ശമുവേൽ രണ്ടാം ഭാഗം
1 ശൗൽ മരിച്ചു. ദാവീദ് അമാലേക്യരെ തോൽപ്പിച്ച് മടങ്ങിയെത്തി. രണ്ടു ദിവസം ദാവീദ് സിക്ലാഗിൽ+ താമസിച്ചു. 2 മൂന്നാം ദിവസം ശൗലിന്റെ പാളയത്തിൽനിന്ന് ഒരാൾ അവിടെ വന്നു. അയാൾ വസ്ത്രം കീറി തലയിൽ മണ്ണു വാരിയിട്ടിരുന്നു. ദാവീദിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ നിലത്ത് വീണ് സാഷ്ടാംഗം നമസ്കരിച്ചു.
3 ദാവീദ് അയാളോട്, “നിങ്ങൾ എവിടെനിന്ന് വരുന്നു” എന്നു ചോദിച്ചു. അപ്പോൾ അയാൾ, “ഞാൻ ഇസ്രായേൽപാളയത്തിൽനിന്ന് രക്ഷപ്പെട്ട് വരുകയാണ്” എന്നു പറഞ്ഞു. 4 ദാവീദ് അയാളോടു ചോദിച്ചു: “എന്തുണ്ടായി? ദയവുചെയ്ത് എന്നോടു പറയൂ.” അപ്പോൾ അയാൾ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അനേകർ മരിച്ചുവീണു. അവരോടൊപ്പം, ശൗലും മകൻ യോനാഥാനും മരിച്ചു.”+ 5 അപ്പോൾ, വാർത്ത കൊണ്ടുവന്ന ആ യുവാവിനോടു ദാവീദ് ചോദിച്ചു: “ശൗലും യോനാഥാനും മരിച്ചെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?” 6 അപ്പോൾ അയാൾ പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവ+ പർവതത്തിലെത്തിയപ്പോൾ അതാ, ശൗൽ അവിടെ തന്റെ കുന്തത്തിൽ ഊന്നി നിൽക്കുന്നു. രഥങ്ങളും കുതിരപ്പടയാളികളും തൊട്ടടുത്ത് എത്തിയിരുന്നു.+ 7 ശൗൽ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ കണ്ട് അടുത്തേക്കു വിളിച്ചു. ‘ഞാൻ ഇതാ!’ എന്നു ഞാൻ പറഞ്ഞു. 8 അദ്ദേഹം എന്നോട്, ‘നീ ആരാണ്’ എന്നു ചോദിച്ചപ്പോൾ, ‘ഒരു അമാലേക്യൻ’+ എന്നു ഞാൻ മറുപടി പറഞ്ഞു. 9 അപ്പോൾ അദ്ദേഹം പറഞ്ഞു: ‘ദയവായി എന്റെ അടുത്തേക്കു വന്ന് എന്നെയൊന്നു കൊല്ലൂ. കാരണം, ഞാൻ കഠോരവേദനയിലാണ്. എന്റെ ജീവനൊട്ടു പോയിട്ടുമില്ല.’ 10 അതുകൊണ്ട്, ഞാൻ അങ്ങോട്ടു ചെന്ന് അദ്ദേഹത്തെ കൊന്നു.+ കാരണം, മുറിവേറ്റ് വീണ അദ്ദേഹം എന്തായാലും രക്ഷപ്പെടില്ലെന്ന് എനിക്ക് അറിയാമായിരുന്നു. പിന്നെ, ഞാൻ അദ്ദേഹം ധരിച്ചിരുന്ന കിരീടവും* തോൾവളയും എടുത്തു. ഞാൻ അവ, ഇതാ എന്റെ യജമാനനായ അങ്ങയുടെ അടുത്ത് കൊണ്ടുവന്നിരിക്കുന്നു.”
11 ഇതു കേട്ട ഉടനെ ദാവീദ് വസ്ത്രം കീറി. ദാവീദിന്റെകൂടെയുണ്ടായിരുന്ന എല്ലാവരും അങ്ങനെതന്നെ ചെയ്തു. 12 ശൗലും മകനായ യോനാഥാനും യഹോവയുടെ ജനവും ഇസ്രായേൽഗൃഹവും+ വാളാൽ വീണുപോയതുകൊണ്ട് അവർ അവരെ ഓർത്ത് വിലപിച്ച് കരഞ്ഞ് വൈകുന്നേരംവരെ ഉപവസിച്ചു.+
13 വാർത്ത കൊണ്ടുവന്ന യുവാവിനോടു ദാവീദ്, “നിങ്ങൾ എവിടത്തുകാരനാണ്” എന്നു ചോദിച്ചു. “ഇസ്രായേലിൽ താമസമാക്കിയ ഒരു അമാലേക്യന്റെ മകനാണു ഞാൻ” എന്ന് അയാൾ പറഞ്ഞു. 14 ദാവീദ് അയാളോട് ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ കൊല്ലാൻവേണ്ടി കൈ ഉയർത്താൻ നിനക്ക് എങ്ങനെ ധൈര്യം വന്നു?”+ 15 എന്നിട്ട്, ദാവീദ് യുവാക്കളിലൊരാളെ വിളിച്ച്, “വന്ന് ഇവനെ വെട്ടിക്കൊല്ലൂ” എന്നു പറഞ്ഞു. ഉടനെ, ആ യുവാവ് അമാലേക്യനെ വെട്ടിവീഴ്ത്തി, അയാൾ മരിച്ചു.+ 16 ദാവീദ് അമാലേക്യനോടു പറഞ്ഞു: “നിന്റെ രക്തത്തിന് ഉത്തരവാദി നീതന്നെ. കാരണം, ‘യഹോവയുടെ അഭിഷിക്തനെ കൊന്നതു ഞാനാണ്’ എന്നു പറഞ്ഞ് നിന്റെ വായ്തന്നെ നിനക്ക് എതിരെ സാക്ഷി പറഞ്ഞിരിക്കുന്നു.”+
17 പിന്നെ, ദാവീദ് ശൗലിനെയും ശൗലിന്റെ മകനായ യോനാഥാനെയും കുറിച്ച് ഒരു വിലാപകാവ്യം ചൊല്ലി.+ 18 “വില്ല്” എന്ന ഈ വിലാപകാവ്യം യഹൂദാജനത്തെ പഠിപ്പിക്കണമെന്നും ദാവീദ് പറഞ്ഞു. യാശാരിന്റെ+ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ആ കാവ്യം ഇതാണ്:
19 “ഇസ്രായേലേ, നിന്റെ മനോഹാരിത നിൻ ഗിരികളിൽ വീണ് പൊലിഞ്ഞല്ലോ!+
നിന്റെ വീരന്മാർ വീണുപോയല്ലോ!
20 ഇതു നിങ്ങൾ ഗത്തിൽ പറയരുതേ.+
അസ്കലോൻവീഥികളിൽ പാടിനടക്കയും അരുതേ.
അങ്ങനെ ചെയ്താൽ ഫെലിസ്ത്യപുത്രിമാർ ആഹ്ലാദിക്കും.
അഗ്രചർമികളുടെ പുത്രിമാർ സന്തോഷിച്ചാർക്കും.
നിങ്ങളിൽ മഞ്ഞോ മഴയോ പെയ്യാതിരിക്കട്ടെ.
നിന്റെ വയലുകൾ വിശുദ്ധകാഴ്ചകൾ തരാതിരിക്കട്ടെ.+
അവിടെയല്ലോ വീരന്മാരുടെ പരിച മലിനമായത്.
ശൗലിന്റെ പരിചമേൽ ഇനി എണ്ണ പുരട്ടില്ലല്ലോ!
22 കൊല്ലപ്പെട്ടവരുടെ രക്തത്തിൽനിന്നും ശൂരന്മാരുടെ കൊഴുപ്പിൽനിന്നും
യോനാഥാന്റെ വില്ലു പിന്തിരിഞ്ഞില്ല.+
ശൗലിന്റെ വാൾ വിജയം കാണാതെ മടങ്ങിയിരുന്നുമില്ല.+
23 ജീവകാലമെല്ലാം പ്രീതിവാത്സല്യങ്ങൾക്കു പാത്രമായ ശൗലും യോനാഥാനും;+
മരണത്തിലും അവർ വേർപിരിഞ്ഞില്ലല്ലോ.+
24 ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയൂ.
ശൗലല്ലോ നിങ്ങളെ മോടിയാർന്ന ചുവപ്പാട അണിയിച്ചത്,
നിങ്ങളുടെ ഉടയാടമേൽ പൊന്നാഭരണങ്ങൾ ചാർത്തിയത്.
25 വീരന്മാർ യുദ്ധത്തിൽ വീണുപോയല്ലോ!
നിൻ ഗിരികളിൽ യോനാഥാൻ മരിച്ചുകിടക്കുന്നു!+
26 യോനാഥാനേ, എൻ സോദരാ, നിന്നെ ഓർത്ത് എന്റെ മനം വിതുമ്പുന്നു.
നീ എനിക്ക് എത്ര പ്രിയങ്കരനായിരുന്നു!+
എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ വിശിഷ്ടം!+
27 വീരന്മാർ വീണുപോയല്ലോ!
യുദ്ധായുധങ്ങൾ നശിച്ചല്ലോ!”
2 അതിനു ശേഷം ദാവീദ് യഹോവയോട്, “യഹൂദയിലെ ഏതെങ്കിലും നഗരത്തിലേക്കു ഞാൻ പോകണോ” എന്നു ചോദിച്ചു.+ അപ്പോൾ യഹോവ, “പോകൂ” എന്നു പറഞ്ഞു. “ഞാൻ എവിടേക്കാണു പോകേണ്ടത്” എന്നു ദാവീദ് ചോദിച്ചപ്പോൾ, “ഹെബ്രോനിലേക്ക്”+ എന്നു മറുപടി കിട്ടി. 2 അങ്ങനെ, ദാവീദ് ഭാര്യമാരായ ജസ്രീൽക്കാരി അഹീനോവമിനെയും+ കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിനെയും+ കൂട്ടി അങ്ങോട്ടു പോയി. 3 കൂടാതെ, തന്റെകൂടെയുള്ള ആളുകളെയും+ അവരുടെ വീട്ടിലുള്ളവരെയും ദാവീദ് കൊണ്ടുപോയി. അവർ ഹെബ്രോനു ചുറ്റുമുള്ള നഗരങ്ങളിൽ താമസമുറപ്പിച്ചു. 4 പിന്നീട് യഹൂദാപുരുഷന്മാർ വന്ന് ദാവീദിനെ യഹൂദാഗൃഹത്തിന്റെ+ രാജാവായി അഭിഷേകം ചെയ്തു.
അവർ ദാവീദിനോട്, “യാബേശ്-ഗിലെയാദിലുള്ളവരാണ് ശൗലിനെ അടക്കം ചെയ്തത്” എന്നു പറഞ്ഞു. 5 അതുകൊണ്ട്, ദാവീദ് യാബേശ്-ഗിലെയാദുകാരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ യജമാനനായ ശൗലിനെ അടക്കം ചെയ്ത്+ അദ്ദേഹത്തോട് അചഞ്ചലമായ സ്നേഹം കാണിച്ചതുകൊണ്ട് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ. 6 യഹോവ നിങ്ങളോട് അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും കാണിക്കട്ടെ. നിങ്ങൾ ഇങ്ങനെ ചെയ്തതുകൊണ്ട് ഞാനും നിങ്ങളോടു ദയ കാണിക്കും.+ 7 ശക്തരും ധീരരും ആയിരിക്കൂ. നിങ്ങളുടെ യജമാനനായ ശൗലിന്റെ മരണത്തെത്തുടർന്ന് യഹൂദാഗൃഹം എന്നെ അവരുടെ രാജാവായി അഭിഷേകം ചെയ്തിരിക്കുന്നു.”
8 പക്ഷേ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനും ആയ അബ്നേർ+ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ+ മഹനയീമിലേക്കു+ കൊണ്ടുവന്ന് 9 അയാളെ അശ്ഹൂര്യരുടെയും ഗിലെയാദ്,+ ജസ്രീൽ,+ എഫ്രയീം,+ ബന്യാമീൻ എന്നിങ്ങനെ മുഴുവൻ ഇസ്രായേലിന്റെയും രാജാവാക്കിയിരുന്നു. 10 ശൗലിന്റെ മകനായ ഈശ്-ബോശെത്ത് ഇസ്രായേലിന്റെ രാജാവായപ്പോൾ അയാൾക്ക് 40 വയസ്സായിരുന്നു. അയാൾ രണ്ടു വർഷം ഭരിച്ചു. പക്ഷേ യഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു.+ 11 ദാവീദ് യഹൂദാഗൃഹത്തിന്റെ രാജാവായി ഹെബ്രോനിൽ ഏഴു വർഷവും ആറു മാസവും ഭരിച്ചു.+
12 പിന്നീട്, നേരിന്റെ മകനായ അബ്നേരും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ദാസന്മാരും മഹനയീമിൽനിന്ന്+ ഗിബെയോനിലേക്കു+ പോയി. 13 സെരൂയയുടെ+ മകനായ യോവാബും+ ദാവീദിന്റെ ദാസന്മാരും അവരുടെ നേരെ ചെന്നു. ഗിബെയോനിലെ കുളത്തിന് അരികെവെച്ച് അവർ കണ്ടുമുട്ടി. ഒരു കൂട്ടർ കുളത്തിന്റെ ഇക്കരെയും മറ്റവർ അക്കരെയും ഇരുന്നു. 14 ഒടുവിൽ, അബ്നേർ യോവാബിനോട്, “യുവാക്കൾ എഴുന്നേറ്റ് നമ്മുടെ മുന്നിൽവെച്ച് ഏറ്റുമുട്ടട്ടെ”* എന്നു പറഞ്ഞപ്പോൾ യോവാബ്, “ശരി, അങ്ങനെയാകട്ടെ” എന്നു പറഞ്ഞു. 15 അങ്ങനെ, അവർ എഴുന്നേറ്റ് നിശ്ചയിച്ച എണ്ണമനുസരിച്ച് മുന്നോട്ടു വന്നു. ബന്യാമീന്യരുടെയും ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും പക്ഷത്തുനിന്ന് 12 പേരും ദാവീദിന്റെ ദാസന്മാരുടെ പക്ഷത്തുനിന്ന് 12 പേരും ആണ് വന്നത്. 16 അവർ പരസ്പരം എതിരാളിയുടെ മുടിക്കു പിടിച്ച് ശരീരത്തിന്റെ പാർശ്വത്തിൽ വാൾ കുത്തിക്കയറ്റി. അങ്ങനെ, അവരെല്ലാം ഒന്നിച്ച് വീണു. ഗിബെയോനിലെ ആ സ്ഥലത്തിന് അങ്ങനെ ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേര് വന്നു.
17 അന്നത്തെ ആ ഏറ്റുമുട്ടൽ വളരെ രൂക്ഷമായി. അബ്നേരും ഇസ്രായേൽ പുരുഷന്മാരും ഒടുവിൽ ദാവീദിന്റെ ദാസന്മാരുടെ മുന്നിൽ പരാജിതരായി. 18 സെരൂയയുടെ മൂന്നു പുത്രന്മാരായ+ യോവാബും+ അബീശായിയും+ അസാഹേലും+ അപ്പോൾ അവിടെയുണ്ടായിരുന്നു. അസാഹേലോ മാനിനെപ്പോലെ വേഗമുള്ളവനായിരുന്നു. 19 അസാഹേൽ ഇടംവലം തിരിയാതെ അബ്നേരിനെത്തന്നെ പിന്തുടർന്നു, 20 തിരിഞ്ഞുനോക്കിയ അബ്നേർ അസാഹേലിനോട്, “ആരാ, അസാഹേലോ” എന്നു ചോദിച്ചതിന് “അതെ, ഞാൻതന്നെ” എന്ന് അസാഹേൽ പറഞ്ഞു. 21 അപ്പോൾ, അബ്നേർ അസാഹേലിനോടു പറഞ്ഞു: “ഇടത്തോട്ടോ വലത്തോട്ടോ തിരിഞ്ഞ് യുവാക്കളിൽ ഒരാളെ പിടികൂടി അവന്റെ പക്കലുള്ളതെല്ലാം നീ എടുത്തുകൊള്ളൂ.” പക്ഷേ, പിന്തിരിയാൻ അസാഹേലിനു ഭാവമില്ലായിരുന്നു. 22 അതുകൊണ്ട് അബ്നേർ അസാഹേലിനോടു വീണ്ടും പറഞ്ഞു: “എന്നെ പിന്തുടരുന്നതു നിറുത്തൂ. എന്നെക്കൊണ്ട് എന്തിന് ഒരു കൊല ചെയ്യിക്കണം? നിന്നെ കൊന്നിട്ട് ഞാൻ എങ്ങനെ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്ത് നോക്കും?” 23 പക്ഷേ, പിന്തിരിയാൻ അസാഹേൽ കൂട്ടാക്കിയില്ല. അതുകൊണ്ട്, അബ്നേർ കുന്തത്തിന്റെ പിൻഭാഗംകൊണ്ട് അസാഹേലിന്റെ വയറ്റത്ത് കുത്തി.+ കുന്തം മറുവശത്തുകൂടി പുറത്തുവന്നു. അസാഹേൽ അവിടെ വീണ് തത്ക്ഷണം മരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്ത് എത്തുന്നവരെല്ലാം സ്തബ്ധരായി നിന്നുപോയി.
24 പിന്നെ, യോവാബും അബീശായിയും അബ്നേരിനെ പിന്തുടർന്ന് ചെന്നു. സൂര്യൻ അസ്തമിക്കാറായപ്പോൾ അവർ ഗിബെയോൻ വിജനഭൂമിയിലേക്കുള്ള* വഴിയിൽ ഗീയയ്ക്ക് അഭിമുഖമായുള്ള എമ്മയിലെ കുന്നിൽ എത്തിച്ചേർന്നു. 25 ബന്യാമീന്യരോ അബ്നേരിന്റെ ചുറ്റും ഒന്നിച്ചുകൂടി. അവർ ഒരുമിച്ച് ഒരു സംഘമായി അവിടെ ഒരു കുന്നിന്മേൽ നിലയുറപ്പിച്ചു. 26 അപ്പോൾ, അബ്നേർ യോവാബിനോടു വിളിച്ചുപറഞ്ഞു: “സംഹാരം എന്നും തുടരണമെന്നാണോ? ഇതു ദുരന്തത്തിലേ കലാശിക്കൂ എന്നു നിനക്ക് അറിയില്ലേ? തങ്ങളുടെ സഹോദരന്മാരെ പിന്തുടരുന്നതു മതിയാക്കുന്നതിനെക്കുറിച്ച് ജനത്തോടു പറയാൻ നീ ഇനിയും എത്ര നാൾ വൈകിക്കും?” 27 അപ്പോൾ, യോവാബ് പറഞ്ഞു: “സത്യദൈവമാണെ, നീ പറഞ്ഞില്ലായിരുന്നെങ്കിൽ ജനം സഹോദരന്മാരെ പിന്തുടരുന്നതു രാവിലെ മാത്രമേ നിറുത്തുമായിരുന്നുള്ളൂ.” 28 യോവാബ് അപ്പോൾ കൊമ്പു വിളിച്ചു. യോവാബിന്റെ ആളുകൾ ഇസ്രായേലിനെ പിന്തുടരുന്നതു നിറുത്തി. അങ്ങനെ, പോരാട്ടം അവസാനിച്ചു.
29 അബ്നേരും അബ്നേരിന്റെ ആളുകളും ആ രാത്രി മുഴുവനും അരാബയിലൂടെ+ യാത്ര ചെയ്തശേഷം യോർദാൻ കടന്ന് മലയിടുക്കു മുഴുവൻ* താണ്ടി ഒടുവിൽ മഹനയീമിൽ+ എത്തി. 30 അബ്നേരിനെ പിന്തുടരുന്നതു മതിയാക്കിയ യോവാബ് പിന്നീട്, ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി. അസാഹേലിനെ കൂടാതെ ദാവീദിന്റെ ദാസന്മാരിൽ 19 പേരെ കാണാനില്ലായിരുന്നു. 31 പക്ഷേ, ദാവീദിന്റെ ദാസന്മാർ ബന്യാമീന്യരെയും അബ്നേരിന്റെ ആളുകളെയും തോൽപ്പിച്ചിരുന്നു. അവരുടെകൂടെയുണ്ടായിരുന്ന 360 പേർ മരിച്ചുവീണു. 32 യോവാബും യോവാബിന്റെ ആളുകളും അസാഹേലിന്റെ+ മൃതദേഹം കൊണ്ടുവന്ന് ബേത്ത്ലെഹെമിലുള്ള+ അസാഹേലിന്റെ അപ്പന്റെ കല്ലറയിൽ അടക്കി. തുടർന്ന്, അവർ രാത്രി മുഴുവൻ സഞ്ചരിച്ച് പുലർച്ചെ ഹെബ്രോനിൽ+ എത്തിച്ചേർന്നു.
3 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം ഏറെക്കാലം നീണ്ടു. ദാവീദ് ശക്തിയാർജിച്ചുകൊണ്ടിരുന്നു.+ ശൗലിന്റെ ഗൃഹമാകട്ടെ, അടിക്കടി ക്ഷയിച്ചുകൊണ്ടിരുന്നു.+
2 അതിനിടെ ഹെബ്രോനിൽവെച്ച്+ ദാവീദിനു പുത്രന്മാർ ഉണ്ടായി. ജസ്രീൽക്കാരിയായ അഹീനോവമിൽ+ ജനിച്ച അമ്നോനായിരുന്നു+ മൂത്ത മകൻ. 3 കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിൽ+ ജനിച്ച കിലെയാബായിരുന്നു രണ്ടാമൻ. ഗശൂർരാജാവായ തൽമായിയുടെ+ മകൾ മാഖയിൽ ജനിച്ച അബ്ശാലോമായിരുന്നു+ മൂന്നാമൻ. 4 ഹഗ്ഗീത്തിൽ ജനിച്ച അദോനിയയായിരുന്നു+ നാലാമൻ. അഞ്ചാമൻ അബീതാലിൽ ജനിച്ച ശെഫത്യ. 5 ദാവീദിന് എഗ്ല എന്ന ഭാര്യയിൽ ജനിച്ച യിത്രെയാമായിരുന്നു ആറാമൻ. ഇവരാണു ഹെബ്രോനിൽവെച്ച് ദാവീദിനു ജനിച്ച ആൺമക്കൾ.
6 ശൗലിന്റെ കുടുംബവും ദാവീദിന്റെ കുടുംബവും തമ്മിലുള്ള യുദ്ധം തുടർന്നു. ഇതിനിടെ അബ്നേർ+ ശൗൽഗൃഹത്തിൽ കൂടുതൽക്കൂടുതൽ സ്വാധീനം നേടിക്കൊണ്ടിരുന്നു. 7 ശൗലിന് രിസ്പ+ എന്നു പേരുള്ള ഒരു ഉപപത്നിയുണ്ടായിരുന്നു.* അയ്യയുടെ മകളായിരുന്നു രിസ്പ. ഈശ്-ബോശെത്ത്+ അബ്നേരിനോട്, “എന്റെ അപ്പന്റെ ഉപപത്നിയുടെകൂടെ നീ കിടന്നത് എന്തിന്”+ എന്നു ചോദിച്ചു. 8 അതു കേട്ടപ്പോൾ അബ്നേരിനു കടുത്ത ദേഷ്യം വന്നു. അയാൾ പറഞ്ഞു: “ഞാൻ എന്താ യഹൂദയിലെ ഒരു പട്ടിയോ?* ഇന്ന് ഈ നിമിഷംവരെ ഞാൻ നിന്റെ അപ്പനായ ശൗലിന്റെ ഗൃഹത്തോടും ശൗലിന്റെ സഹോദരന്മാരോടും സുഹൃത്തുക്കളോടും അചഞ്ചലമായ സ്നേഹം കാണിച്ചു. ഇതുവരെ ഞാൻ നിന്നെ ദാവീദിന് ഒറ്റിക്കൊടുത്തിട്ടുമില്ല. എന്നിട്ടും ഒരു സ്ത്രീയുടെ കാര്യം പറഞ്ഞ് നീ എന്നെ കുറ്റപ്പെടുത്തുന്നോ? 9 യഹോവ ദാവീദിനോടു സത്യം ചെയ്തതുപോലെതന്നെ ഞാൻ ദാവീദിനു ചെയ്തുകൊടുക്കുന്നില്ലെങ്കിൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.+ 10 രാജ്യാധികാരം ശൗൽഗൃഹത്തിൽനിന്ന് എടുത്തുമാറ്റുമെന്നും ദാവീദിന്റെ സിംഹാസനം ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലും യഹൂദയിലും സ്ഥാപിക്കുമെന്നും ദൈവം സത്യം ചെയ്തിട്ടുണ്ടല്ലോ.” 11 പക്ഷേ, അബ്നേരിനെ പേടിയായിരുന്നതുകൊണ്ട്+ ഈശ്-ബോശെത്ത് ഒരു വാക്കുപോലും എതിർത്തുപറഞ്ഞില്ല.
12 അബ്നേർ ഉടനെ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ച്, “ദേശം ആരുടേതാണ്” എന്നു ചോദിച്ചു. അബ്നേർ ഇങ്ങനെയും പറഞ്ഞു: “എന്നോട് ഒരു ഉടമ്പടി ചെയ്യുക. ഇസ്രായേലിനെ മുഴുവൻ അങ്ങയുടെ പക്ഷത്തേക്കു തിരിക്കാൻ എന്നെക്കൊണ്ടാകുന്നതെല്ലാം ഞാൻ ചെയ്യാം.”+ 13 അപ്പോൾ ദാവീദ് പറഞ്ഞു: “വളരെ നല്ലത്! ഞാൻ താങ്കളോട് ഉടമ്പടി ചെയ്യാം. പക്ഷേ ഒരു വ്യവസ്ഥ മാത്രം: എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകൾ മീഖളിനെ+ എന്റെ അടുത്ത് കൊണ്ടുവരണം. മീഖളില്ലാതെ താങ്കൾ എന്നെ മുഖം കാണിക്കരുത്.” 14 പിന്നെ, ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ+ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ 100 ഫെലിസ്ത്യരുടെ അഗ്രചർമം നൽകി വിവാഹം ഉറപ്പിച്ച എന്റെ ഭാര്യ മീഖളിനെ എനിക്കു തരുക.”+ 15 അങ്ങനെ ഈശ്-ബോശെത്ത്, മീഖളിന്റെ ഭർത്താവും ലയീശിന്റെ മകനും ആയ പൽത്തിയേലിന്റെ+ അടുത്തുനിന്ന് മീഖളിനെ പിടിച്ചുകൊണ്ടുവരാൻ ആളയച്ചു. 16 പക്ഷേ, മീഖളിന്റെ ഭർത്താവ് കരഞ്ഞുകൊണ്ട് ബഹൂരീം+ വരെ ഭാര്യയുടെ പിന്നാലെ വന്നു. അപ്പോൾ, അബ്നേർ അയാളോട്, “പോകൂ! തിരിച്ച് പോകൂ!” എന്നു പറഞ്ഞു; അയാൾ മടങ്ങിപ്പോയി.
17 അതിനിടെ, അബ്നേർ ഇസ്രായേൽമൂപ്പന്മാർക്ക്* ഈ സന്ദേശം അയച്ചു: “ദാവീദിനെ രാജാവായി കിട്ടാൻ കുറച്ച് കാലമായി നിങ്ങൾ ആഗ്രഹിക്കുന്നതല്ലേ? 18 ഇപ്പോൾ, വേണ്ടതു ചെയ്യുക. കാരണം, യഹോവ ദാവീദിനോട്, ‘എന്റെ ദാസനായ ദാവീദിന്റെ+ കൈകൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെയും മറ്റെല്ലാ ശത്രുക്കളുടെയും കൈയിൽനിന്ന് രക്ഷിക്കും’ എന്നു പറഞ്ഞിട്ടുണ്ട്.” 19 പിന്നെ, അബ്നേർ ബന്യാമീന്യരോടു+ സംസാരിച്ചു. ഇസ്രായേലിനും മുഴുവൻ ബന്യാമീൻഗൃഹത്തിനും സമ്മതമായ കാര്യം ഹെബ്രോനിലുള്ള ദാവീദിനെ സ്വകാര്യമായി അറിയിക്കാൻ അബ്നേർ അങ്ങോട്ടു പോകുകയും ചെയ്തു.
20 അബ്നേർ 20 പുരുഷന്മാരെയും കൂട്ടി ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് ചെന്നു. അപ്പോൾ, ദാവീദ് അബ്നേരിനും കൂടെയുണ്ടായിരുന്നവർക്കും ഒരു വിരുന്ന് ഒരുക്കി. 21 തുടർന്ന്, അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ ചെന്ന് ഇസ്രായേലിനെ മുഴുവൻ എന്റെ യജമാനനായ രാജാവിന്റെ അടുത്ത് കൂട്ടിവരുത്താം. അവർ അങ്ങയോട് ഒരു ഉടമ്പടി ചെയ്യട്ടെ. അങ്ങനെ, അങ്ങ് ആഗ്രഹിക്കുന്നതെല്ലാം അങ്ങയുടെ ഭരണത്തിൻകീഴിലാകും.” തുടർന്ന്, ദാവീദ് അബ്നേരിനെ പറഞ്ഞയച്ചു. അയാൾ സമാധാനത്തോടെ തന്റെ വഴിക്കു പോയി.
22 ആ സമയം, ദാവീദിന്റെ ദാസന്മാരും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി മടങ്ങിയെത്തി. ദാവീദ് അതിനോടകം അബ്നേരിനെ സമാധാനത്തോടെ പറഞ്ഞയച്ചിരുന്നതുകൊണ്ട് അബ്നേർ അപ്പോൾ ഹെബ്രോനിൽ ദാവീദിന്റെ അടുത്തുണ്ടായിരുന്നില്ല. 23 യോവാബും+ കൂടെയുണ്ടായിരുന്ന മുഴുവൻ സൈന്യവും മടങ്ങിയെത്തിയപ്പോൾ യോവാബ് ഈ വാർത്ത അറിഞ്ഞു: “നേരിന്റെ+ മകനായ അബ്നേർ+ രാജാവിന്റെ അടുത്ത് വന്നിരുന്നു. രാജാവോ അയാളെ പറഞ്ഞയച്ചു. അയാൾ സമാധാനത്തോടെ തന്റെ വഴിക്കു പോയി.” 24 അപ്പോൾ, യോവാബ് രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “അങ്ങ് എന്താണ് ഈ ചെയ്തത്? അബ്നേർ ഇവിടെ അങ്ങയുടെ അടുത്ത് വന്നിട്ടും അങ്ങ് എന്തിന് അയാളെ പറഞ്ഞയച്ചു? അയാൾ രക്ഷപ്പെട്ടുകളഞ്ഞില്ലേ? 25 നേരിന്റെ മകനായ അബ്നേരിനെ അങ്ങയ്ക്ക് അറിയില്ലേ? അങ്ങയെ കബളിപ്പിച്ച് അങ്ങയുടെ ഓരോ നീക്കവും മനസ്സിലാക്കാനും അങ്ങ് ചെയ്യുന്നതെല്ലാം കണ്ടുപിടിക്കാനും ആണ് അബ്നേർ ഇവിടെ വന്നത്.”
26 ദാവീദിന്റെ അടുത്തുനിന്ന് പോയ യോവാബ് അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ അയാളെ സീരാജലസംഭരണിക്കരികിൽനിന്ന്* തിരികെ കൊണ്ടുവന്നു. പക്ഷേ, ഇതൊന്നും ദാവീദ് അറിഞ്ഞില്ല. 27 അബ്നേർ ഹെബ്രോനിൽ+ മടങ്ങിയെത്തിയപ്പോൾ അയാളോടു സ്വകാര്യമായി സംസാരിക്കാൻ യോവാബ് അയാളെ തനിച്ച് കവാടത്തിനുള്ളിലേക്കു കൂട്ടിക്കൊണ്ടുപോയി. പക്ഷേ, അവിടെവെച്ച് യോവാബ് അയാളുടെ വയറ്റത്ത് കുത്തി. അബ്നേർ മരിച്ചു.+ അങ്ങനെ, സഹോദരനായ അസാഹേലിനെ കൊന്നതിനു* യോവാബ് പകരംവീട്ടി.+ 28 പിന്നീട്, ഇക്കാര്യം അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച്+ ഞാനും എന്റെ രാജ്യവും എന്നും യഹോവയുടെ മുമ്പാകെ നിരപരാധികളായിരിക്കും. 29 ആ കുറ്റം യോവാബിന്റെ+ തലമേലും അവന്റെ പിതൃഭവനത്തിന്മേലും* ഇരിക്കട്ടെ. സ്രവരോഗിയോ+ കുഷ്ഠരോഗിയോ+ തക്ലികൊണ്ട് നൂൽ നൂൽക്കുന്ന പുരുഷനോ* വാളാൽ വീഴുന്നവനോ ആഹാരത്തിനായി കേഴുന്നവനോ+ യോവാബിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയാതിരിക്കട്ടെ!” 30 അങ്ങനെ, ഗിബെയോനിൽവെച്ച് നടന്ന യുദ്ധത്തിൽ തങ്ങളുടെ സഹോദരനായ അസാഹേലിനെ അബ്നേർ+ കൊന്നതുകൊണ്ട് യോവാബും സഹോദരനായ അബീശായിയും+ അബ്നേരിനെ കൊലപ്പെടുത്തി.+
31 പിന്നെ, ദാവീദ് യോവാബിനോടും കൂടെയുണ്ടായിരുന്ന എല്ലാ ജനത്തോടും പറഞ്ഞു: “നിങ്ങൾ വസ്ത്രം കീറി വിലാപവസ്ത്രം ധരിച്ച് അബ്നേരിനെ ഓർത്ത് വിലപിക്കുക.” ശവമഞ്ചത്തിനു പിന്നിലായി രാജാവായ ദാവീദും നടന്നു. 32 അവർ അബ്നേരിനെ ഹെബ്രോനിൽ അടക്കം ചെയ്തു. അബ്നേരിന്റെ ശവകുടീരത്തിൽവെച്ച് രാജാവ് പൊട്ടിക്കരഞ്ഞു. ജനമെല്ലാം കണ്ണീരൊഴുക്കി. 33 രാജാവ് അബ്നേരിനെക്കുറിച്ച് ഒരു വിലാപകാവ്യം ചൊല്ലി:
“അബ്നേർ ഒരു വിവരംകെട്ടവനെപ്പോലെ മരിക്കേണ്ടവനോ?
ദുഷ്കർമികളുടെ* മുന്നിൽ വീഴുന്നവനെപ്പോലെ നീ വീണുപോയല്ലോ.”+
അപ്പോൾ, ജനമെല്ലാം അബ്നേരിനെ ഓർത്ത് വീണ്ടും കരഞ്ഞു.
35 പിന്നീട്, ജനം മുഴുവൻ സൂര്യാസ്തമയത്തിനു മുമ്പുതന്നെ ദാവീദിനു സാന്ത്വനത്തിന്റെ അപ്പം* കൊടുക്കാൻ ചെന്നു. പക്ഷേ, ദാവീദ് ഇങ്ങനെ സത്യം ചെയ്തു: “സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് ഞാൻ അപ്പമോ മറ്റ് എന്തെങ്കിലുമോ രുചിച്ചുനോക്കിയാൽ ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ!”+ 36 ജനമെല്ലാം അതു ശ്രദ്ധിച്ചു. അവർക്ക് അതു ബോധിക്കുകയും ചെയ്തു. രാജാവ് ചെയ്യുന്ന മറ്റെല്ലാ കാര്യങ്ങളുംപോലെ ഇതും അവർക്കെല്ലാം ഇഷ്ടമായി. 37 അങ്ങനെ, നേരിന്റെ മകനായ അബ്നേരിന്റെ മരണത്തിനു രാജാവ് ഉത്തരവാദിയല്ലെന്ന്+ എല്ലാ ജനത്തിനും ഇസ്രായേലിനു മുഴുവനും അന്നു മനസ്സിലായി. 38 തുടർന്ന്, രാജാവ് ദാസന്മാരോടു പറഞ്ഞു: “ഒരു പ്രഭുവിനെ, ഒരു മഹാനെ, ആണ് ഇസ്രായേലിന് ഇന്നു നഷ്ടമായിരിക്കുന്നതെന്നു+ നിങ്ങൾക്ക് അറിയില്ലേ? 39 രാജാവായി അഭിഷേകം* ചെയ്യപ്പെട്ടെങ്കിലും+ ഇന്നു ഞാൻ ദുർബലനാണ്. സെരൂയയുടെ പുത്രന്മാരായ+ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്തത്ര നിഷ്ഠുരന്മാരാണ്.+ ദുഷ്പ്രവൃത്തിക്കാരന് അയാളുടെ ദോഷത്തിന്+ അനുസൃതമായി യഹോവ പകരം കൊടുക്കട്ടെ.”
