറുത്താനോ കഴിയുന്ന പ്രബലമായ ഒരു രാഷ്ട്രീയശക്തിയായി ഈ സേന മാറി.—ഫിലി 1:13, അടിക്കുറിപ്പ്.
പ്രഭാതനക്ഷത്രം.—
ഉദയനക്ഷത്രം കാണുക.
പ്രവചനം.
ദൈവപ്രചോദിതമായ ഒരു സന്ദേശം. ഇതു ദൈവേഷ്ടം വെളിപ്പെടുത്തുന്നതോ പ്രഖ്യാപിക്കുന്നതോ ആകാം. പ്രവചനത്തിൽ ദൈവത്തിൽനിന്നുള്ള സന്മാർഗപാഠങ്ങളും ദൈവത്തിന്റെ ആജ്ഞകളും ന്യായവിധികളും സംഭവിക്കാൻപോകുന്ന കാര്യങ്ങളുടെ പ്രഖ്യാപനങ്ങളും ഉൾപ്പെട്ടേക്കാം.—യഹ 37:9, 10; ദാനി 9:24; മത്ത 13:14; 2പത്ര 1:20, 21.
പ്രവാചകൻ.
ദൈവം തന്റെ ഉദ്ദേശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാൻ ഉപയോഗിക്കുന്നയാൾ. ദൈവത്തിന്റെ വക്താക്കളായി പ്രവർത്തിക്കുന്ന പ്രവാചകന്മാർ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ മാത്രമല്ല യഹോവയുടെ പഠിപ്പിക്കലുകളും ആജ്ഞകളും ന്യായവിധികളും അറിയിക്കുന്നു.—ആമോ 3:7; 2പത്ര 1:21.
പ്രവാസം.
ഒരാളെ സ്വന്തം ദേശത്തുനിന്നോ വീട്ടിൽനിന്നോ പ്രവാസിയായി പിടിച്ചുകൊണ്ടുപോകുന്നത്. പലപ്പോഴും കീഴടക്കുന്നവരുടെ ഉത്തരവനുസരിച്ചായിരിക്കും ഇങ്ങനെ ബന്ദിയായി കൊണ്ടുപോകുന്നത്. എബ്രായവാക്കിന്റെ അർഥം: “പുറപ്പെടൽ.” ഇസ്രായേല്യർ രണ്ടു തവണ നീണ്ട കാലം പ്രവാസത്തിലായി. ആദ്യം പത്തു-ഗോത്ര വടക്കേ രാജ്യത്തുള്ളവരെ അസീറിയക്കാർ പിടിച്ചുകൊണ്ടുപോയി. പിന്നീടു രണ്ടു-ഗോത്ര തെക്കേ രാജ്യത്തുള്ളവരെ ബാബിലോൺകാരും പിടിച്ചുകൊണ്ടുപോയി. ഈ രണ്ടു കൂട്ടരിലും കുറെ പേർ പേർഷ്യൻ രാജാവായ കോരെശിന്റെ കാലത്ത് സ്വദേശത്തേക്കു മടങ്ങിവന്നു.—2രാജ 17:6; 24:16; എസ്ര 6:21.
ഫ
ഫറവോൻ.
ഫെലിസ്ത്യ; ഫെലിസ്ത്യർ.
ഇസ്രായേലിന്റെ തെക്കുള്ള തീരപ്രദേശത്തെയാണു പിന്നീടു ഫെലിസ്ത്യ എന്നു വിളിച്ചത്. ക്രേത്തയിൽനിന്ന് കുടിയേറി താമസിച്ച അവിടെയുള്ള ആളുകളെ ഫെലിസ്ത്യർ എന്നും വിളിക്കുന്നു. ദാവീദ് അവരെ കീഴ്പെടുത്തിയെങ്കിലും അവർ സ്വതന്ത്രരായി തുടർന്നു; എക്കാലവും ഇസ്രായേലിന്റെ ശത്രുക്കളുമായിരുന്നു. (പുറ 13:17; 1ശമു 17:4; ആമോ 9:7)—അനു. ബി4 കാണുക.
ബ
ബത്ത്.
ഏകദേശം 22 ലിറ്റർ വരുന്ന ഒരു ദ്രാവകയളവ്. പുരാവസ്തുഗവേഷകർ കണ്ടെടുത്ത, ഈ പേരിലുള്ള ഭരണിയുടെ കഷണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ബൈബിളിലെ മറ്റു ഖര-ദ്രാവക അളവുകൾ മിക്കതും കണക്കാക്കുന്നതു ബത്ത് അളവിനെ ആധാരമാക്കിയാണ്. (1രാജ 7:38; യഹ 45:14)—അനു. ബി14 കാണുക.
ബയെത്സെബൂബ്.
ഭൂതങ്ങളുടെ പ്രഭു അഥവാ അധികാരി ആയ സാത്താനെ വിളിക്കുന്ന ഒരു പേര്. ഫെലിസ്ത്യർ എക്രോനിൽ ആരാധിച്ചിരുന്ന ബാൽ ദൈവമായ ബാൽ-സെബൂബിന്റെ പേരിൽനിന്ന് വന്നതായിരിക്കാം ഇത്.—2രാജ 1:3; മത്ത 12:24.
ബലി.
നന്ദി കാണിക്കുന്നതിന്റെയും തെറ്റു സമ്മതിക്കുന്നതിന്റെയും ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെയും പ്രതീകമായി ദൈവത്തിന് അർപ്പിക്കുന്ന യാഗം. ഹാബേൽ മുതലുള്ള ആളുകൾ മൃഗങ്ങൾ ഉൾപ്പെടെ പല തരം ബലികൾ സ്വമനസ്സാലെ അർപ്പിച്ചുപോന്നു. പിന്നീട് മോശയുടെ നിയമ ഉടമ്പടി ബലികൾ അർപ്പിക്കുന്നത് ഒരു വ്യവസ്ഥയാക്കി. യേശു സ്വന്തം ജീവൻ പൂർണതയുള്ള ബലിയായി അർപ്പിച്ചതോടെ മൃഗബലികളുടെ ആവശ്യമില്ലാതായി. എങ്കിലും ക്രിസ്ത്യാനികൾ ആത്മീയ അർഥത്തിൽ ബലികൾ അർപ്പിക്കുന്നു.—ഉൽ 4:4; എബ്ര 13:15, 16; 1യോഹ 4:10.
ബാധ.
എബ്രായതിരുവെഴുത്തുകളിൽ ഈ പദം യഹോവ ശിക്ഷയായി അയയ്ക്കുന്ന പകർച്ചവ്യാധിയെയോ രോഗത്തെയോ ദുരന്തത്തെയോ കുറിക്കുന്നു.—സംഖ 16:49.
ബാൽ.
ആകാശത്തിന്റെ ഉടയവനും മഴയുടെയും പ്രത്യുത്പാദനത്തിന്റെയും ഫലപുഷ്ടിയുടെയും ദൈവവും ആയി കരുതപ്പെടുന്ന ഒരു കനാന്യദേവൻ. നാട്ടിലെ ചെറിയ ദൈവങ്ങളെയും ‘ബാൽ’ എന്നു വിളിക്കാറുണ്ട്. എബ്രായവാക്കിന്റെ അർഥം “ഉടയവൻ; യജമാനൻ” എന്നൊക്കെയാണ്.—1രാജ 18:21; റോമ 11:4.
ബൂൽ.
ഭ
ഭർത്തൃസഹോദരധർമം.
ദൈവജനത്തിന് ഇടയിലുണ്ടായിരുന്ന ഒരു സമ്പ്രദായം. പിന്നീട് ഇതു മോശയുടെ നിയമത്തിന്റെ ഭാഗമായി. ഇതനുസരിച്ച് ഒരാൾ, ആൺമക്കളില്ലാതെ മരിച്ചുപോയ തന്റെ സഹോദരന്റെ പരമ്പര നിലനിറുത്താൻ അദ്ദേഹത്തിന്റെ ഭാര്യയെ വിവാഹം ചെയ്യണമായിരുന്നു. ദേവരവിവാഹം എന്നും അറിയപ്പെടുന്നു.—ഉൽ 38:8; ആവ 25:5.
ഭാവി പറയുന്നവർ.
ഭാവിസംഭവങ്ങൾ മുൻകൂട്ടിപ്പറയാനുള്ള കഴിവുണ്ടെന്ന് അവകാശപ്പെടുന്നവർ. മന്ത്രവാദികൾ, ഭൂതങ്ങളുടെ സഹായത്താൽ ഭാവിഫലം പറയുന്നവർ, ജ്യോത്സ്യന്മാർ തുടങ്ങിയവരെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.—ലേവ 19:31; ആവ 18:11; പ്രവൃ 16:16.
ഭൂതങ്ങൾ.
അമാനുഷികശക്തിയുള്ള, അദൃശ്യരും ദുഷ്ടരും ആയ ആത്മവ്യക്തികൾ. ഉൽപത്തി 6:2-ൽ “സത്യദൈവത്തിന്റെ പുത്രന്മാർ” എന്നും യൂദ 6-ൽ ‘ദൈവദൂതന്മാർ’ എന്നും വിളിച്ചിരിക്കുന്നു. ദുഷ്ടരായിട്ടല്ല അവരെ സൃഷ്ടിച്ചത്. ദൈവദൂതന്മാരായിരുന്ന അവർ നോഹയുടെ നാളിൽ ദൈവത്തോട് അനുസരണക്കേടു കാട്ടുകയും സാത്താന്റെകൂടെ ചേർന്ന് യഹോവയെ എതിർക്കുകയും ചെയ്തുകൊണ്ട് ദൈവത്തിന്റെ ശത്രുക്കളായിത്തീർന്നു.—ആവ 32:17; ലൂക്ക 8:30; പ്രവൃ 16:16; യാക്ക 2:19.
ഭൂതവിദ്യ.
മരിച്ചവരുടെ ആത്മാവ് ഭൗതികശരീരത്തിന്റെ മരണത്തെ അതിജീവിക്കുമെന്നും അവയ്ക്കു ജീവിച്ചിരിക്കുന്നവരുമായി സംസാരിക്കാനാകുമെന്നും അവ സംസാരിക്കുന്നുണ്ടെന്നും ഉള്ള വിശ്വാസം. മിക്കപ്പോഴും അവയുടെ സ്വാധീനത്തിൻകീഴിലുള്ള ഒരു വ്യക്തിയിലൂടെ (ആത്മാക്കളോട് ഉപദേശം തേടുന്ന ഒരാളിലൂടെ) ആണ് സംസാരിക്കുന്നതെന്നും വിശ്വസിക്കുന്നു. “ഭൂതവിദ്യയിൽ ഏർപ്പെടുന്നവർ” എന്നതിന്റെ ഗ്രീക്കുപദമായ ഫാർമാക്യ, മരുന്നുകളോ മയക്കുമരുന്നുകളോ ആയി ബന്ധമുള്ള ഒരു പദമാണ്. പുരാതനകാലത്ത് ആഭിചാരക്രിയകൾക്കുവേണ്ടി ഭൂതശക്തി ആവാഹിക്കാൻ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതുകൊണ്ട് ഫാർമാക്യ ഭൂതവിദ്യയുമായി ബന്ധപ്പെടുത്തി ഉപയോഗിക്കാൻതുടങ്ങി.—ഗല 5:20; വെളി 21:8.
മ
മകുടം.
മജിസ്റ്റ്രേട്ട്.
ബാബിലോണിയൻ ഭരണത്തിൻകീഴിൽ, സംസ്ഥാനത്തിലെ സൈനികേതര ഉദ്യോഗസ്ഥരായിരുന്നു മജിസ്റ്റ്രേട്ടുമാർ. അവർക്കു നിയമം അറിയാമായിരുന്നു; ന്യായം വിധിക്കാൻ ഒരു പരിധിവരെയുള്ള അധികാരവുമുണ്ടായിരുന്നു. റോമൻ കോളനികളിൽ, മജിസ്റ്റ്രേട്ടുമാർ ഗവൺമെന്റ് ഭരണാധികാരികളായിരുന്നു. ക്രമസമാധാനപാലനം, സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുക, നിയമലംഘകരെ ന്യായം വിധിക്കുക, ശിക്ഷ നടപ്പാക്കാനുള്ള കല്പന പുറപ്പെടുവിക്കുക എന്നിവയായിരുന്നു അവരുടെ ഉത്തരവാദിത്വങ്ങൾ.—ദാനി 3:2; പ്രവൃ 16:20.
മതവിഭാഗം; വിഭാഗം.
പ്രത്യേകമായ ഏതെങ്കിലും ഉപദേശത്തോടോ ഒരു നേതാവിനോടോ പറ്റിനിൽക്കുകയും തങ്ങളുടേതായ വിശ്വാസങ്ങൾ പിൻപറ്റുകയും ചെയ്യുന്ന ആളുകളുടെ കൂട്ടം. യഹൂദമതത്തിന്റെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളായിരുന്നു പരീശവിഭാഗവും സദൂക്യവിഭാഗവും. ക്രിസ്ത്യാനികളല്ലാത്തവർ ക്രിസ്ത്യാനിത്വത്തെ ഒരു ‘മതവിഭാഗം’ എന്നോ ‘നസറെത്തുകാരുടെ മതവിഭാഗം’ എന്നോ വിളിച്ചിരുന്നു. യഹൂദമതത്തിൽനിന്ന് വേർപെട്ടുപോന്നവർ എന്ന കാഴ്ചപ്പാടോടെയായിരിക്കാം ഇത്. കാലക്രമേണ ക്രിസ്തീയസഭയിലും വിഭാഗങ്ങൾ ഉണ്ടായി. “നിക്കൊലാവൊസ് എന്ന മതവിഭാഗ”ക്കാരെക്കുറിച്ച് വെളിപാടിൽ എടുത്തുപറഞ്ഞിട്ടുണ്ട്.—പ്രവൃ 5:17; 15:5; 24:5; 28:22; വെളി 2:6; 2പത്ര 2:1.
മധ്യസ്ഥൻ.
മനുഷ്യപുത്രൻ.
സുവിശേഷങ്ങളിൽ ഏകദേശം 80 പ്രാവശ്യം കാണുന്ന ഒരു പ്രയോഗം. യേശുക്രിസ്തുവിനെ പരാമർശിക്കുന്നു. യേശു കേവലം ഭൗതികശരീരം എടുത്ത ഒരു ആത്മവ്യക്തിയല്ല; മറിച്ച് ഭൂമിയിൽ ജനിച്ചുകൊണ്ട് യേശു ഒരു മനുഷ്യനായിത്തീർന്നെന്ന് ഈ പദം സൂചിപ്പിക്കുന്നു. ദാനിയേൽ 7:13, 14-ലെ പ്രവചനം യേശു നിറവേറ്റുമെന്നും ഈ പ്രയോഗം സൂചിപ്പിക്കുന്നു. എബ്രായതിരുവെഴുത്തുകളിൽ യഹസ്കേലിനെയും ദാനിയേലിനെയും ഇങ്ങനെ വിളിച്ചിരിക്കുന്നതു സന്ദേശവാഹകരായ ആ മനുഷ്യരും അവരുടെ സന്ദേശത്തിന്റെ ഉറവിടമായ ദൈവവും തമ്മിലുള്ള വ്യത്യാസം എടുത്തുകാണിക്കാനാണ്.—യഹ 3:17; ദാനി 8:17; മത്ത 19:28; 20:28.
മന്ന.
40 വർഷം വിജനഭൂമിയിലായിരുന്നപ്പോൾ ഇസ്രായേല്യർ കഴിച്ച പ്രധാനഭക്ഷണം. യഹോവയാണ് അതു കൊടുത്തത്. ശബത്ത് ഒഴികെയുള്ള എല്ലാ ദിവസവും രാവിലെ, നിലത്ത് മഞ്ഞിന്റെ ഒരു ആവരണത്തിന് അടിയിൽ അത് അത്ഭുതകരമായി പ്രത്യക്ഷപ്പെട്ടു. ഇസ്രായേല്യർ ആദ്യം അതു കണ്ടപ്പോൾ “ഇത് എന്താണ്” (എബ്രായയിൽ “മാൻ ഹു?”) എന്നു ചോദിച്ചു. (പുറ 16:13-15, 35) മറ്റിടങ്ങളിൽ മന്നയെ “സ്വർഗീയധാന്യം” (സങ്ക 78:24), “സ്വർഗത്തിൽനിന്നുള്ള അപ്പം” (സങ്ക 105:40), “ബലവാന്മാരുടെ അപ്പം” (സങ്ക 78:25) എന്നൊക്കെ വിളിച്ചിട്ടുണ്ട്. യേശു മന്നയെ പരാമർശിച്ച് ആലങ്കാരികമായും സംസാരിച്ചു.—യോഹ 6:49, 50.
മൽക്കാം.
അമ്മോന്യരുടെ പ്രധാനദേവനായ മോലേക്കുതന്നെ ആയിരിക്കാനാണു സാധ്യത. (സെഫ 1:5)—മോലേക്ക് കാണുക.
മഹലത്.
സങ്കീർത്തനങ്ങൾ 53, 88 എന്നിവയുടെ മേലെഴുത്തിൽ കാണുന്ന ഈ പദം തെളിവനുസരിച്ച് സംഗീതവുമായി ബന്ധപ്പെട്ടതാണ്. “ക്ഷീണിച്ചുപോകുക; രോഗം ബാധിക്കുക ” എന്നൊക്കെ അർഥം വരുന്ന ഒരു എബ്രായ ക്രിയാപദവുമായി ഇതിനു ബന്ധമുണ്ടായിരിക്കാം. അതു സൂചിപ്പിക്കുന്നത് ഇതു വിഷാദവും നിരാശയും നിഴലിക്കുന്ന സംഗീതമാണെന്നാണ്. ഈ രണ്ടു പാട്ടുകളിലെ വരികളും ദുഃഖാർദ്രമാണ്.
മഹാകഷ്ടത.
“കഷ്ടത” എന്നതിന്റെ ഗ്രീക്കുപദം സാഹചര്യങ്ങൾ മൂലം ഉണ്ടാകുന്ന ദുരിതത്തെ അഥവാ ക്ലേശത്തെ സൂചിപ്പിക്കുന്നു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത ഒരു “മഹാകഷ്ടത” യരുശലേമിൽ വരുമെന്നു യേശു പറയുകയുണ്ടായി. അതിലും പ്രധാനമായി ഭാവിയിൽ താൻ ‘മഹത്ത്വത്തോടെ വരുമ്പോൾ’ മനുഷ്യവർഗത്തിനു വരാനിരിക്കുന്ന വലിയ കഷ്ടതയെക്കുറിച്ചും യേശു പറഞ്ഞു. (മത്ത 24:21, 29-31) ‘ദൈവത്തെ അറിയാത്തവർക്കും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അനുസരിക്കാത്തവർക്കും’ ഉള്ള ദൈവത്തിന്റെ നീതിയുള്ള വിധിയാണ് ഈ കഷ്ടതയെന്നു പൗലോസ് വിശദീകരിച്ചു. യേശുവിന്റെ നേതൃത്വത്തിൽ സ്വർഗീയസൈന്യം ‘കാട്ടുമൃഗത്തിനും ഭൂമിയിലെ രാജാക്കന്മാർക്കും അവരുടെ സൈന്യത്തിനും’ എതിരെ യുദ്ധം ചെയ്യുമെന്നു വെളിപാട് 19-ാം അധ്യായം സൂചിപ്പിക്കുന്നു. (2തെസ്സ 1:6-8; വെളി 19:11-21) “ഒരു മഹാപുരുഷാരം” ഈ കഷ്ടതയെ അതിജീവിക്കുന്നതായും പറഞ്ഞിരിക്കുന്നു. (വെളി 7:9, 14)—അർമഗെദോൻ കാണുക.
മഹാപുരോഹിതൻ.
മോശയുടെ നിയമമനുസരിച്ച് ദൈവമുമ്പാകെ ജനത്തെ പ്രതിനിധീകരിച്ചിരുന്ന പ്രധാനപുരോഹിതൻ. മറ്റു പുരോഹിതന്മാരുടെ മേൽനോട്ടം അദ്ദേഹത്തിനായിരുന്നു. ‘മുഖ്യപുരോഹിതൻ’ എന്നും അറിയപ്പെടുന്നു. (2ദിന 26:20; എസ്ര 7:5) വിശുദ്ധകൂടാരത്തിലെയും പിന്നീടു ദേവാലയത്തിലെയും ഏറ്റവും അകത്തെ മുറിയായ അതിവിശുദ്ധത്തിൽ പ്രവേശിക്കാൻ അദ്ദേഹത്തിനു മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. ഓരോ വർഷവും പാപപരിഹാരദിവസം മാത്രമാണ് അങ്ങനെ പ്രവേശിച്ചിരുന്നത്. യേശുക്രിസ്തുവിനെയും “മഹാപുരോഹിതൻ” എന്നു വിളിച്ചിട്ടുണ്ട്.—ലേവ 16:2, 17; 21:10; മത്ത 26:3; എബ്ര 4:14.
മാതളനാരങ്ങ.
ആപ്പിളിന്റെ രൂപവും ഒരറ്റത്ത് കിരീടത്തിന്റെ ആകൃതിയും ഉള്ള പഴം. അതിന്റെ പുറംതോടിനു നല്ല കട്ടിയാണ്. അകം ചാറു നിറഞ്ഞ ചെറിയ അല്ലികൾകൊണ്ട് നിറഞ്ഞിരിക്കുന്നു. ഓരോ അല്ലിയിലും ചുവപ്പോ ഇളംചുവപ്പോ നിറത്തിലുള്ള ഒരു കുരുവുണ്ട്. മഹാപുരോഹിതന്റെ കൈയില്ലാത്ത നീലയങ്കിയുടെ വിളുമ്പിലും ദേവാലയത്തിന്റെ മുന്നിലുണ്ടായിരുന്ന തൂണുകളായ യാഖീന്റെയും ബോവസിന്റെയും മകുടങ്ങളിലും മാതളനാരങ്ങയുടെ ആകൃതിയിലുള്ള അലങ്കാരപ്പണികൾ ഉണ്ടായിരുന്നു.—പുറ 28:34; സംഖ 13:23; 1രാജ 7:18.
മാനസാന്തരം.—
പശ്ചാത്താപം കാണുക.
മാർഗം.
യഹോവ അംഗീകരിക്കുന്നതോ അംഗീകരിക്കാത്തതോ ആയ പ്രവർത്തനരീതിയെയോ ജീവിതത്തെയോ സൂചിപ്പിക്കുന്നതിനു തിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന ഒരു ആലങ്കാരികപ്രയോഗം. യേശുക്രിസ്തുവിന്റെ അനുഗാമികളെ “ഈ മാർഗ”ത്തിൽപ്പെട്ടവരെന്നു വിളിച്ചിരുന്നു. അതായത് യേശുവിന്റെ മാതൃക അനുകരിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ കേന്ദ്രീകരിച്ച ഒരു ജീവിതമാർഗമാണ് അവർ നയിച്ചിരുന്നത്.—പ്രവൃ 19:9.
മാർച്ചട്ട.
വിശുദ്ധത്തിൽ പ്രവേശിക്കുമ്പോഴെല്ലാം ഇസ്രായേലിലെ മഹാപുരോഹിതൻ മാറിൽ ധരിച്ചിരുന്ന, കല്ലുകൾവെച്ച് അലങ്കരിച്ച തുണി. യഹോവയുടെ ന്യായവിധികൾ വെളിപ്പെടുത്തുന്ന ഊറീമും തുമ്മീമും ഇതിലുണ്ടായിരുന്നതിനാൽ “ന്യായവിധിയുടെ മാർച്ചട്ട” എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. (പുറ 28:15-30)—അനു. ബി5 കാണുക.
മാസിഡോണിയ.
മഹാനായ അലക്സാണ്ടറിന്റെ കീഴിൽ പ്രാമുഖ്യത നേടിയ, ഗ്രീസിനു വടക്കുള്ള പ്രദേശം. ഇതു റോമാക്കാർ കീഴടക്കുന്നതുവരെ സ്വതന്ത്രമായിരുന്നു. പൗലോസ് അപ്പോസ്തലൻ ആദ്യമായി യൂറോപ്പ് സന്ദർശിച്ചപ്പോൾ മാസിഡോണിയ ഒരു റോമൻ സംസ്ഥാനമായിരുന്നു. പൗലോസ് ആ പ്രദേശം മൂന്നു പ്രാവശ്യം സന്ദർശിച്ചു. (പ്രവൃ 16:9)—അനു. ബി13 കാണുക.
മാസ്കിൽ.
13 സങ്കീർത്തനങ്ങളുടെ മേലെഴുത്തിലുള്ള ഒരു എബ്രായപദം. അർഥം വ്യക്തമല്ല; “ധ്യാനനിരതമായ കവിത” എന്നായിരിക്കാനാണു സാധ്യത. ‘വിവേകത്തോടെ സേവിക്കുക ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന, സമാനമായ മറ്റൊരു പദവുമായി ഇതിനു ബന്ധമുണ്ടെന്നു ചിലർ കരുതുന്നു.—2ദിന 30:22; സങ്ക 32:മേലെ.
മിക്താം.
മിന.
യഹസ്കേലിൽ മാനേ എന്നും പറഞ്ഞിരിക്കുന്നു. തൂക്കത്തെയും വിലയെയും കുറിക്കുന്ന അളവ്. ഒരു മിന 50 ശേക്കെൽ ആണെന്നും ഒരു ശേക്കെൽ 11.4 ഗ്രാം ആണെന്നും ഉള്ള പുരാവസ്തുതെളിവുകളുടെ അടിസ്ഥാനത്തിൽ എബ്രായതിരുവെഴുത്തുകളിലെ ഒരു മിന 570 ഗ്രാം ആണ്. മുഴത്തിന്റെ കാര്യത്തിലെന്നപോലെ വലിയ അളവിലുള്ള മിനയുമുണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളിലെ ഒരു മിന 100 ദ്രഹ്മയ്ക്കു തുല്യമായിരുന്നു; തൂക്കം 340 ഗ്രാം. 60 മിന ആണ് ഒരു താലന്ത്. (എസ്ര 2:69; ലൂക്ക 19:13)—അനു. ബി14 കാണുക.
മിൽക്കോം.
അമ്മോന്യർ ആരാധിച്ചിരുന്ന ഒരു ദൈവം. മോലേക്ക് എന്ന ദൈവംതന്നെയായിരിക്കാനും സാധ്യതയുണ്ട്. (1രാജ 11:5, 7) തന്റെ ഭരണത്തിന്റെ അവസാനത്തോട് അടുത്ത് ശലോമോൻ ഈ വ്യാജദൈവത്തെ ആരാധിക്കാൻ ഉയർന്ന സ്ഥലങ്ങൾ പണിതു.—മോലേക്ക് കാണുക.
മില്ലോ.
ഈ എബ്രായപദം “നിറയ്ക്കുക” എന്ന് അർഥമുള്ള ഒരു പദത്തിൽനിന്നാണു വന്നിരിക്കുന്നത്. സെപ്റ്റുവജിന്റ് ഇതിനെ “കോട്ട” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഇതു ദാവീദിന്റെ നഗരത്തിലെ ഭൂമിശാസ്ത്രപരമായ ഒരു പ്രത്യേകതയോ നിർമിതിയോ ആയിരുന്നിരിക്കാം. പക്ഷേ അതിന്റെ വിശദാംശങ്ങൾ ലഭ്യമല്ല.—2ശമു 5:9; 1രാജ 11:27.
മിശിഹ.
“അഭിഷിക്തൻ” എന്നതിന്റെ എബ്രായവാക്കിൽനിന്ന് വന്നത്. ഇതിന്റെ ഗ്രീക്കുപദത്തിൽനിന്ന് വന്നതാണു “ക്രിസ്തു.”—ദാനി 9:25; യോഹ 1:41.
മീറ.
കൊമ്മിഫോറ വർഗത്തിൽപ്പെട്ട വ്യത്യസ്തതരം കുറ്റിച്ചെടികളിൽനിന്നോ ചെറിയ മരങ്ങളിൽനിന്നോ കിട്ടുന്ന സുഗന്ധപ്പശ. വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കാനുള്ള കൂട്ടിൽ മീറ ചേർത്തിരുന്നു. ശരീരത്തിൽ തേക്കുന്ന ലോഷൻ, തിരുമ്മാനുള്ള എണ്ണ എന്നിവയിൽ ചേർക്കാനും വസ്ത്രങ്ങൾ, കിടക്ക എന്നിവ സുഗന്ധപൂർണമാക്കാനും ശവശരീരം ഒരുക്കാനും ഇത് ഉപയോഗിച്ചിരുന്നു.—പുറ 30:23; സുഭ 7:17; യോഹ 19:39.
മുഖ്യദൂതൻ.
അർഥം: “ദൈവദൂതന്മാരുടെ തലവൻ.” “മുഖ്യ” എന്ന വിശേഷണത്തിന്റെ അർഥം “തലവൻ” അല്ലെങ്കിൽ “പ്രധാനി” എന്നാണ്. ഈ നിർവചനവും, ബൈബിളിൽ ‘മുഖ്യദൂതൻ’ എന്ന പദം ഏകവചനത്തിലാണ് ഉപയോഗിച്ചിരിക്കുന്നതെന്ന വസ്തുതയും സൂചിപ്പിക്കുന്നതു മുഖ്യദൂതനായി ഒരാളേ ഉള്ളൂ എന്നാണ്. ഈ മുഖ്യദൂതന്റെ പേര് മീഖായേൽ എന്നാണെന്നു ബൈബിൾ വെളിപ്പെടുത്തുന്നു.—ദാനി 12:1; യൂദ 9; വെളി 12:7.
മുഖ്യനായകൻ.
ഗ്രീക്കുപദത്തിന്റെ അടിസ്ഥാന അർഥം “മുഖ്യനേതാവ്” എന്നാണ്. വിശ്വസ്തരായ മനുഷ്യരെ പാപത്തിന്റെ മരണകരമായ പിടിയിൽനിന്ന് മോചിപ്പിച്ച് നിത്യജീവനിലേക്കു നയിക്കുന്ന ഏജന്റാണു യേശുക്രിസ്തു. ഈ സുപ്രധാനപങ്കിനെയാണു മുഖ്യനായകൻ എന്ന പദം സൂചിപ്പിക്കുന്നത്.—പ്രവൃ 3:15, അടിക്കുറിപ്പ്; 5:31; എബ്ര 2:10, അടിക്കുറിപ്പ്; 12:2.
മുഖ്യപുരോഹിതൻ.
എബ്രായതിരുവെഴുത്തുകളിൽ ‘മഹാപുരോഹിതന്റെ’ മറ്റൊരു പേര്. ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പ്രയോഗം തെളിവനുസരിച്ച് പുരോഹിതഗണത്തിലെ പ്രധാനികളെയാണു കുറിക്കുന്നത്. അധികാരത്തിൽനിന്ന് നീക്കം ചെയ്യപ്പെട്ട മഹാപുരോഹിതന്മാരും 24 പുരോഹിതവിഭാഗങ്ങളുടെ തലവന്മാരും ഇതിൽ ഉൾപ്പെട്ടേക്കാം.—2ദിന 26:20; എസ്ര 7:5; മത്ത 2:4; മർ 8:31.
മുടിങ്കോൽ.
കർഷകർ മൃഗങ്ങളെ തെളിക്കാൻ ഉപയോഗിച്ചിരുന്ന, അറ്റത്ത് ലോഹം പിടിപ്പിച്ച ഒരു നീണ്ട വടി. മുടിങ്കോലിനെ ജ്ഞാനിയായ ഒരാളുടെ വാക്കുകളുമായി താരതമ്യം ചെയ്തിരിക്കുന്നു. കേൾവിക്കാരനെ ആ ജ്ഞാനമൊഴികൾ പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുമായിരുന്നു. മെരുങ്ങാത്ത ഒരു കാള അതിനെ തെളിക്കാൻ ഉപയോഗിക്കുന്ന മുടിങ്കോലിനു നേരെ തൊഴിച്ച് അതിനുതന്നെ മുറിവുണ്ടാക്കുന്നതിൽനിന്നാണ് ‘മുടിങ്കോലിൽ തൊഴിക്കുക ’ എന്ന പ്രയോഗം വന്നത്.—പ്രവൃ 26:14; ന്യായ 3:31.