4 അബ്നേർ ഹെബ്രോനിൽവെച്ച്+ മരിച്ചെന്ന വാർത്ത ശൗലിന്റെ മകനായ ഈശ്-ബോശെത്ത്+ കേട്ടപ്പോൾ* അയാളുടെ ധൈര്യം ചോർന്നുപോയി. ഇസ്രായേല്യർ മുഴുവനും അസ്വസ്ഥരായി. 2 ശൗലിന്റെ മകന്റെ കവർച്ചപ്പടകളുടെ ചുമതല വഹിക്കുന്ന രണ്ടു പുരുഷന്മാരുണ്ടായിരുന്നു, ബാനെയും രേഖാബും. ബന്യാമീൻ ഗോത്രത്തിലെ ബേരോത്ത്യനായ രിമ്മോന്റെ ആൺമക്കളായിരുന്നു അവർ. (ബേരോത്തിനെയും+ ബന്യാമീന്റെ ഭാഗമായിട്ടാണു കണക്കാക്കിയിരുന്നത്. 3 ഗിഥയീമിലേക്ക്+ ഓടിപ്പോയ ബേരോത്ത്യർ ഇന്നും അവിടെ അന്യനാട്ടിൽനിന്ന് കുടിയേറിയവരായി കഴിയുന്നു.)
4 ശൗലിന്റെ മകനായ യോനാഥാനു+ കാലുകൾക്കു വൈകല്യമുള്ള*+ ഒരു മകനുണ്ടായിരുന്നു. കുട്ടിക്ക് അഞ്ചു വയസ്സുള്ളപ്പോഴാണു ശൗലിന്റെയും യോനാഥാന്റെയും മരണവാർത്ത ജസ്രീലിൽനിന്ന്+ എത്തുന്നത്. അപ്പോൾ, വളർത്തമ്മ കുട്ടിയെയും എടുത്തുകൊണ്ട് ഓടി. അങ്ങനെ പേടിച്ച് ഓടുമ്പോൾ കുട്ടി വളർത്തമ്മയുടെ കൈയിൽനിന്ന് താഴെ വീണു. അങ്ങനെയാണ് അയാളുടെ കാലുകൾക്കു വൈകല്യമുണ്ടായത്. മെഫിബോശെത്ത്+ എന്നായിരുന്നു അയാളുടെ പേര്.
5 ബേരോത്ത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനെയും നട്ടുച്ച നേരത്ത് ഈശ്-ബോശെത്തിന്റെ വീട്ടിലേക്കു ചെന്നു. ഈശ്-ബോശെത്ത് അപ്പോൾ ഉച്ചമയക്കത്തിലായിരുന്നു. 6 ഗോതമ്പ് എടുക്കാനെന്ന ഭാവത്തിൽ അവർ വീട്ടിനുള്ളിലേക്കു കയറിച്ചെന്ന് അയാളുടെ വയറ്റത്ത് കുത്തി. എന്നിട്ട്, രേഖാബും സഹോദരൻ ബാനെയും+ അവിടെനിന്ന് രക്ഷപ്പെട്ടു. 7 അവർ ഈശ്-ബോശെത്തിന്റെ വീട്ടിൽ കടന്നപ്പോൾ അയാൾ തന്റെ കിടപ്പറയിൽ കട്ടിലിൽ കിടക്കുകയായിരുന്നു. അവർ അയാളെ കുത്തിക്കൊന്ന് അയാളുടെ തല വെട്ടിയെടുത്തു. അവർ ആ തലയുമായി അരാബയിലേക്കുള്ള വഴിയിലൂടെ രാത്രി മുഴുവൻ നടന്ന് 8 അതു ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് കൊണ്ടുവന്നു. അവർ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ജീവനെടുക്കാൻ ശ്രമിച്ച+ അങ്ങയുടെ ശത്രുവായ+ ശൗലിന്റെ മകൻ ഈശ്-ബോശെത്തിന്റെ+ തല ഇതാ! എന്റെ യജമാനനായ രാജാവിനുവേണ്ടി ഇന്ന് യഹോവ ശൗലിനോടും അയാളുടെ വംശജരോടും പ്രതികാരം ചെയ്തിരിക്കുന്നു.”
9 പക്ഷേ, ബേരോത്ത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും സഹോദരൻ ബാനെയോടും ദാവീദ് പറഞ്ഞ മറുപടി ഇതായിരുന്നു: “എല്ലാ കഷ്ടതകളിൽനിന്നും എന്നെ രക്ഷിച്ച* യഹോവയാണെ,+ 10 താൻ ഒരു സന്തോഷവാർത്തയാണു കൊണ്ടുവരുന്നതെന്നു കരുതി ‘ശൗൽ മരിച്ചു’+ എന്ന് എന്നെ അറിയിച്ചവനെ ഞാൻ പിടിച്ച് സിക്ലാഗിൽവെച്ച് കൊന്നുകളഞ്ഞു.+ അതായിരുന്നു ആ വാർത്ത കൊണ്ടുവന്നതിന് ഞാൻ കൊടുത്ത പ്രതിഫലം! 11 അങ്ങനെയെങ്കിൽ, ദുഷ്ടന്മാർ ഒരു നീതിമാനെ അയാളുടെ വീട്ടിൽ ചെന്ന് സ്വന്തം കട്ടിലിൽവെച്ച് കൊന്നുകളഞ്ഞാൽ എത്രയധികം പകരം കൊടുക്കണം! ഞാൻ അയാളുടെ രക്തം നിങ്ങളോടു ചോദിച്ച്+ നിങ്ങളെ ഭൂമുഖത്തുനിന്ന് നീക്കം ചെയ്യേണ്ടതല്ലേ?” 12 തുടർന്ന് ദാവീദ്, അവരെ കൊല്ലാൻ യുവാക്കളോടു കല്പിച്ചു.+ അവർ അവരുടെ കൈകളും പാദങ്ങളും വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന് അടുത്ത് തൂക്കി.+ പക്ഷേ, ഈശ്-ബോശെത്തിന്റെ തല അവർ ഹെബ്രോനിൽ അബ്നേരിനെ അടക്കിയിടത്ത് അടക്കം ചെയ്തു.
5 പിന്നീട് ഇസ്രായേൽഗോത്രങ്ങളെല്ലാം ഹെബ്രോനിൽ+ ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “ഞങ്ങൾ അങ്ങയുടെ സ്വന്തം അസ്ഥിയും മാംസവും* ആണല്ലോ.+ 2 മുമ്പ് ശൗൽ ഞങ്ങളുടെ രാജാവായിരുന്നപ്പോഴും അങ്ങായിരുന്നല്ലോ ഇസ്രായേലിന്റെ സൈന്യത്തെ നയിച്ചിരുന്നത്.*+ മാത്രമല്ല യഹോവ അങ്ങയോട്, ‘എന്റെ ജനമായ ഇസ്രായേലിനെ നീ മേയ്ക്കും. നീ ഇസ്രായേലിന്റെ നേതാവാകും’+ എന്നു പറയുകയും ചെയ്തിട്ടുണ്ട്.” 3 അങ്ങനെ ഇസ്രായേലിലെ മൂപ്പന്മാരെല്ലാം ഹെബ്രോനിൽ രാജാവിന്റെ അടുത്ത് വന്നു. ദാവീദ് രാജാവ് ഹെബ്രോനിൽവെച്ച് യഹോവയെ സാക്ഷിയാക്കി അവരുമായി ഒരു ഉടമ്പടി ചെയ്തു.+ തുടർന്ന് അവർ ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു.+
4 രാജാവായപ്പോൾ ദാവീദിന് 30 വയസ്സായിരുന്നു. ദാവീദ് 40 വർഷം ഭരിച്ചു.+ 5 ദാവീദ് ഹെബ്രോനിലിരുന്ന് യഹൂദയെ ഏഴു വർഷവും ആറു മാസവും ഭരിച്ചു. യരുശലേമിലിരുന്ന്+ 33 വർഷം ഇസ്രായേൽ മുഴുവനെയും യഹൂദയെയും ഭരിച്ചു. 6 ദാവീദ് രാജാവും ആളുകളും യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരുടെ+ നേരെ ചെന്നു. അവർ ഇങ്ങനെ പറഞ്ഞ് ദാവീദിനെ കളിയാക്കി: “നിനക്ക് ഒരു കാലത്തും ഇവിടെ കാലു കുത്താനാകില്ല! വെറും അന്ധരും മുടന്തരും മതി നിന്നെ ഓടിച്ചുകളയാൻ.” ‘ദാവീദ് ഒരിക്കലും അവിടെ കടക്കില്ല’+ എന്നായിരുന്നു അവരുടെ വിചാരം. 7 പക്ഷേ ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതു ദാവീദിന്റെ നഗരം+ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്നു. 8 അന്നു ദാവീദ് പറഞ്ഞു: “യബൂസ്യരെ ആക്രമിക്കുന്നവർ ജലതുരങ്കത്തിലൂടെ ചെന്ന് ദാവീദ് വെറുക്കുന്ന ‘മുടന്തരെയും അന്ധരെയും’ കൊന്നുകളയണം.” അതുകൊണ്ടാണ്, “അന്ധരും മുടന്തരും ഒരിക്കലും ഭവനത്തിൽ കടക്കില്ല” എന്നൊരു ചൊല്ലുണ്ടായത്. 9 തുടർന്ന്, ദാവീദ് ആ കോട്ടയിൽ താമസംതുടങ്ങി. അതു ദാവീദിന്റെ നഗരം എന്ന് അറിയപ്പെട്ടു.* ദാവീദ് നഗരത്തെ മില്ലോ*+ മുതൽ ഉള്ളിലേക്കും ചുറ്റോടുചുറ്റും പണിതു.+ 10 അങ്ങനെ ദാവീദ് കൂടുതൽക്കൂടുതൽ ശക്തനായി.+ സൈന്യങ്ങളുടെ ദൈവമായ യഹോവ ദാവീദിന്റെകൂടെയുണ്ടായിരുന്നു.+
11 സോർരാജാവായ ഹീരാം+ ദാവീദിന്റെ അടുത്തേക്കു ദൂതന്മാരെ അയച്ചു. ഹീരാം അങ്ങോട്ടു ദേവദാരുത്തടികൾ+ കൊടുത്തുവിട്ടു. കൂടാതെ മരപ്പണിക്കാരെയും ചുവർനിർമാണത്തിനായി കൽപ്പണിക്കാരെയും അയച്ചു. അവർ ദാവീദിന് ഒരു ഭവനം* പണിയാൻതുടങ്ങി.+ 12 യഹോവ ഇസ്രായേലിന്റെ രാജാവായി തന്നെ സ്ഥിരപ്പെടുത്തിയിരിക്കുന്നെന്നും+ തന്റെ ജനമായ ഇസ്രായേലിനുവേണ്ടി+ തന്റെ രാജ്യാധികാരം ഉന്നതമാക്കിയിരിക്കുന്നെന്നും+ ദാവീദിന് അറിയാമായിരുന്നു.
13 ഹെബ്രോനിൽനിന്ന് യരുശലേമിൽ വന്നശേഷം ദാവീദ് കൂടുതൽ പേരെ ഭാര്യമാരായും ഉപപത്നിമാരായും+ സ്വീകരിച്ചു. ദാവീദിനു ധാരാളം മക്കൾ ജനിച്ചു.+ 14 യരുശലേമിൽവെച്ച് ദാവീദിനു ജനിച്ചവർ ഇവരാണ്: ശമ്മൂവ, ശോബാബ്, നാഥാൻ,+ ശലോമോൻ,+ 15 യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫീയ, 16 എലീശാമ, എല്യാദ, എലീഫേലെത്ത്.
17 ദാവീദിനെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തു+ എന്നു കേട്ടപ്പോൾ ഫെലിസ്ത്യർ ഒന്നടങ്കം ദാവീദിനെ പിടിക്കാൻ വന്നു.+ അത് അറിഞ്ഞ ദാവീദ് ഒളിസങ്കേതത്തിലേക്കു പോയി.+ 18 ഫെലിസ്ത്യർ വന്ന് രഫായീം താഴ്വരയിൽ+ നിരന്നു. 19 അപ്പോൾ ദാവീദ് യഹോവയോടു ചോദിച്ചു:+ “ഞാൻ ഫെലിസ്ത്യർക്കു നേരെ ചെല്ലണോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിനോട്, “പോകൂ, ഫെലിസ്ത്യരെ ഞാൻ ഉറപ്പായും നിന്റെ കൈയിൽ ഏൽപ്പിക്കും”+ എന്നു പറഞ്ഞു. 20 അങ്ങനെ ദാവീദ് ബാൽ-പെരാസീമിൽ ചെന്ന് അവരെ തോൽപ്പിച്ചു. ദാവീദ് പറഞ്ഞു: “ഇരച്ചെത്തുന്ന വെള്ളം പ്രതിബന്ധങ്ങൾ തകർക്കുന്നതുപോലെ യഹോവ എന്റെ മുന്നിൽ ശത്രുക്കളെ തകർത്തിരിക്കുന്നു.”+ അതുകൊണ്ട് ദാവീദ് ആ സ്ഥലത്തിനു ബാൽ-പെരാസീം*+ എന്നു പേരിട്ടു. 21 ഫെലിസ്ത്യർ അവരുടെ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ചിട്ടാണു പോയത്. ദാവീദും കൂട്ടരും അവ എടുത്തുകൊണ്ടുപോയി.
22 ഫെലിസ്ത്യർ വീണ്ടും വന്ന് രഫായീം താഴ്വരയിൽ+ നിരന്നു. 23 ദാവീദ് യഹോവയുടെ ഉപദേശം ചോദിച്ചു. പക്ഷേ ദൈവം പറഞ്ഞു: “നേരെ അവരുടെ മുന്നിലേക്കു ചെല്ലരുത്. വളഞ്ഞുചുറ്റി അവരുടെ പിന്നിലേക്കു ചെല്ലുക. ബാഖ ചെടികളുടെ മുന്നിൽവെച്ച് വേണം അവരെ നേരിടാൻ. 24 ബാഖ ചെടികളുടെ മുകളിൽനിന്ന്, ഒരു സൈന്യം നടന്നുനീങ്ങുന്ന ശബ്ദം കേൾക്കുമ്പോൾ സത്വരം പ്രവർത്തിക്കണം. കാരണം ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ യഹോവ നിങ്ങൾക്കു മുമ്പേ പോയിട്ടുണ്ടാകും.” 25 യഹോവ കല്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. അദ്ദേഹം ഗേബ+ മുതൽ ഗേസെർ+ വരെ ഫെലിസ്ത്യരെ കൊന്നുവീഴ്ത്തി.+
6 ദാവീദ് വീണ്ടും ഇസ്രായേലിലെങ്ങുമുള്ള ഏറ്റവും സമർഥരായ യോദ്ധാക്കളെ കൂട്ടിവരുത്തി. അവർ 30,000 പേരുണ്ടായിരുന്നു. 2 പിന്നെ ദാവീദും കൂട്ടരും സത്യദൈവത്തിന്റെ പെട്ടകം ബാലേ-യഹൂദയിൽനിന്ന് കൊണ്ടുവരാൻ+ അങ്ങോട്ടു പോയി. അതിന്റെ മുന്നിൽവെച്ചായിരുന്നു ജനം, കെരൂബുകളുടെ+ മീതെ സിംഹാസനത്തിൽ* ഇരിക്കുന്ന സൈന്യങ്ങളുടെ അധിപനായ യഹോവയുടെ+ പേര് വിളിച്ചപേക്ഷിച്ചിരുന്നത്. 3 സത്യദൈവത്തിന്റെ പെട്ടകം കുന്നിൻപുറത്തുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് കൊണ്ടുവരാൻ അവർ അത് ഒരു പുതിയ വണ്ടിയിൽ+ വെച്ചു. അബീനാദാബിന്റെ+ പുത്രന്മാരായ ഉസ്സയും അഹ്യൊയും ആണ് വണ്ടി തെളിച്ചിരുന്നത്.
4 അങ്ങനെ, അവർ സത്യദൈവത്തിന്റെ പെട്ടകം കുന്നിൻപുറത്തുള്ള അബീനാദാബിന്റെ വീട്ടിൽനിന്ന് കൊണ്ടുപോന്നു. അഹ്യൊ, പെട്ടകത്തിനു മുന്നിലായി നടന്നു. 5 ദാവീദും ഇസ്രായേൽഗൃഹം മുഴുവനും, കിന്നരങ്ങളും മറ്റു തന്ത്രിവാദ്യങ്ങളും+ തപ്പുകളും+ കിലുക്കുവാദ്യങ്ങളും ഇലത്താളങ്ങളും+ ജൂനിപ്പർത്തടികൊണ്ടുള്ള എല്ലാ തരം വാദ്യോപകരണങ്ങളും കൊണ്ട് യഹോവയുടെ മുന്നിൽ ആഘോഷിച്ച് ഉല്ലസിച്ചു. 6 പക്ഷേ അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ, കന്നുകാലികൾ വിരണ്ടിട്ട് സത്യദൈവത്തിന്റെ പെട്ടകം മറിയാൻതുടങ്ങുന്നെന്നു കണ്ട ഉസ്സ കൈ നീട്ടി അതിൽ കയറിപ്പിടിച്ചു.+ 7 അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ആളിക്കത്തി. ഉസ്സ ഇങ്ങനെ ചെയ്ത് അനാദരവ്+ കാണിച്ചതുകൊണ്ട് സത്യദൈവം അയാളെ പ്രഹരിച്ചു.+ അയാൾ സത്യദൈവത്തിന്റെ പെട്ടകത്തിന് അടുത്ത് മരിച്ചുവീണു. 8 പക്ഷേ ഉസ്സയ്ക്കു നേരെ യഹോവയുടെ കോപം ആളിക്കത്തിയതുകൊണ്ട് ദാവീദിനു ദേഷ്യം* വന്നു. ആ സ്ഥലം ഇന്നുവരെയും പേരെസ്-ഉസ്സ* എന്ന് അറിയപ്പെടുന്നു. 9 ദാവീദിന് അന്ന് യഹോവയോടു ഭയം+ തോന്നി. “ഞാൻ എങ്ങനെ യഹോവയുടെ പെട്ടകം എന്റെ അടുത്ത് കൊണ്ടുവരും” എന്നു ദാവീദ് പറഞ്ഞു.+ 10 യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ+ താൻ താമസിച്ചിരുന്ന സ്ഥലത്തേക്കു കൊണ്ടുവരാൻ ദാവീദ് ഒരുക്കമല്ലായിരുന്നു. ദാവീദ് അതു ഗിത്ത്യനായ ഓബേദ്-ഏദോമിന്റെ+ വീട്ടിലേക്കു കൊണ്ടുപോകാൻ ഏർപ്പാടാക്കി.
11 യഹോവയുടെ പെട്ടകം മൂന്നു മാസം ഗിത്ത്യനായ ഓബേദ്-ഏദോമിന്റെ വീട്ടിൽ ഇരുന്നു. യഹോവ ഓബേദ്-ഏദോമിനെയും അയാളുടെ വീട്ടിലുള്ള എല്ലാവരെയും അനുഗ്രഹിച്ചു.+ 12 “സത്യദൈവത്തിന്റെ പെട്ടകം നിമിത്തം യഹോവ ഓബേദ്-ഏദോമിന്റെ ഭവനത്തെയും അയാൾക്കുള്ള സകലത്തെയും അനുഗ്രഹിച്ചിരിക്കുന്നു” എന്നു ദാവീദ് രാജാവിനു വിവരം കിട്ടി. അതുകൊണ്ട് പെട്ടകം ഓബേദ്-ഏദോമിന്റെ വീട്ടിൽനിന്ന് ആഘോഷപൂർവം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവരാൻ ദാവീദ് അങ്ങോട്ടു ചെന്നു.+ 13 യഹോവയുടെ പെട്ടകം ചുമന്നിരുന്നവർ+ ആറു ചുവടു വെച്ചപ്പോൾ ദാവീദ് ഒരു കാളയെയും കൊഴുപ്പിച്ച ഒരു മൃഗത്തെയും ബലി അർപ്പിച്ചു.
14 ദാവീദ് ഒരു ലിനൻ ഏഫോദ് ധരിച്ച് യഹോവയുടെ മുന്നിൽ സർവശക്തിയോടെ ചുറ്റി നൃത്തം ചെയ്തുകൊണ്ടിരുന്നു.+ 15 അങ്ങനെ, ദാവീദും ഇസ്രായേൽഗൃഹം മുഴുവനും ആർപ്പുവിളിച്ചും+ കൊമ്പു+ മുഴക്കിയും യഹോവയുടെ പെട്ടകം+ കൊണ്ടുവന്നു. 16 യഹോവയുടെ പെട്ടകം ദാവീദിന്റെ നഗരത്തിൽ പ്രവേശിച്ചപ്പോൾ ശൗലിന്റെ മകളായ മീഖൾ+ ജനലിലൂടെ താഴേക്കു നോക്കി. ദാവീദ് രാജാവ് യഹോവയുടെ മുന്നിൽ തുള്ളിച്ചാടി നൃത്തം ചെയ്യുന്നതു കണ്ടപ്പോൾ മീഖളിനു ഹൃദയത്തിൽ ദാവീദിനോടു പുച്ഛം തോന്നി.+ 17 അവർ യഹോവയുടെ പെട്ടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി നിർമിച്ച+ കൂടാരത്തിനുള്ളിൽ അതിന്റെ സ്ഥാനത്ത് വെച്ചു. തുടർന്ന്, ദാവീദ് യഹോവയുടെ സന്നിധിയിൽ ദഹനയാഗങ്ങളും+ സഹഭോജനബലികളും+ അർപ്പിച്ചു.+ 18 ദഹനയാഗങ്ങളും സഹഭോജനബലികളും അർപ്പിച്ചശേഷം ദാവീദ് സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ ജനത്തെ അനുഗ്രഹിച്ചു. 19 കൂടാതെ ദാവീദ് ജനത്തിനു മുഴുവൻ, അതായത് ഇസ്രായേൽപുരുഷാരത്തിലെ എല്ലാ പുരുഷന്മാർക്കും സ്ത്രീകൾക്കും, ഈന്തപ്പഴംകൊണ്ടുള്ള ഒരു അടയും ഒരു ഉണക്കമുന്തിരിയടയും വളയാകൃതിയിലുള്ള ഒരു അപ്പവും വിതരണം ചെയ്തു. അതിനു ശേഷം ജനമെല്ലാം അവരവരുടെ വീടുകളിലേക്കു പോയി.
20 ദാവീദ് വീട്ടിലുള്ളവരെ അനുഗ്രഹിക്കുന്നതിനു വീട്ടിലേക്കു വന്നപ്പോൾ ശൗലിന്റെ മകൾ മീഖൾ+ ദാവീദിനെ കാണാൻ പുറത്ത് വന്നു. മീഖൾ പറഞ്ഞു: “ഇസ്രായേൽരാജാവ് ഇന്ന് എത്ര വലിയ മഹത്ത്വമാണു നേടിയിരിക്കുന്നത്! പൊതുജനമധ്യേ സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്ന വെളിവുകെട്ട ഒരാളെപ്പോലെ, തന്റെ ദാസന്മാരുടെ അടിമപ്പെൺകുട്ടികളുടെ മുന്നിൽ രാജാവ് ഇന്നു തന്നെത്തന്നെ അനാവൃതനാക്കിയില്ലേ!”+ 21 അപ്പോൾ ദാവീദ് മീഖളിനോടു പറഞ്ഞു: “ഞാൻ ആഘോഷിച്ച് ഉല്ലസിച്ചത് യഹോവയുടെ മുന്നിലാണ്. നിന്റെ അപ്പനും അപ്പന്റെ വീട്ടിലുള്ളവർക്കും പകരം എന്നെ തിരഞ്ഞെടുക്കുകയും സ്വന്തം ജനമായ ഇസ്രായേലിനു മേൽ എന്നെ നേതാവായി നിയമിക്കുകയും ചെയ്തത് യഹോവയാണ്.+ അതുകൊണ്ട്, ഞാൻ യഹോവയുടെ മുമ്പാകെ ആഘോഷിച്ച് ഉല്ലസിക്കും. 22 ഞാൻ ഇതിലപ്പുറവും എന്നെത്തന്നെ താഴ്ത്തും. തീരെ താണുപോയെന്നു സ്വയം തോന്നുന്ന അളവുവരെപ്പോലും ഞാൻ എന്നെ താഴ്ത്തും. പക്ഷേ, നീ പറഞ്ഞ അടിമപ്പെൺകുട്ടികളുണ്ടല്ലോ, അവരിലൂടെ എനിക്കു മഹത്ത്വമുണ്ടാകും.” 23 ശൗലിന്റെ മകളായ മീഖളിനു+ ജീവപര്യന്തം കുട്ടികൾ ഉണ്ടായില്ല.
7 രാജാവ് സ്വന്തം കൊട്ടാരത്തിൽ+ താമസമാക്കിയ കാലം. ചുറ്റുമുള്ള ശത്രുക്കളിൽനിന്നെല്ലാം യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. 2 രാജാവ് നാഥാൻ+ പ്രവാചകനോടു പറഞ്ഞു: “ഞാൻ ഇവിടെ ദേവദാരുകൊണ്ടുള്ള അരമനയിൽ+ താമസിക്കുന്നു. പക്ഷേ സത്യദൈവത്തിന്റെ പെട്ടകം ഇരിക്കുന്നത് ഒരു കൂടാരത്തിലും.”+ 3 അപ്പോൾ നാഥാൻ പറഞ്ഞു: “അങ്ങ് ചെന്ന് അങ്ങയുടെ ആഗ്രഹംപോലെ ചെയ്തുകൊള്ളൂ. യഹോവ അങ്ങയുടെകൂടെയുണ്ട്.”+
4 ആ രാത്രിതന്നെ നാഥാന് യഹോവയുടെ സന്ദേശം കിട്ടി. ദൈവം പറഞ്ഞു: 5 “ചെന്ന് എന്റെ ദാസനായ ദാവീദിനോട് ഇങ്ങനെ പറയുക: ‘യഹോവ പറയുന്നു: “എനിക്കു വസിക്കാൻ നീ ഒരു ഭവനം പണിയേണ്ടതുണ്ടോ?+ 6 ഈജിപ്തിൽനിന്ന് ഇസ്രായേൽ ജനത്തെ വിടുവിച്ച് കൊണ്ടുവന്ന ദിവസംമുതൽ ഇന്നുവരെ ഞാൻ ഒരു ഭവനത്തിൽ താമസിച്ചിട്ടില്ലല്ലോ.+ ഞാൻ കൂടാരത്തിൽ+ വസിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിക്കുകയായിരുന്നില്ലേ?* 7 ഞാൻ എല്ലാ ഇസ്രായേല്യരുടെയുംകൂടെ സഞ്ചരിച്ച കാലത്ത് എപ്പോഴെങ്കിലും, എന്റെ ജനമായ ഇസ്രായേലിനെ മേയ്ക്കാൻ ഞാൻ നിയമിച്ച ഏതെങ്കിലും ഒരു ഗോത്രത്തലവനോട്, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ടുള്ള ഒരു ഭവനം പണിയാത്തത് എന്താണ്’ എന്നു ചോദിച്ചിട്ടുണ്ടോ?”’ 8 അതുകൊണ്ട് എന്റെ ദാസനായ ദാവീദിനോടു പറയുക: ‘സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: “മേച്ചിൽപ്പുറങ്ങളിൽ ആടു മേയ്ച്ച്+ നടന്ന നിന്നെ എന്റെ ജനമായ ഇസ്രായേലിനു നേതാവാകാൻ+ ഞാൻ തിരഞ്ഞെടുത്തു. 9 നീ എവിടെപ്പോയാലും ഞാൻ കൂടെയുണ്ടായിരിക്കും.+ നിന്റെ ശത്രുക്കളെയെല്ലാം ഞാൻ നിന്റെ മുന്നിൽനിന്ന് തുടച്ചുനീക്കും. + നിന്റെ പേര് ഭൂമിയിലെ മഹാന്മാരുടെ പേരുപോലെ കീർത്തിയുള്ളതാക്കും.+ 10 എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം തിരഞ്ഞെടുത്ത് ഞാൻ അവരെ അവിടെ താമസിപ്പിക്കും. അവർ അവിടെ സ്വസ്ഥമായി കഴിയും. ആരും അവരെ ശല്യപ്പെടുത്തില്ല.+ 11 എന്റെ ജനമായ ഇസ്രായേലിനു ഞാൻ ന്യായാധിപന്മാരെ+ നിയമിച്ച കാലംമുതൽ ദുഷ്ടന്മാർ അവരെ ദ്രോഹിച്ചതുപോലെ ഇനി ദ്രോഹിക്കില്ല. നിന്റെ എല്ലാ ശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥത തരും.+
“‘“കൂടാതെ യഹോവ നിനക്കുവേണ്ടി ഒരു ഭവനം* പണിയുമെന്നും+ യഹോവ നിന്നോടു പറയുന്നു. 12 നിന്റെ കാലം കഴിഞ്ഞ്+ നീ പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊള്ളുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ സ്വന്തം മകനെ, എഴുന്നേൽപ്പിക്കും. അവന്റെ രാജ്യാധികാരം ഞാൻ സുസ്ഥിരമാക്കും.+ 13 അവനായിരിക്കും എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത്.+ അവന്റെ രാജ്യാധികാരത്തിന്റെ സിംഹാസനം ഞാൻ ഒരിക്കലും ഇളകിപ്പോകാത്ത വിധം സുസ്ഥിരമായി സ്ഥാപിക്കും.+ 14 ഞാൻ അവനു പിതാവും അവൻ എനിക്കു മകനും ആയിരിക്കും.+ അവൻ തെറ്റു ചെയ്യുമ്പോൾ ഞാൻ മനുഷ്യരുടെ വടികൊണ്ടും മനുഷ്യമക്കളുടെ* അടികൊണ്ടും അവനെ തിരുത്തും.+ 15 നിന്റെ മുന്നിൽനിന്ന് ഞാൻ നീക്കിക്കളഞ്ഞ ശൗലിൽനിന്ന്+ എന്റെ അചഞ്ചലസ്നേഹം ഞാൻ പിൻവലിച്ചതുപോലെ അവനിൽനിന്ന് ഞാൻ എന്റെ അചഞ്ചലസ്നേഹം പിൻവലിക്കില്ല. 16 നിന്റെ ഭവനവും നിന്റെ രാജ്യാധികാരവും നിന്റെ മുന്നിൽ എന്നും ഭദ്രമായിരിക്കും. നിന്റെ സിംഹാസനം എന്നും സുസ്ഥിരമായിരിക്കും.”’”+
17 ഈ വാക്കുകളും തനിക്കു ലഭിച്ച ദിവ്യദർശനവും നാഥാൻ ദാവീദിനോടു വിവരിച്ചു.+
18 അപ്പോൾ ദാവീദ് രാജാവ് യഹോവയുടെ സന്നിധിയിൽ വന്ന് അവിടെ ഇരുന്ന് ഇങ്ങനെ പറഞ്ഞു: “പരമാധികാരിയായ യഹോവേ, എന്നെ ഇത്രത്തോളം ഉയർത്താൻ ഞാൻ ആരാണ്? എന്റെ കുടുംബവും എത്ര നിസ്സാരം!+ 19 എന്നിട്ടും പരമാധികാരിയായ യഹോവേ, ഇതൊന്നും പോരാ എന്നപോലെ, അടിയന്റെ ഭവനത്തിനു വിദൂരഭാവിയിൽ സംഭവിക്കാനിരിക്കുന്നതിനെക്കുറിച്ചുപോലും അങ്ങ് പറഞ്ഞിരിക്കുന്നു. യഹോവേ, പരമാധികാരിയാം കർത്താവേ, ഇതു മുഴുമനുഷ്യകുടുംബത്തിനും നൽകിയിരിക്കുന്ന നിർദേശമാണല്ലോ.* 20 പരമാധികാരിയായ യഹോവേ, അങ്ങയ്ക്ക് എന്നെ ഇത്ര നന്നായി അറിയാവുന്ന+ സ്ഥിതിക്ക് അങ്ങയുടെ ദാസനായ ഈ ദാവീദ് അങ്ങയോട് ഇതിൽക്കൂടുതൽ എന്തു പറയാനാണ്? 21 അങ്ങയുടെ വാക്കിനെ കരുതിയും അങ്ങയുടെ ഹൃദയത്തിനു ബോധിച്ചതുപോലെയും* അങ്ങ് ഈ മഹാകാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നു. അവ അങ്ങയുടെ ഈ ദാസനു വെളിപ്പെടുത്തുകയും+ ചെയ്തു. 22 അതുകൊണ്ടാണ് പരമാധികാരിയായ യഹോവേ, അങ്ങ് ശരിക്കും മഹാനായിരിക്കുന്നത്.+ അങ്ങയെപ്പോലെ മറ്റാരുമില്ല.+ അങ്ങല്ലാതെ മറ്റൊരു ദൈവമില്ല.+ ഞങ്ങൾ കേട്ട കാര്യങ്ങളെല്ലാം ഇതു സത്യമാണെന്നതിനു തെളിവ് തരുന്നു. 23 അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ വേറെ ഏതു ജനതയാണ് ഈ ഭൂമിയിലുള്ളത്?+ ദൈവമേ, അങ്ങ് ചെന്ന് ഭയാദരവ് ഉണർത്തുന്ന+ മഹാകാര്യങ്ങൾ അവർക്കുവേണ്ടി ചെയ്ത് അവരെ വീണ്ടെടുത്ത് അങ്ങയുടെ ജനമാക്കിയിരിക്കുന്നു.+ അങ്ങ് അങ്ങയുടെ പേര് അങ്ങനെ ഉന്നതമാക്കി.+ അങ്ങ് ഈജിപ്തിൽനിന്ന് അങ്ങയ്ക്കായി വീണ്ടെടുത്ത അങ്ങയുടെ ജനത്തിനുവേണ്ടി ജനതകളെയും അവരുടെ ദൈവങ്ങളെയും നീക്കിക്കളഞ്ഞല്ലോ. 24 എന്നും അങ്ങയുടെ സ്വന്തജനമായിരിക്കാൻ ഇസ്രായേലിനെ അങ്ങ് തിരഞ്ഞെടുത്തിരിക്കുന്നു.+ യഹോവേ, അങ്ങ് അവരുടെ ദൈവവുമായിരിക്കുന്നു.+
25 “അതുകൊണ്ട് ദൈവമായ യഹോവേ, അടിയനെയും അടിയന്റെ ഭവനത്തെയും കുറിച്ച് അങ്ങ് വാഗ്ദാനം ചെയ്തത് എല്ലാ കാലത്തും നിവർത്തിക്കേണമേ. വാഗ്ദാനം ചെയ്തതുപോലെതന്നെ അങ്ങ് പ്രവർത്തിക്കേണമേ.+ 26 അങ്ങയുടെ പേര് എന്നും ഉന്നതമായിരിക്കട്ടെ.+ അങ്ങനെ, ‘സൈന്യങ്ങളുടെ അധിപനായ യഹോവ ഇസ്രായേലിനു ദൈവം’ എന്നു ജനങ്ങൾ പറയാൻ ഇടവരട്ടെ. അങ്ങയുടെ ദാസനായ ഈ ദാവീദിന്റെ ഭവനം അങ്ങയുടെ മുന്നിൽ സുസ്ഥിരമായിരിക്കട്ടെ.+ 27 സൈന്യങ്ങളുടെ അധിപനായ യഹോവേ, ഇസ്രായേലിന്റെ ദൈവമേ, അങ്ങ് ഈ ദാസനോട്, ‘ഞാൻ നിനക്കുവേണ്ടി ഒരു ഭവനം പണിയും’+ എന്നു വെളിപ്പെടുത്തിയല്ലോ. അതുകൊണ്ടാണ് അടിയൻ അങ്ങയോട് ഇങ്ങനെ പ്രാർഥിക്കാൻ ധൈര്യപ്പെട്ടത്.* 28 പരമാധികാരിയായ യഹോവേ, അങ്ങാണു സത്യദൈവം. അങ്ങയുടെ വചനങ്ങളും സത്യം.+ അങ്ങ് അടിയനോട് ഈ നന്മകൾ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 29 അതുകൊണ്ട് അങ്ങയ്ക്കു പ്രീതി തോന്നി ഈ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കേണമേ. ഈ ഭവനം എന്നും തിരുമുമ്പിൽ ഇരിക്കട്ടെ.+ കാരണം പരമാധികാരിയായ യഹോവേ, അങ്ങാണല്ലോ അതു വാഗ്ദാനം ചെയ്തിരിക്കുന്നത്. അങ്ങയുടെ അനുഗ്രഹംകൊണ്ട് ഈ ദാസന്റെ ഭവനം എന്നും അനുഗൃഹീതമായിരിക്കട്ടെ.”+
8 കുറച്ച് കാലം കഴിഞ്ഞ് ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ച്+ അവരെ അധീനതയിലാക്കി.+ അവരുടെ കൈയിൽനിന്ന് ദാവീദ് മെഥെഗമ്മ പിടിച്ചെടുത്തു.