മുത്ത്-ലാബൻ.
സങ്കീർത്തനം 9-ന്റെ മേലെഴുത്തിൽ കാണാം. “മകന്റെ മരണത്തെക്കുറിച്ച്” എന്നാണ് അർഥമെന്നു പരമ്പരാഗതമായി കരുതിപ്പോരുന്നു. ഈ സങ്കീർത്തനം പാടാൻ ഉപയോഗിക്കുന്ന അതേ ഈണത്തിലുള്ള പരിചിതമായ ഒരു സംഗീതത്തിന്റെ പേരോ അതിന്റെ തുടക്കത്തിലെ വരികളോ ആണ് ഇതെന്നു ചിലർ നിഗമനം ചെയ്യുന്നു.
മുദ്ര.
ഉടമസ്ഥതയോ ആധികാരികതയോ സമ്മതമോ കാണിക്കുന്ന അടയാളം പതിക്കാൻ (സാധാരണയായി കളിമണ്ണിലോ മെഴുകിലോ) ഉപയോഗിക്കുന്ന ഉപകരണം. കട്ടിയുള്ള വസ്തുക്കൾകൊണ്ടാണു (കല്ല്, ആനക്കൊമ്പ്, തടി.) പുരാതനകാലത്ത് മുദ്രകൾ ഉണ്ടാക്കിയിരുന്നത്. അതിൽ അക്ഷരങ്ങളോ രൂപങ്ങളോ വിപരീതദിശയിൽ കൊത്തിവെച്ചിരുന്നു. എന്തിന്റെയെങ്കിലും ആധികാരികതയോ കൈവശാവകാശമോ രഹസ്യസ്വഭാവമോ കാണിക്കാൻ മുദ്ര എന്ന പദം ആലങ്കാരികമായും ഉപയോഗിച്ചിരുന്നു.—പുറ 28:11; നെഹ 9:38; വെളി 5:1; 9:4.
മുദ്രമോതിരം.
മുന്തിരിച്ചക്ക്.
പ്രകൃതിദത്തമായ ചുണ്ണാമ്പുകല്ലിൽ മുകളിലും താഴെയും ആയി വെട്ടിയെടുത്ത രണ്ടു കുഴികൾ. ഒരു ചാലുകൊണ്ട് കുഴികൾ ബന്ധിപ്പിച്ചിരുന്നു. മുകളിലത്തെ കുഴിയിൽ മുന്തിരിങ്ങ ചവിട്ടുമ്പോൾ ചാറ് താഴത്തെ കുഴിയിലേക്കു ഒഴുകിവരും. ദൈവത്തിന്റെ ന്യായവിധിയെ കുറിക്കാൻ ഈ വാക്ക് ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്.—യശ 5:2; വെളി 19:15.
മുറ്റം.
വിശുദ്ധകൂടാരത്തിനു ചുറ്റും വേലികെട്ടി തിരിച്ചിരുന്ന തുറസ്സായ സ്ഥലം. പിന്നീട് ആലയം പണിതപ്പോഴും അതിന്റെ പ്രധാനകെട്ടിടത്തിനു ചുറ്റും മതിൽകെട്ടി തിരിച്ച മുറ്റമുണ്ടായിരുന്നു. ദഹനയാഗത്തിനുള്ള യാഗപീഠം വിശുദ്ധകൂടാരത്തിന്റെ മുറ്റത്തും ദേവാലയത്തിന്റെ അകത്തെ മുറ്റത്തും ആണ് സ്ഥിതി ചെയ്തിരുന്നത്. (അനു. ബി5, ബി8, ബി11 കാണുക.) വീടുകളുടെയും കൊട്ടാരങ്ങളുടെയും മുറ്റങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്.—പുറ 8:13; 27:9; 1രാജ 7:12; എസ്ഥ 4:11; മത്ത 26:3.
മുഴക്കോൽ.
മുഴം.
നീളം അളക്കാനുള്ള ഒരു അളവ്. ഏതാണ്ട്, കൈമുട്ടുമുതൽ നടുവിരലിന്റെ അറ്റംവരെ എത്തുന്ന നീളം. ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്) ആണ് ഇസ്രായേല്യർ സാധാരണ ഒരു മുഴമായി കണക്കാക്കിയിരുന്നത്. എന്നാൽ ഏകദേശം 51.8 സെ.മീ. (20.4 ഇഞ്ച്) വരുന്ന ഒരു വലിയ മുഴവും അവർ ഉപയോഗിച്ചിരുന്നു. സാധാരണമുഴത്തിന്റെ നീളത്തോടൊപ്പം നാലു വിരൽ വീതികൂടി അതിനുണ്ടായിരുന്നു. (ഉൽ 6:15; ലൂക്ക 12:25)—അനു. ബി14 കാണുക.
മൂപ്പൻ; പ്രായമേറിയ പുരുഷൻ.
മുതിർന്ന ഒരു പുരുഷൻ. തിരുവെഴുത്തുകളിൽ പക്ഷേ, ഒരു സമൂഹത്തിലോ ജനതയിലോ അധികാരസ്ഥാനത്തും ഉത്തരവാദിത്വസ്ഥാനത്തും ഉള്ള ഒരു വ്യക്തിയെയാണു പ്രധാനമായും അർഥമാക്കുന്നത്. വെളിപാട് പുസ്തകത്തിൽ സ്വർഗത്തിലുള്ള ആത്മവ്യക്തികളെ കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തീയസഭയിൽ നേതൃത്വമെടുക്കുന്നവരെ കുറിക്കാൻ പ്രെസ്ബിറ്റെറോസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നിടത്ത് “മൂപ്പൻ” എന്നാണു പരിഭാഷ ചെയ്തിരിക്കുന്നത്.—പുറ 4:29; സുഭ 31:23; 1തിമ 5:17; വെളി 4:4.
മൂലക്കല്ല്.
ഒരു കെട്ടിടത്തിന്റെ രണ്ടു ചുവരുകൾ ചേരുന്നിടത്ത് മൂലയിലോ കോണിലോ സ്ഥാപിച്ചിരുന്ന കല്ല്. പ്രധാനമായും ചുവരുകൾ തമ്മിൽ യോജിപ്പിക്കുന്നതിനും ചേർക്കുന്നതിനും ആണ് അവ സ്ഥാപിച്ചിരുന്നത്. മൂലക്കല്ലിൽ പ്രധാനപ്പെട്ടത് അടിസ്ഥാനത്തിന്റെ മുഖ്യമൂലക്കല്ലായിരുന്നു. പൊതുകെട്ടിടങ്ങൾക്കും നഗരമതിലുകൾക്കും സാധാരണഗതിയിൽ വളരെ ബലമുള്ള ഒരു കല്ലാണു തിരഞ്ഞെടുത്തിരുന്നത്. ഭൂമിയെ സൃഷ്ടിച്ചതിനെ കുറിക്കാൻ ആലങ്കാരികമായി ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തീയസഭയെ ഒരു ആത്മീയഭവനവുമായി താരതമ്യം ചെയ്തുകൊണ്ട് യേശുവിനെ ക്രിസ്തീയസഭയുടെ “അടിസ്ഥാനത്തിന്റെ മുഖ്യ മൂലക്കല്ല്” എന്നു വിളിച്ചിരിക്കുന്നു.—എഫ 2:20; ഇയ്യ 38:7.
മെതിക്കുക; മെതിക്കളം.
ധാന്യം തണ്ടിൽനിന്ന് വേർതിരിച്ച് പതിരു നീക്കുന്നതിനെ മെതിക്കുക എന്നു പറയുന്നു; മെതിക്കുന്ന സ്ഥലമാണു മെതിക്കളം. വടി ഉപയോഗിച്ചോ, കൂടുതൽ ധാന്യമുണ്ടെങ്കിൽ മൃഗങ്ങൾ വലിക്കുന്ന മെതിവണ്ടിപോലുള്ള പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ചോ മെതിക്കും. മെതിക്കളത്തിൽ നിരത്തിയിട്ടിരിക്കുന്ന ധാന്യത്തിനു മുകളിലൂടെ മെതിവണ്ടി ഓടിക്കും. നല്ല കാറ്റുള്ള, ഉയർന്ന, വൃത്താകൃതിയിലുള്ള നിരപ്പായ സ്ഥലമാണു സാധാരണഗതിയിൽ മെതിക്കളം.—ലേവ 26:5; യശ 41:15; മത്ത 3:12.
മേദ്യർ; മേദ്യ.
യാഫെത്തിന്റെ മകനായ മാദായിയിൽനിന്ന് ഉത്ഭവിച്ച ഒരു ജനത. പിന്നീടു മേദ്യരാജ്യമായിത്തീർന്ന ഇറാനിയൻ മലനിരകളിലെ പീഠഭൂമിയിൽ അവർ താമസമുറപ്പിച്ചു. മേദ്യർ ബാബിലോണിന്റെകൂടെ ചേർന്ന് അസീറിയയെ തോൽപ്പിച്ചു. ആ സമയത്ത് പേർഷ്യ മേദ്യയുടെ കീഴിലെ ഒരു സംസ്ഥാനമായിരുന്നു. പക്ഷേ കോരെശ് പ്രക്ഷോഭം നടത്തി മേദ്യയെ പേർഷ്യയുമായി ലയിപ്പിച്ച് മേദോ-പേർഷ്യൻ സാമ്രാജ്യം രൂപീകരിച്ചു. അതു ബി.സി. 539-ൽ നവ-ബാബിലോണിയൻ സാമ്രാജ്യം കീഴടക്കി. എ.ഡി. 33-ലെ പെന്തിക്കോസ്തിൽ മേദ്യരും യരുശലേമിലുണ്ടായിരുന്നു. (ദാനി 5:28, 31; പ്രവൃ 2:9)—അനു. ബി9 കാണുക.
മേരോദാക്ക്.
ബാബിലോൺ നഗരത്തിലെ പ്രധാനദൈവം. ബാബിലോണിയൻ രാജാവും നിയമനിർമാതാവും ആയ ഹമുറാബി ബാബിലോണിനെ ബാബിലോണിയയുടെ തലസ്ഥാനമാക്കിയശേഷം മേരോദാക്ക് (അഥവാ മാർഡൂക്ക്) പ്രാമുഖ്യത നേടി. അങ്ങനെ ഒടുവിൽ, മുമ്പുണ്ടായിരുന്ന അനേകം ദൈവങ്ങളെ തത്സ്ഥാനത്തുനിന്ന് നീക്കി ബാബിലോണിയൻ ദേവഗണത്തിലെ പ്രധാനദൈവമായി. പിന്നെപ്പിന്നെ മേരോദാക്ക് (അഥവാ മാർഡൂക്ക്) എന്ന പേരിന്റെ സ്ഥാനത്ത് “ബേലു” (“യജമാനൻ”) എന്ന സ്ഥാനപ്പേരായി. മേരോദാക്കിനെ പൊതുവേ ബേൽ എന്നു വിളിച്ചിരുന്നു.—യിര 50:2.
മേലെഴുത്ത്.
മേൽവിചാരകൻ.
ഉണർന്നിരുന്ന് സഭയെ സംരക്ഷിക്കുന്നതും മേയ്ക്കുന്നതും ആണ് ഒരു മേൽവിചാരകന്റെ മുഖ്യമായ ഉത്തരവാദിത്വം. ഇതിന്റെ ഗ്രീക്കുപദമായ എപ്പിസ്കോപ്പോസ് എന്നതിന്റെ അടിസ്ഥാനാശയം സംരക്ഷണം നൽകാനായി മേൽനോട്ടം വഹിക്കുക എന്നാണ്. “മേൽവിചാരകൻ,” “മൂപ്പൻ” (പ്രെസ്ബിറ്റെറോസ്) എന്നീ പദങ്ങൾ ക്രിസ്തീയസഭയിൽ ഒരേ പദവിയെയാണു കുറിക്കുന്നത്. “മൂപ്പൻ” എന്ന പദം നിയമിതവ്യക്തിയുടെ പക്വത തെളിയിക്കുന്ന ഗുണങ്ങളെയും “മേൽവിചാരകൻ” എന്ന പദം അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളെയും അർഥമാക്കുന്നു.—പ്രവൃ 20:28; 1തിമ 3:2-7; 1പത്ര 5:2.
മൈൽ.
ദൂരം സൂചിപ്പിക്കുന്ന ഒരു അളവ്. മൂലഗ്രീക്കുതിരുവെഴുത്തുകളിൽ ഇതു കാണുന്നതു മത്തായി 5:41-ൽ മാത്രമാണ്. 1,479.5 മീ. (4,854 അടി) വരുന്ന റോമൻ മൈലായിരിക്കാം ഇത്. ലൂക്കോസ് 24:13; യോഹന്നാൻ 6:19; 11:18 എന്നീ മൂന്നു വാക്യങ്ങളിലെ അടിക്കുറിപ്പിലും “മൈൽ” എന്ന പദം കാണുന്നു. മൂലപാഠത്തിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റേഡിയം എന്ന പണ്ടത്തെ അളവിനെയാണ് ഇവിടെയെല്ലാം മൈൽ എന്നു മാറ്റിയിരിക്കുന്നത്.—അനു. ബി14 കാണുക.
മോചനവില.
അടിമത്തം, ശിക്ഷ, കഷ്ടപ്പാട്, പാപം എന്നിവയിൽനിന്ന് എന്തിനേറെ, കടപ്പാടിൽനിന്നുപോലും സ്വതന്ത്രരാകാൻ കൊടുക്കുന്ന വില. ഇത് എപ്പോഴും പണമാകണമെന്നില്ല. (യശ 43:3) പല സാഹചര്യങ്ങളിലും മോചനവില ആവശ്യമായിവരാറുണ്ട്. ഉദാഹരണത്തിന് ഇസ്രായേലിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ആൺകടിഞ്ഞൂലുകൾ യഹോവയ്ക്കുള്ളതാണ്. അതുകൊണ്ടുതന്നെ യഹോവയുടെ സേവനത്തിൽനിന്ന് അവയെ ഒഴിവാക്കണമെങ്കിൽ മോചനവില അഥവാ വീണ്ടെടുപ്പുവില നൽകണമായിരുന്നു. (സംഖ 3:45, 46; 18:15, 16) ഉപദ്രവകാരിയായ ഒരു കാളയെ വരുതിയിൽ നിറുത്താതിരുന്നിട്ട് അത് ആരെയെങ്കിലും കൊന്നാൽ മരണശിക്ഷയിൽനിന്ന് കാളയുടെ ഉടമസ്ഥൻ മോചിതനാകണമെങ്കിൽ അയാളുടെ മേൽ ചുമത്തുന്ന മോചനവില കൊടുക്കണമായിരുന്നു. (പുറ 21:29, 30) എന്നാൽ കരുതിക്കൂട്ടി കൊലപാതകം ചെയ്ത വ്യക്തിയിൽനിന്ന് മോചനവില സ്വീകരിക്കില്ലായിരുന്നു. (സംഖ 35:31) പാപത്തിൽനിന്നും മരണത്തിൽനിന്നും അനുസരണമുള്ള മനുഷ്യരെ മോചിപ്പിക്കാൻ യേശു ബലിമരണത്തിലൂടെ നൽകിയ മോചനവിലയാണു ബൈബിളിൽ പറഞ്ഞിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മോചനവില.—സങ്ക 49:7-9; മത്ത 20:28; എഫ 1:7.
മോലേക്ക്.
അമ്മോന്യരുടെ ഒരു ദൈവം. മൽക്കോം, മിൽക്കോം, മോലോക്ക് എന്നിവരെല്ലാം മോലേക്കുതന്നെ ആയിരിക്കാനാണു സാധ്യത. ഇത് ഒരു സ്ഥാനപ്പേരായിരിക്കാനും സാധ്യതയുണ്ട്; ഒരു പേരായിരിക്കണമെന്നില്ല. മോലേക്കിനു മക്കളെ ബലി അർപ്പിക്കുന്നവർക്കു മരണശിക്ഷ നൽകണമെന്നു മോശയുടെ നിയമത്തിൽ കല്പിച്ചിരുന്നു.—ലേവ 20:2; യിര 32:35; പ്രവൃ 7:43.
മോലോക്ക്.—
മോലേക്ക് കാണുക.
യ
യദൂഥൂൻ.
39, 62, 77 എന്നീ സങ്കീർത്തനങ്ങളുടെ മേലെഴുത്തിൽ കാണുന്ന, ഈ വാക്കിന്റെ അർഥം വ്യക്തമല്ല. ഈ മേലെഴുത്ത് സങ്കീർത്തനങ്ങൾ എങ്ങനെ അവതരിപ്പിക്കണം എന്നതിനുള്ള നിർദേശങ്ങളാണെന്നു കരുതപ്പെടുന്നു. ഒരുപക്ഷേ അവതരിപ്പിക്കേണ്ട രീതിയോ വായിക്കേണ്ട സംഗീതോപകരണമോ തിരിച്ചറിയിക്കുന്നതായിരിക്കാം. യദൂഥൂൻ എന്നു പേരുള്ള ഒരു ലേവ്യസംഗീതജ്ഞനുണ്ടായിരുന്നു. അതിനാൽ ഈ അവതരണരീതി അല്ലെങ്കിൽ ഉപകരണം യദൂഥൂനുമായോ അദ്ദേഹത്തിന്റെ മക്കളുമായോ ബന്ധപ്പെട്ടതായിരിക്കാം.
യഹൂദ.
യാക്കോബിനു ഭാര്യ ലേയയിൽ ഉണ്ടായ നാലാമത്തെ മകൻ. എന്നേക്കും ഭരിക്കുന്ന, മഹാനായ ഒരു ഭരണാധികാരി യഹൂദയുടെ വംശാവലിയിലൂടെ വരുമെന്നു മരണക്കിടക്കയിൽവെച്ച് യാക്കോബ് പ്രവചിച്ചു. യേശു യഹൂദയുടെ വംശത്തിലാണു മനുഷ്യനായി പിറന്നത്. യഹൂദ എന്ന പേര് യഹൂദാഗോത്രത്തെയും പിന്നീട് യഹൂദാരാജ്യത്തെയും കുറിക്കാനും ഉപയോഗിച്ചു. തെക്കേ രാജ്യം എന്ന് അറിയപ്പെട്ട യഹൂദ ഇസ്രായേൽഗോത്രങ്ങളായ യഹൂദയും ബന്യാമീനും ചേർന്നതായിരുന്നു. പുരോഹിതന്മാരും ലേവ്യരും അതിൽ ഉൾപ്പെട്ടിരുന്നു. യരുശലേമും ദേവാലയവും ഉൾപ്പെടെ രാജ്യത്തിന്റെ തെക്കുഭാഗം യഹൂദയുടെ കീഴിലായിരുന്നു.—ഉൽ 29:35; 49:10; 1രാജ 4:20; എബ്ര 7:14.
യഹോവ.
യാക്കോബ്.
യിസ്ഹാക്കിന്റെയും റിബെക്കയുടെയും മകൻ. പിന്നീട് ദൈവം യാക്കോബിന് ഇസ്രായേൽ എന്നു പേര് നൽകി. യാക്കോബ്, ഇസ്രായേൽ ജനത്തിന്റെ (ഇസ്രായേല്യരെന്നും പിന്നീടു ജൂതന്മാരെന്നും അറിയപ്പെട്ടു.) ഗോത്രത്തലവനായിത്തീർന്നു. യാക്കോബിന് 12 ആൺമക്കളുണ്ടായിരുന്നു. ഇവരിൽനിന്നും ഇവരുടെ വംശജരിൽനിന്നും ആണ് ഇസ്രായേൽ ജനതയുടെ 12 ഗോത്രങ്ങൾ രൂപംകൊണ്ടത്. ഇസ്രായേൽ ജനതയെയോ ഇസ്രായേലിലെ ആളുകളെയോ കുറിക്കാൻ യാക്കോബ് എന്ന പേര് തുടർന്നും ഉപയോഗിച്ചു.—ഉൽ 32:28; മത്ത 22:32.
യാഗപീഠത്തിന്റെ കൊമ്പുകൾ.
യാഗപീഠം.
ആരാധനയുടെ ഭാഗമായി ബലിയോ സുഗന്ധക്കൂട്ടോ അർപ്പിക്കാൻ ഉയർത്തിപ്പണിത തറ അല്ലെങ്കിൽ തട്ട്. പാറയോ മണ്ണോ കല്ലോ ലോഹംകൊണ്ട് പൊതിഞ്ഞ തടിയോ ഉപയോഗിച്ചാണ് ഇതു പണിതിരുന്നത്. വിശുദ്ധകൂടാരത്തിന്റെയും ദേവാലയത്തിന്റെയും ഒന്നാമത്തെ മുറിയിൽ സുഗന്ധക്കൂട്ട് അർപ്പിക്കാൻ ‘സ്വർണംകൊണ്ടുള്ള ചെറിയൊരു യാഗപീഠം’ ഉണ്ടായിരുന്നു. സ്വർണം പൊതിഞ്ഞ തടികൊണ്ടാണ് അത് ഉണ്ടാക്കിയിരുന്നത്. ദഹനബലി അർപ്പിക്കാൻ മുറ്റത്ത് ‘ചെമ്പുകൊണ്ടുള്ള വലിയൊരു യാഗപീഠവും’ ഉണ്ടായിരുന്നു. (പുറ 27:1; 39:38, 39; ഉൽ 8:20; 1രാജ 6:20; 2ദിന 4:1; ലൂക്ക 1:11)—അനു. ബി5, ബി8 കാണുക.
യാമം.
സമയത്തിന്റെ ഒരു അളവ്. സൂര്യാസ്തമയംമുതൽ സൂര്യോദയംവരെയുള്ള രാത്രിസമയത്തെ (ഏകദേശം വൈകുന്നേരം 6 മണിമുതൽ രാവിലെ 6 മണിവരെ.) ഇതു വിഭജിക്കുന്നു. എബ്രായർ ആദ്യം രാത്രിയെ മൂന്നു ഭാഗങ്ങൾ അഥവാ “യാമങ്ങൾ” ആയി തിരിച്ചു. (പുറ 14:24; ന്യായ 7:19) ഓരോ യാമവും ഏകദേശം നാലു മണിക്കൂറായിരുന്നു. യേശുവിന്റെ കാലത്ത് രാത്രിയെ ഏകദേശം മൂന്നു മണിക്കൂർ വീതമുള്ള നാലു യാമങ്ങളായാണു തിരിച്ചിരുന്നത്.—മത്ത 14:25; മർ 13:35; ലൂക്ക 12:38.
യൂഫ്രട്ടീസ്.
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും നീളമുള്ളതും പ്രധാനപ്പെട്ടതും ആയ നദി. മെസൊപ്പൊത്താമ്യയിലെ രണ്ടു പ്രധാനനദികളിൽ ഒന്ന്. ഉൽപത്തി 2:14-ലാണ് ഇതിനെക്കുറിച്ച് ആദ്യം പരാമർശിക്കുന്നത്. ഇത് ഏദെനിലെ നാലു നദികളിൽ ഒന്നാണെന്ന് അവിടെ പറഞ്ഞിരിക്കുന്നു. പലപ്പോഴും ഇതിനെ “നദി” എന്നു മാത്രം വിളിച്ചിരിക്കുന്നു. (ഉൽ 31:21) ഇസ്രായേല്യരുടെ നിയമിതപ്രദേശത്തിന്റെ വടക്കേ അതിരായിരുന്നു ഇത്. (ഉൽ 15:18; വെളി 16:12)—അനു. ബി2 കാണുക.
ര
രത്നങ്ങൾ:
അക്കിക്കല്ല്-ഈ കല്ലു പല നിറങ്ങളിലുണ്ട്. അർധതാര്യമോ (ഭാഗികമായി വെളിച്ചം കടത്തിവിടുന്നത്.) അതാര്യമോ (വെളിച്ചം കടത്തിവിടാത്തത്.) ആയ കല്ല്. അമദമണി-പർപ്പിൾ അല്ലെങ്കിൽ വയലറ്റ് നിറം. ഗോമേദകം-നിറമില്ലാതെയോ പല നിറങ്ങളിലോ കാണാം. ഏറ്റവും പ്രചാരത്തിലുള്ളതു തവിട്ടു കലർന്ന മഞ്ഞ നിറമാണ്. പീതരത്നം-സുതാര്യമോ അർധതാര്യമോ ആയ കല്ല്. മഞ്ഞ അല്ലെങ്കിൽ പച്ച നിറം. മരതകം-സുതാര്യമായ പച്ചക്കല്ല്. മാണിക്യം-ചുവപ്പ് നിറം, സുതാര്യം. വൈഡൂര്യം-സാധാരണഗതിയിൽ മഞ്ഞ കലർന്ന പച്ച നിറം. ചിലപ്പോൾ മറ്റു നിറങ്ങളിലോ നിറമില്ലാതെയോ കാണാം. സൂര്യകാന്തം-ഇന്നു കാണുന്ന സൂര്യകാന്തം അതാര്യവും പല നിറങ്ങളിലുള്ളതും ആണ്. വെളിപാട് 21:11-ൽ പറഞ്ഞിരിക്കുന്ന സൂര്യകാന്തം അർധതാര്യമാണ്. അവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം വജ്രത്തെയാണു സൂചിപ്പിക്കുന്നതെന്നു ചിലർ അഭിപ്രായപ്പെടുന്നു. സ്ഫടികക്കല്ല്-സുതാര്യമോ അർധതാര്യമോ ആയ കല്ല്. പല നിറങ്ങളിൽ കാണാം.—പുറ 28:17-20; വെളി 21:19, 20.
രഥം.
രണ്ടു ചക്രങ്ങളുള്ള, കുതിര വലിച്ചിരുന്ന ഒരു വണ്ടി. പ്രധാനമായും യുദ്ധങ്ങളിൽ ഉപയോഗിച്ചിരുന്നു.—പുറ 14:23; ന്യായ 4:13; പ്രവൃ 8:28.
രാഹാബ്.
ഇയ്യോബ്, സങ്കീർത്തനങ്ങൾ, യശയ്യ എന്നീ പുസ്തകങ്ങളിൽ പ്രതീകാത്മകമായി ഉപയോഗിച്ചിരിക്കുന്ന പദം. (യോശുവയുടെ പുസ്തകത്തിലെ രാഹാബ് എന്ന സ്ത്രീയല്ല ഇത്.) ഭീമാകാരമായ ഒരു സമുദ്രജീവിയാണു രാഹാബ് എന്നു മനസ്സിലാക്കാൻ ഇയ്യോബിന്റെ പുസ്തകത്തിലെ പശ്ചാത്തലവിവരണം സഹായിക്കുന്നു. മറ്റു ഭാഗങ്ങളിൽ ഭീമാകാരമായ ഈ സമുദ്രജീവി ഈജിപ്തിനെ പ്രതിനിധാനം ചെയ്യുന്നു.—ഇയ്യ 9:13; സങ്ക 87:4; യശ 30:7; 51:9, 10.
ല
ലെപ്ടോൺ.
ഗ്രീക്കുതിരുവെഴുത്തുകളിലെ സംഭവങ്ങൾ നടന്ന കാലത്തുണ്ടായിരുന്ന, ചെമ്പോ വെങ്കലമോ കൊണ്ടുള്ള ഏറ്റവും ചെറിയ യഹൂദനാണയം. (മർ 12:42; ലൂക്ക 21:2; അടിക്കുറിപ്പുകൾ)—അനു. ബി14 കാണുക.
ലബാനോൻ മലനിരകൾ.
ലബാനോനിലെ രണ്ടു മലനിരകളിൽ ഒന്ന്. ലബാനോൻ മലനിര പടിഞ്ഞാറും ആന്റി-ലബാനോൻ മലനിര കിഴക്കും സ്ഥിതി ചെയ്യുന്നു. നീണ്ടുകിടക്കുന്ന ഫലഭൂയിഷ്ഠമായ ഒരു താഴ്വര ഈ മലനിരകളെ വേർതിരിക്കുന്നു. ലബാനോൻ മലനിര മെഡിറ്ററേനിയൻ തീരത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. അതിന്റെ ഉയർന്ന കുന്നുകൾക്കു ശരാശരി 1,800 മീറ്റർമുതൽ 2,100 മീറ്റർവരെ (6,000 അടിമുതൽ 7,000 അടിവരെ) ഉയരമുണ്ട്. പണ്ടുകാലത്ത് ലബാനോൻ നിറയെ വലിയ ദേവദാരു മരങ്ങളായിരുന്നു. ചുറ്റുമുള്ള രാജ്യങ്ങൾ അവയെ വളരെ മൂല്യമുള്ളതായി കരുതിയിരുന്നു. (ആവ 1:7; സങ്ക 29:6; 92:12)—അനു. ബി7 കാണുക.
ലിവ്യാഥാൻ.
സാധ്യതയനുസരിച്ച് ഒരു ജലജീവി. മിക്കപ്പോഴും ജലവുമായി ബന്ധപ്പെടുത്തി പറഞ്ഞിരിക്കുന്നു. ഇയ്യോബ് 3:8; 41:1 എന്നീ വാക്യങ്ങളിൽ മുതലയെ അല്ലെങ്കിൽ നല്ല വലുപ്പവും ശക്തിയും ഉള്ള മറ്റ് ഏതെങ്കിലും ജലജീവിയെ ആയിരിക്കാം കുറിക്കുന്നത്. സങ്കീർത്തനം 104:26-ൽ ഏതെങ്കിലും തരം തിമിംഗലത്തെക്കുറിച്ചായിരിക്കാം പറയുന്നത്. മറ്റു സ്ഥലങ്ങളിൽ ആലങ്കാരികമായാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്, ഏതെങ്കിലും ഒരു പ്രത്യേകജീവിയെക്കുറിച്ച് പറയാനല്ല.—സങ്ക 74:14; യശ 27:1.
ലേവി; ലേവ്യൻ.
യാക്കോബിനു ഭാര്യ ലേയയിൽ ഉണ്ടായ മൂന്നാമത്തെ മകൻ; ലേവിയുടെ പേരിലുള്ള ഗോത്രത്തെയും കുറിക്കുന്നു. ലേവിയുടെ മൂന്ന് ആൺമക്കളിൽനിന്നാണു ലേവ്യരുടെ മൂന്നു പ്രധാനവിഭാഗങ്ങൾ ഉണ്ടായത്. “ലേവ്യർ” എന്ന പദം ചിലപ്പോൾ ലേവി ഗോത്രത്തെ മുഴുവൻ കുറിക്കുന്നു. പക്ഷേ മിക്കപ്പോഴും അഹരോന്റെ പുരോഹിതകുടുംബത്തെ അതിൽ ഉൾപ്പെടുത്താറില്ല. ലേവിഗോത്രത്തിനു വാഗ്ദത്തദേശത്ത് സ്ഥലം അളന്നുതിരിച്ച് കിട്ടിയില്ല. എങ്കിലും മറ്റു ഗോത്രങ്ങൾക്കു വീതിച്ചുകിട്ടിയ പ്രദേശത്തിന്റെ അതിർത്തിക്കകത്ത് ലേവ്യർക്ക് 48 നഗരങ്ങൾ ലഭിച്ചു.—ആവ 10:8; 1ദിന 6:1; എബ്ര 7:11.
ലൈംഗിക അധാർമികത.
ഇതിന്റെ ഗ്രീക്കുപദം പോർണിയ എന്നതാണ്. ദൈവം വിലക്കിയിട്ടുള്ള ചില ലൈംഗികപ്രവൃത്തികളെ കുറിക്കാനാണ് തിരുവെഴുത്തുകളിൽ ഈ പദം ഉപയോഗിച്ചിട്ടുള്ളത്. വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി, മൃഗവേഴ്ച എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. “ബാബിലോൺ എന്ന മഹതി” എന്നു വിളിക്കുന്ന മതവേശ്യ അധികാരത്തിനും സാമ്പത്തികനേട്ടത്തിനും വേണ്ടി ലോകത്തിലെ ഭരണാധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നതിനെ കുറിക്കാൻ വെളിപാട് പുസ്തകത്തിൽ ഈ പദം ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു. (വെളി 14:8; 17:2; 18:3; അടിക്കുറിപ്പുകൾ; മത്ത 5:32; പ്രവൃ 15:29; ഗല 5:19)—വേശ്യ കാണുക.