2 ദാവീദ് മോവാബ്യരെ+ തോൽപ്പിച്ചു. എന്നിട്ട് അവരെ നിലത്ത് കിടത്തി അളവുനൂൽകൊണ്ട് അളന്നു. രണ്ടു നൂൽനീളത്തിൽ അളന്ന് അത്രയും പേരെ കൊന്നുകളഞ്ഞു. ഒരു നൂൽനീളത്തിൽ ശേഷിച്ചവരെ ജീവനോടെ വിടുകയും ചെയ്തു.+ മോവാബ്യർ ദാവീദിന്റെ ദാസന്മാരായി. അവർ ദാവീദിനു കപ്പം* കൊടുത്തുപോന്നു.+
3 സോബയിലെ+ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെർ യൂഫ്രട്ടീസ് നദീതീരത്ത്+ അധികാരം പുനഃസ്ഥാപിക്കാൻ പോയ വഴിക്കു ദാവീദ് അയാളെ തോൽപ്പിച്ചു. 4 അയാളുടെ 1,700 കുതിരപ്പടയാളികളെയും 20,000 കാലാളുകളെയും ദാവീദ് പിടികൂടി. രഥം വലിക്കുന്ന 100 കുതിരകളുടെ ഒഴികെ ബാക്കി എല്ലാത്തിന്റെയും കുതിഞരമ്പു വെട്ടി.+
5 സോബയിലെ രാജാവായ ഹദദേസെരിനെ സഹായിക്കാൻ ദമസ്കൊസിൽനിന്ന്+ വന്ന സിറിയക്കാരിൽ+ 22,000 പേരെ ദാവീദ് കൊന്നു. 6 പിന്നെ ദാവീദ് സിറിയയിലെ ദമസ്കൊസിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. സിറിയക്കാർ ദാവീദിന്റെ ദാസന്മാരായി ദാവീദിനു കപ്പം കൊടുത്തുപോന്നു. പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം നൽകി.+ 7 ദാവീദ് ഹദദേസെരിന്റെ ദാസന്മാരിൽനിന്ന് വൃത്താകൃതിയിലുള്ള സ്വർണപ്പരിചകൾ പിടിച്ചെടുത്ത് അവ യരുശലേമിലേക്കു കൊണ്ടുവന്നു.+ 8 ഹദദേസെരിന്റെ നഗരങ്ങളായ ബേതഹിൽനിന്നും ബരോത്തയിൽനിന്നും കുറെയധികം ചെമ്പും പിടിച്ചെടുത്തു.
9 ദാവീദ് ഹദദേസെരിന്റെ+ സൈന്യത്തെ മുഴുവൻ തോൽപ്പിച്ചെന്ന് ഹമാത്തിലെ+ രാജാവായ തോയി കേട്ടു. 10 അയാൾ മകനായ യോരാമിനെ ദാവീദ് രാജാവിന്റെ അടുത്ത് അയച്ച് സുഖവിവരം തിരക്കുകയും ഹദദേസെരിനോടു പോരാടി വിജയിച്ചതിന് അഭിനന്ദിക്കുകയും ചെയ്തു. (കാരണം ഹദദേസെർ കൂടെക്കൂടെ തോയിയോട് ഏറ്റുമുട്ടിയിരുന്നു.) വെള്ളി, സ്വർണം, ചെമ്പ് എന്നിവകൊണ്ടുള്ള സമ്മാനങ്ങളും ദാവീദിനു കൊടുത്തു. 11 ദാവീദ് രാജാവ് ഈ സമ്മാനങ്ങളും താൻ അധീനതയിലാക്കിയ എല്ലാ ജനതകളിൽനിന്നും കിട്ടിയ വെള്ളിയും സ്വർണവും യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിച്ചു.+ 12 ഇവ സിറിയയിൽനിന്നും മോവാബിൽനിന്നും+ അമ്മോന്യർ, ഫെലിസ്ത്യർ,+ അമാലേക്യർ+ എന്നിവരിൽനിന്നും സോബയിലെ രാജാവും രഹോബിന്റെ മകനും ആയ ഹദദേസെരെ+ കൊള്ളയടിച്ചതിൽനിന്നും കിട്ടിയതായിരുന്നു. 13 ഉപ്പുതാഴ്വരയിൽവെച്ച്+ 18,000 ഏദോമ്യരെ കൊന്ന് തിരിച്ചുവന്ന സംഭവം ദാവീദിനു പേരും പെരുമയും നേടിക്കൊടുത്തു. 14 ദാവീദ് ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമിലെല്ലായിടത്തും ഇത്തരം സേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു. ഏദോമ്യരെല്ലാം ദാവീദിന്റെ ദാസരായി.+ പോയിടത്തൊക്കെ യഹോവ ദാവീദിനു വിജയം കൊടുത്തു.+
15 ദാവീദ് ഇസ്രായേൽ മുഴുവൻ ഭരിച്ച്+ പ്രജകൾക്കെല്ലാം നീതിയും+ ന്യായവും നടത്തിക്കൊടുത്തു.+ 16 സെരൂയയുടെ മകനായ യോവാബായിരുന്നു+ സൈന്യാധിപൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ വിവരങ്ങൾ രേഖപ്പെടുത്തിവെക്കാനുള്ള ചുമതല. 17 അഹീതൂബിന്റെ മകനായ സാദോക്കും+ അബ്യാഥാരിന്റെ മകനായ അഹിമേലെക്കും ആയിരുന്നു പുരോഹിതന്മാർ. സെരായയായിരുന്നു സെക്രട്ടറി. 18 യഹോയാദയുടെ മകൻ ബനയയായിരുന്നു+ കെരാത്യരുടെയും പ്ലേത്യരുടെയും+ തലവൻ. ദാവീദിന്റെ ആൺമക്കൾ പ്രമുഖരായ മന്ത്രിമാരായി.*
9 അങ്ങനെയിരിക്കെ ദാവീദ്, “ഞാൻ യോനാഥാനെ+ ഓർത്ത് അചഞ്ചലസ്നേഹം കാണിക്കേണ്ട ആരെങ്കിലും ഇനിയും ശൗലിന്റെ ഭവനത്തിലുണ്ടോ” എന്നു ചോദിച്ചു. 2 ശൗലിന്റെ ഭവനത്തിൽ സീബ+ എന്നു പേരുള്ള ഒരു ദാസനുണ്ടായിരുന്നു. അവർ സീബയെ ദാവീദിന്റെ അടുത്ത് വിളിച്ചുവരുത്തി. രാജാവ് അയാളോട്, “നീയാണോ സീബ” എന്നു ചോദിച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്ന് അയാൾ പറഞ്ഞു. 3 രാജാവ് ഇങ്ങനെയും ചോദിച്ചു: “ഞാൻ ദൈവത്തിന്റെ അചഞ്ചലസ്നേഹം കാണിക്കേണ്ട ആരെങ്കിലും ശൗലിന്റെ ഭവനത്തിൽ ഇനിയുണ്ടോ?” അപ്പോൾ സീബ പറഞ്ഞു: “ഉണ്ട്. യോനാഥാന്റെ ഒരു മകനുണ്ട്, രണ്ടു കാലിനും വൈകല്യമുള്ളയാളാണ്.”*+ 4 “അയാൾ എവിടെയാണ്” എന്നു രാജാവ് ചോദിച്ചു. “ലോ-ദബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ+ വീട്ടിലുണ്ട്” എന്നു സീബ പറഞ്ഞു.
5 ഉടനടി, ദാവീദ് രാജാവ് ആളയച്ച് ലോ-ദബാരിലെ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്ന് അയാളെ വരുത്തി. 6 ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫിബോശെത്ത് ദാവീദിന്റെ സന്നിധിയിൽ വന്ന ഉടനെ കമിഴ്ന്നുവീണ് നമസ്കരിച്ചു. ദാവീദ്, “മെഫിബോശെത്തേ!” എന്നു വിളിച്ചപ്പോൾ, “ഇതാ, അങ്ങയുടെ ദാസൻ” എന്നു മെഫിബോശെത്ത് വിളികേട്ടു. 7 അപ്പോൾ ദാവീദ് പറഞ്ഞു: “പേടിക്കേണ്ടാ, ഞാൻ തീർച്ചയായും താങ്കളുടെ അപ്പനായ യോനാഥാനെ ഓർത്ത് താങ്കളോട് അചഞ്ചലമായ സ്നേഹം+ കാണിക്കും. താങ്കളുടെ മുത്തച്ഛനായ ശൗലിന്റെ നിലങ്ങളെല്ലാം ഞാൻ താങ്കൾക്കു മടക്കിത്തരും. താങ്കൾ സ്ഥിരമായി എന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കും.”+
8 അപ്പോൾ, മെഫിബോശെത്ത് ദാവീദിനെ നമസ്കരിച്ച് ഇങ്ങനെ പറഞ്ഞു: “ഒരു ചത്ത നായയെപ്പോലുള്ള+ എന്റെ നേർക്ക് അങ്ങ് ശ്രദ്ധ* തിരിക്കാൻമാത്രം അങ്ങയുടെ ഈ ദാസൻ ആരാണ്?” 9 അപ്പോൾ, രാജാവ് ശൗലിന്റെ പരിചാരകനായ സീബയെ ആളയച്ച് വരുത്തി ഇങ്ങനെ പറഞ്ഞു: “ശൗലിനും ശൗലിന്റെ ഭവനത്തിനും സ്വന്തമായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനനായ ശൗലിന്റെ കൊച്ചുമകനു കൊടുക്കുന്നു.+ 10 നീയും നിന്റെ പുത്രന്മാരും നിന്റെ ദാസന്മാരും മെഫിബോശെത്തിനുവേണ്ടി നിലം കൃഷി ചെയ്യണം. നിന്റെ യജമാനന്റെ കൊച്ചുമകനു സ്വന്തമായുള്ളവർക്ക് ആഹാരം കിട്ടാൻ നീ അതിന്റെ വിളവ് ശേഖരിച്ച് അവർക്കു കൊടുക്കണം. പക്ഷേ, നിന്റെ യജമാനന്റെ കൊച്ചുമകനായ മെഫിബോശെത്ത് സ്ഥിരമായി എന്റെ മേശയിൽനിന്ന് ഭക്ഷണം കഴിക്കും.”+
സീബയ്ക്കോ 15 ആൺമക്കളും 20 ദാസന്മാരും ഉണ്ടായിരുന്നു.+ 11 അപ്പോൾ, സീബ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവ് കല്പിക്കുന്നതെല്ലാം ഈ ദാസൻ ചെയ്യും.” അങ്ങനെ മെഫിബോശെത്ത്, രാജകുമാരന്മാരിൽ ഒരാളെപ്പോലെ ദാവീദിന്റെ* മേശയിൽനിന്ന് ഭക്ഷണം കഴിച്ചുപോന്നു. 12 മെഫിബോശെത്തിനു മീക്ക+ എന്നു പേരുള്ള ഒരു ആൺകുട്ടിയുണ്ടായിരുന്നു. സീബയുടെ വീട്ടിൽ താമസിച്ചിരുന്നവരെല്ലാം മെഫിബോശെത്തിന്റെ ദാസരായി. 13 മെഫിബോശെത്ത് യരുശലേമിൽ താമസിച്ച് സ്ഥിരമായി രാജാവിന്റെ മേശയിൽനിന്ന് ഭക്ഷണം കഴിച്ചുപോന്നു.+ മെഫിബോശെത്തിന്റെ രണ്ടു കാലിനും വൈകല്യമുണ്ടായിരുന്നു.+
10 പിന്നീട് അമ്മോന്യരുടെ+ രാജാവ് മരിച്ചു. അദ്ദേഹത്തിന്റെ മകൻ ഹാനൂൻ അടുത്ത രാജാവായി.+ 2 അപ്പോൾ ദാവീദ് പറഞ്ഞു: “എന്നോട് അചഞ്ചലമായ സ്നേഹം കാണിച്ച ആളാണു നാഹാശ്. നാഹാശിന്റെ മകനായ ഹാനൂനോടു ഞാനും അചഞ്ചലസ്നേഹം കാണിക്കും.” അങ്ങനെ, അപ്പന്റെ മരണത്തിൽ ദുഃഖിച്ചുകഴിയുന്ന ഹാനൂനെ ആശ്വസിപ്പിക്കാൻ ദാവീദ് ദാസന്മാരെ അയച്ചു. പക്ഷേ ദാവീദിന്റെ ദാസന്മാർ അമ്മോന്യരുടെ ദേശത്ത് എത്തിയപ്പോൾ 3 അമ്മോന്യരുടെ പ്രഭുക്കന്മാർ യജമാനനായ ഹാനൂനോടു പറഞ്ഞു: “അങ്ങയെ ആശ്വസിപ്പിക്കാൻ ദാവീദ് ആളുകളെ അയച്ചത് അങ്ങയുടെ അപ്പനോടുള്ള ആദരവ് കാരണമാണെന്നാണോ കരുതുന്നത്? അവർ ചാരന്മാരാണ്. നഗരം ഒറ്റുനോക്കാനും അതു പിടിച്ചടക്കാനും ആണ് ദാവീദ് ദാസന്മാരെ ഇങ്ങോട്ട് അയച്ചത്.” 4 അപ്പോൾ ഹാനൂൻ ദാവീദിന്റെ ദാസന്മാരെ പിടിച്ച് അവരുടെ താടി പകുതി വടിച്ചുകളഞ്ഞു.+ അവരുടെ വസ്ത്രം അരയ്ക്കുവെച്ച് മുറിച്ചുകളഞ്ഞിട്ട് അവരെ തിരിച്ചയച്ചു. 5 അവർക്കു സഹിക്കേണ്ടിവന്ന ഈ വലിയ അപമാനത്തെപ്പറ്റി അറിഞ്ഞ ഉടനെ ദാവീദ് ചിലരെ അവരുടെ അടുത്തേക്ക് അയച്ചു. രാജാവ് അവരോടു പറഞ്ഞു: “താടി വളർന്ന് പഴയപടിയാകുന്നതുവരെ യരീഹൊയിൽ+ താമസിക്കുക. അതിനു ശേഷം മടങ്ങിവന്നാൽ മതി.”
6 ദാവീദിനു തങ്ങളോടു വെറുപ്പായി എന്ന് അമ്മോന്യർക്കു മനസ്സിലായി. അതുകൊണ്ട് അമ്മോന്യർ ആളയച്ച് ബേത്ത്-രഹോബിലെയും+ സോബയിലെയും+ സിറിയക്കാരിൽനിന്ന് 20,000 കാലാളുകളെയും ഇഷ്തോബിൽനിന്ന്* 12,000 പേരെയും മാഖയിലെ+ രാജാവിനെയും അദ്ദേഹത്തിന്റെ 1,000 ആളുകളെയും കൂലിക്കെടുത്തു.+ 7 ഇത് അറിഞ്ഞ ദാവീദ് യോവാബിനെയും വീരയോദ്ധാക്കൾ ഉൾപ്പെടെ മുഴുവൻ സൈന്യത്തെയും അയച്ചു.+ 8 അമ്മോന്യർ പുറത്ത് വന്ന് നഗരകവാടത്തിൽ അണിനിരന്നു. സോബയിലെയും രഹോബിലെയും സിറിയക്കാർ ഇഷ്തോബിന്റെയും മാഖയുടെയും കൂടെ തുറസ്സായ ഒരു സ്ഥലത്ത് നിലയുറപ്പിച്ചു.
9 മുന്നിൽനിന്നും പിന്നിൽനിന്നും സൈന്യം പാഞ്ഞടുക്കുന്നതു കണ്ടപ്പോൾ യോവാബ് ഇസ്രായേലിലെ ഏറ്റവും മികച്ച ചില സൈനികസംഘങ്ങളെ തിരഞ്ഞെടുത്ത് സിറിയക്കാർക്കെതിരെ അണിനിരത്തി.+ 10 ബാക്കിയുള്ളവരെ അമ്മോന്യർക്കെതിരെ+ അണിനിരത്താൻ യോവാബ് സഹോദരനായ അബീശായിയെ+ ഏൽപ്പിച്ചു. 11 എന്നിട്ട് പറഞ്ഞു: “എനിക്കു സിറിയക്കാരോടു പിടിച്ചുനിൽക്കാൻ കഴിയാതെ വന്നാൽ നീ വന്ന് എന്നെ രക്ഷിക്കണം. ഇനി അഥവാ, നിനക്ക് അമ്മോന്യരോടു പിടിച്ചുനിൽക്കാൻ കഴിയാതെ വരുന്നെങ്കിൽ ഞാൻ വന്ന് നിന്നെ രക്ഷിക്കാം. 12 നമുക്കു ധൈര്യവും മനക്കരുത്തും+ ഉള്ളവരായി നമ്മുടെ ജനത്തിനും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കും വേണ്ടി പോരാടാം. ബാക്കി ഉചിതംപോലെ യഹോവ ചെയ്യട്ടെ.”+
13 അങ്ങനെ യോവാബും കൂടെയുള്ളവരും സിറിയക്കാരോടു യുദ്ധം ചെയ്യാൻ മുന്നോട്ടു നീങ്ങി. അവർ യോവാബിന്റെ മുന്നിൽനിന്ന് തോറ്റോടി.+ 14 സിറിയക്കാർ ഓടിപ്പോയെന്നു കണ്ടപ്പോൾ അമ്മോന്യർ അബീശായിയുടെ മുന്നിൽനിന്ന് ഓടി നഗരത്തിൽ കയറി. അമ്മോന്യരുമായുള്ള ഈ പോരാട്ടത്തിനു ശേഷം യോവാബ് യരുശലേമിലേക്കു മടങ്ങി.
15 ഇസ്രായേല്യരുടെ മുന്നിൽ തോറ്റെന്നു കണ്ടപ്പോൾ സിറിയക്കാർ വീണ്ടും ഒന്നിച്ചുകൂടി.+ 16 നദിയുടെ* സമീപപ്രദേശത്തുള്ള+ സിറിയക്കാരെ ഹദദേസെർ+ വിളിപ്പിച്ചു. തുടർന്ന് ഹദദേസെരിന്റെ സൈന്യാധിപനായ ശോബക്കിന്റെ നേതൃത്വത്തിൽ അവർ ഹേലാമിലേക്കു ചെന്നു.
17 ഈ വിവരം അറിഞ്ഞ ഉടൻ ദാവീദ് ഇസ്രായേല്യരെയെല്ലാം വിളിച്ചുകൂട്ടി യോർദാൻ കടന്ന് ഹേലാമിലേക്കു വന്നു. സിറിയക്കാർ ദാവീദിന് എതിരെ അണിനിരന്ന് ദാവീദിനോടു യുദ്ധം ചെയ്തു.+ 18 പക്ഷേ സിറിയക്കാർ ഇസ്രായേലിന്റെ മുന്നിൽനിന്ന് തോറ്റോടി. ദാവീദ് അവരുടെ 700 തേരാളികളെയും 40,000 കുതിരക്കാരെയും കൊന്നു. സൈന്യാധിപനായ ശോബക്കിനെയും വെട്ടിവീഴ്ത്തി; അയാൾ അവിടെവെച്ച് മരിച്ചു.+ 19 ഇസ്രായേലിനോടു തോറ്റു എന്നു മനസ്സിലായ ഉടനെ ഹദദേസെരിന്റെ ദാസരായ രാജാക്കന്മാരെല്ലാം ഇസ്രായേലുമായി സമാധാനത്തിലായി അവർക്കു കീഴ്പെട്ടിരുന്നു.+ അതിൽപ്പിന്നെ സിറിയക്കാർക്ക് അമ്മോന്യരെ സഹായിക്കാൻ പേടിയായി.
11 വർഷാരംഭത്തിൽ,* രാജാക്കന്മാർ യുദ്ധത്തിനു പോകാറുള്ള സമയത്ത്, അമ്മോന്യരെ നശിപ്പിക്കാൻ ദാവീദ് യോവാബിനെയും ദാസന്മാരെയും, മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ രബ്ബയെ+ ഉപരോധിച്ചു. ദാവീദ് പക്ഷേ, യരുശലേമിൽത്തന്നെ കഴിഞ്ഞു.+
2 ഒരു ദിവസം വൈകുന്നേരം ദാവീദ് കിടക്കയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിലൂടെ വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു. അപ്പോൾ, ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. അവൾ അതീവസുന്ദരിയായിരുന്നു. 3 ആ സ്ത്രീയെക്കുറിച്ച് അന്വേഷിക്കാൻ ദാവീദ് ആളയച്ചു. അയാൾ വന്ന് ദാവീദിനോടു പറഞ്ഞു: “എലീയാമിന്റെ+ മകളും ഹിത്യനായ+ ഊരിയാവിന്റെ+ ഭാര്യയും ആയ ബത്ത്-ശേബയാണ്+ അത്.” 4 തുടർന്ന്, ബത്ത്-ശേബയെ കൊണ്ടുവരാൻ+ ദാവീദ് ദൂതന്മാരെ അയച്ചു. അങ്ങനെ, അവൾ ദാവീദിന്റെ അടുത്ത് വന്നു. ദാവീദ് ബത്ത്-ശേബയുമായി ബന്ധപ്പെട്ടു.+ (ബത്ത്-ശേബ അവളുടെ അശുദ്ധിയിൽനിന്ന്* ശുദ്ധി വരുത്തുന്ന സമയത്തായിരുന്നു ഈ സംഭവം.)+ അതിനു ശേഷം, ബത്ത്-ശേബ വീട്ടിലേക്കു മടങ്ങി.
5 ബത്ത്-ശേബ ഗർഭിണിയായി. അപ്പോൾ അവൾ, “ഞാൻ ഗർഭിണിയാണ്” എന്ന് അറിയിച്ചുകൊണ്ട് ദാവീദിന് ഒരു സന്ദേശം കൊടുത്തയച്ചു. 6 ഉടനെ ദാവീദ്, “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്ക് അയയ്ക്കുക” എന്നു യോവാബിനു സന്ദേശം അയച്ചു. അങ്ങനെ, യോവാബ് ഊരിയാവിനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. 7 ഊരിയാവ് വന്നപ്പോൾ, യോവാബും സൈന്യവും എങ്ങനെയിരിക്കുന്നെന്നും യുദ്ധഭൂമിയിലെ സ്ഥിതിഗതികൾ എന്തെന്നും ഒക്കെ ദാവീദ് അയാളോടു ചോദിച്ചു. 8 തുടർന്ന്, ദാവീദ് ഊരിയാവിനോട്, “വീട്ടിൽ പോയി അൽപ്പം വിശ്രമിച്ചുകൊള്ളൂ”* എന്നു പറഞ്ഞു. ഊരിയാവ് കൊട്ടാരത്തിൽനിന്ന് ഇറങ്ങിയതിനു പിന്നാലെ രാജാവ് അയാൾക്ക് ഒരു സമ്മാനം* കൊടുത്തയച്ചു. 9 പക്ഷേ, ഊരിയാവ് വീട്ടിൽ പോകാതെ യജമാനന്റെ മറ്റെല്ലാ ദാസന്മാരുടെയുംകൂടെ കൊട്ടാരത്തിന്റെ വാതിൽക്കൽ കിടന്നുറങ്ങി. 10 “ഊരിയാവ് വീട്ടിൽ പോയില്ല” എന്ന വാർത്ത ദാവീദിന്റെ ചെവിയിലെത്തി. അപ്പോൾ, ദാവീദ് ഊരിയാവിനോടു ചോദിച്ചു: “നീ ഒരു യാത്ര കഴിഞ്ഞ് എത്തിയതല്ലേ? എന്താ വീട്ടിൽ പോകാത്തത്?” 11 അപ്പോൾ ഊരിയാവ് പറഞ്ഞു: “പെട്ടകവും+ ഇസ്രായേലും യഹൂദയും കൂടാരങ്ങളിലായിരിക്കുമ്പോൾ, എന്റെ യജമാനനായ യോവാബും എന്റെ യജമാനന്റെ ദാസന്മാരും വെളിമ്പ്രദേശത്ത് പാളയമടിച്ചിരിക്കുമ്പോൾ, ഞാൻ എന്റെ വീട്ടിൽ പോയി തിന്നുകുടിച്ച് ഭാര്യയുടെകൂടെ കിടക്കുന്നതു ശരിയാണോ?+ അങ്ങാണെ, അങ്ങയുടെ ജീവനാണെ ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല!”
12 അപ്പോൾ, ദാവീദ് ഊരിയാവിനോടു പറഞ്ഞു: “ഇന്നുംകൂടെ ഇവിടെ തങ്ങിക്കൊള്ളുക. നാളെ ഞാൻ നിന്നെ പറഞ്ഞയയ്ക്കാം.” അതുകൊണ്ട്, ഊരിയാവ് അന്നും പിറ്റേന്നും യരുശലേമിൽ തങ്ങി. 13 തുടർന്ന്, തന്റെകൂടെ തിന്നുകുടിക്കാൻ ദാവീദ് അയാളെ വിളിപ്പിച്ചു. ദാവീദ് ഊരിയാവിനെ നല്ലവണ്ണം കുടിപ്പിച്ച് ലഹരിപിടിപ്പിച്ചു. പക്ഷേ, വൈകുന്നേരം അയാൾ ചെന്ന് യജമാനന്റെ ദാസന്മാരുടെ ഇടയിൽ തന്റെ കിടക്കയിൽ കിടന്ന് ഉറങ്ങി. അയാൾ വീട്ടിൽ പോയില്ല. 14 രാവിലെ ദാവീദ് യോവാബിന് ഒരു കത്ത് എഴുതി ഊരിയാവിന്റെ കൈയിൽ കൊടുത്തയച്ചു. 15 രാജാവ് അതിൽ ഇങ്ങനെ എഴുതിയിരുന്നു: “പൊരിഞ്ഞ പോരാട്ടം നടക്കുന്നിടത്ത് മുൻനിരയിലായി ഊരിയാവിനെ നിറുത്തുക. എന്നിട്ട്, അയാളുടെ പിന്നിൽനിന്ന് മാറിക്കളയുക. അയാൾ വെട്ടേറ്റ് മരിക്കട്ടെ.”+
16 യോവാബ്, നഗരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. വീരയോദ്ധാക്കളുള്ള സ്ഥലം എവിടെയെന്ന് അറിയാമായിരുന്ന യോവാബ് ഊരിയാവിനെ അവിടെ നിറുത്തി. 17 നഗരത്തിലെ പുരുഷന്മാർ വന്ന് യോവാബിനോടു പോരാടിയപ്പോൾ ദാവീദിന്റെ ചില ദാസന്മാർ മരിച്ചുവീണു. അക്കൂട്ടത്തിൽ ഹിത്യനായ ഊരിയാവുമുണ്ടായിരുന്നു.+ 18 യുദ്ധവാർത്തയെല്ലാം യോവാബ് ദാവീദിനെ അറിയിച്ചു. 19 പക്ഷേ, യോവാബ് ദൂതനോട് ഇങ്ങനെ നിർദേശിച്ചിരുന്നു: “യുദ്ധവാർത്തയെല്ലാം നീ രാജാവിനെ അറിയിച്ചുകഴിയുമ്പോൾ 20 രാജാവ് കോപിച്ച് നിന്നോട് ഇങ്ങനെ പറഞ്ഞേക്കാം: ‘യുദ്ധം ചെയ്യാൻ നിങ്ങൾ നഗരത്തിന്റെ അത്ര അടുത്തേക്കു ചെന്നത് എന്തിനാണ്? മതിലിന്റെ മുകളിൽനിന്ന് അവർ അമ്പ് എയ്യുമെന്ന കാര്യം നിങ്ങൾക്ക് അറിയില്ലായിരുന്നോ? 21 യരൂബ്ബേശെത്തിന്റെ+ മകനായ അബീമേലെക്കിനെ+ കൊന്നത് ആരാണ്? മതിലിന്റെ മുകളിൽനിന്ന് ഒരു സ്ത്രീ തിരികല്ലിന്റെ മേൽക്കല്ല് അയാളുടെ മേൽ ഇട്ടതുകൊണ്ടല്ലേ തേബെസിൽവെച്ച് അയാൾ കൊല്ലപ്പെട്ടത്? നിങ്ങൾ എന്തിനാണു മതിലിനോട് അത്രയും അടുത്ത് ചെന്നത്?’ അപ്പോൾ നീ, ‘അങ്ങയുടെ ദാസൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്നു പറയണം.”
22 അങ്ങനെ, ദൂതൻ ചെന്ന് യോവാബ് തന്നോടു പറഞ്ഞയച്ചതെല്ലാം ദാവീദിനെ അറിയിച്ചു. 23 ദൂതൻ ദാവീദിനോടു പറഞ്ഞു: “അവരുടെ ആളുകളോടു ഞങ്ങൾക്ക് എതിർത്ത് നിൽക്കാനായില്ല. അവർ ഞങ്ങളെ എതിരിട്ട് വെളിമ്പ്രദേശംവരെ വന്നു. പക്ഷേ, ഞങ്ങൾ പോരാടി അവരെ തിരിച്ച് നഗരകവാടംവരെ എത്തിച്ചു. 24 വില്ലാളികൾ മതിലിന്റെ മുകളിൽനിന്ന് അങ്ങയുടെ ദാസന്മാരെ എയ്തു. അങ്ങനെ, രാജാവിന്റെ ദാസന്മാരിൽ ചിലർ മരിച്ചുപോയി. അങ്ങയുടെ ദാസൻ ഹിത്യനായ ഊരിയാവും മരിച്ചു.”+ 25 അപ്പോൾ, ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു നീ ഇങ്ങനെ പറയണം: ‘ഇക്കാര്യം ഓർത്ത് നീ അസ്വസ്ഥനാകേണ്ടാ. കാരണം, യുദ്ധത്തിൽ ആരെങ്കിലുമൊക്കെ വാളിന് ഇരയാകുന്നതു സാധാരണസംഭവമാണ്. നഗരത്തിന് എതിരെയുള്ള പോരാട്ടം ഊർജിതമാക്കി അതിനെ കീഴടക്കുക.’+ അങ്ങനെ, നീ അവനെ പ്രോത്സാഹിപ്പിക്കണം.”
26 ഊരിയാവ് മരിച്ചെന്നു കേട്ടപ്പോൾ ഊരിയാവിന്റെ ഭാര്യ അദ്ദേഹത്തെ ഓർത്ത് വിലപിക്കാൻതുടങ്ങി. 27 വിലാപകാലം കഴിഞ്ഞ ഉടൻ ദാവീദ് ആളയച്ച് അവളെ തന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു. അവൾ ദാവീദിന്റെ ഭാര്യയായി.+ ബത്ത്-ശേബ ഒരു മകനെ പ്രസവിച്ചു. പക്ഷേ, ദാവീദ് ചെയ്തത് യഹോവയ്ക്ക് ഒട്ടും ഇഷ്ടമായില്ല.+
12 അതുകൊണ്ട്, യഹോവ നാഥാനെ+ ദാവീദിന്റെ അടുത്തേക്ക് അയച്ചു. നാഥാൻ ദാവീദിന്റെ അടുത്ത് ചെന്ന്+ പറഞ്ഞു: “ഒരു നഗരത്തിൽ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരാൾ ധനവാനും മറ്റേയാൾ ദരിദ്രനും. 2 ആ ധനവാനു വളരെയധികം ആടുമാടുകളുണ്ടായിരുന്നു.+ 3 പക്ഷേ ദരിദ്രനാകട്ടെ, താൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടി+ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാൾ അതിനെ പോറ്റിവളർത്തി. അയാളുടെയും മക്കളുടെയും കൂടെ അതു വളർന്നു. ആ ആട്ടിൻകുട്ടി, അയാൾക്ക് ആകെയുണ്ടായിരുന്ന അൽപ്പം ഭക്ഷണത്തിൽനിന്ന് കഴിക്കുകയും അയാൾ കുടിക്കുന്നതിന്റെ പങ്കു കുടിക്കുകയും അയാളുടെ കൈകളിൽ കിടന്ന് ഉറങ്ങുകയും ചെയ്തുപോന്നു. അത് അയാൾക്കു സ്വന്തം മകളെപ്പോലെയായിരുന്നു. 4 അങ്ങനെയിരിക്കെ, ആ ധനവാന്റെ വീട്ടിലേക്ക് ഒരാൾ വന്നു. പക്ഷേ, തന്റെ അടുത്ത് വന്ന ആ വഴിയാത്രക്കാരനുവേണ്ടി സ്വന്തം ആടുമാടുകളിൽ ഒന്നിനെ എടുക്കുന്നതിനു പകരം ധനവാൻ ആ ദരിദ്രന്റെ ആട്ടിൻകുട്ടിയെ കൊന്ന് പാകം ചെയ്തു.”+
5 അപ്പോൾ, ദാവീദിന് ആ മനുഷ്യനോടു വല്ലാത്ത ദേഷ്യം തോന്നി. ദാവീദ് നാഥാനോടു പറഞ്ഞു: “യഹോവയാണെ,+ ഇതു ചെയ്തവൻ മരിക്കണം! 6 അയാൾ ഒട്ടും കരുണയില്ലാതെ ഇതു ചെയ്തതുകൊണ്ട് ആ ചെമ്മരിയാടിനുവേണ്ടി നാലിരട്ടി+ നഷ്ടപരിഹാരവും കൊടുക്കണം.”
7 അപ്പോൾ, നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ താങ്കളാണ്! ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിന്നെ ഇസ്രായേലിന്റെ രാജാവായി അഭിഷേകം ചെയ്തത് ഈ ഞാനാണ്.+ ഞാൻ നിന്നെ ശൗലിന്റെ കൈയിൽനിന്ന് രക്ഷിച്ചു.+ 8 നിന്റെ യജമാനന്റെ ഭവനം നിനക്കു നൽകാനും+ നിന്റെ യജമാനന്റെ ഭാര്യമാരെ+ നിനക്കു തരാനും ഞാൻ മനസ്സുകാണിച്ചു. ഇസ്രായേൽഗൃഹവും യഹൂദാഗൃഹവും ഞാൻ നിനക്കു തന്നു.+ നിനക്കുവേണ്ടി അതിലേറെ ചെയ്യാനും ഞാൻ ഒരുക്കമായിരുന്നു.+ 9 നീ യഹോവയുടെ കണ്ണിൽ മോശമായതു ചെയ്ത് ദൈവത്തിന്റെ വാക്കുകൾ പുച്ഛിച്ചുതള്ളിയത് എന്തിനാണ്? ഹിത്യനായ ഊരിയാവിനെ നീ വാളുകൊണ്ട് കൊന്നു!+ അമ്മോന്യരുടെ വാളുകൊണ്ട് ഊരിയാവിനെ കൊന്ന്+ അയാളുടെ ഭാര്യയെ സ്വന്തമാക്കി.+ 10 ഇങ്ങനെ, നീ ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തം ഭാര്യയാക്കി എന്നോട് അനാദരവ് കാണിച്ചതുകൊണ്ട് വാൾ ഇനി ഒരിക്കലും നിന്റെ ഭവനത്തെ വിട്ടുമാറില്ല.’+ 11 യഹോവ ഇങ്ങനെ പറയുന്നു: ‘ഇതാ, നിന്റെ സ്വന്തം ഭവനത്തിൽനിന്നുതന്നെ ഞാൻ നിനക്കു ദുരന്തം വരുത്താൻപോകുന്നു.+ ഞാൻ നിന്റെ ഭാര്യമാരെ നിന്റെ കൺമുന്നിൽവെച്ച് മറ്റൊരാൾക്കു കൊടുക്കും.+ അയാൾ പട്ടാപ്പകൽ* നിന്റെ ഭാര്യമാരുടെകൂടെ കിടക്കും.+ 12 നീ അതു രഹസ്യത്തിൽ ചെയ്തു.+ പക്ഷേ, ഞാൻ ഇതു പട്ടാപ്പകൽ ഇസ്രായേല്യർ മുഴുവൻ കാൺകെ ചെയ്യും.’”
13 അപ്പോൾ, ദാവീദ് നാഥാനോട്, “ഞാൻ യഹോവയോടു പാപം ചെയ്തുപോയി”+ എന്നു പറഞ്ഞു. നാഥാൻ ദാവീദിനോടു പറഞ്ഞു: “യഹോവ അങ്ങയുടെ പാപം ക്ഷമിക്കുന്നു.+ അങ്ങ് മരിക്കില്ല.+ 14 പക്ഷേ, ഇക്കാര്യത്തിൽ അങ്ങ് യഹോവയോടു കടുത്ത അനാദരവ് കാണിച്ചതുകൊണ്ട് അങ്ങയ്ക്ക് ഇപ്പോൾ ജനിച്ച മകൻ നിശ്ചയമായും മരിക്കും.”
15 അതിനു ശേഷം, നാഥാൻ വീട്ടിലേക്കു പോയി.
ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുട്ടിയെ യഹോവ പ്രഹരിച്ചു, കുട്ടിക്കു രോഗം വന്നു. 16 കുട്ടിക്കുവേണ്ടി ദാവീദ് സത്യദൈവത്തോടു യാചിച്ചു. ദാവീദ് കടുത്ത ഉപവാസം തുടങ്ങി; തറയിൽ കിടന്ന് രാത്രികാലങ്ങൾ കഴിച്ചുകൂട്ടി.+ 17 ദാവീദിന്റെ ഭവനത്തിലെ മൂപ്പന്മാർ അടുത്ത് ചെന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും ദാവീദ് എഴുന്നേൽക്കാനോ അവരുടെകൂടെ ആഹാരം കഴിക്കാനോ കൂട്ടാക്കിയില്ല. 18 ഏഴാം ദിവസം കുട്ടി മരിച്ചു. പക്ഷേ, കുട്ടി മരിച്ചെന്നു ദാവീദിനെ അറിയിക്കാൻ ദാസന്മാർ പേടിച്ചു. അവർ പറഞ്ഞു: “കുട്ടി ജീവിച്ചിരുന്നപ്പോൾ നമ്മൾ പറയുന്നതു കേൾക്കാൻ അദ്ദേഹം കൂട്ടാക്കിയില്ല. ഇനി ഇപ്പോൾ, കുട്ടി മരിച്ചെന്ന കാര്യം എങ്ങനെ അറിയിക്കും? രാജാവ് വല്ല കടുംകൈയും ചെയ്താലോ?”
19 ദാസന്മാർ തമ്മിൽ രഹസ്യം പറയുന്നതു കണ്ടപ്പോൾ കുട്ടി മരിച്ചെന്നു ദാവീദിനു മനസ്സിലായി. ദാവീദ് ദാസന്മാരോട്, “എന്താ, കുട്ടി മരിച്ചുപോയോ” എന്നു ചോദിച്ചു. “മരിച്ചുപോയി” എന്ന് അവർ പറഞ്ഞു. 20 അപ്പോൾ, ദാവീദ് നിലത്തുനിന്ന് എഴുന്നേറ്റ് കുളിച്ച് തൈലം പൂശി+ വസ്ത്രം മാറി യഹോവയുടെ ഭവനത്തിൽ+ ചെന്ന് സാഷ്ടാംഗം നമസ്കരിച്ചു. അതിനു ശേഷം, വീട്ടിലേക്കു* ചെന്നു. ദാവീദ് ആവശ്യപ്പെട്ടതനുസരിച്ച് അവർ ഭക്ഷണം കൊണ്ടുവന്ന് വെച്ചപ്പോൾ അദ്ദേഹം അതു കഴിച്ചു. 21 ദാസന്മാർ രാജാവിനോടു ചോദിച്ചു: “അങ്ങ് എന്താണ് ഇങ്ങനെ ചെയ്യുന്നത്? കുട്ടി ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിച്ച് കരഞ്ഞുകൊണ്ടിരുന്നു. പക്ഷേ, കുട്ടി മരിച്ച ഉടൻ അങ്ങ് എഴുന്നേറ്റ് ആഹാരം കഴിക്കുന്നു.” 22 അപ്പോൾ ദാവീദ് പറഞ്ഞു: “ശരിയാണ്. കുട്ടി ജീവനോടിരുന്നപ്പോൾ ഞാൻ ഉപവസിച്ച്+ കരഞ്ഞുകൊണ്ടിരുന്നു. ‘യഹോവയ്ക്ക് എന്നോടു കനിവ് തോന്നി കുട്ടിയെ ജീവിക്കാൻ അനുവദിച്ചാലോ’ എന്നായിരുന്നു എന്റെ ചിന്ത.+ 23 പക്ഷേ, കുട്ടി മരിച്ച സ്ഥിതിക്ക് ഇനി ഞാൻ എന്തിന് ഉപവസിക്കണം? എനിക്ക് അവനെ മടക്കിക്കൊണ്ടുവരാൻ കഴിയുമോ?+ ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ+ അവൻ എന്റെ അടുത്തേക്കു വരില്ലല്ലോ.”+
24 പിന്നെ, ദാവീദ് ഭാര്യയായ ബത്ത്-ശേബയെ+ ആശ്വസിപ്പിച്ചു. ദാവീദ് ബത്ത്-ശേബയുടെ അടുത്ത് ചെന്ന് അവളുമായി ബന്ധപ്പെട്ടു. ബത്ത്-ശേബ ഒരു മകനെ പ്രസവിച്ചു. കുട്ടിക്കു ശലോമോൻ*+ എന്നു പേരിട്ടു. യഹോവ ശലോമോനെ സ്നേഹിച്ചു.+ 25 അതുകൊണ്ട്, തനിക്കുവേണ്ടി കുട്ടിക്കു യദീദ്യ* എന്നു പേരിടണമെന്നു പറയാൻ യഹോവ നാഥാൻ+ പ്രവാചകനെ അങ്ങോട്ട് അയച്ചു.
26 അമ്മോന്യരുടെ+ രബ്ബയ്ക്കു+ നേരെ യുദ്ധം തുടർന്ന യോവാബ് ആ രാജനഗരം പിടിച്ചടക്കി.+ 27 യോവാബ് ദാവീദിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ രബ്ബയ്ക്കു+ നേരെ യുദ്ധം ചെയ്ത് ജലനഗരം* പിടിച്ചടക്കിയിട്ടുണ്ട്. 28 ഇപ്പോൾ അങ്ങ്, ബാക്കി സൈന്യത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന് എതിരെ പാളയമടിച്ച് അതിനെ പിടിച്ചടക്കുക. അല്ലാത്തപക്ഷം ഞാൻ നഗരത്തെ പിടിച്ചടക്കാനും അതിന്റെ മഹത്ത്വം എനിക്കു കിട്ടാനും ഇടവരും.”*
29 അങ്ങനെ, ദാവീദ് സൈന്യത്തെ മുഴുവൻ ഒരുമിച്ചുകൂട്ടി രബ്ബയിലേക്കു ചെന്ന് യുദ്ധം ചെയ്ത് അതു പിടിച്ചടക്കി. 30 തുടർന്ന് ദാവീദ് മൽക്കാമിന്റെ* തലയിൽനിന്ന് കിരീടം എടുത്തു. അത് ഒരു താലന്തു* സ്വർണംകൊണ്ടുള്ളതായിരുന്നു. അതിൽ അമൂല്യരത്നങ്ങളും പതിച്ചിട്ടുണ്ടായിരുന്നു. ആ കിരീടം ദാവീദിന്റെ തലയിൽ വെച്ചു. ദാവീദ് നഗരത്തിൽനിന്ന് ധാരാളം വസ്തുക്കൾ കൊള്ളയടിക്കുകയും+ ചെയ്തു.+ 31 ദാവീദ് ആ നഗരത്തിലുള്ളവരെയെല്ലാം കൊണ്ടുവന്ന് കല്ലുകൾ അറുക്കാനും മൂർച്ചയുള്ള ഇരുമ്പായുധങ്ങൾ, ഇരുമ്പുകോടാലികൾ എന്നിവകൊണ്ട് പണി ചെയ്യാനും നിയോഗിച്ചു. ഇഷ്ടികനിർമാണവും അവരെ ഏൽപ്പിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഇങ്ങനെതന്നെ ചെയ്തു. ഒടുവിൽ ദാവീദും സൈന്യവും യരുശലേമിലേക്കു മടങ്ങി.
13 ദാവീദിന്റെ മകനായ അബ്ശാലോമിനു താമാർ+ എന്നു പേരുള്ള സുന്ദരിയായ ഒരു സഹോദരിയുണ്ടായിരുന്നു. ദാവീദിന്റെ മകനായ അമ്നോനു+ താമാറിനോടു പ്രേമം തോന്നി. 2 തന്റെ സഹോദരിയായ താമാർ കന്യകയായിരുന്നതുകൊണ്ടും താമാറിനോട് എന്തെങ്കിലും ചെയ്യാൻ വഴിയൊന്നും കാണാതിരുന്നതുകൊണ്ടും അമ്നോൻ ആകെ വിഷമത്തിലായി. അങ്ങനെ താമാർ കാരണം അയാൾ ഒരു രോഗിയായി. 3 അമ്നോന് യഹോനാദാബ്+ എന്നു പേരുള്ള ഒരു കൂട്ടുകാരനുണ്ടായിരുന്നു. ദാവീദിന്റെ സഹോദരനായ ശിമയയുടെ+ മകനായിരുന്നു യഹോനാദാബ്. അയാൾ വലിയ തന്ത്രശാലിയായിരുന്നു. 4 അയാൾ അമ്നോനോടു പറഞ്ഞു: “കുമാരാ, താൻ എന്താണ് എന്നും ഇങ്ങനെ നിരാശനായിരിക്കുന്നത്? കാര്യം എന്താണെന്ന് എന്നോടു പറഞ്ഞുകൂടേ?” അപ്പോൾ അമ്നോൻ, “ഞാൻ എന്റെ സഹോദരനായ അബ്ശാലോമിന്റെ സഹോദരി+ താമാറിനെ പ്രേമിക്കുന്നു” എന്നു പറഞ്ഞു. 5 അപ്പോൾ, യഹോനാദാബ് പറഞ്ഞു: “താൻ രോഗം നടിച്ച് കിടക്ക്. എന്നിട്ട്, അപ്പൻ കാണാൻ വരുമ്പോൾ ഇങ്ങനെ പറയണം: ‘എനിക്കു ഭക്ഷണം തരാൻ എന്റെ സഹോദരി താമാറിനെ ഇങ്ങോട്ട് അയയ്ക്കാമോ? രോഗികൾക്കു കൊടുക്കാറുള്ള ഭക്ഷണം* താമാർ എന്റെ മുന്നിൽവെച്ച് തയ്യാറാക്കുന്നെങ്കിൽ ഞാൻ അത് അവളുടെ കൈയിൽനിന്ന് വാങ്ങി കഴിക്കാം.’”
6 അങ്ങനെ, അമ്നോൻ രോഗം നടിച്ച് കിടന്നു. രാജാവ് കാണാൻ വന്നപ്പോൾ അമ്നോൻ പറഞ്ഞു: “എന്റെ സഹോദരി താമാർ ഇവിടെ വന്ന് എന്റെ മുന്നിൽവെച്ച് ഹൃദയത്തിന്റെ ആകൃതിയിലുള്ള രണ്ട് അട ചുട്ടുതരാൻ പറയാമോ? എനിക്കു താമാറിന്റെ കൈയിൽനിന്ന് ഭക്ഷണം കഴിക്കണം.” 7 ഉടനെ ദാവീദ്, താമാറിന്റെ വീട്ടിലേക്ക് ഒരു സന്ദേശം കൊടുത്തയച്ചു: “നിന്റെ ആങ്ങളയായ അമ്നോന്റെ വീട്ടിൽ ചെന്ന് അവനു ഭക്ഷണം തയ്യാറാക്കിക്കൊടുക്കാമോ?” 8 അങ്ങനെ, താമാർ സഹോദരനായ അമ്നോന്റെ വീട്ടിൽ ചെന്നു. അമ്നോൻ അവിടെ കിടക്കുകയായിരുന്നു. താമാർ മാവ് എടുത്ത് കുഴച്ച് അമ്നോന്റെ കൺമുന്നിൽവെച്ച് അടകളുണ്ടാക്കി. 9 എന്നിട്ട്, ചട്ടിയിൽനിന്ന് അത് എടുത്ത് അമ്നോന്റെ മുന്നിൽ വെച്ചു. പക്ഷേ, കഴിക്കാൻ വിസമ്മതിച്ച അമ്നോൻ ഇങ്ങനെ പറഞ്ഞു: “എല്ലാവരോടും പുറത്ത് പോകാൻ പറയുക!” അങ്ങനെ, എല്ലാവരും അവിടെനിന്ന് പോയി.
10 അപ്പോൾ, അമ്നോൻ താമാറിനോട്, “നീ ഭക്ഷണം കിടപ്പറയിലേക്കു കൊണ്ടുവരൂ. നിന്റെ കൈയിൽനിന്ന് ഞാൻ അതു കഴിക്കട്ടെ” എന്നു പറഞ്ഞു. അങ്ങനെ താമാർ, താൻ ഉണ്ടാക്കിയ അടകളുമായി സഹോദരനായ അമ്നോന്റെ കിടപ്പറയിലേക്കു ചെന്നു. 11 അതു കൊടുക്കാൻ താമാർ അടുത്തേക്കു ചെന്നപ്പോൾ അമ്നോൻ അവളെ കടന്നുപിടിച്ച്, “പെങ്ങളേ, വന്ന് എന്റെകൂടെ കിടക്കൂ” എന്നു പറഞ്ഞു. 12 പക്ഷേ, താമാർ അമ്നോനോടു പറഞ്ഞു: “അയ്യോ! എന്റെ ആങ്ങളേ, എന്നെ അപമാനിക്കരുതേ. ഇങ്ങനെയൊരു സംഗതി ഇസ്രായേലിൽ നടപ്പുള്ളതല്ലല്ലോ.+ നിന്ദ്യമായ ഈ കാര്യം ചെയ്യരുതേ!+ 13 ഈ നാണക്കേടു സഹിച്ച് ഞാൻ എങ്ങനെ ജീവിക്കും? അങ്ങയെ ആകട്ടെ ഇസ്രായേലിലെ നിന്ദ്യന്മാരിൽ ഒരുവനായി കണക്കാക്കുകയും ചെയ്യും. അതുകൊണ്ട്, ദയവുചെയ്ത് രാജാവിനോടു സംസാരിച്ചാലും. രാജാവ് എന്നെ അങ്ങയ്ക്കു തരാതിരിക്കില്ല.” 14 പക്ഷേ, താമാർ പറഞ്ഞതൊന്നും അയാൾ ചെവിക്കൊണ്ടില്ല. താമാറിനെ കീഴ്പെടുത്തിയ അയാൾ ബലാത്സംഗം ചെയ്ത് താമാറിനു മാനഹാനി വരുത്തി. 15 പക്ഷേ, പെട്ടെന്നുതന്നെ അമ്നോനു താമാറിനോട് അങ്ങേയറ്റം വെറുപ്പായി. താമാറിനോടു തോന്നിയ ആ വെറുപ്പ് താമാറിനോടുണ്ടായിരുന്ന പ്രേമത്തെക്കാൾ വളരെ തീവ്രമായിരുന്നു. അമ്നോൻ താമാറിനോട്, “എഴുന്നേറ്റ് പോകൂ!” എന്നു പറഞ്ഞു. 16 അപ്പോൾ, താമാർ അയാളോടു പറഞ്ഞു: “എന്റെ ആങ്ങളേ, അങ്ങനെ പറയരുതേ! ഇപ്പോൾ എന്നോടു ചെയ്ത ദോഷത്തെക്കാൾ മോശമല്ലേ എന്നെ ഇനി പറഞ്ഞുവിടുന്നത്?” പക്ഷേ, താമാർ പറഞ്ഞതൊന്നും അമ്നോൻ ചെവിക്കൊണ്ടില്ല.
17 അയാൾ പരിചാരകനായ യുവാവിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഇവളെ എന്റെ മുന്നിൽനിന്ന് കൊണ്ടുപോകൂ. ഇവളെ പുറത്താക്കി വാതിൽ അടയ്ക്ക്!” 18 (കന്യകമാരായ രാജകുമാരിമാർ അണിയുന്ന പ്രത്യേകതരം* നീളൻ കുപ്പായമാണു താമാർ ധരിച്ചിരുന്നത്.) അയാളുടെ പരിചാരകൻ താമാറിനെ പുറത്തിറക്കി വാതിൽ അടച്ചു. 19 അപ്പോൾ താമാർ തലയിൽ ചാരം വാരിയിട്ട്,+ അണിഞ്ഞിരുന്ന മേന്മയേറിയ നീളൻ കുപ്പായം വലിച്ചുകീറി, കൈകൾ തലയിൽ വെച്ച് നിലവിളിച്ചുകൊണ്ട് നടന്നുനീങ്ങി.
20 ഇത് അറിഞ്ഞ സഹോദരനായ അബ്ശാലോം+ താമാറിനോടു ചോദിച്ചു: “നിന്റെ സഹോദരൻ അമ്നോനാണോ നിന്നോട് ഇതു ചെയ്തത്? എന്റെ പെങ്ങളേ, തത്കാലം നീ മിണ്ടാതിരിക്കുക. അമ്നോൻ നിന്റെ സഹോദരനല്ലേ?+ നീ ഇതൊന്നും മനസ്സിൽ വെച്ചുകൊണ്ടിരിക്കരുത്.” തുടർന്ന് താമാർ, ആരുമായും സമ്പർക്കമില്ലാതെ സഹോദരനായ അബ്ശാലോമിന്റെ വീട്ടിൽ താമസിച്ചു. 21 ഇതെക്കുറിച്ചെല്ലാം കേട്ട ദാവീദ് രാജാവിനു കോപം അടക്കാനായില്ല.+ പക്ഷേ, മകനായ അമ്നോനെ വേദനിപ്പിക്കാൻ രാജാവിനു താത്പര്യമില്ലായിരുന്നു. കാരണം, മൂത്ത മകനായതുകൊണ്ട് ദാവീദിന് അമ്നോനോടു വലിയ സ്നേഹമായിരുന്നു. 22 അബ്ശാലോം അമ്നോനോടു ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പറഞ്ഞില്ല. കാരണം, സ്വന്തം സഹോദരിയായ താമാറിനെ+ അപമാനിച്ച അമ്നോനോട് അബ്ശാലോമിനു വെറുപ്പായിരുന്നു.+
23 അങ്ങനെ, രണ്ടു വർഷം കടന്നുപോയി. എഫ്രയീമിന്+ അടുത്തുള്ള ബാൽഹാസോരിൽവെച്ച് അബ്ശാലോമിന്റെ ആളുകൾ ആടുകളുടെ രോമം കത്രിക്കുന്ന സമയം. അബ്ശാലോം എല്ലാ രാജകുമാരന്മാരെയും+ അവിടേക്കു ക്ഷണിച്ചു. 24 രാജാവിന്റെ അടുത്ത് വന്ന് അബ്ശാലോം പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ ആടുകളുടെ രോമം കത്രിക്കുന്നുണ്ട്. രാജാവും ദാസന്മാരും എന്റെകൂടെ വരാമോ?” 25 പക്ഷേ, രാജാവ് അബ്ശാലോമിനോടു പറഞ്ഞു: “എന്റെ മകനേ, അതു വേണ്ടാ. എല്ലാവരുംകൂടെ വന്നാൽ നിനക്ക് അതൊരു ഭാരമാകും.” എത്ര നിർബന്ധിച്ചിട്ടും രാജാവ് ചെല്ലാമെന്നു സമ്മതിച്ചില്ല. പക്ഷേ, രാജാവ് അബ്ശാലോമിനെ അനുഗ്രഹിച്ചു. 26 അപ്പോൾ, അബ്ശാലോം പറഞ്ഞു: “അങ്ങ് വരുന്നില്ലെങ്കിൽ ദയവായി എന്റെ സഹോദരനായ അമ്നോനെ ഞങ്ങളുടെകൂടെ അയയ്ക്കണേ.”+ അപ്പോൾ രാജാവ്, “അമ്നോൻ എന്തിനു നിന്നോടൊപ്പം പോരണം” എന്നു ചോദിച്ചു. 27 പക്ഷേ, അബ്ശാലോം നിർബന്ധിച്ചപ്പോൾ രാജാവ് അമ്നോനെയും മറ്റെല്ലാ രാജകുമാരന്മാരെയും അബ്ശാലോമിന്റെകൂടെ അയച്ചു.
28 തുടർന്ന്, അബ്ശാലോം പരിചാരകന്മാരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഒരുങ്ങിയിരിക്കുക. വീഞ്ഞു കുടിച്ച് അമ്നോന്റെ ഹൃദയം ആനന്ദലഹരിയിലാകുമ്പോൾ ഞാൻ നിങ്ങളോട്, ‘അമ്നോനെ കൊല്ലുക!’ എന്നു പറയും. ഉടനെ നിങ്ങൾ അവനെ കൊല്ലണം. ഒന്നും പേടിക്കേണ്ടാ. ഞാനല്ലേ നിങ്ങളോടു കല്പിക്കുന്നത്? നല്ല മനക്കരുത്തും ധൈര്യവും ഉള്ളവരായിരിക്കുക.” 29 അബ്ശാലോം കല്പിച്ചതുപോലെതന്നെ പരിചാരകന്മാർ അമ്നോനോടു ചെയ്തു. അപ്പോൾ, മറ്റു രാജകുമാരന്മാരെല്ലാം എഴുന്നേറ്റ് അവരവരുടെ കോവർകഴുതപ്പുറത്ത് കയറി പാഞ്ഞുപോയി. 30 അവർ വഴിയിലായിരിക്കുമ്പോൾത്തന്നെ, “അബ്ശാലോം എല്ലാ രാജകുമാരന്മാരെയും കൊന്നുകളഞ്ഞു, ഒരാൾപ്പോലും രക്ഷപ്പെട്ടില്ല” എന്നൊരു വാർത്ത ദാവീദിന്റെ ചെവിയിൽ എത്തി. 31 അപ്പോൾ, രാജാവ് എഴുന്നേറ്റ് വസ്ത്രം കീറി നിലത്ത് കിടന്നു. രാജാവിന്റെ എല്ലാ ദാസന്മാരും അവരുടെ വസ്ത്രം വലിച്ചുകീറി അടുത്തുതന്നെ നിന്നു.
32 പക്ഷേ, ദാവീദിന്റെ സഹോദരനായ ശിമയയുടെ+ മകൻ യഹോനാദാബ്+ പറഞ്ഞു: “അവർ രാജകുമാരന്മാരെ എല്ലാവരെയും കൊന്നുകളഞ്ഞെന്ന് എന്റെ യജമാനൻ വിചാരിക്കരുതേ. അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.+ അബ്ശാലോമിന്റെ ആജ്ഞയനുസരിച്ചാണ് അവർ ഇതു ചെയ്തത്. സഹോദരിയായ+ താമാറിനെ+ അമ്നോൻ അപമാനിച്ച അന്നുതന്നെ അബ്ശാലോം ഇക്കാര്യം തീരുമാനിച്ചുറച്ചതാണ്.+ 33 അതുകൊണ്ട്, ‘രാജകുമാരന്മാർ എല്ലാവരും മരിച്ചു’ എന്ന വാർത്ത എന്റെ യജമാനനായ രാജാവ് വിശ്വസിക്കരുതേ.* അമ്നോൻ മാത്രമേ മരിച്ചിട്ടുള്ളൂ.”
34 ഇതിനിടെ, അബ്ശാലോം ഓടിപ്പോയി.+ പിന്നീട്, കാവൽക്കാരൻ കണ്ണ് ഉയർത്തി നോക്കിയപ്പോൾ പുറകിലുള്ള മലയുടെ സമീപത്തെ വഴിയിലൂടെ ധാരാളം പേർ വരുന്നതു കണ്ടു. 35 അപ്പോൾ, യഹോനാദാബ്+ രാജാവിനോടു പറഞ്ഞു: “കണ്ടോ, രാജകുമാരന്മാർ മടങ്ങിയെത്തിയിരിക്കുന്നു. അങ്ങയുടെ ഈ ദാസൻ പറഞ്ഞതു സത്യമായിരുന്നെന്ന് ഉറപ്പായില്ലേ?” 36 യഹോനാദാബ് അതു പറഞ്ഞുതീർന്നപ്പോഴേക്കും രാജകുമാരന്മാർ പൊട്ടിക്കരഞ്ഞുകൊണ്ട് അകത്ത് വന്നു. രാജാവും എല്ലാ ഭൃത്യന്മാരും അതിദുഃഖത്തോടെ കരഞ്ഞു. 37 പക്ഷേ, അബ്ശാലോം ഗശൂർ രാജാവായ അമ്മീഹൂദിന്റെ മകൻ തൽമായിയുടെ+ അടുത്തേക്ക് ഓടിപ്പോയി. ദാവീദ് ദിവസങ്ങളോളം മകനെ ഓർത്ത് ദുഃഖിച്ചു. 38 ഗശൂരിലേക്ക്+ ഓടിപ്പോയ അബ്ശാലോം അവിടെ മൂന്നു വർഷം താമസിച്ചു.
39 ഒടുവിൽ, ദാവീദ് രാജാവിന് അബ്ശാലോമിനെ ചെന്ന് കാണണമെന്ന് അതിയായ ആഗ്രഹം തോന്നി. കാരണം, അതിനോടകം അമ്നോന്റെ വേർപാടുമായി രാജാവ് പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.*
14 അബ്ശാലോമിനെ കാണാൻ രാജാവിന് ഉള്ളിന്റെ ഉള്ളിൽ അതിയായ ആഗ്രഹമുണ്ടെന്നു+ സെരൂയയുടെ+ മകനായ യോവാബ് മനസ്സിലാക്കി. 2 അതുകൊണ്ട്, യോവാബ് തെക്കോവയിലേക്ക്+ ആളയച്ച് ബുദ്ധിമതിയായ ഒരു സ്ത്രീയെ വിളിപ്പിച്ചു. എന്നിട്ട്, ആ സ്ത്രീയോടു പറഞ്ഞു: “മരിച്ചുപോയ ഒരാളെ ഓർത്ത് ദുഃഖിക്കുന്ന ഒരു സ്ത്രീയെപ്പോലെ നീ അഭിനയിക്കണം. വിലാപവസ്ത്രം ധരിച്ച് തൈലം പൂശാതെ,+ ദീർഘകാലമായി വിരഹദുഃഖം അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെ വേണം നീ പെരുമാറാൻ. 3 എന്നിട്ട്, രാജസന്നിധിയിൽ ചെന്ന് ഇന്നതുപോലെ പറയണം.” പറയേണ്ട വാക്കുകളെല്ലാം യോവാബ് സ്ത്രീക്കു പറഞ്ഞുകൊടുത്തു.
4 തെക്കോവക്കാരിയായ ആ സ്ത്രീ രാജാവിന്റെ സന്നിധിയിൽ ചെന്ന് മുട്ടുകുത്തി സാഷ്ടാംഗം നമസ്കരിച്ചു. എന്നിട്ട്, “രാജാവേ, എന്നെ സഹായിക്കണേ!” എന്നു പറഞ്ഞു. 5 അപ്പോൾ രാജാവ്, “എന്താണു കാര്യം” എന്നു ചോദിച്ചു. സ്ത്രീ പറഞ്ഞു: “ഞാനൊരു പാവം വിധവയാണ്; എന്റെ ഭർത്താവ് മരിച്ചുപോയി. 6 അങ്ങയുടെ ഈ ദാസിക്ക് രണ്ട് ആൺമക്കളുണ്ടായിരുന്നു. ഒരിക്കൽ വയലിൽവെച്ച് അവർ തമ്മിൽ അടിപിടിയുണ്ടായി. അവരെ പിടിച്ചുമാറ്റാൻ ആരുമുണ്ടായിരുന്നില്ല. ഒരുത്തൻ മറ്റവനെ അടിച്ചുകൊന്നു. 7 ഇപ്പോൾ, കുടുംബക്കാർ എല്ലാവരും അങ്ങയുടെ ഈ ദാസിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. അവർ പറയുന്നത് ഇതാണ്: ‘സ്വന്തം സഹോദരനെ കൊന്നവനെ വിട്ടുതരൂ. ഞങ്ങൾക്ക് അവനെ കൊന്ന് അവന്റെ സഹോദരന്റെ ജീവനു പകരംവീട്ടണം.+ ആകെയുള്ള ഒരു അവകാശി ഇല്ലാതാകുമെന്നു ഞങ്ങൾക്ക് അറിയാം. എങ്കിലും ഞങ്ങൾ അതു ചെയ്യും!’ അങ്ങനെ, അവർ എന്റെ ഭർത്താവിന്റെ പേരോ സന്തതിയോ* ഈ ഭൂമുഖത്ത് അവശേഷിക്കാൻ സമ്മതിക്കാതെ എന്റെ പക്കൽ ശേഷിച്ചിരിക്കുന്ന അവസാനത്തെ കനലും* കെടുത്തിക്കളയും.”
8 അപ്പോൾ, രാജാവ് സ്ത്രീയോടു പറഞ്ഞു: “വീട്ടിലേക്കു പൊയ്ക്കൊള്ളുക. നിന്റെ കാര്യത്തിൽ ഞാൻ ഒരു കല്പന കൊടുക്കുന്നുണ്ട്.” 9 അപ്പോൾ, ആ തെക്കോവക്കാരി രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ. രാജാവിനും അവിടുത്തെ സിംഹാസനത്തിനും കുറ്റമില്ലാതിരിക്കട്ടെ.” 10 അപ്പോൾ, രാജാവ് പറഞ്ഞു: “ഇനി നിന്നോട് ആരെങ്കിലും വല്ലതും പറഞ്ഞാൽ അയാളെ എന്റെ അടുത്ത് കൊണ്ടുവരണം. പിന്നെ ഒരിക്കലും അയാൾ നിന്നെ ശല്യപ്പെടുത്തില്ല.” 11 പക്ഷേ, സ്ത്രീ പറഞ്ഞു: “രാജാവേ, ദയവുചെയ്ത് അങ്ങ് അങ്ങയുടെ ദൈവമായ യഹോവയെ ഓർക്കണേ. രക്തത്തിനു പകരം ചോദിക്കുന്നവൻ+ എന്റെ മകനെ ഇല്ലായ്മ ചെയ്ത് നാശം വിതയ്ക്കാൻ ഇടവരരുതേ.” അപ്പോൾ രാജാവ്, “യഹോവയാണെ,+ നിന്റെ മകന്റെ ഒരു രോമംപോലും നിലത്ത് വീഴില്ല” എന്നു പറഞ്ഞു. 12 അപ്പോൾ സ്ത്രീ, “എന്റെ യജമാനനായ രാജാവിനോട് അങ്ങയുടെ ഈ ദാസി ദയവായി ഒരു വാക്കു പറഞ്ഞുകൊള്ളട്ടേ” എന്നു ചോദിച്ചു. അപ്പോൾ രാജാവ്, “പറഞ്ഞുകൊള്ളൂ!” എന്നു പറഞ്ഞു.
13 അപ്പോൾ, സ്ത്രീ ചോദിച്ചു: “അങ്ങനെയെങ്കിൽ, അങ്ങ് എന്തിനാണു ദൈവജനത്തിന്+ എതിരെ ഇതുപോലൊരു കാര്യം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചത്? രാജാവിന്റെ ഈ വാക്കുകൾകൊണ്ട് രാജാവ് തന്നെത്തന്നെ കുറ്റക്കാരനാക്കുകയല്ലേ? കാരണം, നാടു വിട്ട് കഴിയേണ്ടിവന്നിരിക്കുന്ന സ്വന്തം മകനെ രാജാവ് തിരികെ കൊണ്ടുവരുന്നില്ലല്ലോ.+ 14 നമ്മളെല്ലാം നിശ്ചയമായും മരിക്കും. അതോടെ നമ്മൾ, നിലത്ത് ഒഴിച്ചുകളഞ്ഞിട്ട് തിരിച്ചെടുക്കാൻ പറ്റാതാകുന്ന വെള്ളംപോലെയാകും. പക്ഷേ, ദൈവം ആരുടെയും ജീവനെടുത്തുകളയുന്നില്ല; പകരം നാടുകടത്തപ്പെട്ടവൻ എന്നെന്നും തന്നിൽനിന്ന് അകന്ന് നാടുകടത്തപ്പെട്ടവനായി കഴിയാതിരിക്കാനുള്ള കാരണം തേടുന്നു. 15 ജനം എന്നെ പേടിപ്പിച്ചതുകൊണ്ടാണ് ഇക്കാര്യം പറയാൻ ഞാൻ എന്റെ യജമാനനായ രാജാവിന്റെ സന്നിധിയിൽ വന്നത്. അങ്ങയുടെ ഈ ദാസി ഇങ്ങനെയാണു ചിന്തിച്ചത്: ‘രാജാവിനോട് എന്തായാലും ഒന്നു സംസാരിച്ചുനോക്കാം. ഒരുപക്ഷേ, രാജാവ് ഈ അടിമയുടെ അപേക്ഷ കേട്ട് നടപടിയെടുത്തേക്കും. 16 രാജാവ് ഈ അടിമ പറയുന്നതു കേൾക്കുകയും ദൈവം തന്ന അവകാശത്തിൽനിന്ന് എന്നെയും എന്റെ ഏകമകനെയും ഇല്ലാതാക്കാൻ ശ്രമിക്കുന്നവന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കുകയും ചെയ്യുമായിരിക്കും.’+ 17 ഗുണവും ദോഷവും വേർതിരിച്ചറിയുന്ന കാര്യത്തിൽ എന്റെ യജമാനനായ രാജാവ് ശരിക്കും ഒരു ദൈവദൂതനെപ്പോലെയാണല്ലോ. അതുകൊണ്ട്, ‘എന്റെ യജമാനനായ രാജാവിന്റെ വാക്ക് എനിക്ക് ആശ്വാസമേകും’ എന്ന് അങ്ങയുടെ ഈ ദാസി വിചാരിച്ചു. അങ്ങയുടെ ദൈവമായ യഹോവ അങ്ങയുടെകൂടെയുണ്ടായിരിക്കട്ടെ.”
18 അപ്പോൾ, രാജാവ് ആ സ്ത്രീയോടു പറഞ്ഞു: “ഞാൻ എന്തു ചോദിച്ചാലും ദയവായി നീ മറുപടി പറയണം. ഒന്നും മറച്ചുവെക്കരുത്.” അപ്പോൾ അവൾ, “എന്റെ യജമാനനായ രാജാവേ, ചോദിച്ചാലും” എന്നു പറഞ്ഞു. 19 അപ്പോൾ, രാജാവ് ചോദിച്ചു: “യോവാബാണോ നിന്നെക്കൊണ്ട് ഇതെല്ലാം ചെയ്യിച്ചത്?”+ അപ്പോൾ, സ്ത്രീ പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങാണെ കാര്യങ്ങൾ അങ്ങ് പറഞ്ഞതുപോലെതന്നെയാണ്.* അങ്ങയുടെ ഈ ദാസിക്കു നിർദേശം തന്നതും ഈ വാക്കുകളൊക്കെ പറഞ്ഞുതന്നതും അങ്ങയുടെ ഭൃത്യനായ യോവാബാണ്. 20 കാര്യങ്ങളെക്കുറിച്ച് വ്യത്യസ്തമായൊരു ചിത്രം നൽകാനാണ് അങ്ങയുടെ ഭൃത്യനായ യോവാബ് ഇതു ചെയ്തത്. പക്ഷേ, ദൈവദൂതന്റേതുപോലെ ജ്ഞാനമുള്ള എന്റെ യജമാനനു ദേശത്ത് നടക്കുന്നതെല്ലാം അറിയാമല്ലോ.”
21 പിന്നെ, രാജാവ് യോവാബിനോടു പറഞ്ഞു: “ശരി, ഇക്കാര്യം ഞാൻ ചെയ്യാം.+ ചെന്ന് അബ്ശാലോം കുമാരനെ തിരികെ കൊണ്ടുവരുക.”+ 22 അപ്പോൾ, യോവാബ് മുട്ടുകുത്തി സാഷ്ടാംഗം നമസ്കരിച്ച് രാജാവിനെ സ്തുതിച്ചു. യോവാബ് പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങ് ഈ ദാസന്റെ അപേക്ഷ കേട്ട് നടപടിയെടുത്തല്ലോ. അതുകൊണ്ട്, അങ്ങയ്ക്ക് എന്നോടു പ്രീതി തോന്നിയിരിക്കുന്നെന്നു ഞാൻ ഇന്ന് അറിയുന്നു.” 23 തുടർന്ന്, യോവാബ് എഴുന്നേറ്റ് ഗശൂരിലേക്കു+ ചെന്ന് അബ്ശാലോമിനെ യരുശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു. 24 പക്ഷേ, രാജാവ് പറഞ്ഞു: “അബ്ശാലോം വീട്ടിലേക്കു പോകട്ടെ. എന്നെ മുഖം കാണിക്കരുത്.” അങ്ങനെ, അബ്ശാലോം വീട്ടിലേക്കു പോയി. രാജാവിനെ മുഖം കാണിച്ചതുമില്ല.