ലോഗ്.
ലംഘനം.
പ്രാബല്യത്തിലുള്ള ഒരു നിയമം ലംഘിക്കുന്നത്. ബൈബിളിൽ “പാപം” എന്ന വാക്കിനും സമാനമായ അർഥമാണുള്ളത്.—സങ്ക 51:3; റോമ 5:14.
വ
വരക്.
താണതരം ഗോതമ്പ് (Triticum spelta). ഇതിന്റെ പതിരും മണിയും വേർതിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണ്.—പുറ 9:32.
വിഗ്രഹം; വിഗ്രഹാരാധന.
ആളുകൾ ആരാധനയ്ക്ക് ഉപയോഗിക്കുന്ന, യഥാർഥത്തിലുള്ളതോ സാങ്കല്പികമോ ആയ എന്തിന്റെയെങ്കിലും പ്രതീകമായ ഒരു രൂപമാണു വിഗ്രഹം. വിഗ്രഹത്തോടുള്ള ആദരവോ സ്നേഹമോ ആരാധനയോ വന്ദനമോ ആണ് വിഗ്രഹാരാധന.—സങ്ക 115:4; പ്രവൃ 17:16; 1കൊ 10:14.
വിജനഭൂമി.
ബൈബിളിൽ “വിജനഭൂമി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദം ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങളെ മാത്രമല്ല, മരുഭൂമിയെയും കല്ലുകൾ നിറഞ്ഞ് തരിശായി കിടക്കുന്ന, വരണ്ടുണങ്ങിയ സ്ഥലങ്ങളെയും അർഥമാക്കുന്നു. ചിലപ്പോഴൊക്കെ ഇത്തരം സ്ഥലങ്ങളിൽ മേച്ചിൽപ്പുറങ്ങളും കണ്ടേക്കാം.—യിര 23:10; മർ 1:4.
വിലാപഗീതം.
ഒരു വിലാപകാവ്യം. സുഹൃത്തിന്റെയോ പ്രിയപ്പെട്ട ഒരാളുടെയോ വേർപാടിൽ തോന്നുന്നതുപോലുള്ള കഠിനമായ ദുഃഖം പ്രകടിപ്പിക്കുന്ന ഒരു രചന; വരികളോ സംഗീതമോ ആകാം.—2ശമു 1:17; സങ്ക 7:മേലെ.
വിലാപവസ്ത്രം.
ധാന്യങ്ങൾ നിറയ്ക്കാനുള്ള ചാക്കുകളും സഞ്ചികളും മറ്റും ഉണ്ടാക്കാനുള്ള പരുക്കൻ തുണി. സാധാരണയായി ഇരുണ്ട നിറമുള്ള കോലാട്ടുരോമംകൊണ്ടാണ് ഇതു നെയ്തിരുന്നത്. വിലാപകാലത്ത് ധരിക്കുന്ന പരമ്പരാഗതവസ്ത്രമായിരുന്നു ഇത്.—ഉൽ 37:34; ലൂക്ക 10:13.
വിലാപം.
മരണമോ മറ്റ് എന്തെങ്കിലും ദുരന്തമോ ഉണ്ടാകുമ്പോൾ നടത്തുന്ന ദുഃഖപ്രകടനം. കുറച്ച് കാലം വിലപിക്കുന്നതു ബൈബിൾക്കാലങ്ങളിലെ ഒരു രീതിയായിരുന്നു. വിലപിക്കുന്നവർ ഉറക്കെ കരയുകയും പ്രത്യേകതരം വസ്ത്രങ്ങൾ ധരിക്കുകയും തലയിൽ ചാരം വാരിയിടുകയും വസ്ത്രം കീറുകയും നെഞ്ചത്ത് അടിക്കുകയും ചെയ്യുമായിരുന്നു. വിലപിക്കുന്നതു തൊഴിലാക്കിയവരെ ചിലപ്പോൾ ശവസംസ്കാരത്തിനു ക്ഷണിക്കാറുണ്ടായിരുന്നു.—ഉൽ 23:2; എസ്ഥ 4:3; വെളി 21:4.
വിളവെടുപ്പുത്സവം; വാരോത്സവം.—
പെന്തിക്കോസ്ത് കാണുക.
വിശുദ്ധകൂടാരം.
ഈജിപ്തിൽനിന്ന് പുറപ്പെട്ടുപോന്നശേഷം ഇസ്രായേല്യർ ആരാധനയ്ക്കുവേണ്ടി ഉപയോഗിച്ചിരുന്ന, കൊണ്ടുനടക്കാവുന്ന കൂടാരം. ദൈവസാന്നിധ്യത്തിന്റെ പ്രതീകമായിരുന്ന യഹോവയുടെ ഉടമ്പടിപ്പെട്ടകം അതിൽ വെച്ചിരുന്നു. ബലി അർപ്പിക്കാനും ആരാധിക്കാനും ഉള്ള സ്ഥലമായും അത് ഉപയോഗിച്ചിരുന്നു. “സാന്നിധ്യകൂടാരം” എന്നും വിളിക്കാറുണ്ട്. തടികൊണ്ടുള്ള ചട്ടക്കൂടായിരുന്നു അതിന്. ഈ ചട്ടക്കൂടു കെരൂബുകളുടെ ചിത്രപ്പണിയുള്ള ലിനൻതുണികൊണ്ട് മൂടിയിരുന്നു. കൂടാരത്തിനു രണ്ടു മുറികളുണ്ടായിരുന്നു. ആദ്യത്തേതു വിശുദ്ധം; രണ്ടാമത്തേത് അതിവിശുദ്ധം. (യോശ 18:1; പുറ 25:9)—അനു. ബി5 കാണുക.
വിശുദ്ധമന്ദിരം.
ആരാധനയ്ക്കുവേണ്ടി വേർതിരിച്ചിരുന്ന ഒരു വിശുദ്ധസ്ഥലം. മിക്കപ്പോഴും വിശുദ്ധകൂടാരത്തെയോ യരുശലേമിലെ ദേവാലയത്തെയോ ആണ് ഇങ്ങനെ വിളിച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്വർഗീയവാസസ്ഥലത്തെ കുറിക്കാനും ഇത് ഉപയോഗിക്കുന്നു.—പുറ 25:8, 9; 2രാജ 10:25; 1ദിന 28:10; വെളി 11:19.
വിശുദ്ധസേവനം.
വിശുദ്ധം.
വിശുദ്ധകൂടാരത്തിലെയും ദേവാലയത്തിലെയും ആദ്യത്തെ മുറി. അകത്തെ മുറിയായ അതിവിശുദ്ധത്തെക്കാൾ വലുതാണ് ഇത്. വിശുദ്ധകൂടാരത്തിലെ വിശുദ്ധത്തിലുണ്ടായിരുന്നതു സ്വർണംകൊണ്ടുള്ള തണ്ടുവിളക്ക്, സുഗന്ധക്കൂട്ട് അർപ്പിക്കുന്ന സ്വർണയാഗപീഠം, കാഴ്ചയപ്പത്തിന്റെ മേശ, സ്വർണംകൊണ്ടുള്ള ഉപകരണങ്ങൾ എന്നിവയും ദേവാലയത്തിലെ വിശുദ്ധത്തിലുണ്ടായിരുന്നതു സ്വർണയാഗപീഠം, സ്വർണംകൊണ്ടുള്ള പത്തു തണ്ടുവിളക്കുകൾ, കാഴ്ചയപ്പത്തിന്റെ പത്തു മേശകൾ എന്നിവയും ആണ്. (പുറ 26:33; എബ്ര 9:2)—അനു. ബി5, ബി8 കാണുക.
വിശുദ്ധം; വിശുദ്ധി.
യഹോവയിൽ അന്തർലീനമായ ഒരു ഗുണം. സമ്പൂർണമായ ധാർമികശുദ്ധിയും പരിശുദ്ധിയും ഉള്ള അവസ്ഥ. (പുറ 28:36; 1ശമു 2:2; സുഭ 9:10; യശ 6:3) മനുഷ്യർ (പുറ 19:6; 2രാജ 4:9), മൃഗങ്ങൾ (സംഖ 18:17), സാധനങ്ങൾ (പുറ 28:38; 30:25; ലേവ 27:14), സ്ഥലങ്ങൾ (പുറ 3:5; യശ 27:13), കാലഘട്ടങ്ങൾ (പുറ 16:23; ലേവ 25:12), പ്രവർത്തനങ്ങൾ (പുറ 36:4) എന്നിവയെക്കുറിച്ച് പറയുമ്പോൾ പരിശുദ്ധദൈവത്തിനായി വിശുദ്ധീകരിച്ച, വേറിട്ടുനിൽക്കുന്ന, ഉഴിഞ്ഞുവെച്ച എന്നൊക്കെയുള്ള ആശയമാണു വിശുദ്ധിയുടെ എബ്രായപദം ദ്യോതിപ്പിക്കുന്നത്; യഹോവയുടെ സേവനത്തിനുവേണ്ടി വേർതിരിച്ചിരിക്കുന്ന സ്ഥിതി. “വിശുദ്ധം,” “വിശുദ്ധി” എന്നതിനു ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങൾക്കും ദൈവത്തിനുവേണ്ടി വേർതിരിച്ച എന്ന അർഥമാണുള്ളത്. ഒരുവന്റെ പെരുമാറ്റത്തിലെ വിശുദ്ധിയെ കുറിക്കാനും ഈ വാക്കുകൾ ഉപയോഗിക്കാറുണ്ട്.—മർ 6:20; 2കൊ 7:1; 1പത്ര 1:15, 16.
വിശ്വാസത്യാഗം.
ഈ വാക്കിന്റെ ഗ്രീക്കുപദം (അപ്പൊസ്റ്റസിയ) വന്നിരിക്കുന്നത് “അകന്നു നിൽക്കുക ” എന്ന് അർഥമുള്ള ഒരു ക്രിയാപദത്തിൽനിന്നാണ്. ഇതിന്റെ നാമപദത്തിന് “ഉപേക്ഷിച്ചുപോകൽ, ധിക്കാരം” എന്നൊക്കെയാണ് അർഥം. ഗ്രീക്കുതിരുവെഴുത്തുകളിൽ “വിശ്വാസത്യാഗം” എന്ന പദം സത്യാരാധനയിൽനിന്ന് കൂറു മാറുന്നവരോടു ബന്ധപ്പെട്ടാണ് ഉപയോഗിച്ചിരിക്കുന്നത്.—സുഭ 11:9; പ്രവൃ 21:21, അടിക്കുറിപ്പ്; 2തെസ്സ 2:3.
വീഞ്ഞുതുരുത്തി.
കോലാടോ ചെമ്മരിയാടോ പോലുള്ള മൃഗങ്ങളുടെ തോലു മുഴുവനും ഉപയോഗിച്ച് ഉണ്ടാക്കുന്ന സഞ്ചി. ഇതു വീഞ്ഞു സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്നു. പുതിയ വീഞ്ഞുതുരുത്തികളിലാണു വീഞ്ഞ് ഒഴിച്ചുവെക്കുന്നത്. കാരണം വീഞ്ഞു പുളിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ ഡൈ ഓക്സൈഡ് തോൽസഞ്ചിയിൽ മർദം ചെലുത്തും. പുതിയ തോൽസഞ്ചികൾ വികസിക്കും; എന്നാൽ പഴയവ വഴങ്ങാത്തതിനാൽ പൊട്ടിപ്പോകും.—യോശ 9:4; മത്ത 9:17.
വീണ്ടെടുക്കുക.
മോചനവില കൊടുത്ത് മോചിപ്പിക്കുന്നത് ഉൾപ്പെടുന്നു. വീണ്ടെടുപ്പ് അഥവാ മോചനം അടിമത്തത്തിൽനിന്നോ മരണത്തിന്റെയും ശവക്കുഴിയുടെയും പിടിയിൽനിന്നോ ആകാം. (ലേവ 19:20; ഇയ്യ 33:28) ഒരു വ്യക്തിയുടെ വസ്തുവകകളെയോ ആ വ്യക്തിയെത്തന്നെയോ അയാളുടെ അടുത്ത ബന്ധു വീണ്ടെടുക്കുന്നതും ഇതിൽ ഉൾപ്പെട്ടേക്കാം. (രൂത്ത് 2:20) ചിലപ്പോൾ ഉടമസ്ഥൻ അല്ലെങ്കിൽ വിറ്റയാൾ തന്നെയായിരിക്കും വീണ്ടെടുക്കുന്നത്.
വെട്ടുക്കിളി.
വലിയ കൂട്ടങ്ങളായി ദേശാടനം നടത്തുന്ന ഒരുതരം പുൽച്ചാടി. മോശയുടെ നിയമത്തിൽ ഭക്ഷ്യയോഗ്യമായ, ശുദ്ധിയുള്ള ഒരു ജീവിയായി ഇതിനെ പട്ടികപ്പെടുത്തിയിരിക്കുന്നു. പോകുന്ന വഴിയിലുള്ളതെല്ലാം തിന്നുതീർക്കുന്ന വെട്ടിക്കിളിക്കൂട്ടം ഒരു ബാധപോലെയാണ്; അതു വരുത്തിവെക്കുന്ന നാശനഷ്ടം വളരെ വലുതാണ്.—പുറ 10:14; മത്ത 3:4.
വെൺകൽഭരണി.
സുഗന്ധദ്രവ്യം സൂക്ഷിക്കുന്ന ഒരുതരം ചെറിയ ഭരണി. ഈജിപ്തിലെ അലബാസ്റ്റ്രോണിനു സമീപം കാണപ്പെടുന്ന ഒരുതരം കല്ലുകൊണ്ടാണു വെൺകൽഭരണി അഥവാ അലബാസ്റ്റർ ഉണ്ടാക്കിയിരുന്നത്. സാധാരണഗതിയിൽ ഇടുങ്ങിയ കഴുത്തോടെയാണ് ഇത്തരം പാത്രങ്ങൾ നിർമിച്ചിരുന്നത്. വിശേഷപ്പെട്ട സുഗന്ധദ്രവ്യം ഒട്ടും നഷ്ടപ്പെടാതെ മുറുക്കെ അടയ്ക്കാൻ അതു സഹായിച്ചിരുന്നു. ഈ ഭരണി ഉണ്ടാക്കിയിരുന്ന കല്ലു വെൺകല്ല് എന്ന് അറിയപ്പെട്ടിരുന്നു.—മർ 14:3.
വേശ്യ.
ഇണയല്ലാത്ത ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നയാൾ, പ്രത്യേകിച്ച് പണത്തിനുവേണ്ടി. (വേശ്യ എന്നതിന്റെ ഗ്രീക്കുപദമായ പോർണെ, “വിൽക്കുക ” എന്ന് അർഥമുള്ള മൂലപദത്തിൽനിന്നാണു വന്നത്.) വേശ്യാവൃത്തി ചെയ്യുന്ന പുരുഷന്മാരെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ടെങ്കിലും ഈ പദം സാധാരണയായി സ്ത്രീകളെയാണു കുറിക്കുന്നത്. മോശയുടെ നിയമം വേശ്യാവൃത്തി വിലക്കിയിരുന്നു. വേശ്യയുടെ കൂലി യഹോവയുടെ ആലയത്തിൽ സംഭാവനയായി സ്വീകരിക്കില്ലായിരുന്നു. പുറജാതീയർക്കു പക്ഷേ വരുമാനത്തിനുവേണ്ടി ക്ഷേത്രവേശ്യകളെ ഉപയോഗിക്കുന്ന രീതിയുണ്ടായിരുന്നു. (ആവ 23:17, 18; 1രാജ 14:24) ദൈവത്തിന്റെ ആരാധകരാണെന്ന് അവകാശപ്പെടുകയും അതേസമയം ഏതെങ്കിലും തരത്തിലുള്ള വിഗ്രഹാരാധനയിൽ ഏർപ്പെടുകയും ചെയ്യുന്ന ആളുകളെയോ രാജ്യങ്ങളെയോ സംഘടനകളെയോ കുറിക്കാനും ബൈബിളിൽ ഈ പദം ആലങ്കാരികമായി ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന് മതങ്ങളെ കുറിക്കുന്ന “ബാബിലോൺ എന്ന മഹതി”യെ വെളിപാട് പുസ്തകത്തിൽ വേശ്യയായി ചിത്രീകരിച്ചിരിക്കുന്നു. കാരണം അധികാരത്തിനും സാമ്പത്തികനേട്ടത്തിനും വേണ്ടി അവൾ ലോകത്തിലെ ഭരണാധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നു.—വെളി 17:1-5; 18:3; 1ദിന 5:25.