25 സൗന്ദര്യത്തിന്റെ കാര്യത്തിൽ അബ്ശാലോമിനോളം കീർത്തിയുള്ള ഒരാളും ഇസ്രായേലിലെങ്ങുമുണ്ടായിരുന്നില്ല. അടിതൊട്ട് മുടിവരെ ഒരു ന്യൂനതയുമില്ലാത്തവനായിരുന്നു അബ്ശാലോം. 26 മുടി തലയ്ക്കു ഭാരമാകുന്നതുകൊണ്ട് വർഷത്തിലൊരിക്കൽ അബ്ശാലോം തലമുടി പറ്റെ വെട്ടുമായിരുന്നു. അങ്ങനെ കിട്ടുന്ന മുടിയുടെ തൂക്കം രാജതൂക്കക്കട്ടിക്ക്* 200 ശേക്കെലുണ്ടായിരുന്നു.* 27 അബ്ശാലോമിനു മൂന്ന് ആൺമക്കളും+ താമാർ എന്നു പേരുള്ള ഒരു മകളും ഉണ്ടായിരുന്നു. അവൾ അതീവസുന്ദരിയായിരുന്നു.
28 രാജാവിനെ മുഖം കാണിക്കാതെ അബ്ശാലോം യരുശലേമിൽ താമസിച്ചു.+ അങ്ങനെ, രണ്ടു വർഷം കടന്നുപോയി. 29 അതുകൊണ്ട്, രാജാവിന്റെ അടുത്തേക്കു യോവാബിനെ പറഞ്ഞയയ്ക്കാൻ തീരുമാനിച്ച അബ്ശാലോം അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു. പക്ഷേ, യോവാബ് ചെന്നില്ല. രണ്ടാം പ്രാവശ്യവും ആളയച്ചു. എന്നിട്ടും യോവാബ് ചെല്ലാൻ കൂട്ടാക്കിയില്ല. 30 ഒടുവിൽ, അബ്ശാലോം ഭൃത്യന്മാരോടു പറഞ്ഞു: “എന്റെ നിലത്തോടു ചേർന്നാണ് യോവാബിന്റെ നിലം. അവിടെ കുറെ ബാർളിയുണ്ട്. നിങ്ങൾ ചെന്ന് അതിനു തീയിടുക.” അങ്ങനെ, അബ്ശാലോമിന്റെ ഭൃത്യന്മാർ ആ നിലത്തിനു തീയിട്ടു. 31 ഉടനെ യോവാബ് എഴുന്നേറ്റ് അബ്ശാലോമിന്റെ വീട്ടിൽ ചെന്ന് അബ്ശാലോമിനോട്, “താങ്കളുടെ ഭൃത്യന്മാർ എന്റെ നിലത്തിനു തീയിട്ടത് എന്തിനാണ്” എന്നു ചോദിച്ചു. 32 അപ്പോൾ അബ്ശാലോം യോവാബിനോടു പറഞ്ഞു: “‘താങ്കൾ ഇവിടെവരെ ഒന്നു വരണം’ എന്നു ഞാൻ അറിയിച്ചതല്ലേ? ‘താങ്കൾ എനിക്കുവേണ്ടി രാജാവിന്റെ അടുത്ത് ചെന്ന്, “ഞാൻ എന്തിനാണു ഗശൂരിൽനിന്ന് വന്നത്,+ ഇതിലും ഭേദം അവിടെത്തന്നെ കഴിയുന്നതായിരുന്നല്ലോ” എന്നും “രാജാവിനെ മുഖം കാണിക്കാൻ എന്നെ ഇപ്പോൾ അനുവദിച്ചാലും; എന്നിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അവിടുന്ന് എന്നെ കൊന്നുകളയുക” എന്നും പറയണം’ എന്നു ഞാൻ അറിയിച്ചതല്ലായിരുന്നോ?”
33 അങ്ങനെ, യോവാബ് രാജാവിന്റെ അടുത്ത് ചെന്ന് കാര്യം അറിയിച്ചു. അപ്പോൾ, രാജാവ് അബ്ശാലോമിനെ വിളിച്ചു. അബ്ശാലോം രാജാവിന്റെ അടുത്ത് ചെന്ന് രാജാവിന്റെ മുന്നിൽ മുട്ടുകുത്തി സാഷ്ടാംഗം നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു.+
15 ഇതിനെല്ലാം ശേഷം അബ്ശാലോം ഒരു രഥം സമ്പാദിച്ചു. ഒപ്പം ഏതാനും കുതിരകളെയും തന്റെ മുന്നിൽ ഓടാൻ 50 ആളുകളെയും സ്വന്തമാക്കി.+ 2 അബ്ശാലോം അതിരാവിലെ എഴുന്നേറ്റ് നഗരകവാടത്തിലേക്കുള്ള വഴിയുടെ അരികിലായി നിൽക്കും.+ ആരെങ്കിലും രാജാവ് തീർപ്പാക്കേണ്ട ഒരു കേസുമായി+ വന്നാൽ ഉടൻ അബ്ശാലോം അയാളെ വിളിച്ച്, “താങ്കൾ ഏതു നഗരത്തിൽനിന്നാണ്” എന്നു ചോദിക്കും. ‘അങ്ങയുടെ ഈ ദാസൻ ഇസ്രായേലിലെ ഇന്ന ഗോത്രക്കാരനാണ്’ എന്നു പറയുമ്പോൾ 3 അബ്ശാലോം പറയും: “താങ്കളുടെ ഭാഗം ശരിയാണ്. താങ്കൾ പറയുന്നതിൽ ന്യായമുണ്ട്. പക്ഷേ, താങ്കളുടെ കേസ് കേൾക്കാൻ രാജാവ് ആരെയും ആക്കിയിട്ടില്ല.” 4 അബ്ശാലോം ഇങ്ങനെയും പറയും: “ദേശത്ത് ന്യായാധിപനായി എന്നെ നിയമിച്ചിരുന്നെങ്കിൽ! അപ്പോൾ, എന്തെങ്കിലും തർക്കമോ കേസോ ഉള്ള എല്ലാവർക്കും എന്റെ അടുത്ത് വരാമായിരുന്നു. അവർക്കെല്ലാം നീതി ലഭിക്കുന്നെന്നു ഞാൻ ഉറപ്പുവരുത്തിയേനേ.”
5 തന്റെ മുന്നിൽ കുമ്പിടാൻ ആരെങ്കിലും അടുത്തേക്കു വന്നാൽ അബ്ശാലോം കൈ നീട്ടി ആ മനുഷ്യനെ പിടിച്ച് ചുംബിക്കുമായിരുന്നു.+ 6 കേസ് തീർപ്പാക്കിക്കിട്ടാൻ രാജാവിന്റെ അടുത്ത് വരുന്ന എല്ലാ ഇസ്രായേല്യരോടും അബ്ശാലോം ഇങ്ങനെ ചെയ്തു. അങ്ങനെ, അബ്ശാലോം ഇസ്രായേൽമക്കളുടെ ഹൃദയം കവർന്നുതുടങ്ങി.+
7 നാലു വർഷം* കഴിഞ്ഞപ്പോൾ രാജാവിനോട് അബ്ശാലോം പറഞ്ഞു: “യഹോവയ്ക്കു നേർന്ന നേർച്ച നിറവേറ്റാൻവേണ്ടി ഹെബ്രോനിലേക്കു+ പോകാൻ എന്നെ അനുവദിക്കണേ. 8 അങ്ങയുടെ ഈ ദാസൻ സിറിയയിലെ ഗശൂരിൽ+ താമസിക്കുമ്പോൾ, ‘യഹോവ എന്നെ യരുശലേമിലേക്കു തിരികെ കൊണ്ടുവന്നാൽ ഞാൻ യഹോവയ്ക്ക് ഒരു യാഗം അർപ്പിക്കും’* എന്ന് ഒരു സുപ്രധാനനേർച്ച+ നേർന്നിരുന്നു.” 9 അപ്പോൾ, രാജാവ് അബ്ശാലോമിനോട്, “സമാധാനത്തോടെ പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. അങ്ങനെ, അബ്ശാലോം എഴുന്നേറ്റ് ഹെബ്രോനിലേക്കു പോയി.
10 അബ്ശാലോം എല്ലാ ഇസ്രായേൽഗോത്രങ്ങളിലേക്കും ചാരന്മാരെ അയച്ചു. അബ്ശാലോം അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “കൊമ്പുവിളി കേൾക്കുന്ന ഉടൻ നിങ്ങൾ, ‘അബ്ശാലോം ഹെബ്രോനിൽ+ രാജാവായിരിക്കുന്നു!’ എന്നു വിളിച്ചുപറയണം.” 11 യരുശലേമിൽനിന്ന് 200 ആളുകൾ അബ്ശാലോമിന്റെകൂടെ പോയിരുന്നു. ക്ഷണം ലഭിച്ചിട്ട് പോയവരായിരുന്നു അവർ. എന്താണു സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്ന അവർക്ക് ഒരു സംശയവും തോന്നിയില്ല. 12 ബലി അർപ്പിക്കുന്നതിന് ഇടയിൽ അബ്ശാലോം ദാവീദിന്റെ ഉപദേഷ്ടാവായ+ അഹിഥോഫെൽ+ എന്ന ഗീലൊന്യനെ വിളിക്കാൻ അയാളുടെ നഗരമായ ഗീലൊയിലേക്ക്+ ആളയയ്ക്കുകയും ചെയ്തു. അങ്ങനെ, രാജാവിന് എതിരെയുള്ള ഗൂഢാലോചന ശക്തിപ്പെട്ടു. അബ്ശാലോമിനെ പിന്തുണയ്ക്കുന്ന ആളുകളുടെ എണ്ണം കൂടിക്കൂടി വന്നു.+
13 പിന്നീട്, ഒരാൾ വന്ന് ദാവീദിന് ഈ വിവരം കൊടുത്തു: “ഇസ്രായേൽമക്കളുടെ ഹൃദയം അബ്ശാലോമിലേക്കു തിരിഞ്ഞിരിക്കുന്നു.” 14 ഉടനെ ദാവീദ്, തന്റെകൂടെ യരുശലേമിലുണ്ടായിരുന്ന ഭൃത്യന്മാരോടെല്ലാം പറഞ്ഞു: “എഴുന്നേൽക്കൂ. ഇവിടെനിന്ന് ഓടിപ്പോയില്ലെങ്കിൽ+ അബ്ശാലോമിന്റെ കൈയിൽനിന്ന് നമ്മൾ ആരും രക്ഷപ്പെടില്ല. വേഗമാകട്ടെ! അല്ലാത്തപക്ഷം അബ്ശാലോം പെട്ടെന്നു വന്ന് നമ്മളെ പിടികൂടി നമ്മുടെ മേൽ വിനാശം വിതയ്ക്കും. നഗരം വാളിന് ഇരയാക്കുകയും ചെയ്യും!”+ 15 അപ്പോൾ, രാജാവിന്റെ ഭൃത്യന്മാർ, “യജമാനനായ രാജാവ് എന്തു തീരുമാനിച്ചാലും അങ്ങയുടെ ഈ ദാസന്മാർ ചെയ്തുകൊള്ളാം”+ എന്നു പറഞ്ഞു. 16 അങ്ങനെ, രാജാവ് വീട്ടിലുള്ള* എല്ലാവരെയും കൂട്ടി പുറപ്പെട്ടു. പക്ഷേ, വീടു പരിപാലിക്കാൻ പത്ത് ഉപപത്നിമാരെ+ അവിടെത്തന്നെ നിറുത്തി. 17 രാജാവും കൂട്ടരും യാത്ര ചെയ്ത് ബേത്ത്-മെർഹാക്കിൽ എത്തി. അവിടെ എത്തിയപ്പോഴാണ് അവർ നിന്നത്.
18 രാജാവിന്റെകൂടെ പോന്ന സകലഭൃത്യന്മാരും എല്ലാ കെരാത്യരും പ്ലേത്യരും+ ഗത്തിൽനിന്ന്+ കൂടെ പോന്ന 600 ഗിത്ത്യരും+ രാജാവിന്റെ മുന്നിലൂടെ കടന്നുപോയി. രാജാവ് അവരെ നിരീക്ഷിച്ചുകൊണ്ടിരുന്നു. 19 അപ്പോൾ, ഗിത്ത്യനായ ഇഥായിയോടു+ രാജാവ് ചോദിച്ചു: “എന്തിനാണു താങ്കളും ഞങ്ങളുടെകൂടെ പോരുന്നത്? താങ്കൾ ഒരു വിദേശിയും പ്രവാസിയും* അല്ലേ? അതുകൊണ്ട്, മടങ്ങിപ്പോയി പുതിയ രാജാവിന്റെകൂടെ കഴിഞ്ഞുകൊള്ളൂ. 20 താങ്കൾ ഇന്നലെ വന്നതല്ലേ ഉള്ളൂ? എന്നിട്ട്, ഇന്നു ഞങ്ങളുടെകൂടെ അലഞ്ഞുതിരിയാനോ? എനിക്ക് എപ്പോൾ, എങ്ങോട്ടു പോകേണ്ടിവരുമെന്ന് അറിയില്ലല്ലോ. അതുകൊണ്ട്, താങ്കളുടെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പൊയ്ക്കൊള്ളൂ. യഹോവ താങ്കളോട് അചഞ്ചലമായ സ്നേഹവും വിശ്വസ്തതയും കാണിക്കട്ടെ!”+ 21 പക്ഷേ, ഇഥായി രാജാവിനോടു പറഞ്ഞു: “യഹോവയാണെ, യജമാനനായ രാജാവാണെ, മരിക്കാനാണെങ്കിലും ജീവിക്കാനാണെങ്കിലും ശരി, യജമാനനായ രാജാവ് എവിടെയോ അവിടെ അങ്ങയുടെ ഈ ദാസനുമുണ്ടായിരിക്കും!”+ 22 അപ്പോൾ, ദാവീദ് ഇഥായിയോട്,+ “അപ്പുറം കടന്നുകൊള്ളൂ” എന്നു പറഞ്ഞു. അങ്ങനെ, ഗിത്ത്യനായ ഇഥായിയും ഇഥായിയുടെകൂടെയുള്ള എല്ലാ പുരുഷന്മാരും കുട്ടികളും അപ്പുറം കടന്നു.
23 അവർ അപ്പുറം കടക്കുമ്പോൾ ദേശത്തുള്ളവരെല്ലാം പൊട്ടിക്കരഞ്ഞു. രാജാവ് കിദ്രോൻ താഴ്വരയുടെ+ അടുത്ത് നിന്നു. അപ്പുറം കടന്ന ജനം വിജനഭൂമിയിലേക്കുള്ള വഴിയിൽ എത്തിച്ചേർന്നു. 24 സാദോക്കും+ അവിടെയുണ്ടായിരുന്നു. സാദോക്കിന്റെകൂടെ സത്യദൈവത്തിന്റെ ഉടമ്പടിപ്പെട്ടകം+ ചുമന്നുകൊണ്ട് ലേവ്യരുമുണ്ടായിരുന്നു.+ അവർ ആ പെട്ടകം ഇറക്കിവെച്ചു. അബ്യാഥാരും+ അവിടെ എത്തിയിരുന്നു. നഗരത്തിൽനിന്ന് ജനമെല്ലാം അപ്പുറം കടന്നുതീർന്നു. 25 പക്ഷേ, രാജാവ് സാദോക്കിനോടു പറഞ്ഞു: “സത്യദൈവത്തിന്റെ പെട്ടകം നഗരത്തിലേക്കു തിരികെ കൊണ്ടുപോകൂ.+ എന്നോടു പ്രീതി തോന്നുന്നെങ്കിൽ യഹോവ എന്നെ മടക്കിവരുത്തും. അങ്ങനെ, പെട്ടകവും അതിന്റെ നിവാസസ്ഥാനവും ഞാൻ വീണ്ടും കാണും.+ 26 പക്ഷേ, ‘എനിക്കു നിന്നിൽ പ്രസാദമില്ല’ എന്നാണു ദൈവം പറയുന്നതെങ്കിൽ ഉചിതമെന്നു തോന്നുന്നതു ദൈവം എന്നോടു ചെയ്തുകൊള്ളട്ടെ.” 27 പുരോഹിതനായ സാദോക്കിനോടു രാജാവ് പറഞ്ഞു: “താങ്കൾ ഒരു ദിവ്യജ്ഞാനിയല്ലേ?+ സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങുക. താങ്കളുടെ മകനായ അഹീമാസിനെയും അബ്യാഥാരിന്റെ മകനായ യോനാഥാനെയും+ കൂടെ കൂട്ടിക്കൊള്ളൂ. 28 നിങ്ങളിൽനിന്ന് വിവരം കിട്ടുന്നതുവരെ ഞാൻ വിജനഭൂമിയിലെ കടവുകൾക്കടുത്തുതന്നെയുണ്ടാകും.”+ 29 അങ്ങനെ, സാദോക്കും അബ്യാഥാരും സത്യദൈവത്തിന്റെ പെട്ടകം യരുശലേമിലേക്കു തിരികെ കൊണ്ടുപോയി. എന്നിട്ട് അവിടെത്തന്നെ കഴിഞ്ഞു.
30 ദാവീദ് തല മൂടി നഗ്നപാദനായി കരഞ്ഞുകൊണ്ട് ഒലിവുമല+ കയറി. കൂടെയുണ്ടായിരുന്നവരും തല മൂടി കരഞ്ഞുകൊണ്ടാണു കയറിപ്പോയത്. 31 “അബ്ശാലോമിന്റെ+ കൂടെച്ചേർന്ന് ഗൂഢാലോചന+ നടത്തുന്നവരിൽ അഹിഥോഫെലുമുണ്ട്” എന്ന വാർത്ത ദാവീദിന്റെ ചെവിയിലെത്തി. അപ്പോൾ ദാവീദ്, “യഹോവേ, ദയവായി അഹിഥോഫെലിന്റെ ഉപദേശം വിഡ്ഢിത്തമാക്കേണമേ!”+ എന്നു പറഞ്ഞു.+
32 ദാവീദ് മലയുടെ നെറുകയിൽ, ജനം ദൈവമുമ്പാകെ കുമ്പിടാറുള്ളിടത്ത്, എത്തിയപ്പോൾ അവിടെ അർഖ്യനായ+ ഹൂശായി+ അയാളുടെ നീളൻ കുപ്പായം കീറി തലയിൽ മണ്ണും വാരിയിട്ട് രാജാവിനെ കാത്തുനിൽപ്പുണ്ടായിരുന്നു. 33 പക്ഷേ, ദാവീദ് പറഞ്ഞു: “നീ എന്റെകൂടെ വന്നാൽ അത് എനിക്കൊരു ഭാരമാകും. 34 പകരം, നീ നഗരത്തിലേക്കു തിരികെപ്പോയി അബ്ശാലോമിനോട് ഇങ്ങനെ പറയണം: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനാണ്. മുമ്പ് ഞാൻ അങ്ങയുടെ അപ്പന്റെ ദാസനായിരുന്നു. പക്ഷേ ഇപ്പോൾ, അങ്ങയുടെ ദാസനാണ്.’+ അങ്ങനെ ചെയ്താൽ എനിക്കുവേണ്ടി അഹിഥോഫെലിന്റെ ഉപദേശം വിഫലമാക്കാൻ നിനക്കാകും.+ 35 പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെകൂടെയില്ലേ? രാജഭവനത്തിൽനിന്ന് കേൾക്കുന്ന എല്ലാ കാര്യങ്ങളും നീ പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും പറയണം.+ 36 അവിടെ അവരുടെകൂടെ അവരുടെ മക്കൾ, അതായത് സാദോക്കിന്റെ മകനായ അഹീമാസും+ അബ്യാഥാരിന്റെ മകനായ യോനാഥാനും,+ ഉണ്ടല്ലോ. കേൾക്കുന്നതെല്ലാം അവരിലൂടെ നിങ്ങൾ എന്നെ അറിയിക്കണം.” 37 അങ്ങനെ, അബ്ശാലോം യരുശലേമിലേക്കു പ്രവേശിക്കുന്ന സമയത്ത് ദാവീദിന്റെ കൂട്ടുകാരനായ*+ ഹൂശായിയും നഗരത്തിൽ എത്തി.
16 ദാവീദ് മലയുടെ+ നെറുകയിൽനിന്ന് അൽപ്പംകൂടി മുന്നോട്ടു പോയപ്പോൾ മെഫിബോശെത്തിന്റെ+ പരിചാരകനായ സീബ,+ കോപ്പിട്ട രണ്ടു കഴുതയുമായി ദാവീദിനെ കാത്തുനിൽക്കുന്നതു കണ്ടു. അവയുടെ പുറത്ത് 200 അപ്പവും 100 ഉണക്കമുന്തിരിയടയും വേനൽക്കാലപഴങ്ങൾകൊണ്ടുള്ള* 100 അടയും വലിയൊരു ഭരണി വീഞ്ഞും ഉണ്ടായിരുന്നു.+ 2 അപ്പോൾ, രാജാവ് സീബയോട്, “എന്തിനാണ് ഇതൊക്കെ കൊണ്ടുവന്നത്” എന്നു ചോദിച്ചു. അപ്പോൾ സീബ, “കഴുതകൾ രാജാവിന്റെ വീട്ടിലുള്ളവർക്കു സവാരി ചെയ്യാനും അപ്പവും വേനൽക്കാലപഴങ്ങളും ചെറുപ്പക്കാർക്കു കഴിക്കാനും ഉള്ളതാണ്. വിജനഭൂമിയിൽവെച്ച് ക്ഷീണിച്ചവശരാകുന്നവർക്കു കുടിക്കാനാണു വീഞ്ഞ്.”+ 3 അപ്പോൾ രാജാവ്, “നിന്റെ യജമാനന്റെ മകൻ* എവിടെ”+ എന്നു ചോദിച്ചു. സീബ പറഞ്ഞു: “‘എന്റെ അപ്പന്റെ രാജഭരണം ഇസ്രായേൽഗൃഹം ഇന്ന് എനിക്കു തിരികെ തരും’ എന്നും പറഞ്ഞ് അയാൾ യരുശലേമിൽത്തന്നെ കഴിയുകയാണ്.”+ 4 അപ്പോൾ രാജാവ് സീബയോട്, “ഇതാ, മെഫിബോശെത്തിനുള്ളതെല്ലാം ഇനി നിനക്കാണ്”+ എന്നു പറഞ്ഞു. സീബ പറഞ്ഞു: “ഞാൻ ഇതാ, അങ്ങയുടെ മുന്നിൽ കുമ്പിടുന്നു. യജമാനനായ രാജാവേ, എനിക്ക് എന്നും അങ്ങയുടെ പ്രീതിയുണ്ടായിരിക്കട്ടെ.”+
5 ദാവീദ് രാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ഗേരയുടെ മകനായ ശിമെയി+ ദാവീദിന്റെ നേർക്കു വന്നു. ഉറക്കെ ശപിച്ചുകൊണ്ടായിരുന്നു വരവ്.+ 6 രാജാവിനെയും രാജാവിന്റെ എല്ലാ ഭൃത്യന്മാരെയും ഇടത്തും വലത്തും ആയി നീങ്ങിക്കൊണ്ടിരുന്ന ജനത്തെയും വീരയോദ്ധാക്കളെയും ശിമെയി കല്ലെറിയുന്നുമുണ്ടായിരുന്നു. 7 ശിമെയി ശപിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “കടന്നുപോ രക്തപാതകീ! നീചാ, ഇവിടം വിട്ടുപോ! 8 ശൗൽഗൃഹത്തിന്റെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം യഹോവ തിരിച്ച് നിന്റെ മേൽത്തന്നെ വരുത്തിയിരിക്കുന്നു. ശൗലിന്റെ സ്ഥാനത്തിരുന്നല്ലേ നീ രാജാവായി ഭരിച്ചത്? പക്ഷേ, യഹോവ ഇപ്പോൾ രാജാധികാരം നിന്റെ മകനായ അബ്ശാലോമിനു നൽകുന്നു. നീ രക്തപാതകിയായതുകൊണ്ടാണ് ആപത്തു നിന്നെ പിടികൂടിയിരിക്കുന്നത്!”+
9 അപ്പോൾ, സെരൂയയുടെ+ മകനായ അബീശായി രാജാവിനോടു ചോദിച്ചു: “ഈ ചത്ത പട്ടി+ എന്റെ യജമാനനായ രാജാവിനെ ശപിക്കുകയോ?+ ഞാൻ ചെന്ന് അവന്റെ തലയെടുക്കട്ടേ?”+ 10 പക്ഷേ, രാജാവ് ചോദിച്ചു: “സെരൂയയുടെ പുത്രന്മാരേ,+ നിങ്ങൾക്ക് ഇതിൽ എന്തു കാര്യം? അയാൾ എന്നെ ശപിക്കട്ടെ.+ കാരണം, ‘ദാവീദിനെ ശപിക്കുക!’ എന്ന് യഹോവ അയാളോടു പറഞ്ഞിരിക്കുന്നു.+ അപ്പോൾപ്പിന്നെ, ‘നീ എന്തിന് ഇതു ചെയ്യുന്നു’ എന്ന് അയാളോടു ചോദിക്കാൻ ആർക്കാണ് അവകാശം?” 11 അപ്പോൾ, ദാവീദ് അബീശായിയോടും എല്ലാ ഭൃത്യന്മാരോടും പറഞ്ഞു: “ഇതാ, എന്റെ സ്വന്തം ചോരയായ എന്റെ മകൻ എന്റെ ജീവനെടുക്കാൻ നോക്കുന്നു.+ അപ്പോൾപ്പിന്നെ, ഈ ബന്യാമീന്യന്റെ+ കാര്യം പറയാനുണ്ടോ? വിട്ടേക്ക്. അയാൾ എന്നെ ശപിക്കട്ടെ. കാരണം, യഹോവ അയാളോട് അങ്ങനെ പറഞ്ഞിരിക്കുന്നല്ലോ! 12 ഒരുപക്ഷേ, യഹോവ എന്റെ ദുരവസ്ഥ+ കാണും. ഇന്നു ശിമെയി എന്റെ മേൽ ശാപവാക്കുകൾ ചൊരിഞ്ഞെങ്കിലും യഹോവ എന്നെ ആ പഴയ അനുഗൃഹീതാവസ്ഥയിലേക്കു മടക്കിവരുത്തിയേക്കും.”+ 13 എന്നിട്ട്, ദാവീദും ആളുകളും യാത്ര തുടർന്നു. അവർ ഇറക്കം ഇറങ്ങുമ്പോൾ ശിമെയി ഉറക്കെ ശപിച്ചും+ കല്ലും പൂഴിയും വാരിയെറിഞ്ഞും കൊണ്ട് മലഞ്ചെരിവിലൂടെ ദാവീദ് നീങ്ങുന്നതിനൊപ്പം നീങ്ങി.
14 രാജാവും കൂടെയുണ്ടായിരുന്ന ജനം മുഴുവനും ഏറെ നേരം യാത്ര ചെയ്ത് ലക്ഷ്യസ്ഥാനത്ത് എത്തി. തളർന്ന് അവശരായിരുന്ന അവർ അവിടെ വിശ്രമിച്ചു.
15 അതിനിടെ, അബ്ശാലോമും എല്ലാ ഇസ്രായേൽപുരുഷന്മാരും യരുശലേമിൽ എത്തിച്ചേർന്നു. അബ്ശാലോമിന്റെകൂടെ അഹിഥോഫെലുമുണ്ടായിരുന്നു.+ 16 ദാവീദിന്റെ കൂട്ടുകാരൻ* അർഖ്യനായ+ ഹൂശായി+ അബ്ശാലോമിന്റെ അടുത്ത് വന്ന്, “രാജാവ് നീണാൾ വാഴട്ടെ!+ രാജാവ് നീണാൾ വാഴട്ടെ!” എന്നു പറഞ്ഞു. 17 അപ്പോൾ, അബ്ശാലോം ഹൂശായിയോടു ചോദിച്ചു: “ഇതാണോ കൂട്ടുകാരനോടുള്ള അചഞ്ചലസ്നേഹം? താങ്കൾ എന്താ കൂട്ടുകാരന്റെകൂടെ പോകാഞ്ഞത്?” 18 അപ്പോൾ, ഹൂശായി അബ്ശാലോമിനോടു പറഞ്ഞു: “ഇല്ല, യഹോവയും ഈ ജനവും എല്ലാ ഇസ്രായേൽപുരുഷന്മാരും തിരഞ്ഞെടുത്തയാളുടെ പക്ഷത്താണു ഞാൻ. അദ്ദേഹത്തോടൊപ്പം ഞാൻ നിൽക്കും. 19 ഞാൻ വീണ്ടും പറയുന്നു: ആരെയാണു ഞാൻ സേവിക്കേണ്ടത്? അദ്ദേഹത്തിന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ അപ്പനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.”+
20 പിന്നെ, അബ്ശാലോം അഹിഥോഫെലിനോടു ചോദിച്ചു: “നമ്മൾ എന്താണു ചെയ്യേണ്ടത്? ഇക്കാര്യത്തിൽ താങ്കളുടെ ഉപദേശം+ എന്താണ്?” 21 അപ്പോൾ, അഹിഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഭവനം* പരിപാലിക്കാൻ+ അങ്ങയുടെ അപ്പൻ നിറുത്തിയിട്ട് പോയ ഉപപത്നിമാരില്ലേ?+ അവരുടെകൂടെ കിടക്കുക. അപ്പോൾ, അങ്ങ് അപ്പന്റെ വെറുപ്പു സമ്പാദിച്ചിരിക്കുന്നെന്ന് ഇസ്രായേൽ മുഴുവനും കേൾക്കും. അത്, അങ്ങയെ പിന്തുണയ്ക്കുന്നവർക്കു ധൈര്യം പകരും.” 22 അതുകൊണ്ട്, അവർ അബ്ശാലോമിനുവേണ്ടി പുരമുകളിൽ ഒരു കൂടാരം+ ഉണ്ടാക്കി. അബ്ശാലോം ഇസ്രായേൽ മുഴുവനും കാൺകെ അപ്പന്റെ ഉപപത്നിമാരുമായി+ ബന്ധപ്പെട്ടു.+
23 അക്കാലത്ത് അഹിഥോഫെലിന്റെ+ ഉപദേശത്തെ സത്യദൈവത്തിൽനിന്നുള്ള സന്ദേശംപോലെയാണു* കണക്കാക്കിയിരുന്നത്. ഈ വിധത്തിലാണ് അഹിഥോഫെൽ കൊടുക്കുന്ന ഏതൊരു ഉപദേശവും ദാവീദും അബ്ശാലോമും മാനിച്ചിരുന്നത്.
17 അഹിഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ 12,000 പുരുഷന്മാരെ തിരഞ്ഞെടുത്ത് ഇന്നു രാത്രി ദാവീദിനെ പിന്തുടർന്ന് ചെല്ലട്ടേ? 2 ദാവീദ് ക്ഷീണിച്ച് അവശനായിരിക്കുമ്പോൾ+ ഞാൻ ദാവീദിനെ ആക്രമിച്ച് പരിഭ്രാന്തിയിലാക്കും. അപ്പോൾ രാജാവിന്റെകൂടെയുള്ള എല്ലാവരും ഓടിപ്പോകും. രാജാവിനെ മാത്രം ഞാൻ കൊല്ലും.+ 3 എന്നിട്ട്, ബാക്കി എല്ലാവരെയും ഞാൻ അങ്ങയുടെ അടുത്ത് തിരികെ കൊണ്ടുവരും. അതു പക്ഷേ, അങ്ങ് തിരയുന്ന മനുഷ്യന് എന്തു സംഭവിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. പിന്നെ, ജനം മുഴുവൻ സമാധാനത്തോടെ കഴിഞ്ഞുകൊള്ളും.” 4 ഈ നിർദേശം അബ്ശാലോമിനും എല്ലാ ഇസ്രായേൽമൂപ്പന്മാർക്കും വളരെ ഇഷ്ടപ്പെട്ടു.
5 പക്ഷേ, അബ്ശാലോം പറഞ്ഞു: “ദയവായി അർഖ്യനായ ഹൂശായിയെക്കൂടി+ വിളിക്കൂ. അയാൾക്കു പറയാനുള്ളതും നമുക്കൊന്നു കേട്ടുനോക്കാം.” 6 അങ്ങനെ, ഹൂശായി അബ്ശാലോമിന്റെ അടുത്ത് ചെന്നു. അപ്പോൾ, അബ്ശാലോം പറഞ്ഞു: “ഇതായിരുന്നു അഹിഥോഫെലിന്റെ ഉപദേശം. അതുപോലെ നമ്മൾ ചെയ്യണോ? വേണ്ടെങ്കിൽ പറയൂ.” 7 അപ്പോൾ, ഹൂശായി അബ്ശാലോമിനോട്, “ഇത്തവണ അഹിഥോഫെൽ തന്ന ഉപദേശം കൊള്ളില്ല!”+ എന്നു പറഞ്ഞു.
8 ഹൂശായി ഇങ്ങനെയും പറഞ്ഞു: “അങ്ങയുടെ അപ്പനും കൂട്ടരും ധീരന്മാരാണെന്നും+ കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട തള്ളക്കരടിയെപ്പോലെ+ ഇപ്പോൾ എന്തിനും മടിക്കാത്തവരാണെന്നും അങ്ങയ്ക്കു നന്നായി അറിയാമല്ലോ? മാത്രമല്ല, അങ്ങയുടെ അപ്പൻ ഒരു വീരയോദ്ധാവുമാണ്.+ അപ്പൻ ജനത്തിന്റെകൂടെ രാത്രിതങ്ങില്ല. 9 ഇപ്പോൾ ഏതെങ്കിലും ഗുഹയിലോ* മറ്റ് എവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും.+ അങ്ങയുടെ അപ്പനാണ് ആദ്യം ആക്രമിക്കുന്നതെങ്കിൽ കേൾക്കുന്നവർ, ‘അബ്ശാലോമിന്റെ ആൾക്കാർ തോറ്റുപോയി!’ എന്നു പറയും. 10 സിംഹത്തെപ്പോലെ+ ധീരനായ ഒരാളുടെ ഹൃദയംപോലും* ഭയംകൊണ്ട് ഉരുകിപ്പോകും, തീർച്ച. അങ്ങയുടെ അപ്പൻ വീരനും+ ഒപ്പമുള്ളവർ ധീരരും ആണെന്ന് ഇസ്രായേലിനു മുഴുവനും അറിയാം. 11 അതുകൊണ്ട്, എന്റെ ഉപദേശം ഇതാണ്: ദാൻ മുതൽ ബേർ-ശേബ+ വരെ കടപ്പുറത്തെ മണൽത്തരികൾപോലെ+ അസംഖ്യമായിരിക്കുന്ന ഇസ്രായേലിനെ മുഴുവനും അങ്ങയുടെ അടുത്ത് കൂട്ടിവരുത്തുക. എന്നിട്ട്, അങ്ങ് അവരെയും നയിച്ച് യുദ്ധത്തിനു പോകണം. 12 അയാളെ കാണുന്നത് എവിടെവെച്ചായാലും നമ്മൾ ആക്രമിക്കും. നിലത്ത് വീഴുന്ന മഞ്ഞുകണങ്ങൾപോലെ നമ്മൾ അയാളുടെ മേൽ ചെന്ന് വീഴും. അയാളെന്നല്ല കൂടെയുള്ള ആരും, ഒരുത്തൻപോലും, രക്ഷപ്പെടില്ല. 13 അയാൾ ഒരു നഗരത്തിലേക്കു പിൻവാങ്ങുന്നെങ്കിൽ ഇസ്രായേൽ മുഴുവനും വടങ്ങളുമായി അങ്ങോട്ടു ചെന്ന് ഒരു ചെറിയ കല്ലുപോലും ബാക്കി വെക്കാതെ അതിനെ താഴ്വരയിലേക്കു വലിച്ചിട്ടുകളയും.”