വ്യഭിചാരം.
വിവാഹം കഴിച്ച ഒരു പുരുഷനോ സ്ത്രീയോ തന്റെ ഇണയല്ലാത്ത ഒരാളുമായി മനഃപൂർവം ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്.—പുറ 20:14; മത്ത 5:27; 19:9.
വ്യവസ്ഥിതി(കൾ).
നിലവിലുള്ള അവസ്ഥകളെക്കുറിച്ചോ ഏതെങ്കിലും ഒരു കാലഘട്ടത്തിന്റെയോ സമയത്തിന്റെയോ യുഗത്തിന്റെയോ പ്രത്യേകമായ സവിശേഷതകളെക്കുറിച്ചോ പറയുമ്പോൾ ഏയോൻ എന്ന ഗ്രീക്കുപദത്തിനു നൽകുന്ന പരിഭാഷ. നിലവിലുള്ള ലോകാവസ്ഥകളെക്കുറിച്ച് പൊതുവായി പറയാനും ലോകത്തിന്റെ ജീവിതരീതിയെക്കുറിച്ച് പറയാനും ബൈബിൾ “ഈ വ്യവസ്ഥിതി” എന്ന പ്രയോഗം ഉപയോഗിക്കുന്നു. (2തിമ 4:10) നിയമ ഉടമ്പടിയിലൂടെ ദൈവം ഒരു വ്യവസ്ഥിതി ഏർപ്പെടുത്തി. ചിലർ അതിനെ ഇസ്രായേല്യരുടെ അഥവാ ജൂതന്മാരുടെ കാലഘട്ടം എന്നു വിളിച്ചേക്കാം. മോചനബലിയിലൂടെ വ്യത്യസ്തമായ ഒരു വ്യവസ്ഥിതി ഏർപ്പെടുത്താൻ യേശുക്രിസ്തുവിനെ ദൈവം ഉപയോഗിച്ചു. പ്രധാനമായും അഭിഷിക്തക്രിസ്ത്യാനികളുടെ സഭയാണ് അതിലുള്ളത്. നിയമ ഉടമ്പടി മുൻനിഴലാക്കിയ സംഗതികൾ യാഥാർഥ്യമായിത്തീരുന്ന ഒരു പുതിയ കാലഘട്ടത്തിന് ഇതു തുടക്കം കുറിച്ചു. വ്യവസ്ഥിതികൾ എന്നു ബഹുവചനത്തിൽ ഉപയോഗിക്കുമ്പോൾ അതു പരാമർശിക്കുന്നതു മുമ്പുണ്ടായിരുന്നതോ വരാനിരിക്കുന്നതോ ആയ പല തരം വ്യവസ്ഥിതികളെയോ സ്ഥിതിഗതികളെയോ ആണ്.—മത്ത 24:3; മർ 4:19; റോമ 12:2; 1കൊ 10:11.
വ്യവസ്ഥിതിയുടെ അവസാനകാലം.
സാത്താന്റെ നിയന്ത്രണത്തിലുള്ള ഈ വ്യവസ്ഥിതിയുടെ, അല്ലെങ്കിൽ ലോകത്തിലെ അവസ്ഥകളുടെ അവസാനത്തിലേക്കു നയിക്കുന്ന കാലഘട്ടം. ക്രിസ്തുവിന്റെ സാന്നിധ്യത്തിനു സമാന്തരമായ ഒരു കാലഘട്ടമാണ് ഇത്. യേശുവിന്റെ നേതൃത്വത്തിൻകീഴിൽ ദൈവദൂതന്മാർ “നീതിമാന്മാരുടെ ഇടയിൽനിന്ന് ദുഷ്ടന്മാരെ വേർതിരിച്ച്” നശിപ്പിച്ചുകളയും. (മത്ത 13:40-42, 49) ആ ‘അവസാനം’ എപ്പോഴായിരിക്കുമെന്ന് അറിയാൻ യേശുവിന്റെ ശിഷ്യന്മാർ ആകാംക്ഷയുള്ളവരായിരുന്നു. (മത്ത 24:3) അവസാനകാലംവരെ അവരോടൊപ്പമുണ്ടായിരിക്കുമെന്നു സ്വർഗത്തിലേക്കു തിരിച്ച് പോകുന്നതിനു മുമ്പ് യേശു അനുഗാമികൾക്ക് ഉറപ്പു കൊടുത്തു.—മത്ത 28:20.
ശ
ശബത്ത്.
“വിശ്രമിക്കുക; നിറുത്തുക ” എന്ന് അർഥം വരുന്ന എബ്രായപദത്തിൽനിന്ന് വന്നത്. ജൂതന്മാരുടെ കലണ്ടറനുസരിച്ച് ആഴ്ചയിലെ ഏഴാം ദിവസം, അതായത് വെള്ളിയാഴ്ച സൂര്യാസ്തമയംമുതൽ ശനിയാഴ്ച സൂര്യാസ്തമയംവരെ. വർഷത്തിലെ ചില ഉത്സവദിവസങ്ങളെയും ഏഴാമത്തെയും അമ്പതാമത്തെയും വർഷങ്ങളെയും ശബത്ത് എന്നു വിളിച്ചിരുന്നു. പുരോഹിതന്മാരുടെ വിശുദ്ധമന്ദിരത്തിലെ സേവനം ഒഴികെ മറ്റൊരു ജോലിയും ശബത്തുദിവസം ചെയ്യാൻ പാടില്ലായിരുന്നു. ശബത്തുവർഷങ്ങളിൽ നിലം കൃഷി ചെയ്യാതെ ഇടണമായിരുന്നു. കടം കൊടുത്തതു തിരിച്ചുനൽകാൻ ഒരു എബ്രായൻ മറ്റൊരു എബ്രായനെ നിർബന്ധിക്കാനും പാടില്ല. മോശയുടെ നിയമത്തിൽ ന്യായമായ ശബത്തുനിബന്ധനകളാണുണ്ടായിരുന്നത്. എന്നാൽ മതനേതാക്കന്മാർ അവയോടു നിയമങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു. അതുകൊണ്ട് യേശുവിന്റെ കാലമായപ്പോഴേക്കും ആളുകൾക്ക് അവ അനുസരിക്കാൻ പറ്റാത്ത വിധം കഠിനമായിത്തീർന്നു.—പുറ 20:8; ലേവ 25:4; ലൂക്ക 13:14-16; കൊലോ 2:16.
ശമര്യ.
200 വർഷത്തോളം പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിന്റെ തലസ്ഥാനനഗരം. ആ രാജ്യത്തെ മുഴുവൻ കുറിക്കാനും ശമര്യ എന്നു പറഞ്ഞിരുന്നു. ശമര്യ എന്നുതന്നെ പേരുള്ള മലയിലാണ് ഈ നഗരം പണിതിരുന്നത്. യേശുവിന്റെ കാലത്ത്, വടക്ക് ഗലീലയ്ക്കും തെക്ക് യഹൂദ്യക്കും ഇടയിലുള്ള ഒരു ജില്ലയായിരുന്നു ശമര്യ. യേശു തന്റെ യാത്രകളിൽ സാധാരണ ഈ പ്രദേശത്ത് പ്രസംഗിക്കാറില്ലായിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ യേശു ആ പ്രദേശത്തുകൂടെ പോയി അവിടെയുള്ളവരോടു സാക്ഷീകരിച്ചിട്ടുമുണ്ട്. പത്രോസ് ദൈവരാജ്യത്തിന്റെ രണ്ടാമത്തെ ആലങ്കാരികതാക്കോൽ ഉപയോഗിച്ചപ്പോൾ ശമര്യക്കാർക്കു പരിശുദ്ധാത്മാവ് ലഭിച്ചു. (1രാജ 16:24; യോഹ 4:7; പ്രവൃ 8:14)—അനു. ബി10 കാണുക.
ശമര്യക്കാർ.
പത്തു-ഗോത്ര വടക്കേ രാജ്യമായ ഇസ്രായേലിലുള്ളവരെ കുറിക്കാനാണ് ഈ പദം ആദ്യം ഉപയോഗിച്ചിരുന്നത്. പിന്നീട് ബി.സി. 740-ൽ അസീറിയക്കാർ ശമര്യയെ കീഴടക്കിയതിനു ശേഷം അവിടെ കൊണ്ടുവന്ന് താമസിപ്പിച്ച വിദേശികളെയും ഇങ്ങനെ വിളിച്ചു. എന്നാൽ യേശുവിന്റെ കാലത്ത് ഒരു വംശത്തെയോ രാഷ്ട്രത്തെയോ അല്ല ഈ പേര് സൂചിപ്പിച്ചത്. പകരം പുരാതന ശെഖേമിന്റെയും ശമര്യയുടെയും പരിസരത്തുണ്ടായിരുന്ന മതവിഭാഗത്തിൽപ്പെട്ടവരെയാണു ശമര്യക്കാർ എന്നു വിളിച്ചിരുന്നത്. ജൂതമതത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ചില വിശ്വാസങ്ങൾ അവർക്കുണ്ടായിരുന്നു.—യോഹ 8:48.
ശരിതെറ്റുകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം.
ശലോമോന്റെ മണ്ഡപം.
യേശുവിന്റെ കാലത്തുണ്ടായിരുന്ന ദേവാലയത്തിലെ പുറത്തെ മുറ്റത്തിന്റെ കിഴക്കുള്ള നടപ്പാത. ഇതിനു മേൽക്കൂരയും വശങ്ങൾ നിറയെ തൂണുകളും ഉണ്ട്. ശലോമോന്റെ ആലയത്തിന്റെ ഭാഗമായിരുന്നു ഇതെന്നു പൊതുവേ കരുതപ്പെടുന്നു. ‘തണുപ്പുകാലത്ത്’ യേശു ഇതിലൂടെ നടന്നതായി വിവരണം പറയുന്നു. കൂടാതെ ആദ്യകാലക്രിസ്ത്യാനികൾ ആരാധനയ്ക്കായി ഇവിടെ കൂടിവന്നിരുന്നു. (യോഹ 10:22, 23; പ്രവൃ 5:12)—അനു. ബി11 കാണുക.
ശവക്കുഴി.
ചില തിരുവെഴുത്തുകളിൽ ഒരു വ്യക്തിയുടെ ശവക്കുഴിയെ (കല്ലറയെ) കുറിക്കുന്നു. എബ്രായയിൽ “ഷീയോൾ” എന്നോ ഗ്രീക്കിൽ “ഹേഡിസ്” എന്നോ വരുമ്പോൾ ഈ പദം ആലങ്കാരികമായി മനുഷ്യവർഗത്തിന്റെ ശവക്കുഴിയെ കുറിക്കുന്നു. ബൈബിളിൽ ഇതിനെ സുബോധവും എല്ലാ പ്രവർത്തനങ്ങളും ഇല്ലാതാകുന്ന ആലങ്കാരികമായ ഒരു സ്ഥലമോ അവസ്ഥയോ ആയി ചിത്രീകരിച്ചിരിക്കുന്നു.—ഉൽ 47:30; സഭ 9:10; പ്രവൃ 2:31.
ശാപം.
ഏതെങ്കിലും വ്യക്തിക്കോ വസ്തുവിനോ ദോഷം വരുമെന്ന ഭീഷണി അഥവാ പ്രസ്താവന. ദേഷ്യപ്പെടുമ്പോൾ പറയുന്ന മോശമായ വാക്കുകളെയല്ല ഇതു കുറിക്കുന്നത്. ശാപം മിക്കപ്പോഴും ദോഷത്തെക്കുറിച്ചുള്ള പ്രസ്താവനയോ മുന്നറിയിപ്പോ ഉൾപ്പെടുന്ന ഒരു ഔദ്യോഗികപ്രഖ്യാപനമായിരിക്കും. ദൈവമോ ദൈവം അധികാരപ്പെടുത്തിയ ഒരു വ്യക്തിയോ ആണ് ശപിക്കുന്നതെങ്കിൽ അതിനു പ്രാവചനികമൂല്യവും ശക്തിയും ഉണ്ട്.—ഉൽ 12:3; സംഖ 22:12; ഗല 3:10.
ശാസ്ത്രി.
എബ്രായതിരുവെഴുത്തുകളുടെ പകർപ്പെഴുത്തുകാരൻ. യേശു ഭൂമിയിൽ വന്ന സമയമായപ്പോഴേക്കും, നിയമത്തെക്കുറിച്ച് നല്ല അറിവുള്ള ഒരു വിഭാഗം പുരുഷന്മാരെയും ഇത് അർഥമാക്കി. അവർ യേശുവിനെ എതിർത്തിരുന്നു.—എസ്ര 7:6, അടിക്കുറിപ്പ്; മർ 12:38, 39; 14:1.
ശുദ്ധി.
ബൈബിളിൽ ഈ പദം ശാരീരികശുദ്ധിയെ മാത്രമല്ല അർഥമാക്കുന്നത്. കൂടാതെ ധാർമികമോ ആത്മീയമോ ആയി മലിനമാക്കുകയോ ദുഷിപ്പിക്കുകയോ അശുദ്ധമാക്കുകയോ ചെയ്യുന്ന എന്തിൽനിന്നും ഒഴിഞ്ഞുനിൽക്കുന്ന, കറയും കളങ്കവും ഇല്ലാത്ത അവസ്ഥയിലായിരിക്കുന്നതിനെയോ ആ അവസ്ഥയിലേക്കു തിരികെ വരുന്നതിനെയോ കുറിക്കുന്നു. മോശയുടെ നിയമത്തിൽ ഈ പദം ആചാരപരമായ ശുദ്ധിയെയാണ് അർഥമാക്കിയത്.—ലേവ 10:10; സങ്ക 51:7; മത്ത 8:2; 1കൊ 6:11.
ശുശ്രൂഷാദാസൻ.
“ശുശ്രൂഷകൻ,” “വേലക്കാരൻ,” “സഹായി” എന്നൊക്കെ അർഥമുള്ള ഡയാക്കൊനൊസ് എന്ന ഗ്രീക്കുപദത്തിന്റെ പരിഭാഷ. സഭയിൽ മൂപ്പന്മാരുടെ സംഘത്തിന്റെ സഹായികളായി പ്രവർത്തിക്കുന്നവരെയാണു “ശുശ്രൂഷാദാസന്മാർ” എന്നു വിളിക്കുന്നത്. ഈ സേവനപദവി ലഭിക്കാൻ ബൈബിളിൽ പറഞ്ഞിരിക്കുന്ന യോഗ്യതകളിലെത്തണം.—1തിമ 3:8-10, 12.
ശെബാത്ത്.
ശെമിനീത്ത്.
സംഗീതത്തോടു ബന്ധപ്പെട്ട പദം. അർഥം: “എട്ടാമത്തേത്.” താഴ്ന്ന സ്ഥായിയിലുള്ള സംഗീതത്തെയാകാം ഇതു സൂചിപ്പിക്കുന്നത്. സംഗീതോപകരണങ്ങളുടെ കാര്യത്തിൽ, സംഗീതസ്വരങ്ങൾ കീഴ്സ്ഥായിയിൽ പുറപ്പെടുവിക്കാൻ പറ്റുന്ന ഉപകരണങ്ങളെ സൂചിപ്പിച്ചേക്കാം. പാട്ടുകളുടെ കാര്യത്തിൽ, താഴ്ന്ന സ്ഥായിയിലുള്ള സംഗീതത്തിന്റെ അകമ്പടിയോടെ അതേ സ്ഥായിയിൽ പാടുന്നതിനെ അർഥമാക്കിയേക്കാം.—1ദിന 15:21; സങ്ക 6:മേലെ; 12:മേലെ.
ശേക്കെൽ.