14 അപ്പോൾ, “അർഖ്യനായ ഹൂശായിയുടെ ഉപദേശമാണ് അഹിഥോഫെലിന്റെ ഉപദേശത്തെക്കാൾ നല്ലത്!”+ എന്ന് അബ്ശാലോമും ഇസ്രായേൽപുരുഷന്മാരൊക്കെയും പറഞ്ഞു. കാരണം, അഹിഥോഫെലിന്റെ സമർഥമായ ഉപദേശത്തെ വിഫലമാക്കാൻ+ യഹോവ നിശ്ചയിച്ചുറച്ചിരുന്നു.* അബ്ശാലോമിന് ആപത്തു വരുത്തുകയായിരുന്നു യഹോവയുടെ ഉദ്ദേശ്യം.+
15 പിന്നീട്, ഹൂശായി പുരോഹിതന്മാരായ സാദോക്കിനോടും അബ്യാഥാരിനോടും+ പറഞ്ഞു: “ഇതാണ് അഹിഥോഫെൽ അബ്ശാലോമിനും ഇസ്രായേൽമൂപ്പന്മാർക്കും കൊടുത്ത ഉപദേശം. പക്ഷേ, ഇതാണു ഞാൻ കൊടുത്ത ഉപദേശം. 16 അതുകൊണ്ട്, എത്രയും പെട്ടെന്നു ദാവീദിന്റെ അടുത്ത് ആളയച്ച് ഈ മുന്നറിയിപ്പു കൊടുക്കുക: ‘ഇന്നു രാത്രി വിജനഭൂമിയിലെ കടവുകളുടെ സമീപം* തങ്ങരുത്. എന്തുവന്നാലും അക്കര കടക്കണം. അല്ലാത്തപക്ഷം, രാജാവും കൂടെയുള്ള ജനവും ഒന്നൊഴിയാതെ കൊല്ലപ്പെടും.’”+
17 യോനാഥാനും+ അഹീമാസും+ ഏൻ-രോഗേലിലാണു+ തങ്ങിയിരുന്നത്. നഗരത്തിലേക്കു ചെന്നാൽ ആരെങ്കിലും തങ്ങളെ കണ്ടാലോ എന്ന് അവർ പേടിച്ചിരുന്നു. അതുകൊണ്ട്, ഒരു ദാസി പോയി വിവരങ്ങൾ അവരെ അറിയിച്ചു. അവരോ അതു ദാവീദ് രാജാവിനെ അറിയിക്കാൻ പോയി. 18 പക്ഷേ, അവരെ കണ്ട ഒരു ചെറുപ്പക്കാരൻ അബ്ശാലോമിനെ വിവരം അറിയിച്ചു. അതുകൊണ്ട്, അവർ ഇരുവരും പെട്ടെന്നു സ്ഥലം വിട്ടു. അവർ ബഹൂരീമിൽ+ ഒരാളുടെ വീട്ടിലെത്തി. അയാളുടെ വീട്ടുമുറ്റത്ത് ഒരു കിണറുണ്ടായിരുന്നു. അവർ അതിൽ ഇറങ്ങി. 19 അപ്പോൾ, ആ വീട്ടുകാരന്റെ ഭാര്യ ഒരു വിരി എടുത്ത് കിണറിന്റെ മുകളിൽ വിരിച്ചിട്ട് അതിന്റെ പുറത്ത് നുറുക്കിയ ധാന്യം നിരത്തി. ഇതൊന്നും പക്ഷേ, മറ്റ് ആരും അറിഞ്ഞില്ല. 20 അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ ചെന്ന്, “അഹീമാസും യോനാഥാനും എവിടെ” എന്നു ചോദിച്ചു. അപ്പോൾ ആ സ്ത്രീ, “അവർ ഇതുവഴി വെള്ളത്തിന്റെ അടുത്തേക്കു പോയി”+ എന്നു പറഞ്ഞു. ആ പുരുഷന്മാർ അവരെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അതുകൊണ്ട്, അവർ യരുശലേമിലേക്കു മടങ്ങി.
21 ആ പുരുഷന്മാർ പോയിക്കഴിഞ്ഞപ്പോൾ അവർ കിണറ്റിൽനിന്ന് കയറി. എന്നിട്ട്, ചെന്ന് ദാവീദ് രാജാവിനെ വിവരം അറിയിച്ചു. അവർ ദാവീദിനോടു പറഞ്ഞു: “എഴുന്നേറ്റ് എത്രയും പെട്ടെന്നു നദി കടന്ന് പൊയ്ക്കൊള്ളൂ. കാരണം, അഹിഥോഫെൽ അങ്ങയ്ക്കെതിരെ ഇങ്ങനെയൊക്കെ ഉപദേശിച്ചിരിക്കുന്നു.”+ 22 ഉടനെ, ദാവീദും കൂട്ടരും എഴുന്നേറ്റ് യോർദാൻ കടക്കാൻതുടങ്ങി. പ്രഭാതമായപ്പോഴേക്കും എല്ലാവരും അക്കര കടന്നുകഴിഞ്ഞിരുന്നു.
23 തന്റെ ഉപദേശം സ്വീകരിച്ചില്ലെന്നു കണ്ടപ്പോൾ അഹിഥോഫെൽ കഴുതയ്ക്കു കോപ്പിട്ട് സ്വന്തം പട്ടണത്തിലേക്കു പോയി.+ അയാൾ വീട്ടിൽ ചെന്ന് വീട്ടിലുള്ളവർക്കു വേണ്ട നിർദേശങ്ങളൊക്കെ കൊടുത്തിട്ട്+ തൂങ്ങിമരിച്ചു.+ അയാളെ അയാളുടെ പൂർവികരുടെ ശ്മശാനത്തിൽ അടക്കം ചെയ്തു.
24 അതിനിടെ, ദാവീദ് മഹനയീമിലേക്കു+ പോയി. അബ്ശാലോമാകട്ടെ ഇസ്രായേൽപുരുഷന്മാരെയെല്ലാം കൂട്ടി യോർദാൻ കടന്നു. 25 അബ്ശാലോം യോവാബിനു+ പകരം അമാസയെ+ സൈന്യാധിപനാക്കി. അമാസയോ, യോവാബിന്റെ അമ്മയായ സെരൂയയുടെ സഹോദരിയും നാഹാശിന്റെ മകളും ആയ അബീഗയിലുമായുള്ള+ ബന്ധത്തിൽ ഇസ്രായേല്യനായ യിത്രയ്ക്കു ജനിച്ച മകനായിരുന്നു. 26 ഇസ്രായേലും അബ്ശാലോമും ഗിലെയാദ്+ ദേശത്ത് പാളയമടിച്ചു.
27 ദാവീദ് മഹനയീമിൽ എത്തിയ ഉടനെ അമ്മോന്യരുടെ രബ്ബയിൽനിന്ന്+ നാഹാശിന്റെ മകനായ ശോബിയും ലോ-ദബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീരും+ രോഗെലീമിൽനിന്ന് ഗിലെയാദ്യനായ ബർസില്ലായിയും+ 28 കിടക്കകൾ, ചരുവങ്ങൾ, മൺകലങ്ങൾ, ഗോതമ്പ്, ബാർളി, ധാന്യപ്പൊടി, മലർ, വലിയ പയർ, പരിപ്പ്, ഉണക്കിയ ധാന്യം, 29 തേൻ, വെണ്ണ, ആട്, പാൽക്കട്ടി* എന്നിവ കൊണ്ടുവന്നു. “ജനം വിജനഭൂമിയിൽ വിശന്നും ദാഹിച്ചും വലയുകയായിരിക്കും” എന്നു പറഞ്ഞ് ദാവീദിനും കൂടെയുള്ളവർക്കും കഴിക്കാൻവേണ്ടി കൊണ്ടുവന്നതായിരുന്നു+ ഇവയെല്ലാം.+
18 പിന്നീട്, ദാവീദ് കൂടെയുള്ള ആളുകളുടെ എണ്ണമെടുത്തു. അവർക്കു സഹസ്രാധിപന്മാരെയും* ശതാധിപന്മാരെയും*+ നിയമിച്ചു. 2 ദാവീദ് ആളുകളിൽ മൂന്നിലൊന്നിനെ യോവാബിന്റെ+ കീഴിലും മൂന്നിലൊന്നിനെ യോവാബിന്റെ സഹോദരനും സെരൂയയുടെ+ മകനും ആയ അബീശായിയുടെ+ കീഴിലും മൂന്നിലൊന്നിനെ ഗിത്ത്യനായ ഇഥായിയുടെ+ കീഴിലും ആക്കി അയച്ചു. രാജാവ് അവരോട്, “ഞാനും നിങ്ങളുടെകൂടെ വരുന്നു” എന്നു പറഞ്ഞു. 3 പക്ഷേ, അവർ പറഞ്ഞു: “അങ്ങ് വരേണ്ടാ.+ കാരണം, ഞങ്ങൾ തോറ്റോടിയാലും ഞങ്ങളിൽ പകുതിപ്പേരോളം മരിച്ചുവീണാലും അവർക്ക് അതൊരു വലിയ കാര്യമല്ല.* പക്ഷേ, അങ്ങയുടെ ജീവൻ ഞങ്ങളിൽ 10,000 പേരുടെ ജീവനെക്കാൾ വിലയേറിയതാണ്.+ അതുകൊണ്ട് അങ്ങ്, നഗരത്തിലിരുന്ന് ഞങ്ങൾക്കു വേണ്ട സഹായം എത്തിച്ചുതരുന്നതായിരിക്കും നല്ലത്.” 4 അപ്പോൾ, രാജാവ് അവരോടു പറഞ്ഞു: “അതാണു നല്ലതെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ ഞാൻ അങ്ങനെ ചെയ്യാം.” എന്നിട്ട്, രാജാവ് നഗരകവാടത്തിന്റെ അടുത്ത് നിന്നു. ദാവീദിന്റെ ആളുകളെല്ലാം നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു. 5 പിന്നെ, രാജാവ് യോവാബിനോടും അബീശായിയോടും ഇഥായിയോടും ഇങ്ങനെ കല്പിച്ചു: “എന്നെ ഓർത്ത് അബ്ശാലോം കുമാരനോടു ദയ കാണിക്കണം.”+ രാജാവ് തലവന്മാരോടെല്ലാം അബ്ശാലോമിനെക്കുറിച്ച് ഇങ്ങനെ കല്പിക്കുന്നത് എല്ലാ ആളുകളും കേട്ടു.
6 ദാവീദിന്റെ ആളുകൾ ഇസ്രായേലിനെ നേരിടാനായി പടക്കളത്തിലേക്കു പോയി. എഫ്രയീംവനത്തിൽവെച്ച്+ അവർ ഏറ്റുമുട്ടി. 7 ദാവീദിന്റെ ആളുകൾ ഇസ്രായേലിനെ+ തോൽപ്പിച്ചു.+ ഒരു വലിയ സംഹാരംതന്നെ അന്നു നടന്നു. 20,000 പേരാണു മരിച്ചുവീണത്. 8 യുദ്ധം ആ പ്രദേശം മുഴുവൻ വ്യാപിച്ചു. പക്ഷേ, വാളിന് ഇരയായവരെക്കാൾ കൂടുതൽ പേരെ അന്നു വനം വിഴുങ്ങിക്കളഞ്ഞു.
9 അബ്ശാലോം ദാവീദിന്റെ ആളുകളുടെ മുന്നിൽ വന്നുപെട്ടു. ഒരു കോവർകഴുതപ്പുറത്തായിരുന്നു അബ്ശാലോം സഞ്ചരിച്ചിരുന്നത്. കഴുത ഒരു വലിയ വൃക്ഷത്തിന്റെ തിങ്ങിനിൽക്കുന്ന ശാഖകളുടെ അടിയിൽക്കൂടെ പോയപ്പോൾ അബ്ശാലോമിന്റെ മുടി ആ വൃക്ഷത്തിൽ കുടുങ്ങി അബ്ശാലോം അതിൽ തൂങ്ങിക്കിടന്നു.* പക്ഷേ, കഴുത നിൽക്കാതെ മുന്നോട്ടു പോയി. 10 അതു കണ്ട ആരോ യോവാബിനോട്,+ “അബ്ശാലോം ഒരു വലിയ വൃക്ഷത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു. 11 യോവാബ് അയാളോടു പറഞ്ഞു: “നീ അതു കണ്ടിട്ട് എന്താണ് അപ്പോൾത്തന്നെ അയാളെ വെട്ടിവീഴ്ത്താതിരുന്നത്? അതു ചെയ്തിരുന്നെങ്കിൽ ഞാൻ നിനക്കു പത്തു വെള്ളിക്കാശും ഒരു അരപ്പട്ടയും സന്തോഷത്തോടെ തന്നേനേ.” 12 പക്ഷേ, അയാൾ യോവാബിനോടു പറഞ്ഞു: “1,000 വെള്ളിക്കാശു തന്നാലും ഞാൻ രാജകുമാരനു നേരെ കൈ ഉയർത്തില്ല. കാരണം, ‘അബ്ശാലോം കുമാരനു കുഴപ്പമൊന്നും വരാതെ നോക്കണമെന്നു ഞാൻ എല്ലാവരോടുമായി പറയുകയാണ്’ എന്നു രാജാവ് അങ്ങയോടും അബീശായിയോടും ഇഥായിയോടും കല്പിക്കുന്നതു ഞങ്ങൾ കേട്ടതാണ്.+ 13 അത് അനുസരിക്കാതെ ഞാൻ അദ്ദേഹത്തെ കൊന്നിരുന്നെങ്കിൽ എന്തായാലും രാജാവ് അത് അറിയും. അങ്ങാണെങ്കിൽ എന്നെ സംരക്ഷിക്കുകയുമില്ല.” 14 അപ്പോൾ, യോവാബ് പറഞ്ഞു: “നിന്നോടു സംസാരിച്ച് സമയം കളയാൻ ഞാനില്ല!” എന്നിട്ട്, യോവാബ് മൂന്നു ശൂലം* എടുത്ത് വൃക്ഷത്തിൽ തൂങ്ങിക്കിടക്കുന്ന അബ്ശാലോമിന്റെ അടുത്ത് എത്തി. അബ്ശാലോമിന് അപ്പോഴും ജീവനുണ്ടായിരുന്നു. യോവാബ് ആ ശൂലങ്ങൾ അബ്ശാലോമിന്റെ ചങ്കിൽ കുത്തിയിറക്കി. 15 പിന്നെ, യോവാബിന്റെ ആയുധവാഹകരായ പത്തു പരിചാരകർ വന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു.+ 16 തുടർന്ന്, ജനം ഇസ്രായേലിനെ പിന്തുടരുന്നതു നിറുത്താൻ യോവാബ് കൊമ്പു വിളിച്ചു; അവർ മടങ്ങിപ്പോന്നു. 17 അവർ അബ്ശാലോമിനെ എടുത്ത് വനത്തിലെ ഒരു വലിയ കുഴിയിൽ ഇട്ടു. എന്നിട്ട്, മുകളിൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടി.+ ഇസ്രായേൽ മുഴുവനും അവരവരുടെ വീടുകളിലേക്ക് ഓടിപ്പോയി.
18 അബ്ശാലോം ജീവനോടിരുന്ന സമയത്ത്, “എന്റെ പേര് നിലനിറുത്താൻ എനിക്ക് ഒരു മകനില്ല”+ എന്നു പറഞ്ഞ് തനിക്കുവേണ്ടി രാജതാഴ്വരയിൽ+ ഒരു തൂൺ നാട്ടി അതിനു തന്റെ പേരിട്ടു. അത് ഇന്നുവരെ അബ്ശാലോമിന്റെ സ്മാരകം എന്ന് അറിയപ്പെടുന്നു.
19 സാദോക്കിന്റെ മകനായ അഹീമാസ്+ പറഞ്ഞു: “ഞാൻ ഓടിച്ചെന്ന് രാജാവിനെ ഈ വാർത്ത അറിയിക്കട്ടേ? യഹോവ രാജാവിനെ ശത്രുക്കളിൽനിന്ന് വിടുവിച്ച് അദ്ദേഹത്തിനു നീതി നടത്തിക്കൊടുത്തല്ലോ.”+ 20 പക്ഷേ, യോവാബ് പറഞ്ഞു: “നീ ഇന്നു വാർത്ത അറിയിക്കാൻ പോകേണ്ടാ. മറ്റൊരു ദിവസമാകാം. മരിച്ചതു രാജാവിന്റെ മകനായതുകൊണ്ട് എന്തായാലും ഇന്നു വേണ്ടാ.”+ 21 എന്നിട്ട്, യോവാബ് ഒരു കൂശ്യനോടു+ പറഞ്ഞു: “കണ്ട കാര്യങ്ങൾ നീ ചെന്ന് രാജാവിനെ അറിയിക്കുക.” അപ്പോൾ, ആ കൂശ്യൻ യോവാബിനെ വണങ്ങിയിട്ട് ഓടി. 22 സാദോക്കിന്റെ മകനായ അഹീമാസ് ഒരിക്കൽക്കൂടെ യോവാബിനോടു ചോദിച്ചു: “എന്തു വന്നാലും കുഴപ്പമില്ല, ആ കൂശ്യന്റെ പിന്നാലെ ഞാനും ഓടട്ടേ?” പക്ഷേ, യോവാബ് പറഞ്ഞു: “മോനേ, അറിയിക്കാൻ നിന്റെ പക്കൽ വാർത്ത ഒന്നുമില്ലാത്ത സ്ഥിതിക്കു നീ എന്തിനു വെറുതേ ഓടണം?” 23 എന്നിട്ടും അഹീമാസ്, “എന്തു വന്നാലും കുഴപ്പമില്ല. ഞാൻ ഓടട്ടേ” എന്നു ചോദിച്ചു. അപ്പോൾ യോവാബ്, “ശരി, അങ്ങനെയാകട്ടെ!” എന്നു പറഞ്ഞു. അങ്ങനെ, അഹീമാസ് യോർദാൻ പ്രദേശത്തുകൂടെയുള്ള വഴിയേ ഓടി കൂശ്യനെ മറികടന്ന് പോയി.
24 ഈ സമയം ദാവീദ് രണ്ടു നഗരകവാടങ്ങൾക്കു+ മധ്യേ ഇരിക്കുകയായിരുന്നു. അപ്പോൾ, കാവൽക്കാരൻ+ മതിലിലെ കവാടത്തിന്റെ മേൽക്കൂരയിലേക്കു കയറിച്ചെന്നു. അയാൾ തല ഉയർത്തി നോക്കിയപ്പോൾ ഒരു മനുഷ്യൻ ഒറ്റയ്ക്ക് ഓടിവരുന്നതു കണ്ടു. 25 ഉടനെ, കാവൽക്കാരൻ അക്കാര്യം രാജാവിനോട് ഉറക്കെ വിളിച്ചുപറഞ്ഞു. രാജാവ് പറഞ്ഞു: “അയാൾ ഒറ്റയ്ക്കാണു വരുന്നതെങ്കിൽ അയാൾക്ക് എന്തോ വാർത്ത അറിയിക്കാനുണ്ട്.” അയാൾ അടുത്തടുത്ത് വന്നുകൊണ്ടിരിക്കെ 26 മറ്റൊരാളും ഓടിവരുന്നതു കാവൽക്കാരൻ കണ്ടു. അപ്പോൾ, അയാൾ കവാടംസൂക്ഷിപ്പുകാരനോട്, “അതാ, മറ്റൊരാളും ഒറ്റയ്ക്ക് ഓടിവരുന്നുണ്ട്!” എന്നു വിളിച്ചുപറഞ്ഞു. ഇതു കേട്ട രാജാവ്, “അയാളും എന്തോ വാർത്ത അറിയിക്കാൻ വരുന്നതാണ്” എന്നു പറഞ്ഞു. 27 “ആദ്യത്തെ ആളുടെ ഓട്ടം കണ്ടിട്ട് സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെയുണ്ട്”+ എന്നു കാവൽക്കാരൻ പറഞ്ഞപ്പോൾ രാജാവ് പറഞ്ഞു: “അയാൾ ഒരു നല്ല മനുഷ്യനാണ്. അയാൾ കൊണ്ടുവരുന്നതു നല്ല വാർത്തയായിരിക്കും.” 28 അഹീമാസ് രാജാവിനോട്, “എല്ലാം ശുഭം!” എന്നു വിളിച്ചുപറഞ്ഞു. എന്നിട്ട്, രാജാവിന്റെ മുന്നിൽ മുട്ടുകുത്തി നമസ്കരിച്ചിട്ട് സാഷ്ടാംഗം വീണ് ഇങ്ങനെ പറഞ്ഞു: “എന്റെ യജമാനനായ രാജാവിനോടു മത്സരിച്ചവരെ* മുട്ടുകുത്തിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ!”+
29 പക്ഷേ രാജാവ്, “അബ്ശാലോം കുമാരനു കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ” എന്നു ചോദിച്ചു. അപ്പോൾ, അഹീമാസ് പറഞ്ഞു: “യോവാബ് ആ രാജഭൃത്യനെയും അടിയനെയും അയയ്ക്കുന്ന സമയത്ത് അവിടെ ഒരു വലിയ ബഹളം നടക്കുന്നുണ്ടായിരുന്നു. പക്ഷേ, സംഗതി എന്താണെന്ന് എനിക്കു മനസ്സിലായില്ല.”+ 30 അപ്പോൾ, രാജാവ്, “നീ അവിടെ മാറിനിൽക്കൂ” എന്നു പറഞ്ഞു. അയാൾ മാറിനിന്നു.
31 പിന്നാലെ കൂശ്യനും അവിടെ എത്തി.+ അയാൾ പറഞ്ഞു: “എന്റെ യജമാനനായ രാജാവ് ഈ വാർത്ത കേട്ടാലും: അങ്ങയ്ക്കെതിരെ മത്സരിച്ച എല്ലാവരിൽനിന്നും അങ്ങയെ മോചിപ്പിച്ചുകൊണ്ട് യഹോവ ഇന്നു നീതി നടപ്പാക്കിയിരിക്കുന്നു.”+ 32 പക്ഷേ രാജാവ് കൂശ്യനോട്, “അബ്ശാലോം കുമാരനു കുഴപ്പമൊന്നുമില്ലല്ലോ, അല്ലേ” എന്നു ചോദിച്ചു. അപ്പോൾ കൂശ്യൻ, “എന്റെ യജമാനനായ രാജാവിന്റെ എല്ലാ ശത്രുക്കൾക്കും, അങ്ങയോടു മത്സരിച്ച് അങ്ങയെ ദ്രോഹിച്ച എല്ലാവർക്കും ആ കുമാരന്റെ ഗതി വരട്ടെ!”+ എന്നു പറഞ്ഞു.
33 ഇതു കേട്ട് ആകെ അസ്വസ്ഥനായ രാജാവ് പ്രവേശനകവാടത്തിനു മുകളിലുള്ള മുറിയിലേക്കു പോയി. രാജാവ്, “എന്റെ മോനേ, അബ്ശാലോമേ! എന്റെ മോനേ! എന്റെ മോനേ, അബ്ശാലോമേ! നിനക്കു പകരം ഈ ഞാൻ മരിച്ചിരുന്നെങ്കിൽ! അബ്ശാലോമേ, എന്റെ മോനേ! എന്റെ മോനേ!”+ എന്നു പറഞ്ഞ് കരഞ്ഞുകൊണ്ട് നടന്നു.
19 “അബ്ശാലോമിനെ ഓർത്ത് രാജാവ് കരയുന്നു, രാജാവ് വലിയ ദുഃഖത്തിലാണ്”+ എന്നു യോവാബിനു വിവരം കിട്ടി. 2 രാജാവ് മകനെ ഓർത്ത് ദുഃഖിക്കുന്നെന്നു ജനമെല്ലാം കേട്ടപ്പോൾ അന്നത്തെ അവരുടെ വിജയാഹ്ലാദം ദുഃഖത്തിനു വഴിമാറി. 3 യുദ്ധത്തിൽ തോറ്റോടി നാണംകെട്ട് വരുന്നവരെപ്പോലെ ശബ്ദമുണ്ടാക്കാതെയാണു ജനം അന്നു നഗരത്തിലേക്കു മടങ്ങിവന്നത്.+ 4 രാജാവ് മുഖം പൊത്തിക്കൊണ്ട്, “എന്റെ മോനേ, അബ്ശാലോമേ! അബ്ശാലോമേ, എന്റെ മോനേ! എന്റെ മോനേ!” എന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.+
5 അപ്പോൾ യോവാബ്, രാജാവിന്റെ ഭവനത്തിലേക്കു ചെന്ന് രാജാവിനോടു പറഞ്ഞു: “ഇന്ന് അങ്ങയുടെ ജീവനും അങ്ങയുടെ പുത്രീപുത്രന്മാരുടെയും+ ഭാര്യമാരുടെയും ഉപപത്നിമാരുടെയും+ ജീവനും രക്ഷിച്ച അങ്ങയുടെ എല്ലാ ദാസന്മാരെയും അങ്ങ് നാണംകെടുത്തി. 6 അങ്ങയെ വെറുക്കുന്നവരെ അങ്ങ് സ്നേഹിക്കുകയും അങ്ങയെ സ്നേഹിക്കുന്നവരെ അങ്ങ് വെറുക്കുകയും ചെയ്യുന്നു. അങ്ങയുടെ തലവന്മാരും ദാസന്മാരും അങ്ങയ്ക്ക് ആരുമല്ലെന്ന് ഇന്ന് അങ്ങ് തെളിയിച്ചിരിക്കുകയാണല്ലോ. ഇന്ന് അബ്ശാലോം ജീവിച്ചിരിക്കുകയും ഞങ്ങൾ എല്ലാവരും മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങയ്ക്കു സന്തോഷമായേനേ എന്ന് എനിക്ക് ഉറപ്പാണ്. 7 ഇപ്പോൾ, അങ്ങ് എഴുന്നേറ്റ് പുറത്തേക്കു ചെന്ന് അങ്ങയുടെ ദാസന്മാരെ പ്രോത്സാഹിപ്പിക്കണം.* അല്ലാത്തപക്ഷം യഹോവയാണെ, ഈ രാത്രി ആരും അങ്ങയുടെകൂടെയുണ്ടായിരിക്കില്ല. എല്ലാവരും അങ്ങയെ വിട്ട് പോകും. അങ്ങയുടെ ചെറുപ്പകാലംമുതൽ ഇന്നുവരെ അങ്ങയ്ക്ക് അനുഭവിക്കേണ്ടിവന്നിട്ടുള്ള എല്ലാ ആപത്തുകളെക്കാളും വലുതായിരിക്കും അത്.” 8 അതുകൊണ്ട്, രാജാവ് എഴുന്നേറ്റുചെന്ന് നഗരകവാടത്തിൽ ഇരുന്നു. “രാജാവ് കവാടത്തിൽ ഇരിക്കുന്നു” എന്നു ജനമെല്ലാം അറിഞ്ഞു. അപ്പോൾ, അവരെല്ലാം രാജാവിന്റെ അടുത്ത് വന്നു.
പക്ഷേ, തോറ്റോടിയ ഇസ്രായേല്യർ വീടുകളിലേക്കു പോയിരുന്നു.+ 9 എല്ലാ ഇസ്രായേൽഗോത്രങ്ങളിലെയും ജനം മുഴുവൻ പരസ്പരം ഇങ്ങനെ പറഞ്ഞു: “നമ്മുടെ ശത്രുക്കളിൽനിന്ന് രാജാവ് നമ്മളെ രക്ഷിച്ചു.+ ഫെലിസ്ത്യരുടെ കൈയിൽനിന്ന് നമ്മളെ മോചിപ്പിച്ചു. പക്ഷേ, അബ്ശാലോം കാരണം രാജാവ് ഇപ്പോൾ നാടുവിട്ട് പോയിരിക്കുന്നു.+ 10 നമ്മളെ ഭരിക്കാൻ നമ്മൾ അഭിഷേകം ചെയ്ത അബ്ശാലോമാകട്ടെ+ യുദ്ധത്തിൽ മരിക്കുകയും ചെയ്തു.+ എന്നിട്ടും രാജാവിനെ തിരികെ കൊണ്ടുവരാൻ എന്താ ആരും ഒന്നും ചെയ്യാത്തത്?”
11 ദാവീദ് രാജാവ് പുരോഹിതന്മാരായ സാദോക്കിനും+ അബ്യാഥാരിനും+ ഈ സന്ദേശം അയച്ചു: “യഹൂദാമൂപ്പന്മാരോട്+ ഇങ്ങനെ പറയുക: ‘മുഴുവൻ ഇസ്രായേൽ ജനത്തിന്റെയും സന്ദേശം രാജസന്നിധിയിൽ എത്തിയ സ്ഥിതിക്ക്, രാജാവിനെ കൊട്ടാരത്തിലേക്കു തിരികെ കൊണ്ടുവരാൻ നിങ്ങൾ പിന്നോക്കം നിൽക്കുന്നത് എന്താണ്? 12 നിങ്ങൾ എന്റെ സഹോദരന്മാരാണ്, എന്റെ അസ്ഥിയും മാംസവും.* ആ സ്ഥിതിക്ക് രാജാവിനെ തിരികെ കൊണ്ടുവരാൻ നിങ്ങൾ എന്താണു പിന്നോക്കം നിൽക്കുന്നത്?’ 13 നിങ്ങൾ അമാസയോടു+ പറയണം: ‘നീ എന്റെ സ്വന്തം അസ്ഥിയും മാംസവും ആണല്ലോ. ഇപ്പോൾമുതൽ യോവാബിനു പകരം നീയായിരിക്കും എന്റെ സൈന്യാധിപൻ.+ അല്ലെങ്കിൽ, ദൈവം ഞാൻ അർഹിക്കുന്നതും അതിൽ അധികവും എന്നോടു ചെയ്യട്ടെ.’”
14 അങ്ങനെ, രാജാവ് എല്ലാ യഹൂദാപുരുഷന്മാരുടെയും ഹൃദയം ഒരുപോലെ കവർന്നു.* അവർ രാജാവിന്, “അങ്ങും അങ്ങയുടെ എല്ലാ ദാസന്മാരും മടങ്ങിവരൂ” എന്ന സന്ദേശം കൊടുത്തയച്ചു.
15 മടക്കയാത്ര ആരംഭിച്ച രാജാവ് യോർദാനിൽ എത്തി. രാജാവിനെ വരവേൽക്കാനും അകമ്പടിയേകി യോർദാൻ കടത്തിക്കൊണ്ടുവരാനും യഹൂദാജനം ഗിൽഗാലിൽ+ വന്നു. 16 അപ്പോൾ, ബഹൂരീമിൽനിന്നുള്ള ഗേരയുടെ മകനായ ശിമെയി+ എന്ന ബന്യാമീന്യൻ യഹൂദാപുരുഷന്മാരുടെകൂടെ ദാവീദ് രാജാവിനെ എതിരേൽക്കാൻ തിടുക്കത്തിൽ അവിടെ എത്തി. 17 അയാളുടെകൂടെ 1,000 ബന്യാമീന്യരുമുണ്ടായിരുന്നു. ശൗൽഗൃഹത്തിന്റെ പരിചാരകനായ സീബയും+ തന്റെ 15 പുത്രന്മാരെയും 20 ദാസന്മാരെയും കൂട്ടി യോർദാനിലേക്കു പോയി. രാജാവ് എത്തുന്നതിനു മുമ്പുതന്നെ അവർ അവിടെ പാഞ്ഞെത്തി. 18 രാജാവിന്റെ വീട്ടിലുള്ളവരെ ഇക്കര കടത്തിക്കൊണ്ടുവരാനും രാജാവ് ആഗ്രഹിക്കുന്നതെല്ലാം ചെയ്തുകൊടുക്കാനും അയാൾ* കടവ് കടന്ന് ചെന്നു. പക്ഷേ, രാജാവ് യോർദാൻ കടക്കാൻ തുടങ്ങിയപ്പോൾ ഗേരയുടെ മകനായ ശിമെയി രാജാവിന്റെ മുമ്പാകെ വീണ് 19 ഇങ്ങനെ പറഞ്ഞു: “എന്റെ യജമാനൻ എന്നെ കുറ്റക്കാരനായി കാണരുതേ. എന്റെ യജമാനനായ രാജാവ് യരുശലേമിൽനിന്ന് പോയ ആ ദിവസം അങ്ങയുടെ ഈ ദാസൻ ചെയ്ത അന്യായം+ ഓർക്കരുതേ. രാജാവ് അതു കാര്യമായിട്ട് എടുക്കരുതേ. 20 അങ്ങയുടെ ഈ ദാസൻ ചെയ്തതു പാപമാണെന്ന് എനിക്കു നന്നായി അറിയാം. അതുകൊണ്ടുതന്നെയാണ് എന്റെ യജമാനനായ രാജാവിനെ വരവേൽക്കാൻ യോസേഫ്ഗൃഹത്തിലുള്ള മറ്റാരെക്കാളും മുമ്പേ ഇന്നു ഞാൻ ഇവിടെ എത്തിയത്.”
21 ഉടനെ, സെരൂയയുടെ മകനായ അബീശായി+ പറഞ്ഞു: “യഹോവയുടെ അഭിഷിക്തനെ ശപിച്ച+ ഈ ശിമെയിയെ കൊല്ലേണ്ടതല്ലേ?” 22 പക്ഷേ, ദാവീദ് പറഞ്ഞു: “സെരൂയയുടെ പുത്രന്മാരേ,+ ഇക്കാര്യത്തിൽ നിങ്ങൾ എന്തിനാണ് ഇടപെടുന്നത്? ഇന്നു നിങ്ങൾ എന്റെ ഇഷ്ടത്തിന് എതിരു നിൽക്കുന്നത് എന്തിനാണ്? ഇന്ന് ഇസ്രായേലിലാരെയെങ്കിലും കൊല്ലുന്നതു ശരിയാണോ? ഞാൻ ഇന്നു വീണ്ടും ഇസ്രായേലിനു രാജാവായിരിക്കുകയല്ലേ?” 23 എന്നിട്ട്, രാജാവ് ശിമെയിയോട്, “നിന്നെ കൊല്ലില്ല” എന്ന് ആണയിട്ട് പറഞ്ഞു.+
24 ശൗലിന്റെ കൊച്ചുമകനായ മെഫിബോശെത്തും+ രാജാവിനെ വരവേൽക്കാൻ വന്നു. രാജാവ് നാടുവിട്ട് പോയ ദിവസംമുതൽ സമാധാനത്തോടെ തിരിച്ചുവന്ന ദിവസംവരെ അയാൾ തന്റെ കാൽ കഴുകി വൃത്തിയാക്കുകയോ മീശ വെട്ടിയൊതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല. 25 രാജാവിനെ കാണാൻ യരുശലേമിൽ എത്തിയപ്പോൾ* രാജാവ് മെഫിബോശെത്തിനോട്, “മെഫിബോശെത്തേ, എന്താണ് എന്റെകൂടെ പോരാഞ്ഞത്” എന്നു ചോദിച്ചു. 26 അപ്പോൾ മെഫിബോശെത്ത് പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, എന്റെ ദാസൻ+ എന്നെ പറ്റിച്ചു. അങ്ങയുടെ ഈ ദാസൻ മുടന്തനാണല്ലോ.+ അതുകൊണ്ട്, ‘എന്റെ കഴുതയ്ക്കു കോപ്പിട്ട് നിറുത്തുക; എനിക്ക് അതിൽ കയറി രാജാവിന്റെകൂടെ പോകാമല്ലോ’ എന്ന് അടിയൻ പറഞ്ഞതാണ്. 27 പക്ഷേ, സീബ അങ്ങയുടെ ഈ ദാസനെക്കുറിച്ച് എന്റെ യജമാനനായ രാജാവിനോട് അപവാദം പറഞ്ഞു.+ എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെയാണ്. അതുകൊണ്ട്, അങ്ങയ്ക്ക് ഉചിതമെന്നു തോന്നുന്നതു ചെയ്തുകൊള്ളൂ. 28 എന്റെ അപ്പന്റെ വീട്ടിലുള്ളവരെയെല്ലാം എന്റെ യജമാനനായ രാജാവിനു കൊന്നുകളയാമായിരുന്നു. എന്നിട്ടും അങ്ങ് അടിയന് അങ്ങയുടെ മേശയിൽനിന്ന് ഭക്ഷിക്കുന്നവരുടെകൂടെ ഒരു സ്ഥാനം തന്നു.+ ആ സ്ഥിതിക്ക്, ഇതിൽക്കൂടുതൽ രാജാവിനോട് എന്തെങ്കിലും പറയാൻ എനിക്ക് എന്ത് അവകാശം?”
29 പക്ഷേ, രാജാവ് മെഫിബോശെത്തിനോടു പറഞ്ഞു: “ഇനി ഒന്നും പറയേണ്ടാ. നീയും സീബയും നിലം പങ്കിട്ടെടുക്കണമെന്നാണ് എന്റെ തീരുമാനം.”+ 30 അപ്പോൾ, മെഫിബോശെത്ത് പറഞ്ഞു: “അയാൾ മുഴുവനും എടുത്തുകൊള്ളട്ടെ. എന്റെ യജമാനനായ രാജാവ് സമാധാനത്തോടെ സ്വന്തം ഭവനത്തിലേക്കു തിരികെ വന്നല്ലോ, എനിക്ക് അതു മതി.”
31 തുടർന്ന് ഗിലെയാദ്യനായ ബർസില്ലായി,+ യോർദാൻ വരെ ചെന്ന് രാജാവിനെ യാത്രയാക്കാൻ രോഗെലീമിൽനിന്ന് വന്നു. 32 ബർസില്ലായി 80 വയസ്സുള്ള ഒരു വൃദ്ധനായിരുന്നു. വലിയ പണക്കാരനായ അദ്ദേഹം രാജാവ് മഹനയീമിൽ+ കഴിഞ്ഞിരുന്ന സമയത്ത് രാജാവിനു ഭക്ഷണം കൊടുത്തിരുന്നു. 33 അതുകൊണ്ട്, രാജാവ് ബർസില്ലായിയോട്, “എന്റെകൂടെ യരുശലേമിലേക്കു പോരൂ. അവിടെ താങ്കൾക്കു വേണ്ട ഭക്ഷണം ഞാൻ തരാം”+ എന്നു പറഞ്ഞു. 34 പക്ഷേ, ബർസില്ലായി പറഞ്ഞു: “ഞാൻ ഇനി എത്ര നാൾ ജീവിക്കും? അതുകൊണ്ട്, ഞാൻ രാജാവിന്റെകൂടെ യരുശലേമിലേക്കു വന്നിട്ട് എന്തു കാര്യം? 35 എനിക്ക് ഇപ്പോൾ 80 വയസ്സായി.+ നല്ലതും ചീത്തയും തിരിച്ചറിയാൻ എനിക്കു പറ്റുമോ? ഭക്ഷണപാനീയങ്ങളുടെ രുചി അറിയാൻ എനിക്കു കഴിയുമോ? ഗായികാഗായകന്മാരുടെ+ പാട്ട് ആസ്വദിക്കാൻ എനിക്ക് ഇനി സാധിക്കുമോ? അപ്പോൾപ്പിന്നെ, അടിയൻ എന്തിനാണ് എന്റെ യജമാനനായ രാജാവിന് ഒരു ഭാരമാകുന്നത്? 36 അടിയനു രാജാവിനെ യോർദാൻ വരെ കൊണ്ടുവരാനായതുതന്നെ വലിയ കാര്യം. ഇനി, രാജാവ് എനിക്ക് ഇങ്ങനെയൊരു പ്രതിഫലംകൂടെ എന്തിനു തരണം? 37 അങ്ങയുടെ ഈ ദാസൻ തിരികെ പൊയ്ക്കോട്ടേ? എന്റെ നഗരത്തിൽ, എന്റെ അപ്പന്റെയും അമ്മയുടെയും ശ്മശാനസ്ഥലത്തിന് അടുത്തുവെച്ച്+ മരിക്കണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ, ഇതാ അങ്ങയുടെ ദാസൻ കിംഹാം.+ ഇവൻ എന്റെ യജമാനനായ രാജാവിന്റെകൂടെ അക്കരയ്ക്കു പോരട്ടെ. അങ്ങയുടെ ഇഷ്ടംപോലെ ഇവനു ചെയ്തുകൊടുത്താലും.”
38 അപ്പോൾ, രാജാവ് പറഞ്ഞു: “ശരി, കിംഹാം എന്റെകൂടെ പോരട്ടെ. താങ്കളുടെ ഇഷ്ടംപോലെ ഞാൻ കിംഹാമിനു ചെയ്തുകൊടുക്കും. ചോദിക്കുന്നതെന്തും ഞാൻ താങ്കൾക്കു ചെയ്തുതരും.” 39 തുടർന്ന്, ജനമെല്ലാം യോർദാൻ കടക്കാൻതുടങ്ങി. യോർദാൻ കടക്കുമ്പോൾ രാജാവ് ബർസില്ലായിയെ+ ചുംബിച്ച് അനുഗ്രഹിച്ചു. ബർസില്ലായി വീട്ടിലേക്കു മടങ്ങുകയും ചെയ്തു. 40 രാജാവ് ഗിൽഗാലിലേക്കു+ പോയപ്പോൾ കിംഹാമും രാജാവിന്റെകൂടെ ചെന്നു. യഹൂദാജനം മുഴുവനും ഇസ്രായേൽ ജനത്തിൽ പകുതിയും ചേർന്നാണ് രാജാവിനെ ഇക്കര കടത്തിക്കൊണ്ടുവന്നത്.+
41 അപ്പോൾ, ഇസ്രായേൽപുരുഷന്മാരെല്ലാം രാജാവിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാരായ യഹൂദാപുരുഷന്മാർ അങ്ങയെയും അങ്ങയുടെ വീട്ടിലുള്ളവരെയും അങ്ങയുടെ എല്ലാ ആളുകളെയും എന്തിനാണു രഹസ്യമായി യോർദാൻ കടത്തിക്കൊണ്ടുവന്നത്?”+ 42 അപ്പോൾ, യഹൂദാപുരുഷന്മാർ ഇസ്രായേൽപുരുഷന്മാരോടു പറഞ്ഞു: “രാജാവ് ഞങ്ങളുടെ ബന്ധുവായതുകൊണ്ട്!+ അതിന് ഇത്ര ദേഷ്യപ്പെടാൻ എന്തിരിക്കുന്നു? രാജാവിന്റെ ചെലവിൽ ഞങ്ങൾ വല്ലതും തിന്നോ? അതോ, ഞങ്ങൾക്ക് എന്തെങ്കിലും സമ്മാനം കിട്ടിയോ?”
43 പക്ഷേ, ഇസ്രായേൽപുരുഷന്മാർ യഹൂദാപുരുഷന്മാരോടു പറഞ്ഞു: “ഞങ്ങൾക്കു രാജാവിൽ പത്ത് ഓഹരിയുണ്ട്. അതുകൊണ്ട്, ദാവീദിന്റെ മേൽ ഞങ്ങൾക്കാണു നിങ്ങളെക്കാൾ അവകാശം. എന്നിട്ടും നിങ്ങൾ എന്താണ് ഞങ്ങൾക്ക് ഒരു വിലയും കല്പിക്കാതിരുന്നത്? രാജാവിനെ തിരികെ കൊണ്ടുവരാൻ ഞങ്ങളല്ലായിരുന്നോ മുന്നിൽ നിൽക്കേണ്ടിയിരുന്നത്?” പക്ഷേ, ഇസ്രായേൽപുരുഷന്മാർക്ക് യഹൂദാപുരുഷന്മാരുടെ വാക്കുകൾക്കു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.*
20 ബന്യാമീന്യനായ ബിക്രിയുടെ മകൻ ശേബ+ എന്ന ഒരാൾ അവിടെയുണ്ടായിരുന്നു. ഒരു കുഴപ്പക്കാരനായിരുന്ന ശേബ കൊമ്പു+ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ദാവീദുമായി ഞങ്ങൾക്ക് ഒരു പങ്കുമില്ല. യിശ്ശായിയുടെ മകനിൽ+ ഞങ്ങൾക്ക് ഒരു അവകാശവുമില്ല. ഇസ്രായേലേ, എല്ലാവരും അവരവരുടെ ദൈവങ്ങളുടെ അടുത്തേക്കു* മടങ്ങുക!”+ 2 ഉടനെ, ഇസ്രായേൽപുരുഷന്മാരെല്ലാം ദാവീദിനെ വിട്ട് ബിക്രിയുടെ+ മകനായ ശേബയുടെ കൂടെക്കൂടി. പക്ഷേ, യഹൂദാപുരുഷന്മാർ രാജാവിന്റെ പക്ഷത്ത് നിന്നു. അവർ യോർദാൻ മുതൽ യരുശലേം വരെ+ രാജാവിന്റെകൂടെയുണ്ടായിരുന്നു.
3 ദാവീദ് യരുശലേമിലെ ഭവനത്തിൽ*+ എത്തിയപ്പോൾ ഭവനം പരിപാലിക്കാനായി നിറുത്തിയിട്ടുപോയിരുന്ന പത്ത് ഉപപത്നിമാരെ+ മറ്റൊരു വീട്ടിലേക്കു മാറ്റി അതിനു കാവൽ ഏർപ്പെടുത്തി. ദാവീദ് അവർക്കു ഭക്ഷണം കൊടുത്തുപോന്നു. പക്ഷേ, അവരുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടില്ല.+ ജീവിതാവസാനംവരെ അവർ കാവലിൽത്തന്നെയായിരുന്നു. ഭർത്താവ് ജീവിച്ചിരുന്നിട്ടും അവർ വിധവകളെപ്പോലെ കഴിഞ്ഞു.
4 തുടർന്ന്, രാജാവ് അമാസയോടു+ പറഞ്ഞു: “മൂന്നു ദിവസത്തിനുള്ളിൽ യഹൂദാപുരുഷന്മാരെ എന്റെ അടുത്ത് വിളിച്ചുകൂട്ടുക. നീയും ഇവിടെയുണ്ടായിരിക്കണം.” 5 അങ്ങനെ, അമാസ അവരെ വിളിച്ചുകൂട്ടാൻ പോയി. പക്ഷേ, രാജാവ് പറഞ്ഞ സമയത്തിനുള്ളിൽ അമാസ തിരികെ എത്തിയില്ല. 6 അപ്പോൾ, ദാവീദ് അബീശായിയോടു+ പറഞ്ഞു: “അബ്ശാലോം ചെയ്തതിനെക്കാളേറെ+ ദ്രോഹം ബിക്രിയുടെ മകനായ ശേബ+ നമ്മളോടു ചെയ്തേക്കാം. നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടി ശേബയെ പിന്തുടരൂ. അല്ലെങ്കിൽ അയാൾ, കോട്ടമതിലുള്ള ഏതെങ്കിലും നഗരത്തിൽ കടന്ന് നമ്മുടെ കൈയിൽനിന്ന് രക്ഷപ്പെട്ടെന്നു വരാം.” 7 അങ്ങനെ, യോവാബിന്റെ+ ആളുകളും കെരാത്യരും പ്ലേത്യരും+ ശൂരന്മാരായ എല്ലാ പുരുഷന്മാരും അയാളുടെ പിന്നാലെ ചെന്നു. അവർ യരുശലേമിൽനിന്ന് ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്ന് പോയി. 8 അവർ ഗിബെയോനിലെ+ വലിയ പാറയുടെ അടുത്ത് എത്തിയപ്പോൾ അമാസ+ അവരെ കാണാൻ വന്നു. യോവാബ് പടച്ചട്ട അണിഞ്ഞിരുന്നു, ഒരു വാൾ ഉറയിൽ ഇട്ട് അരയ്ക്കു കെട്ടിയിട്ടുമുണ്ടായിരുന്നു. യോവാബ് മുന്നോട്ടു നീങ്ങിയപ്പോൾ വാൾ താഴെ വീണു.
9 യോവാബ് അമാസയോട്, “സഹോദരാ, സുഖമാണോ” എന്നു ചോദിച്ചു. എന്നിട്ട്, ചുംബിക്കാനെന്ന മട്ടിൽ വലതുകൈകൊണ്ട് അമാസയുടെ താടിയിൽ പിടിച്ചു. 10 യോവാബിന്റെ കൈയിൽ വാളുണ്ടെന്ന കാര്യം അമാസ അത്ര കാര്യമാക്കിയില്ല. യോവാബ് വാളുകൊണ്ട് അമാസയുടെ വയറ്റത്ത് കുത്തി.+ അയാളുടെ കുടൽമാല പുറത്ത് ചാടി. അയാളെ കൊല്ലാൻ ആ ഒറ്റ കുത്ത് മതിയായിരുന്നു. രണ്ടാമതൊന്നു വേണ്ടിവന്നില്ല. പിന്നെ, യോവാബും സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിന്തുടർന്നു.
11 യോവാബിന്റെ യുവാക്കളിലൊരാൾ അദ്ദേഹത്തിന്റെ അടുത്ത് നിന്ന്, “യോവാബിന്റെ പക്ഷത്തുള്ളവരും ദാവീദിനെ അനുകൂലിക്കുന്നവരും ആയ എല്ലാവരും യോവാബിനെ അനുഗമിക്കട്ടെ!” എന്നു പറയുന്നുണ്ടായിരുന്നു. 12 ആ സമയമത്രയും അമാസ വഴിയുടെ നടുവിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. വഴിയിലൂടെ വരുന്ന എല്ലാവരും അവിടെ എത്തുമ്പോൾ നിൽക്കുന്നതു കണ്ടിട്ട് ആ യുവാവ് അമാസയെ വഴിയിൽനിന്ന് മാറ്റിയിട്ടു. അമാസ അവിടെ കിടക്കുന്നതു കണ്ട് എല്ലാവരും നിൽക്കുന്നെന്നു കണ്ടപ്പോൾ അയാൾ ഒരു തുണി ഇട്ട് അമാസയെ മൂടി. 13 അയാൾ അമാസയെ വഴിയിൽനിന്ന് മാറ്റിയപ്പോൾ ആളുകളെല്ലാം യോവാബിന്റെകൂടെ ബിക്രിയുടെ മകനായ ശേബയെ+ പിടിക്കാൻ പോയി.
14 ശേബ എല്ലാ ഇസ്രായേൽഗോത്രങ്ങളും കടന്ന് ബേത്ത്-മാഖയിലെ+ ആബേലിലേക്കു പോയി. ബിക്ര്യരും ഒന്നിച്ചുകൂടി അയാളുടെ പിന്നാലെ ചെന്നു.
15 ശേബ തങ്ങിയിരുന്ന ബേത്ത്-മാഖയിലെ ആബേൽ നഗരം യോവാബും ആളുകളും* ചേർന്ന് വളഞ്ഞു. നഗരമതിലിനു ചുറ്റും പ്രതിരോധമതിൽ തീർത്തിരുന്നതുകൊണ്ട് നഗരത്തെ ആക്രമിക്കാൻ അവർ ഒരു ചെരിഞ്ഞ തിട്ട ഉണ്ടാക്കി. മതിൽ തകർക്കാൻവേണ്ടി യോവാബിന്റെ ആളുകൾ മതിലിന്റെ അടിത്തറ മാന്തിത്തുടങ്ങി. 16 അപ്പോൾ, ബുദ്ധിമതിയായ ഒരു സ്ത്രീ നഗരത്തിൽനിന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു: “കേൾക്കൂ പുരുഷന്മാരേ, ഞാൻ പറയുന്നതു കേൾക്കൂ! ദയവായി നിങ്ങൾ യോവാബിനോട്, ‘ഇവിടെവരെ ഒന്നു വരണം, എനിക്കു സംസാരിക്കാനുണ്ട്’ എന്നു പറയൂ.” 17 അങ്ങനെ, അദ്ദേഹം ആ സ്ത്രീയുടെ അടുത്തേക്കു ചെന്നു. അപ്പോൾ, “അങ്ങാണോ യോവാബ്” എന്നു സ്ത്രീ ചോദിച്ചു; “അതെ” എന്നു യോവാബ് പറഞ്ഞു. സ്ത്രീ അദ്ദേഹത്തോട്, “അങ്ങ് ഈ ദാസിയുടെ വാക്കു കേട്ടാലും” എന്നു പറഞ്ഞപ്പോൾ “പറയൂ” എന്ന് അദ്ദേഹം പറഞ്ഞു. 18 അപ്പോൾ, സ്ത്രീ പറഞ്ഞു: “ഒരു കാര്യത്തിനു തീരുമാനമാകാൻ ‘ആബേലിൽ അന്വേഷിച്ചാൽ മതി’ എന്നു പണ്ടൊക്കെ ആളുകൾ പറയാറുണ്ടായിരുന്നു. 19 ഇസ്രായേലിലെ സമാധാനപ്രിയരെയും വിശ്വസ്തരെയും ആണ് ഞാൻ പ്രതിനിധീകരിക്കുന്നത്. ഇസ്രായേലിൽ അമ്മയെപ്പോലുള്ള ഒരു നഗരത്തെയാണ് അങ്ങ് നശിപ്പിക്കാൻ നോക്കുന്നത്. അങ്ങ് എന്തിനാണ് യഹോവയുടെ അവകാശം ഇല്ലാതാക്കാൻ ശ്രമിക്കുന്നത്?”+ 20 യോവാബിന്റെ മറുപടി ഇതായിരുന്നു: “ഈ നഗരത്തെ നശിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ വയ്യാ. 21 വാസ്തവത്തിൽ അതല്ല കാര്യം. എഫ്രയീംമലനാട്ടിൽനിന്നുള്ള+ ബിക്രിയുടെ മകനായ ശേബ+ എന്നൊരാൾ ദാവീദ് രാജാവിന് എതിരെ മത്സരിച്ചിരിക്കുന്നു.* ആ ഒരുത്തനെ വിട്ടുതന്നാൽ മതി, ഞാൻ നഗരത്തെ വിട്ടുപൊയ്ക്കൊള്ളാം.” അപ്പോൾ ആ സ്ത്രീ യോവാബിനോട്, “അതിന് എന്താ, ശേബയുടെ തല മതിലിനു മുകളിലൂടെ അങ്ങയ്ക്ക് എറിഞ്ഞുതന്നേക്കാം!” എന്നു പറഞ്ഞു.
22 ഉടനെ, ആ സ്ത്രീ പോയി അവിടെയുള്ള എല്ലാവരോടും സംസാരിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന് എറിഞ്ഞുകൊടുത്തു. തുടർന്ന്, യോവാബ് കൊമ്പു വിളിച്ചു. അപ്പോൾ, അവരെല്ലാം നഗരം വിട്ട് വീടുകളിലേക്കു പോയി.+ യോവാബ് യരുശലേമിൽ രാജാവിന്റെ അടുത്തേക്കും മടങ്ങി.
23 ഇസ്രായേൽസൈന്യത്തിന്റെ സർവസൈന്യാധിപൻ യോവാബായിരുന്നു.+ കെരാത്യരുടെയും പ്ലേത്യരുടെയും+ അധിപൻ യഹോയാദയുടെ+ മകനായ ബനയയും.+ 24 അദോരാമായിരുന്നു+ നിർബന്ധിതജോലി ചെയ്യുന്നവരുടെ തലവൻ. അഹീലൂദിന്റെ മകനായ യഹോശാഫാത്തിനായിരുന്നു+ കാര്യങ്ങൾ രേഖപ്പെടുത്താനുള്ള ചുമതല. 25 സാദോക്കും+ അബ്യാഥാരും+ പുരോഹിതന്മാരായിരുന്നു. ശെവയായിരുന്നു സെക്രട്ടറി. 26 യായീര്യനായ ഈരയെ ദാവീദിന്റെ ഒരു പ്രമുഖമന്ത്രിയായി* നിയമിച്ചു.
21 ദാവീദിന്റെ കാലത്ത് തുടർച്ചയായി മൂന്നു വർഷം ക്ഷാമം ഉണ്ടായി.+ ഇക്കാര്യത്തെക്കുറിച്ച് ദാവീദ് യഹോവയോടു ചോദിച്ചപ്പോൾ യഹോവ പറഞ്ഞു: “ശൗലും ശൗലിന്റെ ഗൃഹവും ഗിബെയോന്യരെ കൊന്നതുകൊണ്ട് രക്തം ചൊരിഞ്ഞ കുറ്റമുള്ളവരാണ്.”+ 2 അപ്പോൾ, രാജാവ് ഗിബെയോന്യരെ+ വിളിച്ച് അവരോടു സംസാരിച്ചു. (വാസ്തവത്തിൽ, ഗിബെയോന്യർ ഇസ്രായേല്യരല്ലായിരുന്നു, അമോര്യരിൽ+ ബാക്കിയുള്ളവരായിരുന്നു. അവരെ ഒന്നും ചെയ്യില്ലെന്ന് ഇസ്രായേല്യർ അവരോടു സത്യം ചെയ്തിരുന്നതാണ്.+ പക്ഷേ, ഇസ്രായേലിലെയും യഹൂദയിലെയും ആളുകളെ ഓർത്ത് ആവേശം കയറി ശൗൽ അവരെ കൊന്നൊടുക്കാൻ ശ്രമിച്ചു.) 3 ദാവീദ് ഗിബെയോന്യരോടു ചോദിച്ചു: “നിങ്ങൾക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? നിങ്ങൾ യഹോവയുടെ അവകാശത്തെ അനുഗ്രഹിക്കാൻ ഞാൻ എന്തു പ്രായശ്ചിത്തം ചെയ്യണം?” 4 ഗിബെയോന്യർ പറഞ്ഞു: “ശൗലുമായും ശൗലിന്റെ ഗൃഹവുമായും ഞങ്ങൾക്കുള്ള പ്രശ്നം വെള്ളിയും സ്വർണവും കൊണ്ട് തീരുന്നതല്ല.+ ഇസ്രായേലിൽ ആരെയും ഞങ്ങൾക്കു കൊല്ലാനും പറ്റില്ലല്ലോ.” അപ്പോൾ ദാവീദ്, “നിങ്ങൾ പറയുന്നതെന്തും ഞാൻ ചെയ്യാം” എന്നു പറഞ്ഞു. 5 അവർ രാജാവിനോടു പറഞ്ഞു: “ഇസ്രായേൽ ദേശത്തെങ്ങും ഞങ്ങളിൽ ആരും ബാക്കിവരാത്ത രീതിയിൽ ഞങ്ങളെ ഇല്ലായ്മ ചെയ്യാൻ പദ്ധതിയിടുകയും ഞങ്ങളെ ഒന്നടങ്കം നശിപ്പിക്കുകയും ചെയ്ത ആ മനുഷ്യനുണ്ടല്ലോ,+ 6 അയാളുടെ ഏഴ് ആൺമക്കളെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരൂ. യഹോവ തിരഞ്ഞെടുത്തവനായ+ ശൗലിന്റെ ഗിബെയയിൽ,+ യഹോവയുടെ സന്നിധിയിൽ ഞങ്ങൾ അവരുടെ ശവശരീരങ്ങൾ തൂക്കും.”*+ അപ്പോൾ രാജാവ്, “ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കാം” എന്നു പറഞ്ഞു.
7 പക്ഷേ, ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫിബോശെത്തിനോടു+ രാജാവ് അനുകമ്പ കാണിച്ചു. ദാവീദും ശൗലിന്റെ മകനായ യോനാഥാനും+ തമ്മിൽ യഹോവയുടെ നാമത്തിൽ ചെയ്തിരുന്ന ആണ നിമിത്തമാണ് അങ്ങനെ ചെയ്തത്. 8 രാജാവ്, അയ്യയുടെ മകളായ രിസ്പയിൽ+ ശൗലിനു ജനിച്ച രണ്ടു പുത്രന്മാരായ അർമോനി, മെഫിബോശെത്ത് എന്നിവരെയും മെഹോലത്യനായ ബർസില്ലായിയുടെ മകൻ അദ്രിയേലിനു+ ശൗലിന്റെ മകളായ മീഖളിൽ*+ ജനിച്ച അഞ്ച് ആൺമക്കളെയും കൊണ്ടുവന്ന് 9 ഗിബെയോന്യർക്കു കൈമാറി. അവർ മലയിൽ യഹോവയുടെ സന്നിധിയിൽ അവരുടെ ശവശരീരങ്ങൾ തൂക്കി.+ ആ ഏഴു പേരും ഒരുമിച്ച് മരിച്ചു. കൊയ്ത്തിന്റെ ആദ്യദിവസങ്ങളിൽ, ബാർളിക്കൊയ്ത്തിന്റെ തുടക്കത്തിൽ, ആണ് അവരെ കൊന്നത്. 10 അയ്യയുടെ മകളായ രിസ്പ+ വിലാപവസ്ത്രം എടുത്ത് പാറയിൽ വിരിച്ചു. പകൽസമയത്ത് പക്ഷികൾ ശവശരീരങ്ങളിൽ വന്ന് ഇരിക്കാനോ രാത്രിയിൽ വന്യമൃഗങ്ങൾ അവയുടെ അടുത്തേക്കു വരാനോ രിസ്പ അനുവദിച്ചില്ല. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് അവയുടെ മേൽ മഴ പെയ്തതുവരെ രിസ്പ ഇങ്ങനെ ചെയ്തു.
11 അയ്യയുടെ മകളും ശൗലിന്റെ ഉപപത്നിയും ആയ രിസ്പ ചെയ്ത കാര്യം ദാവീദ് അറിഞ്ഞു. 12 അതുകൊണ്ട്, ദാവീദ് പോയി യാബേശ്-ഗിലെയാദിലെ തലവന്മാരുടെ* അടുത്തുനിന്ന് ശൗലിന്റെയും മകനായ യോനാഥാന്റെയും അസ്ഥികൾ എടുത്തു.+ ഗിൽബോവയിൽവെച്ച്+ ഫെലിസ്ത്യർ ശൗലിനെ കൊന്ന ദിവസം, ഫെലിസ്ത്യർ ശൗലിനെയും യോനാഥാനെയും തൂക്കിയ ബേത്ത്-ശാനിലെ പൊതുസ്ഥലത്തുനിന്ന്* അവർ അതു മോഷ്ടിച്ച് കൊണ്ടുവന്നതായിരുന്നു. 13 ദാവീദ് ശൗലിന്റെയും മകൻ യോനാഥാന്റെയും അസ്ഥികൾ അവിടെനിന്ന് കൊണ്ടുവന്നു. കൂടാതെ, വധിക്കപ്പെട്ട* ആ പുരുഷന്മാരുടെ അസ്ഥികളും അവർ ശേഖരിച്ചു.+ 14 പിന്നെ, അവർ ശൗലിന്റെയും മകൻ യോനാഥാന്റെയും അസ്ഥികൾ ബന്യാമീൻദേശത്തെ സെലയിൽ+ ശൗലിന്റെ അപ്പനായ കീശിന്റെ+ കല്ലറയിൽ അടക്കി. രാജാവ് കല്പിച്ചതെല്ലാം അവർ ചെയ്തുകഴിഞ്ഞപ്പോൾ ദേശത്തെപ്പറ്റിയുള്ള അവരുടെ യാചനകൾ ദൈവം ശ്രദ്ധിച്ചു.+
15 ഫെലിസ്ത്യരും ഇസ്രായേലും തമ്മിൽ വീണ്ടും യുദ്ധം ഉണ്ടായി.+ അപ്പോൾ, ദാവീദും ദാസന്മാരും ചെന്ന് ഫെലിസ്ത്യരോടു പോരാടി. പക്ഷേ, ദാവീദ് ക്ഷീണിച്ച് അവശനായി. 16 അപ്പോൾ, യിശ്ബി-ബനോബ് എന്നു പേരുള്ള ഒരു രഫായീമ്യൻ+ ദാവീദിനെ കൊല്ലാൻ ഒരുങ്ങി. യിശ്ബി-ബനോബിന് 300 ശേക്കെൽ*+ തൂക്കം വരുന്ന ചെമ്പുകുന്തവും ഒരു പുതിയ വാളും ഉണ്ടായിരുന്നു. 17 ഞൊടിയിടയിൽ സെരൂയയുടെ മകനായ അബീശായി+ ദാവീദിന്റെ സഹായത്തിന് എത്തി+ ആ ഫെലിസ്ത്യനെ വെട്ടിക്കൊന്നു. അപ്പോൾ, ദാവീദിന്റെ ആളുകൾ പറഞ്ഞു: “അങ്ങ് ഇനി ഒരിക്കലും ഞങ്ങളുടെകൂടെ യുദ്ധത്തിനു വരരുത്!+ ഇസ്രായേലിന്റെ ദീപം അണച്ചുകളയരുത്!”+ അവർ ഇക്കാര്യം ആണയിട്ട് ഉറപ്പിച്ചു.
18 അതിനു ശേഷം, ഗോബിൽവെച്ച് ഫെലിസ്ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. അവിടെവെച്ച് ഹൂശത്യനായ സിബ്ബെഖായി+ രഫായീമ്യനായ+ സഫിനെ കൊന്നു.
19 ഗോബിൽവെച്ച് ഫെലിസ്ത്യരുമായി+ വീണ്ടും യുദ്ധം ഉണ്ടായി. ഈ യുദ്ധത്തിൽ ബേത്ത്ലെഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്ത്യനായ ഗൊല്യാത്തിനെ കൊന്നു. ഗൊല്യാത്തിന്റെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+
20 ഗത്തിൽവെച്ച് വീണ്ടും ഒരു യുദ്ധം ഉണ്ടായി. അവിടെ ഭീമാകാരനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാളുടെ കൈയിലും കാലിലും 6 വിരൽ വീതം ആകെ 24 വിരലുകളുണ്ടായിരുന്നു! അയാളും രഫായീമ്യനായിരുന്നു.+ 21 അയാൾ ഇസ്രായേലിനെ വെല്ലുവിളിച്ചുകൊണ്ടിരുന്നു.+ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ+ മകൻ യോനാഥാൻ അയാളെ വെട്ടിക്കൊന്നു.
22 ഈ നാലു പേരും ഗത്തുകാരായ രഫായീമ്യരായിരുന്നു. ഇവരെ ദാവീദും ദാസന്മാരും കൊന്നുകളഞ്ഞു.+
22 യഹോവ ദാവീദിനെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈയിൽനിന്ന് രക്ഷിച്ച+ ദിവസം ദാവീദ് യഹോവയുടെ സന്നിധിയിൽ ഒരു പാട്ടു പാടി.+ 2 ദാവീദ് പാടിയത്:
“യഹോവ എന്റെ വൻപാറയും എന്റെ അഭയസ്ഥാനവും+ എന്റെ രക്ഷകനും.+
3 എന്റെ ദൈവം, ഞാൻ അഭയം തേടുന്ന എന്റെ പാറ.+
അങ്ങല്ലോ എന്റെ പരിചയും+ രക്ഷയുടെ കൊമ്പും* സുരക്ഷിതസങ്കേതവും.+
എനിക്ക് ഓടിച്ചെന്ന് അഭയം തേടാനുള്ള സ്ഥലവും+ എന്റെ രക്ഷകനും+ അങ്ങല്ലോ.
എന്നെ അക്രമത്തിൽനിന്ന് രക്ഷിക്കുന്നതും അങ്ങാണല്ലോ.
4 സ്തുത്യർഹനാം യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ,
ദൈവം എന്നെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും.
5 മരണത്തിരകൾ ചുറ്റുംനിന്ന് ആർത്തലച്ചുവന്നു.+
നീചന്മാരുടെ പെരുവെള്ളപ്പാച്ചിൽ എന്നെ ഭയചകിതനാക്കി.+
അപ്പോൾ ദൈവം ആലയത്തിൽനിന്ന് എന്റെ സ്വരം കേട്ടു.
സഹായത്തിനായുള്ള എന്റെ നിലവിളി ദൈവത്തിന്റെ കാതിലെത്തി.+
9 ദൈവത്തിന്റെ മൂക്കിൽനിന്ന് പുക ഉയർന്നു.
വായിൽനിന്ന് സംഹാരാഗ്നി പുറപ്പെട്ടു.+
ദൈവത്തിൽനിന്ന് തീക്കനലുകൾ ജ്വലിച്ചുചിതറി.
11 ദൈവം കെരൂബിനെ+ വാഹനമാക്കി പറന്നുവന്നു.
ഒരു ദൈവദൂതന്റെ* ചിറകിലേറി ദൈവം വരുന്നതു കണ്ടു.+
12 ദൈവം ഇരുളിനെ തനിക്കു ചുറ്റും കൂടാരമാക്കി.+
കറുത്തിരുണ്ട വെള്ളത്തെയും കനത്ത മേഘപടലങ്ങളെയും തന്നെ.
13 തിരുസന്നിധിയിലെ പ്രഭയിൽനിന്ന് തീക്കനലുകൾ ജ്വലിച്ചു.
16 യഹോവയുടെ ശകാരത്താൽ,
ദൈവത്തിന്റെ മൂക്കിൽനിന്നുള്ള ഉഗ്രനിശ്വാസത്താൽ,+ കടലിന്റെ അടിത്തട്ടു ദൃശ്യമായി;+
ഭൂതലത്തിന്റെ അടിത്തറകൾ കാണാനായി.
17 ദൈവം ഉന്നതങ്ങളിൽനിന്ന് കൈ നീട്ടി എന്നെ പിടിച്ചു.
ആഴമുള്ള വെള്ളത്തിൽനിന്ന് എന്നെ വലിച്ചുകയറ്റി.+
18 എന്റെ ശക്തനായ ശത്രുവിൽനിന്ന്, എന്നെ വെറുക്കുന്നവരിൽനിന്ന്,
ദൈവം എന്നെ രക്ഷിച്ചു.+
അവർ എന്നെക്കാൾ എത്രയോ ശക്തരായിരുന്നു.
21 എന്റെ നീതിനിഷ്ഠയ്ക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലം തരുന്നു.+
എന്റെ കൈകളുടെ നിരപരാധിത്വത്തിന്* അനുസൃതമായി ദൈവം എനിക്കു പകരം തരുന്നു.+
22 കാരണം ഞാൻ യഹോവയുടെ വഴികളിൽത്തന്നെ നടന്നു.
എന്റെ ദൈവത്തെ ഉപേക്ഷിച്ച് തിന്മ ചെയ്തിട്ടുമില്ല.
23 ദൈവത്തിന്റെ വിധിപ്രഖ്യാപനങ്ങളെല്ലാം+ എന്റെ മുന്നിലുണ്ട്.
ദൈവത്തിന്റെ നിയമങ്ങളിൽനിന്ന്+ ഞാൻ വ്യതിചലിക്കില്ല.
25 എന്റെ നീതിനിഷ്ഠ കണക്കാക്കി,
തിരുമുമ്പാകെയുള്ള എന്റെ നിഷ്കളങ്കത പരിഗണിച്ച്,
യഹോവ എനിക്കു പ്രതിഫലം തരട്ടെ.+
26 വിശ്വസ്തനോട് അങ്ങ് വിശ്വസ്തത കാണിക്കുന്നു.+
കുറ്റമറ്റവനോടു കുറ്റമറ്റ വിധം പെരുമാറുന്നു.+
28 താഴ്മയുള്ളവരെ അങ്ങ് രക്ഷിക്കുന്നു.+
പക്ഷേ അങ്ങയുടെ കണ്ണുകൾ ധാർഷ്ട്യക്കാർക്കെതിരാണ്. അങ്ങ് അവരെ താഴ്ത്തുന്നു.+
30 അങ്ങയുടെ സഹായത്താൽ ഞാൻ കവർച്ചപ്പടയുടെ നേരെ പാഞ്ഞുചെല്ലും.
ദൈവത്തിന്റെ ശക്തിയാൽ ഞാൻ മതിൽ ചാടിക്കടക്കും.+
തന്നെ അഭയമാക്കുന്നവർക്കെല്ലാം ദൈവം ഒരു പരിചയാണ്.+
32 യഹോവയല്ലാതെ ഒരു ദൈവമുണ്ടോ?+
നമ്മുടെ ദൈവമല്ലാതെ മറ്റൊരു പാറയുണ്ടോ?+
34 എന്റെ കാലുകൾ ദൈവം മാനിന്റേതുപോലെയാക്കുന്നു.
ചെങ്കുത്തായ സ്ഥലങ്ങളിൽ ഉറച്ചുനിൽക്കാൻ എന്നെ പ്രാപ്തനാക്കുന്നു.+
35 എന്റെ കൈകളെ യുദ്ധമുറ അഭ്യസിപ്പിക്കുന്നു.
എന്റെ കരങ്ങൾക്കു ചെമ്പുവില്ലുപോലും വളച്ച് കെട്ടാനാകും.
38 ഞാൻ ശത്രുക്കളെ പിന്തുടർന്ന് നാമാവശേഷമാക്കും.
അവരെ നിശ്ശേഷം സംഹരിക്കാതെ തിരിച്ചുവരില്ല.
39 ഞാൻ അവരെ തുടച്ചുനീക്കും. ഒരിക്കലും എഴുന്നേൽക്കാത്ത വിധം അവരെ തകർത്തുകളയും.+
അവർ എന്റെ കാൽക്കീഴെ വീഴും.
40 യുദ്ധത്തിനു വേണ്ട ശക്തി നൽകി അങ്ങ് എന്നെ സജ്ജനാക്കും.+
എതിരാളികൾ എന്റെ മുന്നിൽ കുഴഞ്ഞുവീഴാൻ അങ്ങ് ഇടയാക്കും.+
42 അവർ സഹായത്തിനായി കേഴുന്നു. പക്ഷേ രക്ഷിക്കാൻ ആരുമില്ല;
യഹോവയോടുപോലും അവർ കരഞ്ഞപേക്ഷിക്കുന്നു. പക്ഷേ ദൈവം അവർക്ക് ഉത്തരം കൊടുക്കുന്നില്ല.+
43 നിലത്തെ പൊടിപോലെ ഞാൻ അവരെ ഇടിച്ച് പൊടിയാക്കും.