തൂക്കത്തിന്റെയും പണത്തിന്റെയും അടിസ്ഥാന എബ്രായയളവ്. ഒരു ശേക്കെൽ 11.4 ഗ്രാം ആണ്. ‘വിശുദ്ധസ്ഥലത്തെ ശേക്കെൽ’ എന്ന പ്രയോഗം തൂക്കം കൃത്യമായിരിക്കണമെന്നോ വിശുദ്ധകൂടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന പ്രമാണതൂക്കക്കട്ടിക്കു തുല്യമായിരിക്കണമെന്നോ വ്യക്തമാക്കാനാണ്. അക്കാലത്ത് രാജശേക്കെലോ (സാധാരണശേക്കെലിൽനിന്ന് വ്യത്യസ്തമായത്.) രാജകൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന പ്രമാണതൂക്കക്കട്ടിയോ ഉണ്ടായിരുന്നിരിക്കാം.—പുറ 30:13.
ഷ
ഷണ്ഡൻ.
അക്ഷരാർഥത്തിൽ വൃഷണം ഉടയ്ക്കപ്പെട്ട പുരുഷൻ. ഇവരെ രാജകൊട്ടാരത്തിൽ രാജ്ഞിയുടെയും ഉപപത്നിമാരുടെയും പരിചാരകരും ഭൃത്യരും ആയി മിക്കപ്പോഴും നിയമിച്ചിരുന്നു. എന്നാൽ അക്ഷരാർഥത്തിൽ ഷണ്ഡനല്ലാത്ത, രാജകൊട്ടാരത്തിലെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ നിയമിച്ചിരുന്ന ഒരു ഉദ്യോഗസ്ഥനെയും ഈ പദം അർഥമാക്കുന്നു. കൂടുതൽ മെച്ചമായി ദൈവസേവനം ചെയ്യാനായി ആത്മനിയന്ത്രണം പാലിക്കുന്നവരെ ‘സ്വർഗരാജ്യത്തിനുവേണ്ടിയുള്ള ഷണ്ഡന്മാർ’ എന്നു വിളിച്ചുകൊണ്ട് ഈ പദം ആലങ്കാരികമായും ഉപയോഗിച്ചിട്ടുണ്ട്.—മത്ത 19:12; എസ്ഥ 2:15; പ്രവൃ 8:27.
ഷീയോൾ.
“ഹേഡിസ്” എന്ന ഗ്രീക്കുപദത്തിനു തത്തുല്യമായ എബ്രായപദം. “ശവക്കുഴി” എന്നു വിവർത്തനം ചെയ്തിരിക്കുന്നു. (എന്നാൽ ശവക്കുഴി എന്നു വിവർത്തനം ചെയ്തിരിക്കുന്നതെല്ലാം ഷീയോൾ അല്ല.) ഇത് ഓരോ വ്യക്തിയുടെയും ശവക്കുഴിയെയല്ല, ആലങ്കാരികമായി മനുഷ്യവർഗത്തിന്റെ ശവക്കുഴിയെയാണ് അർഥമാക്കുന്നത്.—ഉൽ 37:35; സങ്ക 16:10; പ്രവൃ 2:31 (അടിക്കുറിപ്പുകൾ).
സ
സങ്കീർത്തനം.
ദൈവത്തെ സ്തുതിച്ചുകൊണ്ടുള്ള പാട്ട്. സങ്കീർത്തനങ്ങൾക്കു സംഗീതം നൽകുകയും ആരാധകർ അതു പാടുകയും ചെയ്തിരുന്നു. യരുശലേമിലെ ദേവാലയത്തിൽ യഹോവയെ ആരാധിക്കാൻ കൂടിവരുമ്പോഴും അതു പാടിയിരുന്നു.—ലൂക്ക 20:42; പ്രവൃ 13:33; യാക്ക 5:13.
സത്യദൈവം.
എബ്രായ ഭാഷയിൽ “ദൈവം” എന്നത് ഒരു പൂർവപദം ചേർത്ത് വരുമ്പോൾ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു. ഏകസത്യദൈവമെന്ന നിലയിൽ യഹോവയെ വ്യാജദൈവങ്ങളിൽനിന്ന് വേർതിരിച്ചുകാണിക്കാൻ പലപ്പോഴും ഈ പ്രയോഗം ഉപയോഗിക്കുന്നു. അങ്ങനെയുള്ള സന്ദർഭങ്ങളിൽ “സത്യദൈവം” എന്ന പരിഭാഷ എബ്രായപദപ്രയോഗത്തിന്റെ എല്ലാ അർഥതലങ്ങളും ഉൾക്കൊള്ളുന്നു.—ഉൽ 5:22, 24; 46:3; ആവ 4:39.
സദൂക്യർ.
ദേവാലയത്തിലെ പ്രവർത്തനങ്ങളുടെ മേൽ വലിയ അധികാരമുണ്ടായിരുന്ന ജൂതമതത്തിലെ ഒരു പ്രധാനവിഭാഗം. അവർ സമ്പന്നരായ കുലീനരും പുരോഹിതന്മാരും ആയിരുന്നു. പരീശന്മാർ അനുഷ്ഠിച്ചുപോന്ന വാമൊഴിയായുള്ള പാരമ്പര്യങ്ങളും അവരുടെ വിശ്വാസങ്ങളും സദൂക്യർ തള്ളിക്കളഞ്ഞു. പുനരുത്ഥാനവും ദൂതന്മാരും ഇല്ലെന്നായിരുന്നു അവരുടെ വിശ്വാസം. അവർ യേശുവിനെ എതിർത്തു.—മത്ത 16:1; പ്രവൃ 23:8.
സന്തോഷവാർത്ത.
ഗ്രീക്കുതിരുവെഴുത്തുകളിൽ, ദൈവരാജ്യത്തിന്റെയും യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള രക്ഷയുടെയും സന്തോഷവാർത്ത.—ലൂക്ക 4:18, 43; പ്രവൃ 5:42; വെളി 14:6.
സൻഹെദ്രിൻ.
ജൂതന്മാരുടെ, യരുശലേമിലെ ഉന്നതകോടതി. യേശുവിന്റെ കാലത്ത് സൻഹെദ്രിനിൽ 71 അംഗങ്ങളുണ്ടായിരുന്നു. ഇതിൽ മഹാപുരോഹിതൻ, മുമ്പ് മഹാപുരോഹിതരായിരുന്നവർ, മഹാപുരോഹിതന്റെ കുടുംബങ്ങളിലെ അംഗങ്ങൾ, മൂപ്പന്മാർ, ഗോത്രത്തലവന്മാർ, കുടുംബത്തലവന്മാർ, ശാസ്ത്രിമാർ എന്നിവർ ഉൾപ്പെട്ടിരുന്നു.—മർ 15:1; പ്രവൃ 5:34; 23:1, 6.
സഭ.
ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി കൂടിവരുന്ന ആളുകളുടെ കൂട്ടം. എബ്രായതിരുവെഴുത്തുകളിൽ ഈ പദം പൊതുവേ ഇസ്രായേൽ ജനതയെ കുറിക്കുന്നു. ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ക്രിസ്തീയസഭയെ പൊതുവായി കുറിക്കാനും ചിലപ്പോൾ സഭകൾ ഓരോന്നിനെയുംകുറിച്ച് പറയാനും ഇത് ഉപയോഗിക്കുന്നു.—1രാജ 8:22; പ്രവൃ 9:31; റോമ 16:5.
സമർപ്പണത്തിന്റെ വിശുദ്ധചിഹ്നം.
സമർപ്പണോത്സവം.
അന്തിയോക്കസ് എപ്പിഫാനസ് അശുദ്ധമാക്കിയ ദേവാലയം വിശുദ്ധീകരിച്ചതിന്റെ വാർഷികാചരണം. കിസ്ലേവ് 25 മുതൽ എട്ടു ദിവസം ആഘോഷം നീണ്ടുനിന്നു.—യോഹ 10:22.
സമ്മേളനം.
സഹഭോജനയാഗം.
യഹോവയുമായി സമാധാനത്തിലാകാനുള്ള അപേക്ഷയായി കണക്കാക്കിയിരുന്ന ഒരു ബലി. ആരാധകനും കുടുംബവും യാഗം അർപ്പിക്കുന്ന പുരോഹിതനും അവിടെ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാരും അതു ഭക്ഷിക്കും. അതിന്റെ നെയ്യ് തീയിൽ കത്തിക്കുമ്പോൾ ഉയരുന്ന സുഗന്ധമുള്ള പുക യഹോവ സ്വീകരിക്കുന്നതായി കണക്കാക്കി. ജീവനെ പ്രതിനിധാനം ചെയ്യുന്ന, അതിന്റെ രക്തവും യഹോവയ്ക്കു നൽകിയിരുന്നു. പുരോഹിതന്മാരും ആരാധകരും യഹോവയോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതുപോലെയായിരുന്നു ഈ ക്രമീകരണം. ഒരു സമാധാനബന്ധത്തെ അതു പ്രതീകപ്പെടുത്തി.—ലേവ 7:29, 32; ആവ 27:7.
സാക്ഷ്യം.
രണ്ടു കൽപ്പലകകളിൽ എഴുതി മോശയ്ക്കു നൽകിയ പത്തു കല്പനകളെയാണു സാധാരണയായി ‘സാക്ഷ്യം’ എന്നു വിളിക്കുന്നത്.—പുറ 31:18.
സാത്താൻ.
“എതിർത്തുനിൽക്കുന്നയാൾ” എന്ന് അർഥം വരുന്ന എബ്രായപദം. ബൈബിളിൽ സാധാരണയായി ദൈവത്തിന്റെ മുഖ്യശത്രുവായ പിശാചായ സാത്താനെ പരാമർശിക്കുന്നു.—ഇയ്യ 1:6; മത്ത 4:10; വെളി 12:9.
സാന്നിധ്യകൂടാരം.
മോശയുടെ കൂടാരത്തെയും വിജനഭൂമിയിൽവെച്ച് സ്ഥാപിച്ച വിശുദ്ധകൂടാരത്തെയും വിളിക്കുന്ന പേര്. മോശ ഈ കൂടാരത്തിൽ കയറുമ്പോഴൊക്കെ യഹോവയുടെ സാന്നിധ്യത്തെ പ്രതീകപ്പെടുത്തുന്ന മേഘം കൂടാരത്തിന്റെ വാതിൽക്കൽ വന്ന് നിൽക്കും. അവിടെവെച്ച് യഹോവ മോശയുമായി സംസാരിക്കും. “സമാഗമനകൂടാരം” എന്നും ഇതിനെ വിളിക്കാം. കാരണം യഹോവയുടെ ഉപദേശം തേടാനായി ആളുകൾ അവിടെ ചെല്ലുമ്പോൾ അവർ ഒരർഥത്തിൽ യഹോവയുമായി ഒരു സമാഗമനം അഥവാ കൂടിക്കാഴ്ച നടത്തുകയായിരുന്നു.—പുറ 27:21, അടിക്കുറിപ്പ്; 33:7-11; 39:32.
സാന്നിധ്യം.
ഈ വ്യവസ്ഥിതിയുടെ അവസാനകാലത്ത്, മിശിഹൈകരാജാവായി അദൃശ്യമായി സ്ഥാനമേൽക്കുന്നതുമുതലുള്ള യേശുക്രിസ്തുവിന്റെ രാജകീയസാന്നിധ്യത്തെയാണു ഗ്രീക്കുതിരുവെഴുത്തുകളിൽ ചിലയിടത്ത് ഈ പദം അർഥമാക്കുന്നത്. ക്രിസ്തു പെട്ടെന്നു വന്നുപോകുന്നതിനെയല്ല ക്രിസ്തുവിന്റെ സാന്നിധ്യം കുറിക്കുന്നത്. ഇതിൽ ഒരു പ്രത്യേകകാലഘട്ടം ഉൾപ്പെടുന്നു.—മത്ത 24:3.
സാറാഫുകൾ.
സിനഗോഗ്.
“വിളിച്ചുകൂട്ടുക; കൂടിവരവ്” എന്ന് അർഥം. എന്നാൽ മിക്ക തിരുവെഴുത്തുകളിലും സിനഗോഗ് എന്നു പറയുന്നത്, ജൂതന്മാർ തിരുവെഴുത്തു വായിക്കാനും പഠിപ്പിക്കാനും പ്രസംഗിക്കാനും പ്രാർഥിക്കാനും കൂടിവരുന്ന കെട്ടിടത്തെയോ സ്ഥലത്തെയോ ആണ്. യേശുവിന്റെ കാലത്ത് ഇസ്രായേലിലെ സാമാന്യം വലിയ പട്ടണങ്ങളിലെല്ലാം ഒരു സിനഗോഗുണ്ടായിരുന്നു, വൻനഗരങ്ങളിൽ ഒന്നിലേറെയും.—ലൂക്ക 4:16; പ്രവൃ 13:14, 15.
സിർത്തിസ്.
വടക്കേ ആഫ്രിക്കയിലെ ലിബിയയുടെയും ഇന്നത്തെ ടുണീഷ്യയുടെയും തീരത്തുള്ള ആഴം കുറഞ്ഞ രണ്ടു വലിയ ഉൾക്കടലുകൾ. വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഫലമായി മണൽത്തിട്ടകൾക്കു കൂടെക്കൂടെ സ്ഥാനമാറ്റം സംഭവിക്കുന്നതുകൊണ്ട്, അപകടകരമായ ഈ ഭാഗം പുരാതനകാലത്തെ നാവികരുടെ പേടിസ്വപ്നമായിരുന്നു. (പ്രവൃ 27:17)—അനു. ബി13 കാണുക.
സിറിയ; സിറിയക്കാർ.—
അരാം; അരാമ്യർ കാണുക.
സീയൂസ്.
ബഹുദൈവവിശ്വാസികളായിരുന്ന ഗ്രീക്കുകാരുടെ മുഖ്യദൈവം. ബർന്നബാസിനെ, ലുസ്ത്രയിൽവെച്ച് ആളുകൾ സീയൂസാണെന്നു തെറ്റിദ്ധരിച്ചു. ലുസ്ത്രയുടെ പരിസരത്തുനിന്ന് കണ്ടെടുത്ത പുരാതനലിഖിതങ്ങളിൽ “സീയൂസിന്റെ പുരോഹിതന്മാർ,” “സൂര്യദേവനായ സീയൂസ്” എന്നൊക്കെ എഴുതിയിട്ടുണ്ട്. “സീയൂസ്പുത്രന്മാർ” (അതായത് ഇരട്ടസഹോദരന്മാരായ കാസ്റ്ററും പോളക്സും.) എന്നു ചിഹ്നമുള്ള കപ്പലിലാണു മാൾട്ട ദ്വീപിൽനിന്ന് പൗലോസ് യാത്ര ചെയ്തത്.—പ്രവൃ 14:12; 28:11.
സീയോൻ; സീയോൻ പർവതം.
യരുശലേമിന്റെ തെക്കുകിഴക്കേ കുന്നിലെ, യബൂസ്യരുടെ കോട്ടകെട്ടിയ നഗരത്തിന്റെ പേര്. ദാവീദ് അതു പിടിച്ചടക്കിയതിനു ശേഷം അവിടെ കൊട്ടാരം പണിതു. അതിനു “ദാവീദിന്റെ നഗരം” എന്നു പേരായി. (2ശമു 5:7, 9) ദാവീദ് പെട്ടകം അവിടേക്കു കൊണ്ടുവന്നപ്പോൾ സീയോൻ യഹോവയ്ക്കൊരു വിശുദ്ധപർവതമായിത്തീർന്നു. പിന്നീട് മോരിയ മലയിലുള്ള ദേവാലയപ്രദേശത്തെയുംകൂടെ ഉൾപ്പെടുത്തി സീയോൻ എന്നു വിളിച്ചു. ചിലപ്പോൾ യരുശലേം നഗരത്തെ ഒന്നാകെ പരാമർശിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളിൽ ഇതു മിക്കപ്പോഴും ആലങ്കാരികമായി ഉപയോഗിച്ചിരിക്കുന്നു.—സങ്ക 2:6; 1പത്ര 2:6; വെളി 14:1.
സീവാൻ.
സീവ്.
സീസർ.