അവരെ തവിടുപൊടിയാക്കി തെരുവിലെ ചെളിപോലെ ചവിട്ടിത്തേക്കും.
44 എന്റെ ജനത്തിലെ ദോഷൈകദൃക്കുകളിൽനിന്ന്* അങ്ങ് എന്നെ രക്ഷിക്കും.+
അങ്ങ് എന്നെ സംരക്ഷിച്ച് ജനതകൾക്കു തലവനാക്കും.+
എനിക്കു മുൻപരിചയമില്ലാത്ത ജനം എന്നെ സേവിക്കും.+
45 വിദേശികൾ എന്റെ മുന്നിൽ വിനീതവിധേയരായി വന്ന് നിൽക്കും.+
എന്നെക്കുറിച്ച് കേൾക്കുന്നതെല്ലാം എന്നെ അനുസരിക്കാൻ അവരെ പ്രേരിപ്പിക്കും.
46 വിദേശികളുടെ ധൈര്യം ക്ഷയിക്കും.*
അവർ അവരുടെ സങ്കേതങ്ങളിൽനിന്ന് പേടിച്ചുവിറച്ച് ഇറങ്ങിവരും.
47 യഹോവ ജീവനുള്ളവൻ! എന്റെ പാറയെ ഏവരും വാഴ്ത്തട്ടെ!+
എന്റെ രക്ഷയുടെ പാറയായ ദൈവം സ്തുതിക്കപ്പെടട്ടെ.+
48 സത്യദൈവം എനിക്കുവേണ്ടി പ്രതികാരം ചെയ്യുന്നു.+
എന്റെ ദൈവം ജനതകളെ എനിക്ക് അധീനമാക്കിത്തരുന്നു.+
49 എന്റെ ശത്രുക്കളിൽനിന്ന് എന്നെ രക്ഷിക്കുന്നു.
എന്നെ ആക്രമിക്കുന്നവർക്കു മീതെ അങ്ങ് എന്നെ ഉയർത്തുന്നു.+
അക്രമിയുടെ കൈയിൽനിന്ന് അങ്ങ് എന്നെ രക്ഷിക്കുന്നു.+
51 തന്റെ രാജാവിനുവേണ്ടി ദൈവം വലിയ രക്ഷാപ്രവൃത്തികൾ ചെയ്യുന്നു.*+
തന്റെ അഭിഷിക്തനോട് എന്നും അചഞ്ചലസ്നേഹം കാണിക്കുന്നു.
23 ദാവീദിന്റെ അവസാനവാക്കുകൾ:+
“യിശ്ശായിയുടെ മകനായ ദാവീദിന്റെ+ വാക്കുകൾ.
ഔന്നത്യത്തിലേക്ക് ഉയർത്തപ്പെട്ട മനുഷ്യന്റെ,+
യാക്കോബിൻ ദൈവത്തിന്റെ അഭിഷിക്തന്റെ,+
3 ഇസ്രായേലിന്റെ ദൈവം സംസാരിച്ചു;
ഇസ്രായേലിൻ പാറ+ എന്നോടു മൊഴിഞ്ഞു:
‘മനുഷ്യരെ ഭരിക്കുന്നവൻ നീതിനിഷ്ഠനായിരിക്കുമ്പോൾ,+
ദൈവഭയത്തോടെ അവൻ ഭരണം നടത്തുമ്പോൾ,+
4 അതു മേഘരഹിതമായ പ്രഭാതത്തിൽ
സൂര്യൻ പ്രഭ ചൊരിയുന്നതുപോലെ.+
അതു മഴ തോർന്നിട്ടുള്ള തെളിവുപോലെ;
അതു നിലത്തുനിന്ന് പുൽനാമ്പുകൾ മുളപ്പിക്കുന്നല്ലോ.’+
5 ദൈവസന്നിധിയിൽ എന്റെ ഭവനവും അങ്ങനെയല്ലേ?
കാരണം, ദൈവം എന്നോട് എന്നേക്കുമുള്ള ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.+
എല്ലാ വിധത്തിലും ചിട്ടപ്പെടുത്തി ഭദ്രമാക്കിയ ഒരു ഉടമ്പടിതന്നെ.
ഇത് എനിക്കു സമ്പൂർണരക്ഷയും മഹാസന്തോഷവും തരുമല്ലോ.
ദൈവം എന്റെ ഭവനം തഴച്ചുവളരാൻ+ ഇടയാക്കുന്നത് അതുകൊണ്ടാണ്.
6 പക്ഷേ, കൊള്ളരുതാത്തവരെല്ലാം വലിച്ചെറിയപ്പെട്ട+ മുൾച്ചെടിപോലെ.
അവയെ കൈകൊണ്ട് എടുക്കാൻ കഴിയില്ലല്ലോ.
7 ഇരുമ്പായുധമോ കുന്തത്തിന്റെ പിടിയോ
ഇല്ലാതെ ആർക്കും അവയെ തൊടാനാകില്ല.
കാണുന്നിടത്തുവെച്ച് അവയെ കത്തിച്ച് ചാമ്പലാക്കണം.”
8 ദാവീദിന്റെ വീരയോദ്ധാക്കളുടെ+ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബശ്ശേബെത്ത്. ഇയാളായിരുന്നു മൂവരിൽ തലവൻ.+ ഇയാൾ ഒരിക്കൽ കുന്തംകൊണ്ട് 800 പേരെ കൊന്നു! 9 രണ്ടാമൻ അഹോഹിയുടെ മകനായ ദോദൊയുടെ+ മകൻ എലെയാസരായിരുന്നു.+ ഫെലിസ്ത്യർ യുദ്ധത്തിന് ഒന്നിച്ചുകൂടിയപ്പോൾ ദാവീദിന്റെകൂടെ നിന്ന് അവരെ വെല്ലുവിളിച്ച മൂന്നു വീരയോദ്ധാക്കളിൽ ഒരാളായിരുന്നു എലെയാസർ. യുദ്ധത്തിനിടെ ഇസ്രായേൽപുരുഷന്മാർ പിൻവാങ്ങിയപ്പോഴും 10 അയാൾ ഉറച്ചുനിന്ന് ഫെലിസ്ത്യരെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു. കൈ കുഴയുംവരെ, വാളു പിടിച്ച് കൈ മരവിക്കുംവരെ,+ അയാൾ നിന്ന് പൊരുതി. അങ്ങനെ, ആ ദിവസം യഹോവ ഒരു മഹാവിജയം കൊടുത്തു.+ ജനം മടങ്ങിവന്ന് എലെയാസരിന്റെ പിന്നാലെ ചെന്ന് മരിച്ചുകിടന്നവരെ കൊള്ളയടിച്ചു.
11 മൂന്നാമൻ ഹരാര്യനായ ആഗെയുടെ മകൻ ശമ്മയായിരുന്നു. ഒരിക്കൽ ലേഹിയിൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി. നിറയെ പയറുള്ള ഒരു കൃഷിയിടം അവിടെയുണ്ടായിരുന്നു. ഫെലിസ്ത്യരെ പേടിച്ച് ജനം ഓടിപ്പോയി. 12 പക്ഷേ ശമ്മ ആ കൃഷിയിടത്തിന്റെ നടുവിൽ നിന്ന് പൊരുതി അതു സംരക്ഷിച്ച് ഫെലിസ്ത്യരെ വെട്ടിവീഴ്ത്തിക്കൊണ്ടിരുന്നു. അങ്ങനെ യഹോവ അവർക്കു വലിയൊരു വിജയം കൊടുത്തു.+
13 കൊയ്ത്തുകാലത്ത് 30 തലവന്മാരിൽ 3 പേർ അദുല്ലാംഗുഹയിൽ+ ദാവീദിന്റെ അടുത്ത് ചെന്നു. ഫെലിസ്ത്യരുടെ ഒരു സൈനികസംഘം* രഫായീം താഴ്വരയിൽ+ പാളയമടിച്ചിരുന്ന സമയമായിരുന്നു അത്. 14 ദാവീദ് അപ്പോൾ ഒളിസങ്കേതത്തിൽ+ കഴിയുകയായിരുന്നു. ഫെലിസ്ത്യരുടെ ഒരു കാവൽസേനാകേന്ദ്രം ബേത്ത്ലെഹെമിലുണ്ടായിരുന്നു. 15 ദാവീദ് വലിയൊരു ആഗ്രഹം പറഞ്ഞു: “ബേത്ത്ലെഹെംകവാടത്തിന് അടുത്തുള്ള ജലസംഭരണിയിൽനിന്ന്* കുറച്ച് വെള്ളം കുടിക്കാൻ കിട്ടിയിരുന്നെങ്കിൽ!” 16 അപ്പോൾ ആ മൂന്നു വീരയോദ്ധാക്കൾ ഫെലിസ്ത്യപാളയത്തിലേക്കു ബലം പ്രയോഗിച്ച് കടന്നുചെന്ന് ബേത്ത്ലെഹെംകവാടത്തിന് അടുത്തുള്ള ജലസംഭരണിയിൽനിന്ന് വെള്ളം കോരി ദാവീദിനു കൊണ്ടുവന്ന് കൊടുത്തു. പക്ഷേ ദാവീദ് അതു കുടിക്കാൻ കൂട്ടാക്കാതെ യഹോവയുടെ സന്നിധിയിൽ നിലത്ത് ഒഴിച്ചു.+ 17 ദാവീദ് പറഞ്ഞു: “യഹോവേ, ഇതു കുടിക്കുന്നതിനെക്കുറിച്ച് എനിക്കു ചിന്തിക്കാനേ കഴിയില്ല. സ്വന്തം ജീവൻ പണയംവെച്ച് പോയ ഈ പുരുഷന്മാരുടെ രക്തം+ ഞാൻ കുടിക്കാനോ!” ദാവീദ് അതു കുടിക്കാൻ വിസമ്മതിച്ചു. ഇതെല്ലാമാണു ദാവീദിന്റെ മൂന്നു യോദ്ധാക്കളുടെ വീരകൃത്യങ്ങൾ.
18 സെരൂയയുടെ+ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി+ വേറെ മൂന്നു പേരിൽ തലവനായിരുന്നു. അബീശായി കുന്തംകൊണ്ട് 300 പേരെ കൊന്നു. ആദ്യത്തെ മൂന്നു പേരെപ്പോലെ അയാളും കീർത്തി നേടി.+ 19 മറ്റേ മൂവരിൽ അബീശായിയായിരുന്നു മികച്ചുനിന്നത്. അയാൾ അവരുടെ തലവനുമായിരുന്നു. എന്നിട്ടും ആദ്യത്തെ മൂവരുടെ നിരയിലേക്ക് അയാൾ എത്തിയില്ല.
20 യഹോയാദയുടെ മകനായ ബനയ+ ധീരനായ ഒരു പുരുഷനായിരുന്നു.* ബനയ കെബ്സെയേലിൽ+ അനേകം വീരകൃത്യങ്ങൾ ചെയ്തു. മോവാബുകാരനായ അരിയേലിന്റെ രണ്ട് ആൺമക്കളെ ബനയ വെട്ടിവീഴ്ത്തി. മഞ്ഞുവീഴ്ചയുള്ള ഒരു ദിവസം ഒരു കുഴിയിലേക്ക് ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.+ 21 ഭീമാകാരനായ ഒരു ഈജിപ്തുകാരനെയും ബനയ കൊന്നു. ആ ഈജിപ്തുകാരന്റെ കൈയിൽ ഒരു കുന്തമുണ്ടായിരുന്നെങ്കിലും ബനയ വെറുമൊരു വടിയുമായി അയാളുടെ നേരെ ചെന്ന് ആ കുന്തം പിടിച്ചുവാങ്ങി അതുകൊണ്ടുതന്നെ അയാളെ കൊന്നു. 22 ഇതെല്ലാമാണ് യഹോയാദയുടെ മകനായ ബനയ ചെയ്തത്. ആ മൂന്നു വീരയോദ്ധാക്കളെപ്പോലെ ഇയാളും കീർത്തി നേടി. 23 ബനയ ആ മുപ്പതു പേരെക്കാൾ മികച്ചുനിന്നെങ്കിലും ആ മൂന്നു പേരുടെ നിരയിലേക്ക് ഉയർന്നില്ല. എങ്കിലും ദാവീദ് ബനയയെ തന്റെ അംഗരക്ഷകരുടെ തലവനായി നിയമിച്ചു.
24 യോവാബിന്റെ സഹോദരനായ അസാഹേൽ+ ആ മുപ്പതു പേരിൽപ്പെട്ടവനായിരുന്നു: ബേത്ത്ലെഹെമിലെ ദോദൊയുടെ മകൻ+ എൽഹാനാൻ, 25 ഹരോദ്യനായ ശമ്മ, ഹരോദ്യനായ എലീക്ക, 26 പേലെത്ത്യനായ ഹേലെസ്,+ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈര,+ 27 അനാഥോത്ത്യനായ+ അബിയേസർ,+ ഹൂശത്ത്യനായ മെബുന്നായി, 28 അഹോഹ്യനായ സൽമോൻ, നെതോഫത്ത്യനായ മഹരായി,+ 29 നെതോഫത്ത്യനായ ബാനെയുടെ മകൻ ഹേലെബ്, ബന്യാമീന്യരുടെ ഗിബെയയിലെ രീബായിയുടെ മകൻ ഇഥായി, 30 പിരാഥോന്യനായ ബനയ,+ ഗായശ്നീർച്ചാലുകളുടെ*+ അടുത്തുനിന്നുള്ള ഹിദ്ദായി, 31 അർബാത്ത്യനായ അബീ-അൽബോൻ, ബഹൂരീമ്യനായ അസ്മാവെത്ത്, 32 ശാൽബോന്യനായ എല്യഹ്ബ, യാശേന്റെ പുത്രന്മാർ, യോനാഥാൻ, 33 ഹരാര്യനായ ശമ്മ, ഹരാര്യനായ ശാരാരിന്റെ മകൻ അഹീയാം, 34 മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്ത്, ഗീലൊന്യനായ അഹിഥോഫെലിന്റെ+ മകൻ എലീയാം, 35 കർമേല്യനായ ഹെസ്രൊ, അർബ്യനായ പാറായി, 36 സോബയിലെ നാഥാന്റെ മകൻ ഈഗാൽ, ഗാദ്യനായ ബാനി, 37 അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകൻ ബേരോത്ത്യനായ നഹരായി, 38 യിത്രിയനായ ഈര, യിത്രിയനായ+ ഗാരേബ്, 39 ഹിത്യനായ ഊരിയാവ്+—അങ്ങനെ ആകെ 37 പേർ.
24 യഹോവയുടെ കോപം വീണ്ടും ഇസ്രായേലിന് എതിരെ ആളിക്കത്തി.+ “പോയി ഇസ്രായേലിന്റെയും യഹൂദയുടെയും+ എണ്ണമെടുക്കുക”+ എന്നു പറഞ്ഞ് ഇസ്രായേലിന് എതിരെ പ്രവർത്തിക്കാൻ ഒരുവൻ ദാവീദിനെ പ്രേരിപ്പിച്ചതായിരുന്നു കാരണം.* 2 അങ്ങനെ, രാജാവ് തന്നോടൊപ്പമുണ്ടായിരുന്ന സൈന്യാധിപനായ യോവാബിനോടു+ പറഞ്ഞു: “ദാൻ മുതൽ ബേർ-ശേബ+ വരെ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലൂടെയും പോയി ജനത്തിന്റെ പേര് രേഖപ്പെടുത്തുക. എനിക്കു ജനത്തിന്റെ എണ്ണം അറിയണം.” 3 എന്നാൽ യോവാബ് രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ ജനത്തെ 100 മടങ്ങു വർധിപ്പിക്കട്ടെ. എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ. പക്ഷേ എന്തിനാണ് യജമാനൻ ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്?”
4 പക്ഷേ യോവാബിനും സൈന്യത്തലവന്മാർക്കും രാജാവ് പറഞ്ഞത് അനുസരിക്കേണ്ടിവന്നു. അങ്ങനെ അവർ ഇസ്രായേൽ ജനത്തിന്റെ പേര് രേഖപ്പെടുത്താൻ+ രാജസന്നിധിയിൽനിന്ന് പോയി. 5 അവർ യോർദാൻ കടന്ന് അരോവേരിൽ,+ താഴ്വരയുടെ* മധ്യത്തിലുള്ള നഗരത്തിന്റെ വലതുവശത്ത്,* താവളമടിച്ചു. തുടർന്ന്, ഗാദ്യരുടെ അടുത്തേക്കും യസേരിലേക്കും+ പോയി. 6 അതിനു ശേഷം, ഗിലെയാദിലേക്കും+ തഹ്തീം-ഹൊദ്ശി ദേശത്തേക്കും ചെന്നു. അവിടെനിന്ന് ദാൻ-യാനിൽ എത്തിയ അവർ ചുറ്റിവളഞ്ഞ് സീദോനിലേക്കു+ പോയി. 7 പിന്നെ, സോർകോട്ടയിലേക്കും+ ഹിവ്യരുടെയും+ കനാന്യരുടെയും എല്ലാ നഗരങ്ങളിലേക്കും ചെന്നു. ഒടുവിൽ, യഹൂദയുടെ നെഗെബിലെ+ ബേർ-ശേബയിൽ+ ചെന്നെത്തി. 8 അങ്ങനെ, ദേശം മുഴുവൻ സഞ്ചരിച്ച അവർ 9 മാസവും 20 ദിവസവും കഴിഞ്ഞപ്പോൾ യരുശലേമിൽ എത്തിച്ചേർന്നു. 9 പേര് രേഖപ്പെടുത്തിയവരുടെ എണ്ണം യോവാബ് രാജാവിനെ അറിയിച്ചു. വാളെടുക്കാൻ പ്രാപ്തരായ 8,00,000 യോദ്ധാക്കളാണ് ഇസ്രായേലിലുണ്ടായിരുന്നത്; യഹൂദയിൽ 5,00,000 പേരും.+
10 എന്നാൽ ജനത്തെ എണ്ണിക്കഴിഞ്ഞപ്പോൾ ദാവീദിനു മനപ്രയാസമായി.*+ ദാവീദ് യഹോവയോട് അപേക്ഷിച്ചു: “ഞാൻ ഒരു മഹാപാപം ചെയ്തു.+ യഹോവേ, അങ്ങ് ഈ ദാസന്റെ തെറ്റു+ ക്ഷമിക്കേണമേ. ഞാൻ വലിയ മണ്ടത്തരം+ ചെയ്തുപോയി.” 11 ദാവീദ് രാവിലെ എഴുന്നേറ്റപ്പോൾ, യഹോവ ദാവീദിന്റെ ദിവ്യദർശിയായ ഗാദ്+ പ്രവാചകനോടു പറഞ്ഞു: 12 “നീ ചെന്ന് ദാവീദിനോട് ഇങ്ങനെ പറയണം: ‘യഹോവ പറയുന്നു: “ഞാൻ നിന്റെ മുന്നിൽ മൂന്നു കാര്യങ്ങൾ വെക്കുന്നു. അതിൽ ഒന്നു തിരഞ്ഞെടുക്കുക. അതു ഞാൻ നിന്റെ മേൽ വരുത്തും.”’”+ 13 അങ്ങനെ ഗാദ് ദാവീദിന്റെ അടുത്ത് ചെന്ന് പറഞ്ഞു: “ദേശത്ത് ഏഴു വർഷം ക്ഷാമം ഉണ്ടാകണോ?+ അതോ രാജാവിനെ പിന്തുടർന്ന് ഓടിക്കുന്ന ശത്രുക്കളുടെ മുന്നിൽ രാജാവ് മൂന്നു മാസം ഓടാൻ ഇടയാക്കണോ?+ അതുമല്ലെങ്കിൽ ദേശത്ത് മൂന്നു ദിവസം മാരകമായ പകർച്ചവ്യാധി ഉണ്ടാകണോ?+ നന്നായി ആലോചിച്ച് തീരുമാനിക്കുക. എന്നെ അയച്ചവനോട് എനിക്കു മറുപടി പറയാനാണ്.” 14 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ ആകെ വിഷമത്തിലായിരിക്കുന്നു. യഹോവതന്നെ നമ്മളെ ശിക്ഷിക്കട്ടെ.+ ദൈവത്തിന്റെ കരുണ വലുതാണല്ലോ.+ ഒരു കാരണവശാലും ഞാൻ മനുഷ്യരുടെ കൈയിൽ അകപ്പെടാൻ ഇടവരുത്തരുതേ.”+
15 അങ്ങനെ യഹോവ രാവിലെമുതൽ ഇസ്രായേലിൽ മാരകമായ ഒരു പകർച്ചവ്യാധി അയച്ചു.+ നിശ്ചയിച്ച സമയംവരെ അതു തുടർന്നു. ദാൻ മുതൽ ബേർ-ശേബ+ വരെ 70,000 ആളുകൾ മരിച്ചു.+ 16 പക്ഷേ യരുശലേമിനെ നശിപ്പിക്കാൻ ദൈവദൂതൻ കൈ നീട്ടിയപ്പോൾ ആ ദുരന്തത്തെക്കുറിച്ച് യഹോവയ്ക്കു ഖേദം* തോന്നി.+ ജനത്തിന് ഇടയിൽ നാശം വരുത്തുന്ന ദൈവദൂതനോട്, “മതി! ഇനി നിന്റെ കൈ താഴ്ത്തൂ” എന്നു ദൈവം പറഞ്ഞു. യഹോവയുടെ ദൂതൻ അപ്പോൾ യബൂസ്യനായ+ അരവ്നയുടെ+ മെതിക്കളത്തിന് അടുത്തായിരുന്നു.
17 ജനത്തെ സംഹരിച്ചുകൊണ്ടിരുന്ന ദൈവദൂതനെ കണ്ടപ്പോൾ ദാവീദ് യഹോവയോടു പറഞ്ഞു: “ഞാനല്ലേ പാപം ചെയ്തത്? തെറ്റുകാരൻ ഞാനല്ലേ? ഈ ആടുകൾ+ എന്തു പിഴച്ചു? അങ്ങയുടെ കൈ എന്റെ മേലും എന്റെ പിതൃഭവനത്തിന്മേലും പതിക്കട്ടെ.”+
18 അങ്ങനെ ഗാദ് അന്നു ദാവീദിന്റെ അടുത്ത് വന്ന് പറഞ്ഞു: “പോയി യബൂസ്യനായ അരവ്നയുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.”+ 19 യഹോവയുടെ കല്പനയനുസരിച്ച് ഗാദ് പറഞ്ഞതുപോലെ ദാവീദ് അവിടേക്കു പോയി. 20 അരവ്ന നോക്കിയപ്പോൾ രാജാവും ഭൃത്യന്മാരും അടുത്തേക്കു വരുന്നതു കണ്ടു. ഉടനെ അരവ്ന പുറത്തേക്കു ചെന്ന് രാജാവിന്റെ മുന്നിൽ കമിഴ്ന്നുവീണു. 21 എന്നിട്ട് പറഞ്ഞു: “എന്റെ യജമാനനായ രാജാവ് ഈ ദാസന്റെ അടുത്തേക്കു വരുകയോ!” അപ്പോൾ ദാവീദ് പറഞ്ഞു: “താങ്കളുടെ മെതിക്കളം വാങ്ങാനാണു ഞാൻ വന്നത്. ജനത്തിന്മേൽ വന്നിരിക്കുന്ന ബാധ നിലയ്ക്കാൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിയണം.”+ 22 പക്ഷേ അരവ്ന ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവ് അത് എടുത്തുകൊള്ളൂ. എന്നിട്ട് ഇഷ്ടമുള്ളതെല്ലാം യാഗം അർപ്പിച്ചാലും. ഇതാ, ദഹനയാഗത്തിനുള്ള ആടുമാടുകൾ. വിറകായി ഈ മെതിവണ്ടിയും നുകങ്ങളും എടുത്തുകൊള്ളൂ. 23 രാജാവേ, ഇതെല്ലാം ഈ അരവ്ന അങ്ങയ്ക്കു തരുന്നു.” പിന്നെ, അരവ്ന രാജാവിനോട്, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽ പ്രസാദിക്കട്ടെ” എന്നു പറഞ്ഞു.
24 പക്ഷേ രാജാവ് അരവ്നയോടു പറഞ്ഞു: “ഇല്ല, വിലയ്ക്കു മാത്രമേ ഞാൻ ഇതു വാങ്ങൂ. എനിക്ക് ഒരു ചെലവുമില്ലാതെ എന്റെ ദൈവമായ യഹോവയ്ക്കു ഞാൻ ദഹനബലികൾ അർപ്പിക്കില്ല.” അങ്ങനെ ദാവീദ് മെതിക്കളം, ആടുമാടുകൾ എന്നിവ 50 ശേക്കെൽ* വെള്ളി കൊടുത്ത് വാങ്ങി.+ 25 ദാവീദ് അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം+ പണിത് ദഹനബലികളും സഹഭോജനബലികളും അർപ്പിച്ചു. അപ്പോൾ, ദേശത്തിനുവേണ്ടിയുള്ള യാചനയ്ക്ക്+ യഹോവ ഉത്തരം കൊടുത്തു. അങ്ങനെ, ബാധ ഇസ്രായേലിനെ വിട്ടുമാറി.
അഥവാ “രാജമുടിയും.”
അഥവാ “നമ്മുടെ മുന്നിൽവെച്ച് മത്സരിക്കട്ടെ.”
പദാവലി കാണുക.
മറ്റൊരു സാധ്യത “ബിത്രോൻ മുഴുവനും.”
പദാവലി കാണുക.
അക്ഷ. “പട്ടിയുടെ തലയോ?”
പദാവലിയിൽ “മൂപ്പൻ” കാണുക.
പദാവലിയിൽ “ജലസംഭരണി” കാണുക.
അക്ഷ. “അസാഹേലിന്റെ രക്തത്തിന്.”
പദാവലി കാണുക.
ഒരുപക്ഷേ, സ്ത്രീകൾ ചെയ്യുന്ന ജോലി ചെയ്യേണ്ടിവരുന്ന അംഗവൈകല്യമുള്ള ഒരു പുരുഷനായിരിക്കാം ഇത്.
അക്ഷ. “ചെമ്പ്.”
അക്ഷ. “അനീതിയുടെ പുത്രന്മാരുടെ.”
അഥവാ “ദുഃഖാചരണത്തിന്റെ അപ്പം.”
പദാവലി കാണുക.
അക്ഷ. “ശൗലിന്റെ മകൻ കേട്ടപ്പോൾ.”
അഥവാ “മുടന്തുള്ള.”
അഥവാ “വീണ്ടെടുത്ത.”
അഥവാ “അങ്ങയുടെ രക്തബന്ധത്തിലുള്ളവർ.”
അക്ഷ. “ഇസ്രായേലിനെ പുറത്തേക്കു കൊണ്ടുപോകുകയും അകത്തേക്കു കൊണ്ടുവരുകയും ചെയ്തിരുന്നത്.”
മറ്റൊരു സാധ്യത “ദാവീദ് അതിനെ ദാവീദിന്റെ നഗരം എന്നു വിളിച്ചു.”
അർഥം: “(മണ്ണിട്ട്) നിറച്ചത്.” സാധ്യതയനുസരിച്ച്, കോട്ടപോലെയുള്ള ഒരു നിർമിതി.
അഥവാ “കൊട്ടാരം.”
അർഥം: “തകർത്ത് മുന്നേറുന്നതിൽ സമർഥൻ.”
മറ്റൊരു സാധ്യത “കെരൂബുകളുടെ മധ്യേ.”
അഥവാ “വിഷമം.”
അർഥം: “ഉസ്സയ്ക്കു നേരെയുള്ള പൊട്ടിത്തെറി.”
അക്ഷ. “നടക്കുകയായിരുന്നില്ലേ?”
അഥവാ “രാജവംശം.”
അക്ഷ. “വിത്തിനെ.”
മറ്റൊരു സാധ്യത “ആദാമിന്റെ പുത്രന്മാരുടെ.”
അഥവാ “നിയമമാണല്ലോ.”
അഥവാ “അങ്ങയുടെ ഇഷ്ടപ്രകാരവും.”
അക്ഷ. “അടിയനു ഹൃദയം ലഭിച്ചത്.”
പദാവലി കാണുക.
അക്ഷ. “പുരോഹിതന്മാരായി.”
അഥവാ “മുടന്തുള്ളയാളാണ്.”
അക്ഷ. “മുഖം.”
മറ്റൊരു സാധ്യത “എന്റെ.”
അഥവാ “തോബിലെ പുരുഷന്മാരിൽനിന്ന്.”
അതായത്, യൂഫ്രട്ടീസ്.
അതായത്, വസന്തം.
സാധ്യതയനുസരിച്ച്, അവളുടെ ആർത്തവാശുദ്ധി.
അക്ഷ. “നിന്റെ പാദം കഴുകൂ.”
അഥവാ “രാജാവിന്റെ പങ്ക്,” അതായത്, ബഹുമാന്യനായ ഒരു അതിഥിക്ക് ആതിഥേയൻ കൊടുത്തയയ്ക്കുന്ന പങ്ക്.
അക്ഷ. “ഈ സൂര്യന്റെ കണ്ണിനു നേരെ.”
അഥവാ “കൊട്ടാരത്തിലേക്ക്.”
“സമാധാനം” എന്ന് അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നുള്ളത്.
അർഥം: “യാഹിനു പ്രിയങ്കരൻ.”
നഗരത്തിന്റെ ജലസ്രോതസ്സിനെയായിരിക്കാം പരാമർശിക്കുന്നത്.
അക്ഷ. “അത് എന്റെ പേരിൽ അറിയപ്പെടാനും ഇടവരും.”
ഇത് അമ്മോന്യരുടെ ഒരു വിഗ്രഹദൈവമായിരിക്കാം. മറ്റിടങ്ങളിൽ മോലേക്ക് എന്നും മിൽക്കോം എന്നും വിളിച്ചിരിക്കുന്നു.
ഒരു താലന്ത് = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
അഥവാ “സാന്ത്വനത്തിന്റെ അപ്പം.”
അഥവാ “അലങ്കാരപ്പണിയുള്ള.”
അക്ഷ. “ഹൃദയത്തിലേക്ക് എടുക്കരുതേ.”
അഥവാ “വേർപാടിന്റെ സങ്കടം ശമിച്ചിരുന്നു.”
അക്ഷ. “ശേഷിപ്പോ.”
അതായത്, വംശപരമ്പര നിലനിറുത്താനുള്ള അവസാനപ്രതീക്ഷ.
അഥവാ “അങ്ങാണെ അങ്ങ് പറഞ്ഞതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറാൻ ആർക്കും കഴിയില്ല.”
ഇതു രാജകൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന ഒരു പ്രമാണതൂക്കക്കട്ടിയോ സാധാരണശേക്കെലിൽനിന്ന് വ്യത്യസ്തമായ ഒരു ‘രാജ’ശേക്കെലോ ആയിരുന്നിരിക്കാം.
ഏകദേശം 2.3 കി.ഗ്രാം. അനു. ബി14 കാണുക.
മറ്റൊരു സാധ്യത “40 വർഷം.”
അഥവാ “യഹോവയെ ആരാധിക്കും.” അക്ഷ. “യഹോവയ്ക്കു ശുശ്രൂഷ ചെയ്യും.”
അഥവാ “കൊട്ടാരത്തിലുള്ള.”
പദാവലിയിൽ “പ്രവാസം” കാണുക.
അഥവാ “ആത്മമിത്രമായ.”
പ്രധാനമായി അത്തിപ്പഴം; ഈന്തപ്പഴവുമുണ്ടായിരുന്നിരിക്കാം.
അഥവാ “പൗത്രൻ.”
അഥവാ “ആത്മമിത്രം.”
അഥവാ “കൊട്ടാരം.”
അഥവാ “അഹിഥോഫെലിനോട് ഉപദേശം ചോദിക്കുന്നതു സത്യദൈവത്തോട് ഉപദേശം ചോദിക്കുന്നതുപോലെയാണ്.”
അഥവാ “കുഴിയിലോ; മലയിടുക്കിലോ.”
അക്ഷ. “സിംഹത്തിന്റെ ഹൃദയംപോലുള്ള ഹൃദയമുള്ളവൻപോലും.”
അഥവാ “കല്പിച്ചിരുന്നു.”
മറ്റൊരു സാധ്യത “മരുപ്രദേശത്ത്.”
അക്ഷ. “കന്നുകാലികളുടെ (പാലിൽനിന്നുള്ള) തൈര്.”
അതായത്, ആയിരം പേരുടെ അധിപന്മാർ.
അതായത്, നൂറു പേരുടെ അധിപന്മാർ.
അക്ഷ. “അവർ അതിലേക്കു ഹൃദയം തിരിക്കില്ല.”
അക്ഷ. “ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിക്കിടന്നു.”
മറ്റൊരു സാധ്യത “ചാട്ടുളി; കുന്തം.” അക്ഷ. “വടി.”
അക്ഷ. “രാജാവിനു നേരെ കൈ ഉയർത്തിയവരെ.”
അക്ഷ. “ദാസന്മാരുടെ ഹൃദയത്തോടു സംസാരിക്കണം.”
അഥവാ “എന്റെ രക്തബന്ധത്തിലുള്ളവർ.”
അക്ഷ. “വളച്ചെടുത്തു.”
മറ്റൊരു സാധ്യത “അവർ.”
മറ്റൊരു സാധ്യത “യരുശലേമിൽനിന്ന് വന്നപ്പോൾ.”
അഥവാ “യഹൂദാപുരുഷന്മാരുടെ വാക്കുകൾ ഇസ്രായേൽപുരുഷന്മാരുടേതിനെക്കാൾ പരുഷമായിരുന്നു.”
മറ്റൊരു സാധ്യത “അവരവരുടെ കൂടാരങ്ങളിലേക്ക്.”
അഥവാ “കൊട്ടാരത്തിൽ.”
അക്ഷ. “അവരും.”
അക്ഷ. “കൈ ഉയർത്തിയിരിക്കുന്നു.”
അക്ഷ. “ഒരു പുരോഹിതനായി.”
അക്ഷ. “പ്രദർശിപ്പിക്കും.” അതായത്, കൈയും കാലും ഒടിച്ച്.
മറ്റൊരു സാധ്യത “മേരബിൽ.”
മറ്റൊരു സാധ്യത “ഭൂവുടമകളുടെ.”
അഥവാ “പൊതുചത്വരത്തിൽനിന്ന്.”
അക്ഷ. “പ്രദർശിപ്പിക്കപ്പെട്ട.”
ഏകദേശം 3.42 കി.ഗ്രാം. അനു. ബി14 കാണുക.
അഥവാ “പരിചയും എന്റെ ശക്തനായ രക്ഷകനും.” പദാവലി കാണുക.
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ആത്മാവിന്റെ; കാറ്റിന്റെ.”
അഥവാ “വിശാലസ്ഥലത്ത്.”
അക്ഷ. “ശുദ്ധിക്ക്.”
മറ്റൊരു സാധ്യത “ബുദ്ധിഹീനനെപ്പോലെ.”
അഥവാ “കാൽക്കുഴകൾ.”
അഥവാ “എന്റെ ശത്രുക്കളുടെ പുറം അങ്ങ് എനിക്ക് ഏൽപ്പിച്ചുതരും.”
അക്ഷ. “വെറുക്കുന്നവരെ നിശ്ശബ്ദരാക്കും.”
അതായത്, കുറ്റം കണ്ടുപിടിക്കാനിരിക്കുന്നവർ.
അഥവാ “ശക്തി ചോർന്നുപോകും.”
അഥവാ “തിരുനാമത്തിനു ഞാൻ സംഗീതം ഒരുക്കും.”
അഥവാ “വൻവിജയങ്ങൾ സമ്മാനിക്കുന്നു.”
അക്ഷ. “വിത്തിനോടും.”
മറ്റൊരു സാധ്യത “ഇസ്രായേല്യഗാനങ്ങളിലെ പ്രിയങ്കരന്റെ.”
അഥവാ “കൂടാരഗ്രാമം.”
പദാവലി കാണുക.
അക്ഷ. “ഒരു വീരപുരുഷന്റെ മകനായിരുന്നു.”
പദാവലിയിൽ “നീർച്ചാൽ” കാണുക.
അഥവാ “പ്രവർത്തിക്കാൻ ദാവീദ് പ്രേരിതനായതായിരുന്നു കാരണം.”
അഥവാ “നീർച്ചാലിന്റെ.”
അഥവാ “തെക്കായി.”
അഥവാ “മനസ്സാക്ഷിക്കുത്ത് ഉണ്ടായി.”
അഥവാ “ദുഃഖം.”
ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.