റോമിലെ ഒരു കുടുംബപ്പേര്. പിന്നീട് റോമൻ ചക്രവർത്തിമാരുടെ പദവിനാമമായിത്തീർന്നു. അഗസ്റ്റസ്, തിബെര്യൊസ്, ക്ലൗദ്യൊസ് എന്നീ ചക്രവർത്തിമാരുടെ പേര് ബൈബിളിൽ പറഞ്ഞിട്ടുണ്ട്. നീറോയെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിനും ആ പദവിനാമം ബാധകമാണ്. അധികാരികളെയും രാഷ്ട്രത്തെയും പ്രതിനിധീകരിക്കാൻ ഗ്രീക്കുതിരുവെഴുത്തുകളിൽ “സീസർ” എന്ന പദം ഉപയോഗിച്ചിട്ടുണ്ട്.—മർ 12:17; പ്രവൃ 25:12.
സുഗന്ധക്കൂട്ട്.
സാവധാനം കത്തുന്ന, സുഗന്ധപ്പശകളുടെയും സുഗന്ധക്കറകളുടെയും ഒരു മിശ്രിതം. അതു കത്തുമ്പോൾ സുഗന്ധം പരക്കും. നാലു ചേരുവകൾ അടങ്ങിയ വിശേഷപ്പെട്ട സുഗന്ധക്കൂട്ടാണു വിശുദ്ധകൂടാരത്തിലും ദേവാലയത്തിലും ഉപയോഗിച്ചിരുന്നത്. വിശുദ്ധത്തിലെ സുഗന്ധവർഗം അർപ്പിച്ചിരുന്ന യാഗപീഠത്തിൽ രാവിലെയും രാത്രിയും ഇതു പുകച്ചിരുന്നു. പാപപരിഹാരദിവസം അതിവിശുദ്ധത്തിന് അകത്തും ഇതു പുകയ്ക്കുമായിരുന്നു. വിശ്വസ്തദൈവദാസരുടെ സ്വീകാര്യമായ പ്രാർഥനകളെ ഇതു പ്രതീകപ്പെടുത്തി. എന്നാൽ ക്രിസ്ത്യാനികൾ ഇത് ഉപയോഗിക്കേണ്ടതില്ല.—പുറ 30:34, 35; ലേവ 16:13; വെളി 5:8.
സെയാ.
സേലാ.
സങ്കീർത്തനങ്ങളിലും ഹബക്കൂക്കിലും കാണുന്ന ഒരു സാങ്കേതികപദം. സംഗീതവുമായോ ആലാപനവുമായോ ബന്ധപ്പെട്ടിരിക്കുന്നു. പാട്ടിലോ സംഗീതത്തിലോ രണ്ടിലുംകൂടെയോ ഉള്ള ഒരു ചെറിയ നിറുത്തലിനെ ഇത് അർഥമാക്കിയേക്കാം. നിശ്ശബ്ദമായി ധ്യാനിക്കാനോ തൊട്ടുമുമ്പ് പ്രകടിപ്പിച്ച വികാരഭാവം എടുത്തുകാണിക്കാനോ വേണ്ടിയാകാം ഈ നിറുത്തൽ. “സംഗീത ഇടവേള” എന്ന് അർഥമുള്ള ഡയെസാമ എന്നു ഗ്രീക്കു സെപ്റ്റുവജിന്റിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നു.—സങ്ക 3:4; ഹബ 3:3.
സംഗീതസംഘനായകൻ.
സങ്കീർത്തനങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതനുസരിച്ച് ഇതിന്റെ എബ്രായപദം പാട്ടുകൾ ചിട്ടപ്പെടുത്തുകയും പാട്ടിനു നേതൃത്വം വഹിക്കുകയും ചെയ്യുന്ന ഒരാളെ കുറിക്കുന്നു. അദ്ദേഹം ലേവ്യസംഗീതജ്ഞരെ പാടി പരിശീലിപ്പിച്ചിരുന്നു; ഔദ്യോഗിക സംഗീതപരിപാടികൾക്കു നേതൃത്വം കൊടുക്കുകപോലും ചെയ്തിരുന്നു. മറ്റു പരിഭാഷകളിൽ “ഗായകസംഘനേതാവ്,” “സംഗീതപ്രമാണി” എന്നെല്ലാം ഈ പദം പരിഭാഷ ചെയ്തിരിക്കുന്നു.—സങ്ക 4:മേലെ; 5:മേലെ.
സംസ്ഥാനാധിപതി.
ബാബിലോണിയൻ, പേർഷ്യൻ സാമ്രാജ്യങ്ങളിലെ ഒരു രാജപ്രതിനിധി അല്ലെങ്കിൽ സംസ്ഥാനത്തിന്റെ ഗവർണർ. രാജാവ് ഇദ്ദേഹത്തെ മുഖ്യഭരണാധികാരിയായി നിയമിക്കുന്നു.—എസ്ര 8:36; ദാനി 6:1.
സ്തോയിക്ക് തത്ത്വചിന്തകർ.
ഒരു കൂട്ടം ഗ്രീക്കുതത്ത്വചിന്തകർ. സന്തോഷം ലഭിക്കുന്നതു യുക്തിക്കും പ്രകൃതിനിയമങ്ങൾക്കും ചേർച്ചയിൽ ജീവിക്കുമ്പോഴാണെന്ന് അവർ വിശ്വസിച്ചിരുന്നു. അവരുടെ വീക്ഷണത്തിൽ, സുഖദുഃഖങ്ങൾ കാര്യമാക്കാത്ത ആളാണു ശരിക്കും ജ്ഞാനി.—പ്രവൃ 17:18.
സ്തംഭം.
കുറ്റവാളിയെ ചേർത്തുകെട്ടുന്ന കുത്തനെയുള്ള തൂണ്. ചില രാജ്യങ്ങളിൽ ഇത് ഉപയോഗിച്ചിരുന്നതു വധനിർവഹണത്തിനോ മൃതശരീരം പ്രദർശിപ്പിക്കാനോ വേണ്ടിയാണ്. മൃതശരീരം ഇങ്ങനെ പ്രദർശിപ്പിച്ചിരുന്നതു മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കാനോ പരസ്യമായി അവഹേളിക്കാനോ ആണ്. പ്രാകൃതമായ യുദ്ധതന്ത്രങ്ങൾക്കു പേരുകേട്ട അസീറിയക്കാർ തടവുകാരായി പിടിക്കുന്നവരുടെ ശരീരത്തിൽ കൂർത്ത സ്തംഭം വയറ്റിൽനിന്ന് നെഞ്ചിൻകൂടിലേക്കു കുത്തിക്കയറ്റി സ്തംഭത്തിന്റെ അറ്റത്തായി മൃതശരീരം നിറുത്തുമായിരുന്നു. ജൂതന്മാരുടെ നിയമമനുസരിച്ച്, ദൈവദൂഷണമോ വിഗ്രഹാരാധനയോ പോലുള്ള ഹീനകൃത്യങ്ങൾ ചെയ്ത കുറ്റവാളികളെ കല്ലെറിഞ്ഞോ മറ്റോ കൊന്നിട്ട് ശവശരീരം മറ്റുള്ളവർക്ക് ഒരു മുന്നറിയിപ്പായി സ്തംഭത്തിലോ മരത്തിലോ തൂക്കുമായിരുന്നു. (ആവ 21:22, 23; 2ശമു 21:6, 9) റോമാക്കാർ ചിലപ്പോൾ കുറ്റവാളിയെ സ്തംഭത്തോടു ചേർത്ത് കെട്ടിനിറുത്തുമായിരുന്നു. പല ദിവസങ്ങളോളം ഇങ്ങനെ കിടന്ന് വിശപ്പും ദാഹവും വെയിലും വേദനയും സഹിച്ച് ആ വ്യക്തി മരിക്കും. യേശുവിനെ വധിച്ചതുപോലെ, കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയുടെ കൈകാലുകൾ സ്തംഭത്തോടു ചേർത്ത് ആണി അടിക്കുന്ന രീതിയുമുണ്ടായിരുന്നു. (ലൂക്ക 24:20; യോഹ 19:14-16; 20:25; പ്രവൃ 2:23, 36)—ദണ്ഡനസ്തംഭം കാണുക.
സ്നാനം; സ്നാനപ്പെടുത്തുക.
ക്രിയാപദത്തിന്റെ അർഥം: “മുക്കുക.” അതായത്, വെള്ളത്തിൽ താഴ്ത്തുക. തന്റെ അനുഗാമികൾ സ്നാനപ്പെടണമെന്നു യേശു ഒരു നിബന്ധന വെച്ചു. യോഹന്നാന്റെ സ്നാനം, പരിശുദ്ധാത്മാവുകൊണ്ടുള്ള സ്നാനം, തീകൊണ്ടുള്ള സ്നാനം തുടങ്ങിയ സ്നാനങ്ങളെക്കുറിച്ചും തിരുവെഴുത്തുകളിൽ പറയുന്നുണ്ട്.—മത്ത 3:11, 16; 28:19; യോഹ 3:23; 1പത്ര 3:21.
സ്മാരകക്കല്ലറ.
മരിച്ച വ്യക്തിയുടെ ശേഷിപ്പുകൾ വെക്കുന്ന ശ്മശാനം. ഇതിന്റെ ഗ്രീക്കുപദമായ മ്നേമിയോൺ “ഓർമിപ്പിക്കുക ” എന്ന് അർഥമുള്ള ഒരു ക്രിയയിൽനിന്നാണു വന്നിരിക്കുന്നത്. അതു സൂചിപ്പിക്കുന്നതു മരിച്ച വ്യക്തി ദൈവത്തിന്റെയും മറ്റുള്ളവരുടെയും ഓർമയിലുണ്ട് എന്നാണ്.—യോഹ 5:28, 29.
സ്വതന്ത്രൻ; സ്വതന്ത്രനാക്കപ്പെട്ടവൻ.
ഒരു പൗരന്റെ എല്ലാ അവകാശങ്ങളുമുണ്ടായിരുന്ന, ജന്മനാ സ്വതന്ത്രനായ ഒരാളെയാണു റോമൻ ഭരണകാലത്ത് ‘സ്വതന്ത്രൻ’ എന്നു വിളിച്ചിരുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായി, അടിമത്തത്തിൽനിന്ന് മോചിപ്പിക്കപ്പെട്ടയാളാണു ‘സ്വതന്ത്രനാക്കപ്പെട്ടവൻ.’ ഔദ്യോഗികമായി സ്വാതന്ത്ര്യം ലഭിച്ചയാൾക്കു റോമൻ പൗരത്വം ലഭിക്കുമായിരുന്നു. എന്നാൽ ആ വ്യക്തിക്കു രാഷ്ട്രീയസ്ഥാനമാനങ്ങൾ കിട്ടുമായിരുന്നില്ല. അനൗദ്യോഗികമായി സ്വാതന്ത്ര്യം ലഭിച്ചയാൾക്ക് അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യം കിട്ടുമായിരുന്നെങ്കിലും പൗരാവകാശങ്ങൾ മുഴുവനും ലഭിച്ചിരുന്നില്ല.—1കൊ 7:22.
ഹ
ഹിഗ്ഗയോൻ.
സംഗീതത്തിനു നേതൃത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട ഒരു സാങ്കേതികപദം. സങ്കീർത്തനം 9:16-ൽ കൊടുത്തിരിക്കുന്നതനുസരിച്ച് ഈ പദം, ഒന്നുകിൽ സംഗീതത്തിലെ നിറുത്തലുകളിൽ താണ ശ്രുതിയിൽ ഭക്തിസാന്ദ്രമായി കിന്നരം മീട്ടുന്നതാകാം; അല്ലെങ്കിൽ ധ്യാനനിർഭരമായ ഇടവേളകളാകാം.
ഹീൻ.
ഹെരോദിന്റെ അനുയായികൾ.
ഹെരോദ്യർ എന്നും അറിയപ്പെടുന്നു. റോമിന്റെ കീഴിൽ ഭരിച്ചിരുന്ന ഹെരോദ് രാജവംശത്തിന്റെ രാഷ്ട്രീയലക്ഷ്യങ്ങളെ പിന്തുണച്ചിരുന്ന ദേശീയവാദികളുടെ ഒരു കൂട്ടം. സാധ്യതയനുസരിച്ച് സദൂക്യരിൽ ചിലർ ഈ കൂട്ടരായിരുന്നു. യേശുവിനെ എതിർക്കാൻ ഹെരോദ്യർ പരീശന്മാരോടൊപ്പം ചേർന്നു.—മർ 3:6.
ഹെരോദ്.
ജൂതന്മാരെ ഭരിക്കാൻ റോമാക്കാർ നിയമിച്ച ഒരു രാജവംശത്തിന്റെ കുടുംബപ്പേര്. ആ വംശത്തിൽപ്പെട്ട മഹാനായ ഹെരോദ്, യരുശലേമിലെ ദേവാലയം പുനർനിർമിക്കുകയും യേശുവിനെ ഇല്ലാതാക്കാനുള്ള ശ്രമത്തിൽ ശിശുക്കളെ കൊല്ലാൻ ഉത്തരവിടുകയും ചെയ്തുകൊണ്ട് പ്രസിദ്ധനായി. (മത്ത 2:16; ലൂക്ക 1:5) മഹാനായ ഹെരോദിന്റെ മക്കളായ ഹെരോദ് അർക്കെലയൊസിനും ഹെരോദ് അന്തിപ്പാസിനും പിതാവിന്റെ ഭരണപ്രദേശം വീതിച്ചുകൊടുത്തു. (മത്ത 2:22) അന്തിപ്പാസ് സംസ്ഥാനത്തിന്റെ നാലിൽ ഒന്നിന്റെ ഭരണാധികാരിയായിരുന്നു. ഇദ്ദേഹത്തെ “രാജാവ്” എന്നാണു സാധാരണ വിളിച്ചിരുന്നത്. ക്രിസ്തുവിന്റെ മൂന്നര വർഷത്തെ ശുശ്രൂഷക്കാലംമുതൽ പ്രവൃത്തികൾ 12-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാലഘട്ടംവരെ ഭരണം നടത്തിയത് അന്തിപ്പാസായിരുന്നു. (മർ 6:14-17; ലൂക്ക 3:1, 19, 20; 13:31, 32; 23:6-15; പ്രവൃ 4:27; 13:1) പിന്നീട്, മഹാനായ ഹെരോദിന്റെ കൊച്ചുമകൻ ഹെരോദ് അഗ്രിപ്പ ഒന്നാമൻ കുറച്ച് കാലം ഭരണം നടത്തി; ദൈവദൂതൻ അദ്ദേഹത്തെ കൊന്നു. (പ്രവൃ 12:1-6, 18-23) അദ്ദേഹത്തിന്റെ മകൻ ഹെരോദ് അഗ്രിപ്പ രണ്ടാമൻ അധികാരത്തിലേറി. ജൂതന്മാർ റോമിന് എതിരെ വിപ്ലവം നടത്തുന്ന കാലംവരെ അദ്ദേഹം ഭരണം നടത്തി.—പ്രവൃ 23:35; 25:13, 22-27; 26:1, 2, 19-32.
ഹെർമിസ്.
ഒരു ഗ്രീക്കുദൈവം; സീയൂസിന്റെ പുത്രൻ. ഹെർമിസ്, ദൈവങ്ങളുടെ സന്ദേശവാഹകനും വാക്ചാതുര്യത്തിന്റെ ദൈവവും ആണെന്നായിരുന്നു സങ്കല്പം. അതുകൊണ്ട് ലുസ്ത്രയിൽവെച്ച് പൗലോസിനെ അവിടെയുള്ളവർ ഹെർമിസായി തെറ്റിദ്ധരിച്ചു.—പ്രവൃ 14:12.
ഹേഡിസ്.
“ഷീയോൾ” എന്ന എബ്രായപദത്തിനു തത്തുല്യമായ ഗ്രീക്കുപദം. ആലങ്കാരികമായി മനുഷ്യവർഗത്തിന്റെ ശവക്കുഴിയെ അർഥമാക്കുന്നു. “ശവക്കുഴി” എന്നു വിവർത്തനം ചെയ്തിരിക്കുന്നു. (എന്നാൽ ശവക്കുഴി എന്നു വിവർത്തനം ചെയ്തിരിക്കുന്നതെല്ലാം ഹേഡിസ് അല്ല.)—ശവക്കുഴി കാണുക.
ഹോമർ.
ഹോരേബ്; ഹോരേബ് പർവതം.